കൊള്ളാവുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു സര്‍ക്കാര്‍ ആ കൊള്ളാവുന്ന കാര്യങ്ങള്‍ കുറേക്കൂടി സജീവമായി നിര്‍വഹിക്കാന്‍ തുടരേണ്ടതുണ്ട് എന്ന് പറയുന്നതിനുപകരം തുടരാന്‍ പാടില്ല എന്നു പറയുന്നത്, ആ വാദമുന്നയിക്കുന്നവർ സ്വയം വിമര്‍ശനപരമായി നോക്കിക്കാണണം.
27 Mar 2021, 06:14 PM
കേരളത്തിലെ ഇടതുപക്ഷഭരണവും ഇവിടുത്തെ ഇടതുപക്ഷ രാഷ്ട്രീയ- സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന പരികല്‍പനകളും ഇന്ന് ഇന്ത്യയിലുടനീളവും ഒരുപക്ഷെ ആഗോളതലത്തിലും ചര്‍ച്ചാവിധേയമായിക്കഴിഞ്ഞിരിക്കുകയാണ്. സാര്‍വദേശീയ സംഘടനകളടക്കം ഇന്ന് കേരളത്തെ പ്രശംസിക്കുന്നത് കേരളത്തിലെ ജനങ്ങളോ ഇടതുപക്ഷ സര്‍ക്കാരോ മുഖ്യമന്ത്രി പിണറായി വിജയനോ ആവശ്യപ്പെട്ടിട്ടല്ല. മറിച്ച് കേരളത്തിന്റെ ഇന്നത്തെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ പശ്ചാത്തലം ഇന്ത്യക്കാകെ മാതൃകയായി തീര്‍ന്നു എന്ന അവരുടെ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. സത്യത്തില്‍ അത് കേരളത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും ലഭിക്കുന്ന വലിയൊരു പ്രശംസയാണ്.
ആ നിഷ്‌കളങ്കതയ്ക്ക് വലിയ വില നല്‍കേണ്ടിവരും
ഉദാഹരണമായി നമുക്കറിയാം, പിണറായി വിജയന്റെ നേതതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് അഭിമുഖീകരിക്കേണ്ടിവന്ന ദുരിതങ്ങള്‍. പ്രത്യേകിച്ച് നിപ്പയുടെയും ഓഖിയുടെയും രണ്ട് പ്രളയങ്ങളുടെയും കോവിഡിന്റെയും കാലം. പ്രകൃതി ദുരന്തങ്ങളെയും മഹാമാരികളെയും ഒരു സര്‍ക്കാര്‍ എപ്രകാരമാണ് പരിചരിച്ചത്? ഒരുപക്ഷെ ചരിത്രത്തില്‍ സമാനതകളിലാത്ത തരത്തിലുള്ള ഒരു ഇടപെടല്‍, കരുതല്‍, കേരളത്തിലെ സര്‍ക്കാറില്‍ നിന്നുണ്ടായി എന്നത് ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനം പിടിച്ചുപറ്റി. 2005ല്‍ കത്രീന വന്നപ്പോള്‍ അമേരിക്കയെപ്പോലുളള ഒരു രാഷ്ട്രം പോലും പതറിപ്പോയി.
2005ലെ ഫ്രണ്ട്ലൈനിന്റെ തലക്കെട്ട്, 'അമേരിക്കാ, നിന്നെയോര്‍ത്ത് ലജ്ജിക്കുന്നു' എന്നായിരുന്നു. കാരണം ന്യൂയോര്‍ലിയന്‍സില്‍ കത്രീന ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാക്കിയപ്പോള്‍ അവിടുത്തെ കറുത്ത മനുഷ്യരോട് വളരെ ക്രൂരമായ വിവേചനമാണ് അമേരിക്കന്‍ ഭരണകൂടം പുലര്‍ത്തിയത്. 2001ല്‍ കച്ചിലെ ഭൂകമ്പസമയത്ത് ഗുജറാത്തില്‍ ദളിത് വിവേചനമാണ് കണ്ടത്. എന്നാല്‍ കേരളത്തില്‍ ആര്‍ക്കും ഒരുപരാതിയും പറയാനാവാത്തവിധം ഒരു വിവേചനവുമില്ലാതെ, നിലവിലുള്ള ശാസ്ത്ര സാങ്കേതികതയെ ഏറ്റവും ഉന്നതമായ രാഷ്ട്രീയ പ്രബുദ്ധതയുമായി ബന്ധിപ്പിച്ച് കേരള സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ പ്രശംസ പിടിച്ചുപറ്റി. പ്രശംസ ലഭിച്ചുവോ ഇല്ലയോ എന്നതിനപ്പുറത്ത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ അതുവഹിച്ച പങ്ക് നിര്‍ണായകവും നേതൃത്വപരവുമാണ്.
കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ കേരളത്തെ ആ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ അഭിവാദ്യം ചെയ്തു. എന്നാല്‍ പിന്നീട് നാം കാണുന്നത്, ഒരു തെരഞ്ഞെടുപ്പിലേക്ക് കടന്നുവരുമ്പോള്‍ മുമ്പ് കേരള സര്‍ക്കാറിനെ പ്രശംസിച്ചവരുള്‍പ്പെടെ ഒരു ചെറിയവിഭാഗം ചുവടുമാറി ചവിട്ടുന്നു എന്നതാണ്. ഏറെ പ്രശംസിക്കപ്പെട്ട ഒരു സര്‍ക്കാര്‍, പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്ക് താങ്ങും തണലും കരുതലുമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍, പട്ടിണി കിടക്കുന്ന അവസ്ഥ സംസ്ഥാനത്ത് ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സര്‍ക്കാര്‍, ആ സര്‍ക്കാര്‍ തുടരണമെന്നാണ് ജനാധിപത്യവാദികളൊക്കെയും അനിവാര്യമായും ആഗ്രഹിക്കുക. എന്നാല്‍ കേരള സര്‍ക്കാറിന്റെ പ്രതിസന്ധിഘട്ടത്തിലെ ഇടപെടലുകളെയും അതിന്റെ ജനക്ഷേമകരമായ നടപടികളേയും ഹൃദയപൂര്‍വം പിന്തുണച്ചവരില്‍ ഒരുവിഭാഗം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിചിത്രമായൊരു വാദം മുന്നോട്ടുവെക്കുന്നതാണ് കാണുന്നത്. അതായത്; തുടര്‍ച്ച അഹങ്കാരമുണ്ടാക്കും, അത് ജനാധിപത്യപരമല്ല എന്നാണവര്‍ പറയുന്നത്. അഹങ്കാരം ജനാധിപത്യപരമല്ല എന്നത് ആര്‍ക്കും അംഗീകരിക്കാവുന്ന ആശയമാണ്. എന്നാല്‍ തുടര്‍ച്ച ജനാധിപത്യവിരുദ്ധമാണ് എന്ന ആശയമോ? കേരളം നിരവധി തെരഞ്ഞെടുപ്പുകള്‍ കണ്ടിട്ടുണ്ട്, ഇന്ത്യയും. പക്ഷേ ഒരു കാലത്തും ഇത്തരമൊരാശയം അവതരിപ്പിക്കപ്പെടുകയുണ്ടായില്ല. പെട്ടെന്ന് ഇത്തരമൊരാശയം ആകാശത്തുനിന്ന് പൊട്ടിവീണതല്ല, ഭൂമിയില്‍ നിന്ന് മുളച്ചുവന്നതുമല്ല.
അതിന് വസ്തുനിഷ്ഠമായ ഒരടിത്തറയുണ്ട്. ഇന്ത്യയിലുടനീളം വളര്‍ന്നുകൊണ്ടിരിക്കുന്ന ഭയപ്പെടുത്തുന്ന ഒരവസ്ഥയുണ്ട്, ആ അവസ്ഥയെ പ്രതിരോധിക്കുന്ന ഫാസിസത്തിന് ബദലായി കേരളം മാറിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ കേരളം പൊളിക്കുകയെന്ന അജണ്ട പല നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രത്യക്ഷത്തില്‍ പങ്കെടുക്കാന്‍ ഒരുവിധേയനും സന്നദ്ധരല്ലാത്തവര്‍ പോലും പലതരം പ്രചാരണങ്ങളില്‍ ഇടറിപ്പോകുന്നുണ്ട്. ജനാധിപത്യം ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പെടെന്താണ്? കൊള്ളാവുന്ന ഒരു കാര്യം തുടരണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്, കൊള്ളരുതാത്ത ഒരു കാര്യം തുടരരുത് എന്നും. മറ്റൊരര്‍ത്ഥത്തില്‍, മൂര്‍ത്തമായിട്ടാണ് ഒരു കാര്യത്തോട് ജനാധിപത്യം പ്രതികരിക്കേണ്ടത്. എന്നാല്‍ വളരെ അമൂര്‍ത്തമായ ചില ആശയങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ അടിത്തറ തകര്‍ക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുന്നത്. ചിലരതില്‍ നിഷ്‌കളങ്കമായി പെട്ടുപോകുന്നതാവാം. പക്ഷെ, ആ നിഷ്‌കളങ്കതയ്ക്ക് സമൂഹം വലിയ വില നല്‍കേണ്ടിവരും എന്നത് അവ
ര്‍ വിസ്മരിക്കുകയാണ്.
കേരളം എന്ന വ്യത്യസ്തത
2016ല്‍ ഒബാമ ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശിച്ചപ്പോള്‍ ഒരു അഭിപ്രായപ്രകടനം നടത്തി. ഒരു കവിത പോലെയാണ് ചിലരത് കൊണ്ടാടിയത്. ഒബാമ പറഞ്ഞത്; Death fell from the sky എന്നായിരുന്നു. മരണം ആകാശത്തുനിന്ന് വീണു. സത്യത്തില്‍ അത് കവിതയായിരുന്നില്ല. ചരിത്ര നിഷേധമായിരുന്നു. 1945ല്‍ ഹിരോഷിമയില്‍ നടത്തിയ ക്രൂരമായ നരവേട്ടയുടെ സ്തൂലവും സൂക്ഷ്മവുമായ സത്യത്തെ മറച്ചുവെക്കാനുള്ള ഒരമൂര്‍ത്ത പ്രയോഗമായിരുന്നു അത്. ആകാശത്തുനിന്ന് മരണമറ്റുവീഴുകയായിരുന്നില്ല, മറിച്ച, മരണം വിതക്കുകയായിരുന്നു.
യുദ്ധത്തില്‍ തോറ്റുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തെ തകര്‍ക്കാന്‍ ഏറ്റവും വിധ്വംസകമായ ആയുധം ഉപയോഗിക്കുകയായിരുന്നു. Death fell from the sky എന്ന പ്രയോഗം ഓര്‍ക്കാനുള്ള അടിസ്ഥാന കാരണം; കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ ഇടപെടലുകളെ, ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ്. കോര്‍പ്പറേറ്റ് അജണ്ടയില്‍ നിന്ന് വ്യത്യസ്തമായതും അതിനെ വെല്ലുവിളിക്കുന്നതും അതിനെ പൊളിക്കുന്നതുമായ ജനക്ഷേമപദ്ധതിയാണ് കേരളത്തിലേത്. ഇന്ത്യയിലെ സര്‍ക്കാര്‍ അംബാനിക്കും അദാനിക്കും ബാബാ രാംദേവിനും ഇന്ത്യന്‍ സമ്പത്ത് കൈമാറുമ്പോള്‍, പൊതുമേഖലകളെല്ലാം വിറ്റ് തുലയ്ക്കുമ്പോള്‍, റെയില്‍വേ സ്റ്റേഷനും തുറമുഖങ്ങളും ഉള്‍പ്പെടെ പൊതുജീവിതത്തിന്റെ പ്രകാശപൂര്‍ണമായ എല്ലാ സ്ഥാപനങ്ങളെയും തകര്‍ക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ കോര്‍പ്പറേറ്റ് വിരുദ്ധമായ ഒരു വികസന പ്രവര്‍ത്തനമാണ് നടക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍, കേരളം അതിന്റെ സമ്പത്ത് നല്‍കുന്നത് ഏതെങ്കിലും കുത്തക കമ്പനിക്കല്ല; മറിച്ച് ജനങ്ങള്‍ക്കാണ്. ഈ വ്യത്യാസം വേര്‍തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് കോര്‍പ്പറേറ്റ് വികസന കാഴ്ചപ്പാടിന് ബദലായ രാഷ്ട്രീയ പ്രബുദ്ധമായ വികസന കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെക്കുന്നത്.
അതോടൊപ്പം പരമപ്രധാനമാണ്, ഉറച്ച നിലപാടുകളോടെയുള്ള പ്രസ്താവനകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ച ഒരു കാര്യം; കേരളത്തില്‍ പൗരത്വനിയമം നടപ്പിലാക്കില്ല എന്നാണ്. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ പലരീതിയില്‍ പലസമയത്ത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെയും ഇടതുപക്ഷ മനസിനെയും മതേതരത്വത്തെയും ഭയപ്പെടുത്തുംവിധം പലതരം ഭീഷണികള്‍ പ്രയോഗിച്ചു. ‘തെരഞ്ഞെടുപ്പ് കഴിയട്ടെ' എന്ന അമിത് ഷായുടെ ഭീഷണി തുടരുകയാണ്. അത്തരം ഭീഷണികള്‍ ജനാധിപത്യത്തെ മുറിവേല്‍പ്പിക്കും. അത് അഹങ്കാരമാണ്. അത് അനുവദിക്കാന്‍ പാടില്ല. എന്നാല്‍ കൊള്ളാവുന്ന ഒരു കാര്യം തുടരണമെന്ന് ധീരമായി പറയുന്നതാണ് തീര്‍ച്ചയായും ജനാധിപത്യത്തിന്റെ ഉള്ളടക്കമായി തീരേണ്ടത്.
തുടര്‍ഭരണം: ഒരു അജണ്ട പ്രവര്‍ത്തിക്കുന്നു
അതുകൊണ്ട് ഒരിടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനവും ആഹ്ലാവും ആവേശവുമാണ് അനുഭവപ്പെടുന്നത്. നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. അതിലൊന്ന് വേണ്ടത്ര പ്രചാരം കിട്ടാതെപോയ, എന്നാല്‍ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട് എന്ന് നമ്മള്‍ ആഴത്തില്‍ തിരിച്ചറിയേണ്ട ഒരു കാര്യമാണ്; അത് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ അധ്വാനശ്രേഷ്ഠ അവാര്‍ഡാണ്. എല്ലാ അവാര്‍ഡുകള്‍ക്കും സാധ്യതയും പരിമിതിയുമുണ്ട്. എന്നാല്‍ അധ്വാനശ്രേഷ്ഠ അവാര്‍ഡ് എന്ന പരികല്‍പ്പനക്ക് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ വമ്പിച്ച പ്രാധാന്യമുണ്ട്. കാരണം മാനവികമൂല്യങ്ങള്‍ക്കുമുകളില്‍ മൂലധനത്തിന്റെ കൊടിപറക്കുന്ന ഒരു കാലത്ത് ആ മൂല്യത്തിന്റെ ഉറവിടമായ അധ്വാനത്തെ ആദരിക്കേണ്ടതുണ്ട്. കല്ലുവെട്ടുന്നവരുടെയും തെങ്ങില്‍ കയറുന്നവരുടെയും പീടിക കച്ചോടം നടത്തുന്നവരുടെയും പലവിധ അധ്വാന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവരുടെയും അധ്വാനം ആദരിക്കപ്പെടേണ്ടതുണ്ട്.
അതോടൊപ്പം ചേര്‍ത്തുവെക്കേണ്ട ഒരു കാര്യമുണ്ട്. ഭയരഹിതമായി സൗഹൃദാന്തരീക്ഷത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും- ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മതമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വിവിധ ജാതിയില്‍പ്പെട്ടവര്‍ക്കും ഒരു ജാതിയിലും പെടാത്തവര്‍ക്കും സൗഹൃദത്തോടെയും സുരക്ഷിതത്വത്തോടെയും സംവാദാത്മകമായി ജീവിക്കാന്‍ കഴിയുന്ന പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ് എന്ന വസ്തുത ആര്‍ക്കും തള്ളിക്കളയാനാവില്ല. അങ്ങനെ കേരളം മാറുന്നുവെന്നുതുകൊണ്ടാണ് ആ മാറ്റത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ചില ചെറിയ കാര്യങ്ങള്‍ പോലും കേരളത്തില്‍ വലിയ സംവാദമായി തീരുന്നത്. പല സംസ്ഥാനങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത് ഒരിക്കലും ജനാധിപത്യത്തില്‍ പ്രതീക്ഷിക്കാനാവാത്ത ഭീകരതകളാണ്. ദാഹിച്ച് ഒരു ക്ഷേത്രക്കുളത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഉത്തര്‍പ്രദേശില്‍ ആസിഫ് എന്ന ബാലന് നേരിടേണ്ടിവന്നത് ക്രൂരമര്‍ദ്ദനമാണ്. അത് ന്യായീകരിക്കപ്പെടുകയാണ്. ഈയടുത്ത ദിവസം കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രം ഊരിവെച്ച് യാത്ര ചെയ്യേണ്ടിവന്നു ട്രെയിനില്‍. ഇതെല്ലാം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും എതിരായ മനുഷ്യവിരുദ്ധമായ കാര്യങ്ങളാണ്.
കേരളത്തിന് പുറത്തുള്ള ഇത്തരം അവസ്ഥകളെ വച്ചുകൊണ്ട്, കേരളം വേറിട്ടൊരു മാതൃകയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നുപറയാം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ഏറ്റവും വലിയ പേടി സ്വപ്നം കേരളമാണ്. കേരളം പൊളിക്കുകയെന്നതിനെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അല്ലെങ്കില്‍ ഇടതുപക്ഷമുന്നണിയെ അല്ലെങ്കില്‍ കേരളത്തിലെ സര്‍ക്കാറിനെ പൊളിക്കുകയെന്ന പരിമിതിമായ അര്‍ത്ഥത്തില്‍ മലയാളി സമൂഹം കാണുകയാണെങ്കില്‍ അതിന് ഗുരുതര പ്രത്യാഘാതമുണ്ടാകും. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഒരു പാര്‍ട്ടിയിലും പെടാത്തവരും പലരീതിയില്‍ നടത്തിയ ഇടപെടലുകള്‍ ആധുനിക കേരള നിര്‍മിതിയില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നംഗീകരിച്ചുകൊണ്ടുതന്നെ നമുക്ക് പറയാം, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അത്തരം ജനാധിപത്യ- മതനിരപേക്ഷ കാഴ്ചപ്പാടുകളെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇന്ത്യക്കാകെ മാതൃകയായിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് ഈ സര്‍ക്കാര്‍ തുടരണമെന്നു പറയുന്നത് മതനിരപേക്ഷതയും മാനവികതയും തുടരണം എന്ന് പറയുന്നതിന് തുല്യമാണ്. മതനിരപേക്ഷതയും മാനവികതയും തുടരുന്നത് ഏതെങ്കിലും തരത്തില്‍ കേരളത്തിന് അപകടമുണ്ടാക്കും എന്ന് ആത്മാര്‍ത്ഥമായി കരുതുന്നവര്‍ എന്തുകൊണ്ടാണത് അപകടമാവുന്നത് എന്ന് വിശദീകരിക്കേണ്ടതുണ്ട്. ഫാസിസ്റ്റുകള്‍ തുടരുന്നത് തീര്‍ച്ചയായും ജനാധിപത്യത്തെ സംബന്ധിച്ചും അതിന്റെ മൂല്യങ്ങളെ സംബന്ധിച്ചും ഭയപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ ഫാസിസത്തെയും കോര്‍പ്പറേറ്റ് കാഴ്ചപ്പാടുകളെയും എതിരിടുന്ന, ചെറുക്കുന്ന ഒരു ചുവടുവെപ്പ് തീര്‍ച്ചയായും ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. അതിനുപകരം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ തുടര്‍ഭരണത്തെ ജനാധിപത്യവിരുദ്ധതയായി അവതരിപ്പിക്കുന്ന പ്രവണത എങ്ങനെയാണ് രൂപപ്പെടുന്നത്? അത് ഒരത്ഭുതമല്ല. അതിന്റെ പിന്നില്‍ പ്രച്ഛന്നമായ ഒരു കാര്യപരിപാടി, അജണ്ട പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും സംഘ്പരിവാര്‍ അജണ്ടയ്ക്ക് ഏതെങ്കിലും തരത്തില്‍ മേല്‍ക്കൈ കിട്ടുന്നു എന്ന അജണ്ടയാണത്. മറ്റുസ്ഥലങ്ങളില്‍ സംഘപരിവാര്‍ വിജയിക്കുമോ ഇല്ലയോ എന്നത് തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മാത്രം വ്യക്തമാകുന്ന കാര്യമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനുമുമ്പുതന്നെ സാമാന്യബോധത്തില്‍ അവരുടെ സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തിലവര്‍ക്ക് ആ വിധം സീറ്റ് ഉറപ്പിക്കാനാവുന്നില്ല. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമോ ഇല്ലയോ എന്നതിനപ്പുറം അവര്‍ക്ക് ജനമനസില്‍ സീറ്റു കിട്ടുന്നില്ല. അതിന്റെ കാരണം കേരളത്തിന്റെ മതനിരപേക്ഷതയാണ്. ആ മതനിരപേക്ഷതയ്ക്ക് നേതൃത്വം നല്‍കുന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്.
തുടരേണ്ടതും തുടരേണ്ടതല്ലാത്തതും
അധ്വാനശ്രേഷ്ഠ അവാര്‍ഡിനെക്കുറിച്ചു പറഞ്ഞതുപോലെ ഒന്നാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഓപ്പണ്‍ സര്‍വകലാശാല. അതിനെ കേരളത്തിലെ നിരവധി സര്‍വകലാശാലകളില്‍ ഒരു സര്‍വകലാശാലയായല്ല, മറിച്ച് എല്ലാ സര്‍വകലാശാലകള്‍ക്കും അതോടൊപ്പം കേരളീയ ജീവിതത്തിനും നേതൃത്വം നല്‍കുന്ന ഒരു മൂല്യബോധത്തിന്റെ, ജാതിക്കും മതത്തിനുമപ്പുറത്ത് നമ്മള്‍ മനുഷ്യരാണ് എന്ന് അമര്‍ത്തിപ്പറയുന്ന ഒരു കാഴ്ചപ്പാടിന്റെ സ്രോതസ്സ് എന്ന അര്‍ത്ഥത്തിലാണ് കാണേണ്ടത്. നമുക്ക് അറിയാവുന്നതുപോലെ ചരിത്രം അട്ടിമറിക്കുന്നതിന്റെ ഭാഗമായി സംഘ്പരിവാര്‍ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റിക്കൊണ്ടിരിക്കുകായണ്. കേരളത്തിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
പക്ഷെ ആ മാറ്റം തുടരേണ്ട ഒന്നാണ്. ഉദാഹരണമായി, തിരുവനന്തപുരത്തുള്ള, വിക്ടോറിയ രാജ്ഞിയുടെ സ്മരണകള്‍ ത്രസിക്കുന്ന വിക്ടോറിയ ജൂബിലി ഹാള്‍ എന്ന ടൗണ്‍ ഹാള്‍ കേരളത്തിന്റെ സ്പാര്‍ട്ടക്കസ് എന്നു വിളിക്കേണ്ട അയ്യങ്കാളിയുടെ പേരില്‍ മഹാത്മാ അയ്യങ്കാളി ഹാള്‍ എന്നു മാറുമ്പോള്‍ അത് തുടരേണ്ട മാറ്റമാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ മുഗള്‍ സലായി എന്ന റെയില്‍വേ സ്റ്റേഷന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ അറിയപ്പെടുമ്പോള്‍ അത് തുടരേണ്ടതല്ല. തിരുവനന്തപുരത്തെ ബയോടെക്നോളജി സെന്റര്‍ ഗോള്‍വാള്‍ക്കറുടെ പേരില്‍ അറിയപ്പെടണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ അത് തുടരേണ്ടതല്ല. തുടരേണ്ടത് ഏത്, തുടരാന്‍ പാടില്ലാത്തത് ഏത് എന്ന തിരിച്ചറിവ് ഒരു സന്ദര്‍ഭത്തിലും ജനാധിപത്യ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ക്ക് നഷ്ടപ്പെടാന്‍ പാടില്ല.
ചരിത്രം അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘ്പരിവാര്‍ രൂപംകൊണ്ട കാലം മുതല്‍ ആരംഭിച്ചിട്ടുണ്ട്. അവരുടെ കൃതികള്‍ അതിന് തെളിവാണ്. 1960കളില്‍ പുരുഷോത്തം നാഗേഷ് ഓക്ക് എന്ന സംഘ്പരിവാര്‍ ചരിത്രകാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീറൈറ്റിങ് ഇന്ത്യന്‍ ഹിസ്റ്ററി എന്ന പേരില്‍ ഇന്ത്യന്‍ ചരിത്രം തിരുത്തിയെഴുതാന്‍ ഒരു സ്ഥാപനം ആരംഭിച്ചിരുന്നു. അദ്ദേഹം താജ്മഹല്‍ അടക്കമുള്ള സ്ഥാപനങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് മനുഷ്യര്‍ ചിരിക്കുകയാണ്. പി.എന്‍. ഓക്കിന്റെ ചരിത്രമെഴുത്തിനെ ഒരു ഹാസ്യ രചനയായിട്ടാണ് അന്ന് നാം കണ്ടത്. എന്നാല്‍ 2021ല്‍ ആ കാര്യങ്ങള്‍ ഗൗരവമായി തീരുകയാണ്. എന്തിനധികം, കേരളത്തെ ആധുനിക കേരളമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പുന്നപ്ര വയലാറിലെ സമരമടക്കം, 1921ലെ മലബാര്‍ വിപ്ലവത്തെയടക്കം, അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു.
ഈയടുത്താണ് പുന്നപ്ര വയലാറിലെ രക്തസാക്ഷി സ്മരണകളെ മലിനമാക്കാനുള്ള ആസൂത്രിത ശ്രമം നടന്നത്. ഇതൊക്കെ എന്തിനുവേണ്ടിയാണ്. കൃത്യമാണ്, പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമല്ല, അതിനപ്പുറത്ത് കേരളത്തിന്റെ പ്രബുദ്ധതയെ പരിഹസിക്കുകയെന്നതും കേരളത്തില്‍ രൂപപ്പെട്ടുവരുന്ന ബദലിനെ തകര്‍ക്കുകയെന്നതും ലക്ഷ്യമാണ്. സംസ്‌കാരിക വിമര്‍ശകനായ ഓമനക്കുട്ടന്‍ മാഷ് വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ഒരു പ്രബന്ധത്തില്‍ പറയുന്നുണ്ട്, കേരളത്തനിമയുടെ അടയാളമായി ഉയര്‍ത്തിപ്പിടിക്കേണ്ടത് പുന്നപ്ര വയലാറിലെ വാരിക്കുന്തമാണ് എന്ന്. ഒരുപക്ഷെ നമുക്കിന്ന് അതിന്റെ കൂടെ പലതും ചേര്‍ക്കാന്‍ പറ്റും. അതിലൊന്ന് അയ്യങ്കാളിയുടെ വില്ലുവണ്ടിയാണ്. അതുകൊണ്ട് കേരളത്തെ സംബന്ധിച്ച് മതനിരപേക്ഷതയുടെ കാവല്‍കേന്ദ്രം എന്ന അര്‍ത്ഥത്തില്‍ പലതരം വിമര്‍ശനങ്ങളുന്നയിക്കാന്‍ കഴിയും. വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടേണ്ടതുണ്ട്. പക്ഷേ അങ്ങനെ വിമര്‍ശനം ഉന്നയിക്കുമ്പോഴും ചില കാര്യങ്ങള്‍ നമ്മുടെ ഓര്‍മയിലുണ്ടാകേണ്ടതുണ്ട്.
ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനുളള നിരന്തര ശ്രമം മുമ്പേ ആരംഭിച്ചതാണ്. കൃഷ്ണപ്പിള്ളയുടെ വീര്യം നഷ്ടപ്പെട്ട പാര്‍ട്ടി, ഇ.എം.എസിന്റെ ബുദ്ധി നഷ്ടപ്പെട്ട പാര്‍ട്ടി, എ.കെ.ജിയുടെ ഊര്‍ജം നഷ്ടപ്പെട്ട പാര്‍ട്ടി, പിണറായി വിജയന്റെ തോക്കിന്റെ മുമ്പില്‍ തളര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടി എന്നൊക്കെയുള്ള ആശയങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതെല്ലാം അപ്രസക്തമാണ് എന്നും അതിനെ കേരളീയസമൂഹം വിലമതിക്കുന്നില്ലെന്നും നിരന്തരം തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനിയും തുടരേണ്ടതുണ്ട്. അത് തുടരും എന്നതാണ് ഫാസിസ്റ്റുകളെ ഭയപ്പെടുത്തുന്നത്. അവരുടെ ഭയം എളുപ്പം മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ മതനിരപേക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്ന മനുഷ്യര്‍, തുടര്‍ഭരണം അഹങ്കാരമുണ്ടാക്കും എന്ന് പറയുമ്പോള്‍ അത് ആഴത്തില്‍ അപനിര്‍മിക്കപ്പെടേണ്ടതുണ്ട്. പല സാംസ്‌കാരിക വിമര്‍ശകരും ചൂണ്ടിക്കാണിച്ചപോലെ അത് ജാതിമേല്‍ക്കോയ്മയുടെ ഒരു ആശയാവിഷ്‌കാര രൂപമാണ്. അടിത്തട്ടിലെ മനുഷ്യര്‍ അവരുടെ പ്രയത്നംകൊണ്ട് സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ന്നുവരുമ്പോള്‍ അവരെ ഒന്ന് തളര്‍ത്താന്‍ അവര്‍ക്ക് അഹങ്കാരമുണ്ട്, നീയൊന്നും അഹങ്കരിക്കേണ്ട എന്നു പറയുന്ന ആ പറച്ചില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെതിരെ പ്രയോഗിക്കുമ്പോള്‍ ആ പ്രയോഗം നടത്തുന്ന സുഹൃത്തുക്കള്‍ സ്വയംവിമര്‍ശനം നിര്‍വഹിക്കേണ്ടതുണ്ട്.
അതോടൊപ്പം, മറ്റൊരു കാര്യം കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. കേരളത്തിനു വെളിയില്‍ ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും ദരിദ്രരുമെല്ലാം അവഹേളനങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ ഏറ്റവും അഭിമാനകരമായി ഞാന്‍ അനുഭവിച്ച ഒരു കാര്യം കോവിഡ് കാലത്തും പ്രളയകാലത്തും ജീവിതം പ്രതിസന്ധിയിലായ ഭൂരിപക്ഷം മനുഷ്യര്‍ക്കുമുമ്പില്‍ സൗജന്യ പൊതുഭക്ഷണശാല തുറന്നുവെച്ച് പട്ടിണി അകറ്റിനിര്‍ത്തിയതാണ്. അത്ഭുതകരമായി തോന്നിയ കാര്യം, പല സ്ഥലത്തും പൊതുഭക്ഷണശാല പൂട്ടേണ്ടി വന്നുവെന്നതാണ്. കാരണം കേരളത്തില്‍ അത്തരം ഒരവസ്ഥ എല്ലായിടത്തുമില്ല.
ഈയൊരു സാഹചര്യത്തിലാണ് നാല് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നത്. ഒരു ജനതയുടെ ജീവിതത്തെയും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സജീവവും സൂക്ഷ്മവും സര്‍ഗാത്മകവും ആക്കുന്ന നാല് പ്രയോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് പ്രിയം ആണ്. നമ്മുടെ പ്രഭാഷണങ്ങളും കത്തുകളും ഒക്കെ ആരംഭിക്കുന്നത് ഈയൊരു സംബോധനയോടെയാണ്. അത് സത്യത്തില്‍ യാദൃച്ഛികമല്ല, ഇന്നത് ഔപചാരികമായ ഒരാചാരം പാലെ അനുഭവപ്പെടുന്നുണ്ടെങ്കിലും. അതിനടിയില്‍ വലിയൊരു തത്വമുണ്ട്. അതുപോലെ തന്നെ മറ്റൊരു പ്രയോഗമാണ് പൊതു എന്നത്. പൊതു ചേര്‍ത്ത ധാരാളം പ്രയോഗങ്ങള്‍ നമുക്ക് സുപരിചിതമാണ്. അതുപോലെ സഹ- സഹകരണം, ഉള്‍പ്പെടെ സഹ ചര്‍ത്തുള്ള നിരവധി പ്രയോഗങ്ങള്‍. ബഹു ചേര്‍ത്തുള്ള പ്രയോഗങ്ങള്‍- ബഹുമാനപ്പെട്ട. പ്രിയപ്പെട്ട, പൊതുവായ, സഹകരണത്തെ സൂചിപ്പിക്കുന്ന, ബഹുമാനപ്പെട്ട...ഇവയെല്ലാം വെറും ഔപചാരിക പ്രയോഗങ്ങളല്ല, ഓരോന്നിന്റെ പിറകിലും വലിയ തത്വം പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രിയം എന്നു പറഞ്ഞാലെന്താണ്? 'പ്രിയമൊരു ജാതി' എന്ന അതിമഹത്തായ ആശയം മുന്നോട്ടുവെച്ച് ശ്രീനാരായണ ഗുരു നമ്മളെ ഐക്യപ്പെടുത്തുന്നു. ആ പ്രിയമാകട്ടെ ഏതെങ്കിലും മതത്തില്‍ വിശ്വസിച്ചും വിശ്വസിക്കാതെയും നിങ്ങള്‍ക്ക് രൂപപ്പെടുത്തിയെടുക്കാവുന്നതാണ്. ആ പ്രിയം രൂപപ്പെടുത്തിയെടുക്കാനാവുന്നില്ലെങ്കില്‍ മറ്റെന്തുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല എന്ന അതിമഹത്തായ തത്വം പ്രിയത്തിലുണ്ട്. ബ്രഹ്ത്തിന്റെ പ്രസിദ്ധമായ പ്രയോഗം കടമെടുത്താല്‍; ജീവികള്‍ക്കൊക്കെയും വേണമല്ലോ മറ്റു ജീവികളുടെ സഹായം- എന്നാല്‍ ഈ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും മണ്ണാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ കൊത്തിക്കിളക്കുന്നത്. അതില്‍ നിന്ന് ഒരു ളിരുപോലും വിരിഞ്ഞുവരാന്‍ അനുവദിക്കുകയില്ലെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ അവസ്ഥ സംഗ്രഹിച്ച് വയനാട്ടിലെ ഹാരിസ് മാനന്തവാടി എഴുതിയ ഒരു കഥ ഓര്‍മിക്കാം. 'കഥകഴിഞ്ഞു' എന്നാണ് ആ കഥയുടെ പേര്: 'ഒരിടത്തൊരാള്‍ ഉണ്ടായിരുന്നു. അയാള്‍ ചോറും ബീഫും കഴിച്ചു. കഥകഴിഞ്ഞു.' ഈ കഥയിലൂടെ ഹാരിസ് എന്ന യുവകഥാകൃത്ത് ആവിഷ്‌കരിക്കുന്നത് ഇന്ത്യന്‍ അവസ്ഥയുടെ പിടയുന്നൊരു നടുമുറിയാണ്. എന്നാല്‍ കേരളത്തിന്റെ അവസ്ഥയില്‍ നമുക്ക് ഏതുതരം ജനാധിപത്യ ജീവിതവും സാധ്യമാണ്. മാത്രമല്ല കേന്ദ്രത്തിന്റെ അലര്‍ച്ചകളെ നിവര്‍ന്നുനിന്ന് നേരിടുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനമേത് എന്ന് നാളെ ഏതെങ്കിലും പരീക്ഷാ കടലാസില്‍ ഒരു ചോദ്യമായി വന്നാല്‍ ഒറ്റ ഉത്തരമേയുണ്ടാവൂ. നാളിതുവരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇവ്വിധം ഒരു സംസ്ഥാനം കേന്ദ്രത്തിന്റെ ഇടപെടലില്‍ ജനാധിപത്യവിരുദ്ധമായ ആക്രമണത്തിന് വിധേയമായിട്ടില്ല. അപ്പോഴും പതറാതെ ഫാസിസത്തിനു മുമ്പില്‍ നിവര്‍ന്നുനിന്ന് ഈ വെരട്ടല്‍ കേരളത്തില്‍ അനുവദിക്കുകയില്ല എന്ന് പ്രഖ്യാപിക്കാന്‍ കഴിയുന്നുവെന്നത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ, ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന മാതൃകയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കേരളം എന്നത് ഇന്ന് ഇന്ത്യയിലെ ഇരുപത്തെട്ട് സംസ്ഥാനങ്ങളില്‍ ഒരു സംസ്ഥാനം എന്ന നിലയിലല്ല, മറിച്ച് ഇന്ത്യയിലെ 27 സംസ്ഥാനങ്ങള്‍ക്കും മാതൃകയായി, ഇന്ത്യയിലെ ബഹിഷ്‌കൃതരുടെ ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിയും. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം എന്നത് അത് നിര്‍വഹിച്ച ജനാധിപത്യ- മതനിരപേക്ഷ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനും അനിവാര്യമാണ്. ആ അനിവാര്യത കേരളത്തില്‍ സംഭവിക്കുന്നു എന്നത് കേന്ദ്രത്തിലെ സംഘപരിവാര്‍ ശക്തികളെയും അതോടൊപ്പം കോര്‍പ്പറേറ്റുകളെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പലതരം നുണപ്രചാരണങ്ങള്‍ അവര്‍ നിരന്തരം നിര്‍വഹിക്കുന്നത്.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെതിരെ കാര്യമാത്ര പ്രസക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ തുടരരുത് എന്ന് വാദിക്കാനും പ്രചരിപ്പിക്കാനുമുള്ള സര്‍വ സ്വാതന്ത്ര്യവും സാമൂഹിക- സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ക്കുമുണ്ട്. എന്നാല്‍ കൊള്ളാവുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു സര്‍ക്കാര്‍ ആ കൊള്ളാവുന്ന കാര്യങ്ങള്‍ കുറേക്കൂടി സജീവമായി നിര്‍വഹിക്കാന്‍ തുടരേണ്ടതുണ്ട് എന്ന് പറയുന്നതിനുപകരം തുടരാന്‍ പാടില്ല എന്നു പറയുന്നത് അവര്‍ സ്വയം വിമര്‍ശനപരമായി നോക്കിക്കാണേണ്ടതുണ്ട്.
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
സി.പി. ജോൺ
Dec 14, 2022
3 Minute Read
മുഹമ്മദ് അബ്ബാസ്
Oct 29, 2022
6 Minutes Read
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch
മനില സി.മോഹൻ
Oct 22, 2022
4 Minutes Watch
ഷഫീഖ് താമരശ്ശേരി
Oct 20, 2022
10 Minutes Watch