ഇഞ്ചിഞ്ചായ മരണത്തിൽനിന്ന്‌ മലയാളത്തെ രക്ഷിക്കാൻ മാതൃഭാഷാ ആക്റ്റിവിസം തന്നെയാണ് വേണ്ടത്

വിദ്യാഭ്യാസത്തിലൂടെ മലയാളത്തെ രണ്ടാംതരമായി കാണാൻ പരിശീലിപ്പിക്കപ്പെട്ട യുവതലമുറ മലയാളഎഴുത്തുകളിൽ നിന്നും മലയാളസിനിമയിൽ നിന്നും മലയാളഗാനങ്ങളിൽ നിന്നും മലയാളചാനലുകളിൽ നിന്നും എല്ലാം അകന്നുപോവാൻ തുടങ്ങിയിട്ടുണ്ട്. കേവലമായ മാതൃഭാഷാസ്‌നേഹം എന്നതിലുപരി മാതൃഭാഷാസംരക്ഷണത്തിന് ഗവൺമെന്റ് തലത്തിൽ നിയമനിർമാണം നടത്താൻ വേണ്ടിയുള്ള 'മാതൃഭാഷാ ആക്റ്റിവിസം' ആണ് ഇക്കാലത്ത് ആവശ്യമെന്ന വാദമുന്നയിക്കുകയാണ് ലേഖകൻ. ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി ആചരിക്കുന്ന പാശ്ചാത്തലത്തിൽ മലയാളത്തിന്റെ നവീകരണശ്രമങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ഒരു വിചാരം

മാതൃഭാഷയുടെ മരണം അങ്ങനെയാണ് - ഇഞ്ചിഞ്ചായി മെല്ലെമെല്ലെ ആയതുകൊണ്ട് നമ്മുടെ കൺമുന്നിൽ നടക്കുമ്പോഴും അത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. പക്ഷേ തലമുറകളിലൂടെ കണ്ണോടിക്കുമ്പോൾ ഓരോ തലമുറ കഴിയുമ്പോഴും മാതൃഭാഷയുമായുള്ള ബന്ധം ക്ഷയിച്ചുവരുന്നത് വ്യക്തമായി കാണാം. ഇത് വായിക്കുന്ന നിങ്ങൾക്ക് മലയാളവുമായുള്ള ബന്ധമാണോ നിങ്ങളുടെ മക്കൾക്കും അവരുടെ മക്കൾക്കും ഉള്ളത് എന്നൊന്ന് പരിശോധിച്ചാൽ മാത്രം മതി കാര്യങ്ങൾ മനസ്സിലാക്കാൻ.

"ഈ നല്ല പാട്ട്/സിനിമ മലയാളം ഉള്ളിടത്തോളം കാലം നിലനിൽക്കും' എന്നൊക്കെ നമ്മൾ ഇപ്പോൾതന്നെ പറയാൻ തുടങ്ങിയിരിക്കുന്നു. മാതൃഭാഷാസംരക്ഷണത്തെ കുറിച്ചുള്ള എഴുത്തുകളിൽ പോലും "മലയാള ഭാഷ നിലനിൽക്കുന്നിടത്തോളം കാലം തുടരേണ്ടുന്ന തൽസംബന്ധിയായ സംവാദം...' എന്നൊക്കെയാണ് പറയുന്നത്. മലയാളം കാലക്രമേണ നിലനിൽക്കില്ല എന്ന് എല്ലാവരും ഉറപ്പിച്ചിരിക്കുന്നു. ഇന്നത്തെ പോക്ക് പോയാൽ അങ്ങനെ സംഭവിക്കുമെന്ന ഉപബോധമനസ്സിന്റെ തിരിച്ചറിയലിൽ നിന്നാണ് ഇത്തരം പ്രസ്താവനകൾ ഉടലെടുക്കുന്നത്.

മാതൃഭാഷ നിലനിൽക്കുന്നിടത്തോളം കാലം അതിനെ സംരക്ഷിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. മലയാളത്തെ എല്ലാ കാലത്തേക്കുമായി കേരളത്തിലെ മാതൃഭാഷയായി ജീവനോടെ നിലനിർത്തുന്നതായിരിക്കണം ഭാഷാസംരക്ഷണത്തിന്റെ ലക്ഷ്യം.

മാതൃഭാഷാമരണങ്ങൾ

ഒരു ഭാഷക്ക് അതിന്റെ ജന്മദേശവുമായി ജൈവികമായ പൊക്കിൾകൊടിബന്ധം ഉണ്ട്. ആ ബന്ധമാണ് അതിനെ സജീവമായി നിലനിർത്തുന്നത്. ഒരു ഭാഷയും താനേ മരിക്കുന്നില്ല. അതിനെ കൊല്ലുന്നത് മറ്റൊരു അധിനിവേശ ഭാഷയാണ്. മാതൃഭാഷാസംരക്ഷണം എന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം അടുത്തകാലത്ത് കൂടിയിട്ടുണ്ടെങ്കിലും എന്തിൽ നിന്നാണ് മാതൃഭാഷയ്ക്ക് സംരക്ഷണം വേണ്ടത് എന്നുള്ളത് വ്യക്തമായി തുറന്നു പറയാൻ പലർക്കും മടിയുള്ളതുപോലെ തോന്നുന്നു. ഒരു ദേശത്ത് പുതിയൊരു ഭാഷ കടന്നുവന്ന് അവിടത്തെ പരമ്പരാഗത ഭാഷയ്ക്ക് പകരമായി ഉപയോഗിക്കപ്പെടാൻ തുടങ്ങുന്നതാണ് മാതൃഭാഷാമരണത്തിന്റെ തുടക്കം. കേരളത്തെ സംബന്ധിച്ച് ഈ അധിനിവേശഭാഷ ഇന്ത്യയിൽ ബ്രിട്ടീഷ് കൊളോണിയലിസത്തോടെ പ്രചരിച്ച ഇംഗ്ലീഷ് ആണ്. സംസാരിക്കാൻ അറിയുന്ന ജനങ്ങളുടെ എണ്ണം വച്ച് ലോകത്തെ ഏറ്റവും വലിയ ഭാഷയായ, ആഗോള മൂലധനത്തിന്റെയും ഡിജിറ്റൽ സാങ്കേതികതയുടെയും പിൻബലമുള്ള ഇംഗ്ലീഷിന് മലയാളം പോലുള്ള ഒരു ചെറിയ ഭാഷയെ നിഷ് പ്രയാസം ഇല്ലാതാക്കാൻ സാധിക്കും -നമ്മൾ സൂക്ഷിച്ചില്ലെങ്കിൽ.

ഭാഷാമരണം എന്നത് തലമുറകളിലൂടെ നൂറ്റാണ്ടുകൾ സമയമെടുത്ത് നടക്കുന്ന പ്രക്രിയയാണ്. ഒരു ജനതയിൽ മാതൃഭാഷയുടെ ഉപയോഗരീതികൾ ഘട്ടംഘട്ടമായി നിലച്ചുപോവുകയാണ് ഭാഷാമരണത്തിൽ സംഭവിക്കുന്നത്. അത് ഒരു മരണം അല്ല, പല ഘട്ടങ്ങളിലായി നടക്കുന്ന മരണങ്ങൾ ആയതുകൊണ്ടാണ് മാതൃഭാഷാമരണങ്ങൾ എന്ന് പറയുന്നത്. മാതൃഭാഷയുടെ ഉപയോഗരീതികളെ നാലായി തരംതിരിക്കാം:
1. മനസ്സിലാക്കൽ
2. സംസാരിക്കൽ
3. വായിക്കൽ
4. എഴുതൽ

ഈ നാല് ഉപയോഗരീതികളും ഭാഷാനൈപുണ്യത്തിന്റെ ആരോഹണക്രമത്തിലാണ് മുകളിൽ കൊടുത്തിരിക്കുന്നത്. മാതൃഭാഷയിൽ "എഴുതൽ' ചെയ്യുന്ന ഒരാൾ മുകളിൽ പറഞ്ഞ എല്ലാ ഉപയോഗരീതികളും ആ ഭാഷയിൽ ചെയ്യുന്നുണ്ടാവും. മാതൃഭാഷയിൽ "വായിക്കൽ' ചെയ്യുന്ന ഒരാൾ അതിനു മുൻപ് ലിസ്റ്റ് ചെയ്ത "സംസാരിക്കൽ', "മനസ്സിലാക്കൽ' എന്നിവയും ആ ഭാഷയിൽ ചെയ്യുന്നുണ്ടാകും. ഒരു ഭാഷ വായിക്കാൻ അറിയുന്നവർക്ക് അതിൽ എഴുതാനും പറ്റുമല്ലോ എന്ന ചോദ്യം ഉയരാം. മലയാളം വായിക്കുന്നുവെങ്കിലും അതിൽ എഴുതുവാനുള്ള പ്രാവീണ്യം/താൽപര്യം ഇല്ലാത്ത, എഴുതാൻ ഇംഗ്ലീഷ് മാത്രമുപയോഗിക്കുന്ന ആളുകൾ ഇക്കാലത്ത് ധാരാളം ഉണ്ട്. അതിനാലാണ് "വായിക്കൽ', "എഴുതൽ' എന്നിവയെ വെവ്വേറെ ഉപയോഗരീതികളായി കൊടുത്തിരിക്കുന്നത്.

മാതൃഭാഷയിൽ സാക്ഷരത ഇല്ലാത്ത ഒരാൾ "സംസാരിക്കൽ', "മനസ്സിലാക്കൽ' എന്നിവ മാത്രമാണ് അതിൽ ചെയ്യുന്നത്. ഒരു ഭാഷ കേട്ടാൽ മനസ്സിലാവുകയും പക്ഷേ അത് സംസാരിക്കാനുള്ള പ്രാവീണ്യം/താല്പര്യം ഇല്ലാതിരിക്കുന്നതുമായ അവസ്ഥ സാധ്യമാണ്. ഉദാഹരണത്തിന് പ്രവാസിമലയാളികളുടെ അടുത്ത തലമുറയിൽ ഇങ്ങനെ മലയാളം കേട്ടാൽ മനസ്സിലാവുകയും പക്ഷേ സംസാരിക്കാനുള്ള പ്രാവീണ്യം/താല്പര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. അതിനാലാണ് "മനസ്സിലാക്കൽ' എന്ന ഉപയോഗരീതി "സംസാരിക്കൽ' എന്ന ഉപയോഗരീതിയിൽനിന്ന് വേർപ്പെടുത്തി കാണുന്നത്.
ഭാഷയുടെ നാല് ഉപയോഗരീതികൾക്കും ജനങ്ങൾ മാതൃഭാഷ മാത്രം ഉപയോഗിക്കുന്ന ഒരു ദേശത്ത് മാതൃഭാഷ വളരെ സജീവമാണ്. ഇംഗ്ലീഷ് പോലുള്ള ഒരു അധിനിവേശഭാഷ കടന്നുവന്ന് ഈ ഉപയോഗരീതികളെ ഘട്ടംഘട്ടമായി കൈയടക്കുമ്പോൾ മാതൃഭാഷ കാലക്രമേണ മരണമടയുന്നു.

ഘട്ടം1, ദ്വിഭാഷിത്വം: മാതൃഭാഷ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന വ്യക്തികൾ അതിനുപകരമായി അധിനിവേശഭാഷ കൂടി ഉപയോഗിക്കാൻ തുടങ്ങി ദ്വിഭാഷികൾ (bilingual) ആയി മാറുന്നു.
ഘട്ടം2, എഴുത്തുമരണം:എഴുതൽ മാതൃഭാഷയിൽ നിന്ന് അധിനിവേശ ഭാഷയിലേക്ക് മാറുന്നു. മാതൃഭാഷയുടെ ഉപയോഗം വായിക്കൽ, സംസാരിക്കൽ, മനസ്സിലാക്കൽ എന്നിവയ്ക്ക് മാത്രമാകുന്നു.
ഘട്ടം3, വായനമരണം: വായിക്കൽ മാതൃഭാഷയിൽ നിന്ന് അധിനിവേശ ഭാഷയിലേക്ക് മാറുന്നു. മാതൃഭാഷയുടെ ഉപയോഗം സംസാരിക്കൽ, മനസ്സിലാക്കൽ എന്നിവയ്ക്ക് മാത്രമാകുന്നു.
ഘട്ടം4, സംസാരമരണം: സംസാരിക്കലും മാതൃഭാഷയിൽ നിന്ന് അധിനിവേശ ഭാഷയിലേക്ക് മാറുന്നു. മാതൃഭാഷ കേട്ടാൽ മനസ്സിലാവും എന്ന് മാത്രമാകുന്നു.
ഘട്ടം5, പൂർണ്ണമരണം: മാതൃഭാഷ മനസ്സിലാക്കാൻ മാത്രം പറ്റുന്ന ആളുകളുടെ മരണത്തോടെ ഭാഷയും പൂർണ്ണമായി മൃതമാകുന്നു. ജനതയുടെ എല്ലാ ഭാഷാ ഉപയോഗരീതികളും കൈയ്യടക്കികൊണ്ട് അധിനിവേശഭാഷ അവരുടെ പുതിയ മാതൃഭാഷയായി മാറുന്നു.

ഇങ്ങനെ പല ഘട്ടങ്ങളിലായാണ് മാതൃഭാഷയുടെ മരണങ്ങൾ നടക്കുന്നത്. ഒരു ദേശത്തെ മാതൃഭാഷയുടെ ഉപയോഗത്തെ അധിനിവേശഭാഷ കയ്യടക്കുന്നതിനെ "ഭാഷാവ്യതിയാനം' (language shift) എന്നാണ് പറയുന്നത്. മുകളിൽ പറഞ്ഞ അഞ്ചു ഘട്ടങ്ങൾ ഒരു വ്യക്തിയിൽതന്നെ സംഭവിക്കണമെന്നില്ല. വ്യക്തിയിലും വ്യക്തിയുടെ അനന്തരതലമുറകളിലും ആയാണ് ഇത് നടക്കുന്നത്. ഓരോ ഘട്ടവും സമയമെടുത്ത് കാലക്രമേണയാണ് പൂർത്തിയാവുന്നത്. ഉദാഹരണത്തിന് സംസാരമരണം സംഭവിക്കുന്ന നാലാം ഘട്ടത്തിൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ വ്യക്തി പൂർണ്ണമായും ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങുകയല്ല ചെയ്യുന്നത്. ആദ്യം മലയാളത്തിനിടെ ഒന്നോ രണ്ടോ ഇംഗ്ലീഷ് വാചകങ്ങളിൽ തുടങ്ങി പിന്നീട് അതിന്റെ തോത് കാലക്രമേണ കൂടിക്കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിനാൽ ഒരു ഘട്ടം പൂർത്തിയാവുന്നതിനു മുൻപുതന്നെ അടുത്ത ഘട്ടം തുടങ്ങിയിട്ടുണ്ടാവാം. ഉദാഹരണമായി എഴുത്ത്മരണം സംഭവിക്കുന്ന രണ്ടാം ഘട്ടം പൂർത്തിയാവുന്നതിന് മുൻപ് തന്നെ വായനമരണം സംഭവിക്കുന്ന മൂന്നാം ഘട്ടം തുടങ്ങാം.

കേരളത്തിൽ ജനിച്ചു വളർന്ന മലയാളികൾ ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി കേരളത്തിനു പുറത്തോ ഇന്ത്യക്ക് പുറത്തോ പ്രവാസിയായി ജീവിക്കുമ്പോൾ (പ്രവാസി എന്ന പദം ഈ അർത്ഥത്തിലാണ് ലേഖനത്തിലുടനീളം ഉപയോഗിക്കുന്നത്) മലയാളികൾ അല്ലാത്തവരുമായി ആശയവിനിമയം നടത്താൻ ഇംഗ്ലീഷ്, ഹിന്ദി എന്നീ ലിങ്ക് ഭാഷകൾ (link language), അല്ലെങ്കിൽ പ്രവാസസ്ഥലത്തെ പ്രാദേശികമാതൃഭാഷ എന്നിവ ഉപയോഗിക്കേണ്ടി വരും. കേരളത്തിന്/ഇന്ത്യക്ക് പുറത്ത് സ്ഥിരതാമസമാക്കിയ പ്രവാസികളിലും അവരുടെ അനന്തര തലമുറകളിലും മുകളിൽ പറഞ്ഞ പോലെ ഘട്ടംഘട്ടമായുള്ള ഭാഷാവ്യതിയാനവും മാതൃഭാഷാനഷ്ടവും സംഭവിക്കുന്നത് കാണാവുന്നതാണ്. മുംബൈയിലോ അമേരിക്കയിലോ ഗൾഫ് രാജ്യങ്ങളിലോ സ്ഥിരതാമസമാക്കിയ മലയാളികളുടെ അനന്തര തലമുറകളെ നിരീക്ഷിച്ചാൽ ഇക്കാര്യം ബോധ്യമാവും. പക്ഷേ പ്രവാസികളിലെ ഭാഷാവ്യതിയാനം പ്രവാസത്തിന്റെ ഒഴിവാക്കാൻ വയ്യാത്ത പാർശ്വഫലമാണ്. പ്രവാസികളിലെ ഭാഷാവ്യതിയാനം അല്ല മാതൃഭാഷയെ കൊല്ലുന്നത്. ഒരു ദേശത്തിൽ ജീവിക്കുന്നവർ തന്നെ അവിടെ ജനനം കൊണ്ട മാതൃഭാഷയ്ക്ക് പകരമായി അധിനിവേശഭാഷ ഉപയോഗിച്ചു തുടങ്ങുന്നതാണ് ഭാഷാമരണത്തിൽ കലാശിക്കുന്ന ഭാഷാവ്യതിയാനം. ഒരു ഭാഷയെ അതിന്റെ ജന്മദേശത്തു തന്നെ ഉന്മൂലനം ചെയ്യുമ്പോഴാണ് അത് തിരിച്ചു വരാത്ത രീതിയിൽ മരണമടയുന്നത്. പ്രവാസി മലയാളികളല്ല, കേരളത്തിൽ ജീവിക്കുന്ന മലയാളികൾ മലയാളത്തിനു പകരം ഇംഗ്ലീഷ് ഉപയോഗിച്ച് തുടങ്ങുന്നതാണ് ഗൗരവത്തോടെ കാണേണ്ടത്.

ഇംഗ്ലീഷിലേക്കുള്ള ഭാഷാവ്യതിയാനം: കാരണങ്ങൾ

ജർമാനിക് ഭാഷാകുടുംബത്തിൽ പെട്ട ഇംഗ്ലീഷ് ബ്രിട്ടീഷ് കൊളോണിയലിസം വഴിയാണ് ഇന്ത്യയിൽ വ്യാപിച്ചത്. ഇംഗ്ലീഷിലേക്കുള്ള ഭാഷാവ്യതിയാനത്തിന്റെ ഏത് ഘട്ടത്തിലാണ് ഇന്നത്തെ കേരളം എന്ന് പരിശോധിക്കുന്നത് ആവശ്യമാണ്. നൂറു വർഷത്തെ കാലയളവിൽ ഏകദേശം മൂന്നു തലമുറകൾ ഒരേസമയം ജീവിക്കുന്ന ഇക്കാലത്ത് ഓരോ മലയാളിയും വെവ്വേറെ ഘട്ടങ്ങളിൽ ആയിരിക്കും എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ്തന്നെ കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയിൽ ഇംഗ്ലീഷ് ഉൾപ്പെടുത്തിയിരുന്നു. മാതൃഭാഷയ്ക്ക് പുറമേ ഒന്നോ രണ്ടോ ഭാഷകൾ പഠിച്ച് ദ്വിഭാഷികളും ത്രിഭാഷികളും ആവുന്നത് പണ്ടേ നിലവിലുള്ള കാര്യമാണ്; ആവശ്യവുമാണ്. പക്ഷേ ഉന്നത വിദ്യാഭ്യാസം, ഉന്നത ജോലികൾ, മലയാളികൾ അല്ലാത്തവരുമായുള്ള വിനിമയങ്ങൾ എന്നിവയ്ക്ക് മാത്രമേ ഇംഗ്ലീഷ് ഉപയോഗിച്ചിരുന്നുള്ളൂ. മലയാളികൾ ഇംഗ്ലീഷ് കൂടി പഠിച്ച് ദ്വിഭാഷികൾ ആവുന്നത് കൊണ്ട് മാത്രം ഭാഷാവ്യതിയാനം സംഭവിക്കുന്നില്ല. ഇംഗ്ലീഷ് ആരോട് ഏതു സന്ദർഭത്തിൽ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.

ഉന്നതവിദ്യാഭ്യാസം, ജോലി എന്നിവയ്ക്കുപുറമേയുള്ള സാധാരണ ജീവിതസന്ദർഭങ്ങളിൽ പരസ്പരമുള്ള വിനിമയങ്ങളിൽ മലയാളത്തിനു പകരം ഇംഗ്ലീഷ് ഉപയോഗിച്ചു തുടങ്ങുമ്പോഴാണ് ഭാഷാമരണത്തിലേക്കു നയിക്കുന്ന തരത്തിലുള്ള ദ്വിഭാഷിത്വമായ ഒന്നാം ഘട്ടം ആരംഭിക്കുന്നത്. പണ്ടുകാലത്ത് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ ഗവൺമെന്റ്/എയ്ഡഡ് സ്‌കൂളുകൾ പൂർണമായും മലയാളമാധ്യമത്തിൽ ആയിരുന്നു. ചുരുക്കം ചില വരേണ്യകുടുംബങ്ങളിൽ ഒഴികെ എല്ലാവരും പത്താംക്ലാസ് വരെ മലയാളമാധ്യമത്തിൽ ആയിരുന്നു പഠിച്ചിരുന്നത്. 1990കളിലാണ് സ്‌കൂളുകൾ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറിക്കൊണ്ടുള്ള ഭാഷാവ്യതിയാനം വലിയ തോതിൽ ആരംഭിച്ചത്.1990കളിൽ നടന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉദാരവൽക്കരണം, ആഗോളീകരണത്തിന്റെ ഫലമായി കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള വർദ്ധിച്ച ജോലിസാധ്യതകൾ, വിദേശിയും സ്വദേശിയുമായ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ കടന്നുവരവ്, ഇംഗ്ലീഷ് പേരുകളിൽ വിൽക്കപ്പെടുന്ന നിത്യോപയോഗ സാധനങ്ങളുടെയും ഉപകരണങ്ങളുടെയും മുഖ്യധാരാവൽക്കരണം, കമ്പ്യൂട്ടർ-മൊബൈൽ-ഇന്റർനെറ്റ് എന്നിവയുടെ വ്യാപനം തുടങ്ങിയവയെല്ലാം ഈ കാലഘട്ടത്തിൽ ഇംഗ്ലീഷിന്റെ വലിയതോതിലുള്ള വ്യാപനത്തിന് കാരണമായിട്ടുണ്ട്. സ്‌കൂളിലെ പഠനമാധ്യമം ഇംഗ്ലീഷ് ആയതോടെ എഴുത്തിലും വായനയിലും വലിയ തോതിൽ ഭാഷാവ്യതിയാനം സംഭവിച്ച് എഴുത്ത്മരണം, വായനമരണം എന്നിവ പലരിലും ഒരുമിച്ചു തുടങ്ങുന്നു. മലയാളം കുറ്റകരമായി അവഗണിക്കപ്പെട്ട കാലത്ത് കേരളത്തിൽ ജീവിക്കുന്ന ഒരു വിദ്യാർത്ഥിക്ക് മലയാളം തീരെ പഠിക്കാതെ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പറ്റുമായിരുന്നു. അത്തരം വ്യക്തികൾ ഭാഷാവ്യതിയാനത്തിന്റെ കാര്യത്തിൽ എഴുത്ത്മരണവും വായനമരണവും പൂർത്തിയാക്കിയവരാണ്.

മാതാപിതാക്കൾ വീട്ടിൽ മലയാളം ന്യൂസ്‌പേപ്പർ വായിക്കുമ്പോൾ കുട്ടികൾ ഇംഗ്ലീഷ് ന്യൂസ്‌പേപ്പറും മാഗസിനുകളും മാത്രം വായിക്കുന്ന സ്ഥിതി ഉണ്ടാകുന്നു. ഇൻർനെറ്റ്, കമ്പ്യൂട്ടർ, മൊബൈൽ എന്നിവ ഉപയോഗിച്ച് ഇ-മെയിൽ, മെസേജിങ്, സാമൂഹ്യമാധ്യമങ്ങൾ എന്നിവയിലൂടെ ആശയവിനിമയം നടത്തുമ്പോൾ നേരിൽ കണ്ടാൽ മലയാളത്തിൽ സംസാരിക്കുന്നവർ പോലും ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ നിർബന്ധിതരാവുന്നുണ്ട്. ടെക്‌നോളജിയിലൂടെ അടിച്ചേൽപ്പിക്കപ്പെടുന്ന എഴുത്ത്മരണം, വായനമരണം എന്നിവയ്ക്ക് ഉദാഹരണമാണിത്. ആധുനികകാലത്തെ വ്യക്തിജീവിതം മൊബൈൽ ഫോണിലൂടെയുള്ള സോഷ്യൽമീഡിയയാൽ നിയന്ത്രിതമാണ്. മലയാളം എഴുതുവാൻ അറിയുന്നവരിൽ പലരും സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ മലയാളം കണ്ടന്റ് ധാരാളമായി വായിക്കുമ്പോഴും എന്തെങ്കിലും എഴുതുമ്പോൾ ഇംഗ്ലീഷ് മാത്രമാണ് തിരഞ്ഞെടുക്കുന്നത്. എഴുത്ത് എന്നത് വ്യക്തിയുടെ ആത്മപ്രകാശനമാണ്. നമ്മൾ ഏതു ഭാഷയിൽ വായിക്കുന്നു എന്നത് ആരും അറിയാത്ത സ്വകാര്യം ആണെങ്കിൽ ഏതു ഭാഷയിൽ എഴുതുന്നു എന്നത് ലോകം മുഴുവൻ കാണാവുന്ന ഒന്നാണ്.

അതിനാൽ തന്നെ മാതൃഭാഷ രണ്ടാംതരം ആണെന്ന തോന്നലുള്ളവർ എഴുതുമ്പോൾ ഇംഗ്ലീഷ് മാത്രമേ ഉപയോഗിക്കാറുള്ളൂ. മലയാളിയെങ്കിലും ഓൺലൈൻ ജീവിതത്തിൽ ഇംഗ്ലീഷ്-വരേണ്യതയിലൂടെ സ്വയമൊരു "ഗ്ലോബൽ സിറ്റിസൺ' (അങ്ങനെയൊന്നില്ല എന്നതാണ് സത്യം) ആണെന്ന് സ്വയം അടയാളപ്പെടുത്താനുള്ള ത്വര ഇതിനു പിറകിലുണ്ട്. ഇത് ടെക്‌നോളജി ഉപയോഗത്തിലൂടെ ചിലർ എത്തിച്ചേരുന്ന എഴുത്ത്മരണത്തിന് ഉദാഹരണമാണ്. എഴുത്തിനായി മാതൃഭാഷ ഉപയോഗിക്കാതെ രണ്ടാംഘട്ടമായ എഴുത്ത്മരണം പൂർത്തിയാക്കിയവർ കാലക്രമേണ വായനയിലും മാതൃഭാഷ ഉപയോഗിക്കാതെ മൂന്നാംഘട്ടമായ വായനമരണത്തിൽ മുന്നേറുന്നു. ഇംഗ്ലീഷ് മാധ്യമമായുള്ള പല പ്രൈവറ്റ് സ്‌കൂളുകളിലും മലയാളത്തിലുള്ള സംസാരത്തിന് വിദ്യാർത്ഥികളെ വിലക്കുന്ന, അവരെ ശിക്ഷിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യുന്ന ഏർപ്പാടുണ്ട്. ഇങ്ങിനെ സംസാരത്തിലും മലയാളത്തിനു പകരം ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുന്നതിലൂടെ അവരിൽ സംസാരമരണം എന്ന നാലാംഘട്ടം തുടങ്ങുകയായി.

സ്‌കൂളുകളിൽ ഇംഗ്ലീഷിൽ സംസാരിക്കാൻ നിർബന്ധിക്കപ്പെടുന്ന വിദ്യാർത്ഥികൾ സ്‌കൂളിനു പുറത്തുള്ള സുഹൃദ് വലയങ്ങളിലും കുടുംബത്തിലും ഇംഗ്ലീഷ് സംസാരിക്കാൻ പ്രോഗ്രാം ചെയ്യപ്പെടുന്നു. ചിലപ്പോൾ മാതാപിതാക്കൾ തന്നെയാണ് വീട്ടിലും മാതൃഭാഷയ്ക്ക് പകരം ഇംഗ്ലീഷ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. ഇംഗ്ലീഷിൽ സംസാരിക്കുന്നത് കൂൾ ആയും പുരോഗമനമായും ബുദ്ധിയുടെ ലക്ഷണമായും ഒക്കെ കരുതുന്ന മലയാളികൾ ധാരാളമുണ്ട്. ഇത്തരം ഇംഗ്ലീഷ്-വരേണ്യ ചിന്താഗതികൾ പേറുന്നവരും അവരിലൂടെ സ്വാധീനിക്കപ്പെടുന്നവരും സംസാരമരണം പൂർത്തിയാക്കുന്നതിൽ മുന്നേറുന്നവരാണ്. ഫ്‌ലാറ്റുകളിലും വില്ലകളിലും വളരുന്ന കുട്ടികൾ അവിടെയുള്ള മറ്റു കുട്ടികളുടെ സ്വാധീനത്തിൽ പെട്ട് മാതൃഭാഷയിലുള്ള സംസാരം ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. ഭാഷയുടെ സംസാരവും ഇല്ലാതാകുന്ന നാലാംഘട്ടം പൂർത്തിയാവുന്നതോടെ ഭാഷ പൂർണ്ണമരണമടയുന്ന അഞ്ചാംഘട്ടം എന്ന അനിവാര്യതയാണ് മുന്നിലുണ്ടാവുക.

വിദ്യാഭ്യാസനയങ്ങളിലൂടെയും ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ മുതലായ സാങ്കേതികവിദ്യയിലൂടെയും ഉണ്ടാകുന്ന ഇംഗ്ലീഷിലേക്കുള്ള ഭാഷാവ്യതിയാനത്തിന് പുറമെ ഇംഗ്ലീഷ് ഭാഷയെ കുറിച്ചുള്ള വരേണ്യചിന്താഗതികളും മാതൃഭാഷയെ അവഗണിക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. സമ്പത്തും അധികാരവും സൗന്ദര്യവും ഉള്ള വിഭാഗത്തെ അനുകരിക്കാനും അവരിലൊരാളായി തീരുവാനുമുള്ള അടിസ്ഥാനത്വര എല്ലാ മനുഷ്യരിലുമുണ്ട്. ഒരു ഭാഷയുടെ സമ്പത്തും അധികാരവും നിർണയിക്കുന്നത് അത് മാതൃഭാഷയായി ഉള്ള ഭൂപ്രദേശങ്ങളുടെ സമ്പത്തിലും അധികാരത്തിലും ആണ്. ഇത് ലോകത്തിൽ എത്രപേർ ഭാഷ മാതൃഭാഷയായി സംസാരിക്കുന്നു എന്നതിന് ആനുപാതികമാണ്.

ഒരു ഭാഷയുടെ സൗന്ദര്യം എന്നത് അതിലെ സാഹിത്യ-സംഗീത-നൃത്ത- നാടക- സിനിമ- ടെലിവിഷൻ- ഓൺലൈൻ കലകളുടെ സൗന്ദര്യമാണ്. മൂന്നര കോടിയോളം ജനങ്ങൾ സംസാരിക്കുന്ന വലിപ്പത്തിൽ ലോകത്തിലെ 26ആമത്തെ ഭാഷയായ മലയാളം ശക്തിസൗന്ദര്യങ്ങളിൽ ഒട്ടും പുറകിലല്ല. അത് എത്രപേർക്ക് തിരിച്ചറിയാൻ കഴിയുന്നു എന്നുള്ളതാണ് കാര്യം. കേരളത്തിൽ ജനിച്ചുവളരുമ്പോഴും മാതൃഭാഷയെ അവഗണിച്ചുകൊണ്ട് ഇംഗ്ലീഷിനെ പുൽകുന്നത് ചിലർക്കെങ്കിലും വരേണ്യതയിലേക്കുള്ള കുറുക്കുവഴിയാണ്. വ്യക്തിയുടെ താൻ ജീവിക്കുന്ന പ്രാദേശിക സമൂഹവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന ഒന്നാണ് ഈ കുറുക്കുവഴി. എല്ലാ കുറുക്കുവഴികൾക്കും ഉള്ള പ്രശ്‌നങ്ങൾ അതിലുമുണ്ട്.

വാക്കല്ല, വാചകമാണ് ഭാഷ

മാതൃഭാഷയുടെ സംരക്ഷണത്തെ കുറിച്ച് പറയുമ്പോൾ അതിനെ മലയാളത്തിൽ ഇംഗ്ലീഷ് വാക്കുകൾ പൂർണമായും ഒഴിവാക്കുക എന്ന രീതിയിൽ വ്യാഖ്യാനിക്കുന്ന ചിലരുണ്ട്. വലിയ അബദ്ധധാരണ ആണിത്. "വാക്കല്ല, വാചകമാണ് ഭാഷ' എന്ന് ഊന്നി പറഞ്ഞുകൊണ്ട് ഡോ. പ്രബോധചന്ദ്രനെ പോലുള്ള ഭാഷാശാസ്ത്രജ്ഞർ ഇതിന് വ്യക്തത വരുത്തിയിട്ടുണ്ട്. മലയാള വാചകങ്ങളിൽ ആവശ്യമുള്ളിടത്ത് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുമ്പോൾ അത് മലയാളം അല്ലാതാകുന്നില്ല. "അവൻ ഫോൺ വാങ്ങി', "പടം റിസർവ് ചെയ്തു', "അവൾ സ്വിച്ച് ഇട്ടു' എന്നീ വാചകങ്ങളിൽ ഇംഗ്ലീഷ് വാക്കുകൾ ഉണ്ടെങ്കിലും അവ മലയാളവാചകം അല്ലാതാകുന്നില്ല. സായിപ്പിന് ഈ വാചകങ്ങൾ മനസ്സിലാവുകയുമില്ല. ഇന്ത്യൻ ഭാഷകളുടെ വാചകഘടന ഇംഗ്ലീഷിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. മനുഷ്യന്റെ ആധുനിക ജീവിതശൈലി ശാസ്ത്രസാങ്കേതിക വിദ്യയിൽ ഊന്നിയതാണ്. ശാസ്ത്രസാങ്കേതിക വിജ്ഞാനം ലോകത്തിലുള്ള മനുഷ്യരാശിയുടെ പൊതുസ്വത്താണ്. ഇന്ത്യയിലേക്ക് അത് കടന്നുവരുന്നത് ഇംഗ്‌ളീഷിലൂടെയാണെന്ന് മാത്രം.

ഇതരഭാഷകളിലുള്ള നാമങ്ങളും ക്രിയകളും വിശേഷണങ്ങളും വാചകഘടനയിൽ സ്വീകരിച്ച് സ്വന്തമാക്കാൻ കഴിവുള്ള ഭാഷയാണ് നമ്മുടെ മലയാളം. അതിനാൽ മലയാളഭാഷ രൂപം കൊണ്ടതിന് ശേഷമുണ്ടായ സാങ്കേതിക പദങ്ങൾക്ക് തത്തുല്യമായ മലയാളവാക്കുകൾ ഉണ്ടാക്കാൻ ശ്രമിച്ച് ഭാഷയെ മുരടിപ്പിക്കുന്നത് ഭാഷാസ്‌നേഹമല്ല. അതായത് "switch' എന്നതിന് "സ്വിച്' മതി, "വൈദ്യുതാഗമനനിഗമനനിയന്ത്രണയന്ത്രം' എന്ന തരത്തിലുള്ള സംസ്‌കൃത കോപ്രായം വേണ്ട. കാറിന് "നാൽചക്രവണ്ടി' എന്ന് പച്ചമലയാള വാക്കും വേണ്ട. മലയാളം ഉപയോഗിക്കുമ്പോൾ ഇംഗ്ലീഷ് വാചകങ്ങൾ (വാക്കുകൾ അല്ല) കടന്നു വരുമ്പോഴാണ് അത് പ്രശ്‌നകരമായ ഭാഷാവ്യതിയാനം ആകുന്നത്.

സംസ്‌കൃതത്തിൽ നിന്ന് എത്രയോ വാക്കുകൾ കടമെടുത്തു കൊണ്ടാണ് മലയാളം ദ്രാവിഡ-സംസ്‌കൃത സമന്വയത്തിന്റെ ശക്തിസൗന്ദര്യങ്ങൾ പേറുന്ന ഭാഷയായി വളർന്നത്. ഈ സമന്വയത്തിന്റെ ഫലമായുണ്ടായ മലയാളം അക്ഷരമാല ഉപയോഗിച്ച് ലോകത്തിലെ ഏതു ഭാഷയിലെ വാക്കുകളും കൃത്യതയോടെ അടയാളപ്പെടുത്താൻ പറ്റും. ആധുനികകാലത്ത് ടെക്‌നോളജി, നവോത്ഥാനആശയങ്ങൾ എന്നിവ സംബന്ധിച്ച ഇംഗ്ലീഷിൽ നിന്ന് കടമെടുത്ത വാക്കുകളിലൂടെ മലയാളമുൾപ്പെടെ ലോകത്തുള്ള എല്ലാ ഭാഷകളും വളരുകയാണ്. മലയാളവാചകങ്ങളിൽ മലയാളം വാക്കുകൾ ഉള്ളപ്പോഴും പകരമായി ഇംഗ്ലീഷ് വാക്കുകൾ അമിതമായി ഉപയോഗിക്കുന്നത് അരോചകമായി മാറുന്നു എന്നത് സത്യമാണ്. പക്ഷേ ഈ "അമിതം' എന്നത് തികച്ചും വ്യക്തിപരമായ ഒന്നായതിനാൽ ഈ ചർച്ചയ്ക്ക് വലിയ പ്രസക്തിയില്ല.

ഇംഗ്ലീഷും പുരോഗമനവും

ഇക്കാലത്ത് മലയാളികളുൾപ്പെടെ എല്ലാ ഇന്ത്യക്കാർക്കും ഇംഗ്ലീഷിൽ അടിസ്ഥാനവിദ്യാഭ്യാസമെങ്കിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഉന്നതവിദ്യാഭ്യാസത്തിനും ഉന്നത ജോലികളിലും ഇംഗ്ലീഷിലുള്ള പ്രാവീണ്യം കൂടിയേതീരൂ. കമ്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് എന്നിവയുടെ ഡീഫോൾട് ഭാഷ ഇംഗ്ലീഷ് ആണ്. ലോകത്തിലെ ഏത് കാര്യത്തെയും കുറിച്ചുള്ള അറിവ് ഇക്കാലത്ത് മൊബൈലിൽ ഗൂഗിൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ ഇംഗ്ലീഷിൽ സെർച്ച് ചെയ്താൽ വിരൽത്തുമ്പിൽ ലഭ്യമാണ്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, മരുന്ന്, വിനോദം, സഞ്ചാരം തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലും ശാസ്ത്രസാങ്കേതികവിദ്യയിൽ നിന്നുളവായ പ്രോഡക്റ്റുകൾ ഉപയോഗിക്കുന്നവരാണ് ആധുനിക മനുഷ്യർ. ദേശവ്യത്യാസങ്ങൾക്കനുസരിച്ച് പലതരം മാതൃഭാഷകൾ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇങ്ങനെ ബഹുസ്വരമായ ഭാഷകളുള്ള ഒരു രാജ്യത്ത് ഈ പ്രോഡക്റ്റുകളെല്ലാം ലിങ്ക് ഭാഷയായ ഇംഗ്ലീഷ് പേരുകളിലാണ് വിറ്റഴിക്കുന്നത്.

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് അധിനിവേശത്തിന് എതിരായി ഹിന്ദിയെ ദേശീയഭാഷയായി ഉയർത്തി പിടിക്കേണ്ട ആവശ്യമുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിനുശേഷമാണ് ദേശങ്ങൾക്കനുസരിച്ച് പല ഭാഷകളുള്ള ഇന്ത്യയിൽ ഒരു ദേശീയഭാഷയിലൂടെ മാത്രം ജീവിതവും ഭരണവും സാധ്യമല്ല എന്ന തിരിച്ചറിവിന്റെ ഫലമായി ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച് പ്രാദേശിക മാതൃഭാഷകളിലുള്ള ഭരണസംവിധാനങ്ങൾ ഉടലെടുക്കുന്നത്. സ്വാഭാവികവിഭജനമായ ഭാഷാടിസ്ഥാനത്തിലല്ലാതെ പ്രസിഡൻസികൾ രൂപീകരിച്ച് കേരളത്തിലെ മലബാറിനെ മാത്രം മദ്രാസ് പ്രസിഡൻസിയുടെ ഭാഗമാക്കിയതൊക്കെ ബ്രിട്ടീഷുകാരുടെ "വിഭജിച്ച് കീഴടക്കുക' എന്ന കുതന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗികഭാഷയായി ഹിന്ദി മാത്രം അടിച്ചേൽപ്പിക്കാനുള്ള ഉത്തരേന്ത്യൻ ലോബിയുടെ നീക്കത്തെ കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എക്കാലത്തും ശക്തമായി എതിർത്തിട്ടുണ്ട്.

കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗികഭാഷയായി ഹിന്ദിയുടെ കൂടെ ഇംഗ്ലീഷും ഉണ്ടാവുക എന്നത് കേരളമുൾപ്പെടെയുള്ള അഹിന്ദി സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യമാണ്. പ്രാദേശിക മാതൃഭാഷകളുടെ മേൽ ഹിന്ദിയുടെ അധിനിവേശം തടഞ്ഞുനിർത്തുന്ന സാംസ്‌കാരിക ചെറുത്തുനിൽപ്പ് കൂടിയാണ് ഈ ആവശ്യം. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയുടെ ഭാഷാബഹുസ്വരത നിലനിർത്തുന്നതിൽ ഇംഗ്ലീഷിന് വലിയൊരു പങ്കുണ്ടെന്ന് കാണാവുന്നതാണ്. പക്ഷേ വേലിതന്നെ വിളവ് തിന്നാൻ തുടങ്ങുമ്പോഴാണ് പ്രശ്‌നങ്ങൾ ഉദിക്കുന്നത്.

സയൻസ്- ടെക്‌നോളജി- ബിസിനസ് എന്നിവയുടെ ഭാഷ, കേന്ദ്രഗവൺമെന്റിന്റെ ഔദ്യോഗികഭാഷയായി ഹിന്ദിയോടൊപ്പം സ്ഥാനം എന്നിവയ്ക്കുപുറമേ ഇംഗ്ലീഷ് എന്നത് ഇന്ത്യക്കാർക്ക് ലോക സംസ്‌കാരത്തിലേക്കുള്ള കിളിവാതിൽ കൂടെയാണ്. ഗ്രീസിൽ ഉടലെടുത്ത് യൂറോപ്പിൽ വികസിച്ച് ലോകമാകെ പടർന്ന ജനാധിപത്യ ഭരണസമ്പ്രദായം, കാൾ മാർക്‌സിന്റെ "ദാസ് ക്യാപിറ്റൽ' വഴി ലോകമാകെ വ്യാപിച്ച ഇടതുപക്ഷ ചിന്തകൾ എന്നിവയൊക്കെ ഇന്ത്യയിലും കേരളത്തിലും എത്തിയത് ഇംഗ്ലീഷ് വഴിയാണ്. ലിംഗസമത്വത്തെ കുറിച്ചുള്ള ഫെമിനിസ്റ്റ് ചിന്തകൾ, റേസിസം, ജാതീയത എന്നിവയ്‌ക്കെതിരായ ആശയങ്ങൾ, ഗേ, ലെസ്ബിയൻ, ട്രാൻസ്ജന്റർ, ബൈസെക്ഷ്വൽ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾ എന്നിങ്ങനെ യൂറോപ്യൻ-അമേരിക്കൻ രാജ്യങ്ങളിൽ ഉരുവംകൊണ്ട നവോത്ഥാനമൂല്യങ്ങൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിൽ ഇംഗ്ലീഷിലുള്ള അറിവിന് വലിയൊരു പങ്കുണ്ട്.

പകരം വെയ്ക്കാനാവാത്ത മാതൃഭാഷ

ഇംഗ്ലീഷ് ലോകത്തിലെ ഇത്രയും ശക്തമായ ഭാഷ ആയതിനാൽ എന്തുകൊണ്ട് അത് മലയാളത്തിന് പകരമായി ഉപയോഗിച്ചുകൂടാ എന്ന ചോദ്യം ഉണ്ടാകാം. ഇന്ത്യയെ കീഴടക്കാൻ ശക്തിയുണ്ടായിരുന്ന ബ്രിട്ടീഷുകാർക്ക് എന്തുകൊണ്ട് ഇന്ത്യ ഭരിച്ചുകൂടാ എന്നതിനു സമാനമായ ഒരു ചോദ്യമാണിത്. മാതൃഭാഷാവാദം ഇടുങ്ങിയ ചിന്താഗതിയായ പ്രാദേശികവാദമാണെന്ന അസംബന്ധം പ്രചരിപ്പിക്കുന്നവരുണ്ട്. അങ്ങിനെയെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെയും പ്രാദേശികവാദം എന്ന് മുദ്രകുത്തേണ്ടിവരും. ചില കാര്യങ്ങളിൽ പ്രാദേശികവാദം ആവശ്യമാണ് എന്നതുതന്നെയാണ് അതിനുള്ള മറുപടി. ഇന്ത്യക്കാർ മാതൃഭാഷ ഉപേക്ഷിച്ച് പകരം ഇംഗ്ലീഷാണ് പഠിക്കുന്നത് എന്ന് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെയ്ക്കുന്നവരാണ് പാശ്ചാത്യർ.

വ്യക്തിയുടെയും സമൂഹത്തിന്റെയും ആത്മാഭിമാനം, ആത്മപ്രകാശനം, സ്വയംനിർണയാവകാശം എന്നിവയുടെ പ്രതീകമായ മാതൃഭാഷയെ അവഗണിക്കുന്നത് പാശ്ചാത്യ നവോത്ഥാനമൂല്യങ്ങൾക്ക് നിരക്കുന്നതല്ല. ഇംഗ്ലീഷിന്റെ അധിനിവേശസ്വഭാവം മനസ്സിലാക്കുന്നതിനാലാണ് യൂറോപ്യൻ രാജ്യങ്ങൾ ഇംഗ്ലീഷിനെ സുരക്ഷിതമായ അകലത്തിൽ നിർത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പൗരത്വം ലഭിക്കാൻ ഇംഗ്ലീഷ് അറിഞ്ഞാൽ പോരാ, അവരുടെ മാതൃഭാഷ തന്നെ അറിഞ്ഞിരിക്കണം. ഈയടുത്ത് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോയതിന്റെ (ബ്രക്‌സിറ്റ്) മൂലകാരണം ഇംഗ്ലീഷിന്റെ അധിനിവേശസ്വഭാവം തന്നെയാണ്. ഭാഷാവൈവിധ്യം പരിഗണിക്കുമ്പോൾ ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിൽ വളരെയധികം സാമ്യതയുണ്ട്. അതിനാൽതന്നെ യൂറോപ്പിൽ നിന്ന് ഇന്ത്യയ്ക്ക് പലകാര്യങ്ങളും പഠിക്കാനുണ്ട്.

സാമൂഹ്യജീവിയായ മനുഷ്യൻ ജീവിക്കുന്നത് ഭാഷയിലൂടെയാണ്. മാതൃഭാഷയിൽ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവുക എന്നുള്ളത് ഒരു പൗരന്റെ മൗലികാവകാശമാണ്. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച് സ്വാതന്ത്ര്യം നേടിയത് തന്നെ ഭരണവും അധികാരസ്ഥാപനങ്ങളും ജനാധിപത്യരീതിയിൽ ജനങ്ങളാൽ ജനങ്ങളുടെ ഭാഷയിൽതന്നെ നടത്താൻ വേണ്ടിയാണ്. Democracy എന്ന ജനാധിപത്യത്തെക്കുറിച്ചുള്ള അറിവ് ഇന്ത്യയിലെത്തിയത് പാശ്ചാത്യരിൽ നിന്ന് ഇംഗ്‌ളീഷിലൂടെയാണ്. പക്ഷേ എല്ലാ ഇന്ത്യക്കാരും ജനാധിപത്യത്തെക്കുറിച്ച് അറിഞ്ഞത് ഇംഗ്ലീഷ് പഠിച്ചത് കൊണ്ടല്ല. എന്തുകൊണ്ടെന്നാൽ അറിവുകളും ആശയങ്ങളും ഭാഷാതീതമാണ്.
കാർ എന്ന വാക്ക് ഇംഗ്ലീഷ് ആണെങ്കിലും, കാറിന്റെ സാങ്കേതികവിദ്യ കണ്ടുപിടിച്ചത് പാശ്ചാത്യർ ആണെങ്കിലും, കാർ ഓടിക്കാൻ ഇംഗ്ലീഷ് പഠിക്കേണ്ട കാര്യമില്ല.

സയൻസും ടെക്‌നോളജിയും നവോത്ഥാന മൂല്യങ്ങളും അറിവുകളാണ്, ആശയങ്ങളാണ്. അറിവിനു ഭാഷയില്ല. ആശയങ്ങൾ ഏതെങ്കിലും ഭാഷക്കാരുടെ കുത്തകയല്ല. കാൾ മാർക്‌സ് ജർമൻ ഭാഷയിൽ എഴുതിയ ദാസ് ക്യാപിറ്റൽ വായിച്ചിട്ടല്ല കേരളത്തിൽ ഇടതുപക്ഷചിന്ത ഉണ്ടായത്. അറിവുകളും ആശയങ്ങളും ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് പരാവർത്തനം ചെയ്യാവുന്ന കാര്യങ്ങളാണ്. അറിവുകളും ആശയങ്ങളും നമുക്ക് ഏതു ഭാഷ വഴിയും സ്വീകരിക്കാം. പക്ഷേ മാതൃഭാഷയിലൂടെ പ്രാവർത്തികമാക്കുന്ന അറിവിനും ആശയങ്ങൾക്കും മാത്രമേ സാമൂഹ്യപുരോഗതിയിലേക്ക് നയിക്കുന്ന ചാലകശക്തിയായി മാറാൻ കഴിയൂ. ഭാഷകളും സംസ്‌കാരങ്ങളും തമ്മിൽ കൊടുക്കൽവാങ്ങലുകൾ നടത്തേണ്ടത് പരസ്പരം ആശയങ്ങൾ പങ്കുവെക്കുന്നതിലൂടെയും പുസ്തകങ്ങൾ തർജ്ജമ ചെയ്യുന്നതിലൂടെയുമാണ്; ഒരു ഭാഷ മറ്റൊന്നിനെ ഉന്മൂലനം ചെയ്തു കൊണ്ടല്ല.

കേരളീയസമൂഹത്തിൽ വിവേചനം നേരിടുന്ന വിഭാഗങ്ങളിലുള്ള ചിലരെങ്കിലും മലയാളത്തെ ഉപേക്ഷിച്ചുള്ള ഇംഗ്ലീഷ്വൽക്കരണത്തിലൂടെ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് കരുതുന്നവരാണ്. പക്ഷേ എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയായിരിക്കും ഇത്. പുരോഗമനത്തിലേക്കും സാമൂഹ്യതുല്യതയിലേക്കും കുറുക്കുവഴികൾ ഇല്ല എന്നതാണ് സത്യം. ഇംഗ്ലീഷിൽ ഫെമിനിസവും ക്വിയർ തിയറിയും പഠിച്ചാൽ പരീക്ഷ പാസാവാൻ പറ്റും. പക്ഷേ സ്വന്തം ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും അത് പ്രാവർത്തികമാക്കാൻ ആശയങ്ങളുടെ മാതൃഭാഷയിലൂടെയുള്ള പ്രയോഗം കൂടിയേതീരൂ. ഇംഗ്ലീഷിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ട് ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന മാധവിക്കുട്ടി, ജെ. ദേവിക എന്നിവരുടെ കൃതികൾ പ്രസക്തമാവുന്നത് ഇതുകൊണ്ടാണ്. മലയാളഎഴുത്തുകളും മലയാളസിനിമയും മലയാളചാനലുകളും ഇപ്പോൾ സ്ത്രീസമത്വം, ജാതീയതയ്‌ക്കെതിരെയുള്ള ആശയങ്ങൾ, സ്വവർഗപ്രണയികളുടെയും ട്രാൻസ്ജന്റർ വ്യക്തികളുടെയും അവകാശങ്ങൾ തുടങ്ങിയ നവോത്ഥാന വിഷയങ്ങൾ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട് എന്നുള്ളത് വളരെ ആശാവഹമാണ്.

ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കും ഇംഗ്ലീഷ് നമ്മൾക്ക് ഉപയോഗിക്കേണ്ടി വരാം. എന്നാൽ വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും വൈകാരികതയിൽ മാതൃഭാഷയ്ക്ക് പകരംവയ്ക്കാൻ മറ്റൊരു ഭാഷയ്ക്കും സാധ്യമല്ല. ഓരോ ദേശത്തിന്റെയും സ്വത്വം എന്നത് നൂറ്റാണ്ടുകളിലെ വികാസപരിണാമങ്ങളിലൂടെ അവിടെ രൂപംകൊണ്ട മാതൃഭാഷയാണ്. അനിയന്ത്രിതമായ കുടിയേറ്റത്തെ നിശബ്ദമായി തടഞ്ഞുകൊണ്ട് ഓരോ ദേശത്തിന്റെയും അതിരുകാക്കുന്നതും അവിടത്തെ മാതൃഭാഷയാണ്. മലയാളഭാഷ ഇല്ലാതെ മലയാളസാഹിത്യത്തിനോ മലയാളപ്രസിദ്ധീകരണങ്ങൾക്കോ മലയാളസിനിമയ്‌ക്കോ മലയാളഗാനങ്ങൾക്കോ മലയാളടെലിവിഷൻ ചാനലുകൾക്കോ മലയാളഓൺലൈൻ പരിപാടികൾക്കോ മറ്റ് തദ്ദേശീയമായ സാംസ്‌കാരികരൂപങ്ങൾക്കോ നിലനിൽപ്പില്ല. ഒരു ജനതയുടെ ആത്മാവിഷ്‌കാരവും ആത്മാഭിമാനവുമാണ് അവരുടെ മാതൃഭാഷ.
മലയാളികൾ മലയാളം ഉപേക്ഷിക്കരുത്, ഉപയോഗത്തിലൂടെ ജീവനോടെ നിലനിർത്തണം എന്നതാണ് കേരളത്തിലെ മാതൃഭാഷാവാദം. അത് മൗലികവാദമാണ്, ഫാസിസമാണ് തുടങ്ങിയ തെറ്റിദ്ധാരണകൾ ചിലർക്ക് ഉണ്ടെന്നു തോന്നുന്നു. മാതൃഭാഷാസ്‌നേഹമൊക്കെ ഉള്ളിൽ വച്ചോളൂ, പുറത്തുപറയരുത് എന്ന ഉപദേശവും മലയാളികളിൽനിന്ന് തന്നെ കിട്ടിയിട്ടുണ്ട്.

മാതൃഭാഷാവാദം ഒരു മൗലികവാദം അല്ല. മലയാളമാണ് ഏറ്റവും മികച്ച ഭാഷ എന്നല്ല അതിനർത്ഥം. തമിഴ്‌നാടിന് തമിഴ് പോലെ, ബംഗാളിന് ബംഗാളി പോലെ, കേരളത്തിന് മലയാളം പ്രാമുഖ്യമുള്ളതാണ് എന്നാണത് അർത്ഥമാക്കുന്നത്. അതായത് മാതൃഭാഷാവാദം കേവലമല്ല, ഭൂപ്രദേശങ്ങൾക്ക് ആപേക്ഷികമാണ്. മാതൃഭാഷാവാദം ഫാസിസവും അല്ല. പണത്തിന്റെയും അധികാരത്തിന്റയും പിൻബലമുള്ള വലിയ ഭാഷകളായ ഇംഗ്ലീഷോ ഹിന്ദിയോ വന്ന് മലയാളത്തെ അതിന്റെ ജന്മനാടായ കേരളത്തിൽ ഇല്ലാതാക്കുന്നതാണ് യഥാർത്ഥ ഫാസിസം. വലിയ ഭാഷകൾ പഠിക്കേണ്ടത് ഉന്നതവിദ്യാഭ്യാസത്തിനും ഉയർന്നജോലിക്കും ആവശ്യമാണ്. പക്ഷേ അപ്പോഴും മാതൃഭാഷയെ കൈവിടരുത് എന്നേ പറയുന്നുള്ളൂ. ഒരു വ്യക്തിയുടെ ആശയപ്രകടനത്തിലും വൈകാരികജീവിതത്തിലും മാതൃഭാഷയ്ക്ക് പകരം വയ്ക്കാനാവാത്ത സ്ഥാനമുണ്ട്. ഈ കാരണം കൊണ്ടാണ് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി എല്ലാ വർഷവും ആചരിക്കുന്നത്. മതമല്ല ഭാഷയാണ് ഒരു ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്വം എന്ന തിരിച്ചറിവിൽ പാക്കിസ്ഥാനിൽ നിന്ന് വേർപെട്ട ബംഗ്ലാദേശിലെ 1952ൽ കൊല്ലപ്പെട്ട ഭാഷാരക്തസാക്ഷികളുടെ ഓർമ്മദിവസമാണ് ഫെബ്രുവരി 21.

ഇംഗ്ലീഷിനോട് വിധേയത്വം, മലയാളത്തോട് അവഗണന

മലയാളം ദിവസേന ഉപയോഗിക്കുന്ന മലയാളികൾ പോലും മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധമുള്ളവരല്ല എന്നതാണ് സത്യം. കണ്ണു പോയാലേ കാഴ്ചയുടെ വിലയറിയൂ എന്നതു പോലെയാണ് മാതൃഭാഷയുടെ കാര്യം. ഇംഗ്ലീഷിനോടുള്ള വിധേയത്വവും മലയാളത്തോടുള്ള അവഗണനയും ഇക്കാലത്ത് നമ്മളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നുതന്നെയാണ് തുടങ്ങുന്നത്. അതിനെക്കുറിച്ച് ഈ ലേഖനത്തിൽ വിശദമായി പിന്നീട് പറയുന്നുണ്ട്.

പുരോഗമനചിന്തയുള്ള ലിബറലുകൾ എന്നു സ്വയം കരുതുന്ന ചിലരും മാതൃഭാഷാവാദത്തെ ഇടുങ്ങിയ പിന്തിരിപ്പൻ ചിന്താഗതിയായി കരുതുന്നുണ്ട്. അവരുടെ കാഴ്ചപ്പാടിൽ പുരോഗമനം എന്നത് ഇംഗ്ലീഷ് വൽക്കരണത്തിലൂടെയുള്ള അമേരിക്കൻവൽക്കരണം മാത്രമാണ്.
"Language is just a tool for communication' എന്നും മാതൃഭാഷയ്ക്ക് പ്രത്യേക മഹത്വം ഒന്നുമില്ലെന്നും "My language is my choice' എന്നുമൊക്കെയുള്ള യാന്ത്രിക-വ്യക്തിവാദങ്ങളും ഇത്തരക്കാർ ഉയർത്താറുണ്ട്. മാതൃഭാഷാവാദം ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന വർഗീയവാദം പോലെയാണെന്ന അസംബന്ധം പറയുന്നവരുമുണ്ട്. ജാതി സമൂഹത്തിൽ ഇല്ലാതാകേണ്ട ഒന്നാണ്. മതവിശ്വാസം ഇല്ലാതെയും മനുഷ്യന് ജീവിക്കാൻ സാധിക്കും. പക്ഷേ ഭാഷയില്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കില്ല. കേരളത്തിലെ എല്ലാ ജാതിമതവിഭാഗങ്ങൾക്കും ആവശ്യമായ ഒന്നാണ് എല്ലാവരുടെയും പൊതുഭാഷയായ മലയാളം. അതിനാൽ മാതൃഭാഷക്കായുള്ള സമരം അർത്ഥപൂർണമായ ജീവിതം നയിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ്. ഇന്ത്യയിലെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശികഭാഷകളെ സംബന്ധിച്ചിടത്തോളം വലിയ ഭാഷകളായ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും അധിനിവേശത്തെ ചെറുക്കുക എന്നത് ന്യൂനപക്ഷാവകാശം എന്ന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന മനുഷ്യാവകാശപ്രവർത്തനം കൂടെയാണ്. ഇംഗ്ലീഷ് മാതൃഭാഷയായതുകൊണ്ട് മാത്രം ആരും പുരോഗമനചിന്താഗതിക്കാർ ആകുന്നില്ല എന്ന് ഡൊണാൾഡ് ട്രംപും അനുയായികളും തെളിയിച്ചുകഴിഞ്ഞ കാര്യമാണ്. "അമേരിക്കയിൽ പിച്ചക്കാർ പോലും ഇംഗ്ലീഷ് സംസാരിക്കും!' എന്ന് അത്ഭുതം കൂറുന്ന മലയാളിയെ കുറിച്ചുള്ള തമാശ നമ്മുടെ ഇംഗ്ലീഷ് വിധേയത്വവും അതിന്റെ പൊള്ളത്തരവും ഒരുപോലെ തുറന്നുകാട്ടുന്നുണ്ട്.

മലയാളികൾ മാത്രമുള്ള സൗഹൃദകൂട്ടങ്ങളിൽ പോലും ഇംഗ്ലീഷിൽ സംസാരിക്കുന്നത് വ്യക്തിപരമായി മുന്നേറാനുള്ള സാമൂഹിക മൂലധനം (oscial capital) ആയി ഉപയോഗിക്കുന്നവരുണ്ട്.
അഞ്ചു മലയാളികൾ കൂടിച്ചേരുന്ന ഇടത്തിൽ ഒരാൾ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങിയാൽ മറ്റുള്ളവരും അങ്ങിനെ ചെയ്യുവാൻ നിർബന്ധിതരാവുന്നു. അങ്ങിനെ ചെയ്തില്ലെങ്കിൽ അതൊരു വ്യക്തിപരമായ കുറച്ചിലായി കാണുന്ന തരത്തിൽ ശക്തമാണ് ഇംഗ്ലീഷിന്റെ സോഷ്യൽ ക്യാപിറ്റൽ. ഇംഗ്ലീഷ് പറയാൻ ഇഷ്ടപ്പെടാത്തവരും അറിയാത്തവരും അതോടെ ചർച്ചകളിൽനിന്ന് പുറന്തള്ളപ്പെടുന്നു. മാതൃഭാഷയുടെ സംസാരമരണം നടക്കുന്നതിന്റെ ലൈവ് ഉദാഹരണമാണിത്. കേരളത്തിൽ നടക്കുന്ന ചില പൊതുപരിപാടികളിൽ കേൾക്കുന്നതാണ് "Is there anyone in the audience who doens't follow Malayalam?' എന്ന സംഘാടകരുടെ ചോദ്യം. സദസ്യരിൽ രണ്ടോ മൂന്നോ പേരുടെ കൈകൾ പൊങ്ങുന്നതോടെ എന്തോ വലിയ സാമൂഹ്യസേവനം ചെയ്ത പോലെ പരിപാടിയിൽ മലയാളം ഉപയോഗിക്കാതെ അത് ഇംഗ്ലീഷിൽ മാത്രമാകുന്നു. മാതൃഭാഷയ്ക്ക് നേരെ വലിയ പാതകമാണ് ഇത്തരക്കാർ പബ്ലിക് ആയി ചെയ്യുന്നത്. അവിടെയിരിക്കുന്ന 99% ആളുകളും പരിപാടി മലയാളത്തിൽ തുടരാൻ ആഗ്രഹിക്കുന്നവരാണ്. ഇംഗ്ലീഷിനെതിരെ ശബ്ദിക്കാൻ ധൈര്യം ഇല്ലാത്തതിനാൽ അവർ നിശബ്ദരാക്കപ്പെടുന്നു. ഭൂരിപക്ഷം പേരും ഇംഗ്ലീഷിൽ സംവാദം നടത്തി പരിചയമില്ലാത്തതിനാൽ ചർച്ചയിൽ നിന്ന് പുറന്തള്ളപ്പെടുന്നു. മലയാളം ഇഷ്ടപ്പെടാത്ത/അറിയാത്ത കുറച്ച് പേരുടെ സൗകര്യത്തിനുവേണ്ടി വലിച്ചെറിയാനുള്ളതല്ല നമ്മുടെ മാതൃഭാഷ. ഇനി എല്ലാവർക്കും ഇംഗ്ലീഷ് അറിയുമെങ്കിൽ പോലും കേരളത്തിലെ പൊതുപരിപാടികളിലോ ഓൺലൈനിലെ സംവാദങ്ങളിലോ മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ല. മറ്റൊരു ഭാഷ അറിഞ്ഞതുകൊണ്ട് മാത്രം വലിച്ചെറിയാൻ ഉള്ളതല്ല നമ്മുടെ മാതൃഭാഷ.

സോഷ്യൽമീഡിയയിൽ ഫ്രണ്ട് ലിസ്റ്റിലുള്ള ചിലർ ഇതരഭാഷക്കാരാണ് / മലയാളം അറിയില്ല എന്ന കാരണം പറഞ്ഞ് എഴുത്തുകൾ ഇംഗ്ലീഷിൽ മാത്രം ആക്കാറുണ്ട് ചില മലയാളികൾ. മാതൃഭാഷയുടെ
എഴുത്ത്മരണമാണ് അവിടെ നടക്കുന്നത്. ഒരു മനുഷ്യന്റെ എല്ലാ എഴുത്തുകളും, എല്ലാ പറച്ചിലുകളും, എല്ലാ മനുഷ്യരെയും ഉദ്ദേശിച്ച് കൊണ്ടുള്ളതല്ല. എന്റെ മലയാളത്തിലുള്ള എഴുത്തുകൾ മലയാളം അറിയുന്നവരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. മലയാളം അറിയാത്ത, പക്ഷേ എന്റെ മലയാളി സ്വത്വത്തെ അംഗീകരിക്കുന്ന, സുഹൃത്തുക്കൾക്ക് എന്റെ ആത്മപ്രകാശനം ഒരിക്കലും ഒരു പ്രശ്‌നമായി തോന്നേണ്ട കാര്യമില്ല. പ്രശ്‌നമായി തോന്നുന്നുവെങ്കിൽ അവർ എന്റെ സൗഹൃദം അർഹിക്കുന്നില്ല എന്നേ പറയാനുള്ളൂ.

കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾ തമ്മിൽ സംസാരഭാഷയിൽ ഉള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് ചിലർ മലയാളത്തെ എതിർക്കുന്നത്. Dialects എന്ന് പറയുന്ന പ്രാദേശികസംസാരഭാഷയിലെ വൈവിധ്യങ്ങൾ എല്ലാ ഭാഷകളിലുമുണ്ട്. "ആറു മലയാളിക്ക് നൂറു മലയാളം' എന്ന ചൊല്ലുതന്നെ വിവിധ ജാതിമതദേശവിഭാഗങ്ങൾ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന മലയാളത്തിലെ വൈവിധ്യത്തെ ആഘോഷിക്കുന്നതാണ്. ഭാഷയ്ക്ക് ഡയലക്റ്റുകൾ പലത് ഉണ്ടാവാമെങ്കിലും മാനകഭാഷ (standard language) ഒന്നേയുള്ളൂ. സംസാരിക്കുന്നവരുടെ വൈകാരിക പരിസരങ്ങൾക്കനുസരിച്ച് വഴങ്ങാനുള്ള ഒരു ഭാഷയുടെ കഴിവിനെയാണ് ഡയലക്റ്റുകൾ വെളിവാക്കുന്നത്. അത് ഭാഷയുടെ ശക്തിയും സൗന്ദര്യവുമാണ്. ഡയലക്റ്റുകൾ ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ ഭാഷകളിലും ഉണ്ട്. അത് കേൾക്കണമെങ്കിൽ ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോയി ജീവിക്കണം എന്ന് മാത്രം. ഇന്ത്യക്കാർ ഇംഗ്ലീഷ് പഠിക്കുമ്പോൾ അതിന്റെ മാനകഭാഷയാണ് പഠിക്കുന്നത്. വളരെ സാനിറ്റൈസ്ഡ് ആയിട്ടുള്ള മാനകഇംഗ്ലീഷ് മാത്രം പഠിച്ച ഇന്ത്യക്കാർക്ക് ഇംഗ്ലീഷിന് മാത്രം എന്തോ പ്രത്യേക ശുദ്ധിയും വരേണ്യതയും ഏകതയും ഉള്ളതായി തോന്നാം. ഭാഷകളെ കുറിച്ച് അറിവില്ലാത്തവരാണ് മലയാളത്തിലെ ഡയലക്റ്റ് വൈവിധ്യം ചൂണ്ടിക്കാണിച്ച് ഇംഗ്ലീഷിനെ കേരളത്തിലെ പൊതുഭാഷയാക്കാൻ വാദിക്കുന്നത്.

ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണ്, പഠിക്കാൻ കഴിവ്/താല്പര്യം ഇല്ലാത്തതുകൊണ്ടാണ്, മലയാളത്തിനു വേണ്ടി വാദിക്കുന്നത് എന്ന അസംബന്ധവും മാതൃഭാഷ സ്‌നേഹികൾ നേരിടാറുണ്ട്. മാതൃഭാഷാവാദികൾ ലാംഗ്വേജ് ഷെയ്മിങ് (language shaming) എന്ന ഇത്തരം പരിഹാസങ്ങളിൽ തളരരുത്. മാതൃഭാഷയ്ക്കു പകരം വെക്കാൻ മാതൃഭാഷ മാത്രമേയുള്ളൂ. മറ്റൊരു ഭാഷ അറിയുന്നതോ അറിയാതിരിക്കുന്നതോ ഒന്നും മാതൃഭാഷയുടെ പ്രാധാന്യത്തെയും അതിനായുള്ള പോരാട്ടത്തെയും ബാധിക്കുന്ന കാര്യമല്ല.

വിദ്യാഭ്യാസരംഗത്തെ ഭാഷാനയങ്ങൾ

ജനിക്കും നിമിഷം തൊട്ടെൻ
മകനിംഗ്ലീഷ്‌ പഠിക്കണം
അതിനാൽ ഭാര്യതൻ പേറ
ങ്ങിംഗ്ലണ്ടിൽ തന്നെയാക്കി ഞാൻ
വരേണ്യമലയാളിയുടെ ഇംഗ്ലീഷ് ഭ്രമത്തെ കുഞ്ഞുണ്ണി മാഷ് തന്റെ കലികാല കവിതയിലൂടെ 1980കളിൽ പരിഹസിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഇംഗ്ലണ്ടിൽ പോകുന്നതിനു പകരം ഒരു കൊച്ചു ഇംഗ്ലണ്ടോ അമേരിക്കയോ ജനിച്ചുവീണ കുഞ്ഞിനായി സ്വന്തം വീടുകളിൽ തന്നെ ഒരുക്കുകയാണ് ചില മലയാളികൾ ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ മാതൃഭാഷയോടുള്ള സവിശേഷമായ ബന്ധത്തെ മുളയിലെ നുള്ളി കളയുന്നതാണ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി എന്ന മാതൃഭാഷാ കശാപ്പുശാല. ഒരു കുഞ്ഞിനെ നഴ്‌സറിയിൽ പൂർണ്ണമായും ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കണമെങ്കിൽ ആ കുട്ടിയുടെ മാതൃഭാഷ ഇംഗ്ലീഷ് ആണെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ. നഴ്‌സറിയിൽ ചേർക്കാനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വീട്ടിലെ ഭാഷയും പലപ്പോഴും ഇംഗ്ലീഷ് ആയി മാറ്റപ്പെടുന്നു. മാതൃഭാഷയിലെ അക്ഷരങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിച്ച ഒരു കുട്ടിക്ക് മലയാളം വിലകുറഞ്ഞ രണ്ടാംതരം ഭാഷയായി മാത്രമേ തോന്നുകയുള്ളൂ. നമ്മുടെ ജീവിതപരിസരങ്ങളുമായോ വൈകാരികതകളുമായോ യാതൊരു ബന്ധവും ഇല്ലാത്ത ഇംഗ്ലീഷ് റൈമുകൾ മുലപ്പാൽമണം മാറാത്ത കുഞ്ഞുവായിൽ തിരുകി വയ്ക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.

സംസാരിക്കാൻ ആവശ്യമായ മലയാളമൊക്കെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും പഠിക്കുമല്ലോ, എന്തിനാണ് സ്‌കൂളിൽ മലയാളം പഠിക്കുന്നത് എന്ന് ചിന്തിക്കുന്ന മാതാപിതാക്കളുണ്ട്. വെറും സംസാരഭാഷയായി മാത്രം ഉപയോഗിക്കപ്പെടുന്ന ഒരു ഭാഷയ്ക്കും ദീർഘകാലനിലനിൽപ്പില്ല. അത്തരം ഭാഷകൾ എഴുത്ത്മരണവും വായനമരണവും പൂർത്തിയായി പൂർണമരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ മലയാളം ഒരു വിഷയമായി പോലും തീരെ പഠിക്കാതെ വിദ്യാർഥികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പറ്റുമായിരുന്ന ഗുരുതരമായ പിഴവ് നമ്മുടെ വിദ്യാഭ്യാസരംഗത്ത് നിലവിലുണ്ടായിരുന്നു. 2015ൽ ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ മലയാളഭാഷാ ബിൽ എങ്ങുമെത്താതെ പോവുകയാണുണ്ടായത്.

2017ൽ പിണറായി വിജയൻ സർക്കാറാണ് കേരളത്തിലെ എല്ലാ സ്‌കൂളുകളിലും (സ്റ്റേറ്റ് സിലബസ് അല്ലാത്തവ ഉൾപ്പെടെ) ഒന്ന് മുതൽ പത്താം ക്ലാസ് വരെ മലയാളം ഒരു നിർബന്ധ വിഷയമാക്കി ഈ പഴുത് അടച്ചത്. മാതൃഭാഷാ സംരക്ഷണത്തിനായി ഐക്യമലയാളപ്രസ്ഥാനം പോലുള്ള സംഘടനകൾ നടത്തിയ സമരങ്ങളുടെ പരിണതഫലമായിരുന്നു ഈ നിയമനിർമ്മാണം. സ്റ്റേറ്റ് സിലബസ് അല്ലാത്ത സ്‌കൂളുകളിലും ഇത് നടപ്പാക്കുന്നുണ്ടെന്ന് വാർഷിക പരിശോധനയിലൂടെ ഗവൺമെന്റ് ഉറപ്പാക്കണം. മലയാളികൾക്ക് മലയാളം ഒരു നിർബന്ധവിഷയം ആയാൽ മാത്രംപോര, ഒന്നാംഭാഷയായി ആഴത്തിൽ പഠിക്കണം എന്നുള്ളതും വളരെ ന്യായമായ ഒരു ആവശ്യമാണ്. കർണാടക-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കാത്ത തരത്തിലാണ് ഇവയെല്ലാം നടപ്പാക്കേണ്ടത്.
മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾ ഇംഗ്ലീഷിൽ പിന്നോക്കം ആകുന്നത് ചിലരുടെയെങ്കിലും ഉന്നതവിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ട്. അതിനാൽ ഗവൺമെന്റ് സ്‌കൂളുകളിലും ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പല വിദ്യാർഥികൾക്കും ഇംഗ്ലീഷും ശരിക്കറിയില്ല മലയാളവും ശരിക്കറിയില്ല എന്ന സ്ഥിതിയും ഉണ്ട്. പ്രൈവറ്റ് കമ്പനികളിൽ ജോലിക്കായുള്ള ഇന്റർവ്യൂ, ഗ്രൂപ് ഡിസ്‌കഷൻ എന്നിവയിൽ ഇംഗ്ലീഷിലുള്ള സംസാരനൈപുണ്യം വളരെ പ്രധാനമാണ്. നമ്മുടെ ഇംഗ്ലീഷ് ഭാഷാപഠനത്തിൽ സ്‌പോക്കൺ ഇംഗ്ലീഷിന് കൂടുതൽ പ്രാമുഖ്യം നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഭാഷാവിഷയങ്ങൾ ഏത് അധ്യാപകർക്കും പഠിപ്പിക്കാം എന്നതൊക്കെ മാറ്റി മലയാളവും ഇംഗ്ലീഷും ഹിന്ദിയും അതാത് ഭാഷകളിൽ അധ്യാപകപരിശീലനം കഴിഞ്ഞവർ മാത്രം പഠിപ്പിക്കേണ്ടതാണ്. കുട്ടികളുടെ സ്‌പോക്കൺ ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി വീടുകളിൽ മാതൃഭാഷയെ തഴയാതെ ഇംഗ്ലീഷ് ക്ലാസുകളിൽ തന്നെ സ്‌പോക്കൺ ഇംഗ്ലീഷ് ശരിയായി പഠിപ്പിക്കുകയാണ് വേണ്ടത്.

2019 ൽ നടന്ന മലയാളം വിക്കിപീഡിയയുടെ ജന്മദിനാഘോഷത്തിൽനിന്ന്‌

2020ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയത്തിൽ അങ്കണവാടി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള പഠനമാധ്യമം മാതൃഭാഷയായി നിർദേശിച്ചിരിക്കുന്നത് വളരെ സ്വാഗതാർഹമായ ഒരു തീരുമാനമാണ്. കുട്ടിയുടെ തുടക്കത്തിലുള്ള വിദ്യാഭ്യാസം മാതൃഭാഷയിൽ ആയിരിക്കേണ്ടതിന്റെ ആവശ്യം ചൈൽഡ് സൈക്കോളജിയും വിദ്യാഭ്യാസവിചക്ഷണരും വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യർ ലോകത്തെ നോക്കിക്കാണുന്ന ലെൻസ് ആണ് വാക്കുകളും ഭാഷയും. പെറ്റു വീണ ഉടനെ കുടുംബത്തിലേക്കും പിന്നീട് പ്രകൃതിയിലേക്കും സമൂഹത്തിലേക്കും നോക്കിക്കൊണ്ട് തുടങ്ങുന്നു ഈ നോട്ടവും മനസ്സിലാക്കലും. ഓരോ വാക്കിനും വാചകങ്ങൾക്കും മാതൃഭാഷയ്ക്ക് മാത്രം നൽകാൻ കഴിയുന്ന വൈകാരിക തലങ്ങൾ ഉണ്ട്.

ഒരു ദേശത്തിലെ മാതൃഭാഷ അവിടത്തെ പ്രകൃതിയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഡോ: വത്സലൻ വാതുശ്ശേരി തെങ്ങ് എന്ന വൃക്ഷത്തിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. മലയാളിക്ക് തെങ്ങിനോടനുബന്ധിച്ച് മുപ്പതോളം വാക്കുകളുണ്ട്. തെങ്ങ്, തേങ്ങ, കൊപ്ര, പിണ്ണാക്ക്, പീര, ചിരട്ട, ചകിരി, ചകിരിപൊളി, ചകിരികുറുമ്പ്, ചകിരിചണ്ടി, തേങ്ങാപൂള്, കൊത്ത്, വെളിച്ചെണ്ണ, ഓല, ഓലകണ്ണി, മടൽ, ഈള്, ഈർക്കിൽ, കരിക്ക്, ഇളന്നി, ഇളനീർ, മച്ചിങ്ങ, മൊച്ചിള്, കൊതുമ്പ്, കുലച്ചിൽ, അരിപ്പ, ആര്, പൂക്കുല... എന്നിങ്ങനെ അത് നീളുന്നു. എന്നാൽ തെങ്ങ് അന്യമായ സായിപ്പിന്റെ ഇംഗ്ലീഷിൽ കോക്കനട്ട് (coconut) എന്ന ഒരു വാക്കു മാത്രമേ അതിനോടനുബന്ധിച്ചുള്ളൂ. ഇംഗ്ലീഷ് എന്ന ലെൻസിലൂടെ നോക്കുമ്പോൾ തെങ്ങും പ്ലാവും ലോകത്തെ അനേകായിരം വൃക്ഷങ്ങളിൽ ഒന്ന് മാത്രമാണ്. ഒരു ദേശത്തെ പ്രകൃതിയും മനുഷ്യരും അനേകായിരം വർഷങ്ങളിലെ വികാസപരിണാമങ്ങളിലൂടെ രൂപം കൊണ്ടത് പോലെയാണ് അവിടെ ജനിച്ച മാതൃഭാഷയും അതിന് അനുരൂപമായി പിറവിയെടുക്കുന്നത്. അതുകൊണ്ട് കുട്ടി തന്റെ ചുറ്റുമുള്ള കുടുംബത്തെയും സമൂഹത്തെയും പ്രകൃതിയേയും കുറിച്ച് ആദ്യമായി പഠിക്കേണ്ടത് മാതൃഭാഷയിൽ തന്നെയാണ്.

ഭാഷ എന്ന ലെൻസ് നമ്മുടെ ജീവിതപരിസരങ്ങൾക്കും വൈകാരികതകൾക്കും അന്യമായ ഒന്നാണെങ്കിൽ കാഴ്ച കൃത്യമല്ലാതാകുന്നു, യാന്ത്രികമാകുന്നു. ഫിസിക്‌സിൽ പ്രകാശത്തിന്റെ അപവർത്തനം (refraction) ഹൈസ്‌കൂൾ ക്ലാസുകളിൽ ഇംഗ്ലീഷിൽ പഠിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. പക്ഷേ കുട്ടിക്കാലത്ത് ചുറ്റുമുള്ള പ്രകൃതിയിൽ കാണുന്ന പക്ഷിമൃഗാദികളെക്കുറിച്ചും സൂര്യനെ വലംവയ്ക്കുന്ന ഭൂമിയെക്കുറിച്ചും ദ്രവ്യത്തിന്റെ അവസ്ഥകളെകുറിച്ചും ജലത്തിന്റെ തിളനിലയെകുറിച്ചും ആദ്യമായി പഠിക്കേണ്ടത് മലയാളത്തിൽ തന്നെയാണ്. ഫോസ്റ്ററുടെ ഇംഗ്ലീഷ് കവിതയേക്കാൾ മുൻപ് ചെറുശ്ശേരിയുടെയും തുഞ്ചന്റെയും കുഞ്ചന്റെയും കവിതകളാണ് മലയാളികുട്ടികൾ പഠിക്കേണ്ടത്. ഭാരതീയ പുരാണങ്ങളെയും മിത്തോളജിയെയും അടിസ്ഥാനമാക്കിയുള്ള കൃതികൾക്ക് മലയാളത്തിലെ ആദ്യകാല ഫിക്ഷൻസാഹിത്യം എന്ന പ്രാധാന്യം ഉണ്ടെന്ന് മതാതീതമായി മനസ്സിലാക്കാനുള്ള വകതിരിവ് എല്ലാവരും ആർജിക്കേണ്ടതാണ്.

ചെറിയ ക്ലാസുകളിൽ മാതൃഭാഷയിലൂടെ അല്ലാത്ത പഠനം കുട്ടികളിൽ എത്രമാത്രം മുഷിച്ചിലും വൈകാരിക സ്തംഭനവും ഉണ്ടാക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ ചൈൽഡ് സൈക്കോളജിയുടെ ആവശ്യമൊന്നുമില്ല. മാതൃഭാഷയും പ്രകൃതിയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നത് മാതൃഭാഷാസംരക്ഷണം എന്നുള്ളത് വിശാലമായ അർത്ഥത്തിൽ പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗം തന്നെയാണെന്നാണ്. ഭൂമിയിലെ ഭാഷാവൈവിധ്യം പ്രകൃതി സൃഷ്ടിച്ചതാണ്. എന്തുവിലകൊടുത്തും പ്രകൃതി തന്നെ അത് കാത്തുസൂക്ഷിക്കും.

അഞ്ചാം ക്ലാസ് വരെ മറ്റൊരു ഭാഷയും പഠിക്കേണ്ട എന്നല്ല പുതിയ ദേശീയ വിദ്യാഭ്യാസനയം അർത്ഥമാക്കുന്നത്. മാതൃഭാഷയിലുള്ള അടിത്തറ ഉറച്ച് കഴിഞ്ഞതിനു ശേഷം ഇംഗ്ലീഷും ഹിന്ദിയും അറബിക്/സംസ്‌കൃതം പോലുള്ള ഓപ്ഷണൽ ഭാഷകളും പഠിപ്പിച്ചു തുടങ്ങാം. പണ്ടുകാലത്ത് ഇംഗ്ലീഷ് നാലാംക്ലാസിലും ഹിന്ദി അഞ്ചാംക്ലാസിലും ആദ്യമായി പഠിപ്പിച്ചു തുടങ്ങിയത് കാലാനുസൃതമായി പരിഷ്‌കരിച്ച് ഒന്നോ രണ്ടോ വർഷം നേരത്തെ തുടങ്ങാം. അഞ്ചാംക്ലാസ് വരെ മാതൃഭാഷാമാധ്യമനയം വരുമ്പോൾ നമ്മൾ ഇതുവരെ പൊതുവിദ്യാഭ്യാസത്തിലും സ്വകാര്യമേഖലയിലും ഉണ്ടാക്കിയെടുത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും ഡിവിഷനുകളും പാഴായിപ്പോയി എന്ന് അർത്ഥമില്ല. ഉന്നതവിദ്യാഭ്യാസത്തിലെ ഇംഗ്ലീഷിന്റെ പ്രാധാന്യം കണക്കിലെടുത്ത് എട്ടാംക്ലാസ് മുതൽതന്നെ ആവശ്യമുള്ളവർക്ക് ഇംഗ്ലീഷ് മീഡിയം സ്വീകരിക്കാവുന്നതാണ്. ആറ്, ഏഴ് ക്ലാസുകൾ മലയാളം മീഡിയത്തിൽ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള ട്രാൻസിഷൻ വിജയകരമായി നടത്താനുള്ള സാവകാശം തരികയും ചെയ്യും.

വികസിത യൂറോപ്യൻ രാജ്യങ്ങളിൽ യൂണിവേഴ്‌സിറ്റികളിലെ ഉന്നതവിദ്യാഭ്യാസം പോലും അവരുടെ സ്വന്തം മാതൃഭാഷയിൽ ആണ് നടക്കുന്നത്. ഭാഷാബഹുസ്വരതയുള്ള ഇന്ത്യപോലുള്ള രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിന് ചില വിഷയങ്ങളിലൊഴികെ ഇംഗ്ലീഷ് മീഡിയം ആവശ്യമായിവരും. പക്ഷേ തുടക്കം മുതലേ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുക എന്ന ഗുരുതരമായ തെറ്റ് എത്രയും പെട്ടെന്ന് തിരുത്തിയേ തീരൂ. ഓരോ സംസ്ഥാനത്തിലെയും പ്രാദേശിക മാതൃഭാഷയിൽ നിന്ന് വ്യത്യസ്തമായ മാതൃഭാഷയുള്ള അതിഥിവിദ്യാർഥികളെ മാത്രമാണ് ഈയൊരു തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്. അവർക്ക് മാത്രമായി നഗരങ്ങൾ കേന്ദ്രീകരിച്ച് ഇംഗ്ലീഷ് മീഡിയത്തിൽ ഉള്ള സ്‌കൂളുകളോ ഡിവിഷനുകളോ സജ്ജീകരിച്ചുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇവിടത്തെ സ്‌കൂളുകളിൽ പത്താം ക്ലാസ് വരെ മലയാളം ഒരു വിഷയമായി നിർബന്ധമാക്കിയതിന്റെ തുടർച്ചയായി വേണം പ്രൈമറി ക്ലാസുകളിലെ അധ്യയനമാധ്യമം മാതൃഭാഷ ആക്കിക്കൊണ്ട്
ദേശീയതലത്തിലുള്ള തീരുമാനത്തെ കാണാൻ. പത്താംക്ലാസ് വരെ മലയാളം നിർബന്ധമാക്കിയപ്പോഴും അതിഥിവിദ്യാർത്ഥികൾക്ക് ഇളവുകൾ നൽകിയിരുന്നു.

ഭാഷയും ജോലിസാധ്യതയും

മലയാളം പഠിച്ചിട്ട് എന്ത് തേങ്ങയാണ് എന്ന് പരിഹസിക്കുന്ന മലയാളികളുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും ഉയർന്ന ജോലികളിലും ഇംഗ്ലീഷ് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് എന്നതിൽ യാതൊരു തർക്കവുമില്ല. കേരളീയർ മലയാളം പഠിക്കണം എന്നതിന് ഇംഗ്ലീഷ് പഠിക്കേണ്ട എന്ന് അർത്ഥമില്ല. കേരളത്തിൽ ഇക്കാലത്ത് ഏറ്റവും ഡിമാൻഡുള്ളത് നല്ല ശമ്പളവും ജോലിസ്ഥിരതയും സാമൂഹ്യഅധികാരവും നൽകുന്ന കേരളഗവൺമെന്റ് ജോലികൾക്കാണ്. കേരളത്തിന്റെ ഭരണഭാഷയായ മലയാളം നന്നായി അറിഞ്ഞിരിക്കുക എന്നത് എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ആവശ്യമാണ്. എല്ലാ തസ്തികകളിലും അടിസ്ഥാനമലയാളത്തിലുള്ള പ്രാവീണ്യം പി.എസ്.സി പരീക്ഷയിലൂടെ ഉറപ്പാക്കേണ്ടതുമാണ്. കേരളത്തിലുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലും പൊതുജനങ്ങളുമായി ഇടപെടുന്ന ഉദ്യോഗസ്ഥർക്ക് മലയാളം അറിയുമെന്ന് മാനേജ്‌മെന്റ് ഉറപ്പാക്കേണ്ടതുണ്ട്.

ഇവിടെയാണ് പബ്ലിക് സർവീസ് കമ്മീഷൻ എന്ന പി.എസ്.സി.യുടെ മാതൃഭാഷയോടുള്ള അവഗണന കുറ്റകരമായ അനാസ്ഥയായി മാറുന്നത്. പ്രൈമറി സ്‌കൂൾ ടീച്ചർ, ഇൻഫർമേഷൻ ഓഫീസർ മുതലായ വളരെയധികം മലയാളനൈപുണ്യം ആവശ്യമായ തസ്തികകളിൽ പോലും പരീക്ഷയിൽ മലയാളത്തെ പടിക്കുപുറത്ത് നിർത്തിയിരിക്കുന്നു. ചോദ്യങ്ങൾ ഇംഗ്ലീഷിലേ ചോദിക്കൂ, വേണ്ടവർക്ക് മലയാളത്തിലും ഉത്തരമെഴുതാം എന്നതൊക്കെ മാതൃഭാഷയെ അവഹേളിക്കുന്ന നടപടികളാണ്. കേരളീയ വിദ്യാഭ്യാസക്രമത്തിൽ ഒരിക്കലും മലയാളം പഠിക്കാതെ കടന്നുപോകുന്ന വലിയൊരു വിഭാഗത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് പി.എസ്.സി.യുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഗവൺമെന്റിന്റെ മാതൃഭാഷാനയങ്ങളെ തുരങ്കം വയ്ക്കുന്നത്.

മലയാളം പഠിക്കാത്തവർ ഗവൺമെന്റ് ജോലിക്കാർ ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പത്താംക്ലാസ് തലത്തിലുള്ള മലയാളം സ്വന്തമായി പഠിച്ചെടുക്കുകയാണ് വേണ്ടത്. ഉന്നതവിദ്യാഭ്യാസം ആവശ്യമായ തസ്തികകളിൽ ഇംഗ്ലീഷിലുള്ള സാങ്കേതിക പദങ്ങൾക്ക് മലയാളം ഇല്ലാത്തതിനാലാണ് പരീക്ഷകൾ ഇംഗ്ലീഷിൽ നടത്തുന്നതെന്നും മലയാള പദങ്ങൾ ഉണ്ടാക്കിയതിനുശേഷം ഈ പരീക്ഷകൾ മലയാളത്തിൽ നടത്തുമെന്നും മാതൃഭൂമി റിപ്പോർട്ട് (23 ജനുവരി 2021) കണ്ടു. ഒരിക്കലും പ്രായോഗികമല്ലാത്ത, "വാക്കല്ല, വാചകമാണ് ഭാഷ' എന്ന സിദ്ധാന്തപ്രകാരം തികച്ചും അനാവശ്യമായ ഒരു നിലപാടാണിത്. പ്രധാനവിഷയത്തിനൊപ്പം ഉദ്യോഗാർത്ഥികൾക്ക് മലയാള പരിജ്ഞാനവും ഉണ്ടെന്ന് പരീക്ഷകളിൽ ഉറപ്പാക്കുകയാണ് വേണ്ടത്. അതിനായി ഇപ്പോൾ തീരുമാനിച്ച പോലെ (മാതൃഭൂമി റിപ്പോർട്ട്) പ്രധാനവിഷയത്തിലെ നിശ്ചിതശതമാനം ചോദ്യങ്ങൾ മലയാളത്തിൽ ചോദിച്ച് അതിനുള്ള ഉത്തരം മലയാളത്തിൽ തന്നെ എഴുതിപ്പിക്കുകയാണ് വേണ്ടത്. ഇതിന് ചോദ്യങ്ങളിലെ ഇംഗ്ലീഷ് സാങ്കേതികപദങ്ങൾക്ക് തത്തുല്യമായ മലയാളവാക്കുകൾ ഉണ്ടാക്കേണ്ട ആവശ്യമില്ല; ഇംഗ്ലീഷ് വാക്കുകൾ നേരെ മലയാളത്തിൽ എഴുതിയാൽ മാത്രം മതി. ഉദാ: പൾസ് ഓക്‌സിമീറ്റർ ഘടിപ്പിച്ചു, ത്രീ ഫേസ് വൈദ്യുതി, ഇന്റഗ്രേറ്റ് ചെയ്യുക, സ്റ്റാറ്റിറ്റിയൂട്ടറി മുന്നറിയിപ്പ് etc. ബിരുദതലത്തിലുള്ള പരീക്ഷകൾക്ക് 15% ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ മാത്രം - എന്ന സ്വാഗതാർഹമായ തീരുമാനം വിപുലപ്പെടുത്തി എല്ലാ ഉയർന്നയോഗ്യത ആവശ്യമായ പരീക്ഷകളിലും നടപ്പാക്കുകയാണ് വേണ്ടത്. ഇത് 25% ആയി ഉയർത്തുന്ന കാര്യവും ആലോചിക്കാവുന്നതാണ്.

കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും മലയാളപഠനം നിർബന്ധമാക്കിയതിന്റെ സ്വാഭാവിക തുടർച്ചയായി സ്വീകരിക്കേണ്ട ഒരു നയമാണ് എല്ലാ ഗവൺമെന്റ് ജോലികൾക്കും മാതൃഭാഷാനൈപുണ്യം ഉറപ്പാക്കുക എന്നത്. പി.എസ്.സി ഇത് ചെയ്യാത്തിടത്തോളം കാലം മലയാളം അതിന്റെ ജന്മനാട്ടിൽ അവഗണിക്കപ്പെടും. "ഭരണഭാഷ മാതൃഭാഷ' എന്നത് ഏട്ടിലെ പശുവിനെ പോലെ കേൾക്കാൻ ഇമ്പമുള്ള ഒരു മുദ്രാവാക്യം മാത്രമായി അവശേഷിക്കുകയും ചെയ്യും. സ്വന്തം കുട്ടികളെ മലയാളം തീരെ പഠിപ്പിക്കാതിരുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരാണ് നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി ഗവൺമെന്റിന്റെ മാതൃഭാഷാനയങ്ങളെ നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുന്നത് എന്നുവേണം അനുമാനിക്കാൻ. അത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാനുള്ള ഇച്ഛാശക്തിയാണ് ഗവൺമെന്റിന് വേണ്ടത്. സംസാരത്തിനും വിനോദത്തിനും മാത്രം ഉപയോഗിക്കപ്പെടുന്ന ഭാഷകൾ കുഴിയിലേക്ക് കാൽ നീട്ടിയിരിക്കുന്ന പടുവൃദ്ധരാണ്. ഭാഷയ്ക്ക് മൂല്യവും ശക്തിയും ഉണ്ടാകുന്നത് അതിലൂടെ ജോലി സാധ്യതകൾ കൂടി ഉണ്ടാവുമ്പോൾ മാത്രമാണ്. ഇംഗ്ലീഷിന് ലോകം മുഴുവനും ഹിന്ദിക്ക് ഇന്ത്യ മുഴുവനും പ്രഭാവശേഷിയുള്ള ഇടമായി ഉണ്ട്. മലയാളഭാഷയ്ക്ക് മൂല്യവും ശക്തിയും നൽകാൻ കേരളത്തിന് മാത്രമേ കഴിയൂ. അത് കേരള ഗവൺമെന്റിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ്.

യൂണികോഡ് മലയാളത്തിന്റെ ഉദയം

കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ, സോഷ്യൽ മീഡിയ എന്നിവയിലൂടെ വിവരസാങ്കേതികവിദ്യ നിത്യജീവിതത്തിന്റെ ഭാഗമായതോടെയാണ് മലയാളികൾ മുൻപെങ്ങുമില്ലാത്ത തരത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതമാനം ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. കമ്പ്യൂട്ടർ അതിന്റെ ഉള്ളിൽ ഉപയോഗിക്കുന്നത് 0, 1 എന്നീ രണ്ട് അക്കങ്ങൾ മാത്രമുള്ള ബൈനറി ഭാഷയാണ്. എന്നാൽ മനുഷ്യനുമായി ഇടപെടുന്ന കീബോർഡ്, സ്‌ക്രീൻ എന്നിവയിൽ മനുഷ്യഭാഷയായ ഇംഗ്ലീഷ്, 1 മുതൽ 9 വരെയുള്ള അക്കങ്ങൾ മുതലായവ ഉപയോഗിക്കുകയും അവ ആന്തരികമായി 0, 1 എന്ന ബൈനറി ഭാഷയിലേക്ക് കോഡ് ചെയ്യപ്പെടുകയുമാണ് നടക്കുന്നത്.

കമ്പ്യൂട്ടർ വ്യവസായം അമേരിക്കയിൽ വളർന്നു പന്തലിച്ചത്‌കൊണ്ട് മാത്രമാണ് കീബോർഡിൽ ഇംഗ്ലീഷ് സ്ഥാനംപിടിച്ചത്. അല്ലെങ്കിൽ അത് മറ്റേതെങ്കിലുമൊരു ഭാഷ ആയേനെ. ലോകത്തിലെ എല്ലാ പ്രധാന ഭാഷാലിപികളും ഇംഗ്ലീഷ് പോലെതന്നെ കമ്പ്യൂട്ടറിലും മൊബൈലിലും ഉപയോഗിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് യൂണികോഡ്. വിവിധ ഭാഷകൾക്കായി പല രാജ്യങ്ങളിൽനിന്ന് പ്രതിനിധികളുള്ള, 1991ൽ സ്ഥാപിതമായ 'യൂണികോഡ് കൺസോർഷ്യം' ആണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മാതൃഭാഷയായി ഉപയോഗിക്കുന്നത് ചൈനീസ് ഭാഷയാണ്. എല്ലാ പ്രോഡക്റ്റുകൾക്കും ജാപ്പനീസ് ഭാഷയിൽതന്നെ ഡോക്യുമെന്റേഷൻ നിർബന്ധമാക്കുന്ന രാജ്യമാണ് ജപ്പാൻ.
അതിനാൽതന്നെ യൂണികോഡ് സങ്കേതം നടപ്പാക്കാൻ ചൈനയുടെയും ജപ്പാന്റെയും മുൻകൈയും സമ്മർദ്ദവും ഉണ്ടായിട്ടുണ്ട്.

ഭാഷാതീതമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന അക്ഷരങ്ങളായ ഇമോജികളും ഇന്ന് യൂണികോഡിന്റെ ഭാഗമാണ്. ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഇംഗ്ലീഷിന്റെ കുത്തക തകർക്കുന്നതിലുള്ള പ്രധാനപ്പെട്ട പങ്കുവഹിച്ച ഒന്നാണ് യൂണികോഡ്. ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ ഭാഷകളും യൂണികോഡ് ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതിനാൽ കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് എവിടെ ഉപയോഗിക്കാമോ അവിടെയൊക്കെ മലയാളം ഉൾപ്പെടെയുള്ള മറ്റ് ഭാഷകളും ഉപയോഗിക്കാവുന്നതാണ്. വെബ്‌സൈറ്റുകൾക്ക് നൽകുന്ന ഡൊമെയ്ൻ പേരുകൾ മാത്രമാണ് ഇപ്പോഴും ഇംഗ്ലീഷിൽ മാത്രമായി തുടരുന്നത്.
വിൻഡോസ് കമ്പ്യൂട്ടറുകളിൽ 2005ൽ ഉപയോഗിച്ചുതുടങ്ങിയ മലയാളം യൂണികോഡിന്റെ തുടക്കത്തിലെ ബാലാരിഷ്ടതകൾ പരിഹരിച്ച് ഇപ്പോൾ എല്ലാ കമ്പ്യൂട്ടറിലും മൊബൈലിലും മലയാളം കൃത്യമായി ഉപയോഗിക്കാം എന്നായിട്ടുണ്ട്.

ടെക്‌നോളജിയിലൂടെ നഷ്ടമായ മാതൃഭാഷ ടെക്‌നോളജിയിലൂടെ തന്നെ തിരിച്ചുപിടിക്കാനുള്ള അവസരമാണ് ലോകജനതയ്ക്ക് യൂണികോഡ് നൽകുന്നത്. യൂണികോഡ് മലയാളത്തിൽ എഴുതുന്നതിനായുള്ള ടൂളുകൾ വലിയ കമ്പനികളായ ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവ നൽകുന്നുണ്ട്. മൊബൈലിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഗൂഗിളിന്റെ Gboard - Google keyboard ആപ് ഉപയോഗിക്കാം. ഈ ആപിൽ പറഞ്ഞുകൊണ്ട് ടൈപ്പ് ചെയ്യുക, സ്‌ക്രീനിൽ വിരലുകൾകൊണ്ട് എഴുതി ടൈപ്പ് ചെയ്യുക എന്നീ ഫീച്ചറുകൾ മലയാളം എഴുത്ത് വളരെ എളുപ്പമാക്കുന്നു.
മൈക്രോസോഫ്റ്റ് വിൻഡോസ് കമ്പ്യൂട്ടറുകളിൽ മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾ എഴുതാനായി BhashaIndia എന്ന സോഫ്റ്റ്വെയർ ഉപയോഗിക്കാം. ഇവ കൂടാതെ Keyman, Varamozhi തുടങ്ങിയ തേഡ് പാർട്ടി ടൂളുകളും വിപുലമായി ഉപയോഗിച്ചുവരുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കിപീഡിയ എന്നിവ മലയാളം യൂണികോഡ് മുഖ്യധാരയിൽ എത്തിക്കുന്നതിൽ നിസ്തുലമായ സേവനങ്ങൾ നൽകുന്ന സംഘടനകളാണ്. കമ്പ്യൂട്ടർ ടെക്‌നോളജിയുടെ ഉപയോഗം ആദ്യമായി കരഗതമായത് കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് പുറത്തും വലിയ നഗരങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്കായിരുന്നു. ജോലിക്കായുള്ള പ്രവാസം മൂലം നഷ്ടമായ മാതൃഭാഷയെ നെഞ്ചോടു ചേർക്കുന്നവരാണ് കേരളത്തിൽ ജനിച്ചുവളർന്ന പ്രവാസിമലയാളികൾ. അതിനാൽതന്നെ യൂണികോഡ് മലയാളത്തിന്റെ വളർച്ചയിൽ പ്രവാസിമലയാളികൾ വളരെയധികം സംഭാവനകൾ ചെയ്തിട്ടുണ്ട്. യൂണികോഡിനെ ജനകീയവൽക്കരിച്ചതിൽ 2005 മുതൽ 2010 വരെ നിലനിന്ന മലയാളം ബ്ലോഗുകളുടെ സുവർണകാലം എടുത്തുപറയേണ്ടതാണ്. ഈ കാലഘട്ടത്തിൽ തന്നെയാണ് നെറ്റിൽ മലയാള സിനിമാഗാനങ്ങളെ കുറിച്ചുള്ള വളരെ പോപുലറായ വെബ്‌സൈറ്റുകൾ മംഗ്ലീഷിന് പകരം യൂണികോഡ് മലയാളം ഉപയോഗിച്ചുകൊണ്ട് ഓൺലൈൻ മലയാളത്തിന് കൂടുതൽ ദൃശ്യത നൽകിയത്. ഇന്നിപ്പോൾ 'ഭരണഭാഷ -മാതൃഭാഷ' എന്ന ഗവൺമെന്റ് നയം e-ഗവർണൻസ് ഉള്ള ഓഫീസുകൾ ഉൾപ്പെടെ എല്ലായിടത്തും നടപ്പാക്കാൻ സാധിക്കുന്നത് യൂണികോഡ് മലയാളം എന്ന സാങ്കേതികവിദ്യ ഉള്ളതുകൊണ്ട് മാത്രമാണ്.

2012ന് ശേഷമാണ് സ്മാർട്ട്‌ഫോണുകളും അതിലൂടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് മുതലായ സോഷ്യൽ മീഡിയയും കേരളത്തിൽ കൂടുതൽ പ്രചാരം നേടുന്നത്. അപ്പോഴേക്കും മൊബൈലുകളിൽ മലയാളം യൂണികോഡ് സാങ്കേതികവിദ്യ നിലവിൽ വന്നിരുന്നതുകൊണ്ട് ഓൺലൈൻമലയാളത്തിന് ബ്ലോഗുകളിൽ നിന്ന് സോഷ്യൽ മീഡിയയിലേക്ക് ചുവടുമാറാൻ കഴിഞ്ഞു. കൂടാതെ സ്മാർട്‌ഫോണുകളിൽ സുലഭമായ ഓഡിയോ-വീഡിയോ കണ്ടന്റ് ഏതു ഭാഷയിലും ചെയ്യാവുന്നതാണ് എന്ന ഗുണവും ഉണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ തുടക്കത്തിൽതന്നെ സ്ഥാനമുറപ്പിക്കാൻ മലയാളത്തിനു കഴിഞ്ഞിട്ടുണ്ട്. ഭാഷാമരണത്തിന്റെ തുടക്കം എഴുത്ത്മരണമാണ്.
ഒരു ഭാഷയെ മുന്നോട്ട് നയിക്കുന്നത് അതിലെ എഴുത്തുകളാണ്. എഴുതപ്പെട്ട അക്ഷരങ്ങൾ വായിച്ചും വായിച്ചതിനെകുറിച്ച് സംസാരിച്ചും സംസാരം മനസ്സിലാക്കിയും ഒക്കെയാണ് ആശയവിനിമയം നടക്കുന്നതും അറിവ് വികസിക്കുന്നതും ഭാഷ സജീവമായി നിലനിൽക്കുന്നതും. മാതൃഭാഷയിൽ എഴുതികൊണ്ടിരിക്കുക, മാതൃഭാഷയിൽ പറഞ്ഞുകൊണ്ടിരിക്കുക, എന്നതാണ് ഒരു മലയാളി മലയാളത്തിനായി ചെയ്യേണ്ടത്.

കൃത്യമായി പറഞ്ഞാൽ മലയാളി മലയാളിക്ക് വേണ്ടി ചെയ്യേണ്ട കാര്യമാണിത്. സ്‌കൂളുകളിലെ ഐ.ടി ക്ലാസുകളിൽ ഡിജിറ്റൽ മലയാളത്തിനായുള്ള ടൂളുകൾ പഠിപ്പിക്കേണ്ടതാണ്. ഓൺലൈനിൽ ധാരാളം മലയാളം വായിക്കുമ്പോഴും ഓൺലൈനിൽ എഴുതുമ്പോൾ ഇംഗ്ലീഷ് മാത്രം ഉപയോഗിക്കുന്ന മലയാളികൾ ഇന്നും ധാരാളം പേരുണ്ട്. ഓൺലൈനിൽ മലയാളം എഴുതാൻ ബുദ്ധിമുട്ടാണ് എന്ന പരാതിയൊക്കെ എപ്പോഴേ പരിഹരിക്കപ്പെട്ടിരിക്കുന്നു.
ഒരു വരിയെങ്കിലും യൂണികോഡ് മലയാളത്തിൽ സോഷ്യൽ മീഡിയയിൽ എഴുതുക എന്നതാവട്ടെ ഈ ലോക മാതൃഭാഷാദിനത്തിൽ അവർ ചെയ്യേണ്ടുന്ന ഐക്യപ്പെടൽ.

നമ്മളെ ഒന്നിപ്പിക്കുന്ന മാതൃഭാഷ

ജന്റർ, ജാതി, മതം, രാഷ്ട്രീയം, സാമ്പത്തികം, സ്വദേശം, നിറം, ഭക്ഷണം, വസ്ത്രം, ലൈംഗികത എന്നിവയ്‌ക്കെല്ലാം അതീതമായി എല്ലാ കേരളീയരേയും ഒന്നിപ്പിക്കുന്നത് മലയാളം എന്ന നമ്മുടെ മാതൃഭാഷയാണ്. വാക്കുകൾക്ക് അത് മാതൃഭാഷയായവർക്ക് മാത്രം ആസ്വദിക്കാൻ പറ്റുന്ന സംഗീതമുണ്ട്.
കേവലമായ മാതൃഭാഷാസ്‌നേഹം എന്നതിലുപരി മാതൃഭാഷാസംരക്ഷണത്തിനായി ഗവൺമെന്റ് തലത്തിൽ നിയമനിർമ്മാണം നടത്താൻ വേണ്ടിയുള്ള "മാതൃഭാഷാആക്റ്റിവിസം' ആണ് ഇക്കാലത്ത് ആവശ്യം. മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിച്ചതും തുടർന്ന് മലയാള സർവകലാശാല സ്ഥാപിതമായതും എല്ലാം ഇത്തരം ആക്റ്റിവിസത്തിന്റെ ഫലമാണ്. 'ഭരണഭാഷ മാതൃഭാഷ' എന്ന പ്രഖ്യാപിത നയത്തിലേക്ക് എത്തുവാനായി കോടതിഭാഷ മലയാളം ആക്കുന്നത് ഉൾപ്പെടെയുള്ള ഒട്ടേറെ കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്.

"മലയാളി' എന്ന തന്മയെ കസവുമുണ്ട്, ഗ്രാമീണത, സവർണത എന്നിവയുമായി ബന്ധപ്പെടുത്തി പ്രതിക്കൂട്ടിൽ നിർത്തുന്ന ഏർപ്പാട് കണ്ടുവരുന്നുണ്ട്. മലയാളി എന്ന തന്മ മലയാളം എന്ന ഭാഷയുമായി മാത്രം ബന്ധപ്പെട്ട ഒന്നാണ്. നമുക്കത് ഉമ്മമലയാളവും അമ്മച്ചിമലയാളവും അമ്മമലയാളവും ഒക്കെയാണ്.
മലയാളിത്തം നിലനിൽക്കുന്നത് ജീവിതശൈലിയിലോ മതാചാരങ്ങളിലോ ഗ്രാമീണതയിലോ ഒന്നുമല്ല. ജീൻസ് ധരിച്ചത് കൊണ്ടോ, വാലന്റൈൻസ് ഡേ ആഘോഷിച്ചത് കൊണ്ടോ, ബീഫ് കഴിച്ചത് കൊണ്ടോ ആരും മലയാളി അല്ലാതാകുന്നില്ല. മലയാളഭാഷയുമായുള്ള ബന്ധം സുദൃഢമായി നിലനിർത്തുന്നതിലൂടെ തങ്ങളുടെ മലയാളിത്തം നിലനിർത്തുന്നവരാണ് കേരളത്തിൽ ജനിച്ചുവളർന്ന മിക്ക വിദേശമലയാളികളും.

ഇന്ത്യയെന്ന സങ്കീർണവും ബഹുസ്വരവുമായ സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകളറിയാൻ ഇന്ത്യൻഭാഷകളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അത് ഓരോ ഇന്ത്യക്കാരനും സാധ്യമാവുന്നത് തങ്ങളുടെ പ്രാദേശിക മാതൃഭാഷയിലൂടെയാണ്. സ്വന്തം മാതൃഭാഷയെ സ്‌നേഹിക്കുന്നവർക്ക് ഇന്ത്യയിലെ മറ്റ് സഹോദരഭാഷകളിൽ ഉള്ളവരുടെ മാതൃഭാഷാവികാരങ്ങളെയും മനസ്സിലാക്കാൻ പറ്റും. ബഹുസ്വരമായ ഇന്ത്യൻദേശീയതയെ ശക്തിപ്പെടുത്തുന്ന കണ്ണികളാണ് മലയാളി, തമിഴൻ, കന്നഡിക, ബംഗാളി, മറാഠി... മുതലായ സ്വത്വങ്ങൾ. തമിഴിനോട് മലയാളിക്ക് പ്രിയം കൂടുന്നത് അത് മലയാളത്തിനോട് വളരെ അടുത്തു നിൽക്കുന്ന ഭാഷയായതിനാൽ മാത്രമാണ്. വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി നമുക്ക് ഇംഗ്ലീഷ് പഠിക്കേണ്ടി വന്നേക്കാം. എന്നാൽ ആ ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് എങ്ങിനെ ജീവിക്കുന്നു, ഏതു ഭാഷക്കാരെ പ്രണയിക്കുന്നു/ ജീവിതപങ്കാളിയാക്കുന്നു, ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറുന്നുണ്ടോ എന്നീ കാര്യങ്ങളെയൊക്കെ വ്യക്തിയുടെ മാതൃഭാഷയുമായുള്ള വൈകാരികബന്ധം സ്വാധീനിക്കുന്നുണ്ട്.

സംസാരിക്കൽ എന്ന ഉപയോഗരീതിക്ക് പുറമേ വായന, എഴുത്ത്, സിനിമ, സംഗീതം, ടെലിവിഷൻ തുടങ്ങിയ ബൗദ്ധിക-വിനോദ കാര്യങ്ങൾക്കും ഭാഷയുണ്ട്. ഇന്റർനെറ്റിലൂടെ വിരൽത്തുമ്പിൽ ലോകത്തുള്ള ഏതു ഭാഷയിലെ എഴുത്തുകളും പരിപാടികളും കാണാൻ സാധിക്കുന്ന ഇക്കാലത്ത് വിദ്യാഭ്യാസത്തിലൂടെ മലയാളത്തെ രണ്ടാംതരമായി കാണാൻ പരിശീലിപ്പിക്കപ്പെട്ട യുവതലമുറ മലയാളഎഴുത്തുകളിൽ നിന്നും മലയാളസിനിമയിൽ നിന്നും മലയാളഗാനങ്ങളിൽ നിന്നും മലയാളചാനലുകളിൽ നിന്നും എല്ലാം അകന്നുപോവാൻ തുടങ്ങിയിട്ടുണ്ട്. കൊളോണിയലിസത്തിലൂടെ വളരെയധികം ശക്തിപ്രാപിച്ച ഭാഷയാണ് ഇംഗ്ലീഷ്. കോളനികൾ സ്വതന്ത്രരായി കൊളോണിയലിസം ഒരുതരത്തിൽ അവസാനിച്ചെങ്കിലും ഭാഷാഅധിനിവേശത്തിലൂടെ അത് മറ്റൊരു തരത്തിൽ തുടരുകയാണ്.

ഇംഗ്ലീഷ് അധിനിവേശം പൂർണമായ കേരളമെന്നത് അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും സാംസ്‌കാരികകോളനിയായി അവരുടെ ഉച്ഛിഷ്ടം തിന്നു ജീവിക്കുന്ന ഒരു ജനത മാത്രമായിരിക്കും. നമ്മളെക്കാൾ ശക്തരായവരുമായി നമ്മുടെ ഇടം പങ്കുവെക്കുമ്പോൾ സൂക്ഷിക്കണം എന്നാണ് അറബിയുടെയും ഒട്ടകത്തിന്റെയും കഥ പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് വിദ്യുച്ഛക്തി പോലെയാണ്. നിയന്ത്രിതമായ ഇംഗ്ലീഷ് ഉപയോഗം നമ്മുടെ ജീവിതം എളുപ്പമാക്കുന്നു. എന്നാൽ ഇംഗ്ലീഷിനെ വാരിപ്പുണർന്നാൽ അത് നമ്മളെ, നമ്മുടെ സ്വത്വത്തെ, കത്തി ചാമ്പലാക്കും.

Comments