കമ്പനിയും അഭിഭാഷകരും വിലപേശുന്ന കിറ്റെക്​സ്​ തൊഴിലാളികളുടെ തടവുജീവിതം

ന്ത്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഉത്തരേന്ത്യൻ ആദിവാസി ഗ്രാമങ്ങളിൽ നിന്നടക്കം ജീവിതം തേടി കേരളത്തിലെത്തിയ തൊഴിലാളികൾ രണ്ടുമാസത്തോളമായി ജയിലിലാണ്. കിഴക്കമ്പലം സംഘർഷത്തിൽ പ്രതികളാക്കപ്പെട്ട കിറ്റെക്സ് കമ്പനിയിലെ 174 തൊഴിലാളികളാണ് ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത്. നിസാര കുറ്റങ്ങൾ ചുമത്തപ്പെട്ടവർ പോലും ജാമ്യത്തുക നൽകാനില്ലാത്തതിനാൽ പുറത്തിറങ്ങാനാകാതെ ജയിലിൽ തന്നെ കഴിയുകയാണ്. 2021 ഡിസംബർ 25-നാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തുള്ള കിറ്റെക്സ് ഗാർമെന്റ്സിൽ സംഘർഷമുണ്ടായത്. ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്.

20ൽ താഴെ തൊഴിലാളികൾ മാത്രമാണ് സംഘർഷത്തിലുണ്ടായിരുന്നത്. എന്നാൽ ലേബർ ക്യാമ്പിൽ ഉറങ്ങിക്കിടന്നവരടക്കം 174 പേരെയാണ് പൊലീസ് കൊണ്ടുപോയത്. ഇതിൽ 51 പേർക്കെതിരെയാണ് ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുള്ളത്. നിസാര വകുപ്പുകൾ ചുമത്തപ്പെട്ട 123 പേർക്കും റിമാൻഡ് കാലാവധി പൂർത്തിയാക്കിയിട്ടും മോചനം ലഭിക്കുന്നില്ല. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബ് വ്യക്തമാക്കിയിട്ടുള്ളത്. ജയിലിലായ ചില തൊഴിലാളികളുടെ ബന്ധുക്കൾ ഉറ്റവരെ മോചിപ്പിക്കാനായി എറണാകുളത്തെത്തിയിട്ടുണ്ട്.

Comments