സംസ്ഥാന ചലച്ചിത്ര അവാർഡ്:
രേവതി മികച്ച നടി,
ജോജു ജോർജ്, ബിജു മേനോൻ നടന്മാർ,
ദിലീഷ് പോത്തൻ സംവിധായകൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്: രേവതി മികച്ച നടി, ജോജു ജോർജ്, ബിജു മേനോൻ നടന്മാർ, ദിലീഷ് പോത്തൻ സംവിധായകൻ
52ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത ആവാസവ്യൂഹം മികച്ച ചിത്രം. ‘ഭൂതകാല’ത്തിലെ അഭിനയത്തിന് രേവതി മികച്ച നടിയായി. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ നടന്മാർ. ദിലീഷ് പോത്തൻ മികച്ച സംവിധായകൻ.
27 May 2022, 04:51 PM
മികച്ച ചിത്രം - ആവാസവ്യൂഹം
സംവിധായകന്‍ - കൃഷാന്ദ് ആര്‍.കെ
നിര്‍മ്മാതാവ് - കൃഷാന്ദ് ആര്‍.കെ
ഭൂമുഖത്തെ ജീവജാലങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം. നര്‍മ്മരസമാര്‍ന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം.

മികച്ച രണ്ടാമത്തെ ചിത്രം
1. ചവിട്ട് 2. നിഷിദ്ധോ
സംവിധായകര്‍ - 1. സജാസ് റഹ്‌മാന്‍, ഷിനോസ് റഹ്‌മാന്‍ (റഹ്‌മാന്‍ ബ്രദേഴ്‌സ്) 2. താര രാമാനുജന്‍ | നിര്‍മ്മാതാക്കള്‍ - 1. ഷറഫുദ്ദീന്‍ ഇ.കെ 2. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍.
ചവിട്ട്: ഒരു പൊതു ഇടത്തില്‍ അവസരം നിഷേധിക്കപ്പെടുന്ന ഒരു സംഘം നാടക പ്രവര്‍ത്തകരുടെ അനുഭവങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആഖ്യാനങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രം.
നിഷിദ്ധോ: കുടിയേറ്റതൊഴിലാളികളുടെ ആന്തരികലോകങ്ങളെ തീക്ഷ്ണമായി ആവിഷ്‌കരിക്കുന്ന ചിത്രം. സമാനമായ അനുഭവങ്ങള്‍ പങ്കിടുന്നവര്‍ ഭാഷ, സ്വത്വം, അതിജീവനം എന്നീ പ്രതിബന്ധങ്ങളെ മനുഷ്യബന്ധങ്ങളിലൂടെ മറികടക്കുന്നതിന്റെ ശക്തമായ ആവിഷ്‌കാരം.

സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് - നേഘ. എസ്
ചിത്രം - അന്തരം
തെരുവുജീവിതത്തില്‍ നിന്ന് വീട്ടമ്മയിലേക്ക് മാറുന്ന ഒരു ട്രാന്‍സ്‌വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിന്.
മികച്ച സംവിധായകന്‍ - ദിലീഷ് പോത്തന്‍
ചിത്രം: ജോജി
ഹിംസാത്മകമായ ആണധികാര വ്യവസ്ഥ നിലവിലിരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലെ മനുഷ്യജീവിതങ്ങളുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രഭാഷയുടെ ശില്‍പ്പഭദ്രമായ പ്രയോഗത്തിന്.

മികച്ച നടന്‍: ബിജു മേനോന്‍, ജോജു ജോര്‍ജ്
ചിത്രങ്ങള്‍: 1. ആര്‍ക്കറിയാം 2. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്
ബിജുമേനോന്‍ : പ്രായമേറിയ ഒരു മനുഷ്യന്റെ ശരീരഭാഷയും സങ്കീര്‍ണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്‌നലളിതമായി ആവിഷ്‌കരിച്ച അഭിനയമികവിന്.
ജോജു ജോര്‍ജ്ജ് : വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദലിതനായ പോലീസ് ഉദ്യോഗസ്ഥന്റെ ധാര്‍മ്മിക പ്രതിസന്ധികളും ഓര്‍മ്മകള്‍ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗര്‍ബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിന്.

മികച്ച നടി: രേവതി
ചിത്രം: ഭൂതകാലം
വിഷാദരോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേര്‍ന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെണ്‍മനസ്സിന്റെ വിഹ്വലതകളെ അതിസൂക്ഷ്മമായ ഭാവപ്പകര്‍ച്ചയില്‍ പ്രതിഫലിപ്പിച്ച അഭിനയ മികവിന്.

മികച്ച സ്വഭാവനടന്‍: സുമേഷ് മൂര്‍
ചിത്രം: കള
പാര്‍ശ്വവത്കരിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത മനുഷ്യന്റെ ആദിമവും പ്രാക്തനവുമായ രോഷാഗ്നിയെ ശരീരഭാഷയില്‍ പടര്‍ത്തിയ ഉജ്വലമായ അഭിനയ മികവിന്.
മികച്ച സ്വഭാവനടി - ഉണ്ണിമായ പ്രസാദ്
ചിത്രം - ജോജി
തികഞ്ഞ പുരുഷാധിപത്യം പുലരുന്ന ഒരു കുടുംബാന്തരീക്ഷത്തില്‍ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും കുറ്റകൃത്യങ്ങളില്‍ നിശ്ശബ്ദമായി പങ്കാളിയാകാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ ധാര്‍മ്മിക പ്രതിസന്ധികളുടെ നിയന്ത്രിതമായ ഭാവാവിഷ്‌കാരത്തിന്.
മികച്ച ബാലതാരം (ആണ്‍) - മാസ്റ്റര്‍ ആദിത്യന്‍
ചിത്രം - നിറയെ തത്തകള്‍ ഉള്ള മരം
സ്വന്തം ജീവിതത്തില്‍ സ്‌നേഹവും പരിചരണവുമെല്ലാം നിഷേധിക്കപ്പെട്ടിട്ടും തികച്ചും അപരിചിതനായ ഒരു അന്ധവൃദ്ധന് അവയെല്ലാം നല്‍കുന്ന ഒരു ബാലന്റെ നിസ്വാര്‍ത്ഥമായ ജീവിതം പകര്‍ത്തിയ അഭിനയ മികവിന്.
മികച്ച ബാലതാരം (പെണ്‍) - സ്‌നേഹ അനു
ചിത്രം - തല
ഒരു മഹാനഗരത്തിലെ ചേരിപ്രദേശത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അരക്ഷിതമായ ജീവിതവും അതിജീവനശ്രമങ്ങളും ഹൃദയഹാരിയായി അവതരിപ്പിച്ച അഭിനയ മികവിന്.
മികച്ച കഥാകൃത്ത് - ഷാഹി കബീര്‍
ചിത്രം - നായാട്ട്
വ്യവസ്ഥിതിയുടെ മനുഷ്യത്വവിരുദ്ധവും ദയാരഹിതവുമായ നടപടികള്‍, നീതിനിഷേധം, നിയമപാലനത്തിന്റെ ഇരുണ്ട മറുപുറങ്ങള്‍ എന്നീ യാഥാര്‍ത്ഥ്യങ്ങളെ ഉദ്വേഗജനകമായ കഥയായി പരിവര്‍ത്തിപ്പിച്ച രചനാ മികവിന്.
മികച്ച ഛായാഗ്രാഹകന്‍ - മധു നീലകണ്ഠന്‍
ചിത്രം - ചുരുളി
ദുഷ്‌കരവും വന്യവുമായ കഥാന്തരീക്ഷത്തിന് ഇണങ്ങുന്ന വിധത്തിലുള്ള വെളിച്ചവിന്യാസവും ക്യാമറചലനങ്ങളും കൊണ്ട് കാഴ്ചകള്‍ പകര്‍ത്തി, ആഖ്യാനത്തിന് അനിവാര്യമായ ദൃശ്യാനുഭവം പകര്‍ന്ന ഛായാഗ്രഹണ മികവിന്.
മികച്ച തിരക്കഥാകൃത്ത് - കൃഷാന്ദ്.ആര്‍.കെ
ചിത്രം - ആവാസവ്യൂഹം
പരിഷ്‌കൃത മനുഷ്യരുടെ മുഖ്യധാരാ സമൂഹം ചെയ്തു കൂട്ടുന്ന അംസബന്ധങ്ങളും ക്രൂരതകളും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിച്ചുകൊണ്ട് ഒരു പരീക്ഷണാത്മക ചിത്രത്തിന്റെ അടിത്തറയൊരുക്കിയ രചനാമികവിന്.
മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍
ചിത്രം - ജോജി
വില്യം ഷേക്‌സ്പിയറിന്റെ ക്ലാസിക് രചനയായ മാക്‌ബെത്തിന്റെ കഥാന്തരീക്ഷത്തെ ആണധികാരത്തിന്റെ ഉഗ്രശാസനകള്‍ നടപ്പാക്കുന്ന ഒരു കേരളീയ കുടുംബത്തിലേക്ക് പറിച്ചുനട്ടപ്പോഴും നാടകീയ സ്വഭാവത്തിന്റെ നിഴല്‍പോലുമില്ലാതെ അരങ്ങില്‍ നിന്ന് തിരശ്ശീലയിലേക്ക് അനുവര്‍ത്തനം നടത്തിയ രചനാമികവിന്.
മികച്ച ഗാനരചയിതാവ് - ബി.കെ.ഹരിനാരായണന്‍
ഗാനം - "കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ...'
ചിത്രം - കാടകലം
മനുഷ്യനും കാടും തമ്മിലുള്ള ആദിമവും ജൈവികവുമായ ബന്ധത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബിംബകല്‍പ്പനകളാല്‍ സമൃദ്ധമായ കാവ്യാത്മകവും അര്‍ത്ഥസമ്പുഷ്ടവുമായ വരികള്‍. കാവ്യഗുണം ചോരാതെ തന്നെ കഥാസന്ദര്‍ഭത്തിനിണങ്ങുന്നവിധം ഈ നഷ്ടബന്ധം വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന രചനാ മികവിന്.
മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) - ഹിഷാം അബ്ദുല്‍ വഹാബ്
ഗാനം - എല്ലാ ഗാനങ്ങളും
ചിത്രം - ഹൃദയം
ജാസ്, സൂഫി, കര്‍ണാട്ടിക് സംഗീതധാരകളെ അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട്, മലയാളം, തമിഴ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി, വൈവിധ്യമാര്‍ന്ന വികാരങ്ങളെ അയത്‌നലളിതമായി അവതരിപ്പിച്ച സംഗീതസംവിധാന പാടവത്തിന്.
മികച്ച സംഗീത സംവിധായകന്‍ (BGM) - ജസ്റ്റിന്‍ വര്‍ഗീസ്
ചിത്രം - ജോജി
കഥാപശ്ചാത്തലത്തിനും ആഖ്യാനത്തിനും തികച്ചും അനുഗുണമായ വിധത്തില്‍ ദൃശ്യാനുഭവത്തെ തീക്ഷ്ണമാക്കുന്ന സംഗീതം സന്നിവേശിപ്പിച്ചതിന്.
മികച്ച പിന്നണി ഗായകന്‍ - പ്രദീപ് കുമാര്‍
ഗാനം - "രാവില്‍ മയങ്ങുമീ പൂമടിയില്‍...'
ചിത്രം - മിന്നല്‍ മുരളി
പ്രേക്ഷകനില്‍ പ്രതിനായകനോട് അനുതാപം ജനിപ്പിക്കുന്ന വിധം അയാളുടെ മാനസികവ്യഥകളെ പ്രതിഫലിപ്പിക്കുന്ന വികാരനിര്‍ഭരമായ ആലാപന ചാരുതയ്ക്ക്.
മികച്ച പിന്നണി ഗായിക - സിതാര കൃഷ്ണകുമാര്‍
ഗാനം - "പാല്‍നിലാവിന്‍ പൊയ്കയില്‍...'
ചിത്രം - കാണെക്കാണെ
കഥാപാത്രത്തിന്റെ വൈകാരികലോകത്തെ നിയന്ത്രിതമായ സ്വരധാരയില്‍ അതിമധുരമായ ആലാപന ശൈലിയിലൂടെ ആവിഷ്‌കരിച്ചതിന്.
മികച്ച ചിത്രസംയോജകന്‍ - 1. മഹേഷ് നാരായണന്‍, 2. രാജേഷ് രാജേന്ദ്രന്‍
ചിത്രം - നായാട്ട്
പ്രമേയത്തിന്റെ ആഖ്യാനത്തിനും പരിചരണത്തിനും അനുയോജ്യമായ വിധത്തില്‍ നിശ്ശബ്ദതയും പ്രക്ഷുബ്ധതയും അനുഭവിപ്പിച്ചുകൊണ്ട് ദൃശ്യഖണ്ഡങ്ങളെ ചടുലമായി കൂട്ടിയിണക്കിയ സംയോജനപാടവത്തിന്.
മികച്ച കലാസംവിധായകന്‍ - ഗോകുല്‍ദാസ് എ.വി
ചിത്രം - തുറമുഖം
സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പും പിന്‍പുമുള്ള കഥയുടെ കാലം, ദേശം, എന്നിവയ്ക്ക് തികച്ചും അനുഗുണമായവിധത്തില്‍ യഥാതഥവും സ്വാഭാവികവുമായി പശ്ചാത്തല രൂപകല്‍പ്പന നിര്‍വഹിച്ച കലാമികവിന്.
മികച്ച സിങ്ക് സൗണ്ട് - 1. അരുണ്‍ അശോക് , 2. സോനു.കെ.പി
ചിത്രം - ചവിട്ട്
ചിത്രത്തിന്റെ ആഖ്യാനത്തിന്റെ അവിഭാജ്യഘടകമായി വര്‍ത്തിച്ചുകൊണ്ട് കഥാപാത്രങ്ങളുടെ അതിസൂക്ഷ്മമായ പ്രകടനങ്ങളെ കൃത്യമായി പകര്‍ത്തുന്ന തല്‍സമയ ശബ്ദലേഖന മികവിന്.
മികച്ച ശബ്ദമിശ്രണം - ജസ്റ്റിന്‍ ജോസ്
ചിത്രം - മിന്നല്‍ മുരളി
ആഖ്യാനത്തിലെ ഓരോ ഘടകത്തോടും നീതി പുലര്‍ത്തിക്കൊണ്ട് പതിവുശബ്ദങ്ങളും അതിമാനുഷ ആക്ഷന്‍ രംഗങ്ങളിലെ പശ്ചാത്തല ശബ്ദങ്ങളും അതിവിദഗ്ധമായി കൂട്ടിയിണക്കിയ ശബ്ദമിശ്രണ മികവിന്.
മികച്ച ശബ്ദരൂപകല്‍പ്പന - രംഗനാഥ് രവി
ചിത്രം - ചുരുളി
മിഥ്യയും യാഥാര്‍ത്ഥ്യവും ഇടകലരുന്ന വിചിത്രമായ കഥാന്തരീക്ഷത്തിലെ ശബ്ദങ്ങളെ പ്രമേയത്തിന് അനുഗുണമായി രൂപകല്‍പ്പന ചെയ്ത മികവിന്.
മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - ലിജു പ്രഭാകര്‍, രംഗ്‌റേയ്‌സ് മീഡിയ വര്‍ക്‌സ്
ചിത്രം - ചുരുളി
ഛായാഗ്രഹണകലയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന വിധത്തില്‍, സ്ഥിരതയാര്‍ന്ന വര്‍ണ സന്തുലനം പാലിച്ച് ദൃശ്യപരമായ മൂല്യവര്‍ധന പകര്‍ന്നുകൊണ്ട് ചിത്രത്തെ ലാവണ്യാത്മകമായ കാഴ്ചാനുഭവമായി ഉയര്‍ത്തിയ നിറപരിചരണ മികവിന്.
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് - രഞ്ജിത് അമ്പാടി
ചിത്രം - ആര്‍ക്കറിയാം
വാര്‍ധക്യം പൂര്‍ണമായും പ്രതിഫലിക്കുന്ന വിധം തികച്ചും വിശ്വസനീയമായി
ബിജു മേനോന്റെ മുഖ്യകഥാപാത്രത്തെ അണിയിച്ചൊരുക്കിയ ചമയ വൈദഗ്ധ്യത്തിന്.
മികച്ച വസ്ത്രാലങ്കാരം - മെല്‍വി.ജെ
ചിത്രം - മിന്നല്‍ മുരളി
സൂപ്പര്‍ ഹീറോ ജനുസ്സില്‍പെടുന്ന ഒരു ഫാന്റസി ചിത്രത്തിന്റെ സവിശേഷ സ്വഭാവത്തിനും കഥ നടക്കുന്ന കാലപശ്ചാത്തലത്തിനും ഉതകുന്ന വിധം കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചകളെ തന്മയത്വത്തോടെ അണിയിച്ചൊരുക്കിയ വസ്ത്രാലങ്കാര വൈദഗ്ധ്യത്തിന്.
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)
ഈ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ പ്രകടനങ്ങളൊന്നുമില്ലായിരുന്നുവെന്ന് ജൂറി വിലയിരുത്തി.
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) - ദേവി.എസ്
ചിത്രം - ദൃശ്യം 2
കഥാപാത്രം - റാണി (മീന)
ഒരു മധ്യവര്‍ഗ കുടുംബത്തിലെ അമ്മയുടെ ആത്മസംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ നടി മീനയുടെ റാണി എന്ന കഥാപാത്രത്തിന്റെ ഭാവത്തിനും വികാരത്തിനും അനുസൃതമായി ശബ്ദം പകര്‍ന്ന മികവിന്.
മികച്ച നൃത്തസംവിധാനം - അരുണ്‍ലാല്‍
ചിത്രം - ചവിട്ട്
നാടകകലാകാരന്മാരുടെ പരിശീലന പ്രകടനങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലത്തിന് അനുയോജ്യമായ ചുവടുകള്‍ ഒരുക്കിയ നൃത്തസംവിധാന പാടവത്തിന്.
ജനപ്രീതിയും കലാമേന്മയുമുള്ള - ഹൃദയം
മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്
നിര്‍മ്മാതാവ് - വിശാഖ് സുബ്രഹ്‌മണ്യം
സംവിധായകന്‍ - വിനീത് ശ്രീനിവാസന്‍
പ്രണയവും പ്രണയനഷ്ടവും വിദ്യാര്‍ത്ഥി ജീവിതകാലത്തെ സംബന്ധിച്ച ഗൃഹാതുരതയും നിറഞ്ഞ ഇന്ത്യന്‍ ജനപ്രിയ ചലച്ചിത്രാഖ്യാനങ്ങളുടെ പതിവ് മാതൃകകളെ പിന്‍പറ്റുമ്പോഴും ശബ്ദം, ദൃശ്യം, സംഗീതം, വര്‍ണപരിചരണം, കലാസംവിധാനം എന്നീ ഘടകങ്ങളില്‍ കലാപരമായ ഔന്നത്യം പുലര്‍ത്തുന്ന ചിത്രം.
മികച്ച നവാഗത സംവിധായകന്‍ - കൃഷ്‌ണേന്ദു കലേഷ്
ചിത്രം - പ്രാപ്പെട
നൂതനമായ ചലച്ചിത്രഭാഷയും മൗലികമായ പ്രമേയവും വ്യതിരിക്തമായ ശൈലിയും കൊണ്ട് സിനിമയെന്ന മാധ്യമത്തെ പരീക്ഷണാത്മകമായി സമീപിക്കുന്ന സംവിധാന മികവിന്.
മികച്ച കുട്ടികളുടെ ചിത്രം - കാടകലം
നിര്‍മ്മാതാവ് - സുബിന്‍ ജോസഫ്
സംവിധായകന്‍ - സഖില്‍ രവീന്ദ്രന്‍
കാടിനെയും പ്രകൃതിയെയും മാതാപിതാക്കന്മാരായി കാണുകയും നഗരത്തിലെ സ്‌കൂളില്‍ നിന്ന് തന്റെ വംശവൃക്ഷത്തിന്റെ ആദിമ വേരുകളിലേക്ക് മടങ്ങുകയും ചെയ്യുന്ന ഒരു കുട്ടിയുടെ ഹൃദയഹാരിയായ കഥ പറയുന്ന ചിത്രം.
മികച്ച വിഷ്വല്‍ എഫക്ട്‌സ് - ആന്‍ഡ്രൂ ഡിക്രൂസ്
ചിത്രം - മിന്നല്‍ മുരളി
ഒരു തദ്ദേശീയ സൂപ്പര്‍ഹീറോവിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലത്തിന് അനിവാര്യമായ ദൃശ്യസാങ്കേതികത്തികവ് പകര്‍ന്ന കലാപരമായ വൈദഗ്ധ്യത്തിന്.
പ്രത്യേക ജൂറി അവാര്‍ഡ് കഥ, തിരക്കഥ - ഷെറി ഗോവിന്ദന്‍
ചിത്രം - അവനോവിലോന
മനുഷ്യരിലെ വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളാനും സഹജീവികളോട് സഹാനുഭൂതിയോടെയുള്ള സഹവര്‍ത്തിത്വത്തിനായി നിലകൊള്ളാനും പ്രേരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതിന്.
പ്രത്യേക ജൂറി പരാമര്‍ശം
ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനുവേണ്ടി ശബ്ദിക്കുന്ന5 ചലചിത്രങ്ങളുടെ സമാഹാരത്തിന്റെ ഏകോപനം നിര്‍വ്വഹിച്ചതിന്.
മുഹമ്മദ് ജദീര്‍
Aug 12, 2022
4 minutes Read
മുഹമ്മദ് ജദീര്‍
Aug 11, 2022
4 minutes Read
ഷഫീക്ക് മുസ്തഫ
Aug 09, 2022
8 Minutes Read
ദില്‍ഷ ഡി.
Aug 04, 2022
30 Minutes Watch