പാഠം: ഗീത, ഉദ്ദേശ്യം: വയലൻസ്‌

വരുന്ന അധ്യയന വർഷത്തോടെ ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ അവരുടെ സ്‌കൂൾ സിലബസിന്റെ ഭാഗമായി ഭഗവത് ഗീത പഠിക്കണമെന്ന തീരുമാനവുമായി ഗുജറാത്ത് സർക്കാർ രംഗത്തുവന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.

ഗുജറാത്തിന് തൊട്ടുപിന്നാലെ, ഭഗവത്ഗീതയെ സിലബസിൽ നിർബന്ധമാക്കാൻ ഞങ്ങളുമുണ്ട് എന്നറിയിച്ചുകൊണ്ട് കർണാടകയും രംഗത്ത് വന്നു. ഏത് കർണാടക, ഇന്ത്യയിലെ മറ്റെല്ലായിടങ്ങളിലുമുള്ള പോലെ, കാലങ്ങളായി, തങ്ങളുടെ വിശ്വാസ പ്രകാരം തല മറച്ചുകൊണ്ട് പഠിക്കാൻ വന്നിരുന്ന മുസ്‌ലിം പെൺകുട്ടികളെ അയിത്തം കൽപിച്ച് സ്‌കൂൾ മതിലുകൾക്ക് പുറത്തുനിർത്തിയ അതേ കർണാടക.

തീരുമാനമറിയിച്ച കർണാടകയിലെ വിദ്യാഭാസ വകുപ്പ് മന്ത്രി ബി.സി. നാഗേഷിനെ നമുക്കറിയാം. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21 എ പ്രകാരം ആറ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നത് ഭരണകൂടത്തിന്റെ മൗലിക ചുമതലയായിരിക്കെ, തലയിൽ തട്ടമിട്ടതിന്റെ പേരിൽ മുസ്‌ലിം പെൺകുട്ടികളെ സ്‌കൂൾ വരാന്തകളിൽ നിന്ന് ആട്ടിയോടിക്കുന്നതിന് കൂട്ടുനിന്ന അതേ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. സമീപകാലത്ത് അദ്ദേഹം ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

മതപരമായ ചിഹ്നങ്ങൾ സ്‌കൂളുകളിൽ അനുവദിക്കില്ല എന്ന് നിലപാടെടുത്ത കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷിനും മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്ക്കും യാതൊരു പ്രയാസവുമില്ലാതെ അവരുടെ കയ്യിലുള്ള അധികാരത്തിന്റെ ബലത്തിൽ ഭഗവത് ഗീതയെ എല്ലാവരും പഠിക്കേണ്ട ഗ്രന്ഥമാക്കി മാറ്റാൻ സാധിക്കുന്നു. ഭഗവത് ഗീതക്കല്ലാതെ മറ്റെന്തിനാണ് കുട്ടികൾക്ക് സാന്മാർഗിക മൂല്യങ്ങൾ പകർന്ന് നൽകാൻ കഴിയുക എന്നാണ് ബസവരാജ് ബൊമ്മെ ചോദിച്ചത്.

ഹിന്ദുത്വ ഭരണകൂടങ്ങൾക്ക് യാതൊരു ലജ്ജയുമില്ലാതെ ഈ ഇരട്ടനീതി നടപ്പാക്കാൻ കഴിയുന്ന തരത്തിലേക്ക് ഈ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിശ്വാസപരമായി തങ്ങളുടെ സമുദായം കാലങ്ങളായി തുടർന്നുവരുന്ന, മറ്റാർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാത്ത, തലയിലെ ഒരു കഷ്ണം തുണി, മാറ്റിവെച്ച് മാത്രം, ക്ലാസ്മുറിയിലേക്ക് കടന്നുവരേണ്ടി വരുന്ന ഒരു മുസ്‌ലിം പെൺകുട്ടി, ക്ലാസിലിരുന്ന് ഭഗവത് ഗീത പഠിക്കേണ്ടി വരുമ്പോൾ അവളുടെ ഉള്ളിൽ ഉയർന്നേക്കാവുന്ന അപരവത്കരണത്തിന്റെ രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യം എന്ത് മറുപടി പറയും.

ശിരോവസ്ത്രം ധരിച്ചുകൊണ്ട് ലോകത്തിന്റെ വിവിധയിടങ്ങളിലെ മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും രാഷ്ട്രീയ രംഗത്തുമെല്ലാം സജീവമാണ് എന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് ഒരു കഷ്ണം തുണിയുടെ പേരിൽ, മതേരതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മുസ്‌ലിം പെൺകുട്ടികളെ ക്ലാസ്മുറികൾക്ക് പുറത്തുനിർത്തിയത്. അതേ ക്ലാസ്മുറികൾക്കകത്തേക്ക് തന്നെയാണ് സാധാരണയെന്ന പോലെ ഭൂരിപക്ഷത്തിന്റെ വിശ്വാസ പ്രമാണങ്ങളും ചിന്താധാരകളും ഇതിഹാസ കഥകളും കടന്നുവരുന്നത്.

ഗുജറാത്തിലെയും കർണാടകയിലെയും പ്രതിപക്ഷമായ കോൺഗ്രസും, ആം ആദ്മി പാർട്ടിയും ബി.ജെ.പിയുടെ ഈ തീരുമാനത്തിന് സർവ പിന്തുണയുമായി രംഗത്തുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഭഗവത് ഗീത കുട്ടികൾ പഠിക്കുന്നത് നല്ലതാണെന്നായിരുന്നു ഇരു പാർട്ടികളുടെയും നിലപാട്. ഇവിടെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തിരിച്ചറിയേണ്ട ഒരു കാര്യം ഭഗവത് ഗീത സിലബസിന്റെ ഭാഗമാക്കുന്നത് എതിർക്കപ്പെടുന്നതിന്റെ കാരണം ഭഗവത് ഗീത മോശമായതുകൊണ്ടല്ല, മറിച്ച് ആ തീരുമാനത്തിന്റെ രാഷ്ട്രീയ മാനങ്ങൾ കൊണ്ടാണ് എന്നതാണ്.

തീർച്ചയായും മതഗ്രന്ഥങ്ങളിൽ വിവിധങ്ങളായ മൂല്യങ്ങളുണ്ടാകാം, അവ വിവിധ സംസ്‌കാരങ്ങളുമായും വിവിധ ചരിത്രങ്ങളുമായുമൊക്കെ ബന്ധപ്പെട്ട് കിടക്കുന്നുണ്ടുമുണ്ടാകാം. ഇവിടുത്തെ പ്രശ്‌നം അതല്ല, ഭൂരിപക്ഷത്തിന്റെ വിശ്വാസ താത്പര്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയും ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾ ചവിട്ടിമെതിക്കപ്പെടുകയുമാണ് എന്നതാണ്. അതിന്റെ തീവ്രത മനസ്സിലാകണമെങ്കിൽ, കോൺഗ്രസും ആം ആദ്മി പാർട്ടിയും ഏതാനും മാസങ്ങൾക്ക് മുമ്പ് മധ്യപ്രദേശിൽ നടന്ന ഒരു സംഭവം ഓർക്കുന്നത് നല്ലതാണ്.

2021 ഡിസംബർ 7ന് മധ്യപ്രദേശിലെ വിദിഷയിലുള്ള സെന്റ് ജോസഫ് സ്‌കൂളിൽ പ്ലസ് ടു പരീക്ഷ നടക്കുന്നതിനിടെ ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകർ ആയുധങ്ങളും കല്ലുകളുമായി വന്ന് കൂട്ടമായ ആക്രമണം നടത്തിയിരുന്നു. സ്‌കൂൾ കെട്ടിടത്തിന്റെ ചില്ലുഭാഗങ്ങൾ മുഴുവൻ അവർ കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തിരുന്നു. സ്‌കൂളിൽ കുട്ടികളെ ബൈബിൾ പഠിപ്പിക്കുന്നുവെന്നതായിരുന്നു അക്രമകാരികളായ ഹിന്ദുത്വ പ്രവർത്തകരുടെ മുഖ്യ ആരോപണം. ഇതൊരു ഒറ്റപ്പെട്ട സംഭവമേയല്ല. ബൈബിൾ പ്രചരിപ്പിക്കുന്നു, ക്രിസ്തുമതത്തിലേക്ക് മറ്റുള്ളവരെ ആകർഷിക്കുന്നു എന്നെല്ലാം ആരോപിച്ച് സ്വതന്ത്ര ഇന്ത്യയിൽ സംഘരിവാർ ക്രൈസ്തവ വിശ്വാസികൾക്കും മിഷണറി പ്രവർത്തകർക്കുമെല്ലാം നേരെ നടത്തിയ കലാപങ്ങളും അക്രമങ്ങളും എണ്ണമറ്റതാണ്.

ഇന്ത്യാസ് അലയൻസ് ഡിഫന്റിംഗ് ഫ്രീഡം എന്ന സംഘടനയുടെ കണക്കനുസരിച്ച് 2020ൽ മാത്രം രാജ്യവ്യാപകമായി 225 ക്രിസ്ത്യൻ പള്ളികളാണ് തകർക്കപ്പെട്ടത്. 2020 സെപ്തംബറിൽ ചത്തീസ്ഗഡിലെ മൂന്ന് ഗ്രാമങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിച്ചത് നാലായിരത്തോളം വരുന്ന സംഘപരിവാർ പ്രവർത്തകരാണ്. 2014 ൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വൻതോതിൽ വർധിച്ചതായാണ് കണക്കുകൾ പറയുന്നത്. ഇത്തരം ആക്രമണങ്ങൾക്കെല്ലാം കാരണമായി സംഘപരിവാർ പ്രധാനമായും പ്രചരിപ്പിച്ചത് രാജ്യത്തെ പിന്നോക്ക മേഖലകളിൽ ക്രിസ്ത്യാനികൾ ബൈബിൾ പ്രചരിപ്പിക്കുന്നു, മതപരിവർത്തനം നടത്തുന്നു എന്നെല്ലാമായിരുന്നു.

ഇത്തരം സാഹചര്യങ്ങളെല്ലാം നിലനിൽക്കവെ, ഹിന്ദുത്വ ഭരണകൂടം അവരുടെ വിശ്വാസ താത്പര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഗ്രന്ഥങ്ങളെ മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കുമ്പോൾ അതിനെ നിഷ്‌കളങ്കമായി സ്വീകരിക്കാതിരിക്കുക എന്നത് രാഷ്ട്രീയ വിവേകത്തിന്റെ ഭാഗമാണ്. ബൈബിൾ പഠിപ്പിക്കുന്നുവെന്നാരോപിച്ച് സ്‌കൂൾ തകർക്കുന്നവർ തന്നെ, അധികാരമുപയോഗിച്ച് ഭഗവത് ഗീത സ്‌കൂളിലേക്ക് കൊണ്ടുവരുന്നു എന്നതിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാൻ സാധിക്കാത്തവർ എങ്ങിനെയാണ് പ്രതിപക്ഷമാകുന്നത്.

ബി.ജെ.പി വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നു എന്ന ആരോപണത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മറുപടിയായി ചോദിച്ചത് വിദ്യാഭ്യാസം കാവിവത്കരിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു. രാജ്യത്തെ ഉന്നതമായ ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളിൽ നിന്നുള്ള മറുപടിയുടെ ധ്വനി അക്രമോത്സുക ഹിന്ദുത്വത്തിന്റെ തീട്ടൂരമാണ്. ഇത്തരം അനീതികൾക്കെതിരെ നീതിന്യായ വ്യവസ്ഥയെ സമീപിക്കുകയെന്ന ആശ്രയപോംവഴിയും ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്ക് ഇന്നില്ല എന്നാണ് ഹിജാബ് വിഷയത്തിലെ കർണാടക ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്.

ഭരണഘടനയോടോ നിയമഗ്രന്ഥങ്ങളോടോ നീതി പുലർത്താത്ത, ഭൂരിപക്ഷ താത്പര്യങ്ങളെ മാത്രം ഉൾചേർത്തുപിടിച്ച എത്രയെത്ര കോടതിവിധികൾക്കാണ് സമീപകാലത്ത് രാജ്യം സാക്ഷിയായത്.

വൈവിധ്യമാർന്ന വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഭാഷകളും സംസ്‌കാര ധാരകളുമൊക്കെ നിലനിൽക്കുന്ന ഈ രാജ്യത്തെ തങ്ങളുടെ വിഭാവനകൾക്കനുസരിച്ചുള്ള, ഒരൊറ്റയിന്ത്യയാക്കി മാറ്റാനുള്ള രാഷ്ട്രീയ പദ്ധതികളുടെ വിവിധ ഘട്ടങ്ങളാണിത്. ബഹുസ്വര ജനാധിപത്യ ഇന്ത്യക്കായുള്ള ചെറുത്തുനിൽപുകൾ ഇപ്പോൾ ഉയർന്നില്ലെങ്കിൽ പിന്നീടൊരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധത്തിൽ ഇന്ത്യൻ സാമൂഹികത മാറിമറിഞ്ഞേക്കാം. തട്ടമിട്ട മുസ്‌ലിം പെൺകുട്ടികൾക്ക് പ്രവേശനമില്ലാത്തതും, ഭഗവത് ഗീത പാഠപുസ്തകവുമായ ക്ലാസ്മുറികൾ ഹിന്ദുരാജ്യനിർമിതിയുടെ പടവുകളാണെന്ന തിരിച്ചറിവ് തന്നെയാണ് ഇവിടെ പ്രധാനം.

Comments