കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്:
സർക്കാരിന് ആരെയാണ് പേടി?
സിനിമാപ്രവർത്തകർ സംസാരിക്കുന്നു
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: സർക്കാരിന് ആരെയാണ് പേടി? സിനിമാപ്രവർത്തകർ സംസാരിക്കുന്നു
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിനിമാ പ്രവര്‍ത്തകർ രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകന്മാരായ ആഷിഖ് അബു, മഹേഷ് നാരായണന്‍, ജിയോ ബേബി, സംഗീതസംവിധായകൻ ബിജിബാൽ എന്നിവരും ജാതി വിവേചനം നേരിട്ട വിദ്യാര്‍ഥികളും ട്രൂ കോപ്പിയോട് സംസാരിക്കുന്നു.
13 Dec 2022, 05:54 PM
സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കോട്ടയത്തെ കെ.ആർ. നാരായണന്‍ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സിൽ അരങ്ങേറുന്ന ജാതിവിവേചനം, സംവരണ അട്ടിമറി തുടങ്ങിയ പരാതികളിൽ, ആരോപണ വിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻറ് കൗണ്‍സിലിന്റെ അനിശ്ചിതകാല സമരം എട്ടുദിവസം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകർ. സംവിധായകന്മാരായ ആഷിഖ് അബു, മഹേഷ് നാരായണന്‍, ജിയോ ബേബി, സംഗീത സംവിധായകൻ ബിജിബാൽ എന്നിവരും ജാതിവിവേചനം നേരിട്ട വിദ്യാര്‍ഥികളും ട്രൂ കോപ്പി തിങ്കുമായി സംസാരിക്കുന്നു.
അസ്വസ്ഥതയുണ്ടാക്കുന്ന വാർത്ത - ആഷിഖ് അബു
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയ്തികളെ ജനാധിപത്യവിരുദ്ധമായ ക്രിമിനല്‍ നടപടിയായി തന്നെ കാണേണ്ടതുണ്ടെന്നും സമരം തുടങ്ങി ഇത്രയും ദിവസം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാറും പൊതുജനവും ഈ വിഷയത്തോട് തണുപ്പന്‍ സമീപനം സ്വീകരിക്കുന്നതെന്ന് അറിയില്ലെന്നും സംവിധായകന്‍ ആഷിഖ് അബു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ഒരു പൗരനെന്ന നിലയില്‍ കേരളത്തില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് വലിയ അസ്വസ്ഥയുണ്ടാവുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളോടും ജീവനക്കാരോടും അധികാരികള്‍ ചെയ്ത പ്രവൃത്തികളെക്കുറിച്ചുള്ള നേര്‍സാക്ഷ്യങ്ങള്‍ വന്നുകഴിഞ്ഞു. ഇതിനോടെല്ലാം ശക്തമായ വിയോജിപ്പും അമര്‍ഷവും ഞാന്‍ പ്രകടിപ്പിക്കുകയാണ്. സ്ഥാപനത്തിലെ ജാതീയവും മനുഷ്യത്വരഹിതവുമായ വിവേചനങ്ങള്‍ക്കുമെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിക്കുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കി, കൂടെ നില്‍ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഈ വിഷയത്തിന് വേണ്ടത്ര ഗൗരവം മിക്കവരും നല്‍കിയിട്ടില്ല. ഈ സമയത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ക്കൊപ്പം നില്‍ക്കുക എന്നതിനെ ഞാനെന്റെ നിലപാടായി സ്വീകരിക്കുന്നു.

എനിക്ക് രോഷമുണ്ട് - ജിയോ ബേബി
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളോട് മനുഷത്വവിരുദ്ധമായിട്ടാണ് അവിടുത്തെ ഭരണസംവിധാനം പെരുമാറുന്നതെന്നും കൂടുതല്‍ ആളുകള്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതികരിക്കേണ്ടതുണ്ടെന്നും സംവിധായകൻ ജിയോ ബേബി അഭിപ്രായപ്പെട്ടു: ഒരു കൊല്ലം മുന്‍പ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. നിരവധി വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങള്‍ അന്നും നടന്നിട്ടുണ്ട്. സമരം തുടങ്ങിയശേഷം ഫിലിംഫെസ്റ്റിവലിന് വന്ന കുട്ടികള്‍ക്ക് റൂം പോലും നല്‍കാതെ പ്രതികാര ബുദ്ധിയോടു കൂടിയാണ് ഡയറക്ടറും ഇന്‍സ്റ്റിറ്റ്യൂട്ടും പെരുമാറുന്നത്. ഈ സമീപനം ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതല്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണതൊഴിലാളികളെ കൊണ്ട് ഡയറക്ടറുടെ വീട്ടിലെ ടോയ്‌ലറ്റ് കൈകൊണ്ട് വൃത്തിയാക്കിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ശങ്കര്‍ മോഹന്റെ ഇത്തരം വൃത്തികെട്ട മെന്റാലിറ്റിയെ സഹിക്കാനുള്ള ബാധ്യത മലയാളികള്‍ക്കില്ല. ലോകത്തിനുമുന്നില്‍ മലയാളികള്‍ക്ക് അഭിമാനത്തോടു കൂടി കാണിക്കാനുള്ള സ്ഥാപനമാണിത്. അത്തരത്തിലൊരു സ്ഥാപനത്തില്‍ ഈ തോന്നിവാസങ്ങളൊക്കെ നടത്താന്‍ നമ്മള്‍ അനുവദിക്കരുത്. ഈ സ്ഥാപനം നമ്മുടേതാണെന്ന തിരിച്ചറിവോടെ ഓരോ പൗരനും ഈ വിഷയത്തില്‍ ഇടപെടണം. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകുന്നുള്ളു. കേരളത്തിന് പുറത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കുന്നവര്‍ പോലും ഈ വിഷയത്തെ കണ്ടതായിപോലും നടിച്ചിട്ടില്ല. ഫാമിലി ലോയല്‍റ്റി ചൂണ്ടിക്കാട്ടി ഡയറക്ടറെ ന്യായീകരിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഇത്തരം കുടുംബപശ്ചാത്തലങ്ങളില്‍നിന്ന് വരാത്തവര്‍ക്ക് ഡയറക്ടര്‍ പദവിയില്‍ ഇരിക്കാന്‍ കഴിയില്ലേ? ഈ വിഷയത്തില്‍ എനിക്ക് വലിയ രോഷമുണ്ട്. ഇനിയും കൂടുതല്‍ ആളുകള്‍ പ്രതികരണങ്ങളുമായി മുന്നോട്ടുവരേണ്ടതുണ്ട്.

ഇനിയും മൗനം പാടില്ല - ബിജിബാൽ
കേരളം പോലെ പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹത്തിനിടയില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ വരുന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നുണ്ടെന്ന് സംഗീത സംവിധായകന്‍ ബിജിബാൽ പ്രതികരിച്ചു: "" ഇന്ന് കേരളം പോലെ പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹത്തിനിടയില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ വരുന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു. ജാതീയ വിവേചനങ്ങളെയൊക്കെ മുളയിലേ നുള്ളാനുള്ള നടപടികളാണ് അധികാരികള്‍ സ്വീകരിക്കേണ്ടത്. കേരളത്തിനുപുറത്ത് നടക്കുന്ന ജാതിവിവേചനങ്ങൾക്കെതിരെ വലിയ രീതിയില്‍ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളും പൊതുജനങ്ങളും നമ്മുടെ നാട്ടില്‍ തെളിവുകളോടെ സ്ഥാപിക്കപ്പെട്ട ഈ വിഷയത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളില്‍ ഇങ്ങനെ മൗനികളായി ഇരുന്നിട്ട് കാര്യമില്ല. ഈ വിഷയത്തിന് വേണ്ടത്ര ഗൗരവം സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. സമരത്തോടുള്ള എന്റെ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ഐ.എഫ്.എഫ്.കെയിലെ പ്രതിഷേധത്തിലൂടെ അറിയിക്കുന്നത്.

ജാതി നോക്കി മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ല- മഹേഷ് നാരായണൻ
ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളില്‍ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കാതെ എത്രയും പെട്ടെന്ന് സർക്കാർ പരിഹാരം കാണണമെന്ന് സംവിധായകൻ മഹേഷ് നാരായണൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: മുന്‍ അധ്യാപകന്‍ എന്ന നിലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാഹചര്യങ്ങള്‍ എനിക്ക് വ്യക്തമായി അറിയാം. പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനം ഒരു ഇന്‍സ്റ്റിറ്റ്യൂഷനുണ്ടെങ്കില്‍ പത്ത് പേരെയും എടുക്കണം. പത്ത് ഡയറക്ഷന്‍ വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് തത്തുല്യമായി പത്ത് സിനിമോറ്റോഗ്രഫി സ്റ്റുഡൻറ്സും, പത്ത് എഡിറ്റിങ് സ്റ്റുഡൻറ്സും ഉണ്ടാവണം. വിദ്യാര്‍ഥികള്‍ ഇന്ന തലത്തിലാണ്, ഇന്ന രീതിയാണ് ചെയ്യുന്നത്, അല്ലെങ്കില്‍ ഇന്ന ജാതിയില്‍പ്പെട്ടയാളാണ് അതുകൊണ്ട് മാറ്റിനിര്‍ത്തുന്നു എന്നുപറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തുന്നതിനോട് ശക്തമായി വിയോജിക്കുന്നു. പഠിച്ചുതുടങ്ങിയ ശേഷം ഒരു വിദ്യാര്‍ഥിക്ക് മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ പറ്റുന്നില്ല എന്നത് വേറെ വിഷയമാണ്. സീറ്റ് കൊടുക്കുക, അതാണ് ആദ്യ കാര്യം. അതിനകത്ത് മുപ്പത് വയസ് കഴിഞ്ഞവര്‍ പ്രായം കഴിഞ്ഞവരാണ് എന്നു പറയുന്നതിനോടും യോജിപ്പില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് മാറ്റിനിര്‍ത്തിയ അനന്തപത്മനാഭന്‍ എന്ന വിദ്യാര്‍ഥി ‘മാലിക്ക്’ എന്ന സിനിമ തൊട്ട് എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നുണ്ട്. വളരെ ടാലൻറ് ഉള്ള ഒരാളാണ് അനന്തപത്മനാഭന്‍. സിനിമാ പഠനത്തില്‍ സര്‍ട്ടിഫിക്കറ്റിനല്ല കഴിവിനാണ് പ്രാധാന്യം. അനന്തപത്മനാഭന്‍ നല്ലൊരു ആര്‍ട്ടിസ്റ്റാണ്. അങ്ങനെ ഒരാളെ പുറത്താക്കിയ സമ്പ്രദായത്തോട് യോജിക്കാനാവില്ല.

ഇത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നമാണ്. സമരവും പ്രശ്‌നങ്ങളുമായി നീണ്ടുപോകുന്നിടത്തോളം അവരുടെ കോഴ്‌സ് തീരാനും സമയം എടുക്കും. മൂന്ന് വര്‍ഷമുള്ളൊരു കോഴ്സ് രണ്ടുവര്‍ഷമാക്കി ചുരുക്കുന്നതിനോട് യോജിക്കുന്ന ഒരാളാണ് ഞാന്‍. മൂന്ന് വര്‍ഷ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങാന്‍ അഞ്ച് വര്‍ഷം വരെ എടുക്കാം. പ്രോജക്ട് ചെയ്യുന്നതില്‍ താമസം വരാം. സിനിമ ചെയ്യുമ്പോള്‍ വരാന്‍ സാധ്യതയുള്ള താമസമാണത്. പത്ത് മിനിറ്റ് സിനിമയെടുത്താലും അര മണിക്കൂര്‍ സിനിമ എടുത്താലും, രണ്ട് മണിക്കൂര്‍ സിനിമയെടുത്താലും ഈ താമസം വരാം. ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ കാര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പിറകിലൊന്നുമല്ല. അത് എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയണം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരുന്ന വിദ്യാര്‍ഥികള്‍ ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഒരു ജോലി നേടിയെടുക്കാന്‍ വരുന്നവരല്ല. അവരെല്ലാവരും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തന്നെയാണ് വരുന്നത്. സെക്കന്‍ഡ് ഇയര്‍ കഴിയുമ്പോള്‍ തന്നെ ജോലി ചെയ്യുന്നവരുണ്ട്. കമീഷനിലേക്കൊക്കെ പോയി കഴിഞ്ഞാല്‍ ഈ പ്രശ്‌നം തീരാന്‍ കാലതാമസം എടുക്കും.
ദലിത് വിദ്യാർഥിയോട് പ്രതികാര നടപടി
ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രത്യക്ഷവും പരോക്ഷവുമായ അനുവാദത്തോടെയാണ് ഈ സംഭവങ്ങൾ സ്ഥാപനത്തില്‍ അരങ്ങേറുന്നത് എന്ന വസ്തുത തുറന്നു കാട്ടപ്പെടേണ്ടതുണ്ടെന്നും അതുകൊണ്ട് കൂടിയാണ് IFFK പോലൊരു സാംസ്‌കാരിക വേദിയിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്നും വിദ്യാർഥിയായ അനന്തപത്മനാഭന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
അഞ്ചുവര്‍ഷത്തെ പഠനശേഷം ചെയ്യേണ്ടിയിരുന്ന പ്രധാനപ്പെട്ട പ്രൊജക്ടില്‍ നിന്ന് അറിയിപ്പുപോലും കൂടാതെയാണ് അനന്തപത്മനാഭൻ ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്ന് പുറത്താക്കപ്പെട്ടത്. അദ്ദേഹം പറയുന്നു: സ്ഥാപനത്തിൽ ഇ- ഗ്രാൻറ്സ് സമരത്തെ പങ്കെടുത്ത് വിജയിപ്പിച്ചതിന്റെ പ്രതികാരമായി ദലിത് വിദ്യാർഥിയായ എന്റെയും, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുമുള്ള മറ്റു രണ്ടു വിദ്യാർഥികളുടെയും അവസാന വർഷ പ്രൊജക്റ്റ് ശങ്കർ മോഹൻ സുഗമായി നടത്തുവാൻ സമ്മതിച്ചിരുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട രണ്ടു കേസുകൾ (WPC 28494/2021, WPC 6886/2022) കോടതിയിൽ നടന്നു വരികയാണ്. കേസിലെ രണ്ടാം എതിർകക്ഷി കേരള സർക്കാർ ആണ്. ശങ്കർ മോഹനെതിരെ ഉയർന്നു വരുന്ന അസംഖ്യം ആരോപണങ്ങളുടെ വെളിച്ചത്തിൽ രണ്ടാം കക്ഷിയായ സർക്കാർ കേസിൽ നിന്നും പിന്മാറി, ഞങ്ങൾക്ക് എത്രയും വേഗം അവസാന വർഷ പ്രൊജക്റ്റ് ചെയ്ത് കോഴ്സ് പൂർത്തീകരിക്കാൻ ഉള്ള വഴി ഒരുക്കണം.

സർക്കാറിന് എന്തുകൊണ്ട് അമാന്തം?
സ്ഥാപനത്തില്‍ നിന്ന് നേരിടേണ്ടി വന്ന മനുഷ്യത്വവിരുദ്ധവും ജാതീയവുമായ വിവേചനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളും ജീവനക്കാരും ഒരുപോലെ പരാതിപ്പെട്ടിട്ടും ഡയറക്ടറെ സംരക്ഷിച്ച് നിര്‍ത്താനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ആരോപണങ്ങളെയെല്ലാം ഏകപക്ഷീയമായി നിഷേധിച്ചും ഡയറക്ടര്‍ ജാതിവിവേചനം കാണിക്കുന്നയാളല്ല എന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയും കഴിഞ്ഞ ദിവസം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ കൂടിയായ അടൂര്‍ ഗോപാലകൃഷ്ണനും രംഗത്തുവന്നിരുന്നു.
നിയമിതനായതിനുശേഷമുള്ള കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഡയറ്കടര്‍ ശങ്കര്‍ മോഹനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നുവന്നത്. ഏറ്റവും ഒടുവിലായി സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളികള്‍ ശങ്കര്‍ മോഹന്റെ വീട്ടിൽ നിന്നും തങ്ങള്‍ക്ക് നേരിട്ട ജാതിവിവേചനങ്ങള്‍ തുറന്നുപറഞ്ഞതോടയാണ് വിദ്യാര്‍ഥികള്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. സമരം രണ്ടാം വാരത്തിലേക്കു കടന്നിട്ടും ശങ്കര്‍ മോഹന്‍ തല്‍സ്ഥാനത്ത് തുടരുന്ന അവസരത്തിലാണ് ഐ.എഫ്.എഫ്.കെ പോലൊരു സാംസ്‌കാരിക വേദിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുവാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിക്കുന്നത്.

വിഷയത്തില്‍ ഗവണ്മെൻറ് ഇതുവരെയും ക്രിയാത്മകമായി ഇടപെട്ടിട്ടില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വാധീനമാണ് ഈ അമാന്തത്തിന് കാരണമെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. ഒരു ഇടതുപക്ഷ ഗവണ്മെന്റില്‍ നിന്ന് കൂടുതല്‍ ആര്‍ജവം വിഷയത്തില്‍ പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
റിദാ നാസര്‍
Jan 22, 2023
2 Minutes Read
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
Open letter
Jan 17, 2023
3 minute read