ഇത് ഗാന്ധിയുടെ ഇന്ത്യ തന്നെയോ?

ഈ അശാന്തിയുടെ ദിനങ്ങളിൽ പോലും കർഷകരും തൊഴിലാളികളും ജീവിതസമരത്തിൽ ഏർപ്പെടേണ്ട അവസ്ഥ വന്നിരിക്കുന്നു. മഹാമാരി തീർത്ത സാമൂഹിക അകലങ്ങൾ അവരുടെ ശവക്കുഴികളാകുന്ന അവസ്ഥയാണ്. ലക്ഷക്കണക്കിന് കർഷകർ ഇന്ന് ഇന്ത്യയിൽ സമരരംഗത്താണ്. കർഷക ശാക്തീകരണമെന്ന പേരിൽ അവരുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന പുതിയ നിയമങ്ങൾ മേഖലയിൽ നിന്നുള്ള കർഷകരുടെ ആത്യന്തിക ഉന്മൂലനത്തിനേ സഹായിക്കൂ എന്ന് അവർ ഒരേ ശബ്ദത്തിൽ പറയുന്നു. അവർ പറയുന്നത് നമ്മൾ കേൾക്കുക തന്നെ വേണം

ലോകം ഇന്ന് വല്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഒരു മഹാമാരി തീർത്ത അനിശ്ചിതത്വവും ആശങ്കകളും എന്ന് നമ്മെ വിട്ടുപോകും എന്നു ഊഹിക്കാൻ പോലും കഴിയുന്നില്ല.

ആരോഗ്യം ഇന്ന് കേവലം മനുഷ്യന്റെ പൗരാവകാശം മാത്രമല്ല, ലോകത്തിന്റെ തന്നെ നിലനിൽപ്പും മുന്നോട്ടുപോക്കും നിർണായകമാക്കുന്ന ഒരു ഘടകമായി മാറിയിരിക്കുന്നു. സമ്പദ്‌വ്യവസ്ഥകൾ തകിടം മറിയുകയും ആരോഗ്യത്തിനു തന്നെ ഭീഷണിയാകുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ നമ്മെ തുറിച്ചു നോക്കുകയും ചെയ്യുന്നു.

ആരോഗ്യമാണ് നമ്മുടെ യഥാർത്ഥ സമ്പത്തെന്നും കേവലം സ്വർണ-വെള്ളി നാണയങ്ങൾ അല്ലെന്നും നമ്മെ ഓർമപ്പടുത്തിയ ക്രാന്തദർശിയാണ് മഹാത്മാഗാന്ധി. ആരോഗ്യത്തെക്കുറിച്ചുള്ള മഹാത്മജിയുടെ കാഴ്ചപ്പാടുകൾ, പ്രത്യേകിച്ച് ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ വളരെ വിമർശിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ അദ്ദേഹം അടിവരയിട്ടു പറഞ്ഞ ഒരു കാര്യം ഇന്ന് നമ്മളെല്ലാം നേരിട്ട് അനുഭവിക്കുകയാണ്. ജീവിതശൈലി മനുഷ്യന്റെ ആത്യന്തിക നിലനിൽപ്പിനെ ഗൗരവതരമായി നിർണയിക്കുമെന്ന് ഗാന്ധിജി പറഞ്ഞത് ഇന്ന് അക്ഷരാർത്ഥത്തിൽ ശരിയായിരിക്കുകയാണ്, ജീവിതശൈലീ രോഗങ്ങൾ കൊണ്ട് വേദന അനുഭവിക്കുന്നവരാണ് കോവിഡിന്റെ പ്രധാന ഇരകൾ. ഈ മഹാമാരികൊണ്ട് കൊല്ലപ്പെട്ട ലക്ഷങ്ങൾ ഇത്തരം രോഗങ്ങൾക്കിരയായവരാണ്. വാർദ്ധക്യത്തിലെ രോഗാതുരമായ സാഹചര്യങ്ങൾ പതിന്മടങ്ങു മരണത്തിലേക്ക് നയിക്കുന്നതും ഈ ജീവിതശൈലികളാണ്.

ഇതാണ് ഗാന്ധിജി പറഞ്ഞത്, ഭക്ഷണം കഴിക്കേണ്ടത് മരുന്ന് കഴിക്കുന്നത് പോലെയാകണമെന്ന്. നമ്മളോ, ഏതു ഭക്ഷണവും വാരിവലിച്ചു കഴിച്ചു മരുന്നിലേക്കു പോകും. ഇന്ന് ലോകാരോഗ്യ സംഘടനപറയുന്ന ആഹാരക്രമം എത്രയോ കാലം മുമ്പ് ഗാന്ധിജി നമ്മോടു പറഞ്ഞതാണ്. ഉപഭോഗ സംസ്‌കാരം വളർത്തിയെടുത്ത ഭക്ഷണക്രമമാണ് ഇന്ന് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു.

നമ്മെ ഇല്ലാതാക്കാൻ പോകുന്നത് രോഗമല്ല, കാലാവസ്ഥയാണ്

ഇന്ന് നമ്മുടെ മുന്നിലുള്ള പ്രതിസന്ധി, നാം ആരോഗ്യത്തോടെ ജീവിക്കണോ അതോ രോഗാതുരമായ അവസ്ഥയിൽ മരണത്തോട് നേർക്കുനേർ പോരാടണമോ എന്നതാണ്. ആരോഗ്യത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ രചനകളും പ്രഭാഷണങ്ങളും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെങ്കിലും അതെല്ലാം ഇന്ന് നമുക്ക് അന്യമാണ്. പ്രകൃതിയോട് ഇണങ്ങിയും ഇഴചേർന്നും ജീവിക്കേണ്ട മനുഷ്യൻ അതിനോടെല്ലാം ഹിംസാത്മകമായി ഇടപെടുന്നതാണ് പൊതുരീതി. ഇതിനെ അങ്ങേയറ്റം എതിർത്ത ഒരാളാണ് മഹാത്മാഗാന്ധി.

മഹാത്മാഗാന്ധി

അടുത്ത മുപ്പതുവർഷത്തിനുള്ളിൽ മനുഷ്യനെ കാത്തിരിക്കുന്നത് മറ്റൊരു വലിയ മഹാദുരന്തമാണെന്നു പ്രവചിക്കുന്നവർ പറയുന്നത്, ഇനി നമ്മെ ഇല്ലാതാക്കാൻ പോകുന്നത് രോഗമല്ല, നമ്മുടെ സ്വന്തം കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ്. ഇത് ബിൽ ഗേറ്റ്‌സ് പറയുന്നതുകൊണ്ടല്ല പ്രസക്തമാകുന്നത്. എത്രയോ ശാസ്ത്രപ്രതിഭകൾ ഇത് പലവട്ടം പറഞ്ഞു കഴിഞ്ഞു.

പ്രകൃതിയെയും മണ്ണിനെയും മറന്നുകൊണ്ടുള്ള ഉൽപാദന വ്യവസ്ഥ മനുഷ്യന്റെ ആവാസവ്യവസ്ഥയുടെ അടിത്തറയിളക്കുമെന്ന് പ്രവചിച്ച ഒരാളാണ് ഗാന്ധിജി. ആഗോളീകരണത്തിന്റെ ആഘോഷങ്ങൾക്കിടയിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ എല്ലാം ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. തുറന്ന കമ്പോളവും, അതിർത്തികളില്ലാത്ത വ്യാപാരവും തകിടം മറിഞ്ഞിരിക്കുന്നു. വിധിവൈപരീത്യമെന്നു പറയട്ടെ ഒരു മഹാമാരിയുടെ ആഗോളീകരണത്തിന്റെ നടുവിലാണ് നാം. ഇതെന്ന് തീരുമെന്നോ, ഇതിന്റെ പ്രത്യാഘാതങ്ങൾ എത്രത്തോളം നീളുമെന്നോ ആർക്കും പ്രവചിക്കാൻ വയ്യാത്ത കാലം.
എന്നാൽ ഈ അശാന്തിയുടെ ദിനങ്ങളിൽ പോലും കർഷകരും തൊഴിലാളികളും ജീവിതസമരത്തിൽ ഏർപ്പെടേണ്ട അവസ്ഥ വന്നിരിക്കുന്നു.

മഹാമാരി തീർത്ത സാമൂഹിക അകലങ്ങൾ അവരുടെ ശവക്കുഴികളാകുന്ന അവസ്ഥയാണ്. ലക്ഷക്കണക്കിന് കർഷകർ ഇന്ന് ഇന്ത്യയിൽ സമരരംഗത്താണ്. കർഷക ശാക്തീകരണമെന്ന പേരിൽ അവരുടെ മേൽ അടിച്ചേൽപ്പിച്ച പുതിയ നിയമങ്ങൾ മേഖലയിൽ നിന്നുള്ള കർഷകരുടെ ആത്യന്തിക ഉന്മൂലനത്തിനേ സഹായിക്കൂ എന്ന് അവർ ഒരേ ശബ്ദത്തിൽ പറയുന്നു. അവർ പറയുന്നത് നമ്മൾ കേൾക്കുക തന്നെ ചെയ്യണം.

സമരം, പ്രതിഷേധം; അൽഭുതകരമായ സാമ്യങ്ങൾ

മഹാത്മാഗാന്ധിയുടെ ചരിത്രപ്രസിദ്ധമായ ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം മൂന്നു വർഷം മുമ്പ് ആഘോഷിച്ചവർ തന്നെയാണ് ഇത് ചെയ്തതെന്നത് ആകസ്മികമായ കാര്യമല്ല. വെറും ചരിത്രാഭാസവുമല്ല. കാപട്യത്തിന്റെ കൊടുമുടിയാണെന്നു തന്നെ ഇതിനെ പറയേണ്ടിവരും.
ചമ്പാരൻ സത്യാഗ്രഹം ശ്രദ്ധേയമാകുന്നത് അതിന്റെ ഉള്ളടക്കം കൊണ്ടുതന്നെയാണ്. അത് കർഷകരുടെ അവകാശങ്ങളുടെ നേർരേഖ വരച്ചു കാട്ടുന്നതാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ബംഗാളിലെ നീലം കർഷകർ നേരിട്ട അനുഭവങ്ങൾ ചമ്പാരനിലെ ജനങ്ങൾ മറന്നിട്ടില്ല. എത്ര ജീവനുകളാണ് അവർക്കു ബലികൊടുക്കേണ്ടിവന്നത്.

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ച്​ ഇന്ത്യയിലെത്തിയ കാലം. രാജ്യം മുഴുവൻ ചുറ്റിനടന്ന്​ ജനങ്ങളുടെ പ്രശ്ങ്ങളും വേദനകളും തിരിച്ചറിയുന്ന സന്ദർഭം. പെട്ടെന്നാണ് ഇന്നത്തെ ബീഹാറിൽ പെട്ട ചമ്പാരനിലെ കർഷക പ്രശ്‌നങ്ങൾ അദ്ദേഹം കേട്ടറിയുന്നത്. യൂറോപ്യൻ വ്യാപാരികളുടെയും ബ്രിട്ടീഷ് സർക്കാരിന്റെയും നിർബന്ധത്തിനും പ്രേരണകൾക്കും വഴങ്ങി നീലം കൃഷി ചെയ്യാൻ വിധിക്കപ്പെട്ട ചമ്പാരനിലെ ആയിരക്കണക്കിന് കർഷകർ നേരിട്ട ദുരന്തം മനസ്സിലാക്കണമെന്ന് ഗാന്ധിജിയോട് പ്രദേശത്തെ പ്രമുഖർ അഭ്യർത്ഥിച്ചു. അദ്ദേഹം അത് സമ്മതിച്ചു.

എന്നാൽ ഗാന്ധിജിയുടെ ചമ്പാരനിലെ പ്രവേശനം പോലും തടയാൻ പൊലീസും പ്രാദേശിക ഭരണകൂടവും ശ്രമിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ നിലപാടിലും ആയിരക്കണക്കിന് വരുന്ന കർഷകരുടെ പ്രതിഷേധത്തിലും ഭരണകൂടം ഇളകി. അവർക്കു ഗാന്ധിജിയെ തടവിലാക്കാൻ കഴിഞ്ഞില്ല.
തുടർന്ന് നീലം കർഷകരുടെ പ്രശ്‌നങ്ങൾ അദ്ദേഹം ആഴത്തിൽ പഠിച്ചു.

മാസങ്ങൾ അവരോടൊത്തു താമസിച്ചു. ആയിരക്കണക്കിന് നീലം കർഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. യൂറോപ്യൻ വ്യാപാരികൾ രാജ്യാന്തരതലത്തിൽ നീലം വ്യാപാരത്തിലൂടെ നേടിയിരുന്ന കൊള്ളലാഭത്തിന്റെ ചെറുവിഹിതം പോലും പാവപ്പെട്ട കർഷകർക്ക് നൽകിയിരുന്നില്ല. ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്കുള്ള അവരുടെ പറിച്ചു മാറ്റം പോലും അവരുടെ ആവശ്യപ്രകാരമായിരുന്നില്ല.

പ്രാദേശിക ജമീന്ദാർമാരും ബ്രിട്ടീഷ് അധികാരികളും ഈ പാവപ്പെട്ട കർഷകരെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയായിരുന്നു. നീലം വ്യാപാരം പ്രതിസന്ധി അതിന്റെ ബാധ്യത ഈ വ്യാപാരികൾ പാവപ്പെട്ട കർഷകരുടെ മേൽക്കാണ് കെട്ടിവെച്ചത്. അങ്ങനെയാണ് പ്രസിദ്ധമായ ചമ്പാരൻ സത്യാഗ്രഹം തുടങ്ങുന്നത്.

ഗാന്ധിജിയുടെ ശക്തമായ ഇടപെടൽ കൊണ്ട് ഒടുവിൽ കർഷകപ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരം കാണാനും ബ്രിട്ടീഷ് അധികാരികൾ തയ്യാറായി. ഈ സമരകാലത്താണ് ഗാന്ധിജി ചമ്പാരനിൽ നിരവധി വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. കർഷകരുടെ അജ്ഞതയും നിരക്ഷതയും ജമീന്ദാർമാരും ബ്രിട്ടീഷുകാരും മുതലെടുക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഗാന്ധിജിക്ക് ‘ബാപ്പു,' ‘മഹാത്മാ' എന്നീ പേരുകൾ കിട്ടുന്നത് ഈ സമരകാലത്താണ്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ നിയമലംഘന പ്രസ്ഥാനവും ആരംഭിച്ചത് ചമ്പാരനിലാണ്.

പിന്നീടു നടന്ന നിയമലംഘന സമരങ്ങൾ എല്ലാം കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടിയായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് നടന്ന റൗലറ്റ് നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭം ശ്രദ്ധേയമാണ്. ഈ നിയമത്തിലൂടെ സംശയിക്കപ്പെടുന്ന ഏതൊരാളെയും ഭീകരവാദിയായി മുദ്രകുത്തി വിചാരണ കൂടാതെ തടവിൽ വെക്കാം. ഇതിനെതിരായ പ്രക്ഷോഭം പഞ്ചാബിലും മറ്റും പടർന്നു പിടിച്ചതിന്റെ പരിണിതഫലമാണ് 1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല.

സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും സമകാലീന സാഹചര്യങ്ങൾ പരിശോധിച്ചാൽ അദ്ഭുതകരമായ സമാനതകൾ കാണാം. പ്രതിഷേധിക്കുന്നവരെ പ്രതിരോധത്തിലാക്കുകയും ഒടുവിൽ അവരെ ജാമ്യം പോലും നിഷേധിക്കുന്ന നിയമങ്ങൾ കൊണ്ട് മൂടുകയും ചെയ്യുന്ന പുതിയ സാഹചര്യം ഗാന്ധിജിയുടെ ഇന്ത്യയിലാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇന്ത്യയെന്ന ആശയത്തിന്റെ അടിസ്ഥാനം തന്നെ സഹിഷ്ണതയും സഹവർത്തിത്വവുമാണ്. ഈ ആശയത്തിനാണ് ഇപ്പോൾ വിങ്ങൽ ബാധിച്ചിരിക്കുന്നത്. അത് വെറും മങ്ങലല്ല.

വിദേശ മൂലധനം നിലനിർത്തുന്നത് നമ്മൾ തന്നെ

മഹാത്മാഗാന്ധിയെ നാം ഇന്നും ആദരിക്കുന്നത് അദ്ദേഹം ഇന്ത്യയുടെ ഒരു പ്രത്യേക ചരിത്രസന്ധിയിൽ ഉയർത്തിപ്പിടിച്ച ആദർശാത്മകമായ നിലപാടുകൾ കൊണ്ടും, അതിൻമേൽ അദ്ദേഹം നടത്തിയ മൗലിക ഇടപെടലുകൾ കൊണ്ടുമാണ്. നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം പ്രകടമായ ഒരു കാലഘട്ടത്തിൽ അതു രണ്ടും പരസ്പരപൂരകമായിരിക്കേണ്ട ഒരു കാര്യമായി നമുക്ക് തോന്നിയിട്ടുണ്ടെങ്കിൽ അതിന് ഒരു പ്രധാന കാരണം മഹാത്മാഗാന്ധി തന്നെയാണ്.

ദേശീയതയുടെ അതിരുകൾ മറികടന്നു പോകുന്ന അദ്ദേഹത്തിന്റെ മാനവികതയും സഹജീവിബോധവും ഗാന്ധിജിയെ ഒരു വിശ്വപൗരനാക്കുന്നു. ഗാന്ധിജിയുടെ ഓരോ വാക്കും മറ്റൊരു ലോകസൃഷ്ടിക്കുള്ള ഊർജമാണ്, സന്ദേശമാണ്. ആ ലോകം എന്തെന്ന് മറ്റുള്ളവർക്കേ സംശയമുണ്ടായിരുന്നുള്ളൂ. ഗാന്ധിജിക്കു അക്കാര്യത്തിൽ ഒരു ഉറച്ച നിലപാടുണ്ടായിരുന്നു.

ഗാന്ധിജിയുടെ രാഷ്ട്രീയചിന്തകളും ലോകവീക്ഷണവും ആവിഷ്‌കൃതമാകുന്നത് അദ്ദേഹത്തിന്റെ പ്രവാസജീവിതത്തിൽ നിന്നാണെന്നു നിസ്സംശയം പറയാം. പ്രവാസജീവിതത്തിന്റെ ഒരു മേന്മ, അതു നൽകുന്ന സാംസ്‌കാരിക-രാഷ്ട്രീയ ജീവിതാനുഭവങ്ങളാണ്. ഇന്ത്യയുടെ അധിനിവേശ കാലഘട്ടത്തിൽ തന്നെയാണ് ഗാന്ധിജിക്ക് തന്റെ പ്രവാസജീവിതം അനുഭവങ്ങളുടെ വ്യത്യസ്ത പാഠങ്ങൾ നൽകിയത്.

അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘ഹിന്ദ്‌സ്വരാജ്' അഥവ ‘ഇന്ത്യൻ ഹോംറൂൾ’ ഈ പ്രവാസകാലത്തു തന്നെയാണ് പുറത്തിറങ്ങുന്നത്. പാശ്ചാത്യ ആധുനികതയെയും പാശ്ചാത്യ വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ നയങ്ങൾക്കെതിരെയുമുള്ള നിശിത വിമർശനമായിരുന്നു ‘ഹിന്ദ്‌സ്വരാജി'ലൂടെ നാം കേട്ടത്.

അധിനിവേശ- സാമ്ര്യാജ്യത്വത്തിന്റെ ശക്തിസ്രോതസ്സായിട്ടാണ് മുതലാളിത്വത്തെ അദ്ദേഹം വിലയിരുത്തിയത്. തന്റെ ദക്ഷിണാഫ്രിക്കൻ പ്രവാസ ജീവിതം സമ്മാനിച്ച ജീവിതാനുഭവങ്ങൾ തന്നെയാണ് അധിനിവേശ വിരുദ്ധ സമരങ്ങൾക്ക് ഊർജം പകർന്നതെന്ന് പിന്നീട് അദ്ദേഹം എഴുതി. ഇന്ത്യക്കു സംഭവിച്ച അടിമത്വത്തിന്റെ അടിസ്ഥാനം സ്വയം വിമർശനത്തിലൂടെ മനസ്സിലാക്കണമെന്ന് പറഞ്ഞ ഗാന്ധിജി ‘ഹിന്ദ്‌സ്വരാജി'ൽ ഇങ്ങനെ കുറിച്ചു: ‘ഇംഗ്ലീഷുകാർ ഇന്ത്യയെ കൊണ്ടുപോയതല്ല. നമ്മൾ അവർക്കു കൊടുത്തതാണ്. ശക്തികൊണ്ടല്ല ഇംഗ്ലീഷുകാർ ഇന്ത്യയിൽ നിൽക്കുന്നത്; നമ്മളാണ് അവരെ ഇവിടെ നിർത്തിയിരിക്കുന്നത്.'

നവകോളനീകരണകാലത്തും ഇത് ഇങ്ങനെ പറയാം: ‘വിദേശ മുതലാളിത്തശക്തികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൊണ്ടുപോയതല്ല; നമ്മൾ അവർക്കു കൊടുത്തതാണ്. ശക്തികൊണ്ടല്ല വിദേശമൂലധനം ഇന്ത്യയിൽ നിൽക്കുന്നത്; നമ്മളാണ് അതിനെ ഇവിടെ നിർത്തിയിരിക്കുന്നത്.' ‘സ്വരാജിന്​' ഇന്ന് പുതിയ അർഥങ്ങൾ ചമയ്ക്കുന്ന നമ്മൾ വാസ്തവത്തിൽ ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുകയാണ്.

സമാധാനത്തിന്റെ ഉപാസകനായ ഗാന്ധിജി ജീവിതത്തിലുടനീളം സംഘർഷങ്ങളും സങ്കടങ്ങളും നേരിട്ടനുഭവിച്ച വ്യക്തിയായിരുന്നു. അഹിംസ തന്റെ മൗലിക രാഷ്ട്രീയനിലപാടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത് അതുകൊണ്ടുതന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതം ഒരു സന്ദേശമാകുന്നതും ഈ ജീവത്യാഗം കൊണ്ടാണ്.

നീണ്ട വർങ്ങൾക്കു ശേഷം ഐക്യരാഷ്ട്ര സംഘടന ഒക്ടോബർ രണ്ട് സാർവദേശീയ അഹിംസാ ദിനമായി പ്രഖ്യാപിച്ചപ്പോൾ വൈകിയെങ്കിലും അദ്ദേഹത്തോട് നീതികാണിക്കുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഒട്ടുമിക്ക രാജ്യങ്ങൾക്കും ജനങ്ങൾക്കും ഗാന്ധിജി വലിയ വെളിച്ചമായിരുന്നു, വഴികാട്ടിയായിരുന്നു. ആ വെളിച്ചവും വഴിയടയാളവും കേവലം ‘വാർഷികാചാരങ്ങൾ'ക്കപ്പുറം നിലനിൽക്കുന്ന ശക്തമായ രാഷ്ട്രീയ ഊർജ്ജമായിരിക്കാനാണ് ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ആഗ്രഹിക്കുന്നത്.

Comments