ശൈലജ, വീണ വ്യക്തികളിലല്ല, രാഷ്ട്രീയത്തിലാണ് തർക്കം

കൂടുതൽ ജനാധിപത്യപരവും സുതാര്യവുമാകാനും, മറ്റു പാർട്ടികളെ അപേക്ഷിച്ച് വിമർശനങ്ങളെ കൂടുതൽ സ്വാഗതം ചെയ്യാനും ഇടതിന് സാധിക്കണം. നിങ്ങളുടെ പ്രമാണങ്ങളും തീരുമാനങ്ങളും പാർട്ടിക്ക് പുറത്തുള്ളവർക്ക് മനസ്സിലാക്കാനോ വിമർശിക്കാനോ സാധിക്കാത്ത വിധം സങ്കീർണവും ഗഹനവുമാണെന്ന് പ്രഖ്യാപിക്കുമ്പോൾ അത് കൂടുതൽ ഇണങ്ങുന്നത് സ്വേച്ഛാധിപത്യ ഉപാസനാ ക്രമങ്ങൾക്കാണ്, കമ്യൂണിസ്റ്റ് പാർട്ടികൾക്കല്ല- സി.പി.ഐ(എം.എൽ) പോളിറ്റ്​ബ്യൂറോ അംഗവും അഖിലേന്ത്യ പുരോഗമന വനിത അസോസി​യേഷൻ സെക്രട്ടറിയുമായ കവിത കൃഷ്​ണൻ എഴുതുന്നു

നിപ, കോവിഡ്-19 വ്യാപന കാലത്ത്​ ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിവു തെളിയിച്ചയാളാണ് കെ.കെ. ശൈലജ. തന്റെ പ്രവർത്തനങ്ങൾക്ക് ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും അവർ പ്രശംസ നേടി. മാത്രമല്ല, കെ.കെ. ശൈലജ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത് കേരള നിയസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്. 1977 മുതൽ തുടർന്നു പോരുന്ന ക്രമം തെറ്റിച്ച് ഇടതു ജനാധിപത്യ മുന്നണിയെ വീണ്ടും തെരഞ്ഞെടുക്കാനുള്ള കാരണമായി സി.പി.എമ്മിന്റെ പീപിൾസ് ഡെമോക്രസി ചൂണ്ടിക്കാട്ടുന്ന "കൂട്ടായ പരിശ്രമത്തിൽ' കെ.കെ. ശൈലജ വലിയ സംഭാവന നൽകിയിട്ടുണ്ടെന്നതിൽ സംശയമില്ല.

ഇതുപോലെ ട്രാക്ക് റെക്കോഡുള്ള കെ.കെ. ശൈലജ സ്വാഭാവികമായും വീണ്ടും ആരോഗ്യമന്ത്രി ആവേണ്ടതായിരുന്നു. എന്നാൽ കേരളത്തിലേയും ഇന്ത്യയിലേയും ഒരു രാഷ്ട്രീയ നിരീക്ഷകരുടേയും യുക്തിക്ക് മനസ്സിലാകാത്ത വിധം ശൈലജയെ മന്ത്രിസഭയിൽ നിന്ന് മാറ്റി പകരം പാർട്ടി വിപ്പ് സ്ഥാനം നൽകി (സി.പി.എം പോലെ അച്ചടക്കമുള്ള ഒരു പാർട്ടിയിൽ ഔപചാരികമായ സ്ഥാനം). കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ആരും തുടരേണ്ടതില്ലെന്നും, പുതിയ ആളുകൾക്ക് അവസരം നൽകാനാണ് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എന്നുമാണ് ഇതിനെ പ്രതിരോധിച്ച് ലഭിച്ച മറുപടി. രണ്ടു വട്ടം എം.എൽ.എ ആയവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന നിലപാടും സംസ്ഥാന കമ്മിറ്റി നേരത്തെ കൈക്കൊണ്ടിരുന്നു.

കെ.കെ. ശൈലജയെ ആരോഗ്യമന്ത്രി പദവിയിൽ നിന്ന് മാറ്റുന്നതിലേക്ക് നയിച്ച മേൽപറഞ്ഞ വാദത്തേയും, മറ്റു ചില വാദങ്ങളേയും പരിശോധിക്കേണ്ടതുണ്ട്.

കെ.കെ. ശെെലജ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

അതിന് മുന്നോടിയായി സി.പി.എമ്മിനെ പിന്തുണക്കുന്ന നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ഒരു ചോദ്യത്തെ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. സി.പി.ഐ (എം.എൽ) നേതാവെന്ന നിലക്ക്, സി.പി.എമ്മിന്റേയും അതിന്റെ കേരള സംസ്ഥാന കമ്മിറ്റിയുടേയും ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയാനുള്ള വ്യവഹാര അവകാശം എനിക്കുണ്ടോ എന്നതിനെക്കുറിച്ചാണ്. പൊതു ജനങ്ങളെ ബാധിക്കുന്ന ഒരു തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം ഏതൊരാൾക്കുമുണ്ട് എന്നാണ് എന്റെ വിനീതമായ മറുപടി. ഈ തീരുമാനം സി.പി.എം. എന്ന പാർട്ടിയെ ആര്, ഏതു വിധേന നയിക്കും എന്നതിനെക്കുറിച്ചല്ല. ഏതൊരു തീരുമാനം എടുക്കാനും സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് അവകാശമുണ്ട്. എന്നാൽ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ചുമതലപ്പെടുത്തുന്ന ഒരു പങ്കിനെ കുറിച്ചുള്ള, പൊതു താൽപര്യത്തെ ബാധിക്കുന്ന ഒരു തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും, ഒരിന്ത്യൻ പൗരയെന്ന നിലയ്ക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളെന്ന നിലയ്ക്കും എനിക്കുണ്ട്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ കരുത്തിനെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും, ഒരു ഇടതു പാർട്ടിയുടെ നേതാവെന്ന നിലയ്​ക്കുള്ള എന്റെ ആശങ്കയിൽ നിന്നുമാണ് ഈ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്.

വാദങ്ങൾ: പുതിയ ആളുകൾക്ക് അവസരം ലഭിക്കണം

1). ഇത് പ്രശംസനീയമായ ഒരു നിലപാടാണ്, എങ്കിൽകൂടി അതിലൊരു കടുംപിടുത്തത്തിന്റെ ആവശ്യമെന്ത്? തീർച്ചയായും പുതിയൊരു മന്ത്രിസഭയ്ക്ക് ആവശ്യം പുതിയ ആളുകളും, പ്രവൃത്തിപരിചയം ഉള്ളവരും അടങ്ങിയ നീതിയുക്തമായ കലർപ്പാണ്. അടിയന്തര ഘട്ടങ്ങളിൽ അവസരത്തിനൊത്തുയർന്ന, കാര്യക്ഷമതയുള്ള ഒരു ആരോഗ്യമന്ത്രിയെ മഹാമാരി തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാറ്റി നിർത്തി പുതിയൊരാളെ കൊണ്ടുവരുന്നതെന്തിനാണ്? തീർച്ചയായും കേരളത്തിന്റെ വിധിയെഴുത്തിനെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പിണറായി വിജയന്റെ മാത്രം നേട്ടമായി വ്യാഖ്യാനിക്കാൻ സാധിക്കില്ല. കേരളത്തിലെ വോട്ടർമാർ മുഖ്യമന്ത്രിയായി വിജയനേയും, ആരോഗ്യമന്ത്രിയായി ശൈലജയേയും ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നെന്നതിൽ സംശയമൊന്നുമില്ല; ശൈലജയെ മാറ്റി നിർത്തുന്നത് ഈ വിധിയെഴുത്തുമായി ഐക്യപ്പെടുന്നില്ല.

2). എം.എൽ.എമാരെ രണ്ടു ടേമിലേക്ക് ചുരുക്കുന്നതും, നിലവിലെ മന്ത്രിമാർ പുതിയവരാൽ പുനഃസ്ഥാപിക്കപ്പെടുന്നതും പോലുള്ള നടപടികൾ വിശേഷാധികാരവും മെച്ചപ്പെട്ട സാമൂഹിക പശ്ചാത്തലവുമുള്ള ആളുകൾ വഴിമാറി, സാധാരണയായി പരിഗണിക്കപ്പെടാതെ പോകുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അവസരം ഉറപ്പിക്കാനുള്ള ഉപകരണങ്ങളാണ്. അടിച്ചമർത്തപ്പെട്ടവർക്കിടയിലും പാർശ്വവൽക്കരിക്കപ്പെട്ടവർക്കിടയിലുമുള്ള രാഷ്ട്രീയക്കാരുടെ പ്രാതിനിധ്യത്തിലെ കുറവ് പരിഹരിക്കാനുള്ള ഉപകരണങ്ങളാണിവ. സാമൂഹികവും രാഷ്ട്രീയവുമായ നീതിയെ അഭിവൃദ്ധിപ്പെടുത്താനുള്ള ഈ ഉപകരണങ്ങളെ, നിലവിൽ പ്രാതിനിധ്യമില്ലാത്തവർക്കുമേൽ തന്നെ പ്രയോഗിക്കുന്നത് നീതികേടാണ്. രാഷ്ട്രീയ നേതൃത്വങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഗുരുതരമായും കുറവാണ്. ഒരു സ്ത്രീ രാഷ്ട്രീയപാടവവും പൊതു സ്വീകാര്യതയും നേടിയെടുത്താൽ അവൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയാണ് വേണ്ടത്, മറിച്ച് കടിഞ്ഞാണിടുകയല്ല. അതുവഴി ഇനിയും എത്രത്തോളം മുന്നോട്ടു പോകാൻ സാധിക്കുമെന്ന് അവൾക്ക് സ്വാതന്ത്ര്യത്തോടെ ആരായാം. ശൈലജയെ ആരോഗ്യമന്ത്രിയായി നിലനിർത്തിക്കൊണ്ട് കൂടുതൽ സ്ത്രീകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയെന്നതായിരുന്നു ന്യായമായും ചെയ്യേണ്ടിയിരുന്നത്.

തുടർച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയൻ

3). "പുതിയ മുഖങ്ങൾ' എന്ന വ്യവസ്​ഥയിലുള്ള പ്രകടമായ ആക്ഷേപം മുഖ്യമന്ത്രിയാണ്, പിണറായി വിജയൻ. ഈ നിയമം അത്ര കടുത്തതായിരുന്നെങ്കിൽ അതെല്ലാവർക്കും ബാധകമാണ്. തന്റെ രാഷ്ട്രീയജീവിതത്തിന്റെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഒരു പുരുഷനു വേണ്ടി എന്തിനാണ് നിയമത്തിൽ ഒരുപേക്ഷ വരുത്തിയത്? അതേസമയം ജനപ്രീതിയാർജ്ജിച്ചു വരുന്ന ഒരു സ്ത്രീയുടെ കാര്യത്തിൽ അതിനെ തടസ്സപ്പെടുത്തുമെന്നു തിരിച്ചറഞ്ഞിട്ടും പ്രസ്തുത നിയമം കർശനമായി പാലിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ വിഭവങ്ങളും ആസ്വദിച്ച ഒരു പുരുഷൻ അത്തരത്തിൽ തുടരുകയും, ആസ്വദിച്ചു തുടങ്ങുന്ന സ്ത്രീ മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നു. ഇത് നീതിയുക്തമോ സ്വീകാര്യമായതോ ആയ പരിണതിയല്ല.

തീരുമാനത്തെ ശൈലജ സ്വാഗതം ചെയ്തു, അവരുടെ കർതൃത്വത്തെ മാനിക്കണം

കർതൃത്വത്തെ പ്രസ്തുത സാഹചര്യത്തിലേക്ക് ആവാഹിക്കുന്നത് എനിക്ക് കൗതുകകരമായി തോന്നി. മന്ത്രിസ്ഥാനത്തു നിന്ന് മാറി നിൽക്കാൻ ശൈലജ വ്യക്തിപരമായി തീരുമാനം എടുക്കുകയായിരുന്നില്ല. തന്റെ പാർട്ടിയുടെ തീരുമാനത്തെ അവർ ആഹ്ലാദത്തോടും രമ്യതയോടും സ്വീകരിക്കുകയായിരുന്നു. എന്നാൽ യുക്തിരഹിതമായ ഒരു തീരുമാനത്തെ സ്വീകരിക്കണമെന്ന് മറ്റുള്ളവരെ പ്രേരിപ്പിക്കാൻ അവരുടെ അംഗീകാരം കൊണ്ടു മാത്രം സാധിക്കില്ല. ഈ വിഷയത്തിലെ അവസാനവാക്ക് ശൈലജയുടേതല്ല, കാരണം പ്രസ്തുത തീരുമാനത്തിന്റെ ഭവിഷ്യത്ത് അവർക്കു മാത്രമല്ല, അത് പൊതുജനാരോഗ്യത്തെ ബാധിക്കും, രാഷ്ട്രീയ പാർട്ടികളുടെ ലിംഗനയങ്ങളുടെ ഭാവിയെ ബാധിക്കും, അത് രാഷ്ട്രീയത്തിലുള്ള സ്ത്രീകളെ ബാധിക്കും. സ്ത്രീകൾ ഏറ്റവും സ്വീകാര്യയാവുന്നത് അഭിലാഷങ്ങൾ മാറ്റി നിർത്തി ഔചിത്യവും അച്ചടക്കവും പാലിക്കുമ്പോഴാണെന്ന സന്ദേശം ഇത് നൽകും. ശൈലജയുടെ ഈ ഗുണത്തെ പ്രകീർത്തിക്കുമ്പോൾ തന്നെ, വി.എസ്. അച്യുതാനന്ദനിൽ നിന്നും പിണറായി വിജയനിൽ നിന്നും അഭിലാഷങ്ങളോട് സമാനമായ വിരക്തി പ്രതീക്ഷിക്കാനെങ്കിലും സാധിക്കുമോയെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. പുരുഷന്മാരായ രാഷ്ട്രീയക്കാരിലേക്ക് വരുമ്പോൾ അവരുടെ അഭിലാഷങ്ങളെ നമ്മൾ അംഗീകരിക്കുകയും, സ്വീകരിക്കുകയും, അതിനു വേണ്ടിയുള്ള അവരുടെ വടംവലികൾ ആസ്വദിക്കുകയും ചെയ്യുന്നില്ലേ?

കമ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾക്ക് പ്രാധാന്യമില്ല

വ്യക്തികേന്ദ്രിത രാഷ്ട്രീയ സംസ്‌കാരത്തെ പ്രതിരോധിക്കാനും ജനാധിപത്യ സംസ്‌കാരം പരിപോഷിപ്പിക്കാനും സഹായിക്കുന്ന ശ്ലാഘനീയമായ പ്രമാണങ്ങളിലൊന്നാണിത്. എന്നാൽ ശ്ലാഘനീയമായ ഈ പ്രമാണം മുൻമന്ത്രിസഭയിലെ എല്ലാവർക്കും ബാധകമാണെങ്കിൽ മുഖ്യമന്ത്രിക്കു മാത്രം അങ്ങനല്ലാതായത് എന്തുകൊണ്ടാണ്?

വിജയൻ മുഖ്യമന്ത്രിയായി തുടരുകയും, പരിചയസമ്പന്നരായ മന്ത്രിമാരെ മാറ്റി പകരം പുതിയ ആളുകളെ കൊണ്ടുവരികയും ചെയ്യുമ്പോൾ അത് വിജയന് ക്രമാതീതമായ അധികാരവും പദവിയും നൽകില്ലേ? വിജയനെ മാത്രം, മാറ്റിനിർത്താൻ സാധിക്കാത്ത എല്ലാത്തിനും അതീതനായ ആളായും, മറ്റുള്ളവരെയെല്ലാം പ്രാധാന്യം കുറഞ്ഞവരുമായി പരിചരിക്കാൻ ഈ പ്രമാണത്തിന് കഴിയുന്നുണ്ടെങ്കിൽ ജനാധിപത്യ രാഷ്ട്രീയ സംസ്‌കാരത്തിന് ഇത് എന്താണ് പ്രദാനം ചെയ്യുന്നത്?

വ്യക്തിത്വത്തെക്കുറിച്ച് ഊന്നിപ്പറയേണ്ട ഒരു കാര്യമുണ്ട്. സ്ത്രീകളുടെ കാര്യത്തിൽ (പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും, പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളിൽ പെട്ട ആളുകളുടെ കാര്യത്തിലും ഇത് ശരിയാണ്), അവർ വ്യക്തികളായ സ്ത്രീകളാണെന്ന ഊന്നൽ നൽകേണ്ടത് പ്രധാനമാണ്, മറിച്ച്​, അവർ സ്ത്രീ എന്ന വിഭാഗത്തിലെ ടോക്കൺ സിമ്പലുകളല്ല. വീണ ജോർജിനാൽ കെ.കെ. ശൈലജ പുനഃസ്ഥാപിക്കപ്പെടുമ്പോൾ, ഇരുവരുടേയും വ്യക്തിത്വം ചുരുക്കപ്പെടുകയാണവിടെ.

തീരുമാനത്തെ വിമർശിക്കുന്നവർക്ക് കമ്യൂണിസ്റ്റ് സംസ്‌കാരമോ പാർട്ടി അച്ചടക്കമോ മനസ്സിലാകുന്നില്ല

മഹാമാരിക്കിടയിൽ തീർത്തും സ്വീകാര്യയായ തങ്ങളുടെ ആരോഗ്യമന്ത്രിയെ മാറ്റിയ തീരുമാനത്തെക്കുറിച്ച് പാർട്ടിയിൽ അംഗങ്ങളല്ലാത്ത സാധാരണക്കാരിൽ നിന്ന് ചോദ്യങ്ങൾ ഉയരുമ്പോൾ, "അത് മനസ്സിലാക്കാൻ നിങ്ങൾ ഞങ്ങളിലൊരാളാകണം, കമ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കത്തേയും സംസ്‌കാരത്തേയും സ്വാഗതം ചെയ്യാൻ സാധിക്കാത്ത വിധം താണതരത്തിൽ പെട്ട ബൂർഷ്വാ വിഡ്ഢിയാണ് നിങ്ങൾ' എന്ന പ്രതികരണം ഒരു ഇടതു പാർട്ടിയിൽ നിന്നുണ്ടായാൽ പരിഭ്രമിക്കേണ്ടതുണ്ട്. പൊതുജനത്തിന് ചോദ്യം ചെയ്യാൻ സാധിക്കാത്ത, അതാര്യവും, സ്വേച്ഛാപരവും, നിഗൂഢവുമായ നിയമങ്ങളുമായി കമ്യൂണിസ്റ്റ് സംസ്‌കാരത്തെ സമീകരിക്കുന്നത് ഇടതിന് ദോഷം ചെയ്യും.

ആർ. ബിന്ദു

കൂടുതൽ ജനാധിപത്യപരവും സുതാര്യവുമാകാനും, മറ്റു പാർട്ടികളെ അപേക്ഷിച്ച് വിമർശനങ്ങളെ കൂടുതൽ സ്വാഗതം ചെയ്യാനും ഇടതിന് സാധിക്കണം. നിങ്ങളുടെ പ്രമാണങ്ങളും തീരുമാനങ്ങളും പാർട്ടിക്ക് പുറത്തുള്ളവർക്ക് മനസ്സിലാക്കാനോ വിമർശിക്കാനോ സാധിക്കാത്ത വിധം സങ്കീർണവും ഗഹനവുമാണെന്ന് പ്രഖ്യാപിക്കുമ്പോൾ അത് കൂടുതൽ ഇണങ്ങുന്നത് സ്വേച്ഛാധിപത്യ ഉപാസനാ ക്രമങ്ങൾക്കാണ്, കമ്യൂണിസ്റ്റ് പാർട്ടികൾക്കല്ല.

ശൈലജയെ മാറ്റി നിർത്തിയതിനെയും മുഹമ്മദ് റിയാസിനേയും ആർ. ബിന്ദുവിനേയും ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്യുന്ന വിമർശകർ ‘സെക്‌സിറ്റ്’ ആണ്

മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റാണ്, ആർ. ബിന്ദു മേയർ സ്ഥാനം ഉൾപ്പടെയുള്ള ഉത്തരവാദിത്തങ്ങൾ വഹിച്ചയാളുമാണ്. തങ്ങളുടെ കുടുംബ ബന്ധങ്ങളിൽ നിന്ന് വിഭിന്നമായിത്തന്നെ ഇരുവർക്കും സ്വന്തമായ നിലനിൽപ്പുണ്ട്. എന്നാൽ വിവാഹപര ബന്ധങ്ങളിലൂന്നിയാണ് ഇരുവരേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്ന് കുറ്റം പറയുന്നത് അന്യായവും ‘സെക്‌സിസ’വുമാണോ? (റിയാസ് മുഖ്യമന്ത്രിയുടെ മരുമകനാണ്, സി.പി.എം. സംസ്ഥാന ആക്​റ്റിങ്​ സെക്രട്ടറിയുടെ ഭാര്യയാണ് ആർ. ബിന്ദു). എന്നാൽ ഇവിടെ ശ്രദ്ധിക്കാതെ പോകുന്നത്, ആരും ഇവരുടെ നേട്ടങ്ങളെയോ കഴിവുകളേയോ ഇകഴ്​ത്തുന്നില്ല എന്ന വസ്തുതയാണ്. ആർ. ബിന്ദുവിന്റെ കാര്യത്തിലെ ആശങ്ക, ‘കോൺഫ്‌ളിക്റ്റ് ഓഫ് ഇന്ററസ്റ്റ്’ ആണ്. ഇത് ഒഴിവാക്കാൻ, ആർ. ബിന്ദു മന്ത്രിയാകണമെങ്കിൽ അവരുടെ ഭർത്താവ് പാർട്ടി ആക്​റ്റിങ്​സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കണമായിരുന്നു.

പി.എ. മുഹമ്മദ് റിയാസ്

ശൈലജയെ മാറ്റി നിർത്തിയിരുന്നില്ലെങ്കിൽ റിയാസിനെ ഉൾപ്പെടുത്തുന്നത് അധികം ചോദ്യങ്ങൾ ഉയർത്തുമായിരുന്നില്ല. വിജയൻ മുഖ്യമന്ത്രിസ്ഥാനം നിലനിർത്തിയത്, റിയാസിനെ ഉൾപ്പെടുത്തി ശൈലജയെ ഒഴിവാക്കിയത് തുടങ്ങിയ തീരുമാനങ്ങളെല്ലാം രാഷ്ട്രീയ പിന്തുടർച്ചാവകാശത്തെ കുറിച്ചുള്ള ചോദ്യത്തിലേക്കാണ് കൂട്ടിക്കെട്ടപ്പെട്ടിരിക്കുന്നതെന്ന നിർഭാഗ്യകരമായ ധാരണ സൃഷ്ടിക്കുന്നുണ്ട്.

തീരുമാനത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ, ശൈലജയെ മാറ്റിനിർത്താനുള്ള തീരുമാനത്തെ പ്രതിരോധിക്കാൻ, തീരുമാനം സംസ്ഥാന കമ്മിറ്റി തനിച്ചാണ്​ എടുത്തത്​ എന്ന പ്രതീതിയാണ് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് നൽകിയത്; ""അവരുടെ തീരുമാനങ്ങളിൽ നിന്ന്​ഉരുത്തിരിഞ്ഞ ചോദ്യങ്ങൾക്ക് വിശദീകരണവും ഉത്തരങ്ങളും നൽകേണ്ടത് അവരാണ്,'' എന്നായിരുന്നു ബൃന്ദാ കാരാട്ട് പറഞ്ഞത്.

തന്റെ മന്ത്രിസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളെ വിശദീകരിക്കാനുള്ള ഉത്തരവാദിത്തവും, മഹാമാരിക്ക് നടുവിൽ തന്റെ സർക്കാരിനും പാർട്ടിക്കും കീർത്തി നേടിക്കൊടുത്ത ആരോഗ്യമന്ത്രിയെ തിരികെ വേണമെന്ന് നിർബന്ധം പിടിക്കാഞ്ഞത് എന്തുകൊണ്ടാണ്​ എന്ന ചോദ്യത്തിന്​ മറുപടി നൽകേണ്ട ഉത്തരവാദിത്തവും തീർച്ചയായും കേരളത്തിന്റെ മുഖ്യമന്ത്രിക്കാണ്.


Comments