രാഷ്ട്രീയ അസ്ഥിരതയും തുടർഭരണവും

ഭരണത്തിലെത്തുന്ന മുന്നണിക്ക് രാഷ്ട്രീയ നിലപാടുകൾ പുനർനിർവചിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അനിവാര്യമായ തകർച്ചയായിരിക്കും അഭിമുഖീകരിക്കേണ്ടി വരുന്നത്.

രു രാഷ്ട്രീയ സമൂഹത്തിൽ, പുതിയ പ്രതിനിധാനങ്ങളും വേറിട്ട പ്രസ്ഥാനങ്ങളും രൂപം കൊള്ളുന്നതിന്, രാഷ്ട്രീയ അസ്ഥിരത സഹായകമാകുമെന്ന് തിരിച്ചറിഞ്ഞത് കാൻഷി റാമാണ്. ഈ നിഗമത്തിന് ആധാരമായത്, ഇന്ത്യയിൽ നിലനിന്ന ഒരു ചരിത്രഘട്ടത്തിലെ രാഷ്ട്രീയാനുഭവങ്ങളാണ്. സ്വാതന്ത്ര്യാനന്തരം തുടർഭരണത്തിലൂടെ ദീർഘകാലം ഭരണം നടത്തിയ കോൺഗ്രസിനെ, അടിയന്തരാവസ്ഥ പിൻവലിച്ചിതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ, പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് പരാജയപ്പെടുത്താനും, കേന്ദ്രത്തിലൊരു കോൺഗ്രസിതര ഗവൺമെന്റിന്റെ രൂപീകരണം സാധ്യമാക്കാനും കഴിഞ്ഞു.

ഇന്ദിരാഗാന്ധി

ആ ഗവൺമെന്റാകട്ടെ, ജനാധിപത്യപരമായ ഉള്ളടക്കവും, പ്രത്യയശാസ്ത്ര ദിശോധവുമില്ലാതെ ആഭ്യന്തര കുഴപ്പങ്ങളിൽ പെട്ടു തകരുകയായിരുന്നു. ഇതേ കാര്യം തന്നെയാണ്, വ്യത്യസ്തമായ രീതിയിൽ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസും അഭിമുഖീകരിച്ചത്. ഫലമോ; നേതൃത്വപരമായ കെട്ടുറപ്പില്ലായ്മയും സംഘടനാപരമായ ശൈഥില്യങ്ങളുമാണ് 80-കളിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്. ഇപ്രകാരം രൂപപ്പെട്ട പ്രതിസന്ധികളെ മറികടക്കാൻ സംഘടന കണ്ടെത്തിയ മാർഗ്ഗം, ഇന്ദിരാഗാന്ധിയുടെ നേതൃത്വവും സ്ഥിരതയുള്ള ഗവൺമെന്റ് എന്ന വാഗ്ദാനവുമായിരുന്നു. ഇതോടെ നടന്ന സംഘടനാപരമായ അഴിച്ചുപണിയിൽ, നാളിതുവരെയുള്ള ഘടനയ്ക്ക് മാറ്റം വന്നതോടെ, ഇന്ദിരാഗാന്ധി സർവ്വശക്തമായ ഹൈക്കമാന്റായി രൂപപ്പെടുകയും, അധികാരവും രാഷ്ട്രീയ തീരുമാനങ്ങളും അവരിൽ നിക്ഷിപ്തമാവുകയും ചെയ്തു.

രാഷ്ട്രീയ അസ്ഥിരതയ്ക്കുള്ളിൽ പുനഃസംഘടിപ്പിക്കപ്പെട്ട കോൺഗ്രസിനും, രാഷ്ട്രീയ നേതൃത്വത്തിനും രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരുന്ന സാമ്പത്തിക-സാമൂഹ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതേയില്ല. ഇതോടെ രാജ്യമെമ്പാടും ബഹുജനപ്രക്ഷോഭങ്ങളും, ചിലഭാഗങ്ങളിൽ സായുധ സംഘങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതും, രാജീവ് ഗാന്ധി ഹൈക്കമാന്റായി കോൺഗ്രസിന്റേയും ഗവൺമെന്റിന്റേയും തലപ്പത്ത് എത്തുകയും ചെയ്തത്.

കാൻഷി റാം

പുതിയ ഹൈക്കമാന്റിനും സാമ്പത്തിക- സാമൂഹ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ഹിന്ദുത്വാഭിമുഖ്യത്തിലൂടെ കോൺഗ്രസ് പുലർത്തിയിരുന്ന മതേതരത്വവും, മത-സമുദായങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവും കൈവെടിയേണ്ടി വന്നത്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് രാജീവ് ഗാന്ധിക്കെതിരായ ബൊഫേഴ്‌സ് അഴിമതി ആരോപണം. ഇപ്രകാരം വിവിധ കാരണങ്ങളാൽ ദുർബ്ബലമായ ഹൈക്കമാന്റിൽ വിശ്വാസം നഷ്ടപ്പെട്ട ദളിതർ, പിന്നാക്കക്കാർ, മതന്യൂനപക്ഷങ്ങൾ എന്നീ സാമൂഹ്യവിഭാഗങ്ങളും, വിവിധ സാമ്പത്തികശ്രേണികളും കോൺഗ്രസിനോട് വിടപറയുകയായിരുന്നു.

രാഷ്ട്രീയ അസ്ഥിരതയുടെ ഈ ഭൂമികയിലാണ് ഏഴു പ്രതിപക്ഷ പാർട്ടികളടങ്ങിയ മുന്നണിയുടേയും, കോൺഗ്രസിൽ നിന്ന് രാജിവെച്ച വി.പി. സിംഗ് പ്രസിഡന്റായ ജനതാദളിന്റെ രൂപീകരണവും നടക്കുന്നത്. എന്നാൽ ഒമ്പതാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും പറത്തുനിന്നുള്ള പിന്തുണയോടെ വി.പി. സിംഗ് പ്രധാനമന്ത്രിയായുള്ള ഗവൺമെൻറ്​ രൂപം കൊള്ളുന്നത്. പ്രസ്തുത ഗവൺമെന്റ് കോൺഗ്രസിൽ നിന്ന്​വേർപിരിഞ്ഞ സാമൂഹ്യ വിഭാഗങ്ങളെ ഉൾക്കൊള്ളാനായി, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനും, മുസ്‌ലിം മതന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജ്ജിക്കാനായി ബാബറി മസ്ജിദിനെതിരായ സംഘപരിവാറിന്റെ അക്രമാസക്തമായ നീക്കങ്ങളെ പ്രതിരോധിക്കാനും മുന്നോട്ടു വന്നതോടെയാണ് ദേശീയ രാഷ്ട്രീയം മുമ്പോരിക്കലുമില്ലാത്ത മാറ്റത്തിന് വിധേയമായത്. വ്യത്യസ്തമായ ഈ സാഹചര്യത്തെ ഉൾക്കൊള്ളാൻ ബി.ജെ.പി മുതൽ സി.പി.എം വരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിസമ്മതിച്ചതോടെ വി.പി. സിംഗ് ഗവൺമെന്റ് രാജിവെക്കുകയും, കോൺഗ്രസിന്റെ (ഐ) പിന്തുണയോടെ എസ്. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ജനതാദൾ (എസ്) അധികാരത്തിലെത്തിയത്. ആ ഗവൺമെന്റും തകർന്നതോടെ നടന്ന പത്താം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുകയും, നരസിംഹ റാവു കോൺഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയായി മാറുകയും ചെയ്തു.

പുതിയ ഗവൺമെന്റ് പ്രഖ്യാപിച്ച വ്യവസായ നയത്തിലൂടെ ഐ.എം.എഫും , ലോകബാങ്കും നടപ്പാക്കിയ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും സമ്പദ്ഘടന തീറഴുതപ്പെടുകയും ചെയ്തു.

വി.പി. സിംഗ്

ഇപ്രകാരം രാഷ്ട്രീയ അസ്ഥിരതയും ഭരണമാറ്റവും ദേശീയ രാഷ്ട്രീയത്തിൽ നിലനിന്നപ്പോഴാണ്, വി.പി. സിംഗിന്റെ കാലത്ത് സി.പി.എം മുതൽ ബി.ജെ.പി വരെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾ അപരവൽക്കരിച്ച സാമൂഹ്യ വിഭാഗങ്ങളുടെ പ്രതിനിധാനത്തിലൂടെ കാൻഷിറാമിന്റെ നേതൃത്വത്തിൽ ബി.എസ്.പിയും, മുലായം സിംഗിന്റെയും ലാലും പ്രസാദിന്റേയും നേതൃത്വത്തിൽ പുതിയ രാഷ്ട്രീയപ്രസ്ഥാനങ്ങളും രൂപം കൊള്ളുന്നത്. ഈ വസ്തുതകളെ ആധാരമാക്കിയാണ് കാൻഷിറാം രാഷ്ട്രീയാസ്ഥിരതക്കു വേണ്ടി വാദിച്ചത്, മറിച്ച് പ്രതിപക്ഷങ്ങളുടെ മാറിമാറിയുള്ള ഭരണത്തിന് വേണ്ടിയല്ല.

മുകളിൽ കൊടുത്തിരിക്കുന്ന സ്ഥിതിയാണോ കേരളത്തിലുള്ളത്? ഭരണത്തിലുള്ള എൽ.ഡി.എഫിനോ, മുന്നണിയെ നയിക്കുന്ന സി.പി.എമ്മിനോ കാര്യമായ സംഘടനാ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ഘടകക്ഷികളുമായുള്ള ബന്ധവും മെച്ചപ്പെട്ടതാണ്. മാത്രമല്ല, സംഘടനാപരമായ കെട്ടുറപ്പും, ഭരണനിർവ്വഹണത്തിന് അനിവാര്യമായ നേതൃത്വവുമുണ്ട്. കൂടാതെ, നാളിതുവരെയുള്ളതിൽ നിന്നും ഭിന്നമായൊരു സാമ്പത്തിക നയവും മുന്നോട്ടു വെക്കാൻ കഴിയുന്നുണ്ട് (വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല). ഇതോടൊപ്പം, എൽ.ഡി.എഫിന്റെ അടിത്തറയായ സമുദായങ്ങളോടൊപ്പം, സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ നായർ-ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടെ നിർത്താനും, മുസ്‌ലീംകളിലെ ഗണ്യമായൊരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. മറുഭാഗത്തോ?

പ്രതിപക്ഷനിരയിലുള്ള എൻ.ഡി.എ, യു.ഡി.എഫ് എന്നീ മുന്നണികളും അവയെ നയിക്കുന്ന ബി.ജെ.പിയും കോൺഗ്ര‌സും കടുത്ത സംഘടനാപ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. എൻ.ഡി.എയുടെ വോട്ടു വർധനയെ ഗണ്യമായി സഹായിച്ച ബി.ഡി.ജെ.എസ് ഏറെക്കുറെ ദുർബ്ബലമാണ്. മറ്റു പല ഘടകക്ഷികളും മുന്നണിയെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം സംഘടനക്കുള്ളിൽ നേതൃത്വ വടംവലികളും ജാതീയ സംഘർഷങ്ങളഉം നലനിൽക്കുന്നണ്ട്. മാത്രമല്ല, വ്യത്യസ്തമായൊരു സാമ്പത്തിക-സാമൂഹ്യ നിലപാട് മുന്നോട്ടു വെക്കാനും കഴിയുന്നില്ല. സംഘടനയുടെ പ്രഖ്യാപിത രാഷ്ട്രീയ മൂലധനം കേരളം തിരസ്‌കരിച്ച മുസ്‌ലിം വിരോധവും, സി.പി.എമ്മിനോടുള്ള വംശീമായ കുടിപ്പകയുമാണ്. ഇത്തരമൊരവസ്ഥയാണ്, കോൺഗ്രസടക്കമുള്ള പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള ഒഴുക്കിനെ പ്രതിരോധിക്കുന്നത്.

പ്രമുഖ പ്രതിപക്ഷമായ യു.ഡി.എഫിന്റെ (കോൺഗ്രസ്) കാര്യമോ? ജനജീവിതത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തേയും, സമൂഹത്തിലാകമാനം പടർന്നു പിടിച്ച മാഹാമാരിയേയും അഭിസംബോധന ചെയ്യാൻ മടിച്ചുവെന്നു മാത്രമല്ല, കക്ഷിരാഷ്ട്രീയ പകയോടെ അകന്ന് നിന്ന് എല്ലാ ഉത്തരവാദിത്തങ്ങളും ഗവൺമെന്റിനും എൽ.ഡി.എഫിനുമാണെന്ന് വിധിക്കുകയും ചെയ്തു. ഇക്കാലത്ത് ഉണർന്നിരുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹം, യൂത്ത് കോൺഗ്രസിന്റെ സമരങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾ നയിച്ചതോടൊപ്പം, വിവാദങ്ങളുടെ രാജകുമാരനായി മാറുകയായിരുന്നു. ഇത്തരം ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളോ, കൃത്യമായ നിഗമനങ്ങളോ ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല. ആരോപണങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടാതായപ്പോൾ, മറ്റൊരാരോപണം ഉന്നയിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ ശീതളച്ഛായയിലായിരുന്നപ്പോൾ, അടിമുടി അഴിമതിയിൽ മുങ്ങിയ കോൺഗ്രസിന്റെ അഴിമതിയാരോപണങ്ങൾ ജനങ്ങൾ കണക്കിലെടുത്തില്ലെന്നുള്ളതാണ് വസ്തുത.

ഐശര്യ കേരളയാത്രയ്ക്കിടെ രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളത്രയും എൽ.ഡി.എഫിനോ ഗവൺമെന്റിനോ എതിരാണെന്നതിനുപരി, പിണറായി വിജയനിലാണ് കേന്ദ്രീകരിച്ചിരുന്നത്. ഇത് നായർ സ്വത്വത്തിന്റേയും എൻ.എസ്.എസിനോടുള്ള വിധേയത്വത്തിന്റേയും സൂചകമായതിനാലാണ് വംശീയവലും ജാതീയവുമായ വിദ്വഷമായി വിലയിരുത്തപ്പെട്ടത്. ഫലമോ, ഹിന്ദു സമൂഹത്തിലെ ന്യൂനപക്ഷമായ നായർ സമുദായവുമായി വൈരുധ്യം പുലർത്തുന്ന ദളിത്-പിന്നാക്ക വിഭാഗങ്ങളിലേയും, ശബരിമല വിഷയത്തിൽ മനുസ്മൃതിയിലേക്ക് മടക്കയാത്ര നടക്കുന്നതിനാൽ സ്ത്രീകൾക്കിടയിലും കാര്യമായ സ്വാധീനമില്ലാത്തതിനാലാണ് എല്ലാ അഭിപ്രായ സർവ്വേകളിലും രമേശ് ചെന്നിത്തല ബഹുദൂരം പിന്നിട്ടു പോയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിണറായി വിജയൻ

മുൻകാലങ്ങളിൽ നിന്ന്​ ഭിന്നമായി ഇരു മുന്നണികളെ സംബന്ധിച്ച്​ തെരഞ്ഞെടുപ്പ് നിർണായകമായി മാറിയിരിക്കുകയാണ്. പരാജയപ്പെടുന്ന മുന്നണി മടങ്ങി വരാനാവാത്ത വിധം ശൈഥില്യം നേരിടുമ്പോൾ, വിജയിക്കുന്ന മുന്നണിയാകട്ടെ വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധാനങ്ങളേയും, അവരുയർത്തിക്കൊണ്ടു വന്ന സാമ്പത്തിക-സാമൂഹ്യാവകാശങ്ങളേയും അംഗീകരിക്കാൻ നിർബന്ധിതരാകും. ഇക്കാര്യം തിരിച്ചറിയുന്നതു കൊണ്ടാണ് ഇരുമുന്നണികളുടേയും പ്രകടന പത്രികകൾ അവഗണിതരും പാർശ്വവൽകൃതരുമായ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരായത്. ഇത്തരമൊരു സാഹചര്യത്തിൽ ഭരണത്തിലെത്തുന്ന മുന്നണിക്ക് രാഷ്ട്രീയ നിലപാടുകൾ പുനർനിർവചിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അനിവാര്യമായ തകർച്ചയായിരിക്കും അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇതിനാധാരമായി ചൂണ്ടിക്കാട്ടാനുള്ളത്, പരിഷ്‌കൃതമായ തൊഴിലുകളും തുല്യതയും സ്വത്തവകാശവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയത്തിനു വേണ്ടി നടത്തുന്ന സംവാദങ്ങളും വിവാദങ്ങളുമാണ്.

Comments