ചെറുപ്പകാലത്ത് ഞാനേറ്റവുമധികം
പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള
ആരാധനയുടെ പേരിലാണ്
ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്
യേശുദാസ് പാടിയതൊക്കെ യേശുദാസിന്റെ ശബ്ദത്തില്‍ മാത്രം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു ഇന്നും. യേശുദാസ് പാടിയ പാട്ട് മറ്റൊരാള്‍ പാടി കേള്‍ക്കുന്നതെന്തിന്, യേശുദാസ് പാടിയത് അവിടെത്തന്നെ ഉണ്ടെന്നിരിക്കെ എന്നൊരു വാശി എനിക്കിന്നുമുണ്ട്. യേശുദാസിനെ കുറ്റം പറയുന്നവരുടെ മുന്നില്‍ നാഗവല്ലി ഡോ. സണ്ണിയോടെന്ന പോലെ മതിഭ്രമം ബാധിച്ച് തര്‍ക്കിച്ചിരുന്നു. ട്രൂകോപ്പി വെബ്‌സീന്‍ 104 -ാം പക്കറ്റില്‍ എസ്. ശാരദക്കുട്ടി എഴുതിയ ഉള്ളിന്റെയുള്ളിലെയുന്മാദങ്ങള്‍ എന്ന ലേഖനത്തില്‍ നിന്ന്.
10 Jan 2023, 10:54 AM
സെലിബ്രിറ്റികളോടുള്ള ആരാധന വിവരമില്ലായ്മയുടെ ലക്ഷണമായി പരിഹസിക്കപ്പെടാറുണ്ട്. ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്. അടക്കമില്ലാത്ത ആ ആരാധനയുടെ പേരില്‍ എന്റെ സംഗീതാസ്വാദന നിലവാരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ജന്മദിനങ്ങള്‍ ആരുടേതായാലും, എത്ര വേണ്ടപ്പെട്ടവരുടേതായാലും മറന്നുപോകുന്ന ഞാന്‍ ജനുവരി പത്ത് യേശുദാസിന്റെ ജന്മദിനമെന്നത് ഒരിക്കലും മറക്കുന്നില്ല. ഈ ദിവസം കൃത്യമായി ഓര്‍ത്തുവെച്ച് മനസ്സില്‍ പ്രാര്‍ഥനകള്‍ ഉരുവിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രക്ക് ആ പാട്ടുകളില്‍ നിന്ന് ജീവവായു സ്വീകരിച്ചിരുന്ന അനേകരിലൊരാള്‍ മാത്രം.
യേശുദാസ് പാടിയതൊക്കെ യേശുദാസിന്റെ ശബ്ദത്തില്‍ മാത്രം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു ഇന്നും. യേശുദാസ് പാടിയ പാട്ട് മറ്റൊരാള്‍ പാടി കേള്‍ക്കുന്നതെന്തിന്, യേശുദാസ് പാടിയത് അവിടെത്തന്നെ ഉണ്ടെന്നിരിക്കെ എന്നൊരു വാശി എനിക്കിന്നുമുണ്ട്. യേശുദാസിനെ കുറ്റം പറയുന്നവരുടെ മുന്നില്‍ നാഗവല്ലി ഡോ. സണ്ണിയോടെന്ന പോലെ മതിഭ്രമം ബാധിച്ച് തര്‍ക്കിച്ചിരുന്നു.
എന്നെ തോല്‍പിക്കാന്‍ തര്‍ക്കിക്കുന്നവരുടെ മുന്നില്‍ ഞാന്‍ അവസാനം ആ ബ്രഹ്മാസ്ത്രം തന്നെ എടുക്കുമായിരുന്നു. ആദരണീയനായ ദേവരാജന്‍ മാസ്റ്ററെ പോലൊരാളുടെ വാക്കുകള്‍ എന്റെ തുണക്കെത്തും, ‘ക്ലാസിക്കല്‍ രാഗങ്ങളുടെ സൂക്ഷ്മഛായകളെ സാധാരണ മാനുഷികവികാരങ്ങളുമായി ചേര്‍ത്തിണക്കി സാധാരണക്കാര്‍ക്കുപോലും ആസ്വാദ്യമാക്കി മാറ്റിയ യേശുദാസുള്ളതുകൊണ്ട് എനിക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ മറ്റൊരാളെക്കുറിച്ചാലോചിക്കേണ്ടതില്ല' എന്ന്.
ആഹാ, എനിക്ക് പിടിച്ചുനില്‍ക്കാന്‍ ആ റഫറന്‍സ് മാത്രം മതി.
പൊളിറ്റിക്കലി കറക്ടാകാന്‍ നിര്‍ബ്ബന്ധിതയാകുന്നതൊക്കെ പിന്നീടാണല്ലോ. അപ്പോള്‍ നമുക്ക് എത്ര പ്രിയപ്പെട്ടതെങ്കിലും നമ്മുടെ വിഗ്രഹങ്ങളെ തള്ളിപ്പറയേണ്ടതായിവരും. അങ്ങനെ യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട് . എനിക്കേറ്റവുമിഷ്ടമുള്ള ശബ്ദവുമായി ഈ മനുഷ്യന് മിണ്ടാതിരുന്നു കൂടേ എന്ന് ശപിച്ചുപോവുക പോലും ചെയ്ത സന്ദര്‍ഭങ്ങള്‍.
വീണ്ടും ജനുവരി പത്ത് വരും.
അന്ന് യേശുദാസിന്റെ പിറന്നാളാണ്.
എനിക്ക് കുറിപ്പെഴുതണം. ആശംസകള്‍ അര്‍പ്പിക്കണം.
അപ്പോള്‍ ഞാനിങ്ങനെയൊക്കെയെഴുതി എന്നെത്തന്നെ സമാധാനിപ്പിക്കും: ‘‘പോകെപ്പോകെ പുകയെല്ലാം മായും. യേശുദാസ് അദ്ദേഹത്തിന്റെ പാട്ടും ശബ്ദവും മാത്രമായി അടയാളപ്പെടുന്ന ഒരു കാലം വരും. അവ മാത്രമേ അന്ന് നിലനില്‍ക്കൂ. ആ കാലത്ത് അദ്ദേഹം ഇന്നത്തേക്കാള്‍ തിളക്കത്തോടെ ഓര്‍മിക്കപ്പെടട്ടെ. കാരണം, കഠിനമായ ജീവിത സന്ദര്‍ഭങ്ങളിലൊക്കെ എന്നെപ്പോലെ എത്രയധികം ആളുകളെ എന്നും ആശ്വസിപ്പിച്ചിരുന്ന ശബ്ദമായിരുന്നു യേശുദാസിന്റേത്.’’
എന്നിട്ട്, ഇന്നും കേട്ടാല്‍ ഏതൊക്കെയോ ഓര്‍മകളില്‍ കണ്ണു നിറയുന്ന, വികാരം കൊള്ളുന്ന, ഉന്മാദത്തില്‍ പെട്ടുപോകുന്ന യേശുദാസിന്റെ ചില പ്രിയ ഗാനങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തു വെക്കും.
അനുരാഗലോല ഗാത്രി
വരവായി നീലരാത്രി
നിനവിന്‍ മരന്ദ ചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി
അനുരാഗിണി ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍...
സീമന്തിനീ നിന്‍ ചൊടികളിലാരുടെ
പ്രേമമൃദുസ്‌മേരത്തിന്‍ സിന്ദൂരം...
ഇന്നലെ മയങ്ങുമ്പോള്‍
ഒരു മണിക്കിനാവിന്റെ...
ചന്ദനലേപ സുഗന്ധം
ചാര്‍ത്തിയതാരോ
കാറ്റോ കാമിനിയോ
ഇനിയുമെത്രയെത്ര...
അങ്ങനെ ഒരാളിലൊന്നും നില്‍ക്കുന്നതല്ല എന്റെ ആരാധനകള്‍.
യേശുദാസിന്റെ ഗാനങ്ങള്‍ പ്രണയമധുരമായിരിക്കുമ്പോള്‍ തന്നെ യേശുദാസിന്റെ ചിന്തകള്‍ക്ക് വാര്‍ധക്യം ബാധിച്ചു തുടങ്ങുകയും അദ്ദേഹം അസംബന്ധങ്ങള്‍ പറഞ്ഞു തുടങ്ങുകയും ചെയ്തതോടെയാണ് ഞാന്‍ ജയചന്ദ്രന്റെ യൗവന സുരഭിലമായ ആ ശബ്ദത്തെ കൂടുതലായി ആരാധിച്ചുതുടങ്ങുന്നത്. ജയചന്ദ്രന്‍ പാടിയ പണ്ടേയിഷ്ടമുള്ള ചില ഗാനങ്ങള്‍ മൂളിയാണ് യേശുദാസുണ്ടാക്കി വെച്ച ആ സ്തംഭനത്തെ ഞാന്‍ അതിജീവിച്ചത്.
(ട്രൂകോപ്പി വെബ്‌സീന്‍ 104 -ാം പക്കറ്റില്‍ എസ്. ശാരദക്കുട്ടി എഴുതിയ
ഉള്ളിന്റെയുള്ളിലെയുന്മാദങ്ങള്‍ എന്ന ലേഖനത്തില്‍ നിന്ന്)
എഴുത്തുകാരി, അധ്യാപിക
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
രശ്മി സതീഷ്
Jan 11, 2023
3 Minutes Read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
എസ്. ശാരദക്കുട്ടി
Dec 13, 2022
5 Minutes Read
പുഷ്പവതി
Nov 17, 2022
15 Minutes Read
എസ്. ബിനുരാജ്
Nov 02, 2022
6 Minutes Read