മുഖത്ത് ചുട്ടികുത്തുന്ന മരണം

മേതിൽ രാധാകൃഷ്ണന്റെ ''സംഗീതം ഒരു സമയകലയാണ്'' എന്ന കഥ കൊവിഡ് - 19 ന്റെ കാലത്ത് വായിക്കുന്നു

""ഞാനാണ് നിന്നെ ഉണർത്തിയത്. എന്നെക്കണ്ട് നീ ഞെട്ടിപ്പോയി. പക്ഷെ, ചെറുപ്പക്കാരാ, ഈ ദിവസങ്ങളിൽ ഞെട്ടൽ നമ്മുക്കെല്ലാവർക്കുമുള്ള വിഹിതമാണ്. എല്ലായ്‌പ്പോഴും നമ്മെയത് പിൻതുടരുന്നു''.
(സംഗീതം ഒരു സമയകലയാണ് - മേതിൽ രാധാകൃഷ്ണൻ - മേതിൽ കഥകൾ - മാതൃഭൂമി ബുക്‌സ്)

ഴിഞ്ഞ മാസങ്ങളിൽ കൊവിഡ് -19 ന്റെ ലോകം മുഴുവനുമുള്ള വ്യാപനത്തിന്റെ ആദ്യനാളുകളിൽ ഞാനധികവും ആലോചിച്ചിരുന്നത് ചൈനയുടെ സാമ്പത്തിക രാഷ്ട്രീയവും ആഗോള വിപണിയിൽ, വിശേഷിച്ചും ഗൾഫിൽ, അവരുടെ സാമ്പത്തിക സാന്നിധ്യവും ഇനി എങ്ങനെയെല്ലാം ആയിരിക്കും എന്നായിരുന്നു. വളരെ ദൂരത്ത് നടക്കുന്ന, ഭാവനയെ ഉദ്ദീപിപ്പിക്കുന്ന ഒന്നുമാത്രമായി ഈ രോഗം വായനയിൽ മാത്രം ചുറ്റിത്തിരിഞ്ഞു. എന്നാൽ, ഒരു വിപത്തും ആ വിപത്തിന് ഒരു ശത്രുവും എന്ന പരമ്പരാഗത ആലോചനയിൽ നടക്കുമ്പോഴും, ഏതുതരം ഗൂഢാലോചനാ സിദ്ധാന്തങ്ങളും ആലോചനകളെ വഴിതെറ്റിക്കാൻ ഈ സമയത്തും പ്രാപ്തമാണ് എന്നും തോന്നുന്നുമുണ്ടായിരുന്നു.

മേതിൽ രാധാകൃഷ്ണൻ

പിന്നെ കുവൈറ്റിലും രോഗം പ്രത്യക്ഷമായി. പെട്ടെന്ന് പടരാൻ തുടങ്ങി. ആദ്യഘട്ടത്തിൽത്തന്നെ ഞങ്ങളുടെ ഒരു സഹപ്രവർത്തകനെയും രോഗം പിടികൂടി. ഇവിടത്തെ ആരോഗ്യമന്ത്രാലയം ഞാനടക്കമുള്ള കുറച്ചു പേരെ, പ്രൈമറി കോണ്ടാക്റ്റ്‌സ്, എന്ന നിലയിൽ രോഗനിർണ്ണയത്തിനായി ടെസ്റ്റിനു വിധേയരാക്കി. ഫലം വരാനുള്ള ആ ഇരുപത്തിനാല് മണിക്കൂറിൽ എന്റെ ആലോചനാവിഷയം തന്നെ മാറി. ഇപ്പോൾ രോഗം മഹാമാരിയായിരിക്കുന്നു. ഭാവന മാത്രമല്ലാതായിരിക്കുന്നു.
ആ സമയം ഞങ്ങളുടെ മകൾ, കല്യാണി, ഇതേ രോഗത്തെ കുറിച്ചു പഠിക്കുന്ന ഒരു റിസർച്ച് ഗ്രൂപ്പിൽ പ്രവർത്തിയ്ക്കുന്നുണ്ടായിരുന്നു. ഞാൻ അവളോട് വിവരങ്ങൾ പറഞ്ഞു. അച്ഛനു പരിഭ്രമം ഉണ്ട് അല്ലെ, അവൾ ചോദിച്ചു. ഉണ്ട്, ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു. അപ്പോഴും ചില വഴിയടയലുകൾ നൽകുന്ന ഉൾബലത്തോടെ. മകൾ പറഞ്ഞു: ഈ രോഗത്തിന് ഇതുവരെയും മരുന്നില്ല, പക്ഷെ നമ്മുടെ ശരീരത്തിന് ഇപ്പോഴും ഈ രോഗത്തെ മറികടന്നുപോകാൻ പറ്റും. ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കിൽ അതിനും അച്ഛൻ തയ്യാറായിക്കൊള്ളൂ, ഞാൻ പിന്നെ അമ്മയോട് പറഞ്ഞോളാം.

പ്ലേഗിനെപ്പറ്റി പറയുമ്പോൾ മേതിൽ എലികളെപ്പറ്റിയും ഓർക്കുന്നു. ശരിക്കും നോക്കിയാൽ എലി വളരെ ഭംഗിയുള്ള ഒരു ജീവിയാണ് എന്ന് എഴുതുന്നു. പ്രണയജലംപോലെ തുളുമ്പുന്ന ആ കണ്ണുകൾക്കുള്ള സൗന്ദര്യം എത്ര ജീവികളിൽ കാണാനാവും എന്ന് അത്ഭുതപ്പെടുന്നു.

പിന്നെ അവൾ ചിരിച്ചു. പക്ഷെ അച്ഛന്റെ കാര്യത്തിൽ എനിക്ക് തോന്നുന്നത് അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നാണ് : Because you are a solitary man, as I know...
കഴിഞ്ഞ കുറച്ചു വർഷമായി ഞാൻ ഒറ്റക്ക് താമസിക്കുകയാണ്. അധികം സൗഹൃദങ്ങളിലേക്ക് പോകാത്ത, പൊതുവേദികളിലേക്ക് പോകാൻ മടിയുള്ള, ആൾക്കൂട്ടങ്ങളിൽ നിന്നും വേഗം മടങ്ങുന്ന, ഒറ്റയ്ക്ക് ഇരിക്കാനും നടക്കാനും ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിൽ, ഒരുപക്ഷെ, ഇതെല്ലാം എന്റെ ശരീരത്തിലും പ്രവർത്തിക്കുന്നുവെന്ന് ഒരു ജീവശാസ്ത്രവിദ്യാർത്ഥി എന്ന നിലക്ക് അവൾക്ക് തോന്നിയതുമാകാം. അവൾ ചോദിച്ചു: അച്ഛന് ഞാൻ അങ്ങനെ പറഞ്ഞതിൽ വിഷമമായോ? അപ്പോഴും ഞാൻ ചിരിച്ചു. പിറ്റേന്നു പുലർച്ചയോടെ ടെസ്റ്റ് ചെയ്ത ഞങ്ങളിൽ ചിലർ കൂടി ""കൊവിഡ് - 19 പോസിറ്റീവ്'' ആയി, അവരെ ആശുപത്രികളിലേക്ക് മാറ്റി. ബാക്കി ഉള്ളവരോട് ഹോം ക്വാരന്റൈനിൽ പോകാൻ പറഞ്ഞു. പതിനഞ്ചു ദിവസത്തിനു ശേഷം മറ്റൊരു ടെസ്റ്റ് കൂടി എടുക്കുന്നത് വരെ ദിവസവും ഞങ്ങളെ ഡോക്ടർമാർ വീട്ടിൽ വന്നു സന്ദർശിച്ചു. ഞാൻ, ഒരു പ്രവൃത്തിയും വേറെ അറിയാത്തതുപോലെ, പതുക്കെ വായിക്കാനും എഴുതാനും തുടങ്ങി.

പ്ലേഗ് - കവർ

ഈ ദിവസങ്ങളിൽ ലോകത്തെ പല ഓൺലൈൻ ജേർണലുകളിലും ആൽബേർ കമ്യുവിന്റെ പ്രശസ്തമായ നോവൽ, "പ്ലേഗ്', ചർച്ചചെയ്യുന്ന ലേഖനങ്ങൾ വന്നിരുന്നു. ഇഷ്ടമുള്ള ഒരെഴുത്തുകാരൻ എന്ന നിലയിൽ അവയിൽ പലതും വായിക്കുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ അസംബന്ധതയും ആ അസംബന്ധതയിലും സ്വതന്ത്രരാവാനുള്ള മനുഷ്യരുടെ ഏകപക്ഷീയമായ കുതറലുകളുമാണ് കമ്യുവിന്റെ എഴുത്തിന്റെ കാതൽ എന്ന നിലയ്ക്ക് ആ വായനയിലൊന്നും അധികനേരം തടഞ്ഞുനിൽക്കുന്നുമുണ്ടായിരുന്നില്ല. സാഹിത്യത്തിന്റെ, അല്ലെങ്കിൽ കെട്ടുകഥകളുടെ, അനിതരസാധാരണമായ പ്രവചനശേഷി വിളംബരം ചെയ്യുന്ന നോവലുകളിൽ, വിശേഷിച്ചും, സയൻസ് ഫിക്ഷനുകളിൽ, ഈ മഹാമാരിയുടെ പേരും സ്ഥലവും പലരും കണ്ടുപിടിച്ചു. ഭാവന, ദൈവത്തിന്റെ ലോകമാണെങ്കിൽ നോവലിസ്റ്റ് ദൈവത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാവുകയായിരുന്നു. എന്നാൽ, ഈ സമയത്ത്, ഈ രോഗമാകട്ടെ, ഇതിനകം മഹാമാരി എന്ന് പേരിട്ട്, മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുകയായിരുന്നു. ഒപ്പം, ഉടലോ രൂപമോ പ്രകൃതമോ പ്രകടിപ്പിക്കാത്ത, അല്ലെങ്കിൽ ഒളിപ്പിച്ചുവെച്ച മഹാമാരിയെ തന്റെ എല്ലാ ബുദ്ധിയും അറിവും കഴിവും ഉപയോഗിച്ച് പിന്തുടരുന്ന കുറ്റാന്വേഷകനെപ്പോലെ "സയൻസ്' (മാത്രം) പിന്തുടർന്നുമിരുന്നു. ഇപ്പോഴും അത് അങ്ങനെയാണ്.

മേതിലിന്റെ തന്നെ "സംഗീതം ഒരു സമയകലയാണ്' എന്ന കഥ. ഒരു മഹാമാരിയെപ്പറ്റിയാണ് ആ കഥ. വീണ്ടും, സാഹിത്യവും മഹാമാരിയും മനുഷ്യരും ഭാവനയും ഓർക്കാൻ തുടങ്ങി.

ജീവിതത്തെ സഹ്യമാക്കുന്ന ഒരു വലിയ "പ്രൊജക്ടി'ൽ, നരകം കാണുന്ന യുധിഷ്ഠിരനെ സന്ദർശിക്കുന്ന ഒരു കുളിർകാറ്റ് പോലെ, സാഹിത്യം, അപ്പോഴും മനുഷ്യനെ ചുറ്റിത്തിരിയുന്നത് ഞാൻ കാണുകയായിരുന്നു. ഒരു ദിവസം, "കൊറോണ' എന്ന വാക്ക് വരുന്ന ഒരു മലയാളം പേജ്, ഏതോ ഒരു പുസ്തകത്തിൽനിന്ന് ഫോട്ടോ എടുത്ത്, ആ വാക്കിനു ചുറ്റും ഒരു ചുവന്ന വട്ടമിട്ട്, ബംഗ്ലൂരിൽ നിന്ന് എഴുത്തുകാരിയും സുഹൃത്തുമായ സവിത എനിക്ക് അയച്ചുതന്നു. ഇത് ഏതിൽനിന്നാണ് എന്ന് പറയാമോ എന്ന് ചോദിച്ചു. എനിക്ക് അറിയില്ലായിരുന്നു. ""സൂര്യവംശ''ത്തിൽ നിന്നാണ്, സവിത പറഞ്ഞു. ഞാൻ മറന്നിരുന്നു.

സൂര്യവംശം - കവർ

സയൻസിനോടും മനുഷ്യരുടെ തനിച്ചിരിപ്പിനോടും ഒരേപോലെ ആഭിമുഖ്യം പുലർത്തുന്ന മേതിൽ രാധാകൃഷ്ണന്റെ സാഹിത്യത്തിൽ ജന്തുസഹജം എന്നപോലെ പ്രത്യക്ഷപ്പെടാറുള്ള പരികല്പനകൾ എന്നെ അത്ഭുതപ്പെടുത്തില്ല. അല്ലെങ്കിൽ, ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് മനുഷ്യശരീരത്തിലേക്ക് കുടിയേറിയ ഒരു വൈറസിനെ, മറ്റൊരു കുറ്റാന്വേഷകന്റെ രൂപത്തിൽ മേതിലും പിന്തുരുന്നുണ്ടായിരുന്നു. അതിനിടയിൽ എന്റെ രണ്ടാമത്തെ ""ടെസ്റ്റും'' കഴിഞ്ഞു, "കുഴപ്പമില്ല' എന്ന് മനസ്സ്, വീട്ടിൽ ""ജോലി ഇല്ലാതെ ഇരിക്കുന്ന'' വലിയ മുഷിപ്പിൽ ഇപ്പോൾ നങ്കൂരമിട്ടു. ഇതിനും രണ്ടാമത്തെ പകൽ, പെട്ടെന്ന്, ഞാൻ മലയാളത്തിലെ അസാധരണമായ ഒരു ചെറുകഥയോർത്തു. മേതിലിന്റെ തന്നെ "സംഗീതം ഒരു സമയകലയാണ്' എന്ന കഥ. ഒരു മഹാമാരിയെപ്പറ്റിയാണ് ആ കഥ. വീണ്ടും, സാഹിത്യവും മഹാമാരിയും മനുഷ്യരും ഭാവനയും ഓർക്കാൻ തുടങ്ങി. "പ്ലേഗ്' ആണ് ഈ കഥയിലെ മഹാമാരി. പക്ഷെ ഒരു വില്ലനെപ്പോലെയല്ല; മറിച്ച്, മരണത്തിനും ജീവിതത്തിനും ഇടയിൽ, ആ ഇടനേരത്ത്, മനുഷ്യരുടെ ഇടയിൽ, രോഗം ഒരു ഇതിവൃത്തം തന്നെയാവുകയാണ്. നമ്മുടെ ഭാഷയിലെ അപൂർവ്വ ഭംഗിയുള്ള ഒരാഖ്യാനം കഥയെ, ഭാഷയുടെ പ്രിയപ്പെട്ട സഹചാരിയുമാക്കുന്നു. കഥ ഒന്നുകൂടി വായിച്ചു.

അടുത്തുതന്നെ ചിത്രീകരണം തുടങ്ങുന്ന ഒരു ചലച്ചിത്രത്തിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ബസവ കന്നാഡ് എന്ന യുവാവ്, കർണ്ണാടകയിലെ ചിക്ക്മംഗ്ലൂരിലേയ്ക്ക് തന്നെ കൊണ്ടുപോകാൻ വന്ന മറ്റു രണ്ടു പേർക്കുമൊപ്പം അവരുടെ വാഹനത്തിലിരിക്കുമ്പോൾ ഒരു നിമിത്തംപോലെ നഴ്‌സറിക്കഥയിലെ പൈഡ് പൈപ്പർ എന്ന കുഴലൂത്തുകാരനെ കുറിച്ച് ആലോചിയ്ക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. പിന്നീട്, കഥ വികസിക്കുമ്പോൾ, അകാരണമായി ബസവ ഓർക്കുന്ന ആ നായകൻ, പൈഡ് പൈപ്പർ, കഥയിലെ എല്ലാ കഥാപാത്രങ്ങളിലേക്കും എല്ലാ സന്ദർഭങ്ങളിലെക്കും എല്ലാ സ്ഥലത്തേയ്ക്കും വ്യാപിക്കുന്നു. തന്നെത്തന്നെ അഴിച്ചുവിടുന്നപോലെ. അല്ലെങ്കിൽ, ഒരു മഹാമാരിയുടെ, പതിഞ്ഞ താളത്തിലുളള "വിളയാട്ട'മാണ് കഥയെ (വായനയെ) ബാധിക്കുന്നത്. യാഥാർഥ്യം പറയുന്നത് എന്തോ അതുമാത്രമാകുന്നു. കഥ, അതിലെ "നായകരെ' മാറി മാറി അവതരിപ്പിക്കുന്നു.

പൈഡ് പൈപ്പർ

ഒരാളുടെ ജീവിതം അയാളുടെ മരണത്തിൽനിന്നും ആരംഭിക്കുന്നു എന്ന സങ്കൽപ്പമാണ്, ഒരുപക്ഷെ, സാഹിത്യത്തെ വീണ്ടും ഓർമ്മയുടെ കലയാക്കുന്നത്. എന്നാൽ, അതേ സങ്കൽപ്പം, അങ്ങനെയൊരു ഓർമ്മയിൽ പങ്കൊന്നുമില്ലാത്ത സ്ഥലത്തും, ആളുകളിലും, ചിതറി തൂവുമ്പോൾ മരണം ജീവിതത്തിന്റെതന്നെ വലിയ അവതരണമാകുന്നു. ഈ കഥയിൽ, മരണം പക്ഷെ ഒരു മഹാമാരിയുടെ, പ്ലേഗിന്റെ, ആഖ്യാനമാണ്. അതിലേക്ക് ഒഴുകുകയോ വന്നുചേരുകയോ ചെയ്യുന്നപോലെയാണ് എല്ലാ കഥാപാത്രങ്ങളും അവരുടെ ആത്മഗതങ്ങളും. കഥയുടെ രൂപം "പറച്ചിൽ' ആണ്, ആ പറച്ചിലിൽ കഥ അതിന്റെ ഇതിവൃത്തത്തെ കണ്ടുമുട്ടുന്നു. ഒരിക്കൽ മരണത്തെ കണ്ടുമുട്ടിയ ഒരാളുടെ നിർമ്മമായ മനസ്സോടെ.
തൊട്ടുമുമ്പ്, പ്ലേഗ് വന്ന് മരണം വാരി വിതറിപ്പോയ കർണ്ണാടകത്തിലെ ഒരു ഗ്രാമത്തിലെ മനുഷ്യരുടെ കഥ പറയുക, അതാണ് അവിടെ ചിത്രീകരിക്കേണ്ട ചലച്ചിത്രം. ആ ചലച്ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു റോളാണ് ബസവയ്ക്കായി സംവിധായകൻ കണ്ടെത്തിയിരിക്കുന്നത്. ബസവ, ചലച്ചിത്രത്തിൽ, ശവമായാണ് അഭിനയിക്കേണ്ടത്. ആദ്യാന്തം ഒരു ശവമായി കിടക്കുക, അതുമാത്രമാണ് അയാൾക്ക് ചലച്ചിത്രത്തിൽ ചെയ്യാൻ ഉള്ളൂ.

""നിങ്ങൾ അയച്ച ഫോട്ടോ കണ്ടിട്ടാണ് നിങ്ങളെ ഈ റോളിനു തിരഞ്ഞെടുത്തത്'' എന്ന് ബസവയെ ചിത്രീകരണസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോകുന്നവർ അയാളോട് പറയുന്നു. അതിനുള്ള കാരണങ്ങൾ വേറെയുമാണ്. മരണത്തിലെ ശാന്തി എന്തെന്ന് ഒരു ശരീരം ഊഹിച്ചെടുക്കുക, അതാണ് സംവിധായകൻ ആഗ്രഹിക്കുന്നത്. ശവമാകാൻ ജീവിതമുദ്രകൾ അല്ല മരണമുദ്രകളാണ് അറിയേണ്ടത് എന്ന് സംവിധായകൻ വിശ്വസിക്കുന്നു. ആ ശവമാകലിനെ കഥയിൽ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: വായുവിൽ പാറുന്ന തൂവലിനെ ഭൂമിയുടെ ആകർഷണം ഒരു കൈത്തലം കൊണ്ട് താങ്ങി പതുക്കെപ്പതുക്കെ ചുവട്ടിലേക്ക് അടുപ്പിക്കുന്നതുപോലെ, ശരീരത്തെ ആഘാതമില്ലാതെ ഒരുതരം ഇല്ലായ്മയ്ക്ക് അൽപ്പാൽപ്പമായി വിട്ടുകൊടുക്കുന്നതുപോലെ.

എന്നാൽ, അങ്ങനെയൊരു ചലച്ചിത്രമൊ അങ്ങനെയൊരു റോളോ ഈ കഥയിൽ സംഭവിയ്ക്കുന്നില്ല. ബസവയെ രാത്രിയിൽ ചിത്രീകരണസ്ഥലത്ത് നിർത്തിക്കൊണ്ട് ചലച്ചിത്രപ്രവർത്തകർ പോകുന്നു. കഥയിൽനിന്നുതന്നെ പിന്നെ അപ്രത്യക്ഷമാവുന്നു. മറ്റു രണ്ടു കഥാപാത്രങ്ങൾ വരുന്നു. ബസവയുടെ കഥ ബസവയും നാഗിയും മാറി മാറി പറയുന്നു. പക്ഷെ മഹാമാരിയും അതിന്റെ ഓർമ്മയും മാറാതെ നിലനിൽക്കുന്നു. പൈഡ് പൈപ്പറിന്റെ ഓർമ്മ നിലനിൽക്കുന്നു.

ഒരിക്കൽ, തന്റെ അച്ഛൻ ഒരു സാനിറ്ററി ഉദ്യോഗസ്ഥനായിരുന്നു എന്ന് മേതിൽ ഓർക്കുന്നു, കഥയ്ക്കു ശേഷം ചേർത്ത കുറിപ്പുകളിൽ. കഥയിലെ മൂന്നു സാനിറ്ററി ഉദ്യോഗസ്ഥന്മാരിലും തന്റെ പപ്പയുടെ ഓർമ്മയുണ്ട് എന്ന് പറയുന്നു. എന്നാൽ, പൈഡ് പൈപ്പറെപ്പറ്റി തന്റെ പപ്പ പറയാത്ത ഒന്ന് മേതിൽ ഈ കഥയ്ക്ക് വേണ്ടി മുമ്പേ കണ്ടെത്തിയിട്ടുണ്ട് : പതിനാലാം നൂറ്റാണ്ടിലെ യൂറോപ്പിനെ ശ്മശാനഭൂമിയാക്കിയ Black Death എന്ന വൻ പ്ലേഗാണ് പൈഡ് പൈപ്പർ എന്നാണ് ആ കണ്ടെത്തൽ. പൈഡ് പൈപ്പറുടെ ഐതിഹ്യത്തിലെ ദൃശ്യങ്ങളായ ചില ചമയങ്ങളെയും നിറങ്ങളെയും യൂറോപ്പിലെ ചില ആചാരങ്ങളുമായി തട്ടിച്ചുനോക്കിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് തനിക്കു കിട്ടിയ ഉത്തരമാണ് അതെന്ന് മേതിൽ എഴുതുന്നു.

എന്നാൽ, ബസവയുടെ പപ്പയ്ക്ക്, മറ്റൊരു സാനിട്ടറി ഉദ്യോഗസ്ഥന്, പൈഡ് പൈപ്പർ, പ്ലേഗ് തന്നെയാണ്. അത് അയാൾ തന്റെ മകനോട് പറഞ്ഞിട്ടുണ്ട്. ഹാമലിൻ എന്ന യൂറോപ്യൻ വ്യാവസായിക നഗരത്തിൽ ഒരിക്കലുണ്ടായ എലികളുടെ ശല്യം തുരത്താൻ സ്ഥലവാസികളുടെ ആവശ്യപ്രകാരം എത്തിയ നായകനാണ് പൈഡ് പൈപ്പർ. അയാൾ എലികളെ തന്റെ കുഴലൂത്തിനൊപ്പം നാട് കടത്തുന്നു. തിരിച്ചുവന്ന അയാളോട് നഗരവാസികൾ പ്രതിഫലത്തെപ്പറ്റി തർക്കിക്കുന്നു. അയാൾ അവരോട് വിസമ്മതിക്കുന്നു. ഇത്തവണ വീണ്ടും കുഴലൂതി അയാൾ പോകുമ്പോൾ നഗരത്തിലെ മുഴുവൻ കുട്ടികളും അയാൾക്കൊപ്പം പോകുന്നു, നഗരത്തിൽ നിന്നുതന്നെ അപ്രത്യക്ഷമാകുന്നു. മേതിലിന്റെ കഥയിലും പൈഡ് പൈപ്പർ, ഇങ്ങനെ, ഒരു മഹാമാരിയുടെ ഓർമ്മയാവുന്നു.

ഒരു മഹാമാരി, ഒരു കുഴൽ, ഒരു കുഴലൂത്തുകാരൻ. പക്ഷെ, അയാൾക്കു പിറകെ പോകുക ആരാവും, എലികളോ കുട്ടികളോ അതോ ഭീതിതരുന്ന വിജനതയോ എന്ന് പറയാതെ, വാസ്തവം ആ "മഹാമാരി'മാത്രമാണ് എന്ന് കഥ തോന്നിപ്പിക്കുന്നു.

ഇപ്പോൾ, കൊവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ ഈ കഥ വായിക്കുമ്പോൾ കഥയിലെ മറ്റൊരു നിരീക്ഷണത്തിലും നമ്മൾ എത്തുന്നു. മരണത്തിന്റെ ഒരു പരസ്യത്തിനുവേണ്ടി നാം കോപ്പി റൈറ്റിംഗ് നടത്തുകയാണെങ്കിൽ അത് ഇങ്ങനെയാവുമെന്നാണ് മേതിൽ പറയുക : അന്ന് യൂറോപ്പിൽ ചിതറിക്കിടന്ന ശവശരീരങ്ങൾ പെറുക്കിയെടുത്ത് ഒരു നേർവരയിൽ നിരത്തി വയ്ക്കുകയാണെങ്കിൽ ആ വര നീണ്ടുനീണ്ട് ഭൂമധ്യരേഖയെ മൂടും. ദൂരത്തെ ദൈവങ്ങൾക്ക് അത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നിരിക്കണം. ശനിക്കു ചുറ്റുമുള്ള വലയം പോലെ ഭൂമിയ്ക്കു ചുറ്റും ശവശരീരങ്ങളുടെ ഒരു വലയം... കഥയിലെ ഈ വരികൾ അതിലെ ""പ്രവചനാത്മകത''കൊണ്ട് നമ്മളെ ഞെട്ടിക്കുന്നു. നോക്കൂ, ഇപ്പോൾ എന്തുമാത്രം ശവശരീരങ്ങളാണ് ഭൂമിയിൽ, പലയിടങ്ങളിൽ ഭൂമിക്കു ചുറ്റുമുള്ള മറ്റൊരു വലയത്തിനായി ഒരുങ്ങി കിടക്കുന്നത്!

മേതിൽ എഴുതുന്നതുപോലെ, ഒരുപക്ഷേ നാടോടിക്കഥകളും ഐതിഹ്യങ്ങളും അത്രയും ഭീകരമായ ദുരന്തങ്ങളെ ഒരു കളങ്കവുമില്ലാതെ എടുത്തുവെയ്ക്കുന്നു. സൂക്ഷിച്ചു വെയ്ക്കുന്നു. ചിലപ്പോൾ ശരീരങ്ങൾ ഭേദിച്ച് ശരീരങ്ങളിലേക്ക് പടരുന്നു. വീണ്ടും അതേപോലെ യാത്ര തുടരുന്നു.

പൈഡ് പെപ്പർ

പ്ലേഗിനെപ്പറ്റി പറയുമ്പോൾ മേതിൽ എലികളെപ്പറ്റിയും ഓർക്കുന്നു. ശരിക്കും നോക്കിയാൽ എലി വളരെ ഭംഗിയുള്ള ഒരു ജീവിയാണ് എന്ന് എഴുതുന്നു. പ്രണയജലംപോലെ തുളുമ്പുന്ന ആ കണ്ണുകൾക്കുള്ള സൗന്ദര്യം എത്ര ജീവികളിൽ കാണാനാവും എന്ന് അത്ഭുതപ്പെടുന്നു. പിന്നെയാണ് അതിന്റെ സൗന്ദര്യം തകർക്കുന്ന ചുള്ളിക്കമ്പുപോലുള്ള വാലിനെപ്പറ്റി പറയുന്നത്. പ്ലേഗ് എലിയിലൂടെ പകരുന്നു.

സംഗീതം സമയകലയാണ്. എത്ര വട്ടം പല്ലവിയിലേക്ക് പിൻവാങ്ങിയാലും അതിനു മുന്നോട്ടു പോയേ തീരൂ. സംഗീതം ഒരു സമയകലയെങ്കിൽ എപ്പോഴെങ്കിലുമത് നിങ്ങളുടെ വർത്തമാനത്തിന്റെ ക്ഷണികമായ ആസന്നത താണ്ടി അതിർത്തി കടക്കാതിരിക്കില്ല.

സൗന്ദര്യത്തെ തകിടംമറിക്കുന്ന ഒന്ന് അതിന്റെ പിറകെ വരുന്നു. അല്ലെങ്കിൽ, മറ്റൊരു ജീവി മറ്റൊരു ജീവിക്കു മരണം വാഗ്ദാനം ചെയ്യുന്നു. പ്രണയം തുളുമ്പുന്ന ഒന്നിൽനിന്ന് ജീവിതം ഒരു ശവത്തിന്റെ ശാന്തിയിലേക്ക് മാറുന്നു.
കഥയിൽ, ആ ഒരൊറ്റ രാത്രികൊണ്ട്, ചലച്ചിത്രത്തിന്റെ ചിത്രീകരണം നടക്കേണ്ടുന്ന സ്ഥലത്ത്, ആയിടെ പ്ലേഗ് മരണം വിതച്ചുപോയ ഗ്രാമത്തിൽ, മഹാമാരിയുടെ ഓർമ്മ അതേ നാടോടിക്കഥയുടെ പുനരാഖ്യാനമാവുന്നു. രോഗം മനുഷ്യരെ അപ്പോഴും കൊന്നുകൊണ്ടിരുന്ന ഗ്രാമത്തിൽ, ഒരു കോളനിപോലെ വിജനമാക്കിയ അത്രയും സ്ഥലത്ത്, അല്ലെങ്കിൽ ഏതൊരു മനുഷ്യനും അപകടത്തിലാണ്. എങ്കിൽ മരണം വന്നുതൊടാനുള്ളത് ചലച്ചിത്രത്തിൽ ശവമായി അഭിനയിക്കേണ്ട ബസവയെയാണ്. ആളൊഴിഞ്ഞ ഒരു വീട്ടിൽ അയാളെ ഒറ്റയ്ക്ക് വിട്ടിരിക്കുകയാണ്. രോഗവും മരണവും ഇപ്പോൾ ബസവയെ സന്ദർശിയ്ക്കുന്നത് അയാൾ വെറുതെ ഓർത്ത നായകനെപ്രതിയാണ് : പൈഡ് പൈപ്പർ. എന്നാൽ, സേവനതൽപ്പരനായ, മേതിലിന്റെ പപ്പയുടെ ഓർമ്മപേറുന്ന മറ്റൊരു സാനിറ്ററി ഉദ്യോഗസ്ഥൻ, നാഗി, ഒരു ചലച്ചിത്രത്തിലും ഇല്ലാത്ത, അല്ലെങ്കിൽ ജീവിതത്തിൽ മാത്രമുള്ള ആൾ, ബസവയെ ജീവിതത്തിലേക്കുതന്നെ പറഞ്ഞയക്കാൻ കഥയിൽ പ്രത്യക്ഷപ്പെടുന്നു. വീണ്ടും യാഥാർഥ്യം പറയുന്നത് എന്തോ അതാകുന്നു. ഇപ്പോൾ, പഴയ നാടോടിക്കഥയിൽ എന്നപോലെ ഈ കഥയിലും എല്ലാമുണ്ട്: ഒരു മഹാമാരി, ഒരു കുഴൽ, ഒരു കുഴലൂത്തുകാരൻ. പക്ഷെ, അയാൾക്കു പിറകെ പോകുക ആരാവും, എലികളോ കുട്ടികളോ അതോ ഭീതിതരുന്ന വിജനതയോ എന്ന് പറയാതെ, വാസ്തവം ആ "മഹാമാരി'മാത്രമാണ് എന്ന് കഥ തോന്നിപ്പിക്കുന്നു. കഥയുടെ അന്ത്യത്തിൽ നമ്മൾ കേൾക്കുന്നത് ബസവയുടെ കുഴൽവിളിയാണ്. അയാളാണ് ഒരേസമയം രക്ഷകനും മഹാമാരിയും കഥയുമാകുന്നത്. അല്ലെങ്കിൽ, തന്റെ കഥാപാത്രം അതായിരുന്നു എന്ന് പറയുന്നപോലെ ബസവ മറ്റൊരു ചലച്ചിത്രത്തിന്റെ കഥയാവുന്നു. കുഴൽപ്പാട്ടിന് ഒരു ദിശയേ ഉള്ളൂ എന്ന് മേതിൽ എഴുതുന്നു : സംഗീതം സമയകലയാണ്. എത്ര വട്ടം പല്ലവിയിലേക്ക് പിൻവാങ്ങിയാലും അതിനു മുന്നോട്ടു പോയേ തീരൂ. സംഗീതം ഒരു സമയകലയെങ്കിൽ എപ്പോഴെങ്കിലുമത് നിങ്ങളുടെ വർത്തമാനത്തിന്റെ ക്ഷണികമായ ആസന്നത താണ്ടി അതിർത്തി കടക്കാതിരിക്കില്ല.
മൂന്നു സാനിറ്ററി ഉദ്യോഗസ്ഥന്മാരെപ്പറ്റിയുള്ള ഓർമ്മയിൽ, ബസവയുടെ അച്ഛൻ, കഥയിലെ നാഗി, മേതിലിന്റെ പപ്പ, പ്ലേഗ് എന്ന മഹാമാരി, ഈ കഥയിൽ, സഹ്യമാകുന്ന ഒന്നാകുന്നു. ഒരുപക്ഷെ അതൊരു രാത്രിയുടെ വിശേഷം മാത്രമാകുന്നു. മരണം ശവത്തെ അടയാളമായി കിടത്തിപോകുമ്പോഴും.
കഥ, Fiction, ഓർമ്മയുടെ കലയാവുന്നത്, അത് വർത്തമാനത്തെ ഒരു പ്രദേശമാക്കുന്നതുകൊണ്ടാണ്. മൂന്ന് കാലവും അനേകം പിളർപ്പുകളിൽ, അവിടെ, ഒന്ന് എന്നപോലെ പതിയുന്നു. താൻ ഈ കഥ എഴുതുന്ന സമയത്താണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത് എന്ന് മേതിൽ പറയുന്നു. അതിനാൽ എഴുതുന്നത് ഇടയ്ക്കുവെച്ച് നിർത്തി എന്നും. അതിനു മേതിൽ പറയുന്ന കാരണം, തന്റെ ഇതിവൃത്തത്തെ സമകാലികമാക്കുന്ന എന്തിനോടും ഉള്ള വിപ്രതിപത്തിയാണ്. മേതിലിൽ അത് സ്വഭാവികവുമാണ്. ദിനേന എന്നല്ല ആ കല; മറിച്ച്, കലയുടെ ജൈവികമായ ഓർമ്മയാണ്. ഇപ്പോൾ, ഞാൻ ഈ കഥയെപ്പറ്റി എഴുതുമ്പോഴും ഒരു മഹാമാരിയുണ്ട്. നമ്മുടെയെല്ലാം തൊട്ടരികിലും. എന്നെ അത് തൊട്ടുപോയി എന്നും തോന്നും. വിസ്മൃതമായ ഒരു ശവം ഉള്ളിൽ പേറുന്ന പോലെയാണ് അത്. പക്ഷെ, സാഹിത്യം, നേരത്തെ പറഞ്ഞപോലെ, ഒരു വലിയ പ്രൊജക്റ്റിന്റെ ഭാഗമായതുകൊണ്ട് മരണത്തെയും സഹ്യമാക്കുന്നു. ഈയിടെ ഫോണിൽ സംസാരിക്കുമ്പോൾ, നാട്ടിലെ എന്റെ പത്രപ്രവർത്തക സുഹൃത്ത്, ഇസ്മായിൽ, പറഞ്ഞത്, ഈ മഹാമാരിയെ, കൊവിഡ് - 19 നെ, ഭൂമിയിലെ ഓരോ മനുഷ്യനും നേരിടുന്നത്, അവരവരുടെ സ്വന്തം ആഖ്യാനംകൊണ്ടാണ് എന്നാണ്. ഒരുപക്ഷെ മരണത്തെ സഹ്യമാക്കലാണ് അതും. ഈ കഥയിലും അത് അങ്ങനെയാണ്.
എങ്കിൽ, മകൾ അന്ന് എന്നോടു പറഞ്ഞതുപോലെ, മനുഷ്യരെ അത് ഒറ്റയ്ക്ക് നിർത്തുന്നു : "Because you are a solitary man, as I know'...


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments