സ്വർണക്കള്ളക്കടത്ത്​ എന്തുകൊണ്ട് ആ ചോദ്യം ആരും ചോദിക്കുന്നില്ല?

കള്ളക്കടത്തു വഴി ഇന്ത്യയിലെത്തുന്ന സ്വർണ്ണത്തിന്റെ സിംഹഭാഗവും വരുന്ന മുംബെ-ഗുജറാത്ത് മേഖലയിൽ ഒരിക്കലും ദൃശ്യമാവാത്ത ദേശരക്ഷയുടെ ഉത്ക്കണ്ഠകൾ താരതമ്യേന കുറഞ്ഞ അളവിൽ കളളക്കടത്തു നടക്കുന്ന കേരളം വഴിയാവുമ്പോൾ എന്തുകൊണ്ടാണ് ഉച്ചസ്ഥായിയിൽ എത്തുന്നത്​ എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദവും ദുരൂഹതകളും അന്തമില്ലാതെ തുടരുന്നതിനിടെ വേറിട്ട ഒരു വിശകലനം

ന്ത്യൻ രാഷ്ട്രീയത്തിന്റെ വർത്തമാനകാലത്തെ സുപ്രധാന ചേരുവകളാണ് ദേശരക്ഷയും, ദേശക്കൂറും. പ്രത്യക്ഷത്തിലുള്ള കൊളോണിയൽ ആധിപത്യത്തിനുശേഷം 1947ൽ പിറിവിയെടുത്ത ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ രാഷ്ട്രീയവും, സാമ്പത്തികവും, സാംസ്‌ക്കാരികവുമായ ഭാവുകത്വപരിണാമത്തിലെ നിരവധി അടരുകളിലാണ് ദേശരക്ഷയും, ദേശക്കൂറും അവയുടെ അക്ഷാംശവും, രേഖാംശവും രേഖപ്പെടുത്തുന്നത്. അവ ഒന്നൊന്നായി ഇഴപിരിച്ച് പരിശോധിക്കുവാനുള്ള സാവകാശം ഇപ്പോഴില്ല. മുഖ്യധാര മാധ്യമങ്ങൾ അതിൽ വഹിക്കുന്ന പങ്കിനെപ്പറ്റി വളരെ അടിയന്തരസ്വഭാവത്തോടെ നടത്തുന്ന ചില നിരീക്ഷണങ്ങളാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം.

സ്വർണ്ണക്കടത്തും, അമ്പലംകെട്ടലും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണ കള്ളക്കടത്ത് ദേശസുരക്ഷക്ക് സംഭവിച്ച വലിയ വിപത്താണെന്ന മുഖ്യധാര മാധ്യമങ്ങളിലെ വിലയിരുത്തലുകളാണ് ദേശക്കൂറും, ദേശരക്ഷയും രാഷ്ട്രീയവ്യവഹാരങ്ങളുടെ പ്രധാനചേരുവകളായി പരിണമിച്ചതിനെപ്പറ്റിയുള്ള പരിശോധനയുടെ അടിയന്തിരപ്രേരണ. കടത്തുമായി ബന്ധപ്പെട്ട ദേശരക്ഷയുടെ സ്വർണ്ണഭാഷണങ്ങൾ ഉച്ചസ്ഥായിയിലെത്തുമ്പോഴാണ് ഏകദേശം 500 കാല്ലം പഴക്കമുളള ഒരു മുസ്‌ലിംപള്ളി ബലാൽക്കാരമായി പൊളിച്ചുനീക്കി കൈവശപ്പെടുത്തിയ ഭൂമിയിൽ അമ്പലം കെട്ടുന്നതിന്റെ ആഘോഷതിമിർപ്പിൽ ചില മാധ്യമപ്രവർത്തകരും, മാധ്യമസ്ഥാപനങ്ങളും പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. സ്വർണ്ണക്കടത്തും, അമ്പലംകെട്ടലും തമ്മിൽ നേർക്കുനേർ ബന്ധമില്ലെങ്കിലും മുഖ്യധാര മാധ്യമങ്ങളിലും, രാഷ്ട്രീയവ്യവഹാരങ്ങളിലും നിറഞ്ഞുനിൽക്കുന്ന പത്തരമാറ്റ് ദേശക്കൂറിന്റെ ‘തള്ളലുകളാണ്' രണ്ടു സംഭവങ്ങളുടെയും ആഖ്യാനങ്ങളുടെ ഉള്ളടക്കം. പൊടുന്നനെ ഉണ്ടായതല്ല ഈ വൈഭവം. സംഘടിതവും, ആസൂത്രിതവുമായ നിലയിൽ നടക്കുന്ന ഒരു പ്രൊപഗാൻഡ സംവിധാനത്തിന്റെ ജന്മസിദ്ധമായ ആവിഷ്‌ക്കാരങ്ങളാണ് ഈ ആഖ്യാനങ്ങൾ. വാണിജ്യചരിത്രത്തോളം

പഴക്കമുള്ള അതിപുരാതന പ്രവർത്തിയായ കള്ളക്കടത്ത് പൊടുന്നനെ ദേശരക്ഷക്കു നേരെയുള്ള മുഖ്യഭീഷണിയായി മാറുന്നതും, 500 കൊല്ലം മുമ്പു നടന്നുവെന്നു ചിലർ പറയുന്ന ഒരു കൈയ്യേറ്റത്തിനു പകരം വീട്ടുന്ന പ്രതികാരകൈയ്യേറ്റം ദേശക്കൂറിന്റെ ആഘോഷമാകുന്നതും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിന്റെ പശ്ചാത്തലം മനസ്സിലാക്കുവാൻ ഈയൊരു പരിണാമത്തിന്റെ ഏടുകളിലെ സുപ്രധാനമായ ചില സംഭവങ്ങളുടെ ഒരു ലഘുവിവരണം അനിവാര്യമാണ്. ദേശരക്ഷയെപ്പറ്റിയുള്ള ഇപ്പോഴത്തെ മാധ്യമ ഉത്ക്കണ്ഠകളെ മനസ്സിലാക്കുവാൻ അത് സഹായകകരമാവും.

ഇന്ദിരാഗാന്ധി മെനഞ്ഞ വായ്ത്താരിയുടെ ഉപകരണം

അടിയന്തരാവസ്ഥക്കു ശേഷമുള്ള കാലഘട്ടത്തിലാണ് ഭരണവർഗരാഷ്ട്രീയത്തിന്റെ മുഖ്യപ്രമേയമായി ദേശരക്ഷ ഉരുത്തിരിയുന്നത്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു അതിന്റെ ഉപജ്ഞാതാവ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനും, ശിഥിലീകരിക്കാനും കച്ചകെട്ടിയ ശക്തികളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ 1980ൽ അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ വ്യവഹാരങ്ങളിലെ പ്രധാനപ്രമേയമായിരുന്നു.

ഇന്ദിരാഗാന്ധി

തന്റെയും കോൺഗ്രസ്സിന്റെയും സ്വാർത്ഥതാൽപര്യങ്ങളുടെ പരിരക്ഷണാർത്ഥം ഇന്ദിരാഗാന്ധി മെനഞ്ഞെടുത്ത വായ്ത്താരിയുടെ ഉപകരണം (റെട്ടറിക്കൽ ഡിവൈസ്) എന്ന നിലയിലാണ് അവരുടെ രാഷ്ട്രീയഎതിരാളികളും, വിശകലനവിദഗ്ധരും ദേശരക്ഷയുടെ വർത്തമാനങ്ങളെ അതിന്റെ തുടക്കത്തിൽ വിലയിരുത്തിയത്. ഭരണപരമായ വീഴ്ചകളിലും, പരാജയങ്ങളിലും നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ഉപാധിയായും വിഷയം വിലയിരുത്തപ്പെട്ടു. എന്നാൽ ക്രമേണ മുഖ്യധാര രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെയും പ്രധാന ചേരുവയായി ദേശരക്ഷ പരിണമിക്കുന്ന പ്രക്രിയ ശക്തമായി. ആസ്സാമിലും, പഞ്ചാബിലുമുണ്ടായ

പ്രക്ഷോഭങ്ങൾ, ചെറുസംസ്ഥാനങ്ങൾക്കും മറ്റുമായുള്ള വിവിധതരം സമരങ്ങൾ, ജാതി മർദ്ദനം, മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള സംഘടിത കലാപങ്ങൾ, ഇടതുപക്ഷ വിപ്ലവകാരികളുടെ നേതൃത്വത്തിലുള്ള സായുധ മുന്നേറ്റങ്ങൾ, ഇന്ദിര-രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകങ്ങൾ, ഭീകരപ്രവർത്തനം തുടങ്ങിയ നിരവധി സംഭവങ്ങൾ രാഷ്ട്രീയതലത്തിൽ അതിനുള്ള ഭൗതിക പശ്ചാത്തലം ഒരുക്കി. ദേശരക്ഷയെക്കുറിച്ചുള്ള ഉത്ക്കണ്ഠകൾ നിറഞ്ഞ ആഖ്യാനങ്ങൾക്ക് അതുവരെ ഇല്ലാതിരുന്ന അടിയന്തിരസ്വഭാവം ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൈവന്നു.

ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവവികത

തൂണിലും, തുരുമ്പിലും ദേശക്കൂറും, ദേശരക്ഷയും നിറഞ്ഞുനിൽക്കുന്ന മുഖ്യധാരയിലെ രാഷ്ട്രീയവ്യവഹാരത്തിന്റെ ആവിർഭാവത്തിനു സമാന്തരമായി സംഭവിച്ച മറ്റൊരു പ്രധാന പ്രക്രിയ സാമ്പത്തികമായ അസമത്വത്തിലുണ്ടായ അതിഭീമമായ വളർച്ചയാണ്. ലോകത്തിലെ ഏറ്റവുമധികം സാമ്പത്തികഅസമത്വം നിറഞ്ഞ ദേശങ്ങളിൽ ഒന്നാണ് ഇപ്പോൾ ഇന്ത്യ. ‘ബ്രിട്ടീഷ് രാജ് ടു ബില്യണർ രാജ്' എന്നു സാമ്പത്തിക ശാസ്ത്രജഞനായ തോമസ് പിക്കറ്റി വിശേഷിപ്പിക്കുന്ന ഈയൊരു പ്രക്രിയയുടെ തീവ്രത 1980കൾക്കുശേഷം അതിദ്രുതം വളർന്നു. ക്ഷേമരാഷ്ട്രനയങ്ങളെ 1980കളോടെ കൈയൊഴിഞ്ഞ ആഗോളമുതലാളിത്തം നവഉദാരവാദം എന്നു ഇപ്പോൾ തിരിച്ചറിയുന്ന ഇരപിടിയൻ മുതലാളിത്തക്രമത്തിലേക്കു ചുവടുമാറ്റം നടത്തിയതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സംഭവിച്ച ഈ പരിവർത്തനങ്ങൾ.

തോമസ് പിക്കറ്റി

ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും ദാരിദ്യത്തിന്റെയും, ഇല്ലായ്മയുടെയും കെടുതികളിൽ അധപതിക്കുന്ന ഇരപിടിയൻ മുതലാളിത്തസംവിധാനം സമ്പത്തും വരുമാനവും ഒരു ധ്രുവത്തിൽ മാത്രമായി കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ്. അതോടൊപ്പം തന്നെ അതിന്റെ ഭാഗമായുള്ള ക്രയവിക്രയങ്ങളുടെ ഗുണമനുഭവിക്കുന്ന മധ്യവർഗത്തിന്റെ പുതിയൊരു ശ്രേണിയുടെ വളർച്ചയും ഈ കാലഘട്ടത്തിൽ സാധ്യമാണ്. ആഗോളമുതലാളിത്തത്തിന്റെ തലത്തിലുണ്ടായ തൊഴിൽവിഭജനത്തിന്റെ പുനസംഘാടനവും, പുനക്രമീകരണവും - ഉൽപ്പാദനത്തിന്റെ വികേന്ദ്രീകരണം, പുറംകരാർ ജോലി - സൃഷ്ടിച്ച ചില അവസരങ്ങൾ സമൃദ്ധിയുടെ പുതിയ വിഹായസ്സുകളെപ്പറ്റിയുള്ള പ്രതീക്ഷകൾ ഈ പുതിയ മധ്യവർഗത്തിനു നൽകി. അണക്കെട്ടുകളും, വൻകിടവ്യവസായശാലകളും സ്വതന്ത്ര ഇന്ത്യയിലെ ‘പുതിയ

ക്ഷേത്രങ്ങളാണെന്ന' നെഹ്രുവിന്റെ വാഗ്‌ധോരണി 1950കളിൽ മധ്യവർഗത്തിൽ സൃഷ്ടിച്ച പ്രതീക്ഷകളെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു നവലിബറൽ മഹിമകളെ പ്രകീർത്തിക്കുന്ന സങ്കീർത്തനങ്ങൾ 90കൾക്കുശേഷമുള്ള കാലയളവിൽ പഴയതും, പുതിയതുമായ മധ്യവർഗങ്ങളെ സ്വാധീനിച്ചത്. ഉൽപ്പാദന-സേവനമേഖലയിലെ (മാനുഫാക്ചറിംഗ്-സേവന മേഖലകൾ) തൊഴിൽവിപണിയിൽ ആഗോളതലത്തിൽ ബോധപൂർവം നടപ്പിലാക്കിയ പുനസംഘാടനം സാമ്പത്തികമണ്ഠലത്തിലെ ചില സവിശേഷ മേഖലകളിൽ സൃഷ്ടിച്ച നിക്ഷേപ-തൊഴിൽ അവസരങ്ങൾ പുതിയകാലം പിറന്നുവെന്ന പ്രതീക്ഷകളെ വാനോളം ഉയർത്തി. ദേശതാൽപര്യങ്ങളുടെ ആണിക്കല്ലുകളായി അതുവരെ ഉയർത്തിപ്പിടിച്ചിരുന്ന സ്വാശ്രയത്വം, സ്വയം പര്യാപ്തത, തദ്ദേശീയ വികസനം തുടങ്ങിയ സങ്കൽപ്പനങ്ങൾ അതോടെ ഒരോന്നായി ഭരണവർഗത്തിന്റെ പ്രതിനിധികൾ ഉപേക്ഷിച്ചു. തങ്ങളുടെ ഭരണനീതീകരണത്തിന്റെ ആശയങ്ങൾ കൈയ്യൊഴിയുന്നതോടെ നീതീകരണത്തിനുള്ള പുതിയ മാനങ്ങൾ ഭരണവർഗങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. വികസനത്തിന്റെ പഴയ സങ്കൽപ്പനങ്ങളായ സ്വാശ്രയത്വവും, സ്വയം പര്യാപ്തതയുമൊക്കെ ഉപേക്ഷിച്ചതിനു സമാന്തരമായി സൈനികവൽകൃതമായ ദേശക്കൂറിന്റെയും, ദേശരക്ഷയുടെയും ആഖ്യാനങ്ങളുടെ ഭാഷ ഭരണനീതീകരണത്തിന്റെ ഭാഗമായി പൊതുമണ്ഠലത്തിൽ വ്യാപകമാവുന്നതിന്റെ സാമ്പത്തിക പശ്ചാത്തലം ഇതായിരുന്നു. ‘രാജ്യത്തിന്റെ അതിർത്തിരേഖ നിങ്ങളുടെ വീട്ടുപടിക്കൽ എത്തുമോ' എന്ന കോൺഗ്രസ്സിന്റെ 1984-ലെ പൊതുതെരഞ്ഞടുപ്പിന്റെ പരസ്യവാചകം രാഷ്ട്രീയ-സാമ്പത്തിക മണ്ഡലത്തിൽ സംഭവിച്ച ഈ മാറ്റത്തിന്റെ ഒരു നല്ല ദൃഷ്ടാന്തമാണ്. ആഗോളമൂലധനത്തിന്റെയും, വിപണിയുടെയും ആവശ്യങ്ങൾക്കനുസൃതമായ തരത്തിൽ ഉൽപ്പാദന-വിതരണ സംവിധാനം ഒരുക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന നിഗമനത്തിൽ ഭരണവർഗം സമന്വയത്തിലെത്തി. ഇതോടെ ദാരിദ്ര്യത്തിന്റെയും, ഇല്ലായ്മയുടെയും വൻകരകളിൽ രൂപംകൊണ്ട സമൃദ്ധിയുടെ ഒറ്റപ്പെട്ട തുരുത്തുകൾ വികസനത്തിന്റെ ഉത്തമാതൃകകളായി ആഘോഷിക്കപ്പെട്ടുവെങ്കിലും അസഹനീയമായ അസമത്വം സൃഷ്ടിക്കുന്ന സാമൂഹിക സംഘർഷങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ലായിരുന്നു.

പുരാതനമായ ജാതിമർദ്ദനം, പുരുഷമേധാവിത്തം പോലുള്ള അസമത്വങ്ങളോടൊപ്പം ഇരപിടിയൻ മുതലാളിത്തം അസഹനീയമാക്കിയ സാമ്പത്തിക ചൂഷണത്തിനും എതിരായ ചെറുത്തുനിൽപ്പുകളെ

പ്രതിരോധിക്കുന്നതിനുള്ള കവചിതവലയമായി ദേശരക്ഷയുടെ ആഖ്യാനങ്ങൾ ഇതോടെ നിരന്തരം ആനയിക്കപ്പെട്ടു. ദീർഘകാലം നിഷ്‌ക്രിയമായി കഴിയുന്ന രോഗാണുക്കൾ അനുകൂലസാഹചര്യത്തിൽ അവയുടെ സംഹാരശേഷി പ്രകടിപ്പിക്കുന്നതുപോലെ ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവവികതക്ക് പുതിയൊരു നീതീകരണം ലഭിക്കുന്നതിനുള്ള ലക്ഷണയുക്തമായ സാഹചര്യം ഇതോടെ രൂപപ്പെട്ടു.

‘മിലേ സുർ മേര തുമാര'

സ്വകാര്യ ടെലിവിഷൻ സ്ഥാപനങ്ങളുടെ കടന്നുവരവോടെ പുതിയ രൂപഭാവങ്ങൾ കൈവരിച്ച മാധ്യമീകൃതമായ സാംസ്‌കാരിക വ്യവസായത്തിന്റെ മണ്ഠലം അതിനുള്ള അരങ്ങായി. സൈനികവൽകൃതമായ ദേശക്കൂറും, ദേശരക്ഷയും സവർണ്ണഹൈന്ദവ മഹിമയും രാഷ്ട്രീയ ഹൈന്ദവികതയുടെ ഒറ്റ ഫ്രെയിമിൽ സന്നിവേശിപ്പിക്കുന്ന ആഖ്യാനങ്ങൾ ജനപ്രിയമായ സാംസ്‌ക്കാരിക വ്യവസായത്തിന്റെ മുഖ്യ ഉൽപ്പന്നങ്ങളായി. ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്ന അഖണ്ഠതയുടെ മന്ത്രസൂക്തം ഭരണകൂട പ്രൊപഗാൻഡയുടെ പ്രധാന ഉള്ളടക്കമായി. സംഗീതം, നൃത്തം, നാടകം, സിനിമ, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളെല്ലാം ദേശക്കൂറും, ദേശരക്ഷയും വീണ്ടും, വീണ്ടും ഉറപ്പിക്കുന്നതിനുള്ള വേദികളും, ഉപകരണങ്ങളുമായി. ഭൂമിശാസ്ത്രപരവും, സാംസ്‌ക്കാരികവും, ഭാഷാപരവുമായ വൈജാത്യങ്ങളെല്ലാം അതിജീവിക്കുന്ന ചരിത്രാതീതവും, അഭിന്നവുമായ ഭാരതീയതയുടെ ആദർശവൽക്കരിച്ച വാർപ്പുമാതൃകൾ -- രാഷ്ട്രീയ ഹൈന്ദവികതയുടെ പ്രച്ഛന്നവേഷധാരി -- ഭരണകൂട നീതീകരണത്തിന്റെ ഉത്തമബിംബമായി. ഈ പുതിയ ബിംബനിർമിതിയുടെ ലക്ഷണയുക്തമായ പ്രചാരണത്തിന്റെ ആവിഷ്‌ക്കാരമായിരുന്നു ‘മിലേ സുർ മേര തുമാര' (എന്റെയും, നിങ്ങളുടെയും സ്വരം ഒന്നായി തീരുമ്പോൾ) എന്ന സംഗീതാവിഷ്‌ക്കാരം. ക്ലാസിക്കൽ സംഗീതം, നൃത്തം, സിനിമ, നാടകം, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രഗൽഭരെ അണിനിരത്തിയ പ്രസ്തുത സംഗീതശിൽപ്പം ഭരണകൂടവും, സ്വകാര്യ മാധ്യമ വിനോദവ്യവസായവും ഒരേ ലക്ഷ്യത്തിനായി കൈകോർക്കുന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു.

ഒഗിൾവി ആന്റ് മാതർ എന്ന ബഹുരാഷ്ട്ര പരസ്യ-പബ്ലിക് റിലേഷൻസ് സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായ പീയൂഷ് പാണേ്ഠയാണ് (പിൽക്കാലത്ത് അദ്ദേഹം അതിന്റെ ചെയർമാനായി) അതിന്റെ രചന നിർവഹിച്ചത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി ചുവപ്പുകോട്ടയിൽ നിന്ന് 1988 ആഗസ്റ്റ് 15ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ശേഷം ഈ സംഗീതശിൽപ്പം ദൂരദർശൻ വഴി ദേശവ്യാപകമായി സംപ്രേഷണം ചെയ്യുകയായിരുന്നു. സ്വന്തം ജീവന് ഒരു വിലയുമില്ലാതെ ഉഴലുമ്പോഴും ദേശരക്ഷയുടെ പേരിലുള്ള ഭരണകൂടാഖ്യാനങ്ങളെ ചോദ്യംചെയ്യാതെ സ്വീകരിക്കുന്ന അവസ്ഥയിലേക്കു ഈ ഉപഭൂഖണ്ഠത്തിലെ ഭൂരിഭാഗം ജനങ്ങളും പരുവപ്പെടുന്ന, ഭരണവർഗ അധീശത്വത്തിനു വിധേയപ്പെടുന്ന രാസപ്രക്രിയയിലെ ഒരു പ്രധാനചേരുവയായി മാധ്യമങ്ങൾ ഉരുത്തിരിയുന്നത് സാംസ്‌ക്കാരിക പ്രതിഭാസം മാത്രമല്ല. കൃത്യമായ വാണിജ്യ താൽപര്യം കൂടിയാണ് എന്നു ബോധ്യപ്പെടുത്തുന്ന ഉൽപ്പന്നമായിരുന്നു ഈ സംഗീതശില്പം. സാംസ്‌ക്കാരിക വ്യവസായത്തിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വ്യാപൃതരായ തിയഡോർ അഡോർണയെ പോലുള്ളവർ പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു. ‘പൊതുവിൽ വിശ്രമവേളയിലാണ് രാഷ്ട്രീയവാർത്തകളും സ്വീകാര്യമാവുന്നതിനാൽ വിനോദത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് അവയുടെ സ്ഥാനം. ഉൽപ്പദാനസംവിധാനത്തിൽ പ്രത്യക്ഷത്തിൽ പങ്കുള്ള ഒരാൾ ഭാഗഭാക്കാവുന്ന വ്യവഹാരമെന്നതിനു പകരം രാഷ്ട്രീയവും കണക്കാക്കപ്പെടുന്നതും സിനിമ, കായിക മത്സരം എന്നിവ

പോലുളള വിനോദമായാണ് ', എന്ന അഡോർണയുടെ നിരീക്ഷണം മുഖ്യധാരമാധ്യമങ്ങളുടെ ഉള്ളടക്കത്തെ മനസ്സിലാക്കുന്നതിനും, വിലയിരുത്തന്നതിനും ഇപ്പോഴും പ്രസക്തമാണ്. രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക മണ്ഠലങ്ങളിലെ പല അടരുകളിലായി ഏറ്റവും കുറഞ്ഞപക്ഷം കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി പതിഞ്ഞ ദേശരക്ഷയുടെയും, ദേശക്കൂറിന്റെയും മുദ്രണങ്ങളുടെ പട്ടികയിൽ സ്വർണ്ണക്കടത്തും, അമ്പലം കെട്ടലും ഇടംപിടിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങൾ പങ്കിനെ മനസ്സിലാക്കുവാൻ അത്തരമൊരു പരിപ്രേക്ഷ്യം സഹായകരമാവും.

ബോധപൂർവം അവഗണിക്കപ്പെടുന്ന വസ്തുതകൾ

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്തിന്റെ വിവരണങ്ങൾ മാസങ്ങളോളമാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ഒരോ മാധ്യമസ്ഥാപനങ്ങളും അവയുടെ ഭാവനാനുസരണം നിർമിക്കുന്ന അതിഭാവുകത്വം നിറഞ്ഞ വിവരണങ്ങൾ മാറ്റിനിർത്തിയാൽ കേരളത്തിലും, രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും നടക്കുന്ന ഇപ്രകാരമുള്ള പ്രവർത്തികളുടെ കാര്യകാരണങ്ങളെ പറ്റി വസ്തുതകളിൽ ഊന്നിയുള്ള വാർത്തകൾ - ആംഗലേയത്തിൽ പറയുന്ന ഫാക്ട്-ബേസ്ഡ് ഇൻഫർമേഷൻ - ഇപ്പോഴും വിരളമാണ്. കേരളത്തിന്റെ രാഷ്ട്രീയ-സമ്പദ്ഘടനയിലും, സാംസ്‌ക്കാരികജീവിതത്തിലും സ്വർണ്ണത്തിന്റെ പങ്കിനെപ്പറ്റിയുള്ള പരിശോധനകൾ സാധാരണഗതിയിൽ ദൈനംദിന കുറ്റകൃത്യ വാർത്തകളുടെ പരിഗണനയിൽ വരുന്ന വിഷയമല്ല. എന്നാൽ ദേശരക്ഷ മുതൽ മുഖ്യമന്ത്രിയുടെ ഓഫീസുവരെ നീളുന്ന സംഭ്രമജനകമായ കുറ്റാന്വേഷണ പരമ്പരയായി വിഷയം മാറിയതോടെ അത്തരമൊരു പരിഗണന വസ്തുതകളിൽ ഊന്നിയുള്ള വാർത്തകളുടെ പരിഗണനയിൽ വരേണ്ടതാണ്. അതുണ്ടാവിന്നില്ലെന്നു മാത്രമല്ല കേസ്സിന്റെ ഇതുവരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വസ്തുതാപരമായ ചില കാര്യങ്ങൾ ബോധപൂർവ്വം അവഗണിക്കുന്ന പ്രവണതയും നമുക്ക് കാണാവുന്നതാണ്. കേസ്സിന്റെ തീവ്രവാദ ബന്ധവും, ദേശരക്ഷയും അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയെ (എൻ.ഐ.എ) പോലുള്ള സംവിധാനങ്ങൾ അതാതു കാലഘട്ടങ്ങളിൽ കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന കക്ഷികളോടു പുലർത്തുന്ന പ്രകടമായ രാഷ്ട്രീയവിധേയത്വം മാധ്യമങ്ങളിൽ ഗൗരവമായ ചർച്ചയാവാതെ പോവുന്നത് ഒരുദാഹരണം. കേസുമായി ബന്ധപ്പെട്ട കൊച്ചിയിലെ എൻ.ഐ.എ കോടതി ജൂലൈ 29നു നടത്തിയ നിർണ്ണായകമായ ഒരു നിരീക്ഷണം മിക്കവാറും മാധ്യമങ്ങൾ അവഗണിച്ചത് രണ്ടാമത്തെ ഉദാഹരണം. കള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന് പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണെന്ന നിഗമനം സ്ഥിരീകരിക്കുന്നതിന് ആധികാരികമായ തെളിവുകൾ സമർപ്പിക്കാത്തപക്ഷം കുറ്റാരോപിതരായ വ്യക്തികളുടെ പേരിലുള്ള നിയമവിരുദ്ധപ്രവർത്തനനിരോധന നിയമം അഥവാ യു.എ.പി.എ കേസ് തള്ളുമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു. കുറ്റാരോപിതരുടെ ജാമ്യാപക്ഷേയിൽ വാദം കേൾക്കുമ്പോഴാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. ‘ദ ഹിന്ദു' പത്രത്തിൽ മാത്രമാണ് കുറച്ചെങ്കിലും പ്രാധാന്യത്തോടെ ആ വാർത്ത പ്രത്യക്ഷപ്പെട്ടത്. അന്വേഷണം തുടങ്ങി ആഴ്പകൾ കഴിഞ്ഞിട്ടും ഭീകരപ്രവർത്തനത്തിനുള്ള ധനസമാഹരണമാണ് നടന്നതെന്നു തെളിയിക്കുന്ന രേഖകൾ ഒന്നും കോടതിയുടെ മുന്നിൽ എത്തിയിട്ടില്ലെന്ന് ഈ നിരീക്ഷണം വ്യക്തമാക്കുന്നു. ഇന്ത്യയിലെ സ്വർണ്ണവിപണിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ നടക്കുന്ന നിയമപരവും, നിയമവിരുദ്ധവുമായ ക്രയവിക്രയങ്ങളെപ്പറ്റി പൊതുമണ്ഡലത്തിൽ ലഭ്യമായ വിവരങ്ങൾക്കപ്പുറം വിമാനത്താവളം വഴിയുള്ള കടത്തുമായി ബന്ധപ്പെട്ട് രേഖാപരമായ തെളിവുകളും, സവിശേഷമായ വിവരങ്ങളും അന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി സൂചനകളൊന്നുമില്ല. അതു സംബന്ധിച്ച വിലയിരുത്തലുകളൊന്നും ഇതുവരെ ഒരു മാധ്യമങ്ങളും നടത്തിയിട്ടില്ല. ശരാശരി 1,000 ടൺ സ്വർണ്ണമാണ് ഒരു കൊല്ലം ഇന്ത്യയിൽ ഇറക്കുമതിയായി എത്തുന്നത്. അതിൽ 750-800 ടൺ നിയമവിധേയമായും 200-250 ടൺ കള്ളക്കടത്തായും ആണ് വരുന്നത്. ഇറക്കുമതിയുടെ സിംഹഭാഗവും ദുബായ് കേന്ദ്രീകരിച്ചാണ്. കാനഡ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഇംപാക്ട് (IMPACT) 2019 നവംബറിൽ എ ഗോൾഡൻ ഹബ് - സ്വർണ്ണക്കടത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യ എങ്ങനെ മാറി - എന്ന പേരിൽ 48-പേജുള്ള ഒരു റിപ്പോർട്ട് ഡെൽഹിയിൽ വച്ചു പുറത്തിറക്കിയിരുന്നു. അത് ഒന്നു മനസ്സിരുത്തി വായിച്ചാൽ ദുബായ് കേന്ദ്രമായി ഇന്ത്യയിലേക്കു നടത്തുന്ന സ്വർണ്ണക്കടത്തിന്റെ സവിശേഷതകളെപ്പറ്റി പൊതുധാരണ ലഭിക്കും. അതിൽ പേജു 30ൽ ഒരു സമീർ ഭീംജിയെക്കുറിച്ചും, പേജ് 39ൽ ഒരു പൃഥിവ്‌രാജ് കോത്താരിയെ പറ്റിയുമുള്ള വിവരണങ്ങൾ വായിക്കുന്നപക്ഷം കുറച്ചുകൂടി വിശ്വസനീയമായ നിലയിൽ അന്വേഷണ പരമ്പരകൾ എഴുതാനാവും.

എന്തുകൊണ്ട് ദേശരക്ഷയുടെ രാഷ്ട്രീയം

സ്വർണ്ണക്കടത്തിനെക്കുറിച്ചുള്ള വസ്തുതപരമായ വാർത്തകളുടെ അഭാവം മറ്റു പല രൂപത്തിലും പ്രകടമായിരുന്നു. അതിൽ ഏറ്റവും പ്രധാനം ഇന്ത്യയിൽ തന്നെ കണ്ടെത്തിയ ഏറ്റവും വലിയ ഒരു സ്വർണ്ണക്കടത്തിനെക്കുറിച്ചായിരുന്നു. 2019-നവംബർ 6-നു റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് ബോംബ ഹൈക്കോടതയിൽ ഫയൽ ചെയ്ത സത്യവാങ്മൂലം അനുസരിച്ച് 2017 ജനുവരിക്കും 2019 മാർച്ചിനുമിടയിൽ 4,522 കിലോ (നാലര ടണ്ണും ചില്ലറയും) സ്വർണ്ണം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കു കടത്തിയിരുന്നു. ഗുജറാത്ത് വഴി കടത്തിയ സ്വർണ്ണം മുംബെയിലായിരുന്നു എത്തിച്ചിരുന്നത്. കടത്തിയ പൊന്നിന്റെ വില 1,476 കോടി രൂപ. പെരുമ്പാവൂർ സ്വദേശി നിസാർ അലിയാരാണ് കേസ്സിലെ മുഖ്യപ്രതി. അപ്പോൾ ഒന്നും ഇല്ലാത്ത ഭീകരബന്ധവും, ദേശരക്ഷയും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കടത്തിന്റെ കാര്യത്തിൽ വരുന്നതിന്റെ കാരണം സ്വാഭാവികമായും മാധ്യമങ്ങൾക്കു കൗതുകമുളവാക്കേണ്ടതാണ്.

ഗുജറാത്തിൽ നിന്നുളള സമാനമായ മറ്റൊരു കേസ്സിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ചാലും തിരുവനന്തപുരം വഴിയുള്ള കടത്തിൽ മാത്രം തെളിയുന്ന ദേശരക്ഷയുടെ രാഷ്ട്രീയം വ്യക്തമാവും. 2019-ജൂലൈയിലാണ് അഹമ്മദാബാദ് വിമാനത്താവളം കേന്ദ്രമാക്കിയുള്ള വലിയ സ്വർണ്ണക്കടത്തു സംഘത്തെ കസ്റ്റംസ് കണ്ടെത്തുന്നത്. രുതുംഗ ത്രിവേദി എന്ന വ്യക്തിയായിരുന്നു കടത്തിന്റെ സൂത്രധാരൻ. 2014-മുതൽ 2019 വരെയുള്ള കാലയളവിൽ ഈ സംഘം 1,300 കോടി രൂപ വിലയുള്ള 4,242 കിലോ സ്വർണ്ണം കടത്തിയെന്നാണ് കേസ്. കടത്തിനുവേണ്ടി സാമ്പത്തിക സഹായം ചെയ്ത മൂന്നു പേരുടെ പേരിൽ കൊഫേപോസ നിയമപ്രകാരം കേസ്സ് ചുമത്തി ആഗസ്റ്റിൽ ജയിലിൽ അടച്ചു. സ്വർണ്ണകടത്തിന് 204 കോടി രൂപ ധനസഹായം ചെയ്തുവെന്നു കസ്റ്റംസ് കണ്ടെത്തിയവരിൽ ഒരാളായ പ്രമോദ്ഗിരി ഗോസ്വാമി കസ്റ്റംസിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ എത്തി. കോടതി 2020-ജനുവരിയിൽ കൊഫേപോസ ഉത്തരവ് കോടതി റദ്ദാക്കി. സുപ്രീം കോടതി വിധി ചുണ്ടിക്കാട്ടി മറ്റൊരു സാമ്പത്തിക സഹായിയായ മെഹുൾ ബിമാനിക്ക് ദൽഹി ഹൈക്കോടതി ഫെബ്രുവരിയിലും, 52-കോടി നൽകിയ ജിതേന്ദ്ര രോക്കാഡ് അഹമ്മദാബാദ് ഹൈക്കോടതിയിൽ നിന്നും മാർച്ചിലും അനുകൂലവിധി നേടി പുറത്തു വന്നു. നിസാർ അലിയാർക്കും കൂട്ടർക്കുമെതിരെയുള്ള ഡി.ആർ.ഐ ഉത്തരവ് മുംബെ ഹൈക്കോടതി അസാധുവാക്കിയെങ്കിലും പ്രസ്തുത വിധി സുപ്രീംകോടതി റദ്ദാക്കയതിനാൽ കേസും കൂട്ടവും ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട വിധികൾ പരിശോധിച്ചാൽ സ്വർണ്ണക്കടത്തു പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ സഹിതം ശിക്ഷിക്കുന്നതിനുള്ള പ്രയാസങ്ങൾ വെളിവാകും.

മാധ്യമീകൃതമായ ദേശരക്ഷയുടെ ആഖ്യാനങ്ങൾ

കള്ളക്കടത്തു വഴി ഇന്ത്യയിലെത്തുന്ന സ്വർണ്ണത്തിന്റെ സിംഹഭാഗവും വരുന്ന മുംബെ-ഗുജറാത്ത് മേഖലയിൽ ഒരിക്കലും ദൃശ്യമാവാത്ത ദേശരക്ഷയുടെ ഉത്ക്കണ്ഠകൾ താരതമ്യേന കുറഞ്ഞ അളവിൽ കളളക്കടത്തു നടക്കുന്ന കേരളം വഴിയാവുമ്പോൾ എന്തുകൊണ്ടാണ് ഉച്ചസ്ഥായിയിൽ എത്തുന്നത്​ എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല. സ്വർണ്ണക്കടത്തു പോലുളള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ചില അടിസ്ഥാന വസ്തുതകളുടെ പശ്ചാത്തലത്തിൽ വേണം മാധ്യമീകൃതമായ ദേശരക്ഷയുടെ ആഖ്യാനങ്ങളെ വിലയിരുത്തേണ്ടത്. ദേശക്കൂറും, ദേശരക്ഷയും തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്നതിനുള്ള അടയാള വാക്കുകളായി തീവ്രവലതുപക്ഷം ഉപയോഗപ്പെടുത്തുന്നതിന്റെ രാഷ്ട്രീയം രേഖപ്പെടുത്തുന്നതിൽ മുഖ്യധാരമാധ്യമങ്ങൾ പരാജയമാണെന്ന വിലയിരുത്തലുകൾ ആഗോളതലത്തിൽ തന്നെ സജീവമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മുഖ്യധാരയിലെ ഒരു വിഭാഗം മാധ്യമങ്ങൾ തീവ്രവലതുപക്ഷത്തിന്റെ സന്ദേശവാഹകരാണെങ്കിൽ മറ്റൊരു വിഭാഗം മയമുള്ള മിതവാദികളായ വലതുപക്ഷമാണെങ്കിൽ കുഴപ്പമില്ല എന്ന നിലയിൽ വിഷയങ്ങളെ സമീപിക്കുന്നവരാണ്. അതായത് ഡൊണാൾഡ് ട്രമ്പിനു പകരം ജോ ബിദൻ. ട്രമ്പിനെതിരായ ബദൽ ബിദനാണെന്ന സമീപനം നിലവിലുള്ള സാഹചര്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നതിനു മാത്രമാണ് സഹായിക്കുക എന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാനവിഷയം. നിലവിലുള്ള സംവിധാനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താത്ത തൽസ്ഥിതി സംരക്ഷകരായ നേതാക്കളെ മാത്രം ബദലുകളായി ഉയർത്തിക്കാണിക്കുന്ന മുഖ്യധാരയിലെ ലിബറൽ-പുരോഗമന മാധ്യമങ്ങളുടെ സമീപനത്തിന്റെ ഉദാഹരണമായി അമേരിക്കയിൽ ബെർനി സാൻഡേർസിനും, ബ്രിട്ടനിൽ ജർമി കോർബ്യനുമെതിരെ നടത്തിയ പ്രചാരണം ഉദാഹരണമായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ-ഹൈന്ദവികതയുടെ ചുമലിലേറി വാഴുന്ന ഇന്ത്യയിലെ ഫാസിസ്റ്റു വലതുപക്ഷത്തിന്റെ പ്രകടമായ മുസ്‌ലിം വിരുദ്ധതയും, കേരളത്തിന്റെ പൊതുബോധനിർമിതിയിൽ രൂഢമൂലമായ സ്ത്രീവിരുദ്ധതയും, പരമ്പരാഗതമായ കമ്യൂണിസ്റ്റു വിരോധവും ഒന്നുചേരുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ സംഗമസ്ഥലമായി ദേശരക്ഷയുടെ നിർമിതികൾ ഉരുത്തിരിയുന്നതിന്റെ സൂചനകളാണ് സ്വർണ്ണക്കടത്തുമായ ബന്ധപ്പെട്ട കഴിഞ്ഞ ഒരു മാസത്തെ മുഖ്യധാരയിലെ മാധ്യമ ആഖ്യാനങ്ങൾ നൽകുന്നത്. കേരളത്തിൽ ഉരുത്തിരിയുന്ന ദേശരക്ഷയുടെ ഈ വലതുപക്ഷ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിനുള്ള ഉൾക്കരുത്തും, ശുഷ്‌ക്കാന്തിയും കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന് എന്തുകൊണ്ടു നഷ്ടമായി എന്ന ചോദ്യമാണ് ‘എൻ.ഐ.എ വരട്ടെ, എല്ലാ ശരിയാവും' എന്ന സമീപനത്തിൽ നിന്ന് വ്യക്തമാകുന്നത്. ബി.ജെ.പിയും, കോൺഗ്രസ്സും മാത്രമല്ല കേരളത്തിൽ സിപി.എമ്മും ദേശരക്ഷയുടെ പേരിൽ ആണയിടുന്ന സാഹചര്യത്തിൽ അതിന്റെ ഉത്തരം മറ്റൊരു വിഷയമായതിനാൽ അതിലേക്കു കടക്കുന്നില്ല.

Comments