സംസ്ഥാന ചലച്ചിത്ര അവാർഡ് സമഗ്ര റിപ്പോർട്ട്

ഉയർന്ന സാമൂഹിക പദവിയുടെ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന പ്രബലരും സാധാരണ മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളെ കലാമൂല്യവും ജനപ്രിയ ഘടകങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ചിത്രം, അയ്യപ്പനും കോശിയും

Think

രചനാ വിഭാഗം അവാർഡുകൾ

മികച്ച ചലച്ചിത്ര ഗ്രന്ഥം- ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ
ഗ്രന്ഥകർത്താവ്- പി.കെ. സുരേന്ദ്രൻ
(രചയിതാവിന് 30,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ലോക സിനിമയെയും സമകാലിക മലയാള സിനിമയെയും കുറിച്ചുള്ള ലേഖനങ്ങളിലൂടെ മൗലികവും അപഗ്രഥനാത്മകവുമായ ചലച്ചിത്ര നിരൂപണരീതിയുടെ പ്രയോഗത്തിന്.

മികച്ച ചലച്ചിത്ര ലേഖനം-അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ
(സമകാലിക മലയാളം വാരിക)
ലേഖകൻ- ജോൺ സാമുവൽ
(രചയിതാവിന് 20,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മലയാള സിനിമയിലെ ആധുനികതയ്ക്ക് മഹത്തായ സംഭാവന നൽകിയ അടൂർ ഗോപാലകൃഷ്ണന്റെ അഞ്ചു സിനിമകളിലെ നായക കഥാപാത്രസൃഷ്ടിയുടെ ലാവണ്യപരവും സാമൂഹികവും ദൃശ്യപരവുമായ സവിശേഷതകൾ മൗലികമായി വിശകലനം ചെയ്തതിന്.

ചലച്ചിത്ര വിഭാഗം അവാർഡുകൾ

മികച്ച ചിത്രം- ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
സംവിധായകൻ- ജിയോ ബേബി
നിർമ്മാതാവ്- ജോമോൻ ജേക്കബ്,
സജിൻ എസ്. രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ
(നിർമ്മാതാവിന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും,
സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രത്യക്ഷത്തിൽ ഹിംസാത്മകമല്ലാത്ത, നിശ്ശബ്ദമായ ആൺകോയ്മയുടെ നിർദയമായ അധികാരപ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രം.

മികച്ച രണ്ടാമത്തെ ചിത്രം- തിങ്കളാഴ്ച നിശ്ചയം
സംവിധായകൻ- സെന്ന ഹെഗ്‌ഡേ
നിർമ്മാതാവ്- പുഷ്‌കര മല്ലികാർജുനയ്യ
(നിർമ്മാതാവിന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും, സംവിധായകന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
തികച്ചും സാധാരണമായ ജീവിതമുഹൂർത്തങ്ങളുടെ രസകരമായ ആവിഷ്‌കരണത്തിലൂടെ കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ ജനാധിപത്യവത്കരണത്തിനും സ്ത്രീകളുടെ സ്വയംനിർണയാവകാശത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന ചിത്രം.

മികച്ച സംവിധായകൻ- സിദ്ധാർത്ഥ ശിവ
ചിത്രം- എന്നിവർ
(2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ജീവിതത്തിലെ നിർണായകമായ ഒരു പരീക്ഷണഘട്ടത്തെ നേരിടേണ്ടി വരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്പഭദ്രതയോടെ അയത്‌നലളിതമായി ആവിഷ്‌കരിച്ച സംവിധാന മികവിന്

മികച്ച നടൻ- ജയസൂര്യ
ചിത്രം- വെള്ളം: ദി എസൻഷ്യൽ ഡ്രിങ്ക്
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മദ്യപാനാസക്തിയിൽ നിന്ന് വിമുക്തനാവാൻ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിന്.

മികച്ച നടി- അന്ന ബെൻ
ചിത്രം- കപ്പേള
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ജീവിതത്തിൽ നിരവധി വിഷമസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌കരിച്ച പ്രകടന മികവിന്.

മികച്ച സ്വഭാവനടൻ - സുധീഷ്
ചിത്രങ്ങൾ- എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ദയാരഹിതവും ഹിംസാത്മകവുമായ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വേഷം 'എന്നിവരി'ലും തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രം 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്ന ചിത്രത്തിലും അതിഭാവുകത്വമില്ലാതെ സ്വാഭാവികമായി അവതരിപ്പിച്ച പ്രകടന മികവിന്.

മികച്ച സ്വഭാവനടി- ശ്രീരേഖ
ചിത്രം- വെയിൽ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വിധവയായ ഒരു സ്ത്രീയുടെ നിലനിൽപ്പിനുവേണ്ടിയുള്ള ആത്മസമരങ്ങളും ജീവിതദൈന്യതകളും നിസ്സഹായതയും ഹർഷസംഘർഷങ്ങളും തന്മയത്വത്തോടെ ആവിഷ്‌കരിച്ച അഭിനയ മികവിന്.

മികച്ച ബാലതാരം (ആൺ)- നിരഞ്ജൻ എസ്.
ചിത്രം- കാസിമിന്റെ കടൽ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
അനാഥനായ ഒരു ബാലന്റെ ആത്മസംഘർഷങ്ങളെ യഥാതഥമായ രീതിയിൽ അവതരിപ്പിച്ച പ്രകടന മികവിന്.

മികച്ച ബാലതാരം (പെൺ)- അരവ്യ ശർമ്മ (ബാർബി)
ചിത്രം- പ്യാലി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
തെരുവിൽ ജീവിക്കുന്ന ഒരു കുഞ്ഞുബാലികയുടെ സങ്കടങ്ങളും സന്തോഷങ്ങളും ജീവിത ദൈന്യതകളും ഹൃദയസ്പർശിയായി അവതരിപ്പിച്ചതിന്.

മികച്ച കഥാകൃത്ത്- സെന്ന ഹെഗ്‌ഡെ
ചിത്രം- തിങ്കളാഴ്ച നിശ്ചയം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ജനാധിപത്യം എന്നത് ഒരു രാഷ്ടീയ സംവിധാനം മാത്രമല്ലെന്നും അത് കുടുംബത്തിലും സ്ത്രീപുരുഷബന്ധങ്ങളിലും പ്രാവർത്തികമാക്കേണ്ട വിശാലമായ ഒരു ജീവിതാദർശമാണെന്നുമുള്ള നിലപാടിനെ ഹൃദ്യമായ ഒരു കഥയായി പരിവർത്തിപ്പിച്ച രചനാ മികവിന്.

മികച്ച ഛായാഗ്രാഹകൻ- ചന്ദ്രു സെൽവരാജ്
ചിത്രം- കയറ്റം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
യഥാതഥവും മായികവുമായ ഒരു കഥാപശ്ചാത്തലത്തെ കഥയ്ക്കിണങ്ങുന്ന വിധത്തിലുള്ള വർണ, വെളിച്ച വിന്യാസങ്ങളിൽ പകർത്തിയ ഛായാഗ്രഹണ മികവിന്.

മികച്ച തിരക്കഥാകൃത്ത്- ജിയോ ബേബി
ചിത്രം- ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ആണധികാര വ്യവസ്ഥയിൽ അടുക്കള എന്ന ഇടം എത്രമാത്രം സ്ത്രീവിരുദ്ധമായി മാറുന്നുവെന്ന സാമൂഹിക യാഥാർത്ഥ്യത്തെ മിതമായ സംഭാഷണങ്ങളിലൂടെയും വാചാലമായ ദൃശ്യങ്ങളിലൂടെയും അവതരിപ്പിച്ച രചനാ മികവിന്.

മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ)- ഈ വിഭാഗത്തിൽ അവാർഡിന് അർഹതയുള്ള യോഗ്യമായ എൻട്രികൾ ഇല്ലായിരുന്നുവെന്ന് ജൂറി വിലയിരുത്തി.

മികച്ച ഗാനരചയിതാവ്- അൻവർ അലി
ഗാനങ്ങൾ-
1) സ്മരണകൾ കാടായ്... (ഭൂമിയിലെ മനോഹര സ്വകാര്യം)
2) തീരമേ... തീരമേ.. (മാലിക്)
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ചലച്ചിത്ര ഗാനരചനയുടെ ചരിത്രപാരമ്പര്യത്തിൽ നിന്നുള്ള പ്രകടമായ വിച്ഛേദം എന്ന നിലയിൽ, കാൽപ്പനികമായ ഭാവുകത്വത്തിന് അപ്പുറം നിന്നുകൊണ്ട് കവിതയുടെ ബിംബകൽപ്പനകളും മൊഴിവഴക്കങ്ങളും പരീക്ഷിക്കുന്ന രചനാ മികവിന്.

മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ)- എം. ജയചന്ദ്രൻ
ചിത്രം- സൂഫിയും സുജാതയും
ഗാനം- വാതുക്കല് വെള്ളരിപ്രാവ്...
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഗസലുകളുടെയും സൂഫി സംഗീതത്തിന്റെയും മനോഹരമായ മിശ്രണത്തിലൂടെ പ്രണയത്തിന്റെ ആത്മീയവും മായികവുമായ ഭാവങ്ങൾ അനുഭവിപ്പിച്ച സംഗീത മികവിന്.

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)- എം. ജയചന്ദ്രൻ
ചിത്രം- സൂഫിയും സുജാതയും
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രണയവും സൂഫിസവും ആത്മീയതയും കലർന്ന കഥാപശ്ചാത്തലത്തിന് തികച്ചും അനുയോജ്യമായ രീതിയിൽ സംഗീതം സന്നിവേശിപ്പിച്ചതിന്.

മികച്ച പിന്നണി ഗായകൻ- ഷഹബാസ് അമൻ
ഗാനങ്ങൾ -
1) സുന്ദരനായവനേ.. (ഹലാൽ ലവ് സ്‌റ്റോറി)
2) ആകാശമായവളേ... (വെള്ളം)
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ചലച്ചിത്ര ഗാനാലാപന ശൈലിയുടെ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി കാൽപ്പനികേതരവും സാർവ്വലൗകികവുമായ ഭാവാവിഷ്‌കാരങ്ങൾ അനുഭവിപ്പിക്കുന്ന ആലാപന ചാരുതയ്ക്ക്.

മികച്ച പിന്നണി ഗായിക- നിത്യ മാമ്മൻ
ചിത്രം- സൂഫിയും സുജാതയും
ഗാനം- വാതുക്കല് വെള്ളരിപ്രാവ്..
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ശബ്ദമില്ലാത്ത കേന്ദ്രകഥാപാത്രത്തിന്റെ ആന്തരികലോകം അതിമധുരമായ ആലാപനശൈലിയിലൂടെ ആവിഷ്‌കരിച്ചതിന്

മികച്ച ചിത്രസംയോജകൻ- മഹേഷ് നാരായണൻ
ചിത്രം- സീ യു സൂൺ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
നവസാങ്കേതികതയുടെ സാധ്യതകൾ അതിവിദഗ്ധമായി അവലംബിച്ചുകൊണ്ട് സിനിമയുടെ പ്രമേയത്തിനും പരിചരണത്തിനും അനുഗുണമായ തരത്തിൽ ദൃശ്യസംയോജനകലയെ പുതിയ ഔന്നത്യങ്ങളിലെത്തിച്ചതിന്.

മികച്ച കലാസംവിധായകൻ- സന്തോഷ് രാമൻ
ചിത്രങ്ങൾ- പ്യാലി, മാലിക്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥയുടെ കാലം, ദേശം എന്നിവയ്ക്ക് തികച്ചും അനുഗുണമായ രീതിയിൽ സ്വാഭാവികവും യഥാതഥവുമായി പശ്ചാത്തലമൊരുക്കുന്ന കലാമികവിന്.

മികച്ച സിങ്ക് സൗണ്ട്- ആദർശ് ജോസഫ് ചെറിയാൻ
ചിത്രം- സന്തോഷത്തിന്റെ ഒന്നാം രഹസ്യം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാസന്ദർഭത്തിന്റെ ആകസ്മികതകളെയും സ്ഥലപരിമിതികളെയും മറികടക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളുടെയും സ്വാഭാവിക ശബ്ദങ്ങളുടെയും തൽസമയ ശബ്ദലേഖന മികവിന്.

മികച്ച ശബ്ദമിശ്രണം- അജിത് എബ്രഹാം ജോർജ്
ചിത്രം- സൂഫിയും സുജാതയും
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മായികമായ ഒരു കഥാന്തരീക്ഷത്തിലെ ശബ്ദങ്ങളുടെ സൂക്ഷ്മഘടകങ്ങളെ അതിവിദഗ്ധമായി സന്നിവേശിപ്പിച്ച ശബ്ദമിശ്രണ മികവിന്.

മികച്ച ശബ്ദരൂപകൽപ്പന- ടോണി ബാബു
ചിത്രം- ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വീടും അടുക്കളയും അവിടത്തെ മനുഷ്യരും വസ്തുക്കളുമടങ്ങുന്ന കഥാന്തരീക്ഷത്തിലെ ശബ്ദങ്ങളെ പ്രമേയത്തിന് അനുഗുണമായി രൂപകൽപ്പന ചെയ്ത മികവിന്.

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - ലിജു പ്രഭാകർ
ചിത്രം- കയറ്റം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സിനിമയുടെ ദൃശ്യപശ്ചാത്തലത്തെയും പ്രമേയപരമായ സാധ്യതകളെയും നിർണയിക്കുന്ന ഘടകമെന്ന നിലയിൽ വർണ പരിചരണം നടത്തിയ നിറവിന്യാസ മികവിന്

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റഷീദ് അഹമ്മദ്
ചിത്രം- ആർട്ടിക്കിൾ 21
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
തമിഴ്‌നാട്ടുകാരിയായ താമര എന്ന കഥാപാത്രത്തിന്റെ രൂപഭാവങ്ങളെ തികച്ചും സ്വാഭാവികവും യഥാതഥവുമായി അണിയിച്ചൊരുക്കിയ ചമയ വൈദഗ്ധ്യത്തിന്.

മികച്ച വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ
ചിത്രം- മാലിക്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളുടെ വേഷപ്പകർച്ചകളെ തന്മയത്വത്തോടെ അണിയിച്ചൊരുക്കിയ വസ്ത്രാലങ്കാര വൈദഗ്ധ്യത്തിന്.

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- ഷോബി തിലകൻ
ചിത്രം- ഭൂമിയിലെ മനോഹര സ്വകാര്യം
കഥാപാത്രം- തമ്പിദൂരൈ, തമിഴ്‌നാട് എസ്.ഐ.
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാപാത്രത്തിന്റെ ഭാവത്തിനും വികാരത്തിനും അനുസൃതമായി ശബ്ദം പകർന്ന മികവിന്

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- റിയ സൈറ
ചിത്രം- എ.കെ. അയ്യപ്പനും കോശിയും
കഥാപാത്രം- കണ്ണമ്മ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ജീവിതാവസ്ഥകളോട് കലഹിക്കുന്ന കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ആത്മരോഷങ്ങളും സ്‌ഥൈര്യവും ധൈര്യവും ധ്വനിപ്പിക്കുന്ന വിധം സ്വാഭാവികമായി ശബ്ദം പകർന്നു നൽകിയതിന്

മികച്ച നൃത്തസംവിധാനം-
1. ലളിത സോബി
2. ബാബു സേവ്യർ
ചിത്രം- സൂഫിയും സുജാതയും
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രണയത്തിന്റെയും പ്രാർത്ഥനയുടെയും ആത്മീയതയുടെയും പ്രമേയ പശ്ചാത്തലത്തിന് അനുയോജ്യമായ ചുവടുകൾ ഒരുക്കിയ നൃത്തസംവിധാന മികവിന്.

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്- എ.കെ.അയ്യപ്പനും കോശിയും
നിർമ്മാതാവ്- ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനി
സംവിധായകൻ- സച്ചിദാനന്ദൻ കെ.ആർ.
(നിർമ്മാതാവിന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഉയർന്ന സാമൂഹിക പദവിയുടെ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന പ്രബലരും സാധാരണ മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളെ കലാമൂല്യവും ജനപ്രിയ ഘടകങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ചിത്രം.

മികച്ച നവാഗത സംവിധായകൻ- മുഹമ്മദ് മുസ്തഫ ടി.ടി.
ചിത്രം- കപ്പേള
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രണയത്തിന്റെയും വഞ്ചനയുടെയും അനുഭവതലങ്ങളിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ ജീവിതം, അതിഭാവുകത്വമില്ലാതെ കൈയൊതുക്കത്തോടെ ആവിഷ്‌കരിച്ച സംവിധാന മികവിന്.

മികച്ച കുട്ടികളുടെ ചിത്രം- ബൊണാമി
നിർമ്മാതാവ്- സിൻസീർ
സംവിധായകൻ- ടോണി സുകുമാർ
(നിർമ്മാതാവിന് 3,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും. സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു കുട്ടിയും നായ്ക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ഹൃദയസ്പർശിയായ ആവിഷ്‌കാരത്തിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവികമായ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്ന ചിത്രം.

മികച്ച വിഷ്വൽ എഫക്ട്‌സ്- സര്യാസ് മുഹമ്മദ്
ചിത്രം- ലൗ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന വിധം ദൃശ്യസാങ്കേതികതയെ ഫലപ്രദമായി വിനിയോഗിച്ചതിന്.

സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്- നാഞ്ചിയമ്മ
ചിത്രം- എ.കെ.അയ്യപ്പനും കോശിയും
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഗോത്രസംസ്‌കൃതിയുടെ തനിമയും ജൈവികതയും അനുഭവിപ്പിക്കുന്ന "കളക്കാത്ത സന്ദനമേറം..' എന്ന ഗാനത്തിലൂടെ ഒരു നഷ്ടകാലത്തിന്റെ ഓർമ്മകളെ തുയിലുണർത്തിയ മാധുര്യമാർന്ന ആലാപന മികവിന്.

പ്രത്യേക ജൂറി അവാർഡ് (അഭിനയം)- സിജി പ്രദീപ്
ചിത്രം- ഭാരത പുഴ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
അതിജീവനത്തിനായി ഉഴറുന്ന ഒരു സ്ത്രീയുടെ ഒറ്റപ്പെടലും തിരസ്‌കാരങ്ങളും വേദനകളും നിയന്ത്രിതവും സ്വാഭാവികവുമായി അവതരിപ്പിച്ച അഭിനയ മികവിന്.

പ്രത്യേക ജൂറി പരാമർശം

വസ്ത്രാലങ്കാരം- നളിനി ജമീല
ചിത്രം- ഭാരത പുഴ
(ശില്പവും പ്രശസ്തിപത്രവും)
സമൂഹത്തിന്റെ വിവിധതലങ്ങളിൽ നിന്നും സിനിമയുടെ സർഗ്ഗാത്മക മേഖലകളിലേയ്ക്ക് കടന്നുവരാനുള്ള പ്രയത്‌നത്തിനുള്ള അംഗീകാരമെന്ന നിലയിൽ നളിനി ജമീലയുടെ സാന്നിധ്യത്തെ ജൂറി പ്രത്യേകം പരാമർശിക്കുന്നു.

Comments