കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: പരാതികൾക്ക്​ പുല്ലുവില, വിദ്യാർഥിസമരം തുടരുന്നു

കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർച്ചയായി നടക്കുന്ന ജാതിവിവേചനങ്ങളിൽ, ആരോപണവിധേയനായ ഡയറക്ടർ ശങ്കർ മോഹൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻസ് കൗൺസിലിന്റെ കീഴിൽ വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ശങ്കർ മോഹൻ വിദ്യാർത്ഥികളോടും ജീവനക്കാരോടും നടത്തുന്ന ജാതീയവും മനുഷത്വവിരുദ്ധവുമായ സമീപനങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. വിദ്യാർഥികളും ജീവനക്കാരും തൊഴിലാളികളും ഡയറക്​ടർക്കെതിരെ പരാതിയുമായി എത്തിയിട്ടും സർക്കാർ ഭാഗത്തുനിന്ന്​ ഒരു നടപടിയുമുണ്ടായിട്ടില്ല.

കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർച്ചയായി നടക്കുന്ന ജാതിവിവേചനങ്ങളിൽ, ആരോപണവിധേയനായ ഡയറക്ടർ ശങ്കർ മോഹൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻസ് കൗൺസിലിന്റെ കീഴിൽ വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ശങ്കർ മോഹൻ വിദ്യാർത്ഥികളോടും ജീവനക്കാരോടും നടത്തുന്ന ജാതീയവും മനുഷത്വവിരുദ്ധവുമായ സമീപനങ്ങളിൽ പ്രതിഷേധിച്ചാണ് സമരം.

ശങ്കർ മോഹന്റെ വീട്ടിൽ ജോലിക്കിടെ നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് സ്ത്രീകളായ നാല്​ ശുചീകരണ തൊഴിലാളികൾ​ ഈയിടെയാണ് തുറന്നുപറഞ്ഞത്​. ഇവർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചും മറ്റ്​ ആവശ്യങ്ങൾ ഉന്നയിച്ചുമാണ്​വിദ്യാർഥി സമരം.

പ്രധാനമായും ഒമ്പത് ആരോപണങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിനും ഡയറക്ടർക്കുമെതിരെ സ്റ്റുഡൻറ്​ കൗൺസിൽ ഉന്നയിക്കുന്നത്.

1. ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെക്കൊണ്ട് ഡയറ്കടർ വർഷങ്ങളോളം തന്റെ വീട്ടിലെ ജോലിയെല്ലാം നിർബന്ധിതമായി ചെയ്യിപ്പിച്ചു. അയിത്തം, തൊട്ടുകൂടായ്മ പോലുള്ള വിവേചനങ്ങൾ അവർക്കവിടെയുണ്ടായി. പരാതിപ്പെട്ടാൽ ജോലിയിൽ നിന്ന്​ പുറത്താക്കുമെന്നായിരുന്നു ഭീഷണി.

2. ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലർക്കായി ജോലി ചെയ്യുന്ന ദലിത് വിഭാഗത്തിൽപ്പെട്ട ജീവനക്കാരന് ജാതീയ വിവേചനം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഡയറക്ടർക്കെതിരെ മുഖ്യമന്ത്രിക്കടക്കം അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

2022 ലെ ബാച്ചിന്റെ അഡ്മിഷൻ സമയത്ത്, സംവരണം അട്ടിമറിച്ച്​ എഡിറ്റിംഗ് വിഭാഗത്തിലെ പത്ത് സീറ്റിൽ നാലെണ്ണം ഒഴിഞ്ഞുകിടന്നിട്ടും (സീറ്റുകൾ ഒഴിച്ചിടാൻ പാടില്ലെന്ന്​ ഗവണ്മെൻറ്​ ഉത്തരവുണ്ട്​) ശരത്​ എന്ന ദലിത് വിദ്യാർത്ഥിക്ക് സീറ്റ് നിഷേധിച്ചു.

4. ഇ- ഗ്രാൻറിന്​ സമരം ചെയ്തു എന്ന കാരണം പറഞ്ഞ്​ അനന്തപദ്മനാഭൻ എന്ന വിദ്യാർത്ഥിയോട് പ്രതികാര മനോഭാവത്തോടെ പെരുമാറുകയും, ഫൈനൽ ഡിപ്ലോമ പ്രോജക്ടിൽ നിന്ന്​ അയാളെ ഒഴിവാക്കി പകരം വിദ്യാർത്ഥിയല്ലാത്ത മറ്റൊരാളെ ഉൾക്കൊള്ളിക്കുകയും ചെയ്തു.

5. ഒ.ഇ.സി വിഭാഗത്തിനുള്ള നിയമപരമായ ഫീസിളവ്​ ലഭ്യമാക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി കാരണം ബിബിൻ സി.ജെ എന്ന വിദ്യാർത്ഥിക്ക് സിനിമാട്ടോഗ്രഫി പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു

6. കൃത്യമായ നോട്ടിഫിക്കേഷൻ ഇല്ലാതെ ഡീൻ, പ്രൊഡക്ഷൻ കൺട്രോളർ, ആർട്ട് ഡയറക്ടർ തസ്തികയിലേക്ക്​ നിയമനം നടത്തി .അധ്യാപന രംഗത്ത് മുൻപരിചയമില്ലാത്ത വ്യക്തികളെ അധ്യാപകരായി നിയമിച്ചു. ക്ലാസുകളുടെ ഗുണനിലവാരത്തെപ്പറ്റി വിദ്യാർത്ഥികളുടെ നിരന്തര പരാതികളുണ്ടായിട്ടും അവരെ സംരക്ഷിക്കുന്ന നടപടിയാണ് ഡയറക്ടർ സ്വീകരിച്ചത്.

ശാസ്ത്രീയ പഠനമില്ലാതെ, മുൻപ് പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നടത്തി പരാജയപ്പെട്ട രണ്ടുവർഷ പി.ജി ഡിപ്ലോമയിലേക്ക് മൂന്നു വർഷ കോഴ്‌സിനെ വെട്ടിച്ചുരുക്കി പ്രാബല്യത്തിൽ വരുത്തി. പുതിയ രണ്ട് വർഷ ബാച്ചിന്റെ ക്ലാസ്​ തുടങ്ങി ഒരു മാസമായിട്ടും കൃത്യമായ സിലബസോ, അക്കാദമിക് കലണ്ടറോ നൽകുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട്​ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

വിദ്യാർഥികളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള ക്ലോസുകൾ ഉൾപ്പെടുത്തി ഒരു ഇൻഡെമിനിറ്റി ബോണ്ട് അഡ്മിഷൻ സമയത്ത് നിർബന്ധപൂർവ്വം ഒപ്പിട്ട് വാങ്ങി. ഡയറക്ടറുടെ ഇഷ്ടത്തിനനുസരിച്ച്, അതതു സമയങ്ങളിൽ കൊണ്ടുവരുന്ന നിയമങ്ങൾ അനുസരിക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണെന്നും അല്ലാത്ത പക്ഷം അവരെ പുറത്താക്കാനുള്ള സർവ്വാധികാരം ഡയറക്ടർക്കുണ്ട് എന്നതുമുൾപ്പെടെയുള്ള അപകടകരമായ നിബന്ധനകളാണ് ഇതിലുള്ളത്.

ഇൻസ്റ്റിറ്റ്യൂട്ടിലെ കാന്റീനിൽ ഈടാക്കുന്ന ഫീസ് അധികമാണെന്ന വിദ്യാർഥികളുടെ പരാതിയിൽ നടപടിയെടുത്തിയിട്ടില്ല.

അനിശ്ചിതകാല സമരത്തിന്റെ രണ്ടാം ദിവസം മൂന്ന് വിദ്യാർഥി പ്രതിനിധികളും ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ചന്ദ്രമോഹൻ നായരും ഡയറക്ടറും ചേർന്ന് ഒരു ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. അന്വേഷണ കമീഷന്റെ തീരുമാനം വന്ന ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളുവെന്നാണ് അധികൃതർ വ്യക്തമാകുന്നത്. എന്നാൽ ആരോപണ വിധേയനായ ഡയറക്ടർ രാജിവെക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് സ്റ്റുഡൻറ്​സ്​ കൗൺസിൽ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വിദ്യാർഥി പ്രതിനിധികളെയും ഡയറക്ടറെയും തിരുവനന്തപുരത്ത് ചർച്ചക്ക് വിളിച്ചെങ്കിലും പരിഹാരമായില്ല.

ഡയറക്ടറുടെ വീട്ടിലെ തൊഴിൽ ചൂഷണം

ഡയറക്ടറുടെ വീടും സർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അധികൃതർ, സ്​ത്രീകളായ നാല്​ തൊഴിലാളികളെ തൊഴിൽ ചൂഷണണത്തിനിരയാക്കിയിരുന്നത്​. പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ജാതി ചോദിച്ചറിഞ്ഞശേഷമാണ്​ ഡയറക്ടറുടെ വീട്ടിലെ മുറ്റവും അകത്തെ പണികളും അടുക്കളപ്പണിയുമെല്ലാം ചെയ്യിപ്പിക്കുന്നത്​ എന്നാണ്​ പരാതി. വീട്ടിലെ പണിക്ക് പ്രത്യേക ശമ്പളമൊന്നും തരാറില്ലെന്നും ശൂചീകരണ തൊഴിലാളികൾ ട്രൂകോപ്പിയോട് പറഞ്ഞിരുന്നു. ആറായിരം രൂപയാണ് ശുചീകരണ തൊഴിലാളികളുടെ ശമ്പളം. കരാർ അടിസ്ഥാനത്തിലുള്ള ജോലിയായതിനാൽ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന ഭീഷണിയിലാണ് ഇവരെ ചൂഷണം ചെയ്യുന്നത്.

ജാതി വിവേചനം വിദ്യാർഥികളോടും

2019 ലെ വിദ്യാർഥി സമരത്തോടെയാണ്​ വിദ്യാർഥികൾക്കെതിരായ ജാതി വിവേചനങ്ങളെക്കുറിച്ച് പുറത്തറിഞ്ഞത്. ഡയറക്ടറുടെ അന്യായമായ നടപടി ചൂണ്ടിക്കാട്ടിയതിന് ദലിത്, ആദിവാസി വിഭാഗത്തിലെ വിദ്യാർഥികൾ ഉൾപ്പടെ നാല് വിദ്യാർഥികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രാക്ടിക്കൽ ക്ലാസുകൾക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിലാണെന്നിരിക്കെ പരിമിത സൗകര്യങ്ങളിൽ സ്വകാര്യ കെട്ടിടത്തിൽ ക്ലാസ് നടത്തുന്നതിനെയാണ്​ ഇവർ ചോദ്യം ചെയ്​തത്​. ആവശ്യം തള്ളിയെന്നു മാത്രമല്ല, പ്രാക്ടിക്കൽ ക്ലാസിൽ ഹാജരാകാത്ത കുട്ടികളോട് രക്ഷിതാവുമായി വരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരാണ് തങ്ങളുടെ മക്കളെന്നാണ് മാതാപിതാക്കളിൽ നിന്ന് ലഭിച്ച മറുപടി. ഇതോടെ, മുന്നറിയിപ്പില്ലാതെ നാല് വിദ്യാർഥികളെ പുറത്താക്കുകയായിരുന്നു.

2019 ലെ വിദ്യാർഥി സമരം

ഒരു അതോറിറ്റിയായി വിദ്യാർഥികളെ മുഴുവൻ ഭരിക്കാനാണ് ഡയറക്ടർ തുടക്കം മുതലേ ശ്രമിച്ചതെന്നും എല്ലാവരെയും അടക്കി ഭരിക്കുക എന്ന ഉദ്ദേശത്തോടെയാണ് അദ്ധ്യാപകരോടും ജീവനക്കാരോടുമെല്ലാം ശങ്കർ മോഹൻ പെരുമാറിയിരുന്നെന്നുമാണ് അന്ന് പുറത്താക്കപ്പെട്ട നാലുപേരിൽ ഒരാളായ ഹരിപ്രസാദ് ട്രൂകോപ്പിയോട് പറഞ്ഞത്.

ഹരിപ്രസാദ്

"" കോവിഡ് സമയത്ത് ഇൻസ്റ്റിറ്റ്യൂട്ട് തുറന്ന് പ്രവർത്തിക്കാൻ ഒരു ഓർഡർ വന്നിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സ് നടത്താതെ പുറത്ത് വാടക കെട്ടിടത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചതിനെ ഞാനടക്കമുള്ള വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു. ഫിലിം പോലുള്ള സബ്ജെക്റ്റുകൾ ആവശ്യമായ ഫെസിലിറ്റികൾ ഉപയോഗിച്ച് പഠിപ്പിക്കേണ്ടതാണ്്. സർക്കാറിന്റെ കൃത്യമായ ഓർഡർ ഉണ്ടായിട്ടും ക്വാളിറ്റിയില്ലാതെ ചടങ്ങായി പുറത്തൊരു വാടകകെട്ടിടത്തിൽ ഇരുന്ന് ക്ലാസ്സ് എടുക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഞങ്ങൾ ഈ വിവരം അധികൃതരെ അറിയിക്കുകയും ക്ലാസ്സുകൾ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഞങ്ങൾ നാല് പേരെയും വിശദീകരണങ്ങളോ , ചർച്ചകളൊന്നുമില്ലാതെ അന്യായമായി പുറത്താക്കുകയായിരുന്നു. അതിനു ശേഷം വിദ്യാർഥികളെല്ലാരും ഒരുമിച്ച് പ്രതിഷേധിക്കുകയും മന്ത്രി ഇടപെടുകയും ചെയ്തപ്പോഴാണ് പ്രശ്നങ്ങൾ ഒത്തുതീർപ്പായത്.''

വർഷങ്ങളോളം മുടങ്ങികിടന്ന ഇ- ഗ്രാൻറിനെക്കുറിച്ച് സംസാരിച്ചതിനാണ്​ മൂന്നാവർഷ ഛായാഗ്രഹണ വിഭാഗ വിദ്യാർഥിയായിരുന്ന അനന്ത പത്മനാഭനെ കോഴ്സ് പൂർത്തികരിക്കാൻ ഡയറക്ടർ സമ്മതിക്കാതിരുന്നത്. നടപടിക്കെതിരെ ഒന്നരവർഷമായി അനന്ത പത്മനാഭൻ കോടതിയിൽ നിയമ പോരാട്ടം നടത്തുകയാണ്. സമാനമായി ഒരു ദലിത് വിദ്യാർഥിയെയും പ്രോജക്റ്റ് ചെയ്യുന്നതിൽ നിന്ന് കുറച്ചുകാലം വിലക്കിയിരുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്.

2021-2022 ലെ വിദ്യാർഥി പ്രവേശനത്തിൽ സംവരണതത്വങ്ങൾ പരിഗണിക്കാതെയാണ് പ്രവേശനം നൽകിയെന്ന് ആരോപിച്ചും ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പരാതിയുണ്ട്. എഡിറ്റിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ നൽകിയിരുന്ന ശരത്​ എന്ന ദലിത്‌ വിദ്യാർഥി സംവരണം അട്ടിമറിച്ചതിനെതിരെ കോടതിയിൽ കോവാറന്റോ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. ജാതിവിവേചമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നതെന്നും സംവരണീയ വിഭാഗത്തിലെയും ജനറൽ വിഭാഗത്തിലെയും കട്ട് ഓഫ് മാർക്ക് എത്രയാണെന്ന് വ്യക്തമാക്കുന്ന പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ശരത് കോടതിയെ സമീപിച്ചത്.

കോവിഡ് ലോക്ക് ഡൗൺ സമയം മുതൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനത്തിലും മറ്റും തിരിമറി നടത്തുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നു. ഡയറക്ടർക്ക് അനുകൂലമായി നിൽക്കുന്നവരെ അഡ്മിനിസ്‌ട്രേഷനിൽ കൂടുതലായി നിയമിച്ചിരുന്നു. പ്രതിഷേധിക്കുന്നവർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ്​ വിദ്യാർഥികളുടെ പരാതി. ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനും വിദ്യാർഥി വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടെങ്കിലും വിദ്യാർഥികളെ കേൾക്കാൻ ഡയറക്ടർ ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാർഥികൾക്കും ജീവനക്കാർക്കുമെതിരെ വിവേചനപരമായി നിരവധി തവണ പ്രവർത്തിച്ചിട്ടും ഡയറക്ടർ സ്ഥാനത്ത് ശങ്കർമോഹൻ ഇനിയും തുടരുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സ്റ്റുഡൻസ് കൗൺസിൽ ചെയർമാനായ ശ്രീദേവ് സുപ്രകാശ് ട്രൂകോപ്പിയോട് പറഞ്ഞു.

ശ്രീദേവ് സുപ്രകാശ്

"" ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാരും സ്വീപ്പർമാരായ ചേച്ചിമാർ വരെ ഡയറക്ടറുടെ ജാതിവിവേചനങ്ങൽ നേരിട്ടുകൊണ്ടിരിക്കുന്നവരാണ്. ഈ പ്രശ്‌നങ്ങളെ ഗൗരവമായി തന്നെ സർക്കാർ കാണേണ്ടതുണ്ട്. അഡ്മിനിസ്‌ട്രേഷനിൽ വിശദമായ ഒരു അന്വേഷണം തന്നെ നടത്തണം . ഈ സ്ഥാപനത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന മിക്ക ഉദ്യോഗസ്ഥരും വേണ്ടവിധം ക്വാളിഫൈഡ് ആണെന്ന് ഞാൻ കരുതുന്നില്ല. എന്ത് മാനദണ്ഡത്തിലാണ് ഇവിടുത്തെ ഓരോ നിയമനങ്ങളും നടത്തുന്നതെന്ന് അന്വേഷിക്കണം.'' വിദ്യാർഥികളുടെ ക്ഷേമം ലക്ഷ്യം വെച്ച് പ്രവർത്തിക്കേണ്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചില ആളുകളുടെ നിഷിപ്ത താൽപര്യത്തിൽ പ്രവർത്തിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ശ്രീദേവ് കൂട്ടിച്ചേർത്തു.

അഡ്മിനിസ്‌ട്രേഷനിലെ സ്വജനപക്ഷപാതവും ജാതീയ വിവേചനവും

അഡ്മിനിസ്ട്രഷനിലും ജാതീയവും വർഗീയവുമായ വിവേചനം നിലനിൽക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ മിക്ക ഉദ്യോഗസ്ഥരും താൽക്കാലിക ജീവനക്കാരാണെന്നും ഡയറക്ടർക്കെതിരെ സംസാരിച്ചാൽ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടപ്പെടാമെന്ന ഭയമുള്ളതിനാലാണ് പ്രതികരിക്കാൻ തയ്യാറാകാത്തതെന്നുമാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഈ ഭയം വിദ്യാർത്ഥികളിലും ജീവനക്കാരിലും ഉണ്ടാക്കിയെടുത്ത് എല്ലാവരെയും വിധേയപ്പെടുത്തിയെടുക്കാനാണ് ഡയറക്ടർ ശ്രമിക്കുന്നത്.

അഡ്മിനിസ്‌ട്രേഷനിലെ വിവേചനങ്ങൾക്കെതിരെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജീവനക്കാരൻ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 2014 ഡിസംബർ മുതൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് ക്ലർക്കായി ജോലിചെയ്തിരുന്ന ഇദ്ദേഹം നൽകിയ പരാതിയിൽ സർക്കാർ അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് കാര്യമായ നടപടിയുണ്ടായില്ല. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും മുന്നിൽ വെച്ച് പിരിച്ചുവിടുമെന്നുപറഞ്ഞ് തന്നെ നിരന്തരം ശങ്കർ മോഹൻ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നതായി പരാതി നൽകിയ ജീവനക്കാരൻ ട്രൂകോപ്പിയോട് പറഞ്ഞു. 2019-2020 കാലഘട്ടത്തിലെ ഓഡിറ്റിങ്ങിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് രൂപീകരിച്ച ഇന്റേണൽ കമ്മിറ്റി നിലവിലുണ്ടായിരിക്കുന്ന സാമ്പത്തിക ക്രമക്കേട് ഒതുക്കി തീർക്കാൻ ശ്രമിക്കുകയും പട്ടിക വിഭാഗത്തിൽപ്പെട്ട തന്നെ ഈ ക്രമക്കേടിൽ കുറ്റക്കാരനാക്കാൻ ശ്രമിക്കുകയും ചെയ്തതായി അദ്ദേഹ പറഞ്ഞു:

""അഡിമിനിസ്ട്രഷനിൽ നടക്കുന്ന വിവേചനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു. ദലിത് വിഭാഗത്തിൽപ്പെട്ട ജീവനക്കാരനെ അന്യായ കാരണം പറഞ്ഞ് പുറത്താക്കാനാണ് ശ്രമം. മുസ്​ലിം- ക്രിസത്യൻ വിഭാഗക്കാരോടും ഡയറക്ടർ അടക്കമുള്ള പല ആളുകളും പെരുമാറുന്ന രീതിയിൽ വ്യത്യാസമുണ്ട്. കൊറോണ സമയത്ത് ഡോക്യുമെൻറ്​സ്​ ഒപ്പിടുന്നതിന് ഞാൻ ഡയറക്ടറുടെ വീട്ടിൽ പോയിട്ടുണ്ട്. അന്നെല്ലാം പുറത്ത് നിന്നാൽ മതിയെന്നാണ് പറയാറ്​. സാമൂഹിക അകലമുണ്ടായിരുന്ന സമയമായതിനാൽ അത് കാര്യമാക്കിയില്ല. ചില ദിവസങ്ങളിൽ അരമണിക്കൂറോളം പുറത്തുനിൽക്കേണ്ടിവന്നിട്ടുണ്ട്. പിന്നീടാണ് വേറെ ആൾക്കാർ വരുമ്പോൾ ഡയറക്ടർ വീട്ടിനകത്തേക്ക് കയറ്റുന്നത് ഞാൻ ശ്രദ്ധിക്കുന്നത്. സമാനമായ നിരവധി അനുഭവങ്ങൾ പല ജീവനക്കാരും പങ്കുവെച്ചിട്ടുണ്ട്. കൃത്യമായൊരു മുന്നാക്ക സമുദായ ലോബിയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നത്. നിയമനങ്ങളിൽ പോലും അത് വ്യക്തമാണ്.’'

പത്തുവർഷമായി ജോലി ചെയ്തിരുന്ന ദലിത്​ ക്രൈസ്​തവ ഉദ്യോഗസ്ഥനെയും കാരണങ്ങൾ ബോധ്യപ്പെടുത്താതെ പിരിച്ചുവിട്ടിട്ടുണ്ട്. ജോലിയുടെ ആവശ്യം പരിഗണിച്ച് നിരവധി തവണ ഈ വ്യക്തി ഡയറക്ടറെ കാണാൻ വന്നിരുന്നെങ്കിലും പുറത്താക്കുകയായിരുന്നു. ശങ്കർ മോഹൻ ഡയറക്ടറായശേഷം നടത്തിയ നിയമനങ്ങളിൽ സ്വജനപക്ഷപാതവും ജാതി വിവേചനവും പ്രകടമാണെന്നും ഡ്രൈവർമാർ മുതൽ വിദ്യാർഥികൾ വരെ അദ്ദേഹത്തിന്റെ ഇരകളാളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അകാരണമായി പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാർ

2019 ൽ വിദ്യാർഥി സമരം വിജയിച്ചതോടെ സെക്യൂരിറ്റി വിങ്ങിലുള്ള ആറുപേരെയും പിരിച്ചുവിട്ടിരുന്നു. കാരണം പോലും അറിയിക്കാതെയാണ് ജിമ്മി ജോർജ് പാലാപ്പറമ്പിൽ, ജോജോ മാത്യൂ, ജയേഷ് ഇ.എസ്. ബിജുമോൻ കെ.ജി. തോമസ് ജോസഫ്, ബാബു ജോസഫ് എന്നിവരെ പിരിച്ചുവിട്ടത്​. പുതുതായി ചാർജ്ജെടുക്കാൻ ആറുപേർ വന്നപ്പോഴാണ് പിരിച്ചുവിട്ട കാര്യം ഇവർ അറിയുന്നത്. ഇവർ ലേബർ ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയിരുന്നു. ജോലി നഷ്ടപ്പെട്ട ആറുപേരിൽ ഒരാളായ ജിമ്മി ജോർജ് പാലാപ്പറമ്പിൽ പറയുന്നു:

ജിമ്മി ജോർജ്

""മിലിട്ടറി സേവനം കഴിഞ്ഞശേഷം വീടിനടുത്ത്​നല്ലൊരു സ്ഥാപനത്തിൽ ജോലി കിട്ടിയ സന്തോഷമുണ്ടായിരുന്നു. ശങ്കർ മോഹൻ സാർ ഡയറക്ടറായി വന്നശേഷം വിദ്യാർഥികളെ പുറത്ത് വിടരുതെന്നും അവരോട് കർശനമായി പെരുമാറണമെന്നും നിരന്തരം പറയാറുണ്ടായിരുന്നു. എന്തു ചോദിച്ചാലും മാനുഷിക പരിഗണന കാണിക്കാതെ പെരുമാറാനാണ് ഉപദേശിച്ചിരുന്നത്. വിദ്യാർഥി സമരം നടന്നശേഷമാണ് പെട്ടെന്ന് ഒരു കാരണവുമില്ലാതെ ഞങ്ങളെ പിരിച്ചുവിട്ടത്. ഇതിനെക്കുറിട്ട് ചോദിച്ചപ്പോൾ ഞങ്ങളുടെ എക്സ് സർവീസ് മാൻ കോർപ്പറേഷന്റെ തീരുമാനമാണെന്നാണ് പറഞ്ഞത്. കോർപറേഷനിൽ വിളിച്ചന്വേഷിച്ചപ്പോൾ, ഡയറക്ടർ അവിടേക്ക് വിളിച്ച് ഞങ്ങൾ മര്യാദക്ക് പണിയെടുക്കുന്നില്ലെന്നൊക്കെ പരാതിപ്പെട്ടതായി പറഞ്ഞിരുന്നു. പിരിച്ചുവിടാനുള്ള കാരണം എഴുതിത്തരാനാവശ്യപ്പെട്ടിട്ടും തന്നിട്ടില്ല.''

കേരള സ്റ്റേറ്റ് എക്‌സ് സർവീസ് മാൻ ഡവലപ്‌മെൻറ്​ ആൻഡ് റിഹാബിലേഷൻ കോർപറേഷൻ മുഖേനയായിരുന്നു ഇവരുടെ നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിന് തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ട എക്‌സ് സർവീസ് മെൻ കോർപറേഷൻ കോട്ടയത്ത് മറ്റേതെങ്കിലും സ്ഥലത്ത് പിരിച്ചുവിട്ട ആറുപേരെയും നിയമിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. രണ്ടുപേർക്ക് നിയമനം ലഭിച്ചു. മറ്റുള്ളവർക്കും നിയമനം കിട്ടിയെങ്കിലും വീട്ടിൽ നിന്ന് ദൂരെയായതിനാൽ പോകേണ്ടത് തീരുമാനിച്ചിരിക്കുകയാണ്. കോർപറേഷന് സത്യാവസ്ഥ ബോധ്യപ്പെട്ടതിനാലാണ് പുനർ നിയമനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്രയേറെ ആളുകൾ പരാതികളുമായി വന്നിട്ടും ഡയറ്കടറെ സംരക്ഷിച്ചുനിർത്തുകയാണ്​ അധികൃതർ. പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമീഷൻ അന്വേഷണം നടത്തി ഉടൻ നടപടിയെടുക്കണമെന്നാണ്​ വിദ്യാർഥികളടക്കമുള്ളവരുടെ ആവശ്യം.

2014ൽ കോട്ടയം ജില്ലയിലെ തെക്കുംതലയിലാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര ഇൻസ്​റ്റിറ്റ്യൂട്ടായ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്​സ്​ പ്രവർത്തനമാരംഭിച്ചത്​. ആദ്യബാച്ച് മുതലേ കോഴ്‌സുകളെ സംബന്ധിച്ചും അംഗീകാരവുമായി ബന്ധപ്പെട്ടും അനിശ്ചിതത്വമുണ്ടായിരുന്നു. കോഴ്സ് പൂർത്തിയാക്കിയെങ്കിലും അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ 2014ലൈ ആദ്യ ബാച്ച് വിദ്യാർഥികൾ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് ട്രൂകോപ്പി റിപ്പോർട്ട് ചെയ്തിരുന്നു.

Comments