അസൈൻ കാരന്തൂർ: പത്രം തന്നെ ജീവിതം, അതുതന്നെ ലഹരിയും

അക്ഷരാർഥത്തിൽ അസൈനിക്കയുടെ നായക മികവ്​ ആയിരുന്നു പല സന്ദർഭങ്ങളിലും പത്രത്തിന്റെ വിജയമന്ത്രം. ക്യാപ്​റ്റൻമാർ കളി ജയിപ്പിക്കുന്നു എന്ന ​പ്രയോഗം തികച്ചും അർഥവത്താക്കുന്നതായിരുന്നു സ്​പോർട്​സ്​ ലേഖകനായി പത്രമെഴുത്ത്​ തുടങ്ങിയ അസ്സൈൻ കാരന്തൂരിന്റെ മാധ്യമ പ്രവർത്തന ജീവിതം. ഇന്ന്​ അന്തരിച്ച​ ‘മാധ്യമം’ ഡെപ്യൂട്ടി എഡിറ്ററായിരുന്ന അസൈൻ കാരന്തൂരിനെ ‘മാധ്യമം’ ന്യൂസ്​ എഡിറ്ററും കേരള പത്രപ്രവർത്തക യൂണിയൻ സംസ്​ഥാന പ്രസിഡൻറുമായ കെ.പി. റജി ഓർക്കുന്നു.

ദാ സൂര്യനെ ചുറ്റുന്ന ഭൂമിയിൽ​ 24 മണിക്കൂറും മാധ്യമത്തെ ഭ്രമണം ​ചെയ്ത ശുക്രനക്ഷത്രമായിരുന്നു പി. അസ്സൈൻ എന്ന എല്ലാവരുടെയും പ്രിയങ്കരനായ അസൈനിക്ക. ഉണർന്നിരുന്ന സമയത്തിന്റെ 90 ശതമാനവും തൊഴിലുമായി മല്ലിട്ട സമാനതകളില്ലാത്ത മാധ്യമ പ്രവർത്തകൻ. അതുല്യ പ്രതിഭകളായ, ഇതിഹാസ തുല്യരായ ഒട്ടേറെ മാധ്യമപ്രവർത്തകർക്കു ജന്മം നൽകിയ മലയാളത്തിന്റെ മണ്ണിൽ ഹൃദയം കൊണ്ട്​ പത്രപ്രവർത്തനം നടത്തിയ അപൂർവ വ്യക്​തിത്വം എന്ന നിലയിലാണ്​ നൂറു കണക്കിന്​ ജേണലിസ്റ്റുകളുടെ നെഞ്ചകങ്ങളിൽ പൊള്ളുന്ന വേദനയായി ആ മനുഷ്യൻ വേർപിരിഞ്ഞുപോകുന്നത്​.

അക്ഷരങ്ങളിൽ അഗ്നി പടർത്തുന്ന എഴുത്തിന്റെ വിസ്മയം കൊണ്ടല്ല, വലിപ്പച്ചെറുപ്പമില്ലാതെ അടുത്തിടപഴകിയ ഏതൊരാളുടെയും നെഞ്ചിൽ വരച്ചിട്ട സ്​നേഹ, സൗഹൃദ, വാത്സല്യങ്ങളുടെ ആൾരൂപമായാവും അസ്സൈൻ കാരന്തൂർ ഓർമകളിൽ അനശ്വരനാവുക.

1987 ജൂൺ ഒന്നിന്​ മാധ്യമത്തിന്റെ താളുകളിൽ ആദ്യമായി ഔദ്യോഗികമായി അച്ചടി മഷി പതിച്ചു തുടങ്ങുന്നതിനു മാസങ്ങൾക്കു മുമ്പേ സ്​ഥാപനത്തോടു ചേർന്നു അദ്ദേഹം. സർക്കാർ ജോലിയുടെ സുഖശീതളിമ ഉപേക്ഷിച്ച്​,​ പിച്ചവെച്ചു തുടങ്ങാൻ ആലോചിക്കുന്ന പത്രത്തിന്റെ വാർത്താമുറിയുടെ അനിശ്​ചിതത്വങ്ങളിലേക്കു നടന്നുകയറി; തുടർന്നങ്ങോട്ട്​ മൂന്നു പതിറ്റാണ്ടിലേറെ അവിടെ നായക സ്ഥാനത്തു നങ്കൂരമിട്ടിരുന്നത്​, എണ്ണമറ്റ വാർത്താവിസ്​ഫോടന മുഹൂർത്തങ്ങളിൽ ബാലാരിഷ്ടത വിട്ടുമാറാത്ത പത്രത്തെ ആളിലും അർഥത്തിലും പ്രതിഭയിലും ബഹുദൂരം മുന്നിലുള്ള സഹജീവികളുടെ ഒപ്പത്തിനൊപ്പമോ പലപ്പോഴും ഒരുപടി മുന്നിലോ എത്തിക്കുന്ന ആസൂത്രണ മികവും സഹപ്രവർത്തകരെ ​പ്രചോദിപ്പിച്ചും ​​പ്രോത്സാഹിപ്പിച്ചും ഏത്​ ഉത്തരവാദിത്തവും നിറവേറ്റാൻ പ്രാപ്തമാക്കുന്ന കളി തന്ത്രങ്ങളും പ്രകടമാക്കി കൊണ്ടായിരുന്നു. സ്​നേഹമസൃണമായ ആ വാക്കുകളിൽ സഹപ്രവർത്തകർ ഷിഫ്​റ്റുകളുടെ സമയക്രമവും ഉറക്കച്ചടവിന്റെ ആലസ്യവും മാറ്റിവെച്ചു. അക്ഷരാർഥത്തിൽ അസൈനിക്കയുടെ നായക മികവ്​ ആയിരുന്നു പല സന്ദർഭങ്ങളിലും പത്രത്തിന്റെ വിജയമന്ത്രം. ക്യാപ്​റ്റൻമാർ കളി ജയിപ്പിക്കുന്നു എന്ന ​പ്രയോഗം തികച്ചും അർഥവത്താക്കുന്നതായിരുന്നു സ്​പോർട്​സ്​ ലേഖകനായി പത്രമെഴുത്ത്​ തുടങ്ങിയ അസ്സൈൻ കാരന്തൂരിന്റെ മാധ്യമ പ്രവർത്തന ജീവിതം.

ഔദ്യോഗിക ജോലിഭാരങ്ങൾ അധികരിച്ചു തുടങ്ങിയതോടെ ക്രമേണ എഴുത്തിന്റെ ലോകം വിട്ട്​ വാർത്താ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും ചുമതലകളിലേക്കുള്ള വ്യതിചലനം ഉണ്ടായിരുന്നില്ലെങ്കിൽ കളിയെഴുത്തിൽ പ്രസിദ്ധനാവുമായിരുന്നു അദ്ദേഹമെന്ന്​ ആ പഴയ കുറിപ്പുകൾ പരിചിതമായ തലമുറ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ പത്രത്തെ വാർത്തയുടെ മത്സരക്കളത്തിൽ മുന്നിൽ നിർത്താൻ അദ്ദേഹം പയറ്റാത്ത തന്ത്രങ്ങളില്ലായിരുന്നു. അറബ്​ ന്യൂസ്​ അടക്കം വിദേശ പത്രങ്ങളിലെയും കേരളത്തിൽ അത്ര പ്രചാരമില്ലാതിരുന്ന പ്രമുഖ ദേശീയ പത്രങ്ങളിലെയും വിശേഷ വാർത്തകൾ സ്ഥിരമായി പ്രത്യേക ലേഖകന്റെ
എഴുത്തുകളായി മാധ്യമത്തിന്റെ താളുകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ചത്​ അടക്കം പത്രത്തിന്റെ കുതിപ്പിന്​ അദ്ദേഹം മെനഞ്ഞ സൂത്രപ്പണികൾ എണ്ണമറ്റതായിരുന്നു. ആധുനിക വാർത്താലോകത്ത്​ ഇന്ന്​ ആലോചിക്കാൻ പോലുമാവാത്ത സൂത്രപ്പണികളും അതിനായി ആ ചിന്തയിൽ രൂപപ്പെട്ടിരുന്നു. രാത്രി ഒരു മണിക്കും രണ്ടു മണിക്കും ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവരോട്​ നാളെ വരുമ്പോൾ, ഇതു കൂടി എഴുതിക്കൊണ്ടുവാ ചങ്ങായീ എന്നു പറഞ്ഞ്​ അദ്ദേഹം നീട്ടുന്ന കട്ടിങ്ങുകൾ പിറ്റേന്നു മൂന്നു മണിക്ക്​വീണ്ടും ജോലിക്ക്​ കയറേണ്ടവരാണെങ്കിൽക്കൂടി പുഞ്ചിരിയോടെ പോക്കറ്റിൽ ഇട്ടുപോയിരുന്നത്​ തൊഴിലിൽ മാത്രമല്ല, വ്യക്തിപരമായ പ്രശ്നങ്ങളിലും താങ്ങാവുന്ന മനുഷ്യനോട്​ മറുത്ത്​ പറയാൻ കഴിയാത്ത ദൗർബല്യം കൊണ്ടായിരുന്നു.

മനുഷ്യർ പലവിധമാണ്​. എഴുത്തിലും വായനയിലും സൗഹൃദങ്ങളിലും കലാസ്വാദനങ്ങളിലും ആഹ്ലാദം കണ്ടെത്തി അഭിരമിക്കുന്നവർ. പക്ഷേ, അസ്സൈൻ കാരന്തൂരിന്​ പത്രപ്രവർത്തനം തന്നെയായിരുന്നു ജീവിതം. അതായിരുന്നു അദ്ദേഹത്തിന്റെ ലഹരി. മാധ്യമത്തിൽ 31 വർഷത്തിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ വാരാന്ത ഓഫും എണ്ണമറ്റ മറ്റനവധികളുമടക്കം ഉപേക്ഷിച്ചു ദിനേന ​ജോലിയിൽ മുഴുകി ആ മനുഷ്യൻ. പ്ലാസ്റ്റിക്​ വരിഞ്ഞ പഴയ കസേരയിൽ ഒടിഞ്ഞുമടങ്ങിയിരുന്ന മെല്ലിച്ച മനുഷ്യന്റെ ചെവിയിൽ ടെലിഫോൺ ഒഴിഞ്ഞ സമയം വിരളമായിരുന്നു. കേരളത്തിലുടനീളമുള്ള ലേഖകരുമായി വാർത്താവിവരങ്ങൾ പങ്കുവെച്ചും വാർത്തകൾ പ്ലാൻ ചെയ്തുമിരിക്കുന്നതിനിടയിൽ വാർത്താ ഏജൻസികൾ ഇടതടവില്ലാതെ അടിച്ചുവിടുന്ന കുറിപ്പുകളിൽനിന്ന്​ മാധ്യമത്തിനു വേണ്ട വിഭവങ്ങൾ പരതിയെടുക്കുന്നുമുണ്ടാവും അദ്ദേഹം.

സാധാരണ തൊഴിലാളി ഒരു വർഷമെടുക്കുന്ന ആകസ്മികാവധി പോലും മൂന്നു പതിറ്റാണ്ടിലേറെ നീണ്ട മാധ്യമ ജീവിതത്തിൽ ഓഫും അവധി​യുമായി എടുത്തിട്ടുണ്ടാവില്ല അദ്ദേഹം. രാജ്യത്തെ തൊഴിൽ നിയമങ്ങൾ പ്രകാരം ഒരു മാധ്യമ പ്രവർത്തകൻ 28 ദിവസത്തിനുള്ളിൽ ജോലി ചെയ്യേണ്ടത്​ 144 മണിക്കൂർ ആണ്​. അതായത്​ ദിവസം ആറു മണിക്കൂർ. ഈ സ്ഥാനത്ത്​ അസ്സൈൻ കാരന്തൂർ പണിയെടുത്തത്​ ശരാശരി 15-16 മണിക്കൂർ ആയിരുന്നു. വേണ്ടെന്നുവെച്ച അവധിദിനങ്ങളിൽ എടുത്ത പണി കൂടി നോക്കിയാൽ 70 വയസ്സ്​ വരെ ജീവിച്ച അസൈൻക്ക യഥാർഥത്തിൽ നിറവേറ്റിയത്​ ഒരു തൊഴിലാളി ഒമ്പതു പതിറ്റാണ്ടുകൊണ്ടു ചെയ്യുന്ന ജോലിയായിരുന്നു. അല്ലെങ്കിൽ മൂന്നു പേർ 30 വർഷം കൊണ്ടു ചെയ്യുന്ന ജോലി. പത്രപ്രവർത്തന മികവിനൊപ്പം സെൽഫ്​ മാർക്കറ്റിങ്​ മികവ്​ കൂടി ഉണ്ടായിരുന്നെങ്കിൽ റെക്കോർഡ്​ പുസ്തകങ്ങളിൽ ഇടം പിടിക്കേണ്ടതായിരുന്നു ഈ സേവനം.

ഭാര്യയെ പ്രസവത്തിന്​ ആശുപത്രിയിലാക്കി അത്യാവശ്യ കാര്യങ്ങൾ നോക്കി ഓഫിസിൽ ജോലിക്കെത്തി എന്ന കഥ വെറും തമാശയായി എഴുതിത്തള്ളാൻ അസൈനിക്കയെ അടുത്തറിയുന്നവർക്ക്​ എളുപ്പം കഴിയില്ല. മിക്കവാറും ശരിയായിരിക്കാനാണു സാധ്യത. നേരിട്ടു തിരക്കിയപ്പോൾ പുഞ്ചിരി​യായിരുന്നു മറുപടി. ഗൃഹപ്രവേശം അടക്കം വീട്ടിലെ സുപ്രധാന ചടങ്ങുകളുള്ള ദിവസങ്ങളിൽ പോലും ആ മനുഷ്യൻ ഓഫിസിൽനിന്ന്​ പൂർണമായി വിട്ടുനിന്നിരുന്നില്ല. പത്രപ്രവർത്തകർക്ക്​ അപൂർവമായി മാത്രം കിട്ടുന്ന പൊതു അവധി ദിവസങ്ങളിൽ കാരന്തൂരിൽനിന്ന്​ ബസ്​ കയറി അദ്ദേഹം വെള്ളിമാടുകുന്നിലെ മാധ്യമം ഓഫീസിൽ എത്തുമായിരുന്നു എന്നതും വെറും കഥയായി മാത്രമാണ്​ ആദ്യകാലത്തു തോന്നിയത്​. പക്ഷേ, ഏതാണ്ട്​ രണ്ടു പതിറ്റാണ്ടു മുമ്പ്​ മാധ്യമം ജീവനക്കാരുടെ കുടുംബമേളയുടെ ഭാഗമായി ഒരുമ എന്ന പേരിൽ പുറത്തിറക്കിയ ഹൗസ്​ മാഗസിനിൽ യശ്ശശരീരനായ എൻ. രാ​ജേഷ്​ അഭിമുഖം നടത്തി തയാറാക്കിയ കുറിപ്പിൽ അസ്സൈനിക്ക തന്നെ സമ്മതിക്കുന്നുണ്ട്​; ഒരു ദിവസം മാധ്യമത്തിന്റെ ഗേറ്റി​നടുത്ത്​ വരെയെങ്കിലും വരാൻ കഴിഞ്ഞില്ല എങ്കിൽ ആകെ അസ്വസ്ഥത ആണ്​ എന്ന്​.

രാവിലെ 11 മുതൽ രാത്രി രണ്ടു വരെ ഓഫിസിൽ ജോലി ദിനമാറ്റങ്ങളില്ലാതെ തുടർന്നുപോന്ന മനുഷ്യൻ രാവിലെ എട്ടൊമ്പതു മണിയാകുമ്പോൾ നാട്ടുകാർക്ക്​ സഹായങ്ങളുമായി വീട്ടിൽനിന്ന്​ ഇറങ്ങുമായിരുന്നു എന്നാണ്​പറഞ്ഞറിവ്​. തന്റെ കഴിവുകളെ അത്രമേൽ പൊതുനന്മക്കായി നീക്കിവെച്ചു ആ മനുഷ്യൻ. സർക്കാർ ജോലി വിട്ട്​ മാധ്യമപ്രവർത്തനത്തിന്​ ഇറങ്ങിത്തിരിച്ചതും ഒപ്പം കൊണ്ടുനടന്ന ആദർശങ്ങൾക്ക്​ ബലം പകർന്നു ജീവിക്കുന്നതിനു വേണ്ടിയായിരുന്നു. മാധ്യമത്തെ നിഷ്പക്ഷവും സമ്പൂർണവും പൊതുജന സാമാന്യത്തിന്​ ഇഷ്ടപ്പെടുന്നതുമായ പത്രമായി രൂപകൽപന ചെയ്യുന്നതിൽ മാനേജ്​മെൻറിനൊപ്പം പങ്ക്​ വഹിച്ചയാളായിരുന്നു അസ്സൈൻ കാരന്തൂർ. വാർത്തയുടെ അഴകളവുകൾ നിർണയിക്കുന്നതിൽ വാർത്തയുടെ മൂല്യത്തിനപ്പുറം പരിഗണനകളില്ലാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പത്രത്താളുകളാണ്​ മാധ്യമത്തിന്​ ജനമനസ്സുകളിൽ ലബ്​ധപ്രതിഷ്ഠ നേടിക്കൊടുത്തത്​.

വാത്സല്യത്തിന്റെയും കരുതലിന്റെയും അർപ്പണബോധത്തിന്റെയും മഹാനദിയായിരുന്നു, പത്രപ്രവർത്തക തലമുറകൾക്കു വഴികാട്ടിയും ഗുരുതുല്യനുമായ അസൈനിക്ക. ആ കളരിയിൽ മുറകൾ പഠിച്ചവർ ഇന്ന്​ ഒട്ടേറെ സ്ഥാപനങ്ങളിൽ പ്രതിഭയുടെ പ്രഭ പരത്തി ശോഭിച്ചുനിൽക്കുന്നു. ഓർമകളുടെ മഹാസാഗര തീരത്ത്​ മാനംമുട്ടി നിൽക്കുന്നു ആ അനശ്വര വ്യക്​തിത്വം.

കണ്ണീരിന്റെ ഉപ്പ് രുചിക്കാതെ നിങ്ങളെ ഓർക്കാൻ പോലും കഴിയുന്നില്ലല്ലോ മനുഷ്യാ...
പറുദീസാ മുറ്റത്തെ വാർത്താസംഘത്തിനു നടുവിൽ പേജ്​ വിട്​ ചങ്ങായീ എന്ന സ്​നേഹ ശാസനയുമായി നിങ്ങൾ കസേരയിട്ടിരിക്കുന്നുണ്ടാവും അല്ലേ.

Comments