മുസ്ലീം, വിലപ്പെട്ട സോഷ്യൽകാപ്പിറ്റലാണ്

''ജാതി- സമുദായ സമ്മർദസംഘങ്ങളുടെ ആവശ്യങ്ങളുമായി ഒത്തുതീർപ്പ് നടത്തുന്ന നിയമനങ്ങളാണ് വി.സിമാരുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരുന്നത്. എസ്.എൻ.ഡി.പി യോഗം എന്ന സംഘടനയെയും അതിന്റെ നേതാവിനെയും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള, സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങുപോലും പുരോഗമനപരമാകുന്നത് ഇതുകൊണ്ടാണ്. വിജ്ഞാനത്തെ ആധിപത്യപരമായും നിഷേധാത്മകമായും പ്രതിഷ്ഠിക്കുന്ന, ക്ഷേത്രവും ദൈവവുമായി ശ്രീനാരായണ ദർശനങ്ങളെയും ഗുരുവിനെയും സ്ഥാപിക്കുന്ന ഇത്തരം വാദങ്ങൾ വീണ്ടും ഉയരുമ്പോൾ, പ്രതിവാദമെന്ന നിലയ്ക്ക്, മുസ്ലീം എന്ന് പറഞ്ഞുകൊണ്ടുതന്നെ ഡോ. മുബാറക്ക് പാഷയുടെ പ്രതിനിധാനത്തെ അടയാളപ്പെടുത്തേണ്ടത് അനിവാര്യമാകുന്നു.''

രു സർവകലാശാലയുടെ വൈസ്ചാൻസലർ സ്ഥാനത്തിന് ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെടുന്നതിനു പുറകിലെ പ്രധാനപ്പെട്ട പരിഗണനാവിഷയം അദ്ദേഹത്തിന്റെ സാമൂഹിക മൂലധനം കൂടിയാണ്. ആ നിലയ്ക്ക്, കേരളത്തിൽ പുതുതായി തുടങ്ങുന്ന ശ്രീനാരായണഗുരു ഓപൺ സർവകലാശാല വി.സിയായുള്ള ഡോ. പി.എം. മുബാറക് പാഷയുടെ നിയമനം, ഈ സാമൂഹിക സന്ദർഭത്തിലെ കൃത്യമായ രാഷ്ട്രീയ തീരുമാനം കൂടിയാകുന്നു. കാരണം, ഇന്നത്തെ ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും പക്ഷത്തെ പ്രതിനിധാനം ചെയ്യേണ്ട ഏറ്റവും വിലപ്പെട്ട സാമൂഹിക മൂലധനങ്ങളിലൊന്ന് മുസ്ലിം ഐഡന്റിറ്റിയാണ്. അത് ഒരു ഭരണകൂടം തിരിച്ചറിയുന്നു എന്നതും ഈ നിയമനത്തെ പ്രസക്തമാക്കുന്നു.

ശ്രീനാരായണഗുരു ഓപൺ സർവകലാശാല

ജാതി, മത, സാമുദായിക സംഘങ്ങൾക്ക് കക്ഷിരാഷ്ട്രീയത്തിലും അതുവഴി അക്കാദമിക മേഖലയിലും ശക്തമായ സ്വാധീനമുള്ള കേരളത്തിൽ ഇത്തരമൊരു നിയമനം എതിർക്കപ്പെടുന്നു എന്നത് സ്വഭാവികമാണ്. പ്രത്യേകിച്ച്, ശ്രീനാരായണ ഗുരുവിനെ ഒരു സമുദായദൈവമായി പ്രതിഷ്ഠിക്കുന്ന പ്രബലശക്തികളുള്ളപ്പോൾ. 1916 ജൂലൈ ആറിന് ആലുവ അദ്വൈതാശ്രമത്തിൽ വിശ്രമിക്കുന്ന വേളയിലാണ് പ്രബുദ്ധകേരളം മാസികയിലൂടെ ഗുരു ഇങ്ങനെ പ്രഖ്യാപിച്ചത്: "നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല'. ഇത് തീർച്ചയായും അദ്ദേഹത്തിന്റെ ഒരു കവിതയല്ല, തീരുമാനം തന്നെയായിരുന്നു. ഒരുപക്ഷെ, തന്റെ ജീവിതകാലത്തുതന്നെ, താൻ ഇടപെട്ട ഒരു സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ സമുദായ/ജാതിവൽക്കരണം തിരിച്ചറിയുകയും അതിൽനിന്ന് രക്ഷപ്പെട്ട് സമുദായ- മത മുക്തനായ ഒരു പുരോഗമന മനുഷ്യനായി സ്വയം പ്രഖ്യാപിക്കാൻ സന്ദർഭം ലഭിക്കുകയും ചെയ്ത അപൂർവം പരിഷ്‌കർത്താവായിരിക്കും ശ്രീനാരായണൻ. ആ മനുഷ്യന്റെ പേരിൽ ഒരു സർവകലാശാല സ്ഥാപിക്കുമ്പോൾ, സമൂഹത്തിന് നൽകുന്ന സന്ദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കണം, ഈ മൂല്യം- അതായത്, ശ്രീനാരായണഗുരു സർവകലാശാല ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ സ്വകാര്യമായി മാറരുത്, അത്, ജാതിയെയും മതത്തെയും മറികടക്കുന്ന ഭാവിയിലെ ബഹുസ്വര മനുഷ്യനെ ഊന്നിയുള്ളതാകണം.

മുബാറക് പാഷയുടെ നിയമനത്തെ മുസ്ലീം ഐഡന്റിറ്റിയുടെ പേരിൽ പ്രശ്നവൽക്കരിക്കുന്നതിൽ ഒട്ടും അമ്പരപ്പ് തോന്നേണ്ടതില്ല. കാരണം, മുസ്ലീം എന്നതിനെ ഒരു അപര ഐഡന്റിറ്റിയായി മാറ്റാനുള്ള പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രത്യക്ഷശ്രമങ്ങൾ, കേന്ദ്ര ഭരണകൂടം തന്നെ ആസൂത്രിതമായി നടപ്പാക്കുന്ന കാലമാണിത്. പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന, ഇവിടുത്തെ മുസ്ലീം പൗരന് പൗരത്വം നിഷേധിക്കുന്ന ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ വന്നുകൊണ്ടിരിക്കുന്ന സന്ദർഭം. അതുകൊണ്ടുതന്നെ മുസ്ലീം പൗരത്വത്തിന്റെ ശിരച്ഛേദം ചെറുക്കാനുള്ള വഴികളിൽ ഇത്തരം പ്രതിനിധാനങ്ങൾ അതിപ്രധാനമായി വരുന്നു. "നാം ഒരു പ്രത്യേക മതത്തിൽ ഉൾപ്പെടുന്നില്ല' എന്ന പ്രഖ്യാപനത്തോടൊപ്പം ചേർത്തുവെക്കാവുന്ന ഏറ്റവും കൃത്യമായ പ്രയോഗം കൂടിയാണ് ഇന്ന് മുസ്ലീം എന്നത്. മതത്തിന്റെ പേരിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു ജനതക്കൊപ്പം നിൽക്കുക എന്നത്, മതാതീതനായ ഗുരുവിനൊപ്പം നിൽക്കുക എന്നതിന്റെ വിപുലമായ അർഥം കൂടിയാണ്.

നാരായണ ഗുരു

മാത്രമല്ല, കേരളത്തിലെ സർവകലാശാലകളിലെ ഉന്നത പദവികളിലേക്കുള്ള നിയമനങ്ങളിൽ ഒരു നിഷ്ഠപോലെ പാലിക്കപ്പെട്ടുവരുന്ന സവർണ മത- ജാതി പ്രതിഷ്ഠ നിഷേധിക്കപ്പെട്ടതിലുള്ള നിരാശയിൽനിന്നുണ്ടാകുന്ന വിദ്വേഷപ്രചാരണം ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്. അതിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുതൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി വരെയുള്ളവരെ കാണാം. "മലബാറിൽ പ്രവർത്തിക്കുന്ന പ്രവാസിയെ നിർബന്ധിച്ചുകൊണ്ടുവന്ന് വി.സിയാക്കാൻ മന്ത്രി കെ.ടി.ജലീൽ വാശി കാണിച്ചു' എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന മുസ്ലീമിനൊപ്പം, മലബാറിനെയും പ്രവാസിയെയും ഒരേപോലെ വംശീയമായി ആക്രമിക്കുന്ന ഒന്നാണ്. ശ്രീനാരായണീയ വിഭാഗത്തിലുള്ളയാളെ വി.സിയാക്കണമെന്ന് സമുദായം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു എന്ന് വെള്ളാപ്പള്ളിയുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്.
സ്വാമി ഉദിത് ചൈതന്യ എന്ന സന്യാസി പറയുന്നു: ""നാരായണഗുരുദേവന്റെ പേരുള്ള ഒരു സർവകലാശാലയിൽ അദ്ദേഹത്തിന്റെ പ്രതിമയെ വന്ദിക്കേണ്ടിവരും. കാരണം, വിഗ്രഹാരാധനയെ സ്ഥാപിച്ച ആചാര്യനാണ് ഗുരു. ദൈവതുല്യം കാണുന്ന നാരായണഗുരുദേവന്റെ വിഗ്രഹത്തെ നമിക്കാൻ മുബാറക്ക് പാഷ തയാറാകുമോ? അങ്ങനെ വന്ദിക്കാൻ മനസ്സില്ലാത്ത ഒരാൾക്ക് അത്തരമൊരു സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല ''.

ഇത്തരത്തിൽ, ജാതി- സമുദായ സമ്മർദസംഘങ്ങളുടെ ആവശ്യങ്ങളുമായി ഒത്തുതീർപ്പ് നടത്തുന്ന നിയമനങ്ങളാണ് വി.സിമാരുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരുന്നത്. എസ്.എൻ.ഡി.പി യോഗം എന്ന സംഘടനയെയും അതിന്റെ നേതാവിനെയും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള, സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങുപോലും പുരോഗമനപരമാകുന്നത് ഇതുകൊണ്ടാണ്. വിജ്ഞാനത്തെ ആധിപത്യപരമായും നിഷേധാത്മകമായും പ്രതിഷ്ഠിക്കുന്ന, ക്ഷേത്രവും ദൈവവുമായി ശ്രീനാരായണ ദർശനങ്ങളെയും ഗുരുവിനെയും സ്ഥാപിക്കുന്ന ഇത്തരം വാദങ്ങൾ വീണ്ടും ഉയരുമ്പോൾ, പ്രതിവാദമെന്ന നിലയ്ക്ക്, മുസ്ലീം എന്ന് പറഞ്ഞുകൊണ്ടുതന്നെ ഡോ. മുബാറക്ക് പാഷയുടെ പ്രതിനിധാനത്തെ അടയാളപ്പെടുത്തേണ്ടത് അനിവാര്യമാകുന്നു.

വൈദിക - ബ്രാഹ്മണ്യ മൂല്യങ്ങൾ പുനഃസ്ഥാപിക്കാനുള്ള സമർത്ഥമായ ഇടങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖല എന്ന് ഏറ്റവും നന്നായി തിരിച്ചറിയുന്നത്, സവർണ- ഹിന്ദുത്വ പരിവാരമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയുടെ അടിസ്ഥാനങ്ങളായി പോലും ഇത്തരം മൂല്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് അബോധപ്രക്രിയയല്ല. വിജ്ഞാനം നേടുന്ന കീഴാളരുടെ ചെവിയിൽ ഈയമുരുക്കിയൊഴിക്കാൻ ആജ്ഞാപിക്കുന്ന സ്മൃതികൾ പുതിയ കാലത്തെ പാഠപുസ്തകങ്ങളായി മാറുകയാണ്. വൈജ്ഞാനികമേഖലയിലെ ഈ സവർണാധിപത്യം, ഒരു പൊതുബോധമായിപ്പോലും മാറിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ ഒഴിവാക്കപ്പെട്ട എത്രയോ പേരുണ്ട്.

അക്കാദമിക് യോഗ്യതകളുടെ പിൻബലത്തേക്കാളുമുപരി, വൈജ്ഞാനിക മേഖലയുമായി ബന്ധപ്പെട്ട മൗലിക നിലപാടുകൾ ആവിഷ്‌കരിച്ച് നടപ്പാക്കാനും പ്രതിവിജ്ഞാനീയത്തിന്റേതായ ബദലുകൾ സൃഷ്ടിക്കാനും ശേഷിയുള്ള ഡോ. എം. കുഞ്ഞാമനെപ്പോലുള്ളവർ ഇന്നും നമുക്കിടയിലുണ്ട്. തന്റെ പേര്, മുമ്പ് കേരള സർവകലാശാല വി.സി പദവിയിലേക്ക് പറയപ്പെട്ട രണ്ടു സന്ദർഭങ്ങളെക്കുറിച്ച് "എതിര്' എന്ന പുസ്തത്തിൽ കുഞ്ഞാമൻ എഴുതുന്നുണ്ട്.

എം. കുഞ്ഞാമൻ

മഹാരാഷ്ട്രയിലെ തുൽജാപൂരിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്നതിനുമുമ്പ്, മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനോട് യാത്ര പറയാൻ ചെന്നപ്പോൾ, വി.എസ് പറയുന്നു: ""എന്തിനാണ്? പോകുന്നത്? കുഞ്ഞാമനെ ആദ്യം ആസൂത്രണ ബോർഡിൽ എടുക്കണം, പിന്നെ വൈസ് ചാൻസലർ ആക്കണം എന്ന് വിചാരിക്കുന്നു. തിരിച്ചുവരാൻ കഴിയുമെങ്കിൽ വരണം''. മറ്റൊരു സന്ദർഭം: ""ഒരിക്കൽ മുംബൈയിൽ വച്ച് കണ്ടപ്പോൾ ഡോ. തോമസ് ഐസകും പറഞ്ഞു, "ഞാൻ കുഞ്ഞാമനെ കേരള സർവകലാശാല വൈസ് ചാൻസലാറാക്കാൻ വിചാരിച്ചതാണ്'. കുഞ്ഞാമന്റെ മറുപടി ഇതായിരുന്നു: ""ഞാൻ ഒരു ചായക്കും കഞ്ഞിക്കും വേണ്ടി മറ്റുള്ളവരോട് ഇരന്നിട്ടുണ്ട്. ഈ പദവിക്കുവേണ്ടി ഞാൻ താങ്കളെ സമീപിച്ചിരുന്നുവോ? ഈ മാതിരിയുള്ള ആത്മാർഥതയില്ലാത്ത വാക്കുകൾ പറയുന്നതെന്തിനാണ്?''.

ഭരണകൂടത്തിന്റെ ഔദാര്യമായോ സുഹൃത്തിന്റെ ദാനമായോ സ്വീകരിക്കേണ്ടതല്ല വൈസ് ചാൻസലർ പദവി എന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടായിരിക്കാം, താൻ ചേർന്നുനിൽക്കുന്ന ഇടതുപക്ഷത്തിന്റെ പോലും വെച്ചുനീട്ടലുകളെ അതിജീവിക്കാൻ കുഞ്ഞാമന് കഴിഞ്ഞത്. 40 വർഷത്തിലേറെ ഉന്നത വിദ്യാഭ്യാസമേഖലയിലുണ്ടായിരുന്നിട്ടും തനിക്ക് നയപരമായ കാര്യങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് കുഞ്ഞാമൻ എഴുതുന്നുണ്ട്. ""ഉന്നതവിദ്യാഭ്യാസമേഖലയുടെ പുറമ്പോക്കിൽ കുടിൽകെട്ടി ജീവിക്കുന്ന ഒരു ചാത്തനാണ് ഞാൻ. എന്നെപ്പോലുള്ളവർ അവിടെ എന്നും ചാത്തനും പുലയനുമാണ്. ഇവിടെ, ഞങ്ങൾക്ക് മുഖ്യധാരയിൽ നിൽക്കാൻ പറ്റില്ല'', അദ്ദേഹം എഴുതുന്നു.

അരികിലേക്ക് മാറ്റിനിർത്തപ്പെടുന്നവരുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഇത്തരം ഉത്കണ്ഠകൾ അഭിമുഖീകരിക്കാതെ ഇനി കേരളത്തിന് മുന്നോട്ടു പോകാനാകില്ല. "സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തി' എന്ന വെള്ളാപ്പള്ളി നടേശന്റെ കരച്ചിൽ അക്ഷരാർഥത്തിൽ തന്നെ എടുക്കുകയാണെങ്കിൽ, ആ കണ്ണുകൾ ഇനിയെങ്കിലും ഒന്ന് തുറന്ന് ലോകത്തെ കാണാനുള്ള കാരണവും അവസരവുമായി സർക്കാർ നടപടിയെ അദ്ദേഹം കാണേണ്ടതുണ്ട്.

രാഷ്ടീയത്തിലെയും ഭരണഘടനാ സ്ഥാപനങ്ങളിലെയും പ്രാതിനിധ്യം കൊണ്ടു മാത്രം പരിഹരിക്കപ്പെടുന്നതല്ല സവർണേതര വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ. എക്‌സിക്യൂഷൻ പവറുള്ള പങ്കാളിത്തവും നേതൃത്വവുമാണ് ഇതുവരെ മാറ്റിനിർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങൾ അവകാശമായിത്തന്നെ ഉന്നയിക്കേണ്ടത്. ഇത്തരമൊരു അവകാശബോധത്തിലേക്കും പങ്കാളിത്തത്തിലേക്കും വിപുലപ്പെടാനുള്ള ശേഷിയിലേക്ക് വികസിക്കാനുള്ള അപരവൽകൃത സമൂഹങ്ങളുടെ അതിജീവന സമരങ്ങൾക്ക് ബലം പകരുന്നു, പ്രാഥമിക തലത്തിലെങ്കിലുമുള്ള ഈ ഭരണകൂട ഇടപെടൽ.

Comments