ആഫിക്കൻ ഗാന്ധി കെന്നത്ത് കൗണ്ട

"ഫ്രിക്കൻ ഗാന്ധി' യെന്നറിയപ്പെടുന്ന, ആധുനിക സാംബിയൻ റിപ്പബ്ലിക്കിന്റെ പിതാവ് കെന്നത്ത് കൗണ്ട കഴിഞ്ഞ ദിവസം (ജൂൺ പതിനേഴ് വ്യാഴാഴ്ച) തൊണ്ണൂറ്റി ഏഴാം വയസ്സിൽ ചരിത്രത്തിലേക്ക് മറഞ്ഞു. "മോസി ഓൻ തുയ' അഥവാ ഇടി മുഴക്കുന്ന വെളുത്ത പുക എന്ന് സാംബിയക്കാരും സിംബാബ്‌വേക്കാരും വിളിക്കുന്ന വിക്ടോറിയൻ വെള്ളച്ചാട്ടത്തിൽ പ്രകൃതി അൃശ്യമായ അശ്രുധാര കലർത്തിയാവണം, കഴിഞ്ഞ ദിനങ്ങളിൽ കെന്നത്ത് കൗണ്ടയ്ക്ക് അന്ത്യാഞ്ജലി തൂകിയിട്ടുണ്ടാവുക. നാലു വർഷം മുമ്പത്തെ ഈ ലേഖകന്റെ ഒരു സാംബിയൻ യാത്രക്കിടെ, തലസ്ഥാനമായ ലുസാക്കയിൽ കണ്ട സദ്ദാം സ്ട്രീറ്റിനെക്കുറിച്ച് പറഞ്ഞാവാം കെന്നത്ത് കൗണ്ടയെ അനുസ്മരിച്ചു തുടങ്ങേണ്ടതെന്നു തോന്നുന്നു.

സ്വർണനഗരം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്ന് ഒന്നര മണിക്കൂർ വ്യോമയാത്രയ്ക്കുശേഷം ബോട്‌സ്വാന റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഗാബറോണിലിറങ്ങിയതും നാലു നാൾക്കുശേഷം സാംബിയ ലക്ഷ്യമാക്കി പോയതും അന്നത്തെ ആഫ്രിക്കൻ യാത്രയിലെ അവിസ്മരണീയാനുഭവമായിരുന്നു. ബോട്സ്വാനയിലെ മൂന്നാമത്തെ വലിയ നഗരമായ കസാനെയിലെ കസാംഗുള ഫെറിയിൽ നിന്ന് കൂറ്റൻ ചങ്ങാടത്തിലാണ് ഞാനും സുഹൃത്ത് റഷീദും സാംബിയയിലേക്ക് പോയത്.

മുസാഫിറും സാംബിയൻ സുഹൃത്തും ലിവിങ്സ്റ്റണിൽ

റൊഡേഷ്യയെക്കുറിച്ചും (പഴയ സിംബാബ്വെ) അവിടത്തെ ഭരണാധിപൻ
ഇയാൻ സ്മിത്തിനെക്കുറിച്ചും പ്രീഡിഗ്രിക്കാലത്ത് ഞാനൊരു പൊട്ടക്കവിതയെഴുതിയത് നവയുഗം വാരിക പ്രസിദ്ധീകരിച്ചിരുന്നു.

"സാലിസ്ബറിയിലും ചുവന്ന പൂക്കൾ വിരിയും' എന്നായിരുന്നു കവിതയുടെ തലക്കെട്ട്. സി.പി.ഐ ഓഫീസിൽ തപാലിൽ വന്ന ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ ഒരു വാരികയായിരുന്നു ആ കവിതയെഴുതാൻ പ്രചോദനമായത്. വർഷങ്ങൾക്കു ശേഷം, സാംബെസി എന്ന് പേരുള്ള നദിയ്ക്ക് കുറുകെ സാംബിയയിലേക്ക് നീങ്ങുന്ന ചങ്ങാടത്തിലിരുന്ന എനിക്ക് അക്കരെ റൊഡേഷ്യയുടെയും പഴയ സാലിസ്ബറിയുടേയും ദൂരക്കാഴ്ചകൾ നൽകിയ വിസ്മയം ചെറുതായിരുന്നില്ല. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേർപ്പെട്ട കെന്നത്ത് കൗണ്ടയേയും ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് നേതാക്കളേയും തടവിലിട്ടത്, സാലിസ്ബറി പ്രഭുവിന്റെ പേരിലുള്ള നഗരത്തിലെ ജയിലിലായിരുന്നു. സാംബിയൻ പതാക പാറുന്ന ചങ്ങാടത്തിൽ വാഹനങ്ങൾക്കും ആൾക്കൂട്ടത്തിനുമിടയിലിരിക്കുമ്പോഴും സാംബിയയിലെ ലിവിംഗ്‌സറ്റൺ നഗരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചായിരുന്നു ഞങ്ങളുടെ ആതിഥേയൻ നിർത്താതെ സംസാരിച്ചത്. നാൽപത് കിലോമീറ്റർ അകലം വരെ വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഭീകരാരവമുയരുമത്രേ.

വിക്ടോറിയ വെള്ളച്ചാട്ടം / Photo: pixabay

സ്‌കോട്ടുലാന്റുകാരനായ മതപ്രചാരകൻ ഡേവിഡ് ലിവിംഗ്‌സ്റ്റണാണ് 1855 ൽ ഈ വെള്ളച്ചാട്ടത്തിന്റെ മുഴക്കം ആദ്യം കേട്ടത്. 400 മീറ്റർ ഉയരവും 20 കിലോമീറ്റർ നീളവുമുള്ള ഈ വെള്ളച്ചാട്ടം കണ്ടുപിടിച്ചതും അദ്ദേഹം തന്നെ. ലിവിംഗ്സ്റ്റൺ നഗരത്തിൽ നിന്ന് ആറര മണിക്കൂർ നീളുന്ന റോഡ് യാത്രക്കിടെയാണ് പലയിടത്തും സദ്ദാം ഹുസൈന്റെ പേരിലുള്ള സ്ട്രീറ്റുകളും കമാനങ്ങളും കണ്ടത്. കെന്നത്ത് കൗണ്ടയുടെ ഉറ്റ തോഴനായിരുന്നു ഇറാഖിന്റെ ഭരണാധിപൻ. സദ്ദാമിനെതിരെ എഴുതിയ ഒബ്‌സർവർ പത്രത്തിന്റെ ദക്ഷിണാഫ്രിക്കൻ ലേഖകൻ ഇറാനിയായ ഫൈസാദ് ബഫോസ്തിനെ നീണ്ടകാല തടവറയിൽ നിന്ന് മോചിപ്പിച്ചത് കെന്നത്ത് കൗണ്ടയുടെ ഒരൊറ്റ ഫോൺവിളിയാണെന്നും കേട്ടിട്ടുണ്ട്.

ഡേവിഡ് ലിവിംഗ്‌സ്റ്റൺ / Photo: Wikimedia Commons

ഉത്തര റൊഡേഷ്യൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്, സാംബിയൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് എന്നിവയിൽ നിന്ന് പിൽക്കാലത്ത് രൂപാന്തരം പ്രാപിച്ച ദേശീയ വിമോചനപ്രസ്ഥാനമായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ കരുത്തുറ്റ പോരാളിയെന്ന നിലയിൽ കെന്നത്ത് കൗണ്ട, ഭൂഖണ്ഡത്തിലാകെ അറിയപ്പെട്ടു. നാഷനൽ ഇൻഡിപെൻഡൻസ് പാർട്ടിയെന്ന, സോവ്യറ്റ് അനുകൂല പ്രസ്ഥാനത്തിന്റേയും ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടേയും (ഒ.എ.യു) സാരഥ്യത്തിലേക്ക് അതിവേഗം ഉയരാനും കൗണ്ടയ്ക്ക് സാധിച്ചു. സാമ്രാജ്യത്വത്തിനെതിരായ പേരാട്ടത്തിൽ ആഫ്രിക്കൻ രാജ്യങ്ങളെ ഏകോപിപ്പിക്കുന്നതിൽ, വീരനായകനായാണ് അദ്ദേഹം ഗണിക്കപ്പെട്ടത്. സ്വതന്ത്ര സാംബിയയുടെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെന്നത്ത് കൗണ്ട, ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ അബ്ദുൽനാസറിനു ശേഷം, ചേരിചേരാ പ്രസ്ഥാനത്തിന്റേയും ഒപ്പം ഒ.എ.യുവിന്റെയും തലപ്പത്തെത്തി (1970-73).

ഒരു സാധാരണ പുരോഹിതന്റേയും പ്രൈമറി സ്‌കൂളധ്യാപികയുടേയും മകനായി ഉത്തര റൊഡേഷ്യയിലെ ലുബ്‌വാ ഗ്രാമത്തിൽ ജനിച്ച കെന്നത്ത് കൗണ്ടയ്ക്ക് രാഷ്ട്രീയത്തിലെന്ന പോലെ, കലയിലും സംഗീതത്തിലും വലിയ അഭിനിവേശമായിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

പാതിരിയായ പിതാവ് പഠിപ്പിച്ച സത്യസന്ധതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെന്ന് പലതവണ തെളിയിക്കപ്പെട്ടു. മാർട്ടിൻ ലൂതർകിംഗുമായി വളരെ അടുപ്പമുണ്ടായിരുന്നു. സാംബിയയുടെ അടിസ്ഥാന വികസനത്തിനായി പല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കിയ കൗണ്ട, വിദ്യാഭ്യാസത്തിനും കൃഷിക്കും വ്യവസായത്തിനും തുല്യപ്രാധാന്യം നൽകി. അൽരാജ്യങ്ങളായ സിംബാബ്‌വേ, നമീബിയ, ബോട്‌സ്വാന എന്നിവിടങ്ങളിലേക്ക് സൗഹാർദ്ദത്തിന്റേയും സൗഭ്രാത്രത്തിന്റേയും പുതിയ പാത തുറന്നു. (കെന്നത്ത് കൗണ്ടയുടെ വിയോഗമറിഞ്ഞ് സാംബിയ 21 ദിവസത്തെ ദു:ഖമാചരിക്കാൻ നിശ്ചയിച്ചപ്പോൾ ഈ അയൽരാജ്യങ്ങളും ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചത് ഈ സൗഹൃദത്തിന്റെ സൂചികയാണ്).

യു.എസ്. സന്ദർശനത്തിനിടെ കെന്നത്ത് കൗണ്ടയെ മുൻ യു.എസ്. പ്രസിഡന്റ് ജെറാൾഡ് ആർ. ഫോർഡ് സ്വീകരിക്കുന്നു. / US National Archive

എച്ച്.ഐ.വി രോഗബാധ ആഫ്രിക്കയിലാകെ പടർന്ന കാലത്ത് രോഗപ്രതിരോധത്തിലും ആരോഗ്യരക്ഷാപ്രവർത്തനത്തിലും ഉദാത്ത മാതൃക കാണിച്ചു ഈ ഭരണാധികാരി. ലോകമെങ്ങും അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രശംസിക്കപ്പെട്ടു. തുടർന്ന് ആഗോള ചാരിറ്റി പ്രസ്ഥാനത്തിലും സാംബിയയുടെ ചുവപ്പും ഓറഞ്ചും പച്ചയും കലർന്ന ദേശീയപതാക ഉയർത്തിപ്പിടിച്ച് കൗണ്ട മുൻനിരയിൽ നിന്നു. വലിയൊരു ഖനനസമ്പത്ത് ഭൂമിക്കടിയിൽ മറഞ്ഞിരിപ്പുള്ള സാംബിയയെ മറ്റ് വികസിത ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം നിർത്താനുള്ള പരിശ്രമങ്ങൾ പക്ഷേ പ്രതീക്ഷിച്ച വിജയം കാണാതെ പോയി. ഇന്ത്യയുടെ ഉറ്റസുഹൃത്തായ കെന്നത്ത്് കൗണ്ട, നിരവധി ഇന്ത്യൻ അധ്യാപകരെ സാംബിയൻ വിദ്യാലയങ്ങളിലേക്ക് റിക്രൂട്ട് ചെയ്തു. നിർമാണത്തൊഴിലാളികളും സാങ്കേതിക വിദഗ്ധരുമായി നിരവധി ഇന്ത്യക്കാർ ഇന്നും സാംബിയയിലുണ്ട്.

മലയാളികളുടെ എണ്ണം പക്ഷേ, താരതമ്യേന ഇവിടെ കുറവാണെന്ന് ഏറെക്കാലമായി ലുസാക്കയിൽ ജോലി നോക്കുന്ന ചോപ്പീസ് സൂപ്പർമാർക്കറ്റ് ജീവനക്കാരനായ കുറവിലങ്ങാട് സ്വദേശി അനിൽ ജോസഫ് ഞങ്ങളോട് പറഞ്ഞതോർക്കുന്നു.
(മൊത്തം കാൽലക്ഷം ഇന്ത്യക്കാരാണ്- സാംബിയൻ പൗരത്വമുള്ളവരുമുണ്ട് ഇക്കൂട്ടത്തിൽ- സാംബിയയിലുള്ളതെന്ന് ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോഴും വ്യക്തമായി).

കെന്നത്ത് കൗണ്ടയും മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും.

1973 ലെ എണ്ണ പ്രതിസന്ധിയാണ് കൗണ്ടയുടെ കൗണ്ട്ഡൗണിനു തുടക്കമായത്. ആഭ്യന്തരപ്രശ്‌നങ്ങൾ രൂക്ഷമായി. പുറത്ത് നിന്നുള്ള കൗണ്ട വിരുദ്ധരാഷ്ട്രനേതാക്കളുടെ പിന്തുണയോടെ, രാഷ്ട്രീയ ശൈഥില്യത്തിന് ആക്കം കൂട്ടാൻ സാംബിയയിലെ പ്രതിവിപ്ലവശക്തികൾക്കായി. 1991 ൽ നടന്ന ബഹുകക്ഷി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിൽ കെന്നത്ത് കൗണ്ട നിഷ്‌കാസിതനാവുകയായിരുന്നു. ഇതേത്തുടർന്ന് ഫ്രെഡറിക് ചിബൂല കൗണ്ടയുടെ പിൻഗാമിയായി അധികാരമേറ്റു. 2015 മുതൽ എഡ്ഗാർ ലുംഗുവാണ് സാംബിയൻ ഭരണാധികാരി.

കൗണ്ടയുടെ ഭാര്യ ബെറ്റി 2012 ൽ അന്തരിച്ചു. എട്ടുകുട്ടികളും 41 പേരക്കുട്ടികളുമായി വിശ്രമജീവിതം നയിക്കുന്നതിനിടെ നാലുനാൾ മുമ്പാണ് കടുത്ത ന്യൂമോണിയയെത്തുടർന്ന് കെന്നത്ത് കൗണ്ടയെ ലുസാക്കയിലെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വ്യാഴാഴ്ച അദ്ദേഹം കണ്ണടച്ചതും. ആഫ്രിക്കൻ സാംബതാളത്തിൽ കൗണ്ടയുയർത്തിയ പ്രചണ്ഡമായ ഒരു മുഴക്കം ഇങ്ങനെ: ഒരൊറ്റ ഹൃദയതാളമായി നമുക്ക് മുന്നേറാം...
സ്ഥിരമായി ധരിക്കാറുള്ള അദ്ദേഹത്തിന്റെ ആകർഷകമായ വേഷത്തിന് സാംബിയയിൽ മാത്രമല്ല, ആഫ്രിക്കയുടെ ദക്ഷിണ മേഖലകളിലാകെ പ്രചാരമേറിയ ഒരു ബ്രാൻഡ്നെയിമുണ്ട്: കൗണ്ട ജാക്കറ്റ്!


Comments