കനകം കാമിനി കലഹം: മലയാളിയുടെ ക്രിട്ടിക്കൽ കണ്ണിന്റെ ചില പ്രശ്​നങ്ങൾ

മലയാളി ശീലിച്ച ദൃശ്യ സംസ്‌കാരത്തിൽ നിന്ന്​ പുറത്തു കടക്കുമ്പോഴുള്ള അസ്വസ്ഥതകൾ അവരെ വീണ്ടും പാരമ്പര്യവാദികളാക്കുന്നു. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത സിനിമകളല്ല ഇവിടെയുണ്ടാകേണ്ടത്, മറിച്ച് ആ പ്രതീക്ഷകളെ തകിടം മറിക്കുന്ന സിനിമകളാണ് ഉണ്ടാകേണ്ടത്. ഒരു കൂട്ടം ആളുകളുടെ നിരന്തരമായ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇവിടെ ഒരു പുതിയ ദൃശ്യ സംസ്‌കാരം കൈവരികയുള്ളൂ. പറഞ്ഞു വന്നത് മാറ്റത്തെക്കുറിച്ചാണ്. മാറ്റമില്ലാത്ത മാറ്റത്തെക്കുറിച്ച്.

ർഷം 1972. ചിത്രലേഖ ഫിലിം സൊസൈറ്റി നിർമിച്ച അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം പുറത്തിറങ്ങുന്നു. മലയാളി കൈയ്യടിച്ചില്ല. ആ വർഷത്തെ ദേശീയ അവാർഡ് ഉൾപ്പടെ പല പുരസ്‌കാരങ്ങളും സ്വന്തമാക്കുന്നു. വിണ്ടും റിലീസ് ചെയ്തപ്പോൾ ആളുകൾ കൈയ്യടിച്ച് വരവേറ്റു. മലയാള സിനിമയിലെ നവതരംഗം അവിടെ തുടങ്ങി.

വർഷം 1974. സ്വയംവരം സിനിമയുടെ സഹ തിരക്കഥാകൃത്ത് കൂടിയായ കെ.പി.കുമാരന്റെ അതിഥി ഇറങ്ങി. ഒപ്പം നവതരംഗ സിനിമകൾക്ക് പിന്നീടങ്ങോട്ട് ശക്തി പകർന്ന അരവിന്ദന്റെ ഉത്തരായനവും പുറത്തിറങ്ങി. ഉത്തരായനം കണ്ട് അരവിന്ദന് കൈയ്യടിച്ച ആരും തന്നെ അന്ന് കെ.പി. കുമാരന്റെ അതിഥിക്കു വേണ്ടി കൈ അനക്കിയില്ല. അടൂരും ചിത്രലേഖയും പോലും കൈയ്യടിച്ചില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ മറ്റൊരു നവധാര തന്നെ മലയാള സിനിമയിലുണ്ടായേനെ. അതിഥിയെ മനസ്സിലാക്കാൻ മലയാള സിനിമയിലെ നിരൂപകർ പിന്നെയും ഒരുപാട് നാളെടുത്തു.

മലയാളി പ്രേക്ഷകന്റെ ഒരു നല്ല ഗുണമായി തോന്നിയിട്ടുള്ളത് അവർ ഒരു "ബൗദ്ധികജീവികൾ' ആണെന്നുള്ളതാണ്. അതുകൊണ്ടു തന്നെ അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. അവരുയർത്തുന്ന ചോദ്യങ്ങളെ നേരിടാതെ ഒരു ഫിലിം മേക്കറിനും മുന്നോട്ട് പോകാനുമാവില്ല. അതിപ്പൊ, ഏതു കൊടികുത്തിയ സംവിധായകനായാലും ഏതു സൂപ്പർ സ്റ്റാർ അഭിനയിച്ചതാണെങ്കില്ലം ശരി, സിനിമയെ അവർ അറുത്തു മുറിച്ച് നോക്കി പരിശോധിക്കുക തന്നെ ചെയ്യും. ഇപ്പോൾ ഇറങ്ങിയ മരക്കാർ: അറബിക്കടലിന്റെ സിംഹം ഒരുദാഹരണം മാത്രം.

മലയാളി തന്റെ ക്രിട്ടിക്കൽ കണ്ണുകൊണ്ട് പഴയ സിനിമകളിലെ political incorrectness പലതും കണ്ടെത്തുകയും അതു വരുംകാല സിനിമകൾക്ക് ഒരു വഴിക്കണ്ണാവുകയും ചെയ്തു. എന്നാൽ ഈ ക്രിട്ടിക്കലായ മലയാളിക്കണ്ണുകളുടെ ഒരു മറുവശം എന്തെന്നാൽ പതുക്കെ പതുക്കെ എന്തിനെയും സംശയത്തോടെ കൂടി മാത്രം നോക്കുന്ന അവസ്ഥയിലെക്കെത്തിച്ചേരുമെന്നുള്ളതാണ്.
മാറ്റങ്ങളെ ഉൾക്കൊള്ളാൻ മലയാളി പ്രേക്ഷകൻ കാണിക്കുന്ന വിമുഖത ഇങ്ങനെ രൂപപ്പെട്ടു വന്നതാണ്. സിനിമയോട് മാത്രമല്ല എന്ത് മാറ്റത്തോടും മലയാളി ഈ അകലം സൂക്ഷിക്കുന്നു. പുത്തൻ പരീക്ഷണ സിനിമകൾക്കെതിരെ എന്നും മുഖം തിരിക്കുന്ന മലയാളിയുടെ ഈ മനോഭാവം നമുക്ക് നഷ്ടപ്പെടുത്തിയത് ഒട്ടനവധി പ്രതിഭാധനരായ സംവിധായകരെയാണ്.

ഡബ്ൾ ബാരൽ' സിനിമയിൽ നിന്ന്

ഈ ബൗദ്ധിക വ്യാപാരത്തിനുപരിയായി സിനിമ ആസ്വദിക്കേണ്ട കലയാണ്. കഥ / plot വേണമെന്ന നമ്മുടെ ശാഠ്യമാണ് പലപ്പോഴും നമ്മെ സിനിമ ആസ്വദിക്കുന്നതിൽ നിന്ന് തടയുന്നതെന്ന് ഡബ്ൾ ബാരൽ സിനിമ ഇറങ്ങിയതിനുശേഷമുള്ള ഒരഭിമുഖത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി പറയുകയുണ്ടായി. എന്തുകൊണ്ട് എങ്ങനെ എന്ത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുത്തരം നൽകുന്ന രീതിയിൽ (plot structure) സിനിമയുണ്ടാവുകയും പ്രേക്ഷകർ അതുമാത്രം ഏറ്റെടുക്കുകയും ചെയ്യുന്നതിനെയാണ് ഇവിടെ ബൗദ്ധിക വ്യാപാരം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. എല്ലാ പറച്ചിൽ സിനിമകളും ശബ്ദരേഖയായി മാത്രം കേൾക്കാവുന്നതാണ്. മലയാളത്തിൽ വർദ്ധിച്ചു വരുന്ന ത്രില്ലർ സിനിമകൾ ഈ ശീലത്തിന്റെ ഫലമാണ്.

മലയാളി ശീലിച്ച ദൃശ്യ സംസ്‌കാരത്തിൽ നിന്ന്​ പുറത്തു കടക്കുമ്പോഴുള്ള അസ്വസ്ഥതകൾ അവരെ വീണ്ടും പാരമ്പര്യവാദികളാക്കുന്നു. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത സിനിമകളല്ല ഇവിടെയുണ്ടാകേണ്ടത് മറിച്ച് ആ പ്രതീക്ഷകളെ തകിടം മറിക്കുന്ന സിനിമകളാണ് ഉണ്ടാകേണ്ടത്. ഒരു കൂട്ടം ആളുകളുടെ നിരന്തരമായ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇവിടെ ഒരു പുതിയ ദൃശ്യ സംസ്‌കാരം കൈവരികയുള്ളൂ. പറഞ്ഞു വന്നത് മാറ്റത്തെക്കുറിച്ചാണ്. മാറ്റമില്ലാത്ത മാറ്റത്തെക്കുറിച്ച്.

റഷ്യൻ നിർമ്മിത ആൻഡ്രോയ്ഡ് 5.25 നെയും പയ്യന്നൂർ ദേശത്തുള്ള കുഞ്ഞപ്പനെയും ഒന്നായ് കാണാൻ പറ്റുന്ന ഭാസ്‌കര പൊതുവാളിന്റെ നർമ്മത്തിൽ നിന്ന്​ കനകം കാമിനി കലഹത്തിലെ അങ്ങു ചൊവ്വയിൽ നിന്നു വന്ന പവിത്രനെയും (നിവിൻ പോളി) ഇങ്ങു വ്യാഴത്തിൽ നിന്നു വന്ന ഹരിപ്രിയയെയും (ഗ്രേസ് ആന്റണി) ചേർത്തുനിർത്തിയ "ജാതി പറയാത്ത' രതീഷ് ബാലകൃഷ്ണ "പൊതുവാളിന്റെ' അസംബന്ധ ഫലിത (absurd humour) സിനിമയിലേക്കുള്ള വളർച്ച / മാറ്റം രസാവഹമാണ്.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പയ്യന്നൂർ ദേശത്തെ തനി പാട്രിയാർക്കൽ മലയാളിയായ ഭാസ്‌കര പൊതുവാൾ ഒരു ദിവസം കണ്ണുതുറക്കുമ്പോൾ കാണുന്നത് ശാസ്ത്രത്തിന്റെ ഔന്നത്യമായ ആൻഡ്രോയ്ഡ് റോബോട്ട് അയാളുടെ മുന്നിൽ അവതാരം ചെയ്തിരിക്കുന്നതായിട്ടാണ്. ഈ അസംബന്ധ നാടകം മലയാളിയുടെ തനി പാട്രിയാർക്കൽ പൊതുബോധത്തെ ഒരു കണ്ണാടിയുടെ മുന്നിൽ എന്ന പോലെ തുറന്നു കാട്ടിയപ്പോൾ നമ്മിൽ ചിരി പടർത്തി. ഒപ്പം അതിലെ വൈകാരികത നമ്മുടെ കണ്ണു നനയ്ക്കുകയും ചെയ്തു. അവിടെ നിന്ന്​ ഈ അസംബന്ധ ഫലിതമെന്ന ആശയത്തെ ഒരു സിനിമയുടെ വിശാലതയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് സംവിധായകൻ. ഒന്നിച്ചു നിൽക്കാൻ പറ്റാത്തതിനെ സാഹചര്യം കൊണ്ട് ചേർത്തു തന്നെ ഉപയോഗപ്പെടുത്തുന്നു സംവിധായകൻ.

ഇബ്‌സന്റെ നാടകത്തെ ആസ്പദമാക്കി കെ.പി. കുമാരൻ ചിട്ടപ്പെടുത്തിയ ആകാശഗോപുരം സിനിമയുടെ സംഭാഷണങ്ങളിലും അഭിനയത്തിലും നാടകീയത മുറ്റി നിൽപുണ്ട്. സ്വാഭാവികമായ അഭിനയത്തെയും വൈകാരികമായ സംഭാഷണങ്ങളെയും തച്ചുടച്ച് പുതിയൊരു ശൈലി കൊണ്ടുവരിക വഴി അതിലെ നേർത്ത ആശയങ്ങളെയും കാഴ്ചപ്പാടുകളെയും പുറത്തേക്ക് കൊണ്ടുവന്ന് മുഴങ്ങിക്കേൾക്കാൻ അനുവദിക്കുന്നു. കനകം കാമിനി കലഹത്തിലാകട്ടെ സീരിയലിന്റെ നാടകീയതയുപയോഗിച്ച് സംവിധായകൻ ഫലിതം ജനിപ്പിക്കുന്നു.

പത്മരാജന്റെ (ഞാൻ ഗന്ധർവ്വൻ) ഗന്ധർവ്വനും ഭാമയും രണ്ടു ലോകത്തു നിന്നുള്ളവരായിരുന്നുവെങ്കിലും അവർക്ക് പ്രണയിച്ചു മതിയായിരുന്നില്ല. എന്നാൽ ഈ ഭൂമിയിലുള്ള പവിത്രനെയും ഹരിപ്രിയയെയും കാണുമ്പോൾ ആണും പെണ്ണും രണ്ടു വ്യത്യസ്ത ലോകത്തു നിന്ന് വന്നവരാണെന്നു തന്നെ തോന്നും. ശ്രീനിവാസൻ സിനിമകളിൽ ഈ വീക്ഷണം എവിടെയൊക്കെയോ കാണാവുന്നതാണ് (വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള). ചന്ദ്രേട്ടൻ എവിടെയാ എന്നൊരു വിളി മതി സുഷമയും ചന്ദ്രമോഹനും തമ്മിലുള്ള ലോകങ്ങളുടെ ദൂരമറിയാൻ (ചന്ദ്രേട്ടൻ എവിടെയാ, സിദ്ധാർത്ഥ് ഭരതൻ). ഇത്ര ചേർച്ചയില്ലാത്തവരെ പ്രകൃതി ഇണക്കി നിർത്തുന്നുണ്ടല്ലോ എന്നോർത്ത് പരിണാമത്തിനു നന്ദി പറയാം. പരിണാമത്തിനു മാത്രമല്ല ഇവിടെ സുധീഷിന്റെ ശിവകുമാറിനും കൊടുക്കാം ഒരു കൈയ്യടി. ഒരു തീൻമേശയുടെ അപ്പുറവുമിപ്പുറവു മിരിക്കുന്ന മട്ടിലുള്ള എന്നാൽ രണ്ടു ദൃശ്യ ലോകത്തുള്ളവരെ ഒരു കിടക്കയിലേക്കെത്തിക്കുന്ന ശിവകുമാറിന്റെ discussion ദൃശ്യവത്കരിച്ചിരിക്കുന്നത് എത്ര മികവോടെയാണ്.

യാക്‌സൺ ഗാരി പെരെരയും നേഹ നായരും സംഗീതം നിർവ്വഹിച്ച ഈ സിനിമയിൽ ശബ്ദത്തിന്റെ പ്രാധാന്യം വളരെയധികമാണ്. ഒരു ഡ്രാമാ മൂഡ് കൊടുത്ത് ദൃശ്യങ്ങളെ elevate ചെയ്യാനും ഒപ്പം contrast കൊടുത്ത് തമാശ ജനിപ്പിക്കാനും ഇവിടെ സംഗീതം ശ്രദ്ധിക്കുന്നുണ്ട്. സൗണ്ട് മിക്‌സിംഗ് ചെയ്തത് വിപിൻ നായരാണ്. ഗ്ലാസ് താഴെ വീഴുന്ന ശബ്ദം തൊട്ട് തേനീച്ചയുടെ ശബ്ദവും ഫാൻ കറങ്ങുന്നതിന്റെ ശബ്ദം വരെ ദൃശ്യത്തോട് ചേർത്ത് വെക്കുമ്പോൾ ഫലിതത്തിന്റെ പുതിയ ഇമേജുകൾ നമുക്ക് ലഭിക്കുന്നു.

കവി പാടി
"കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം'

പ്രത്യക്ഷത്തിൽ കനകവും കാമിനിയുമാണ് കലഹത്തിനു കാരണമെന്ന് തോന്നാമെങ്കിലും അങ്ങനെയല്ല. കുറച്ചു കൂടി അടുത്തു നിന്ന് കാര്യങ്ങളെ നോക്കണം എന്നു മാത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ, മാല കാണാതാവുന്നതിന് സമാനമായി ഇവിടെ ഹരിപ്രിയയുടെ പുതിയ കമ്മൽ ഹോട്ടലിൽ വച്ചു കാണാതാകുന്നു. സമാനത അത്ര മാത്രം. കമ്മൽ കണ്ടെത്താനുള്ള അന്വേഷണമാണ് കലഹത്തിനു വഴി തെളിച്ചെതെന്നാണ് ഒറ്റ നോട്ടത്തിൽ തോന്നുക. എന്നാൽ വ്യത്യസ്ത മനുഷ്യർ ഒരുമിച്ച് കൂടുമ്പോഴുള്ള വൈരുദ്ധ്യം മാത്രമാണ് കലഹത്തിനാധാരം. അതിപ്പോ സമൂഹത്തിലായാലും വീട്ടിലായാലും. സിനിമയുടെ പേര് നോക്കുമ്പോൾ പോലും മൂലം /കാരണം കാണുന്നില്ല. അസംബന്ധ ഫലിതത്തിന് കാരണം വേണമെന്നില്ലല്ലോ.

പവിത്രന്റെയും ഹരിപ്രിയയുടെയും ചേർച്ചയില്ലായ്മ പോലെ തന്നാണ് ദൈവഭക്തിയുള്ള ജോബിയും സമ്പന്നയായ കാമുകി മേഘ ഡാർലിംഗും സംസാരിക്കുമ്പോൾ സംഭവിക്കുന്നത്. അതേ വിരോധാഭാസമുണ്ട് അലമ്പനായ സുരയും നോവലിസ്റ്റായ മേലേതിൽ ബാലചന്ദ്രനും കണ്ടുമുട്ടുമ്പോൾ. മനാഫ് ഖാനും വിജീഷ് നായരും നമ്മുടെ സ്​റ്റീരിയോടൈപ്പുകളുടെ ചേർച്ചയില്ലായ്മ തന്നെയാണ്. ചെറിയ സീൻ മാത്രമുള്ള ഒരു couple ഉണ്ട് ഈ സിനിമയിൽ. ലൈംഗിക ബന്ധത്തിലേർപ്പെടാൻ വന്ന് ഹോട്ടൽ ബെഡിലെ അരയന്നങ്ങളെ കണ്ട് ഇതികർത്തവ്യ മൂഢരായി മാറുന്ന അവർ, നമുക്ക് ചിരി സമ്മാനിച്ചെങ്കിൽ ജിവിതത്തിന്റെ വിരോധാഭാസങ്ങളുടെ ഫലിതം നിങ്ങളെ സ്പർശിച്ചിരിക്കുന്നുവെന്നാണ്.

പല റിവ്യൂകളിലും വായിച്ചപോലെ ഒരു വെസ് ആൻഡേഴ്‌സൺ സ്‌റ്റൈലൊന്നും ഈ സിനിമയിൽ ഞാൻ കണ്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ദി ഗ്രാൻറ്​ ബുഡാപെസ്റ്റ് ഹോട്ടൽ ഒരു റഫറൻസ് ആകുന്നുണ്ട് താനും. അത്ര മാത്രം. ആ ഗ്രാൻറ്​ ഹോട്ടൽ ലോബിയെ അങ്ങാടിയോടുചേർത്തുനിർത്തുമ്പോഴേ അതിലെ നർമ്മം തുളുമ്പുകയുള്ളൂ. പവിത്രന്റെയും ഹരിപ്രിയയുടെയും ഹോട്ടൽ മുറിയിലെ പൊയ്മുഖങ്ങൾ പോലെ ലോബിയിലെ അങ്ങാടിത്തരങ്ങളും വിരോധാഭാസം തന്നാണ്.

അതുമാത്രമല്ല ഹോട്ടൽ പ്രധാന ലൊക്കേഷനായ കുബ്രിക്കിന്റെ ദി ഷൈനിംഗിന്റെ റഫറൻസും ഹിച്ച്‌കോക്കിന്റെ സൈക്കോയിലെ പ്രശസ്തമായ ഷവർ സീനിന്റെ റഫറൻസുകളും വിദഗ്ദമായ രീതിയിൽ തന്നെ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്.

മാത്രമല്ല, മലയാള സിനിമയുടെ റഫറൻസുകളും യഥേഷ്ടം കടന്നു വരുന്നുണ്ട്. നസീർ, സത്യൻ, ലാലേട്ടൻ, മമ്മുക്ക, മഞ്ജു, നിവിൻ പോളി etc. ആറാം തമ്പുരാൻ, മൃഗയ, ധ്വനി മുതലായ സിനിമകളും ഇടക്ക് പൊൻമുട്ടയിടുന്ന താറാവിലെ തട്ടാൻ ഭാസ്‌കരൻ പോലും കടന്നു വരുന്നു.

മുമ്പ് പ്രിയദർശൻ സിനിമകളിൽ ധാരാളം ഉണ്ടായിരുന്ന slapstick കോമഡികളല്ല ഇവിടെ ചിരി പടർത്തുന്നത്. മറിച്ച് സാഹചര്യങ്ങളുടെ പൊരുത്തക്കേടുകളാണ്. അങ്ങനെ നോക്കുമ്പോൾ കോയൻ ബ്രദേഴ്‌സിന്റെ സിനിമാറ്റിക് സ്‌റ്റൈലിനോടാണ് കൂടുതൽ ആഭിമുഖ്യം. പ്രത്യേകിച്ചും ഫാർഗോ, ദി ബിഗ് ലബോസ്‌കി മുതലായ സിനിമകൾ.

'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' സിനിയിൽ നിന്ന്

മനുഷ്യനെ ഒറ്റവാക്കിൽ എങ്ങിനെ നിർവ്വചിക്കുമെന്നാരെങ്കിലും ചോദിച്ചാൽ എനിക്കൊരുത്തരമേയുള്ളൂ- വൈരുദ്ധ്യം/ contradiction.

വൈരുദ്ധ്യം ബാഹ്യം മാത്രമല്ല ആന്തരികം കൂടിയാണ്, എന്നു വച്ചാൽ ഇവിടെ വൈരുദ്ധ്യത്തിന്റെ നിലനിൽപ് പാരസ്പര്യത്തിൽ അല്ലെങ്കിൽ രണ്ട് ആളുകളുടെ ഇടയിൽ മാത്രമല്ല മറിച്ച് ഓരോ ആളിലും ഈ വൈരുദ്ധ്യം പ്രകടമാണ്. മനുഷ്യരുടെ വൈരുധ്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ടമാർ പഠാറിൽ (ദിലീഷ് നായർ) കസർത്ത് പരിപാടിയുമായി ഊരുതെണ്ടുന്ന ജമ്പർ തമ്പിയും (ബാബുരാജ് ) ട്യൂബ് ലൈറ്റ് മണിയും (ചെമ്പൻ വിനോദ്) തങ്ങളുടെ ശാരീരിക ശക്തിയിൽ ഊറ്റം കൊള്ളുന്നവരാണ്. എന്നാൽ തങ്ങളേക്കാൾ ശക്തിയുള്ളതിനെ ആരാധനയോടെ മാത്രം നോക്കുന്ന അവർ വെറും ശുദ്ധാത്മാക്കളാണ്. ഈ ആണത്വമുള്ള രണ്ടു പേർ ആദ്യമായ്, പരസ്പരം കണ്ടുമുട്ടുന്നത് സ്ത്രീ വേഷത്തിലാണെങ്കിലോ? (ഒരു പക്ഷെ അവരുടെ ഉള്ളിലുള്ള സ്ത്രികളെയാവാം അവർ കാണുന്നത് ) അത്തരത്തിലൊരു കാഴ്ചയുമായാണ് സിനിമ സഞ്ചരിച്ചത്.

കനകം കാമിനി കലഹത്തിൽ അത് കുറച്ച് കൂടി catchy ആണ്. grip ഉണ്ട് മാത്രമല്ല graphഉം ഉണ്ട്. ഓരോ കഥാപാത്രത്തിന്റെയും arc എന്തു രസമാണ്. കാവ്യ ഭാവനയുള്ള നോവലിസ്റ്റ് പൊട്ടിക്കരയുമ്പോൾ, തല്ലു കൊള്ളിയായ സുര വീണു കിടന്നു കവിത പാടുമ്പോൾ, മനാഫ് ഒളിച്ചോടുമ്പോൾ, പൊതുവെ ശാന്തശീലനും ദൈവഭക്തനുമായ ജോബി പൊട്ടിത്തെറിക്കുമ്പോൾ, വിജേഷ് അടി കൊണ്ട് കരയുമ്പോഴൊക്കെ ഈ ആന്തരിക വൈരുദ്ധ്യം പുറത്തേക്ക് വമിക്കുന്നു.

ടൈറ്റിൽ നാടകീയമായി അനൗൺസ് ചെയ്യുന്നതു തൊട്ട് അത് misplace ചെയ്ത് പ്രയോഗിക്കുന്ന verbal തമാശകളിലും ഈ വൈരുദ്ധ്യം പ്രകടമാണ്. Nonsense humour ഉപയോഗിച്ചുള്ള fiction ന്റെ സാധ്യതകൾ മുഴുവൻ ഉപയോഗിക്കുന്നു. Body shaming, hypocrite, political correctness, nepotism, തുടങ്ങിയ വാക്കുകൾ സാഹചര്യങ്ങളോട് വൈരുദ്ധ്യപ്പെട്ട് നിന്ന് തമാശ സ്യഷ്ടിക്കുന്നു. I love you, darling വരെ സരസമായ് ഉപയോഗിച്ചപ്പോൾ pineapple ജൂസ് fine apple ജൂസ് ആയി മാറുന്നത് എത്ര സ്വാഭാവികമായാണ്.

ഏറ്റവും മികച്ചതായ് തോന്നിയത് ബാലചന്ദ്രന്റെ മഞ്ഞകാൽവരിയുടെ താഴ്വര എന്ന നോവലിലെ വരികൾ മനാഫ് ഖാൻ ആവർത്തിക്കുന്ന ഭാഗമാണ്. ഒരേ text രണ്ട് സാഹചര്യത്തിൽ നിലനിൽക്കുന്നത് എത്ര വൈരുദ്ധ്യമായാണ്. അതുയർത്തുന്ന ഫലിതമാകട്ടെ മാരകവും.

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ ക്ലൈമാക്‌സ് പോലെ കനകം കാമിനി കലഹത്തിലെ ക്ലൈമാക്‌സും സുഖകരമായി അനുഭവപ്പെട്ടില്ല. എല്ലാം പെട്ടെന്ന് അവസാനിപ്പിക്കേണ്ടതു കൊണ്ടുള്ള ഒരു ധൃതിയോ പരക്കംപാച്ചിലോ ഒക്കെയാണ് അനുഭവപ്പെട്ടത്. വിജേഷ് നായരുടെ ബലാൽസംഗശ്രമമൊക്കെ ഒന്നു മാറ്റിപ്പിടിച്ചാൽ നന്നായിരുന്നു.

പക്ഷെ tail end മികച്ച ദൃശ്യാനുഭവം തന്നെയായിരുന്നു. അഴകിയ രാവണനിലെ പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം എന്ന സീനിനെ അനുസ്മരിപ്പിച്ച്​ തുടങ്ങിയ രംഗം ജൂനിയർ ആർട്ടിസ്റ്റായ സിനിമയിലെ നായകനെ പതിയെ fade out ആക്കിക്കളയുന്നു. സിനിമയുടെ രാഷ്ട്രീയം പറയാതെ പറയുന്നു.

കെ.ജി. ജോർജ്ജിന്റെ പഞ്ചവടിപ്പാലം അക്കാലത്ത് വിജയിച്ചിരുന്നോ? എനിക്കറിയില്ല. പക്ഷെ ഒന്നറിയാം, അരാഷ്ട്രീയ സിനിമയായ സന്ദേശത്തെ നമ്മൾ ആഘോഷിച്ച അത്രയൊന്നും, മലയാളത്തിലിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയറും ഇന്നും പ്രാധാന്യമർഹിക്കുന്നതുമായ പഞ്ചവടിപ്പാലത്തിൽ നമ്മൾ ഘോഷിച്ചില്ല. എന്തിനേറെ പറയുന്നു, കുറച്ചു വർഷങ്ങൾക്കു മുമ്പ് ദിലീഷ് നായർ സംവിധാനം ചെയ്ത ടമാർ പഠാർ എന്ന സിനിമ നമ്മൾ തിയറ്ററിൽ നിലം തൊടാനനുവദിച്ചില്ല. തൊട്ടടുത്ത വർഷം ആമേൻ എന്ന ഹിറ്റ് സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ചെയ്ത ഡബ്ൾ ബാരലും നമുക്ക് കല്ലുകടിയായി. വർഷങ്ങൾക്കിപ്പുറം മലയാളിയുടെ കാഴ്ചാശീലങ്ങളെ മാറ്റാൻ ശ്രമിച്ച ആ സിനിമകളേയും നമ്മൾ പതുക്കെ പതുക്കെ ആസ്വദിക്കാൻ ശീലിക്കുന്നു.

കനകം കാമിനി കലഹം മന്നോട്ടു വയ്ക്കുന്ന absurd humour മലയാളിക്ക് അത്ര പരിചയമുള്ളതാകാൻ സാധ്യതയില്ല. എന്നുവച്ച് അത് ആസ്വാദ്യകരമല്ലന്നല്ല അതിന്റെയർത്ഥം. ഞാൻ ആസ്വദിച്ചു കണ്ട സിനിമ തന്നെയാണ് ഇതെന്ന് ധൈര്യത്തോടെ ഞാൻ പറയും. കുറവുകളുണ്ടാകാം, എന്നിരുന്നാലും ഇത്തരം പരീക്ഷണങ്ങളിലൂടെ മാത്രമേ മലയാള സിനിമക്ക് വേറിട്ട ദൃശ്യ സംസ്‌കാരം കൈവരികയുള്ളൂ.

Comments