കോടിയേരിയും
രാഷ്ട്രീയ ധാര്‍മികതയും
സി.പി.എം പ്രവര്‍ത്തകരുടെ പ്രതിസന്ധികളും
കോടിയേരിയും രാഷ്ട്രീയ ധാര്‍മികതയും സി.പി.എം പ്രവര്‍ത്തകരുടെ പ്രതിസന്ധികളും
എല്‍.ഡി.എഫിന് എന്തിന് വോട്ടു ചെയ്യണം എന്ന് ഒരു സി.പി.എം പ്രവര്‍ത്തകന് പറയാന്‍ നിരവധി കാരണങ്ങളുണ്ട്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പൊലീസ് എന്ന ഒരു കളങ്കമൊഴികെ. അത് മാറ്റിവെച്ചാല്‍ സാമാന്യം വൃത്തിയായി ഭരിച്ച സര്‍ക്കാറാണിത്. അത് പറഞ്ഞുകൊണ്ടുതന്നെ അവര്‍ക്ക് വോട്ടു ചോദിക്കാവുന്നതേയുള്ളൂ. പക്ഷേ, നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയെന്താണ് ഇങ്ങനെ എന്ന ചോദ്യം വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകന് അത് ഡിഫന്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവും. അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിന് കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കുന്നത് നല്ലതാണ്
14 Nov 2020, 11:10 AM
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. തുടര്‍ ചികിത്സക്ക് അദ്ദേഹത്തിന് അവധി നല്‍കുകയാണെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന് അസുഖമുണ്ട്, അത് ഗുരുതരമാണ്, ചികിത്സവേണ്ട അസുഖമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവധിയായാലും അല്ലെങ്കിലും അദ്ദേഹം ഇപ്പോള്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയല്ല എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രാഥമികവസ്തുത.
ഇതുമായി ബന്ധപ്പെട്ട ആരോഗ്യപരമായ കാരണങ്ങളിലേക്ക് പോകുന്നില്ല. രാഷ്ട്രീയമായി അത് എത്ര പ്രതിഫലിക്കും എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയെന്നു പറയുന്നത് വളരെ തിരക്കുള്ള, വളരെ കാര്യങ്ങള്‍ ഓര്‍ഗനൈസ് ചെയ്യേണ്ട ഒരു പദവിയാണ്. രണ്ടു തെരഞ്ഞെടുപ്പുകള്‍ അടുത്തടുത്ത് വരുന്നു, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ്. രണ്ടും സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സംബന്ധിച്ചും അതിലുപരി ഇടതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചുപോലും അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ്. കാരണം, ഏകദേശം വിമോചന സമരകാലത്തുള്ളതുപോലെ ഒരു വിശാല ഐക്യമുന്നണി ഇടതുമുന്നണിക്കെതിരെ വരുന്നുണ്ട്.
അതിൽ സാധാരണ രാഷ്ട്രീയ എതിരാളികളായ യു.ഡി.എഫുണ്ട്, ബി.ജെ.പിയുണ്ട്. ഇതുവരെ കാണാതിരുന്നതുപോലെ മാധ്യമങ്ങളുടെ വലിയൊരു കൂട്ടുകെട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ഏജന്‍സികള്‍ നേരിട്ട് രംഗത്തിറങ്ങി കളിക്കുന്നുമുണ്ട്. ഇതെല്ലാം ചേര്‍ന്ന വളഞ്ഞിട്ടുള്ള ആക്രമണം എന്നുതന്നെ പറയാവുന്ന തരത്തിൽ ഒരു വിശാല മുന്നണി ഇടതുമുന്നണിക്കെതിരെ രൂപപ്പെട്ടുവരുന്നുണ്ട്.
അത് രാഷ്ട്രീയമാണ് എന്ന് നമ്മള്‍ കണക്കാക്കിയാല്‍ മതി, അതില്‍ തെറ്റുണ്ട് എന്ന് പറയുകയല്ല. ഭരിക്കുന്ന സര്‍ക്കാറിനെതിരെ ബാക്കി മനുഷ്യര്‍ക്കെല്ലാം ഒരുമിച്ചുവരാനുള്ള, തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഇതിനകത്ത് കാണേണ്ടത് ഓരോരുത്തരും അവരവരുടേതായ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നുവെന്നുള്ളതാണ്. അതിലുപരി കേന്ദ്രഏജന്‍സികളും കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ഏകോപനം ഗംഭീരമായി പോകുന്നതുപോലെ എനിക്കു തോന്നുന്നു. അതിലേക്ക് രണ്ടാമത് വരാം.

ഇത്തരമൊരു സാഹചര്യത്തിൽ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി, മുഴുവന്‍ സമയവും പാര്‍ട്ടി പ്രവര്‍ത്തനത്തിന് മാറ്റിവെയ്ക്കാന്‍ കഴിയുന്ന ഒരാളായിരിക്കുകയെന്നത് അനിവാര്യമാണ്. അതിന് കോടിയേരി ബാലകൃഷ്ണന്‍ മാറിനിന്ന് മുഴുവന്‍ സമയവും ചുമതല വഹിക്കാന്‍ കഴിയുന്ന ഒരാള്‍ വരികയെന്നത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. അതുകൊണ്ടുതന്നെ, അത് സ്വാഗതാര്‍ഹമാണ്.
മകനുമേലുള്ള അച്ഛന്റെ ഉത്തരവാദിത്തം
രണ്ടാമത്തെ കാര്യം കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട കേസാണ്. മകന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അച്ഛന്‍ ഉത്തരവാദിത്തം വഹിക്കേണ്ടതില്ല എന്നാണ് സി.പി.എമ്മിന്റെ സ്ഥിരം വ്യാഖ്യാനം. അത് പരിമിതമായ രീതിയില്‍ വേണമെങ്കില്‍ അംഗീകരിക്കാം. കാരണം മുതിര്‍ന്ന മനുഷ്യര്‍ക്കുമേല്‍ മാതാപിതാക്കള്‍ക്ക് വളരെ ചുരുക്കം രീതിയിലേ നിയന്ത്രണം ഉണ്ടാവാന്‍ സാധ്യതയുള്ളൂ. ജ്യോതി ബസുവിന്റെ മകന്‍ ചന്ദന്‍ ബസു ബിസിനസ് നടത്തിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹവുമായി ഒരു ബന്ധവുമില്ല, ബിസിനസ് വേറെയാണ് എന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
പക്ഷേ എനിക്ക് ആ വാദം മുഴുവനായി വിശ്വസിക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ട്. മക്കളുടെ എല്ലാ കാര്യത്തിലുമെന്നല്ല, അവരുടെ ബേസിക്കായ ചില കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉത്തരവാദിത്തമുണ്ടായേ പറ്റൂ.
നമ്മള്‍ ചെയ്യുന്നതിനെല്ലാം മാതാപിതാക്കള്‍ ഉത്തരവാദികളാണോ, നമ്മളുടെ മക്കള്‍ ചെയ്യുന്നതിനെല്ലാം നമ്മള്‍ ഉത്തരവാദികളാണോ എന്ന് ചോദിച്ചാല്‍ അതിന്റെ പ്രശ്നം വരുന്നത്, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചും അതിലെ അംഗങ്ങള്‍ പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള കേഡര്‍ പാര്‍ട്ടിയാണ് സി.പി.എം എന്നതാണ്. അങ്ങനെ വരുമ്പോള്‍ സി.പി.എം സെക്രട്ടറിയായ ഒരാള്‍ക്ക് പാര്‍ട്ടി അംഗങ്ങളുടെ മേലുള്ളത് സൈദ്ധാന്തികമായ, തത്വശാസ്ത്രപരമായ, പാര്‍ട്ടി നിലവാരത്തില്‍ മാത്രമുള്ള ഒരു ധാര്‍മികാധികാരം മാത്രമല്ല. അതിനപ്പുറത്തേക്ക് അവരുടെ ജീവിതങ്ങളെക്കൂടി നിയന്ത്രിക്കാന്‍- നിയന്ത്രിക്കാന്‍ എന്നു പറഞ്ഞാല്‍ ഡേ റ്റുഡേ കാര്യങ്ങള്‍ നിയന്ത്രിക്കുകയെന്നതല്ല ഉദ്ദേശിക്കുന്നത്- പൊതുമണ്ഡലത്തില്‍ അവരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം, സ്വകാര്യ ജീവിതത്തില്‍ അവര്‍ പുലര്‍ത്തേണ്ട അടിസ്ഥാനപരമായ ബാധ്യതകള്‍, ധാര്‍മികതകള്‍ എന്തായിരിക്കണം എന്നുകൂടി പറയുന്ന പാര്‍ട്ടിയാണ് സി.പി.എം.
ഒരു അംഗം മദ്യപിക്കാന്‍ പാടില്ല എന്ന് പറയുന്ന പാര്‍ട്ടിയാണ് സി.പി.എം. അതുപോലെ സാമൂഹ്യമായ പെരുമാറ്റചട്ടങ്ങളുള്ള പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയിലെ അംഗങ്ങളെല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടിരിക്കുന്ന, പൊതുവായി ഷെയര്‍ ചെയ്യുകയും കൊണ്ടുനടക്കുകയും ചെയ്യുന്ന കുറേയേറെ കാര്യങ്ങളുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അതിന്റെയൊക്കെ തലപ്പത്തിരിക്കുന്നയാളാണ്. അപ്പോള്‍ അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിക്കാരോട് നമ്മള്‍ അങ്ങനെയല്ല ചെയ്യേണ്ടതെന്ന് പറയാന്‍ പറ്റണം. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്കൊരു ധാര്‍മിക അധികാരമുണ്ടായിരിക്കണം.
പാര്‍ട്ടിയുടെ ധാര്‍മിക അധികാരത്തെക്കുറിച്ച്
ബിനീഷ് കോടിയേരിയുടെ കേസില്‍ അവസാനം എന്തെങ്കിലും കണ്ടുപിടിക്കുമെന്ന ഒരു ധാരണയും എനിക്കില്ല. കാരണം അദ്ദേഹത്തിന്റെ പേരില്‍ കേസന്വേഷിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇന്നുവരെ പത്രവാര്‍ത്തകളല്ലാതെ ഏതെങ്കിലും തരത്തില്‍ ഇന്‍ക്രിമിനേറ്റിങ്ങായിട്ടുള്ള സാധനം കിട്ടിയതായി സോളിഡായ ഒരു പ്രൂഫും ഇതുവരെ കണ്ടിട്ടില്ല.
ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് വ്യാപാരമാണെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹം അതിന് പണംമുടക്കുകയോ അതില്‍ നിന്ന് പണം സമ്പാദിക്കുകയോ അതുവെച്ച് വേറെന്തെങ്കിലും ബിസിനസ് ചെയ്യുകയോ പണം ഒളിപ്പിക്കുകയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കീഴില്‍വരുന്ന ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായോ ഇന്നുവരെ നമ്മുടെ മുമ്പില്‍ സോളിഡായ തെളിവില്ല.
പക്ഷേ, സി.പി.എം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിലാണ്. അതില്‍ അദ്ദേഹത്തിന്റെ മകനെതിരെ വരുന്ന ആരോപണങ്ങള്‍ ഏതുരൂപത്തിലും വരുന്ന സാഹചര്യം നാട്ടിലുണ്ട്.
എല്‍.ഡി.എഫിന് എന്തിന് വോട്ടു ചെയ്യണം എന്ന് ഒരു സി.പി.എം പ്രവര്‍ത്തകന്, എല്‍.ഡി.എഫ് പ്രവര്‍ത്തകന്, സാധാരണക്കാരനായ ഒരു പാര്‍ട്ടിക്കാരന് പറയാന്‍ നിരവധി കാരണങ്ങളുണ്ട്. സര്‍ക്കാറിന്റെ പെര്‍ഫോമെന്‍സ് പറയാം, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാം, പാര്‍ട്ടി നിലപാട് പറയാം, പെന്‍ഷന്‍ കൊടുത്തതിനെക്കുറിച്ചു പറയാം. താരതമ്യേന ബെറ്ററായി ഭരണം നടത്തിയ ഒരു സര്‍ക്കാറാണിത്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പൊലീസ് എന്ന ഒരു കളങ്കമൊഴികെ. അത് മാറ്റിവെച്ചാല്‍ സാമാന്യം വൃത്തിയായി ഭരിച്ച സര്‍ക്കാറാണിത്. അത് പറഞ്ഞുകൊണ്ടുതന്നെ അവര്‍ക്ക് വോട്ടു ചോദിക്കാവുന്നതേയുള്ളൂ.
പക്ഷേ, നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയെന്താണ് ഇങ്ങനെ എന്ന ചോദ്യം വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകന് അത് ഡിഫന്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവും. എന്നുവെച്ചാല്‍ ചര്‍ച്ച അതിലേക്ക് പോകും. സര്‍ക്കാറിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും മനുഷ്യര്‍ക്ക് വിമര്‍ശനങ്ങളുണ്ടാവും. പാര്‍ട്ടിക്കാരന് അതിന് മറുപടി പറയാം. അത് ജനാധിപത്യത്തിന്റെ പ്രോസസാണ്.
ഒരു പാര്‍ട്ടി പ്രവര്‍ത്തകനോട് അവരുടെ പാര്‍ട്ടി നിലപാടുകളെക്കുറിച്ചും നയങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ നാട്ടുകാര്‍ ചോദ്യം ചോദിക്കും. പ്രവര്‍ത്തകര്‍ മറുപടി പറയണം. അത് നമ്മുടെ നാട്ടിലെ അടിസ്ഥാനപരമായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. പക്ഷേ ആ ചോദ്യം പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ കാര്യത്തിലേക്ക് ആകുകയും അത് പാര്‍ട്ടിയുടെ ധാര്‍മിക അധികാരത്തിലേക്കുമാകുമ്പോള്‍ അത് അനാവശ്യമായ ഒരു ചര്‍ച്ചയായി മാറും. അതല്ല നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് എന്നതാണ് പ്രാഥമികമായ കാര്യം. അങ്ങനെ വരുമ്പോള്‍ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിന് കോടിയേരി ബാലകൃഷ്ണന്‍ അവിടെ നിന്ന് മാറിനില്‍ക്കുന്നത് നന്നായിരിക്കും.
പാര്‍ട്ടിക്ക് വേറെ വഴിയില്ല
ഈ തീരുമാനത്തിന്റെ ഫോളൗട്ട് എന്നുപറയുന്നത്, കുറച്ചുകൂടി മെച്ചമായി രാഷ്ട്രീയ കാലാവസ്ഥയെ അഭിമുഖീകരിക്കാന്‍ ഈ പ്രവര്‍ത്തനം സി.പി.എം പ്രവര്‍ത്തകരെ സഹായിക്കും എന്നതാണ്. മുന്നോട്ടേക്ക് പോകുമ്പോള്‍ ഇനിയും എല്‍.ഡി.എഫ് ഏറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന, ഇന്നുവരെ അടിസ്ഥാനമുണ്ട് എന്ന് ഒരു മനുഷ്യന് ബോധ്യമാകാത്ത കഥകളും കെട്ടുകഥകളും ഇല്ലാക്കഥകളുമൊക്കെയായിട്ട് അന്തരീക്ഷം നിറഞ്ഞുനില്‍പ്പുണ്ട്. സര്‍ക്കാര്‍ നേരിട്ട് പങ്കാളികളല്ലയെന്നൊക്കെ പറഞ്ഞ് സര്‍ക്കാറിന് പിടിച്ചുനില്‍ക്കാന്‍ പറ്റുമെങ്കിലും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഏതെങ്കിലുമൊരു കേസിലുണ്ട് എന്നു പറയുന്നത് ഡിഫന്‍സീവായിപ്പോകും. അനാവശ്യമായ ഒരു ഡിഫന്‍സിലേക്ക് പാര്‍ട്ടി പോകുന്ന അവസ്ഥയുണ്ടാവും. ആ അവസ്ഥയില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ പറ്റും എന്നതാണ് രണ്ടാമത്തെ പ്രധാനപ്പെട്ട ഒരു ഫോളൗട്ട്. അത് സി.പി.എമ്മിനെ സഹായിക്കുമെന്നുതന്നെയാണ് എനിക്കു തോന്നുന്നത്.

80 തുടങ്ങിയുള്ള തെരഞ്ഞെടുപ്പുകളെക്കുറിച്ച് എനിക്ക് ഓര്‍മയുണ്ട്. ഇന്ത്യയിലെയും ലോകത്തിലെയും തെരഞ്ഞെടുപ്പുകളൊക്കെ മാറി. രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളില്‍ നിന്ന് മാറി ഉപരിപ്ലവമായ കാര്യങ്ങള്‍ എടുത്ത് അതിനകത്ത് ഏറ്റവും ജ്യൂസിയായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന അവസ്ഥയിലേക്ക് കേരളം എത്തിപ്പെട്ടിട്ടുണ്ട്. അതില്‍, നമ്മുടെ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അതായത്, സബ്സ്റ്റാന്‍സീവായ, മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയം സീരിയസായി ചര്‍ച്ച ചെയ്യാത്ത ഒരു സമൂഹമായി നമ്മള്‍ മാറി. അതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്, ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് അവരുടെ പൊളിറ്റിക്സിനെ ഡിഫന്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. വളരെ എളുപ്പം സി.പി.എമ്മിനെ ഡിഫന്‍സീവാക്കി മാറ്റാന്‍ കഴിയും.
കാരണം, കേരളത്തില്‍ കോവിഡ് വരാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ പറഞ്ഞുതുടങ്ങിയത്, ഒരാളെപ്പോലും മരണത്തിനു വിട്ടുകൊടുക്കില്ല, എല്ലാവരെയും സംരക്ഷിക്കും എന്നാണ്. എല്ലാവരെയും സംരക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും സര്‍ക്കാര്‍ നടത്തി. ഒരു ഘട്ടത്തില്‍ അത് കൈവിട്ടുപോയി. അപ്പോള്‍ അത്രയുംകാലം ചെയ്ത വലിയ പ്രവര്‍ത്തനങ്ങളൊക്കെ ഇല്ലാതാവുകയും ഒരാള്‍ പോലും മരിച്ചാല്‍ അത് സര്‍ക്കാറിന്റെ പിടിപ്പുകേടായി മാറുകയും ചെയ്യുന്നു. അതേസമയം കേന്ദ്ര സര്‍ക്കാറിനെ നോക്കൂ, ആദ്യം തൊട്ടേ പ്രത്യേകിച്ച് ഒരു പ്ലാനുമില്ല. എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോള്‍ അത് പോസിറ്റീവാകുകയും ചെയ്യണം. ഇങ്ങനെ വിചിത്രമായ അന്തരീക്ഷത്തിലാണ് നമ്മുടെ രാഷ്ട്രീയം എത്തിനില്‍ക്കുന്നത്.
എന്നുപറഞ്ഞാല്‍ സബ്സ്റ്റാന്റീവായ ഒരു കാര്യം പറയാന്‍ പറ്റാത്ത, വിശദീകരിക്കാന്‍ പറ്റാത്ത, അത് വിശദീകരിച്ചാല്‍ കേള്‍ക്കാന്‍ ആളില്ലാത്ത അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. ഏറ്റവും ജ്യൂസിയായ കാര്യങ്ങളിലാണ് ആള്‍ക്കാര്‍ക്ക് താല്‍പര്യം. അനാവശ്യമായി സര്‍ക്കാറിനെ വളരെ പെട്ടെന്ന് ഡിഫന്‍സീവാക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേറെ വഴിയില്ല. അത്തരമൊരു തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം വന്നത് എന്നു വിശ്വസിക്കാനാണ് എനിക്ക് എളുപ്പം.
Anilkumar P. Y
14 Nov 2020, 04:41 PM
K.J. ജേക്കബിന്റെ എഴുത്തു വായിച്ചാൽ, സിപിഎം നും സർക്കാറിനുമുണ്ടായ ഈ പ്രതിസന്ധിയെല്ലാം, സംഘടിത മാധ്യമങ്ങളും സൈബർ ഊച്ചാളികളും പിന്നെ കോൺഗ്രസ് -ബിജെപി അന്തർധാരയുടെ ഉപോൽപ്പാന്ന(by-product)മെന്ന് തോന്നിപ്പോയി. ഇനിയെങ്കിലും Ground Reality അറിഞ്ഞിട്ടും അറിയാതെ,കണ്ടിട്ടും കാണാതെ,കേട്ടിട്ടും കേൾക്കാതെ സർക്കാർ വിലാസം ഭജന സംഘവും വാഴ്ത്തുപട്ടുകാരും പിന്നെ എന്തും പണം കൊടുത്തു വാങ്ങാമെന്ന ധാർഷ്ട്യത്തിന്റെ രാഷ്ട്രീയമാണ് മാറേണ്ടത്. ജനാധിപത്യത്തിൽ ബഹുസ്വരതയും എതിർ സ്വരത്തിന് ചെവിക്കൊണ്ട ഭരണ സംവിധാത്തിനെ, നിലനിൽപ്പുള്ളൂ.. സിപിഎം എന്ന വലിയ പാർട്ടിയുടെ അഹന്തയും സർക്കാർ വികസനം എന്നൊക്ക പറഞ്ഞുകൊണ്ട് അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിൽ കോടികൾ വാരിവിതറി വിലക്കെടുക്കാമെന്നും എല്ലാം ശരിയാക്കാമെന്ന് കരുതിയത്. അതൊരു പരിധിവരെ വിജയം കണ്ടു. പക്ഷെ വില നിശ്ചയത്തിനപ്പുറം കക്ഷി രാഷ്ട്രീയത്തിനപ്പുറം Social politics ന്റെ ഒരു Dynamics ഉണ്ട്. കേരളം -കേരളമാണ്, താരതമ്യം ചെയ്യാൻ കഴിയാത്ത പ്രതിഭാസമാണ്.അഴിമതിയെ ശാസ്ത്രീയമായി പരുവപ്പെടുത്തി അധികാരം ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കാൻ ഇന്ത്യയിൽ നിന്നും വേറിട്ടു നിൽക്കുന്ന ഏകാധിപത്യ ഭരണരീതിയല്ല..കൊച്ചു കേരളവും ആഗോള മലയാളിയുമാണ് നമ്മൾ. എഴുതിയവർക്ക് എന്തും വിശ്വസിക്കാനുള്ള അവകാശമുണ്ട്. പാർട്ടി സെക്രട്ടറി മാറിയത്കൊണ്ട് എല്ലാ പ്രശ്നവും തീർന്നുവെന്ന ജേക്കബുമാരുടെ വിശ്വാസം ഈ സർക്കാരിനെ രക്ഷിക്കട്ടെ......
U Jayachandran
14 Nov 2020, 01:40 PM
K. J Jacob is one of the few senior journalists who articulated his views without favour or bias. What he says about Kodiyeri Balakrishnan's "leave of absence" is correct. The only glitch the CPI(M) finds themselves in the current situation is the choice of A. Vijayaraghavan as the stand-in secretary. Vijayaraghavan does not exude the warmth of Kodiyeri as far as public interaction is concerned. Nor does he inspire confidence in neutral followers of the Left. At best, he is a foot-in-the-mouth artist who may let his garrulous nature get the better of himself. He has a proven record as a misogynist; a qualification that puts him on a par with Mullappally Ramachandran. It would have been a far better choice to have M.V Govindan as secretary. Some of the choices of personnel in key positions by the Kerala CPI(M) has always been puzzling. All said and done, thank you K.J Jacob, for an insightful pre- election peek into the potential, pitfalls and booby traps awaiting the largest, and by far the strongedt party in the state.
പ്രമോദ് പുഴങ്കര
May 16, 2022
6 Minutes Read
Truecopy Webzine
Apr 26, 2022
4 Minutes Read
Delhi Lens
Apr 21, 2022
4 minutes read
ഷഫീഖ് താമരശ്ശേരി
Apr 11, 2022
4 Minutes Read
ടി.എം. ഹര്‍ഷന്‍
Apr 07, 2022
44 Minutes Watch
അശോക് മിത്ര
Apr 06, 2022
9 Minutes Read
Venu Edakkazhiyur
14 Nov 2020, 05:40 PM
കേരളത്തിലെ സമകാലിക രാഷ്ട്രീയ സംഭവങ്ങളെ സമചിത്തതയോടെ വിലയിരുത്തുന്ന ഒരു ലേഖനം. (ഏതാണ്ട് സമാന രീതിയിലുള്ള വേറെ ചില എഫ് ബി കുറിപ്പുകളും ഞാൻ വായിച്ചിട്ടുണ്ട്) പേ നായയെയെന്നപോലെ ഇടതുപക്ഷ മുന്നണിയെ തല്ലിക്കൊല്ലണം എന്ന ഒറ്റ ചിന്തയിലാണ് കേരളത്തിലെ പ്രതിപക്ഷ കക്ഷികൾ; യുഡിഎഫും ബിജെപ്പിയും ഒന്നിച്ചാണ് നായാട്ടിന് ഇറങ്ങിയിട്ടുള്ളതും. അതിന് എൻ എസ് എസ് പ്രത്യക്ഷത്തിലും എസ് എൻ ഡി പി ചിലപ്പോൾ ഒളിഞ്ഞും പിന്തുണ നൽകുന്നുണ്ട്. എല്ലാ പ്രമുഖ മദ്ധ്യമങ്ങളും പ്രതിപക്ഷത്തോടൊപ്പവുമാണ്. അതുകൊണ്ടുതന്നെ, കഴിഞ്ഞ നാല് വർഷക്കാലത്തു കേരളത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള പുകമറ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും. അത്, മറികടക്കാൻ, താരതമ്യേന ചെറുപ്പമായ പുതിയ സെക്രെട്ടറിക്ക് കഴിയുമോ? കഴിയട്ടെ എന്ന് പ്രതീക്ഷിക്കാം!