നിങ്ങളുടെ പ്രിയപ്പെട്ട പത്രം കൂടെ ഇല്ലെങ്കിലെന്ത്?

''അങ്ങനെയൊരു അവസരത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട പത്രം കൂടെ ഇല്ലെങ്കിൽ എന്ത് എന്ന ചോദ്യത്തിന്റെ രാഷ്ട്രീയം, ഇനിയും, നമ്മൾ, മലയാളികൾ ഉയർത്തണം : മാധ്യമങ്ങളുടെ സാമൂഹിക പദവിയെ പൗരസമൂഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ റീപ്ലെയ്സ് ചെയ്യുന്ന ഈ കാലം അതിനുള്ള വാഗ്ദാനം ആകുന്നു.''

ന്ത്യൻ ജനാധിപത്യത്തെ പരിരക്ഷിക്കാൻ മാധ്യമസ്ഥാപനങ്ങൾ പരാജയപ്പെടുക മാത്രമല്ല, ജനാധിപത്യത്തെ പ്രതിരോധിക്കാൻ തയ്യറാല്ലാതാവുകയും ചെയ്യുന്ന സമീപകാല ഇന്ത്യൻ അവസ്ഥയെ പറ്റി ഇതിനകം പലരും പറഞ്ഞിട്ടുണ്ട്. സങ്കടത്തോടെയും രോഷത്തോടെയും.

ജനാധിപത്യത്തെ അവിശ്വസിയ്ക്കുന്ന ഒരു രാഷ്ട്രീയ സംഘടന ജനാധിപത്യത്തിന്റെ ചെലവിൽത്തന്നെ അധികാരത്തിലെത്തുകയും ജനാധിപത്യ സ്ഥാപനങ്ങളെയും ജനാധിപത്യ ആശയങ്ങളെയും നിർവീര്യമാക്കുകയും ചെയ്യുന്നു എന്നതുമാണ് ഇന്ന് ഇന്ത്യൻ ജീവിതത്തെക്കുറിച്ച് ഉത്ക്കണ്ഠപ്പെടുന്ന ആരെയും ആർ.എസ്.എസിനും നരേന്ദ്രമോദി സർക്കാരിനും എതിരാക്കുന്നത്. വാസ്തവത്തിൽ, അത്, പൗരജീവിതത്തിലെതന്നെ പ്രതിപക്ഷമാകലാണ്. വ്യവസ്ഥാപിത പ്രതിപക്ഷം എന്ന രാഷ്ട്രീയ കഷികളുടെ നിർജീവാവസ്ഥയെ വ്യക്തികൾ മറികടക്കുന്ന ഒരു ശ്രമം അതിലുണ്ട്. അതൊരു രാഷ്ട്രീയ നിലപാടുമാണ്. അങ്ങനെ ഒന്നാണ്, കഴിഞ്ഞ ദിവസം, കെ. അജിത, ഇനി മുതൽ താൻ "മാതൃഭൂമി' ദിനപത്രത്തിന്റെ വരിക്കാരി ആവുന്നില്ല എന്ന് പറയുന്നതിലും ഉള്ളത്. ജനാധിപത്യത്തിന്റെ ഉറവകളും മൂല്യങ്ങളും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ട ഒരു സന്ദർഭത്തെ, ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു പത്രം, അട്ടിമറിക്കുന്നതിലുള്ള രോഷവും സങ്കടവും അജിതയുടെ കുറിപ്പിലുണ്ടായിരുന്നു.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ആർ.എസ്.എസിനെ അകറ്റി നിർത്തുന്നത് നമ്മുടെ മുന്നണി രാഷ്ട്രീയത്തെക്കാൾ ഇതുവരെയും "അപകടകരമല്ലാത്ത സോഫ്റ്റ് ഹിന്ദുത്വ'യുള്ള, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, സെക്കുലറിസം പാപമല്ലെന്നു കരുതുന്ന, ഇപ്പോഴും ജാതി പരിപാലിക്കുന്ന, ഹിന്ദുക്കൾ ആണ്, ഇതൊക്കെ മറ്റൊരു വിധത്തിൽ ഉള്ള കേരളത്തിലെ മുസ്ലീംലീഗിനൊപ്പം. അല്ലെങ്കിൽ, ജനാധിപത്യത്തിന്റെ വിളനിലം ഒന്നുമല്ല കേരളീയർ. എങ്കിൽ, അവരെക്കൂടി കുറ്റിയറ്റവരുടെ വംശത്തിലേക്ക് കൊണ്ടുപോവുക എന്ന ധർമ്മം "മാതൃഭൂമി' ഏറ്റെടുക്കുന്നു. അത് എതിർക്കപ്പെടുകതന്നെ വേണം.

കുറച്ചു മാസങ്ങൾക്ക് മുമ്പ്, ഏഷ്യാനെറ്റിനെയും മീഡിയ വണ്ണിനെയും കേന്ദ്രസർക്കാർ 48 മണിക്കൂർ നിരോധിച്ച വാർത്ത തങ്ങളുടെ ഉൾപ്പേജിലെക്ക് ഒതുക്കിയ "മാതൃഭൂമി'യ്ക്കും "മനോരമ'യ്ക്കും ഈ പൊട്ടൻഷ്യൽ ആർ.എസ്.എസ് ഹിന്ദുവിനെ പിണക്കാൻ വയ്യ എന്നുതന്നെയാണ് കാരണം. അവർ കോൺഗ്രസ്സിലും സി.പി.എമ്മിലും ഉള്ളടത്തോളം അവർക്ക് ഈ നിലപാട് സേഫും ആണ്. അതാണ് നമ്മൾ കാണേണ്ടത്. ആർ.എസ്.എസ് ഇന്ന് ഒരു ഇന്ത്യൻ ഭീഷണിയാവുന്നത് ഇന്ത്യയുടെ ജനാധിപത്യപരമായ നിലനിൽപ്പിന് മാത്രമല്ല, ആത്മാഭിമാനമുള്ള ഒരു സമൂഹമാകാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളിലും പെട്ട വിവിധ ദേശീയതകൾക്കുകൂടിയാണ്. കേരളീയർ എന്ന സ്വാഭിമാനത്തിലേക്ക് ജനാധിപത്യപരമായി പരിവർത്തിക്കപ്പെടുന്ന ഒരു സമൂഹമായിക്കൊണ്ടേ ഇന്ന് ആർ.എസ്.എസ്-രാഷ്ട്രീയത്തെ നേരിടാൻ ആകൂ. അവരുടെ ദുരാധികാരത്തെയും ഹിംസയെയും നേരിടാൻ ആകൂ. അതിനുള്ള വഴികൾക്കാണ് നാം ദിവസങ്ങൾ ഉപയോഗിക്കേണ്ടത്. എന്നാൽ, അതിനായി ഇനിയും പാർട്ടികളെയും ചാനലുകളെയും പത്രസ്ഥാപനങ്ങളെയും ആശ്രയിക്കുന്നതിൽ അർത്ഥമില്ല. പകരം നമ്മൾ, കേരളീയർ, അതിനു തയ്യറാകുമ്പോൾ ഈ സംഘങ്ങളും കൂടെ വരും. കാരണം, ആത്യന്തികമായി അവർ മുതൽ മുടക്കിയിരിക്കുന്നത് നമ്മുടെ പേരിലാണ്.

കഴിഞ്ഞ പൊതുതിരഞെടുപ്പിനു തൊട്ടുമുമ്പ് വരെയും പിന്നെയും കുറെ നാൾ ഗുജറാത്ത് ഒരു "മോഡൽ' ആവുകയായിരുന്നു, നമ്മുക്കിടയിൽ. ഗുജറാത്തിൽ പാർക്കാത്തവരും ഗുജറാത്തിൽ പോവാത്തവരും "ഗുജറാത്ത് വികസന'ത്തിന്റെ സാക്ഷ്യം പറഞ്ഞു, മോഡിയ്‌ക്കൊപ്പം ഇന്ത്യയെ മാറ്റാൻ പുറപ്പെട്ടതായിരുന്നു അവരും. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഇരുപത്തിയഞ്ച് വർഷം രാജ്യത്ത് കൊണ്ടുവന്ന വികസനവും അനന്തരഫലങ്ങളും ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുമ്പോൾ ഗുജറാത്ത് അതേ വികസനത്തിന്റെ വേറെയും സാക്ഷ്യം പറയുന്നു. ഇപ്പോൾ അത് ഇന്ത്യയുടെ രാഷ്ട്രീയചരിത്രം അത്രയും തങ്ങളുടെതാക്കി സമാഹരിക്കാൻ ശ്രമിച്ച ആർ എസ് എസ് രാഷ്ട്രീയത്തിന്റെ "One-Nation' എന്ന ഷ്ട്രസങ്കല്പത്തെത്തന്നെയാണ് നേരിടുന്നത് : ഗുജറാത്തിലെ, രാജ്യത്തെ മറ്റു പലയിടത്തെയും, ദളിത്-ന്യൂനപക്ഷ രാഷ്ട്രീയ പ്രക്ഷോഭങ്ങളും, രാജ്യത്ത് രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ പദവിയിലേക്ക് പ്രത്യക്ഷമായും വന്ന പൊതുസമൂഹവും നരേന്ദ്രമോഡി-രാഷ്ട്രീയത്തിന്റെ സംഭാവനയാണ്.

അത്രയും അത് ഇന്ത്യയുടെ ജനാധിപത്യത്തിലെ ഒരു സുപ്രധാന വഴിത്തിരിവുമാകുന്നു. എന്നാൽ, ആർ.എസ്.എസ് രാഷ്ട്രീയത്തിന്റെ "One-Nation' എന്ന രാഷ്ട്രസങ്കല്പത്തെ നേരിടാൻ രാഷ്ട്രീയമായിത്തനെ പരാജയപ്പെട്ട കേരളത്തിലെ മുന്നണി രാഷ്ട്രീയ സംവിധാനത്തെ ഇന്ത്യയിൽ പലയിടത്തും നടക്കുന്ന ഈ പ്രക്ഷോഭങ്ങൾ എങ്ങനെയായിരിക്കും സ്വാധീനിക്കാൻ പോവുക എന്നോ എങ്ങനെയാണ് ഈ മുന്നണി രാഷ്ട്രീയ മുരടിപ്പിൽ നിന്നും ഒരു politically vibrant society യിലേക്ക് നാം മാറുക എന്നോ നമ്മുടെ ഫെഡറൽ രാഷ്ട്രീയ ഘടനയിൽ ഒരു ദേശസ്വത്വം എന്ന നിലക്കുള്ള മലയാളി ജീവിതം എന്തായിരിക്കണമെന്നോ നമ്മുടെ ബുദ്ധിജീവികൾ ഇനിയും ചർച്ച ചെയ്യാൻ തുടങ്ങിയിട്ടില്ല, ( പാർട്ടിക്കാരെയും ചാനൽ ചെല്ലക്കിളികളെയും വെറുതെ വിടുക). എന്തുകൊണ്ടാകും ഇത്? "എല്ലാം ശരിയായി' എന്ന് അവരും തങ്ങളെത്തന്നെ പഠിപ്പിക്കുകയാവുമോ?

ശബരിമല സമരത്തിന്റെ സമയത്ത്, ശരണംവിളി കേരളത്തിൽ വരാൻ പോകുന്ന "മുല്ലപ്പൂവിപ്ലവ'മാണെന്ന് പറഞ്ഞിരുന്നു കേരളത്തിലെ ഒരു ബി ജെ പി നേതാവ്, പിന്നെ നേതാവ് സെക്രട്ടറിയെറ്റ് പടിക്കൽ തന്റെ വായ മൂടി നിരാഹാരം ഇരുന്നു, പിന്നെ നേതാവ് ആശുപത്രിയിൽ പോയി. പിന്നെ എന്തായി എന്ന് അറിയില്ല. വാസ്തവത്തിൽ അയാൾ ആഗ്രഹിച്ച മുല്ലപ്പൂവിപ്ലവം അറേബിയയിൽ നിന്ന് അയാൾ കേട്ടതോ അറിഞ്ഞതോ ആയിരുന്നില്ല, പകരം തന്റെ കൊടിയിൽ മണത്തതായിരുന്നു.

നരേന്ദ്രമോഡിയുടെ പിറന്നാൾ ദിനത്തിൽ പ്രചിരിപ്പിക്കപ്പെട്ട ആശംസകളിൽ ഒന്ന് "പ്രാധാനമന്ത്രി'യെ "രാജർഷി' എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു. ജനാധിപത്യത്തിൽ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ പദവിയായാണ് "പ്രധാനമന്ത്രി' എന്ന പദം കൊണ്ടു വരുന്നതെങ്കിൽ "രാജർഷി' എന്ന പദം ആ ഉത്തരവാദിത്വത്തെ ശ്രേഷ്ഠവും ചോദ്യം ചെയ്യാൻ ആകാത്തതുമായ ഒരു പദവിയിലേക്ക് ഉയർത്തുന്നു. ഇന്നത്തെ ഇന്ത്യയിൽ അതൊരു Make Over ആണ്, ഭൂരിപക്ഷ മതത്തിന്റെ ആധിപത്യത്തെ ഓർമ്മിപ്പിക്കുന്ന ഒന്ന്.

ഒരർത്ഥത്തിൽ, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശീലങ്ങൾ സൂക്ഷിക്കുന്ന ഇത്തരം ഒരു ദേശ-ധാർമ്മികതയാണ്, ഇന്ന് നമ്മുടെ രാഷ്ട്രീയ പാർട്ടികളെ കാലോചിതമായി വെല്ലുവിളിയ്ക്കുന്നത്. എങ്കിൽ, ഈ "ദേശ-ധാർമ്മികത'യ്ക്ക് എന്തുകൊണ്ടും, ആർ.എസ്.എസിനെ, അതിന്റെ വിഭാഗീയതയെ, അതിന്റെ സ്വേച്ഛാധിപത്യ രാഷ്ട്രീയനേതൃത്വത്തെ എതിർക്കാൻ ആവും. എന്നാൽ, നമ്മുടെ മുന്നണികളുടെ വോട്ടുബാങ്ക് രാഷ്ട്രീയം ഏത് കുടിലമായ വഞ്ചനയ്ക്കും പാകമാണ്, അത് എന്തും "അതിന്റേതാക്കും'.. ഫാഷിസത്തെപ്പോലും അത് മധുരതരമായ ദേശീയതയാക്കും.

എങ്കിൽ, അങ്ങനെയൊരു അവസരത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട പത്രം കൂടെ ഇല്ലെങ്കിൽ എന്ത് എന്ന ചോദ്യത്തിന്റെ രാഷ്ട്രീയം, ഇനിയും, നമ്മൾ, മലയാളികൾ ഉയർത്തണം : മാധ്യമങ്ങളുടെ സാമൂഹിക പദവിയെ

പൗരസമൂഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ റീപ്ലെയ്സ് ചെയ്യുന്ന ഈ കാലം അതിനുള്ള വാഗ്ദാനം ആകുന്നു.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments