കോഴിക്കോട് നോർത്ത്: ഒഴുകും യുവരക്തം?

Election Desk

2016ൽ സി.പി.എമ്മിലെ എ. പ്രദീപ്കുമാർ 27,873 വോട്ടിന് കോൺഗ്രസിലെ അഡ്വ. പി.എം. സുരേഷ്ബാബുവിനെ തോൽപ്പിച്ച മണ്ഡലം. കോൺഗ്രസിന് 36,047 വോട്ട് കിട്ടിയപ്പോൾ ബി.ജെ.പിക്ക് 29,726 വോട്ട് നേടാനായി.

മൂന്ന് ടേം പൂർത്തിയാക്കിയ പ്രദീപ്കുമാറിന് നാലാം തവണ കൂടി അവസരം നൽകണമെന്ന് സി.പി.എം ജില്ലാ നേതൃത്വത്തിന് അഭിപ്രായമുണ്ട്. രണ്ടുതവണ ജനപ്രതിനിധികളായവർ മാറിനിൽക്കണമെന്ന പാർട്ടി നിബന്ധന ഇവിടെ വഴിമാറിയേക്കും, കാരണം പ്രദീപ്കുമാറിന്റെ വിജയസാധ്യത തന്നെ.

എ. പ്രദീപ് കുമാർ / ചിത്രീകരണം: ദേവപ്രകാശ്

ഘടകകക്ഷികൾക്കും സ്വീകാര്യനാണ് അദ്ദേഹം. തുടക്കത്തിൽ, ‘രണ്ടു തവണ' വ്യവസ്ഥയിൽ തട്ടി പ്രദീപ്കുമാറിനെ മാറ്റിനിർത്തുകയാണെങ്കിൽ സംവിധായകൻ രജ്ഞിത്തിന്റെ പേര് ഉയർന്നുവന്നിരുന്നുവെങ്കിലും അതൊരു ‘സിനിമാക്കഥ’യായിരിന്നു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ പേരാണ് കോൺഗ്രസിൽനിന്ന് പുറത്തുവരുന്നത്. പാർട്ടി പറയും മുമ്പേ അദ്ദേഹം മണ്ഡലത്തിൽ സാന്നിധ്യം ഉറപ്പാക്കിയിട്ടുമുണ്ട്. എന്നാൽ, എ.ഐ.സി.സി നിയോഗിച്ച ഏജൻസികൾ തയാറാക്കിയ സാധ്യതാലിസ്റ്റിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്റെ പേരാണുള്ളത്. ‘പാർട്ടി പറയുകയാണെങ്കിൽ എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന' സന്നദ്ധത വിദ്യയും പ്രകടിപ്പിച്ചുകഴിഞ്ഞു. ഈ പട്ടികയിൽ, അഭിജിത്തിന്റെ പേരുള്ളത് പേരാമ്പ്ര മണ്ഡലത്തിലാണ്. മണ്ഡലത്തിൽ ഇത്തവണ വനിതയെ പരിഗണിക്കണമെന്ന അഭിപ്രായവും കോൺഗ്രസിൽ ശക്തമായതുകൊണ്ട് വിദ്യക്ക് പ്രതീക്ഷ ഏറെയാണ്. എന്നാൽ, മഹിളാ കോൺഗ്രസ് കെ.പി.സി.സിക്ക് നൽകിയ പട്ടികയിലുള്ളത് മറ്റൊരു പേരാണ്; ഉഷാദേവി.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

ബി.ജെ.പി, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെ നിർത്തി പരമാവധി വോട്ട് സമാഹരിക്കാനുള്ള നീക്കത്തിലാണ്. തദ്ദേശ തെര​ഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളിലുണ്ടായ വർധനയാണ്​ സംസ്​ഥാന നേതാവിനെത്തന്നെ ഇറക്കാൻ ബി.ജെ.പിക്ക്​ പ്രേരണയായത്​.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ, മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 26 വാർഡുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ വൻ വോട്ടുചോർച്ചയുണ്ടായി, എൻ.ഡി.എക്ക് കൂടുതൽ വോട്ട് ലഭിക്കുകയും ചെയ്തു.

എൽ.ഡി.എഫിന് 47,977, യു.ഡി.എഫിന് 34,616 വോട്ടുവീതമാണ് ലഭിച്ചത്. എൻ.ഡി.എ 30,678 വോട്ടിലേക്ക് നില ഉയർത്തുകയും ചെയ്തു. അതുകൊണ്ട്, ഭാഗ്യപരീക്ഷണം വേണ്ടെന്ന നിലപാടിലാണ് സി.പി.എം. മത്സരം കടുപ്പിക്കാൻ യുവരക്തമൊഴുക്കാൻ- അത് യുവാവായാലും യുവതിയായാലും- തന്നെയാണ് കോൺഗ്രസ് തീരുമാനവും.

കോഴിക്കോട് കോർപറേഷനിലെ ഒന്നുമുതൽ 16, 39, 40, 42- 51 ഡിവിഷനുകളടങ്ങിയതാണ് മണ്ഡലം. 2008ലെ പുനർനിർണയത്തോടെ നിലവിൽ വന്ന മണ്ഡലത്തെ 2011 മുതൽ പ്രതിനിധീകരിക്കുന്നത് എ. പ്രദീപ്കുമാറാണ്.


Comments