‘വിശ്വഭാരതി' ശതാബ്ദി:
മോദിയുടെ 'ആത്മനിര്‍ഭര്‍ ഭാരത'വും
ടാഗോറിന്റെ വിശ്വമാനവികതയും
‘വിശ്വഭാരതി' ശതാബ്ദി: മോദിയുടെ 'ആത്മനിര്‍ഭര്‍ ഭാരത'വും ടാഗോറിന്റെ വിശ്വമാനവികതയും
കേന്ദ്രസര്‍വകലാശാലയായ വിശ്വഭാരതിയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഈയിടെ ഉത്ഘാടനം ചെയ്ത് ചാന്‍സലര്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഭാരതത്തെയും ലോകത്തെയും ശാക്തീകരിക്കാനുള്ള തന്റെ സര്‍ക്കാരിന്റെ 'ആത്മ നിര്‍ഭര്‍ ഭാരത'ത്തിന്റെ സത്ത രവീന്ദ്രനാഥ ടാഗോറിന്റെ ദര്‍ശനമാണെന്നാണ്. പ്രധാനമന്ത്രിയുടെ ടാഗോറിനെ കുറിച്ചുള്ള പ്രസ്താവന ശരിയായ ഉദ്ദേശ്യത്തോടുകൂടിയാണെങ്കില്‍ സംഘ്പരിവാറിന്റെ തന്നെ നിലപാടിനെ അദ്ദേഹം നിരാകരിച്ചതായി മനസ്സിലാക്കേണ്ടി വരും
1 Jan 2021, 12:35 PM
നമ്മള്‍ ലോകത്തെ തെറ്റായി വായിക്കുന്നു. എന്നിട്ട്, ലോകം നമ്മളെ ചതിച്ചെന്ന് ആരോപിക്കുന്നു
ടാഗോര്‍
മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ സ്ഥാപിച്ച ‘വിശ്വഭാരതി' ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് ഏതെങ്കിലും ഏജന്‍സികള്‍ കേവലം ‘സ്ഥിതി വിവരങ്ങളുടെ' അടിസ്ഥാനത്തില്‍ നല്‍കിയ ‘നക്ഷത്ര പദവികള്‍' കൊണ്ടല്ല. ബൗദ്ധിക-സാംസ്‌കാരിക രംഗത്തെ അതിന്റെ ഔന്നത്യം രേഖപ്പെടുത്താന്‍ നമ്മുടെ സാമ്പ്രദായിക അളവുകോലുകള്‍ക്കു കഴിയില്ലതാനും. കലയും, സാഹിത്യവും, മാനവിക വിഷയങ്ങളും, കൃഷിയും സംഗീതവും എല്ലാം കൂടിച്ചേര്‍ന്ന ശാന്തിനികേതനിലെ ഈ സാംസ്‌കാരിക ഭൂമിക എല്ലാക്കാലത്തും ഇത്തരം ‘നക്ഷത്ര' പദവികള്‍ക്കപ്പുറം സഞ്ചരിച്ചു വിശ്വമഹത്വം നേടിയ ഒരു കലാലയമാണ്. അതുകൊണ്ടു തന്നെ വിശ്വഭാരതിയുടെ ഔന്നിത്യം കാത്തുസൂക്ഷിക്കേണ്ടത് ഭാരതത്തിലെ ഓരോ പൗരന്റെയും കൂടി കടമയാണ്.

കേന്ദ്രസര്‍വകലാശാലയായ വിശ്വഭാരതിയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഈയിടെ ആരംഭിച്ചു. പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്ത് ചാന്‍സലര്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, ഭാരതത്തെയും ലോകത്തെയും ശാക്തീകരിക്കാനുള്ള തന്റെ സര്‍ക്കാരിന്റെ ‘ആത്മ നിര്‍ഭര്‍ ഭാരത്' (സ്വാശ്രയ ഭാരത) ദൗത്യത്തിന്റെ സത്ത രവീന്ദ്രനാഥ ടാഗോറിന്റെ ദര്‍ശനമാണെന്നാണ്.
ടാഗോറിന്റെ ദര്‍ശനങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പ്രസക്തമാകുന്നത് രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.
ഒന്ന്, ശതാബ്ദി ഉത്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനാവാത്ത ബംഗാളിലെ മമത സര്‍ക്കാരുമായി ബന്ധപ്പെട്ടും നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിനെ വിശ്വഭാരതിയിലെ ‘അനധികൃത ഭൂമികയ്യേറ്റ'വുമായി ബന്ധപ്പെടുത്തിയും ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍. മറ്റൊന്ന്, ടാഗോറുമായി നേരിട്ട് ബന്ധപ്പെട്ടത് തന്നെയാണ്.
ഇതില്‍ ടാഗോറുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു ആദ്യം കടക്കാം. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണെന്ന് തോന്നുന്നു, വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി വരുന്നതും അതിനെ തുടര്‍ന്ന് ടാഗോറിന്റെ ദേശീയതാവാദത്തെ കുറിച്ചുള്ള പ്രസംഗങ്ങളും രചനകളും വാദപ്രതിവാദങ്ങള്‍ക്കു ഇടയൊരുക്കിയതും.

അക്കാലത്തു തന്നെ തീവ്രദേശീയതയില്‍ അഭിരമിക്കുന്ന ഒരു സംഘ്പരിവാര്‍ സംഘടന (ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്) ടാഗോര്‍, മിര്‍സ ഗാലിബ്, എ. കെ. രാമാനുജന്‍, എം.എഫ്. ഹുസൈന്‍ തുടങ്ങിയവരെകുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് എന്‍.സി.ആര്‍.ടി യോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ടാഗോറിനെ കുറിച്ചുള്ള ഇപ്പോഴത്തെ പ്രസ്താവന ശരിയായ ഉദ്ദേശ്യത്തോടുകൂടിയാണെങ്കില്‍ സംഘ്പരിവാറിന്റെ തന്നെ നിലപാടിനെ അദ്ദേഹം നിരാകരിച്ചതായി മനസ്സിലാക്കേണ്ടി വരും.
ടാഗോറിനെ തമസ്‌കരിക്കാന്‍ ഉണ്ടായ ശ്രമങ്ങളുടെ പശ്ചാത്തലം ഇവിടെ പ്രസക്തമാണ്.
1917 ലെ ടാഗോറിന്റെ ദേശീയതാവാദത്തെക്കുറിച്ചുള്ള പ്രസംഗങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടു ഒരു നൂറ്റാണ്ടു തികയുന്ന സന്ദര്‍ഭം കൂടിയായിരുന്നു അത്. 1917 ലെ കൃതി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ ദേശീയതയെക്കുറിച്ചുള്ള ടാഗോറിന്റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "ദേശസ്‌നേഹം തന്റെ ആത്മീയാഭയമല്ല'ന്നും ‘മനുഷ്യവംശത്തിനും മാനവികതകയ്ക്കും മീതെ പറന്നുയരാന്‍' തന്റെ "ദേശസ്‌നേഹത്തെ അനുവദിക്കില്ലെന്നും' എഴുതിയ ടാഗോറിനു ഇന്നിപ്പോള്‍ ‘മനസ് നിര്‍ഭയമായി' ‘ശിരസ്സ് ഉയര്‍ത്തിപ്പിടിച്ചു' ഇത് പറയാന്‍ കഴിയുമോ എന്ന് ചോദിച്ചവരുണ്ട്. തന്റെ ‘അഭയ കേന്ദ്രം മനുഷ്യരാശി' യാണെന്നു പറഞ്ഞ ടാഗോറിനെ സമകാലിക ദേശിയതാവാദത്തിന്റെ ഇടുങ്ങിയ വഴികളില്‍ തളച്ചിടാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ വിശ്വമാനവികതയില്‍ ബോധ്യമുള്ളവര്‍ക്കെല്ലാം അറിയാം.

ടാഗോര്‍ എന്ന നാമം ഒരു സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും ആ സംസ്‌കാരം സ്വതന്ത്ര മാനവികതയുടെ സംസ്ഥാപനത്തിന് ആവശ്യം വേണ്ട മൂല്യങ്ങള്‍ക്കായാണ് നിലകൊള്ളുന്നതെന്നും പറഞ്ഞത് വംഗനാട്ടിലെ കവി നരേന്ദ്രനാഥ ചക്രവര്‍ത്തി. അസമി കവി ഹേമു ബറുവ ടാഗോറിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ‘യഥാര്‍ത്ഥത്തില്‍ ടാഗോര്‍ രണ്ടു ലോകങ്ങള്‍ക്കു തുല്യാവകാശിയായിരുന്നു; ഒന്ന്, ആത്മാവിന്റെ ലോകം - അജ്ഞാതവും നിഗൂഢവും അസ്വസ്ഥവുമായ വികാരങ്ങളുടെ അന്തര്‍ലോകം; മറ്റേത്, ജീവിതപ്രവാഹത്താല്‍ കല്ലോലിതവും സ്പന്ദിതവുമായ ബാഹ്യലോകം.

ആത്മാവിന്റെ ലോകമാണ് ടാഗോറിനെ വിശ്വാരാധ്യനായ റൊമാന്റിക് മിസ്റ്റിക് ആക്കിയത്. രണ്ടാമത്തേത് അദ്ദേഹത്തെ ഭാരതീയ ദേശീയ പ്രബുദ്ധതയുടെ മധുരനാദമാക്കിതീര്‍ത്തു' (എസ്. ഗുപ്തന്‍ നായരുടെ പരിഭാഷ).
ഭാരതീയ ദേശീയ പ്രബുദ്ധതയുടെ ജ്വലിക്കുന്ന നക്ഷത്രമായാണ് ശാന്തിനികേതനും വിശ്വഭാരതിയും തിളങ്ങിയത്. വിശ്വഭാരതി ജനിക്കുന്നത് വലിയ സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ശാന്തിനികേതന്‍ തന്നെ തുടങ്ങുന്നത് പിതാവിന്റെ സ്വത്തുക്കളില്‍ വലിയൊരു ഭാഗം നീക്കിവെച്ചുകൊണ്ടാണ്. ടാഗോറിന്റെ സമ്പാദ്യവും തനിക്കു കിട്ടിയ നൊബേല്‍ സമ്മാന തുകയുമെല്ലാം ശാന്തിനികേതനിലും പിന്നീട് വിശ്വഭാരതിക്കു വേണ്ടിയും അദ്ദേഹം ചെലവഴിച്ചു.
എന്നാല്‍ വിശ്വവിദ്യാലയം തുടര്‍ന്നുകൊണ്ട് പോകണമെങ്കില്‍ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിയിരുന്നു. അങ്ങിനെ ധന സമാഹരണത്തിനായി ടാഗോറും തന്റെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും രാജ്യമെങ്ങും സഞ്ചരിച്ചു. 1922 നവംബറില്‍ ടാഗോറും സി. എഫ്. ആന്‍ഡ്രൂസ് ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരും കേരളത്തിലും എത്തി. തിരുവനന്തപുരം, ശിവഗിരി, കൊല്ലം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ വഴിയായിരുന്നു യാത്ര. അവിസ്മരണീയമായ ചടങ്ങുകളും പ്രഭാഷണങ്ങളും സംഭാഷണങ്ങളും ഈ യാത്രയിലുടനീളം ഉണ്ടായി.
ശ്രീനാരായണ ഗുരു, തിരുവിതാംകൂര്‍ മഹാരാജാവ്, ഡോ. പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിവര്‍ ഈ സന്ദര്‍ശനത്തില്‍ ടാഗോറിന്റെ മഹത്വം നേരിട്ടനുഭവിച്ചവരാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ടാഗോറിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എത്തിയത്. വിശ്വഭാരതിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനും കലാലയത്തിന്റെ നിലനില്പിനാവശ്യമായ ധനസമാഹരണത്തിനുമായിരുന്നു യാത്രകള്‍. നേരത്തെ 1919 ഫെബ്രുവരിയില്‍ ടാഗോര്‍ ഇതേ ലക്ഷ്യത്തോടെ പാലക്കാട് സന്ദര്‍ശിക്കുകയും പൊതു പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രണ്ടാമത്തെ കേരള സന്ദര്‍ശനം എന്തുകൊണ്ടും അവിസ്മരണീയമായിരുന്നു. ആലപ്പുഴയില്‍ ടാഗോര്‍ നടത്തിയ പ്രസംഗത്തെ പ്രസിദ്ധ സാഹിത്യകാരന്‍ കൈനിക്കര കുമാരപിള്ള ഒരു ലേഖനത്തില്‍ ഓര്‍ത്തെടുക്കുന്നു: ‘പാശ്ചാത്യ ഭൗതിക വിജ്ഞാനവും ഭാരതത്തിന്റെ ആദ്ധ്യാന്മിക ജ്ഞാനവും അനുരഞ്ജിക്കണ'മെന്നും അപ്പോള്‍ മാത്രമേ ‘ലോകത്തില്‍ സമാധാനവും ഐശ്യര്യവുമുണ്ടാകൂ' എന്നും ടാഗോര്‍ ഓര്‍മിപ്പിച്ചതായി കൈനിക്കര എഴുതി.
ഒന്നാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങളുടെ പശ്ചാത്തലം വിവരിച്ചു കൊണ്ടുള്ള ടാഗോറിന്റെ പ്രസംഗത്തിലെ വരികള്‍ കൈനിക്കര വളരെ പ്രസക്തമാംവിധം ഉദ്ധരിക്കുന്നു: ‘ഓരോ ജനസമുദായത്തിനും ഈശ്വരന്‍ ഒരധ്യാപകനെപ്പോലെ ഓരോ കണക്കു കൊടുക്കാറുണ്ട്. ഭാരതത്തിനു നല്‍കിയിരിക്കുന്ന കണക്ക് അത്യന്തം സങ്കീര്‍ണമാണ്. ലോകത്തിലുണ്ടാകാവുന്ന സകല വൈഷമ്യങ്ങളും ഇവിടെ സമാഹരിച്ചിട്ടുണ്ട്- ഭിന്ന വര്‍ഗങ്ങള്‍, ഭിന്ന മതങ്ങള്‍, ഭിന്ന ജാതികള്‍- ഉന്നതര്‍, അധഃസ്ഥിതര്‍, ധനികര്‍, ദരിദ്രര്‍- ഗണിത ശാസ്ത്രത്തിലെ സകല വിഷമ ക്രിയകളും ആവശ്യപ്പെടുന്ന ഒരു കഠിന പ്രശ്‌നമാണവളുടേത്. ഈ കണക്കിന് ശരിയായ ഉത്തരം കണ്ടുപിടിക്കുന്നതിനുള്ള ചുമതല ആ മഹാധ്യാപകന്‍ അവളെത്തന്നെ ഏല്‍പ്പിച്ചതിനു മതിയായ കാരണമുണ്ട്; വ്യക്തമായ ഉദ്ദേശ്യമുണ്ട്- അവള്‍ക്കേ അതിനു കഴിവുള്ളൂ. അവള്‍ക്കേ അതിലേക്കാവശ്യമായ ചരിത്രാതിലംഘിയായ വിശിഷ്ട്ടസംസ്‌കാരമുള്ളൂ.'
പാശ്ചാത്യര്‍ക്കു ലഘുവായ കണക്കാണ് കിട്ടിയതെങ്കിലും കേവലം സങ്കലനക്രിയപോലും വശമില്ലാത്ത അവര്‍ ഉത്തരം തെറ്റിച്ചു എന്നും ആ മഹാധ്യാപകന്‍ തന്റെ ചുവന്ന പെന്‍സില്‍ കൊണ്ട് അവരുടെ ഉത്തരക്കടലാസില്‍ കുറുകെ ഒരു വരവരച്ചുവെന്നും ടാഗോര്‍ തുടര്‍ന്ന് പറഞ്ഞു. ലോകയുദ്ധത്തില്‍ ‘യൂറോപ്പിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പ്രവഹിച്ച ചോരപ്പുഴ' യെയാണ് അദ്ദേഹം ഇവിടെ വിവരിച്ചത്. കൈനിക്കര വീണ്ടും ടാഗോറിനെ ഉദ്ധരിക്കുന്നു: ‘അവര്‍ വീണ്ടും ആ കണക്കു ചെയ്യുന്നതില്‍ അതിത്വരയോടെ വ്യാപൃതരായിരിക്കുന്നു. അവര്‍ വീണ്ടും തെറ്റിച്ചു കൂട്ടുന്നത് ഞാന്‍ കാണുന്നു. ചുവന്ന പെന്‍സിലോടുകൂടി ആ കൈ വീണ്ടും ഉയരുന്നത് ഞാന്‍ കാണുന്നു.'
ടാഗോറിന്റെ ‘ശാപഭീകരമായ ആ പ്രവചനം' ഭയങ്കരമായി ഫലിച്ചതായി കൈനിക്കര എഴുതി. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളെക്കുറിച്ചാണ് കൈനിക്കര സൂചിപ്പിക്കുന്നത്. ലോകയുദ്ധത്തിന്റെ ഇടയ്ക്കു വെച്ചുതന്നെ ആ മഹാകവി നമ്മെ വിട്ടുപിരിഞ്ഞു. സ്വാതന്ത്ര്യം വെച്ചുനീട്ടിയ പുതിയ കണക്കുകളോ പുതിയ ചുവന്ന പെന്‍സിലുകളോ അദ്ദേഹത്തിനു കാണേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനവും ഫലിച്ചെങ്കില്‍ എന്ന് കൈനിക്കര ആശിച്ചു. അതിതാണ്: ‘ഭാരതം കണ്ടെത്തുന്ന പരിഹാരം ലോകത്തിലെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിരിക്കും. എന്തുകൊണ്ടെന്നാല്‍ അവയെല്ലാം അവളുടെ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. അവള്‍ അതിനുള്ള പരിഹാരം തേടും. അവളേ അത് നേടുകയുള്ളൂ- അവള്‍ക്കേ അതിനു കഴിയൂ.'
കൈനിക്കര എഴുതി: ‘ഭാരതത്തെ ലോകത്തിന്റെ അഭയദായകമായ ദീപസ്തംഭമാക്കുക' എന്നതായിരുന്നു ടാഗോറിന്റെ മഹത്തായ ലക്ഷ്യം. ‘ഭാരതത്തിന്റെ ആധ്യാത്മിക സന്ദേശം കൊണ്ട് വിശ്വത്തില്‍ ശാന്തിയും സാഹോദര്യവും സ്ഥാപിക്കുക- വിശ്വഭാരതം സൃഷ്ടിക്കുക.'
പ്രധാനമന്ത്രി പറയുന്ന ‘ആത്മ നിര്‍ഭര്‍ ഭാരത്' ടാഗോറിന്റെ ഈ വിശ്വദര്‍ശനത്തിലാണോ അധിഷ്ഠിതമായിരിക്കുന്നതെന്നു ആരെങ്കിലും ചോദിച്ചാല്‍ ആ മഹാധ്യാപകന്റെ ചുവന്ന പെന്‍സില്‍ ഉയരുന്നത് കാണാം. കണക്കുകള്‍ തെറ്റിക്കുക മാത്രമല്ല ഒരിക്കലും ഉത്തരം കിട്ടാത്ത സമസ്യകള്‍ നിത്യേന ഉണ്ടാക്കുകയും ചെയ്യുന്നു നമ്മള്‍.
Related Story: അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാളില്‍ ഇടതുപക്ഷത്തിന് എന്തു സംഭവിക്കും?
വിശ്വഭാരതിയുടെ ശതാബ്ദി ചടങ്ങുകളില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പങ്കെടുപ്പിക്കാണോ വേണ്ടയോ എന്നത് ‘ആത്മ നിര്‍ഭര്‍ ഭാരതി'ന്റെ പരിധിയില്‍ വരുന്ന കാര്യമല്ലല്ലോ? കേന്ദ്ര സര്‍ക്കാരിന്റെ ദാക്ഷണ്യത്തില്‍ കഴിയേണ്ടുന്ന വിശ്വഭാരതി സര്‍വകലാശാലയ്ക്കു ‘സ്വാശ്രയ'മെന്ന വാക്ക് ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അത് മറ്റൊന്നിനാണ്. അത് ഇന്ന് പരക്കെ വ്യാപൃതമായിരിക്കുന്ന കച്ചവടമൂല്യമുള്ള ഒരു വിദ്യാഭ്യാസ ചരക്കാണെന്നു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം.

ഇനി ഇപ്പോള്‍ ‘ആത്മ നിര്‍ഭര്‍ വിശ്വഭാരതി' എന്നോ മറ്റോ ആരെങ്കിലും വിളിച്ചാല്‍ അതിശയിക്കേണ്ടതായും ഇല്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഈ ‘ആത്മ നിര്‍ഭര്‍' പിന്നാമ്പുറത്തുകൂടി ഉള്‍ച്ചേര്‍ത്തിട്ടുമുണ്ട്. മേമ്പൊടിയായി ‘ഇന്ത്യന്‍ പൈതൃകവും' ‘പാരമ്പര്യങ്ങളും' ഇടയ്ക്കിടെ കരുതിയിട്ടുമുണ്ട്.
ഇനി അമര്‍ത്യാസെന്നിനെ ഈ ശതാബ്ദി ആഘോഷ വേളയില്‍ തന്നെ വിശ്വഭാരതിയില്‍ നിന്ന് ‘കുടിയൊഴി'പ്പിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍ അതിനുത്തരം അദ്ദേഹം തന്നെ പറയും. ‘കാമ്പസില്‍ പാട്ടത്തിനെടുത്ത ഭൂമി അനധികൃതമായി കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തില്‍ വിശ്വഭാരതി വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തി തിരക്കിലാണ്.'
‘കൈവശക്കാരുടെ പട്ടികയില്‍' തന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ച് സെന്‍ പറഞ്ഞു. തന്റെ വീട് സ്ഥിതിചെയ്യുന്ന വിശ്വഭാരതി ഭൂമി പൂര്‍ണമായും ദീര്‍ഘകാല പാട്ടത്തിനെടുത്തതാണെന്നും അതിന്റെ കാലാവധി പോലും കഴിഞ്ഞിട്ടില്ലെന്നും സെന്‍ ചൂണ്ടിക്കാട്ടി. ‘ശാന്തിനികേതന്‍ സംസ്‌കാരവും വൈസ് ചാന്‍സലറും തമ്മിലുള്ള വലിയ വ്യത്യാസം സംബന്ധിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയും, ബംഗാളിന്മേല്‍ ശക്തമായി വരുന്ന നിയന്ത്രണത്തോടെ ഡൽഹിയിലെ കേന്ദ്രസര്‍ക്കാരാണ് അദ്ദേഹത്തെ അധികാരപ്പെടുത്തിയത്,' സെന്‍ പറഞ്ഞു. മമത ബാനര്‍ജി ഇതറിഞ്ഞയുടന്‍ സെന്നിന് പിന്തുണ അറിയിച്ചും ഈ രാഷ്ട്രീയക്കളിയുടെ ഏറ്റവും മോശമായ മാനത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടും കത്തെഴുതി.
നളന്ദ സര്‍വകലാശാലയില്‍ തുടങ്ങിയ തര്‍ക്കം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നതിലൂടെ രൂക്ഷമാകുകയായിരുന്നു. വിശ്വഭാരതിയുടെ പുത്രന്‍ കൂടിയായ സെന്നിന് പുതിയ വിവാദം കൂടുതല്‍ ശക്തി പകരുകയേ ഉള്ളൂ എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും.
‘ഭാരതം കണ്ടെത്തുന്ന പരിഹാരം ലോകത്തിലെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിരിക്കും' എന്ന ടാഗോറിന്റെ വീക്ഷണം ഒരു ചുവപ്പു പെന്‍സിലിനും കീഴടക്കാന്‍ പറ്റുന്നതല്ല. എന്നാല്‍ നമ്മുടെ ചില പ്രശ്‌നങ്ങള്‍ക്കെങ്കിലും പരിഹാരം കിട്ടാന്‍ എത്ര വസന്തങ്ങളും ഹേമന്തങ്ങളും കാത്തിരിക്കണമെന്നു അറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ടാഗോറിന്റെ ദൈവ സങ്കല്‍പ്പങ്ങളും ആത്മീയതയും കേവലം മനുഷ്യത്വരഹിതമല്ല എന്നുള്ളതിന്റെ വലിയ ദൃഷ്ടാന്തം ഗീതാഞ്ജലിയുടെ വരികള്‍ തന്നെയാണ്:
എല്ലാം അടച്ചിട്ട ഈ ദേവാലയത്തിന്റെ ഏകാന്തമായ ഇരുണ്ട കോണിലിരുന്നു നീ ആരെയാണ് ഉപാസിക്കുന്നത്.
കണ്ണു തുറന്നു നോക്കിയാല്‍ കാണാം
ദൈവം അവിടെയൊന്നുമില്ലെന്ന്
അവന്‍ ഇവിടെയുണ്ട്.
കരിനിലമുഴുമാ കര്‍ഷകനോടും
പെരിയ കരിങ്കല്‍പാറ നുറുക്കി ഒരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും
പൊടിയണിഞ്ഞ ഉടുവസ്ത്രവുമായി
അവന്‍ അവരോടൊപ്പമുണ്ട്.

ഗീതാഞ്ജലിയുടെ ഈ ദര്‍ശനം ഒരു നൂറ്റാണ്ടിനിപ്പുറം ഡൽഹിയില്‍ പോരാടുന്ന കര്‍ഷക ജനതയുടെ അതിജീവനത്തിന്റെ മന്ത്രധ്വനികളില്‍ മുഴങ്ങുന്നെങ്കില്‍ അതിശയിക്കേണ്ടതില്ല. ധനികനായി ജനിച്ചെങ്കിലും ജീവിതത്തിലുടനീളം ഗ്രാമീണ ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകര്‍ എങ്ങനെ അതിജീവനത്തിനു പോരാടേണ്ടതെന്നു ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന മഹാശയനാണ് ടാഗോര്‍. തന്റെ ‘ശ്രീനികേതന്‍' ഗ്രാമീണ കൃഷിജീവിതത്തിന്റെ പരീക്ഷണശാലകൂടിയായിരുന്നു. മണ്ണില്‍ നിന്നും വേരറുക്കപ്പെട്ട കര്‍ഷകന്റെ ‘ആത്മനിര്‍ഭര്‍ ഭൂമി' ആണ് ഇന്ന് കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്യണ്ടത്. ഭാരതം മറ്റുള്ളവര്‍ക്ക് ഒരു പാഠവും പരിഹാരവുമാകുന്നത് അപ്പോഴാണ്.
ഗ്രന്ഥസൂചി
കൈനിക്കര കുമാര പിള്ള (1987): ഒരു പാവന സ്മരണ, ടാഗോറും കേരളവും (എഡി. ഡോ. കെ. അയ്യപ്പപണിക്കര്‍), കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്.
രവീന്ദ്രനാഥ ടാഗോര്‍ (1985), ഗീതാഞ്ജലി (വിവര്‍ത്തനം ജി., ശങ്കരക്കുറുപ്പ്), മാതൃഭൂമി.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അന്തര്‍സര്‍വകലാശാല സാമൂഹികശാസ്ത്ര ഗവേഷണകേന്ദ്രം ഡയറക്ടറാണ് ലേഖകന്‍.

മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ
ഡോ.പി.ഹരികുമാർ
1 Jan 2021, 09:34 PM
പ്രധാനെട്ട വിവരങ്ങൾ!
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read
ഒ.കെ. ജോണി
Mar 24, 2023
2 Minutes Read
ഡോ. ഉമർ തറമേൽ
2 Jan 2021, 04:56 PM
ശാന്തി നികേതനം പിടിച്ചടക്കാനുള്ള ശ്രമത്തെ തുറന്നുകാട്ടുന്നു.. ഇനിയിപ്പോൾ എന്തുസംഭവിക്കും. കെ സി എസ്, കെ ജി സുബ്രഹ്മണ്യൻ... തുടങ്ങിയവർ വരച്ച, ആ തിരുമുറ്റത്തെ പെയിന്റിംഗുകൾ മെല്ലെ മായും. സാന്താൾ ചിത്രം അവരെങ്ങനെ താങ്ങും. മഹാകവി ടാഗോറിന്റെ പല രചനകളും ഇരുട്ടിലാവും. ടാഗോർ കഥകളെ, വീശിഷ്യാ ഖരെ ബൈരെ പോലുള്ളവയെ മുൻനിർത്തി സത്യജിത്രേ ചെയ്ത സിനിമകൾ ക്രമേണ നിരോധിക്കപ്പെടും. അങ്ങനെ, മെല്ലെ മെല്ലെ ഒരു വിശ്വ സർവകലാശാല,'ആത്മ നിർഭർ 'ആവും. മറ്റൊന്നുമില്ല.