ഒരു നായകൻ കൂടി തമിഴ്​ മക്കളുടെ മുന്നിൽ

എം.ജി ആറിന്റെയും ജയലളിതയുടെയും പിൻഗാമിയായി രാഷ്​ട്രീയത്തിലിറങ്ങുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്ന കമൽ ഹാസന്​ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുമോ എന്ന് ഉറ്റു നോക്കുകയാണ് തമിഴ് രാഷ്ട്രീയം.

Election Desk

ല​പ്പോഴും സിനിമ ഗതി നിർണയിച്ച തമിഴ്​നാട്​ രാഷ്ട്രീ​യത്തിൽ ഒരു സിനിമാതാരം കൂടി ജനവിധി തേടി ജനങ്ങൾക്കുമുന്നിൽ. മക്കൾ നീതി മയ്യം പ്രസിഡൻറ്​ കമൽഹാസന്റെ സ്​ഥാനാർഥിത്വത്തോടെ കോയമ്പത്തൂർ സൗത്ത് മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പിലെ സംസ്​ഥാനത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമണ്ഡലങ്ങളിലൊന്നായി മാറി.

ആദ്യമായി​ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കമൽ ഹാസൻ ഉറച്ച വിജയപ്രതീക്ഷയിലാണ്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് തമിഴ്‌നാട്ടിലും 234 സീറ്റിലേക്ക്​ പോരാട്ടം നടക്കുന്നത്.

ബി.ജെ.പി മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസനാണ് അണ്ണ ഡി.എം.കെ മുന്നണിയിലെ ബി.ജെ.പി സ്ഥാനാർത്ഥി. മയൂര ജയകുമാറാണ് ഡി.എം.കെ മുന്നണിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. എ.എം.എം.കെയിലെ ചാലഞ്ചർ ആർ. ദുരെസാമിയും മത്സരിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിച്ച മക്കൾ നീതിമയ്യം വൈസ് പ്രസിഡന്റും കമൽഹാസന്റെ വിസ്വസ്തനുമായ ആർ.മഹേന്ദ്രന് സൗത്ത് മണ്ഡലത്തിൽ 23,838 വോട്ടുകൾ ലഭിച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ വിജയിച്ച സി.പി.എമ്മിലെ പി.ആർ. നടരാജന് 64,453 വോട്ടും ബിജെപിയിലെ സി.പി. രാധാകൃഷ്ണനു 46,368 വോട്ടുമാണ് ലഭിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സൗത്ത് മണ്ഡലത്തിൽ അണ്ണാ ഡിഎംകെ സ്ഥാനാർഥിയോടു തോറ്റ മയൂരാ ജയകുമാറിന് 42,369 (27.60 ശതമാനം) വോട്ട് ലഭിച്ചിരുന്നു.

താര പ്രഭയും ലോക്​സഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ ലഭിച്ച പത്ത് ശതമാനം വോട്ടുമാണ് കമലിന്റെ ആത്മവിശ്വാസം. അണ്ണ ഡി.എം.കെ സിറ്റിംഗ് സീറ്റ് ബി.ജെ.പിയ്ക്ക് വിട്ടു കൊടുത്തതിന്റെ അമർഷം പാർട്ടി പ്രവർത്തകരിലുണ്ടെങ്കിലും ബി.ജെ.പിയ്ക്ക് സംഘടനാ സംവിധാനവും വോട്ടമുള്ള മണ്ഡലമായതിനാൽ എൻ.ഡി.എ വിജയം പ്രതീക്ഷിക്കുന്നു. ലോക്​സഭ തിരഞ്ഞെടുപ്പ് ഫലമാണ് കോൺഗ്രസിന് സാധ്യത നൽകുന്നത്.

മുരുകനാണ്​ ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധം. മുരുകനെതിരെ വലിയ തോതിൽ ആക്രമണുണ്ടാകുന്നുവെന്ന പ്രചാരണത്തിലൂടെ കൂടുതൽ വോട്ട് പിടിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

കമൽഹാസൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നു

അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത വികസനത്തിലൂന്നിയുള്ള പുതിയ ഭരണസംവിധാനമാണ് കമൽഹാസൻ മുന്നോട്ട് വെക്കുന്നത്. വീട്ടമ്മമാർക്ക് മാസംതോറും 1000 രൂപ ശമ്പളം, ഡിജിറ്റലൈസേഷൻ, തൊഴിലവസരം തുടങ്ങിയ വാഗ്​ദാനങ്ങളടങ്ങിയ വെൽഫയർ പൊളിറ്റിക്‌സാണ് അദ്ദേഹത്തി​േൻറത്​.

ഭരണവിരുദ്ധ വികാരം എങ്ങനെ വോട്ടാക്കി മാറ്റാമെന്നാണ് ഡി.എം.കെ സഖ്യത്തിന്റെ കണക്കുകൂട്ടൽ. ഒപ്പം പൗരത്വ ഭേദഗതി നിയമവും കർഷക നിയമവും ജി.എസ്.ടിയും തുടങ്ങി കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണം.

ബി.ജെ.പി- കോൺഗ്രസ് നേർക്ക് നേർക്ക് ഏറ്റുമുട്ടുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ ഒന്നാണ് കോയമ്പത്തൂർ സൗത്ത്. അതിലേക്ക് കമലഹാസന്റെ രംഗപ്രവേശനം കൂടിയാവുന്നതോടെ തമിഴ്നാട്ടിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ ഫലം പ്രവചനാതീതമാണ്.

കേന്ദ്രസർക്കാറിനും ബി.ജെ.പിയുടെ വർഗീയ നിലപാടിനും എതിരെ നിരന്തരം ശബ്ദിക്കുന്നയാളാണ് കമൽ ഹാസൻ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴും കർഷക നിയമം പാസാക്കിയപ്പോഴും കേന്ദ്രത്തിനെതിരെ ഉറച്ച നിലപാടെടുത്തു. ‘മൻ കീ ബാത്തി’ൽ ​പ്രധാനമന്ത്രി തമിഴ് ഭാഷയെ പരാമർശിച്ചപ്പോൾ, ‘തമിഴ് ഭാഷയോട് പെ​ട്ടെന്നുണ്ടായ ഈ സ്‌നേഹം എന്തിനാണെന്ന് മനസ്സിലാക്കുവാൻ കഴിയില്ലെന്നാണോ വിചാരം’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കമൽ നേരിട്ടത്​. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ സമയത്ത് എന്തുകൊണ്ടാണ് മോദി ഇത്തരമൊരു പരാമർശം നടത്തിയെന്ന് വ്യക്തമാണെന്നും തമിഴരെയും അവരുടെ വോട്ടിനേയും വിൽക്കാനാവില്ലെന്നും കമൽ തുറന്നടിച്ചു. രാജ്യത്തെ പകുതിയോളം ജനം പട്ടിണിയിൽ കഴിയുമ്പോൾ എന്തിനാണ് 1000 കോടി രൂപയുടെ പാർലമെൻറ്​ മന്ദിരം പണിയുന്നതെന്ന് ചോദിച്ച കമൽ, നോട്ട് നിരോധനത്തെ പിന്തുണച്ചതിൽ ജനങ്ങളോട് മാപ്പ് ചോദിക്കാനും മടിച്ചില്ല. സംഘ്പ​രിറിനെ നേരിട്ടെതിർക്കുന്ന കമൽ പലപ്പോഴും കേരള സർക്കാറിനെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പൊതുവെ ഒരു ഇടതുപക്ഷ പ്രതിച്​ഛായ കാത്തസൂക്ഷിക്കുന്നതാണ്​ കമലി​ന്റെ പല നിലപാടുകളും.

സിനിമയിൽ നിന്നെത്തി തമിഴ് രാഷ്ട്രീയത്തിൽ നിർണായക ശക്തിയും ക്രൗഡ് പുള്ളറുമായി മാറിയവരാണ് എം.ജി. രാമചന്ദ്രനും ജയലളിതയും. ഇവരുടെ എതിരാളിയായിരുന്ന ഡി.എം.കെ നേതാവ് മുൻ മുഖ്യമന്ത്രി കരുണാനിധിയും സിനിമാരംഗത്ത് കഴിവ് തെളിയിച്ച നേതാവാണ്. ഈ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെയും പിൻഗാമികളായാണ്​ തമിഴ് രാഷ്ട്രീയത്തിലേക്ക് കമൽഹാസനും രജനീകാന്തും മാസ്​ എൻട്രി നടത്തിയത്​. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന്​ പ്രഖ്യാപിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി രജനീകാന്ത്​ തൽക്കാലം മാറിനിൽക്കുകയാണ്​.

ഇനി കമലിലിന്റെ ഊഴം. എം.ജി ആറിന്റെയും ജയലളിതയുടെയും പിൻഗാമിയായി രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുമോ അതോ രാഷ്​ട്രീയ തോൽവികളായിരുന്ന ശിവാജി ഗണേശനും, ഭാഗ്യരാജിനും, ടി.ആർ. രാജേന്ദ്രനും ഒപ്പം കമലിന്റെ പേര് കൂടി ചേർക്കപ്പെടുമോ?
തമിഴ്നാട്ടിലെ ജനം കാത്തിരിക്കുകയാണ്​.

Comments