‘കരുതൽ’ പദ്ധതി: ട്രൂ കോപ്പി റിപ്പോർട്ടും മന്ത്രിയുടെ ഇടപെടലും നൽകുന്ന പാഠം

കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ട്രാൻസ് വുമൺ റോമയെക്കുറിച്ചുള്ള ട്രൂ കോപ്പി റിപ്പോർട്ടും അതേതുടർന്നുള്ള ആരോഗ്യമന്ത്രി വീണ ജോർജിന്റെ അടിയന്തര ഇടപെടലും കരുതൽ പദ്ധതി കുറെക്കൂടി ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നു.

കുടുംബങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്ന ട്രാൻസ് ജെൻഡേഴ്‌സിന് സർക്കാർ പിന്തുണ ഉറപ്പാക്കുന്നതിനാണ് ‘കരുതൽ പദ്ധതി’ ആരംഭിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയ, ആരോഗ്യ പ്രശ്‌നങ്ങൾ, അപകടങ്ങൾ, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ സഹായിക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. പക്ഷേ സഹായം ആവശ്യമാകുന്ന അടിയന്തരഘട്ടത്തിൽ പോലും നിയമത്തിന്റെ നൂലാമാലകളിൽ ഈ പദ്ധതിയും പലപ്പോഴും കുരുങ്ങിപ്പോകുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ട്രാൻസ് വുമൺ റോമയെക്കുറിച്ചുള്ള ട്രൂ കോപ്പി റിപ്പോർട്ടും അതേതുടർന്നുള്ള ആരോഗ്യമന്ത്രി വീണ ജോർജിന്റെ അടിയന്തര ഇടപെടലും കരുതൽ പദ്ധതി കുറെക്കൂടി ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നു.

റോമ

കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെ ലോട്ടറിവിൽപ്പനക്കാരിയും ട്രാൻസ് വുമണുമായ റോമയെ കഴിഞ്ഞ ആഴ്ചയാണ് ന്യുമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ കഴിയുന്ന റോമയുടെ ചികിത്സാ ചെലവ്​ സി.ബി.ഒ പ്രതിനിധികളും സംഘടനകളും നൽകുന്ന സംഭാവനകളിലൂടെയാണ് അടച്ചിരുന്നതെന്ന്​ കോഴിക്കോ​ട്ടെ ട്രാൻസ് ജെൻഡർ സംഘടനയായ ‘പുനർജനി’ പ്രസിഡന്റും ജില്ലാ ജസ്റ്റിസ് ബോർഡ് അംഗവുമായ സിസിലി ജോർജ് ട്രൂ കോപി തിങ്കിനോട് പറഞ്ഞു. കരുതൽ പദ്ധതിയിൽ നിന്ന് റോമയുടെ ചികിത്സക്ക് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടർക്കും ജില്ലാ സാമൂഹിക നീതി വകുപ്പിനും ടി.ജി സെല്ലിനും അപേക്ഷ അയച്ചതായും സിസിലി പറഞ്ഞിരുന്നു. എന്നാൽ, ഈ വർഷം കരുതൽ പദ്ധതിയുടെ ഫണ്ട് വിനിയോഗിക്കുന്നതിനെക്കുറിച്ച് ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അറിയിപ്പ് കിട്ടിയാൽ മാത്രമേ ഫണ്ട് അനുവദിക്കാനാവൂ എന്നുമാണ്​ ഇവരിൽ നിന്ന് ലഭിച്ച മറുപടി.

കലക്ടർ ചെയർമാനായും ജില്ലാ സാമൂഹ്യനീതി ഓഫീസർ കൺവീനറായും കരുതൽ പദ്ധതി നടപ്പിലാക്കുന്നതിന്​ ജില്ലകളിൽ ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെൽസാ പ്രതിനിധി, രണ്ട് ട്രാൻസ് ജെൻഡർ പ്രതിനിധികൾ എന്നിവരും ഉപദേശകസമിതിയിലുണ്ട്.

അടിയന്തരഘട്ടങ്ങളിൽ 25000 രൂപ വരെയുള്ള ധനസഹായ അപേക്ഷകൾ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് ഉപദേശസമിതിയുടെ അനുമതി ലഭ്യമാക്കാതെ തന്നെ ചെലവാക്കാം. ഇത്​ അടുത്ത കമ്മിറ്റിയിൽ അവതരിപ്പിച്ച് സാധൂകരണം ​നേടിയാൽ മതി. ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തിക വർഷം ഒറ്റ തവണ മാത്രമേ ധനസഹായം ലഭിക്കൂ.

സിസിലി ജോർജ്

പക്ഷേ റോമക്ക് ഫണ്ട് നൽകുന്നതുസംബന്ധിച്ച് കൃത്യമായ മറുപടി ഇവർക്ക് ലഭിച്ചില്ല. റോമയെ സഹായിക്കാൻ മെഡിക്കൽ കോളേജിൽ പോകുന്ന സമയത്തെല്ലാം സെക്യൂരിറ്റി ജീവനക്കാർ തങ്ങളെ തടയുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നതായി സിസിലി പറഞ്ഞു. ഹോർമോൺ കുത്തിവെക്കാൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പോയപ്പോൾ ചികിത്സയില്ലെന്ന് പറഞ്ഞ്​ മടക്കിയിട്ടുണ്ടെന്നും സിസിലി കൂട്ടിച്ചേർത്തു.

ട്രൂ കോപ്പി ഇടപെടൽ

ദിവസവും ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന റോമയുടെ വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ചാണ് ​ട്രൂ കോപ്പി റിപ്പോർട്ട്​ തയാറാക്കിയത്​. ഇത്​ ശ്രദ്ധയിൽപ്പെട്ടയുടൻ ആരോഗ്യമന്ത്രി ഇടപെട്ടു. റോമക്ക് മികച്ച ചികിത്സയും കരുതൽ പദ്ധതിയിലുള്ള ധനസഹായവും പെട്ടെന്ന് നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി സിസിലി ജോർജ് അറിയിച്ചു.

‘‘റോമയുടെ വിവരമന്വേഷിക്കാൻ ആരോഗ്യമന്ത്രി വീണാജോർജ് എന്നെ നേരിട്ട് വിളിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായ റോമയെക്കുറിച്ച് ട്രൂ കോപ്പി തിങ്കിലുടെ അറിഞ്ഞശേഷമാണ് വിളിക്കുന്നതെന്നാണ് അവർ പറഞ്ഞത്. ലഭ്യമായതിൽ ഏറ്റവും നല്ല ചികിത്സ റോമക്ക് നൽകുമെന്നും കരുതൽ പദ്ധതിയിലുള്ള ഫണ്ട് എത്രയും വേഗം റീലീസ് ആക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പു നൽകി’’ - സിസിലി ജോർജ് പറഞ്ഞു.

വീണാജോർജ്

ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായും, ഹോർമോൺ ചികിത്സ തുടരേണ്ട സാഹചര്യത്തിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ട്രാൻസ്‌ജെൻഡേഴ്‌സ് അനുഭവിക്കുന്നുണ്ട്. ശസ്ത്രക്രിയയിലെ പിഴവുമൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്ശങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയാതെ അനന്യയടക്കം നിരവധി ട്രാൻസ്‌ജെൻഡേഴ്‌സിന്​ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്. മരണശേഷം സഹായം നൽകുന്നതിനുപകരം ആവശ്യഘട്ടങ്ങളിൽ വേണ്ടത്ര പിന്തുണ നൽകാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാമമാത്രമാകുന്ന പദ്ധതികളിൽ ഇത്തരം വാഗ്ദാനങ്ങൾ ചുരുങ്ങിപ്പോകാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണം.

തുടരുന്ന വിവേചനം

ലിംഗദ്വന്ദങ്ങൾക്കപ്പുറത്ത് അസ്തിത്വത്തെ തിരിച്ചറിയുന്ന ട്രാൻസ്‌ജെൻഡേഴ്‌സിനെ അംഗീകരിക്കാനും ഒപ്പുംകൂട്ടാനും സാമൂഹിക വ്യവസ്ഥിതികളിൽ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങൾക്ക് സാധിച്ചിട്ടില്ല. സാമൂഹിക തിരസ്‌കാരവും വിവേചനവും ഭയന്ന് സ്വത്വം വെളിപ്പെടുത്താനാകാത്ത ട്രാൻസ്‌ജെൻഡർമാരുടെ സമൂഹമാണ് ഇന്ത്യ എന്ന് നീതുനായിക്കിന്റെ Transgenderism in India: Insights from current census എന്ന ഗവേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദേശീയ മനുഷ്യാവകാശ കമീഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ട്രാൻസ്‌ജെൻഡേഴ്​സിനെക്കുറിച്ച് ആദ്യമായി നടത്തിയ പഠനത്തിൽ, രണ്ട് ശതമാനത്തിൽ താഴെയുള്ള ട്രാൻസ് വ്യക്തികൾക്കുമാത്രമേ സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയുന്നുള്ളുവെന്ന് കണ്ടെത്തിയിരുന്നു. ട്രാൻസാണെന്ന് വെളിപ്പെടുത്തുന്നതിലൂടെ പലരും വീടുകളിൽ നിന്ന് പുറത്താക്കപ്പെടുകയോ വീടുപേക്ഷിക്കാൻ നിർബന്ധിതരാവുകയോ ചെയ്യും. കുടുംബങ്ങളാണ് ഇവർക്കെതിരായ വിവേചനത്തിന്റെയും തിരസ്‌കാരത്തിന്റെയും ആദ്യ ഇടമെന്ന് പഠനം വ്യക്തമാക്കുന്നു. 2015 ൽ ട്രാൻസ്‌ജെൻഡർ നയം രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തിയ സർവ്വേയിൽ കേരളത്തിലെ 51 ശതമാനത്തോളം വരുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളും സ്വന്തം കുടുംബങ്ങളിൽ നിന്ന് അസ്തിത്വത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടവരാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം അവസ്​ഥകളിലൂടെ കടന്നുപോകുന്നതുകൊണ്ടുതന്നെ, കരുതൽ പോലുള്ള പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പാണ്​ ട്രാൻസ്​ സമൂഹം ആവശ്യപ്പെടുന്നത്​.

Comments