കെ.എം. റോയി: മൂർച്ചയുള്ള ഒരു മാധ്യമം

റോയി ഒന്നാംതരം മാധ്യമപ്രവർത്തകനായിരുന്നു. മാധ്യമധാരയിലെ ഏറ്റവും പ്രിയങ്കരനായ അധ്യാപകനായിരുന്നു. ഒപ്പം നല്ല പത്രാധിപരുമായിരുന്നു. ഈ രണ്ടു ഗുണങ്ങളും ഒരാളിലുണ്ടാവുക അപൂർവമാണ്. അവിടം കൊണ്ടും തീരുന്നില്ല. ഇന്ന് നമ്മുടെ മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന ആനുകൂല്യങ്ങളുടെ പകുതിയെങ്കിലും റോയ് തന്റെ വർഗ്ഗബോധത്തിൽ നിന്നു കൊണ്ട് പടവെട്ടി നേടിയതാണ്

താനും വർഷങ്ങൾക്കു മുമ്പാണ് കടുത്ത ആഘാതം വന്ന് കെ.എം. റോയി രോഗശയ്യയിലായയത്. മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അപകടാവസ്ഥയിൽ ഏതാനും ആഴ്ചകൾ അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നു. അങ്ങനെ സംഭവിക്കുന്നതിന് തലേദിവസം വരെ, എന്തിന് അത് സംഭവിക്കുന്നതിന്റന്ന് പ്രഭാതം വരെ അദ്ദേഹം കൊച്ചിയുടെ വീഥികളിൽ, സാംസ്‌കാരിക കേന്ദ്രങ്ങളിൽ, ചങ്ങാതിക്കൂട്ടങ്ങൾക്കിടയിൽ ഒരു നിറ സാന്നിധ്യമായിരുന്നു. കൊച്ചിയുടെ തന്നെ ഒരലങ്കാരമായി വർത്തിച്ചു പോരുകയായിരുന്നു അദ്ദേഹം.

റോയിയുടെ അവസ്ഥയെക്കുറിച്ച് ഞാനും അദ്ദേഹത്തിന്റെ ഗുരുനാഥനായ സാനു മാസ്റ്ററും ഒരുമിച്ചിരുന്ന് ഉൽക്കണ്ഠപ്പെട്ടപ്പോൾ സാനു മാസ്റ്റർ പറഞ്ഞത്, ""റോയി ഇല്ലാത്ത സാംസ്‌കാരിക കൊച്ചിയെ നമ്മൾക്കെങ്ങനെയാണ് സങ്കൽപ്പിക്കാൻ കഴിയുക.'' എന്നായിരുന്നു. യാത്രയ്ക്കിറങ്ങുമ്പോൾ, എവിടെനിന്നെങ്കിലും ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്ന റോയിയുടെ നർമ്മം കലർന്ന പ്രഭാഷണങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും ഓഡിറ്റോറിയത്തിനു മുന്നിലൂടെ കടന്നു പോകുമ്പോൾ അവിടെ നിന്ന് സമർത്ഥമായി യുക്തിപൂർവം തനിക്കു പറയാനുള്ളത് സ്ഥാപിച്ച് സമർത്ഥിച്ച് പറയുന്ന കാഴ്ച, എന്നിവ കൊച്ചിയുടെ ഏതാണ്ട് എല്ലാ ദിവസത്തേയും ചൈതന്യമാർന്ന ഓർമ്മകളായിരുന്നു.

പെട്ടെന്ന് എന്റെ നാവിൽ വന്ന താരതമ്യം ഇതായിരുന്നു, റോയിയില്ലാത്ത കൊച്ചി നഗരമെന്നു പറയുന്നത് തൃശ്ശൂർ നഗരത്തിൽ നിന്ന് പെട്ടെന്നൊരു ദിവസം സ്വരാജ് റൗണ്ട്‌ എടുത്തു കളഞ്ഞാലുള്ള അവസ്ഥ പോലെ നമുക്ക് വല്ലാതെ അമ്പരപ്പുണ്ടാക്കുന്നതായിരിക്കും റോയിയുടെ വിയോഗമെന്ന്. റോയി പൂർണാരോഗ്യത്തിലേക്ക് തിരിച്ചു വന്നില്ലെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഫിസിയോ തെറാപ്പി സെന്ററിൽ ചെറിയ വ്യായാമ മുറകളിൽ വ്യാപൃതനായി കൊണ്ട്, ഒരു വൈരാഗ്യ ബുദ്ധിയോടെ തന്നെ കീഴടക്കാൻ വന്ന മരണത്തെ നോക്കി അലിവോടെ പുഞ്ചിരിച്ചു കൊണ്ട്.

സാനു മാഷോടൊപ്പം തോമസ് മാത്യു മാഷും ഞാനും മറ്റു കുറച്ചു പേർ ചേർന്ന് റോയിയെ കാണാൻ പോയിരുന്നു. ചെയ്യുന്ന വ്യായാമം തുടർന്നു കൊണ്ടു തന്നെ ഗുരുവിനെ നോക്കി റോയി കൈകൂപ്പി. ഞങ്ങളന്ന് വന്നത് എം.കെ. സാനു ഫൗണ്ടേഷന്റെ പ്രഥമ ഗുരുപ്രസാദ പുരസ്‌കാരം റോയിക്ക് നൽകാനാഗ്രഹിക്കുന്നു എന്ന് പറയാനാണ്. വലിയ സന്തോഷമായി റോയിക്ക്. പരിപാടിക്ക് വീൽചെയറിലാണെങ്കിലും വരികയും ആ ചടങ്ങിൽ പങ്കെടുത്ത തന്റെ പ്രിയപ്പെട്ട സഹപാഠികളായ ടി.വി.ആർ. ഷേണായിയോടും, എ.കെ. ആന്റണിയോടും, വയലാർ രവിയോടും ഒപ്പം അവിടെയെത്തിയ തന്റെ ഏറ്റവും പ്രിയങ്കരനായ സഹപ്രവർത്തകൻ തോമസ് ജേക്കബിനോടുമെല്ലാം പഴയകാലങ്ങളെക്കുറിച്ച് പറഞ്ഞ് ആവേശപൂർവം അദ്ദേഹം ചിരിച്ചതും, രണ്ടു മിനിറ്റെങ്കിൽ രണ്ടു മിനിറ്റ്, പണ്ടുള്ളയത്ര വ്യക്തത ഉച്ചാരണത്തിലില്ലെങ്കിൽ പോലും കൃത്യതയോടെ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തതും വലിയ സന്തോഷം തന്ന അനുഭവമായിരുന്നു.

എം.കെ. സാനു / Photo: Wikimedia Commons

മാസത്തിലൊരിക്കലെങ്കിലും റോയിയെ കാണാൻ ചെല്ലാറുണ്ടായിരുന്നു. അങ്ങനെ ചെല്ലുന്നത് റോയിക്ക് ഇഷ്ടവുമായിരുന്നു. ഞങ്ങളുടെ ഒരു ചെറിയ സുഹൃദ് സദസ്സ് റോയിയുടെ വീട്ടിലേക്കുള്ള പ്രതിമാസ സന്ദർശനം ഒരു ചര്യയുടെ ഭാഗമാക്കി. പണ്ടു തൊട്ടേ റോയിയോടൊപ്പം ഏതാനും നിമിഷങ്ങൾ പങ്കുവെച്ച് മടങ്ങി വരുമ്പോഴൊക്കെ എന്തെങ്കിലുമൊന്ന്, പ്രത്യേകിച്ച് കൊച്ചി നഗരത്തെക്കുറിച്ച് ഞങ്ങൾക്ക് അറിഞ്ഞുകൂടാത്ത ചില അറിവുകൾ ഞങ്ങൾക്കദ്ദേഹം വാരിവിതറിത്തരുമായിരുന്നു.

എസ്.ആർ.വി. സ്‌കൂളിൽ എന്റെ അച്ഛന്റെ വിദ്യാർത്ഥിയായിരുന്നു റോയി (പൗലോസു മാഷെന്നാണ് റോയി അദ്ദേഹത്തെ അഭിസംബോധന ചെയ്യാറ്). ആ സ്‌കൂളിൽ ഞങ്ങളൊരു മീറ്റിങ്ങിന് പോയി വന്നപ്പോൾ റോയി എന്നെ ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു, ""ഡോ, തന്റപ്പൻ ദിവസവും നടന്നു കയറിയിരുന്ന കോണിപ്പടികളാണിത്. ഇവിടെയായിരുന്നു സ്റ്റാഫ് റൂം. അദ്ദേഹം ഈ വരാന്തയിലൂടെ ഇങ്ങനെ ചുറ്റിനടക്കുമ്പോൾ ഞങ്ങൾ കുട്ടികളൊക്കെ പെട്ടെന്ന് വളരെ അച്ചടക്കമുള്ളവരായി മാറുമായിരുന്നു.''

പെട്ടെന്നതിനിടയിൽ നിന്ന് കുതറിമാറിയതു പോലെ എന്നോടു ചോദിച്ചു?, ""ഈ എറണാകുളത്തെ വാരിയം സ്‌കൂൾ ഏതാണെന്ന് തനിക്കറിയാമോ?''
വാരിയം സ്‌കൂൾ എന്നൊരു സ്‌കൂളുള്ളതായി ഞാൻ കേട്ടിട്ടില്ല.
""ആ സ്‌കൂളാണിത്. ശ്രീ രുദ്രവിലാസം ഹൈസ്‌കൂൾ- എസ്.ആർ.വി. ഹൈസ്‌കൂൾ.
എസ്.ആർ.വി. സ്‌കൂളിന് വാരിയം സ്‌കൂളെന്ന പേരുണ്ടായിരുന്നുവെന്നത് എനിക്ക് പുതിയ അറിവായിരുന്നു.

ഉടൻ തന്നെ റോയിയുടെ അടുത്ത ചോദ്യം, ""ഇവിടുത്തെ സർക്കാർ വക പെൺ പള്ളിക്കൂടത്തിന്റെ പൂർവ്വനാമം എന്താണെന്ന് തനിക്കറിയാമോ?''
ഗവർമെൻറ്​ ഗേൾസ് സ്‌കൂൾ എന്നെ എന്റെ ഓർമ്മ തൊട്ട് ഞാൻ കേട്ടിട്ടുള്ളൂ. ""ഗവർമെൻറ്​ കാസ്റ്റ് ഗേൾസ് സ്‌കൂൾ, അതായത് സവർണ കുലത്തിൽ പെട്ട വിദ്യാർത്ഥിനികളെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കേന്ദ്രമായിരുന്നത്.'' റോയി വിശദീകരിച്ചു.

അങ്ങനെ ഈ നഗരത്തിലെ ഏതു മുക്കിലും മൂലയിലും ഒളിഞ്ഞു കിടക്കുന്ന അതിന്റെ പഴങ്കഥകളുടെ പെരുമകളെടുത്ത് വിളമ്പി തന്ന് നമ്മുടെ അറിവിന്റെ ബലത്തെ പൂർവാധികം വർധിപ്പിക്കുന്നതിൽ റോയിക്ക് വലിയ ഉത്സാഹമായിരുന്നു. എപ്പോഴും മഹാരാജാസ് കൊളേജ് ദിനങ്ങളെ കുറിച്ച് പറയുമ്പോൾ വലിയ ആവേശമായിരുന്നു. എ.കെ. ആന്റണിയും റോയിയും തമ്മിൽ മത്സരിച്ചത്, ടി.വി.ആർ. ഷേണായിയും സരോജയും തമ്മിലുള്ള പ്രണയം. അങ്ങനെ റോയിയുടെ മനസ്സിലെപ്പഴും അലതല്ലുന്ന ഓർമ്മകളുണ്ടായിരുന്നു.

ഏതാണ്ട് ഓരാഴ്ച മുമ്പ് ഞങ്ങൾ സാംസ്‌കാരിക കൊച്ചിയുടെ ഒരു യോഗത്തിൽ പങ്കെടുക്കവെ റോയിയുടെ മകൻ മനുവിനോട് ഞങ്ങൾ പറഞ്ഞു, ""എല്ലാവരും കൂടി ഒരു ദിവസം വീട്ടിൽ വരുന്നുണ്ട്, ഈ കൊറോണ കാരണം പ്രതിമാസ സന്ദർശനങ്ങൾക്ക് അവധി കൊടുക്കേണ്ടി വന്നല്ലോ. ഏതായാലും ഞങ്ങളൊന്നു വരുന്നുണ്ട്.''
അപ്പോൾ മനു പറഞ്ഞു, ""അപ്പച്ചന് പഴയതു പോലെ ഓർമ്മയില്ല, നിങ്ങളെയെല്ലാവരേയും അടുത്തറിയാം, എല്ലാവരേയും ഭയങ്കര ഇഷ്ടവുമാണ്. എന്നാൽ ഓർമ്മക്കുറവ് കാരണം നിങ്ങൾ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിന്റെ വിഷമം ഉള്ളിൽ കിടന്നു പിടക്കുമ്പോൾ അപ്പച്ചൻ ചിലപ്പോൾ പൊട്ടിക്കരയും. പിന്നെ പെട്ടെന്ന് വീൽചെയർ തന്റെ മുറിക്കകത്തേക്ക് കൊണ്ടുവരാൻ പറയും. എന്നിട്ട് അവിടെ തളർന്നു കിടക്കും.''

ജീവിതം തന്നിൽനിന്ന് ഓർമ്മയുടെ അറകളെ അടർത്തി മാറ്റുന്നത് റോയിക്ക് താങ്ങാൻ കഴിയുന്ന വേദനയായിരുന്നില്ല. ഒരുപക്ഷെ റോയിയുടെ മനസ്സ് ഈ ഓർമകളെ പേർത്തും പേർത്തും താലോലിക്കുമ്പോഴും, ബോധതലത്തിൽ അത് ഉണർത്തിയെടുക്കാൻ കഴിയാതെ പോകുമ്പോൾ അത് അവനവനെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കുമ്പോളുണ്ടാകുന്ന വേദന അനുഭവിച്ചാൽ മാത്രം ബോധ്യമാകുന്ന ഒന്നാണ്. കൊറോണ വളരെ രൂക്ഷമാകുന്ന നാളുകൾ വരെ, ഏതാണ്ട് ആഴ്ചയിലൊരിക്കൽ പനമ്പള്ളി നഗറിലെ വാക് വേയിലൂടെ വണ്ടിയിൽ പോകുമ്പോൾ പലപ്പോഴും ഞാൻ വണ്ടി നിർത്തി പുറത്തിറങ്ങുമായിരുന്നു. അവിടെ റോഡരികിൽ ഒരു വീൽചെയറിലിരുന്നു കൊണ്ട് അകലെ പോകുന്ന ആളുകളോട് ചിരിതമാശകൾ പറഞ്ഞുകൊണ്ട് റോയി ഇരിപ്പുണ്ടാകും. തന്റെ വീട്ടിൽ നിന്ന് മെല്ലെ മെല്ലെ പരിചാരകനോ അല്ലെങ്കിൽ മനുവോ റോയിയെ കൊണ്ടുവന്നവിടെ ഇരുത്തും. ഒരു മണിക്കൂർ നഗരത്തിന്റെ കാറ്റേറ്റ്, പരിചിത മുഖങ്ങൾ സ്‌നേഹാശ്ലേഷങ്ങൾ വാക്കുകളിൽ ചൊരിയുന്നതു കണ്ടനുഭവിച്ച് റോയി നഗരവുമായുള്ള തന്റെ ഹൃദയൈക്യം തുടരുകയായിരുന്നു.

റോയി ഒന്നാംതരം മാധ്യമപ്രവർത്തകനായിരുന്നു. മാധ്യമധാരയിലെ ഏറ്റവും പ്രിയങ്കരനായ അധ്യാപകനായിരുന്നു. ഒപ്പം നല്ല പത്രാധിപരുമായിരുന്നു. ഈ രണ്ടു ഗുണങ്ങളും ഒരാളിലുണ്ടാവുക അപൂർവമാണ്. അവിടം കൊണ്ടും തീരുന്നില്ല. ഇന്ന് നമ്മുടെ മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന ആനുകൂല്യങ്ങളുടെ പകുതിയെങ്കിലും റോയി തന്റെ വർഗ്ഗബോധത്തിൽ നിന്നു കൊണ്ട് പടവെട്ടി നേടിയതാണ്. മാധ്യമപ്രവർത്തകരുടെ ദേശീയ നേതാവായിരുന്നു അദ്ദേഹം. ഇന്റേൺഷിപ്പിന് വരുന്ന ഏറ്റവും പുതിയ മാധ്യമപ്രവർത്തകന്റെ തോളത്തു പോലും കയ്യിട്ടു നടക്കുന്ന ദേശീയനേതാവായിരുന്നു റോയി. റോയിക്ക് പൊയ്മുഖങ്ങളില്ലായിരുന്നു. പറയാനുള്ളത് എവിടേയും തുറന്നു പറയും. അത് കൊയ്‌തെടുക്കുന്നത് പ്രീതിയാണോ അപ്രീതിയാണോ എന്നുള്ളതിനെ കുറിച്ച് ഒരിക്കൽ പോലും റോയി ആശങ്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ റോയിയുടെ ശബ്ദത്തിന് അതിന്റേതായ വ്യക്തിത്വമുണ്ടായിരുന്നു. റോയിയുടെ അഭിപ്രായങ്ങൾക്ക് സത്യസന്ധവും നിശിതവുമായ മൂർച്ചയുണ്ടായിരുന്നു.

ഒരോർമ്മയുണ്ട്, റോയിയോടൊപ്പം ഒരഭിമുഖത്തിന് സാക്ഷിയാകാൻ വേണ്ടി കൂടെപ്പോയത്. മദർ തെരേസ കൊച്ചിയിലുള്ളപ്പോൾ എസ്.ആർ.എം. റോഡിലുള്ള മഠത്തിൽ അമ്മയെ അഭിമുഖ സംഭാഷണം നടത്താൻ റോയി പോയപ്പോൾ റോയിയുടെ സ്‌കൂട്ടറിന്റെ പുറകിലിരുന്ന് മദർ തെരേസയെ കാണാനും അവരുടെ സംസാരം കേൾക്കാനുമുള്ള കൊതി കൊണ്ട് ഞാനും പോയി. അവിടെ വെച്ച് പെട്ടെന്ന് സഭാധികൃത തലത്തിലുള്ള ചിലരോട് അവർ വളരെ ക്ഷുഭിതായി പൊട്ടിത്തെറിച്ചത്, പിന്നീട് മെല്ലെ തണുത്തു വന്ന് സ്വയം ശാസിച്ചത്, ഇതു മുഴുവൻ അതിമനോഹരമായാണ് റോയി പകർത്തി വച്ചത്.

കൊച്ചി നഗരത്തിന്റെ നാടകധാരയിൽ സജീവസാന്നിധ്യമായിരുന്നു റോയി. റോയി നാടകമെഴുതിയിട്ടുണ്ട്. അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത് സി.എൻ. ശ്രീകണ്ഠൻ നായരാണ്. കോട്ടയം പത്രപ്രവർത്തന കാലത്തായിരുന്നത്. റോയി ഓർമ്മയല്ല, ജീവിക്കുന്ന ഒരേടാണ്, അത് ഔപചാരികമായ പറച്ചിലല്ല. തന്റെ സമൂഹത്തിൽ താൻ കടന്നുപോയ വഴികളിൽ, താൻ ഇടപഴകിയ ചങ്ങാതികളിൽ ഇപ്പോഴും ജീവിക്കുന്ന സ്പന്ദിക്കുന്ന സാന്നിധ്യമായി റോയി തുടരുന്നു.

റോയിയെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്. റോയി പഠിപ്പിച്ച പാഠങ്ങളിലൊന്ന് നിർത്തേണ്ടപ്പോൾ നിർത്താൻ കഴിയണമെന്നുള്ളതാണ്.

Comments