കാമ്പിശ്ശേരി: എഡിറ്റർ അറ്റ് - ലാർജ്

പത്രപ്രവർത്തനത്തെ ഒരു സാഹിത്യസേവനം കൂടിയായി ഗൗരവപൂർവം സമീപിക്കുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിയതമായ ചട്ടക്കൂട്ടിനകത്ത് നിന്ന് വഴിമാറാതെ, എഡിറ്റർഷിപ്പിന്റെ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് നൂറുക്കണക്കിന് എഴുത്തുകാരെ സൃഷ്ടിക്കുകയും ചെയ്ത ഭാവനാസമ്പന്നനായ പത്രാധിപരായിരുന്നു കാമ്പിശ്ശേരി കരുണാകരൻ. കാമ്പിശ്ശേരിയുടെ വിയോഗത്തിന്​ 45 വർഷം പൂർത്തിയായ സന്ദർഭത്തിൽ ഒരോർമക്കുറിപ്പ്​.

കാമ്പിശ്ശേരി കരുണാകരൻ എന്ന മലയാളത്തിന്റെ എക്കാലത്തേയും മഹാനായ പത്രാധിപരെക്കുറിച്ച് പറയുമ്പോൾ എഡിറ്റർ അറ്റ് -ലാർജ് എന്ന ശീർഷകം സാങ്കേതികമായി സംഗതമല്ലെന്നറിയാം. എങ്കിലും സമകാലികമായ എന്തിനെക്കുറിച്ചും എഴുതുക, എന്തിനെക്കുറിച്ചും എഴുതിപ്പിക്കുക, വായനക്കാരന്റെ അഭിരുചിയുമായി അഭിരമിക്കാവുന്ന വിധത്തിൽ ന്യൂസ് ഡസ്‌കുകളെ സദാ ജാഗരൂകമാക്കുക എന്ന അർഥത്തിൽ ഈ വിശേഷണം കാമ്പിശ്ശേരിയെ സംബന്ധിച്ച്​ അപ്രസക്തമാകില്ല എന്നു തോന്നുന്നു.

ആനുകാലികങ്ങളുടെ ഉരുൾപൊട്ടലിനും മുമ്പ്, എഴുപതുകളുടെ അറുതിയിൽ സാഹിത്യ പ്രസിദ്ധീകരണങ്ങൾ താരതമ്യേന വിരളമായ ഘട്ടത്തിൽ പത്രപ്രവർത്തനത്തെ ഒരു സാഹിത്യസേവനം കൂടിയായി ഗൗരവപൂർവം സമീപിക്കുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിയതമായ ചട്ടക്കൂട്ടിനകത്ത് നിന്ന് വഴിമാറാതെ, എഡിറ്റർഷിപ്പിന്റെ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് നൂറുക്കണക്കിന് എഴുത്തുകാരെ സൃഷ്ടിക്കുകയും ചെയ്ത ഭാവനാസമ്പന്നനായ പത്രാധിപരായിരുന്നു കാമ്പിശ്ശേരി കരുണാകരൻ.

ഓണപ്പതിപ്പുകളുടെ കാലം ആസന്നമായ ഇക്കാലത്ത് ഓർക്കേണ്ട നാമം കൂടിയാണ് കാമ്പിശ്ശേരി. ഒരു പക്ഷേ ഓണം സ്പെഷ്യൽ എന്ന ആശയത്തിന്റെ ശിൽപി തന്നെ കാമ്പിശ്ശേരിയാകണം.

ജനയുഗം, കെ.പി.എ.സി, സി.പി.ഐ എന്നീ വികാരങ്ങളൊക്കെ മനസ്സിനെ ത്രസിപ്പിച്ച എന്റെ കോളേജ് കാലം ഞാനിന്നുമോർക്കുന്നു. മലപ്പുറം കുന്നുമ്മൽ ന്യൂസ് ഏജൻറ്​ ബാപ്പുട്ടിക്കയുടെ കടയ്ക്കുമുന്നിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് കെട്ടുകണക്കിന് ജനയുഗം ഓണപ്പതിപ്പുകൾ ഇറക്കിയ കാലം. മനോഹരമായ കവർച്ചിത്രവും മത്തുപിടിപ്പിക്കുന്ന അച്ചടിഗന്ധവും. നിരവധി കോപ്പികൾ വിറ്റഴിഞ്ഞ ഓണപ്പതിപ്പായിരുന്നു അന്ന് ജനയുഗം. മികച്ച നിലവാരവും വ്യത്യസ്തതയുമുള്ള ഉള്ളടക്കം. തുടർന്നുള്ള എല്ലാ ഓണക്കാലത്തും ജനയുഗം ഓണപ്പതിപ്പ് കഴിഞ്ഞേ മറ്റു ആനുകാലികങ്ങളുടെ ഓണം സ്പെഷ്യലുകൾ വിപണി കീഴടക്കിയിരുന്നുള്ളുവെന്നത്, മലപ്പുറത്തെ മാത്രമല്ല കേരളത്തിലാകെയുള്ള ട്രെന്റായിരുന്നു. കേരളത്തിലെ ഏറ്റവും അറിയപ്പെടുന്നവരുടെ കഥയും കവിതയും നാടകവും അഭിമുഖവുമെല്ലാം ജനയുഗം ഓണപ്പതിപ്പിനെ അന്യൂനമാക്കി. തീർച്ചയായും കാമ്പിശ്ശേരി കരുണാകരൻ എന്ന പത്രാധിപരുടെ നൂതനമായ ഐഡിയയും സഹജമായ മിടുക്കുമായിരുന്നു അക്കാലത്തെ ജനയുഗത്തിന്റെ വലിയ വിജയങ്ങൾക്ക് പിന്നിലെന്നത് സത്യം.

ജനയുഗത്തിൽ ജോലി ചെയ്തിരുന്നപ്പോഴുള്ള ചിത്രം. മുൻ നിരയിൽ കാമ്പിശ്ശേരി കരുണാകരൻ, തെങ്ങമം ബാലകൃഷ്ണൻ, ആര്യാട് ഗോപി. പിൻനിരയിൽ വിതുര ബേബി, സി.ആർ. രാമചന്ദ്രൻ, ഇഗ്നേഷ്യസ്.

ഒ.എൻ.വിയും കാക്കനാടനും മലയാറ്റൂരും തോപ്പിൽ ഭാസിയും പുതുശ്ശേരിയും തെങ്ങമം ബാലകൃഷ്ണനുമെല്ലാം കാമ്പിശ്ശേരിക്ക് കരുത്തുപകർന്നു. ജനയുഗം വാരികയിലെ ചോദ്യോത്തരപംക്തി അക്കാലത്ത് അത്യന്തം സജീവമായിരുന്നു. ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് കാമ്പിശ്ശേരി തന്നെ. ബിമൽമിത്രയുടേയും മറ്റും ബംഗാളി നോവലുകളുടെ പരിഭാഷ, എം.എൻ. സത്യാർഥിയുടെ പരിഭാഷയിലൂടെ മലയാളത്തിനു പരിചയപ്പെടുത്തിയതും ഈ പത്രാധിപരാണ്. വാരികയുടെ ഓരോ ലക്കവും പുതുമയുള്ളതാക്കാൻ കാമ്പിശ്ശേരി യത്നിച്ചു. ബാലപംക്തി ഏറ്റവും ലൈവായി നിന്നു. ചന്ദ്രമതിയെപ്പോലുള്ളവർ (കുമാരി ചന്ദ്രിക) എഴുതിത്തുടങ്ങിയത് ജനയുഗം ബാലപംക്തിയിലൂടെയായിരുന്നു. എല്ലാ താളുകളിലും കാമ്പിശ്ശേരിയുടെ തൂലികാസ്പർശം നിറഞ്ഞുനിന്നു.

ജനയുഗം പത്രത്തിന്റെ കൊല്ലം എഡിഷനിലെ എഡിറ്റോറിയൽ പേജിൽ
സി. ഉണ്ണിരാജയെപ്പോലുള്ളവരെക്കൊണ്ട് പ്രതിദിന കോളങ്ങളെഴുതിപ്പിക്കാനും (വാർത്തയ്ക്ക് പിന്നിൽ), സി. അച്യുതമേനോൻ, എൻ.ഇ. ബാലറാം തുടങ്ങിയവരിൽ നിന്ന് സൈദ്ധാന്തിക ലേഖനങ്ങൾ ആഴ്ച തോറും സംഘടിപ്പിക്കാനും കാമ്പിശ്ശേരി മുൻകൈയെടുത്തു. അപ്പോഴും കഥയുടേയും കവിതയുടേയും നാടകത്തിന്റേയും സിനിമയുടേയും ലോകമായിരുന്നു കാമ്പിശ്ശേരിക്ക് കൂടുതൽ പ്രിയംകരം. ജനയുഗം വാരികയെ ഏറ്റവും നല്ല സാഹിത്യപ്രസിദ്ധീകരണമാക്കി.

ചലച്ചിത്രത്തിനു പ്രാധാന്യം നൽകി സിനിരമ എന്ന പേരിൽ ജനയുഗം സഹപ്രസിദ്ധീകരണം തുടങ്ങി. സിനിമാലോകത്ത് ഏറെ സ്വീകാര്യമായ പ്രസിദ്ധീകരണമായിരുന്നു സിനിരമ. പിന്നീടാണ് എണ്ണമറ്റ സിനിമാ മാസികകളും വാരികകളും കേരളത്തിലുണ്ടാകുന്നത്. കുട്ടികൾക്കായി ഇറക്കിയിരുന്ന ചിലമ്പൊലി, പൂമ്പാറ്റ മാസികകളെ പിറകിലാക്കുന്നതായിരുന്നു ജനയുഗം ആരംഭിച്ച ബാലയുഗം കുട്ടികളുടെ മാസിക. ഇതും കാമ്പിശ്ശേരിയുടെ ആശയമായിരുന്നു. മറ്റൊരു ജനയുഗം വിപ്ലവമായിരുന്നു നോവൽപതിപ്പുകൾ. ഓരോ ലക്കത്തിലും കാമ്പും കനവുമുള്ള സമ്പൂർണ നോവലുകളുമായി ജനയുഗം നോവൽപതിപ്പുകൾ ന്യൂസ് സറ്റാന്റുകൾ കീഴടക്കിയ കാലം. ഇന്നിപ്പോൾ പ്രസിദ്ധരായ പല എഴുത്തുകാരും എഴുതിത്തെളിഞ്ഞത് ജനയുഗം നോവൽപതിപ്പുകളിലൂടെയായിരുന്നു. ഇത്തരം പുതുമയുള്ള ആശയങ്ങൾ നടപ്പാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയും ജനയുഗംമാനേജ്മെന്റും കാമ്പിശ്ശേരിക്ക് പൂർണമായ അനുവാദം നൽകി.

ജനയുഗം വാരികയിൽ നിന്നുള്ള ഒരു പേജ് / Photo: shijualex.in

കെ.പി.എ.സി നാടകങ്ങളിൽ വേഷമിട്ട കാമ്പിശ്ശേരിയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന സിനിമയിലെ പരമുപിള്ളയായി അഭിനയിച്ചത്. നിരവധി റേഡിയോ നാടകങ്ങളിലും അഭിനയിച്ചു. മുടിയനായ പുത്രൻ, ആദ്യകിരണങ്ങൾ, നിണമണിഞ്ഞ കാൽപാടുകൾ, നിത്യകന്യക, അശ്വമേധം എന്നീ സിനിമകളിലും പ്രധാനവേഷങ്ങളിൽ കാമ്പിശ്ശേരി തിളങ്ങി. തോപ്പിൽഭാസിയും തോപ്പിൽ കൃഷ്ണപിള്ളയുമായിരുന്നു അഭിനയത്തിൽ കാമ്പിശ്ശേരിയുടെ ഗുരുനാഥന്മാർ.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്ന് മടങ്ങുംവഴി, ഒരിക്കൽ മലപ്പുറം കോട്ടപ്പടിയിലെ സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ കാമ്പിശ്ശേരി വന്നതോർക്കുന്നു. ഒപ്പം സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ്​ സെക്രട്ടറിയും പിന്നീട് മന്ത്രിയുമായ വി.വി രാഘവനുമുണ്ടായിരുന്നു. അന്ന് അദ്ദേഹത്തെ അകലെനിന്ന്​ നോക്കിനിന്ന എന്നെ അടുത്ത് വിളിക്കുകയും എ.ഐ.എസ്.എഫ് പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. വയലാർ രാമവർമയുടെ കൊന്തയും പൂണൂലും എന്ന കാവ്യസമാഹാരത്തെക്കുറിച്ച് ഞാനെഴുതിയ ചെറിയൊരു ആസ്വാദനക്കുറിപ്പ്, അന്നത്തെ വിദ്യാർഥി നേതാവ് കെ.എൻ.എ. ഖാദർ വശം, കാമ്പിശ്ശേരിക്ക് വായിക്കാൻ കൊടുത്തയച്ചിരുന്നത് വെളിച്ചം കണ്ട കാര്യം ഞാൻ സൂചിപ്പിച്ചു. തിരുവനന്തപുരത്തെ സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസിൽ വെച്ച് ഖാദർ, കാമ്പിശ്ശേരിക്ക് കൈമാറിയ ഈ കുറിപ്പാണ് ജനയുഗം വാരികയിൽ അച്ചടിച്ചുവന്നിരുന്നത്. അത് കേട്ടപ്പോൾ അതിയായ സ്നേഹത്തോടെ കാമ്പിശ്ശേരി എന്റെ കൈകൾ ചേർത്തുപിടിച്ചു. മറക്കാനാവാത്ത കൂടിക്കാഴ്ച. ഇനിയുമെഴുതണം എന്ന് പറഞ്ഞ അദ്ദേഹം കൊന്തയും പൂണൂലും എന്ന കവിതയിലെ ആദ്യവരികൾ മൂളി:
കാവിയുടുത്താത്മാവിന് പൂണൂലിട്ടിന്നേവരെ,
ആവോളം ഗീതയിലെ ശ്ളോകം മൂളി,
തേവാരക്കിണ്ടിയുമായി വന്നെത്തും നിങ്ങളിലെ
ചാവാത്ത പിശാചുക്കളെ ഞങ്ങൾ കണ്ടു.

പാർട്ടിയ്ക്കകത്തും പുറത്തുമുള്ള നിരവധി സാഹിത്യതൽപരർക്ക് കാമ്പിശ്ശേരി എല്ലാ അർഥത്തിലും ഒരു അത്താണിയായിരുന്നു. ഇത്രയെല്ലാം ചെയ്തുകൂട്ടിയത് വളരെ ചുരുങ്ങിയ ആയുസ്സിൽ. 1977 ജൂലൈ 27 ന്, 55ാം വയസ്സിൽ മഹാനായ ആ പത്രാധിപർ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കാമ്പിശ്ശേരി എഴുതി വെച്ചിരുന്നത് ഇങ്ങനെ: ഞാൻ മരിക്കുന്ന സ്ഥലത്തുനിന്ന് ആറു മണിക്കൂറിനുള്ളിൽ എന്നെ എന്റെ നാട്ടിലോ പൊതുശ്മശാനത്തിലോ കൊണ്ടുപോയി സംസ്‌കരിക്കണം. പടമെടുപ്പും റീത്ത് സമർപ്പണവും വേണ്ട. ദഹിപ്പിക്കരുത്. മൃതദേഹം വള്ളികുന്നത്ത് കൊണ്ടുപോവുകയാണെങ്കിൽ എന്റെ അച്ഛനെ കുഴിച്ചിട്ടിരിക്കുന്നതിന്റെ സമീപത്ത് എന്നേയും കുഴിച്ചിടണം. അവിടെയുള്ള കൂവളത്തിന് വളമാകട്ടെ.

Comments