truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Karnataka Highcourt uphold Hijab Ban

Women Life

ഹിജാബ്​ സമരം, ഇസ്​ലാം, കോടതി:
ജനാധിപത്യ പക്ഷത്തുനിന്ന്​
ചില വിചാരങ്ങൾ

ഹിജാബ്​ സമരം, ഇസ്​ലാം, കോടതി: ജനാധിപത്യ പക്ഷത്തുനിന്ന്​ ചില വിചാരങ്ങൾ

എന്തുകൊണ്ട്​ ഈ പെൺകുട്ടികൾക്ക് ക്ലാസുമുറിക്കകത്തെന്ന പോലെ, അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനോടൊപ്പം തലമറ മാത്രം ധരിച്ച് സമരരംഗത്തെത്താൻ തീരുമാനമെടുത്തു കൂടായിരുന്നു? ശരീരം മറയുന്ന ആ വേഷത്തിലല്ലേ അവർ സഹവിദ്യാഭ്യാസം നടത്തുന്നതും? പുരുഷ താൽപര്യപ്രകാരം മാർവസ്ത്രം ധരിക്കുന്നെങ്കിൽ ഞങ്ങളുടെ താൽപര്യ പ്രകാരം ഒരു മേൽമുണ്ടു കൂടി ഞങ്ങളിടും എന്നു തീരുമാനിച്ച് സമരത്തിന് ഒരു ജാതി വിരുദ്ധമാനം കൂടി ഉണ്ടാക്കിയെടുത്ത  പഴയ ചരിത്ര വനിതകളുടെ വീര്യം ഇന്നത്തെ സ്ത്രീകൾക്കില്ലാതെ പോകുന്നതെന്തേ?  ഇസ്​ലാമിക വിശ്വാസപ്രകാരം ഹിജാബ്​ ധരിക്കുന്നത്​ മതപരമായി അവിഭാജ്യഘടകമല്ലെന്ന്​ ചൂണ്ടിക്കാട്ടി, വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ ഹിജാബ്​ നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിയുടെ പാശ്​ചാത്തലത്തിൽ സ്​ത്രീവസ്​ത്രങ്ങളുടെ മതവൽക്കരത്തെയും രാഷ്​ട്രീയവൽക്കരണത്തെയും കുറിച്ച്​ ചില വിചാരങ്ങൾ

15 Mar 2022, 11:19 AM

ഖദീജ മുംതാസ്​

സ്ത്രീ എന്തുതരം വസ്ത്രം ധരിക്കണമെന്ന് തീരുമാനിച്ചിരുന്നത് എന്നും പുരുഷനാണ്. സാമുദായിക പുരുഷൻ, മത പുരുഷൻ അല്ലെങ്കിൽ രാഷ്ട്രീയ പുരുഷൻ. പുരുഷന്റെ സദാചാര ബോധവും സമുദായ പരിഷ്കരണത്വരയും മാന്യതാ സങ്കൽപ്പങ്ങളും സ്വത്വസംരക്ഷണ ബോധവും അവന്റേതെന്നതിനേക്കാൾ അവളുടെ വസ്ത്രമാറ്റങ്ങളായാണ് എപ്പോഴും പ്രതിഫലിച്ചതും. ഏതെങ്കിലുമൊരു സമൂഹത്തെ അമാന്യവൽക്കരിക്കുന്നതിലേയ്ക്കും അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിലേയ്ക്കും സംക്രമിക്കുകയാണ്  രാഷ്ട്രീയ സങ്കൽപ്പങ്ങൾ എന്നത് സമകാല ഇന്ത്യനവസ്ഥകളെ കൂടുതൽ ഇരുളിലേയ്ക്കു തള്ളുകയുമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കലാലയങ്ങൾ ഇളകി മറിഞ്ഞപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ  പെൺകുട്ടികളുടെ വസ്ത്രം നോക്കി പുറപ്പെടുവിച്ച പ്രസ്താവന ഈ വിഭാഗീയ തന്ത്രത്തിന്റെ ആദ്യ ആഘാതം നമ്മിലുണ്ടാക്കിയല്ലോ. നിയമം ആരെയാണോ കൂടുതൽ ബാധിക്കുക, ആ വിഭാഗത്തിന്റെ സാന്നിധ്യം ജനാധിപത്യ ബോധമുള്ള പ്രതിഷേധക്കാർക്കിടയിൽ ഉണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണെന്നു കരുതാൻ പൊതുസമൂഹത്തിനാകുമായിരുന്നു. പക്ഷേ അവർക്കിടയിലും വിഭാഗീയതയുടെ വിത്തുകൾ വിതയ്ക്കാൻ പെൺവസ്ത്രത്തെ തന്നെ രാഷ്ട്രീയം അന്ന് ഉപയോഗിക്കുകയായിരുന്നു. പർദ്ദയുമിട്ട് തെരുവിലേയ്ക്കിറങ്ങി പ്രതിഷേധിച്ചാലോ എന്ന് മതത്തിനകത്തെയും പുറത്തെയും ജനാധിപത്യവാദികളെ ആലോചിപ്പിച്ചു അന്നത്. വസ്ത്രത്തെ രാഷ്ട്രീയവൽക്കരിക്കുമ്പോൾ വസ്ത്രം  തന്നെ പ്രതിരോധമാക്കുക. ചിലരൊക്കെ അത് പ്രാവർത്തികമാക്കുകയും ചെയ്തുവല്ലോ.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

കർണാടകയിലെ ഹിജാബ് വിവാദത്തിൽ ജനാധിപത്യപരമായി തീർപ്പു നൽകാൻ കോടതികൾ ​പോലും മടിക്കുകയോ ഭയക്കുകയോ ചെയ്യുന്നതും രാജ്യം ചെന്നെത്തിയ ഏറെ അപകടകരമായ അവസ്ഥയെ സൂചിപ്പിക്കുന്നുണ്ട്. യൂണിഫോമിട്ട പെൺകുട്ടി, ആ "യൂണിഫോമിറ്റി'ക്കു ഭംഗം വരാത്ത വിധം ഒരു തട്ടം (മഫ്ത എന്നായിരുന്നു ഈ അടുത്ത കാലങ്ങളിൽ വരെ നാമതിനെ വിളിച്ചിരുന്നത്) കൊണ്ട്​ തല മറയ്​ക്കുന്നതിൽ ഒരപാകതയും തോന്നേണ്ടതില്ല. ദശകങ്ങളായി ഈ രാജ്യത്ത് അതിവിടെ സാധാരണവുമായിരുന്നു. എന്നിട്ടും ഈ ഹിജാബ് സമരത്തിന്റെ ഒപ്പം ശക്തമായി നിൽക്കാൻ ജനാധിപത്യ സമൂഹവും അറച്ചു നിൽക്കുന്നതെന്തേ? സമരമുഖത്തുള്ള  ആകെ മൂടുന്ന കറുത്ത ബുർഖാധാരിണികളുടെ വൈപുല്യമാണോ അവരെ അസ്വസ്ഥരാക്കുന്നത്? ആ സ്ത്രീകൾ ആവശ്യപ്പെടുന്നത് എന്താണ്? തല മറയ്ക്കുന്ന മഫ്തയോ അതോ ഇപ്പോൾ അവരണിഞ്ഞിരിക്കുന്ന വസ്ത്രമോ? പർദ്ദ അല്ലെങ്കിൽ ബുർഖ ഞങ്ങളുടെ തെരഞ്ഞെടുപ്പാണ് എന്ന് ചിലർ അസന്ദിഗ്ധമായി പറയുമ്പോഴും അതു ധരിക്കുന്നതിനാലാണ് തങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനാവുന്നത് എന്നും പറയുന്നുണ്ട് ചിലർ. ഇതിലേത് വിഭാഗമാണ് കൂടുതൽ എന്നത് പ്രാദേശിക സാമൂഹിക പഠനം കൂടി അർഹിക്കുന്ന ഒന്നാണ്. അല്ലെങ്കിൽ ഈ പെൺകുട്ടികൾക്കു തന്നെ തങ്ങൾ ഏതു താൽപര്യക്കാരെന്നത് ഉറപ്പുണ്ടാകണമെന്നുമില്ല. സ്ത്രീയുടെ താൽപര്യങ്ങൾ പോലും അവർ പോലുമറിയാതെ സ്വാധീനിക്കപ്പെട്ടു പോയവയാണല്ലോ. ശരിയാണ്, അവർ പഠിക്കുന്നുണ്ട്, ചിലർ വിദ്യാഭ്യാസപരമായി ഉയരങ്ങളിലെത്തുന്നുമുണ്ട്. ക്ലാസ് മുറി വരെ പർദ്ദ / ബുർഖ, ക്ലാസിൽ യൂണിഫോമും മഫ്തയും, ഇതായിരുന്നു അവർ സ്വീകരിച്ചിരുന്ന, ഒരു പക്ഷേ,നിഷ്കർഷിക്കപ്പെട്ടിരിക്കാവുന്ന വസ്ത്രരീതി. ഈ അവസരങ്ങൾ കൂടി ഇല്ലാതാവുന്ന അവസ്ഥയാണ് ഹിജാബ് വിവാദത്തിലൂടെ സംഭവിക്കാനിരിക്കുന്നത്.

drss
'പർദ്ദ അല്ലെങ്കിൽ ബുർഖ ഞങ്ങളുടെ തെരഞ്ഞെടുപ്പാണ് എന്ന് ചിലർ അസന്ദിഗ്ധമായി പറയുമ്പോഴും അതു ധരിക്കുന്നതിനാലാണ് തങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനാവുന്നത് എന്നും പറയുന്നുണ്ട് ചിലർ. ഈ അവസരങ്ങൾ കൂടി ഇല്ലാതാവുന്ന അവസ്ഥയാണ് ഹിജാബ് വിവാദത്തിലൂടെ സംഭവിക്കാനിരിക്കുന്നത്.' Photo: Muhammed Fasil

ഹിജാബ് എന്ന വാക്കിന്റെ വിപുലാർത്ഥങ്ങളും സംശയത്തിനിട നൽകുന്നുണ്ട്. വേദഗ്രന്ഥത്തിൽ അതിന് മറ, കർട്ടൻ എന്നൊക്കെയാണ് അർത്ഥം. അന്യപുരുഷന്മാരോട് മറയ്​ക്കപ്പുറം നിന്നു മാത്രം സംസാരിക്കുക എന്ന നിഷ്കർഷയായോ, സ്ത്രീശരീരം  പുരുഷനിൽ നിന്ന് മറയ്ക്കുക എന്ന അർത്ഥത്തിലോ, അന്യപുരുഷനിൽ നിന്ന് മാന്യമായ അകലം പാലിക്കുക എന്ന അർത്ഥത്തിലോ അതിനെ എടുക്കാവുന്നതുമാണ്. വിശ്വാസികളായ സ്ത്രീകളുമായി തുറന്ന ചർച്ചകളും ഇടപെടലുകളും നടത്തിയിരുന്ന പ്രവാചകന്റെ രീതികളിൽ അസംതൃപ്തിയുള്ളവനായിരുന്ന സഹചാരി ഒമർ (പിന്നീട് നീതിമാനായ ഖലീഫ എന്നു പേരുകേട്ട ആൾ), പ്രവാചകന്റെ സ്വാധീനത്തിനു ഉടവു തട്ടുകയും മദീന ആഭ്യന്തര കുഴപ്പങ്ങളിലേയ്ക്കു നീങ്ങുകയും ചെയ്ത പ്രത്യേക ഘട്ടത്തിൽ സ്ത്രീകളെ സംബന്ധിച്ച മുഹമ്മദിന്റെ നയങ്ങൾ തിരുത്തണമെന്നു നിർദ്ദേശിക്കുന്നുണ്ട്.  ‘കുലീന സ്ത്രീകൾക്ക് പർദ്ദ (ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ) നിർബന്ധമാക്കണമെന്ന’ അദ്ദേഹത്തിന്റെ ആവശ്യത്തോട് മുഖം തിരിക്കാൻ പ്രവാചകനുമാകുന്നില്ല. സ്ത്രീകൾ തെരുവുകളിൽ അരാജകത്വവാദികളാൽ ആക്രമിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും​ ചെയ്​താൽ അമാന്യമായി വസ്ത്രം ധരിച്ച ചീത്ത സ്ത്രീകളെയാണ് തങ്ങൾ ആക്രമിച്ചതെന്നു പറഞ്ഞൊഴിയുന്നതായിരുന്നു അതിന്റെ പശ്ചാത്തലം. കുലീന സ്ത്രീകൾ തങ്ങൾക്കു പർദ്ദ നിർബന്ധമാക്കിയ ഒമറിനെതിരെ മുറുമുറുപ്പുള്ളവരായിരുന്നുവത്രെ! (വിമൺ ഇൻ ഇസ്​ലാം - ഫാത്തിമ മെർനിസ്സി)

ഈ മുറുമുറുപ്പ് എന്നും ഉണ്ടായിട്ടുമുണ്ട്, എവിടെയും. സ്ത്രീ തന്റെ വസ്ത്രം തന്റെ സൗകര്യത്തിനും സൗന്ദര്യ സങ്കൽപ്പങ്ങൾക്കും ഇണങ്ങുന്നതാകണമെന്ന് എന്നും ആഗ്രഹിച്ചു. അതിനു വേണ്ടി കുതറി, പ്രതിഷേധിച്ചു. പുരുഷനിശ്ചിത വസ്ത്ര രീതിയെത്തന്നെ അവർ അവരുടേതായ രീതിയിൽ പരിഷ്കരിച്ചു. അപൂർവം സന്ദർഭങ്ങളിലെങ്കിലും വസ്ത്രത്തെത്തന്നെ അവർ പ്രതിഷേധമാക്കി.

ALSO READ

ഹിജാബിനെ എന്തുകൊണ്ട്​ സമരായുധമായി വായിക്കണം?

ഇന്ന് കുലീന സ്ത്രീയുടെ ദേശീയവസ്ത്രമായി നിലനിൽക്കുന്ന സാരി പ്രചാരത്തിലായത് സ്വാതന്ത്യ സമരത്തിൽ സ്ത്രീ പ്രാതിനിധ്യം ഏറി വന്നു തുടങ്ങിയ കാലത്തോടെയായിരിക്കണം. അവരിലേറെയും സവർണ സ്ത്രീകളുമായിരുന്നല്ലോ. ഖാദി ധരിച്ച ആ സവർണ ശരീരങ്ങൾ സാമാന്യ സ്ത്രീ സമൂഹത്തിനും സ്വീകാര്യമായ മാതൃകകളായി. ഇന്ന് ഇന്ത്യയിൽ പ്രചാരത്തിലുള്ള രീതിയിലെ സാരി  ബംഗാളിലാണ് രൂപകൽപ്പന ചെയ്യപ്പെട്ടതെന്നും അതിനു നേതൃത്വം നൽകിയത് ഒരു വിദേശ വനിതയുടെ സഹായത്തോടെ, നവോത്ഥാന നായകനായിരുന്ന കേശബ് ചന്ദ്രസെൻ ആയിരുന്നുവെന്നും ചരിത്രകാരൻ ഡോ. എം.ഗംഗാധരൻ (സ്ത്രീ ശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ, അപ്രകാശിത ലേഖനം) . 

court
'കർണാടകയിലെ ഹിജാബ് വിവാദത്തിൽ ജനാധിപത്യപരമായി തീർപ്പു നൽകാൻ കോടതികൾ ​പോലും മടിക്കുകയോ ഭയക്കുകയോ ചെയ്യുന്നതും രാജ്യം ചെന്നെത്തിയ ഏറെ അപകടകരമായ അവസ്ഥയെ സൂചിപ്പിക്കുന്നുണ്ട്.'

സാരിയോടൊപ്പം പരിഷ്കൃതി, സ്ത്രീ വിദ്യാഭ്യാസം, അന്ധവിശ്വാസ നിർമ്മാർജ്ജനം ഇവയൊക്കെ പുരുഷ താൽപ്പര്യത്തിൽ, അല്ലെങ്കിൽ മുൻ കൈയിൽ തന്നെ ക്രമേണ  സെമറ്റിക് മതങ്ങളിൽ കൂടി നടപ്പിലാവുന്നത് നാം കാണുന്നു. വൈക്കം മുഹമ്മദ്​ ബഷീറിന്റെ  "ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു' എന്ന നോവലിൽ ആധുനിക ചിന്താഗതിക്കാരനായ നിസാർ  അഹമ്മദും അയാളുടെ സാരിയുടുത്ത പെങ്ങളും കാച്ചിത്തുണിയും പെങ്കുപ്പായവുമിട്ട ഗ്രാമീണ നിഷ്കളങ്ക കുഞ്ഞിപ്പാത്തുമ്മയെ പരിഷ്കരിച്ചെടുക്കുന്നത് എത്ര ഉൾപ്പുളകത്തോടെയാണ് നമ്മൾ വായനക്കാർ സ്വീകരിച്ചത്! അതൊരു കാലമായിരുന്നു! സ്വാതന്ത്ര്യാനന്തര മധുര ദേശീയതാക്കാലം!

അങ്ങനെ പരിഷ്കരിച്ചു കൂട്ടത്തിൽ ചേർക്കപ്പെട്ടവരാണ് ഞങ്ങൾ മുസ്​ലിം സ്ത്രീകളും. ഞങ്ങൾക്കും ഒരു തലമുറ മുമ്പേ തുടങ്ങിയിരുന്നു മധ്യകേരളവാസികളായ മുസ്​ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സ്വാതന്ത്യവും വസ്ത്ര പരിഷ്കരണവും. സ്കൂൾ ക്ലാസുകളിൽ പാവാടയും ബ്ലൗസും, തലയിൽ സ്ലൈഡു കുത്തിയുറപ്പിച്ച കുഞ്ഞിവർണത്തട്ടവുമായി ചിത്രശലഭങ്ങളായി പാറി നടന്ന ഞങ്ങൾ  കോളേജു ക്ലാസുകളിലെത്തിയതോടെ എല്ലാവരെയും പോലെ ഹാഫ് സാരിയിലേയ്ക്കോ നേരിട്ട് സാരിയിലേക്കോ മുതിർന്നു. ഓവർ കോട്ടും മുടി "പുട്ടപ്പു'മായി മെഡിക്കൽ പഠനകാലത്ത് തട്ടം ഞങ്ങളുടെ ചിന്താവിഷയമേ ആയില്ല. മഫ്ത്തയൊക്കെ പിന്നീടുമേറെക്കഴിഞ്ഞാണ്, ഒന്നൊന്നര ദശാബ്ദം കഴിഞ്ഞാണ് പ്രചാരത്തിലായത്. ഏകദേശം അക്കാലത്തു തന്നെ ഗൾഫു പുരുഷന്റെ പെട്ടിയിലെത്തിയ മിനുസമുള്ള നീളൻ കറുപ്പു വസ്ത്രം കൗതുകം കൊണ്ടോ സൗകര്യം തോന്നിയിട്ടോ ഭർതൃ താൽപ്പര്യം മാനിച്ചോ മുസ്​ലിം സ്ത്രീ ധരിച്ചു തുടങ്ങി. നാട്ടിൽ തനിച്ചു കഴിയുന്ന വീട്ടുകാരിയുടെ സദാചാര സംരക്ഷണത്വര തീർച്ചയായും ഗൾഫുകാരന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം. കോഴിക്കോട്ടെ കോയമാർക്കിടയിലോ മറ്റോ അപൂർവമായി കാണാനൊത്തിരുന്ന പർദ്ദ അങ്ങനെ പതുക്കെപ്പതുക്കെ കേരളത്തിൽ വേരുറപ്പിക്കുകയായി. അവസരം മുതലാക്കാൻ ആകർഷക പരസ്യങ്ങളുമായി പർദ്ദ കമ്പനികളുമെത്തി. അങ്ങനെ പർദ്ദയും പിന്നെ ബുർക്കയും മാന്യ മുസ്​ലിം സ്ത്രീ വസ്ത്രമായി. ആഗോളതലത്തിൽ ഇതിനിടയിലുണ്ടായി വന്ന അമേരിക്കൻ സ്പോൺസേഡ് മുസ്​ലിം അപരവൽക്കരണവും ഇസ്​ലാം ഭീതിയും ആഗോള മുസ്​ലിം സ്വത്വബോധത്തിലേക്കും വസ്ത്ര ഏകീകരണ ശ്രമങ്ങളിലേക്കുമുള്ള പാതകളെ സുഗമമാക്കി.

ALSO READ

അബോര്‍ഷന്‍ അവകാശമായിരിക്കെ ഡോക്ടര്‍മാര്‍ അത് നിഷേധിക്കുന്നതെന്തിന്‌

ഇവയെല്ലാം പടിപടിയായി നോക്കിക്കാണേണ്ടി വന്ന ഞങ്ങളുടെ തലമുറയുടെ സന്ദിഗ്ധതകൾ വൃക്തമായിരുന്നു. പതുക്കെപ്പതുക്കെ ഞങ്ങളിൽ പലരും മഫ്ത്തക്കാരികളും പിന്നെ പർദ്ദക്കാരികളുമായി. ചിലർ സാരിയുപേക്ഷിച്ച് ചുരിദാറും തല മറയ്ക്കുന്ന ഷാളുമായി അങ്ങോട്ടും ഇങ്ങോട്ടും അല്ലാതെ നിന്നു. തങ്ങൾക്കിഷ്ടപ്പെട്ട, സൗകര്യപ്പെട്ട വസ്ത്രം ധരിക്കുമെന്നു ധീരരായ പുതുതലമുറക്കാരികളും ഇസ്​ലാമിലുണ്ടായി. കുട്ടിക്കാലം മുതൽ തട്ടമിട്ട, പർദ്ദ ധരിച്ച മുതിർന്നവരെ മാത്രം കണ്ടു ശീലിച്ച പുതുതലമുറക്കാരിൽ ഒരു വിഭാഗം അവരുടെ രീതി തന്നെ പിൻതുടരാനും തുടങ്ങി. അവരെ സംബന്ധിച്ച്​"ഹിജാബി'കളാണ് സാധാരണ മുസ്​ലിംകൾ. അങ്ങനെയല്ലാത്തവർ അപൂർവതകൾ, നിഷേധികൾ, അല്ലെങ്കിൽ അസാധാരണ ധൈര്യശാലിനികൾ!

dress
ആഗോളതലത്തിൽ ഉരുത്തിരിഞ്ഞു വന്ന അമേരിക്കൻ സ്‌പോണ്‍സേഡ്‌ മുസ്​ലിം അപരവൽക്കരണവും ഇസ്​ലാം ഭീതിയും ആഗോള മുസ്​ലിം സ്വത്വബോധത്തിലേക്കും വസ്ത്ര ഏകീകരണ ശ്രമങ്ങളിലേക്കുമുള്ള പാതകളെ സുഗമമാക്കി. / Photo: Muhammed Fasil

ഹിജാബ് ഞാനും ധരിച്ചിട്ടുണ്ട്. ധരിക്കേണ്ടി വന്നതാണ്. ഡോക്ടറായി സൗദി അറേബ്യയിൽ ജോലി ചെയ്ത കാലത്ത്. തുടക്കത്തിൽ വലിയ പ്രതിഷേധം തോന്നിയെങ്കിലും, രണ്ടു വലിയ തുളകളിലൂടെ കൈകൾ കടത്തി മുന്നിലേയ്ക്ക് രണ്ടറ്റവും ചേർത്തു പിടിക്കേണ്ട ഒരു കറുത്ത ഷാൾ മാത്രമായി യാത്രാവേളകളിലെ "അബായ' (പർദ്ദയുടെ പകര വസ്ത്രം) എന്നോടിണങ്ങി. താമസസ്ഥലത്തു നിന്നിറങ്ങി ആശുപത്രിയിൽ എത്തുംവരെ അബായ, ആശുപത്രിയിലെത്തിയാൽ അതഴിച്ചു മാറ്റി വെളുത്ത ഓവർകോട്ട്. സാരി ഇവയ്ക്കുള്ളിലൊക്കെ തുടർച്ചയായി. തലയിലെ മഫ്ത കൊണ്ടു മുടി മറയുന്നില്ല, ചെവി പുറത്താക്കുന്നതെന്തിന് എന്നൊക്കെയുള്ള ചോദ്യങ്ങളെ ചിരിയോടെ അവഗണിച്ചു. അവയൊക്കെ എന്റെ വ്യക്തിപര സൗകര്യങ്ങൾ, നിശ്ശബ്ദപ്രതിഷേധങ്ങളും! എന്റെ അല്ലാഹു ഇത്തരം കാര്യങ്ങളൊന്നുമല്ല ശ്രദ്ധിക്കുക എന്ന് സ്വയവും, ചിലപ്പോഴൊക്കെ ഉറക്കെയും പറഞ്ഞു. ഏഴു വർഷം കഴിഞ്ഞ് തിരിച്ചെത്തി വലിയ ശീലായ്മകളൊന്നുമില്ലാതെ പഴയ സാരിക്കാരിയിലേക്ക് ഞാൻ മടങ്ങുകയും ചെയ്തു. ചുരിദാർ ഇഷ്ടപ്പെട്ട വേഷമെങ്കിലും ശീലം കൊണ്ടായിരിക്കാം, സാരിയേക്കാൾ കൂടുതൽ സൗകര്യമൊന്നും യാത്രയിൽ തോന്നാത്തതിനാൽ സാരിയിൽത്തന്നെ എന്റെ വസ്ത്ര താൽപ്പര്യമൊതുങ്ങി.

നമ്മുടെ കേരളത്തിനു വലിയ വസ്ത്രസ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ചരിത്രമുണ്ട്. പൊതുവേ കേട്ടു പഠിച്ചിട്ടുള്ള നവോത്ഥാന ചരിതങ്ങൾക്കപ്പുറമുള്ള സ്ത്രീപക്ഷ ചരിത്രം ചികയുന്നുണ്ട് ഡോ.ഗംഗാധരൻ. മാറുമറയ്ക്കൽ സമരത്തിനു പുറകിൽ ദലിതരുടെ മതം മാറ്റവും മിഷനറിമാർ ചെലുത്തിയ സദാചാരബോധവുമെന്ന് അദ്ദേഹം. മിഷനറിമാരെത്തും മുമ്പ് മാറിടത്തിന്റെ നഗ്നത മലയാളിക്കൊരു പ്രശ്നമായിരുന്നില്ല. കയ്യോ കാലോ കാണുന്ന പോലെയാണ് മലയാളിക്ക് മാറിടവുമെന്ന് ഒരു ബ്രിട്ടീഷുകാരൻ അത്ഭുതത്തോടെ രേഖപ്പെടുത്തുന്നുമുണ്ട്. ബ്ലൗസ് / റവുക്ക സവർണർക്കിടയിൽപ്പോലും പ്രചാരത്തിൽ വന്നത് പതുക്കെയാണ്. പരിഷ്കൃത സവർണ പുരുഷ താൽപ്പര്യങ്ങളായിരുന്നു അതിനു പുറകിൽ. യാഥാസ്തികതയ്ക്കെതിരായ ഒറ്റപ്പെട്ട സ്ത്രീ പോരാട്ടമായും ചിലപ്പോളത് നടന്നിട്ടില്ലെന്നല്ല,  പ്രത്യേകിച്ച് ബ്രാഹ്മണ സമുദായത്തിൽ.

ഭർത്താവിനോടൊപ്പമുള്ളപ്പോൾ അയാളുടെ അഭീഷ്ടവും പരിഷ്കാര ബോധവുമുൾക്കൊണ്ട് റവുക്കയിടുകയും യാഥാസ്ഥിതിക കുടുംബത്തിലേക്കെത്തുമ്പോൾ  അമാന്യമായ വേഷംകെട്ടൽ അഴിച്ചു വെച്ച് സംഘർഷങ്ങൾ ഒഴിവാക്കുകയും ചെയ്തു നായർസ്ത്രീകൾ. സാമുദായിക പരിഷ്കർത്താവായിരുന്ന വി.ടി. ഭട്ടതിരിപ്പാട് പരിഷ്കൃതിയിലേയ്ക്കെത്താൻ മടിച്ച നമ്പൂതിരി സ്ത്രീകളെ ഭീഷണിയുടെ സ്വരത്തിൽ ഉദ്ബോധിപ്പിക്കുന്നുണ്ട്, നാണം കെടുത്തുന്ന വേഷവുമായി നടന്നാൽ പരിഷ്കൃത നമ്പൂതിരി യുവാക്കൾ തങ്ങളുടെ സ്വജാതി വധുക്കളെ വിട്ട് നായർ സ്ത്രീകളെ തേടിപ്പോകും എന്ന്. പാർവതി നെന്മിനിമംഗലം എന്ന ഉശിരത്തി ഇതിനു ചുട്ട മറുപടിയും കൊടുക്കുന്നുണ്ട്. സാമൂഹ്യ പരിഷ്കർത്താക്കൾ എന്നു വിശേഷിപ്പിക്കപ്പെടുന്നവർ പോലും സ്ത്രീകളുടെ മാനസിക സംസ്കരണമല്ല, പുരുഷ താൽപ്പര്യമനുസരിച്ചുള്ള പുറം പരിഷ്കരണം മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന കണ്ടെത്തൽ അവരെ അത്ര മാത്രം അസ്വസ്ഥയാക്കിയിരുന്നു. വസ്ത്രധാരണത്തിൽ സ്ത്രീക്കും പുരുഷനും ഏകീകരണമാകാം എന്നത്രയും ആധുനികമായി അന്നു ചിന്തിച്ച  വനിതയായിരുന്നു അവർ.

gangadaran
ഡോ. എം. ഗംഗാധരൻ

ജാതീയത കൊടികുത്തി വാണിരുന്ന കേരളത്തിൽ മേൽജാതിക്കാരോട് ആദരവു കാണിക്കുന്നതിന്റെ ഒഴിവാക്കാനാവാത്ത ഘടകം കൂടിയായിരുന്നു, അരയ്ക്ക് മുകളിലുള്ള നഗ്നത. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ, ക്ഷേത്രത്തിൽ തൊഴാൻ വന്ന കൊച്ചി കോവിലകത്തെ തമ്പുരാട്ടിക്കു മുന്നിലൂടെ ബ്ലൗസു ധരിച്ചു നടന്നു പോയ കുറ്റത്തിന് നായർ യുവതിയുടെ മാർവസ്ത്രം രാജഭടന്മാർ വലിച്ചു കീറിയ നിയമപാലനത്തിന്റെ ചരിത്രമുള്ള നാടാണിത്. (കെ.പി.പത്മനാഭ മേനോൻ - History of Kerala.) മഹാരാജാവിന്റെ സന്നിധിയിൽ ഇതേക്കുറിച്ച് പരാതി വന്നെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലത്രെ!

സംഘടിതമായി പൊരുതി വിജയിക്കാൻ പലപ്പോഴുമായത് കീഴാള സ്ത്രീകൾക്കായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മുല ചെത്തി മാറ്റപ്പെട്ട നങ്ങേലിയും കല്ലുമാല പൊട്ടിച്ച് മാർവസ്ത്രം ധരിക്കാനായി അയ്യങ്കാളിക്കൊപ്പം പൊതുവേദികളിൽ വന്ന ധീരവനിതകളും ഇത്തിരി വൈകിയാണെങ്കിലും ഇന്ന് നമ്മുടെ നവോത്ഥാന മാതൃകകളാണ്.

ഡോ.ഗംഗാധരന്റെ സ്ത്രീപക്ഷ വിശകലനങ്ങൾ കൗതുകകരമായ ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്​. ക്രിസ്ത്യൻ മിഷനറിമാർ മതം മാറിയ ദലിത് സ്ത്രീകളെ മാറുമറയ്ക്കാൻ പ്രേരിപ്പിക്കുന്നത് സെമറ്റിക് മത സങ്കൽപ്പമനുസരിച്ചുള്ള സദാചാര ബോധത്തോടെയാണ്. നവോത്ഥാന നേതാക്കൾ പിന്നെയത് ഏറ്റു പിടിച്ചു എന്നു മാത്രം (മലബാറിൽ ടിപ്പു സുൽത്താനും ഇതിനായി നിയമം കൊണ്ടുവന്നു എന്നതുമോർക്കാം). സ്ത്രീകൾക്ക് സ്വയമുണർന്ന സദാചാരബോധം കൊണ്ടല്ല മാറുമറയ്ക്കൽ ആവശ്യം ഉയർന്നുവന്നത് എന്നർത്ഥം. പളളിയിലെത്തുംവരെ റവുക്ക മടക്കി തോളിലും പിന്നെയത് അരയ്ക്കു മുകളിലും എന്ന രീതി സ്വീകരിച്ചിരുന്നുവത്രെ ചില നവവിശ്വാസികളെങ്കിലും. മാറു മറയ്ക്കാൻ റവുക്ക നിർബന്ധമാക്കിയപ്പോൾ അതിനു മുകളിലൊരു മേൽമുണ്ടുമായാലെന്താ എന്ന് ചാന്നാർ സ്ത്രീകളുടെ ചിന്ത. റവുക്കയിട്ട നായർ സ്ത്രീകൾക്ക് അതാവാമെങ്കിൽ എന്തുകൊണ്ടു തങ്ങൾക്കതു പാടില്ല? അവർ റവുക്കയിട്ട് അതിനു മേലൊരു മേൽ മുണ്ടും  ചാർത്തി  "ആഢ്യരാ'യി. മതം മാറിയവർ മാത്രമല്ല,  അങ്ങനെയല്ലാത്ത ചാന്നാർ സ്ത്രീകളും ഇതു കണ്ട് തങ്ങളുടെ ഉടുപ്പും നടപ്പും പരിഷ്കരിക്കാൻ തുടങ്ങി. ഈ മേൽമുണ്ടാണ്, മാറുമറയ്ക്കുന്ന റവുക്കയല്ല, മേൽജാതിക്കാരെ പ്രകോപിതരാക്കിയത് എന്ന് ഡോ.ഗംഗാധരൻ.

പൊതുവഴിയിൽ മാർ വസ്ത്രം വലിച്ചുകീറലും അതിനെതിരെയുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ സമരവും, നിയമയുദ്ധങ്ങളും ദശകങ്ങൾ നീണ്ടു നിന്നു. മേൽമുണ്ടു വേണ്ട, പ്രകോപനമുണ്ടാക്കേണ്ട എന്ന് മിഷനറിമാർ ഉപദേശിച്ചു നോക്കിയെങ്കിലും അവർ വഴങ്ങിയില്ല. ഇതു ഞങ്ങളുടെ സ്വാതന്ത്ര്യം, ഞങ്ങളുടെ നീതിബോധം, ഞങ്ങളുടെ സൗന്ദര്യബോധം എന്ന് നനഞ്ഞിറങ്ങിയവർ പ്രഖ്യാപിക്കുകയായിരുന്നു. ഫലമോ? തിരുവിതാംകൂർ രാജസഭയിലും മദ്രാസിലെ ബ്രിട്ടീഷ് അധികാരികളുടെ മുന്നിലും ഒക്കെയായി പരാതികൾ എത്തുകയും വിളംബരങ്ങൾ നിരന്തരം ഇറങ്ങുകയും ചെയ്തു. മതം മാറിയവർ മാർവസ്ത്രം ധരിക്കട്ടെ, മേൽമുണ്ടു വേണ്ട എന്ന് ആദ്യ വിധി. പിന്നെയത് എല്ലാവർക്കും മാർവസ്ത്രമാകാമെന്നായി. മേൽമുണ്ടിനായി എന്നിട്ടും പ്രക്ഷോഭം തുടർന്നതിനാൽ  1865 ൽ ജാതിമതഭേദമെന്യ സ്ത്രീകൾക്ക് ഏതു ഇഷ്ടവസ്ത്രവും ധരിക്കാം എന്ന വിധി തീർപ്പും വന്നു. 

1822 ൽ ആരംഭിച്ച ചാന്നാർസ്ത്രീ സമരപരമ്പര അങ്ങനെ വർഷമേറെക്കഴിഞ്ഞ് ഫലശ്രുതിയിലെത്തി. കീഴാള സ്ത്രീകൾക്കു മാത്രം പലപ്പോഴും സാധ്യമാകുന്ന സംഘടിത സമരവീര്യമാണത്. മിഷനറിമാർക്ക് ഇതിന്റെ  ഇടനിലക്കാരായി നിന്ന് സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടവരുടെ റോൾ  മാത്രമായി. പുതിയ സദാചാര മൂല്യങ്ങൾക്കനുസരിച്ചുള്ള മാറുമറയ്ക്കലിനെ പ്രതിരോധിച്ചു നിന്ന സ്ത്രീകളെ ബലപ്രയോഗത്തിലൂടെയും മുലകളിൽ കറുത്ത ചായമടിച്ച് അവഹേളിക്കുന്നതിലൂടെയും "നേർവഴിക്കു' കൊണ്ടുവന്ന ഈഴവ- അരയ പുരുഷ നവോത്ഥാന ശ്രമങ്ങളെയും ഇതിനോടു ചേർത്തുവെച്ചു വായിക്കാം.

dress
Photo: Muhammed Fasil

പുരുഷന്റെ നവോത്ഥാനത്വര, അത് മിഷനറിമാരുടെയോ സ്വസമുദായ പുരുഷന്മാരുടെയോ എന്ന ഭേദമില്ലാതെ സ്ത്രീയുടെ വസ്ത്രധാരണത്തെ നിശ്ചയിച്ചിരുന്നു, കാലങ്ങളിലൂടെ എന്നതാണു വാസ്തവം. പുരുഷ താൽപ്പര്യങ്ങൾക്കു വേണ്ടി സ്ത്രീകളെ കൂട്ടത്തോടെ ഉപയോഗിച്ചിരുന്ന ചരിത്രത്തെപ്പറ്റിയും ഡോ.ഗംഗാധരൻ പറയുന്നുണ്ട്. ലക്ഷ്യം നേടുംവരെ സ്ത്രീകളുടെ പൊതു പ്രവേശനത്തെ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യം നേടിയാൽ "വീട്ടിൽ പോടീ' എന്നാജ്ഞാപിക്കുകയും ചെയ്യുകയാണ് പൊതു രീതി എന്നദ്ദേഹം പറയുന്നത് വിമോചന സമരത്തിലെ ക്രിസ്ത്യൻ സ്ത്രീ പ്രാതിനിധ്യത്തെ ചൂണ്ടിയാണ്.

 അപ്പോഴും സ്ത്രീ അവളവളുടേതായ പൊരുതലുകൾ, തിരുത്തലുകൾ നടത്തിയിട്ടുമുണ്ട്.  മാറുമറയ്ക്കാൻ തുടങ്ങിയ സ്ത്രീയെ, മോഡേൺ ആവാൻ തുടങ്ങിയ സ്ത്രീയെ പുരുഷൻ എപ്പോഴും സംശയത്തോടെ തന്നെ വീക്ഷിച്ചു. അത്രയ്ക്കു പോകണ്ട എന്ന നിയന്ത്രണങ്ങൾ ഇടയ്ക്കിടെ ഉയർത്തി. ബ്ലൗസിന്റെ കയ്യിറക്കം, കഴുത്തിറക്കം, സാരി ധരിച്ച സ്ത്രീയുടെ പുറമേക്കാണുന്ന വയറിന്റെ പാർശ്വദൃശ്യം ഇവയൊക്കെ പുരുഷന്റെ അസ്വസ്ഥതകളായി തുടർന്നു. തലമറച്ച തട്ടത്തിലൂടെ പുറത്തേയ്ക്കു കാണുന്ന മുടിയിഴകൾ ഉറക്കം കെടുത്തുന്ന മുസ്ലിം പുരുഷനും ശരീരം നന്നായി മറയുന്ന വസ്ത്രമെങ്കിലും അതിനു മേലെയൊരു പർദ്ദയും വേണമെന്നു നിഷ്കർഷിക്കുന്നവനും ഒക്കെ സമാന മനസ്കർ തന്നെ. സ്ത്രീയാവട്ടെ, തന്റെ സൗന്ദര്യബോധത്തിനും ശരീരസ്വാതന്ത്ര്യത്തിനും കൂടി ഇടം കൊടുത്ത് പുരുഷ താൽപ്പര്യവസ്ത്രങ്ങളെ പരിഷ്കരിച്ചുകൊണ്ടേയിരുന്നു. ചിലപ്പോഴെങ്കിലും അത് അവളുടെ പ്രതിരോധമോ സ്വത്വ പ്രകാശനമോ ആയിത്തീരുകയും ചെയ്തു.

സ്ത്രീ ഒരുങ്ങുന്നത് പുരുഷനെ ആകർഷിക്കാനാണ് എന്ന ഭയം എന്നും പുരുഷനുണ്ട്​. ഒട്ടുമുക്കാലും സ്ത്രീകൾ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് പ്രാഥമികമായി സ്വന്തം സംതൃപ്തിക്കുവേണ്ടിയാണ് എന്നത് പുരുഷന് മനസ്സിലായി എന്നു വരില്ല. ഒരു അഭിനന്ദന വാക്കോ നോട്ടമോ മറ്റു സ്ത്രീകളിൽ നിന്നോ പുരുഷനിൽ നിന്നോ ലഭിച്ചാൽ അവൾ ആഹ്ളാദിക്കുമെന്നത്  പാപമായി എടുക്കേണ്ടതുമില്ല. സ്വന്തമെന്ന് അവൾക്കുറപ്പുള്ള (അതുപോലും ഉറപ്പില്ലാത്ത എത്രയോ സ്ത്രീകൾ!) തന്റെ ശരീരത്തിലെ അവളുടെ ചമയലുകൾ അവളുടെ ആവിഷ്കാരത്തിന്റെ ഭാഗം തന്നെയാണ്.

ആകെ മൂടുന്ന ബുർഖയിടുന്ന ചെറുപ്പക്കാരികളും എപ്പോഴെങ്കിലും അഴിച്ചു വെക്കേണ്ടി വരുന്ന നിമിഷങ്ങൾക്കായി നന്നായി ഒരുങ്ങാറുണ്ടെന്നത് സൗദി അറേബ്യൻ അനുഭവങ്ങളിൽ നിന്ന് നേരിട്ടറിയാം. സ്വയം വികൃതവൽക്കരിച്ചു കൊണ്ടു മാത്രം പുറത്തിറങ്ങേണ്ടിവരുന്ന ചെറുപ്പക്കാരികൾ അത് സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്തതാണെന്നു പറയുമ്പോൾ സന്ദേഹമുണ്ടാകുന്നതും അതുകൊണ്ടാണ്. യുവത്വത്തിന്റെ വൈകാരികതകളും സൗന്ദര്യബോധവും മാറ്റിവെച്ച് മതവിശ്വാസത്തിന്റെ കഠിന നിയന്ത്രണങ്ങളിലേക്ക് പെൺകുട്ടികൾ സ്വമേധയാ എത്തുന്നുവെങ്കിൽ അത് തന്നെ ഏറെ പ്രതിലോമപരമല്ലേ? അവളുടെ അഭിമാനമായ സ്വന്തം ശരീരത്തെ പുരുഷ ഭോഗത്തിനായുള്ള മാംസ ശരീരം മാത്രമാക്കി  ചുരുക്കിക്കാണേണ്ടി വരുന്ന അവസ്ഥ എത്ര ദയനീയമാണ്!

തലയിലെ തട്ടത്തെ, മഫ്തയെ ഏറെ സർഗാത്മകമാക്കാൻ മുസ്​ലിം പെൺകുട്ടികൾ ശ്രദ്ധ ചെലുത്തുന്നത് കണ്ടിട്ടില്ലേ? ഏറ്റവും മോഡേൺ ആയ രീതി തന്നെ അവരതിനു തെരഞ്ഞെടുക്കുന്നു. കുഞ്ഞുന്നാൾ മുതൽ തട്ടം ശീലമാക്കിയവർ അങ്ങനെ പൊതു സമൂഹത്തിൽ നിന്ന് അധികം വിച്ഛേദിക്കപ്പെടാതെ സൗമ്യമായി ഇടകലർന്നു ജീവിക്കുന്നു. അതവളുടെ സ്വത്വത്തിന്റെ ഭാഗമായി ഒരു ജനാധിപത്യ രാജ്യത്ത് അവൾക്കനുവദിച്ചു കിട്ടേണ്ട സ്വാതന്ത്യം തന്നെയാണ്. ഏതെങ്കിലും യൂണിഫോം ഡ്രസിന്റെ  "യൂണിഫോമിറ്റി'യെ അത് അട്ടിമറിക്കുന്നുമില്ല. മതാതീതമായ ഒരടുപ്പത്തിന്റെ ഊഷ്മളത അത് ഉണ്ടാക്കുകയാണ് ചെയ്യുന്നതും.

ഹിജാബിനു (തല മറ) വേണ്ടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത് എന്ന് ആവർത്തിച്ചു പറയാൻ സമരരംഗത്തുള്ള പെൺകുട്ടികൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. പൊതുജനത്തിന് അതത്ര വിശ്വാസമാകുന്നുമില്ല. ഫാസിസ്റ്റ് വിരുദ്ധ സമരമെങ്കിൽ ജനാധിപത്യവാദികളെയെങ്കിലും അതു ബോധ്യപ്പെടുത്തേണ്ടതുമുണ്ട്.

എന്തുകൊണ്ട്​ ഈ പെൺകുട്ടികൾക്ക് ക്ലാസുമുറിക്കകത്തെന്ന പോലെ, അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനോടൊപ്പം തലമറ മാത്രം ധരിച്ച് സമരരംഗത്തെത്താൻ തീരുമാനമെടുത്തു കൂടായിരുന്നു? ശരീരം മറയുന്ന ആ വേഷത്തിലല്ലേ അവർ സഹവിദ്യാഭ്യാസം നടത്തുന്നതും? പുരുഷ താൽപര്യപ്രകാരം മാർവസ്ത്രം ധരിക്കുന്നെങ്കിൽ ഞങ്ങളുടെ താൽപര്യ പ്രകാരം ഒരു മേൽമുണ്ടു കൂടി ഞങ്ങളിടും എന്നു തീരുമാനിച്ച് സമരത്തിന് ഒരു ജാതി വിരുദ്ധമാനം കൂടി ഉണ്ടാക്കിയെടുത്ത  പഴയ ചരിത്ര വനിതകളുടെ വീര്യം ഇന്നത്തെ സ്ത്രീകൾക്കില്ലാതെ പോകുന്നതെന്തേ? ഹിജാബ് ഞങ്ങൾ ധരിക്കുന്നു, അതു ഞങ്ങളുടെ കൂടി താൽപര്യമാണ്, ഞങ്ങൾ ഭൂരിപക്ഷ മതഫാസിസത്തിനെതിരെയുള്ള സമരത്തിലാണ്, അതിനു ഏറ്റവും അനുയോജ്യമായ വസ്ത്രമിതാണ് എന്നുള്ള പ്രഖ്യാപനമാകാമല്ലോ നമ്മുടെ സമരം.  ഫാസിസത്തിനെതിരായ സമരത്തെ അത് ഒട്ടുമേ തളർത്തില്ല. ശക്തി കൂട്ടുകയേ ഉള്ളു.

എല്ലാ അധികാരശക്തികൾക്കും എതിരായി പൊരുതുമ്പോഴാണ് നാം ജനാധിപത്യത്തിന്റെ പക്ഷത്താവുന്നത്. കൂടുതൽ സർഗാത്മകമായ എതിരിടൽ  അപ്പോഴാണ് സംഭവിക്കുക.

  • Tags
  • #Crime against Women
  • #Muslim women
  • #Hijab row
  • #Sangh Parivar
  • #Khadija Mumtaz
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Dr. Abdul JALEEL

22 Mar 2022, 08:19 AM

❤️❤️❤️

muslim personal law

Interview

വി.പി. സുഹ്‌റ

മുസ്ലിം സ്ത്രീയുടെ സ്വത്ത് കവരുന്നതാര്?

Feb 01, 2023

46 Minutes Watch

hijab - controversy

Minorities

പി.ബി. ജിജീഷ്

‘വസ്ത്രം നോക്കി' അവകാശങ്ങള്‍ നിഷേധിക്കുന്നത്​ മൗലികാവകാശലംഘനം കൂടിയാണ്​

Jan 24, 2023

8 Minutes Read

woman

Crime against women

റിദാ നാസര്‍

ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം: പൊരുതുന്ന സ്​ത്രീകളുടെ എണ്ണം കൂടുന്നു

Jan 21, 2023

18 Minutes Read

gujarat riots 2002

Book Review

ശ്രീജിത്ത് ദിവാകരന്‍

ഗുജറാത്ത് വംശഹത്യ ; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം

Jan 20, 2023

14 Minutes Read

muslim-women

Human Rights

എം.സുല്‍ഫത്ത്

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം: ഭരണകൂടം കാണേണ്ടത്​ മതത്തെയല്ല,  മതത്തിനുള്ളിലെ സ്ത്രീയെ

Jan 12, 2023

10 Minutes Read

Rahul Gandhi

National Politics

ഷാജഹാന്‍ മാടമ്പാട്ട്

രാഹുല്‍ ഗാന്ധി ബി.ജെ.പി. കുതന്ത്രങ്ങളെ തകര്‍ത്ത് ഗോദി മീഡിയയെ നേരിട്ട വിധം 

Jan 10, 2023

3 Minutes Read

pazhayidam Issue

Editorial

കെ. കണ്ണന്‍

പഴയിടത്തിന് സാമ്പാര്‍ ചെമ്പിന് മുന്നില്‍ വെക്കാനുള്ള വാക്കല്ല ഭയം

Jan 08, 2023

15 Minutes Watch

COVER

Life Sketch

അനുഷ ആൻ​ഡ്രൂസ്​

ആസിഡ്​ ആക്രമണ- ​റേപ്പ്​- കൊലപാതക ഭീഷണികൾക്കിടയിൽ ഒരു പെൺകുട്ടിയുടെ ഇൻസ്​റ്റഗ്രാം ജീവിതം

Jan 08, 2023

10 Minutes Read

Next Article

കാലം മാറുന്നു ഭാവനയ്ക്കൊപ്പം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster