ആന പീഡനം പുറത്തുപറഞ്ഞാൽ ആൾക്കൂട്ട ആക്രമണം; ‘ആനപ്രേമി’കളറിയാൻ ചില കാര്യങ്ങൾ

കേരളത്തിൽ ആനകളെ നിയന്ത്രിക്കുന്നതിന്റെ പേരിൽ അരങ്ങേറുന്ന കൊടും ക്രൂരതകൾ പുറത്തുകൊണ്ടുവരുന്ന ആനാവകാശ പ്രവർത്തകർക്കും ഫോ​ട്ടോഗ്രാഫർമാർക്കും പൗരന്മാർക്കും നേരെ ആൾക്കൂട്ട ആക്രമണങ്ങൾ വർധിച്ചുവരികയാണ്​. ആനയുടമകളും പാപ്പാന്മാരും ഉത്സവസംഘാടകരും എന്തുകൊണ്ടാണ് ക്യാമറയെ ഭയക്കുന്നത്? ആനപ്രേമികളായി ചമയുന്നവർ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന ചില വസ്തുതകളിലേക്ക്​...

കേരളത്തിൽ നാട്ടാനകളെ നിയന്ത്രിക്കുന്നതിലെ ക്രൂരതയെക്കുറിച്ച് സംസാരിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നവർക്കെതിരെയുള്ള ആക്രമണം വർദ്ധിച്ചുവരികയാണ്. ആനയുടമകളും പാപ്പാന്മാരും ഉത്സവസംഘാടകരും എന്തുകൊണ്ടാണ് ക്യാമറയെ ഭയക്കുന്നത്? ആനപ്രേമികളെന്ന് ചമയുന്നവർ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന ചില വസ്തുതകൾ പരിശോധിക്കാം.

ആനക്കാരുടെ സൂത്രപ്പണികൾ

"വാട്ടൽ' എന്ന വിദ്യയാണ് ആനകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ പ്രയോഗിക്കുന്നത്. മൃഗാവകാശ പ്രവർത്തകയും PAWS തൃശ്ശൂരിന്റെ സ്ഥാപകയുമായ പ്രീതി ശ്രീവത്സൻ വിശദീകരിക്കുന്നു: ""ആനകളെ ഉടമകളിൽ നിന്ന് പാട്ടത്തിനെടുക്കുന്ന കരാറുകാർ, പരമാവധി ക്ഷേത്രോത്സവങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിച്ച്​ ഒക്ടോബർ മുതൽ മെയ് വരെയുള്ള ഉത്സവസീസണിൽ പരമാവധി ലാഭം കൊയ്യാനാണ് ലക്ഷ്യമിടുന്നത്. ഒരു പൂരത്തിൽ നിന്ന്​ മറ്റൊന്നിലേക്കുള്ള ഈ പാച്ചിൽ തടസ്സപ്പെടുത്തുന്ന ഏതൊരു സംഭവവും കരാറുകാരന് വലിയ നഷ്ടമുണ്ടാക്കുന്നു.''

‘‘മൂന്നുമാസം വരെ നീണ്ടുനിൽക്കുന്ന മദകാലം അത്തരമൊരു പ്രശ്നമാണ്; മദപ്പാടിലുള്ള ആനയെ എഴുന്നള്ളിപ്പിക്കുന്നത് നിയമവിരുദ്ധവുമാണ്’’, ഇത്തരം സാഹചര്യങ്ങളിലാണ് ആനയെ ഒതുക്കാനും അവരുടെ മദപ്പാട് നീട്ടിവയ്ക്കാനും വേണ്ടി അവയെ വാട്ടുന്നത്. ആനയ്ക്ക് കൊടുക്കുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും ചുട്ടുപൊള്ളുന്ന വെയിലത്ത് തണലില്ലാതെ തളയ്ക്കുകയും ചെയ്യുന്നു. കുളിയും നനയും പൂർണമായി ഒഴിവാക്കുന്നു. ‘‘പത്ത് ദിവസത്തിനുള്ളിൽ ആന മാനസികമായും ശാരീരികമായും തകർന്നുകഴിഞ്ഞിരിക്കും’’, പ്രീതി കൂട്ടിച്ചേർക്കുന്നു. വാട്ടി തളർത്തിയ ആനയെ പിന്നീട് പൂരപ്പറമ്പിൽ കൊണ്ടുവന്ന് പുനർപ്രതിഷ്ഠിക്കും.

പ്രീതി ശ്രീവത്സനും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ (AWBI) ഹോണററി അനിമൽ വെൽഫെയർ ഓഫീസർ സാലി വർമ്മയും 2020 മാർച്ചിൽ തൃശ്ശൂരിലെ ഒളരിക്കര ക്ഷേത്രത്തിൽ വെച്ച് അത്തരമൊരു ആനയെ കണ്ടുമുട്ടി. വെള്ളവും തണലും കൊടുക്കാതെ കാളിദാസൻ എന്ന ആ ആനയെ നട്ടുച്ചനേരത്ത്​ അമ്പലപ്പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. നാട്ടാന പരിപാലന ചട്ടം പ്രകാരം ആനകളെ രാവിലെ 11 മണിതൊട്ട്​ വൈകീട്ട്​ 3 മണിവരെ എഴുന്നള്ളിക്കുകയോ തണലില്ലാതെ തളയ്ക്കുകയോ ചെയ്യാൻ പാടില്ല. ഇത് ചൂണ്ടിക്കാണിച്ച മൃഗാവകാശ പ്രവർത്തകർ ആനയെ കുളിപ്പിക്കാനും ദാഹം ശമിപ്പിക്കാനും വാട്ടർ ടാങ്കർ ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഒരാൾക്കൂട്ടം അവരെ വളഞ്ഞ്​ അസഭ്യം പറയുകയും മർദിക്കാനൊരുങ്ങുകയും ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിൽ മറ്റൊരു ആൾക്കൂട്ടം ക്ഷേത്രോത്സവത്തിൽ കയ്യിടാൻ വന്നുവെന്നാരോപിച്ച് അവരെ വീണ്ടും വേട്ടയാടി.

വെറുപ്പ്, അസഹിഷ്ണുത

നാട്ടാനകളുടെ മുറിവും വേദനയും രേഖപ്പെടുത്താനും അവർക്കുവേണ്ടി പ്രവർത്തിക്കാനും ശ്രമിക്കുന്ന ആക്ടിവിസ്റ്റുകൾക്കുനേരെ ആൾക്കൂട്ട ആക്രമണങ്ങൾ, ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയയിൽ തെറിവിളി, ശാരീരിക ഉപദ്രവങ്ങൾ എന്നിവ സമീപ വർഷങ്ങളിൽ വർധിച്ചു വരികയാണ്​. ഒരാനയ്ക്കു കുറച്ചു വെള്ളം കൊടുക്കുക എന്ന ചെറിയൊരു കാര്യത്തിന് ഇത്രയധികം രോഷം എന്തുകൊണ്ടായിരിക്കും എന്ന് ചോദിച്ചപ്പോൾ പ്രീതി ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ ആനയുടെമേൽ കുറച്ചു വെള്ളം കോരിയൊഴിക്കാൻ മാത്രമേ അവരോടു പറഞ്ഞുള്ളു. അതിനുള്ള ഏർപ്പാട് ചെയ്യാൻ പോലും ഞങ്ങൾ സന്നദ്ധരായിരുന്നു. അപ്പോൾ അവരിൽ ഒരാൾ പറഞ്ഞത് വെള്ളം കൊടുത്താൽ ആനയുടെ വയ്യായ്ക മാറുമെന്നും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാകുമെന്നും ആണ്.'

"ആനയെ തകർത്ത്​ മെരുക്കുന്നതിനുള്ള ഈ പതിവുരീതികളെ കൂടുതൽ മൃഗാവകാശ പ്രവർത്തകരും സാധാരണ പൗരരും പരസ്യപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. അതിനാൽ ആനയുടെ വേദനയിലേക്കുള്ള ഏതൊരു നോട്ടത്തെയും ആനയുടമകൾ, പാപ്പാന്മാർ, ഉത്സവസംഘാടകർ, ആനപ്രേമികൾ എന്നിവർ സംശയത്തോടെ വീക്ഷിക്കുന്നു. ആനയുള്ള എഴുന്നള്ളിപ്പ് ഇനി എത്ര നാൾ ഉണ്ടാവുമെന്ന അനിശ്ചിതത്വം കൂടി അവരുടെ പേടിയെ വർധിപ്പിക്കുന്നു', പ്രീതി കൂട്ടിച്ചേർത്തു.

2022 -ൽ കേരളത്തിൽ മാത്രം 17 ആനകളാണ് ഇതുവരെ ചത്തൊടുങ്ങിയത്.

ഭയത്തിൽ നിന്നു വരുന്ന മർദനം

വാട്ടൽ, കെട്ടിയഴിക്കൽ മുതലായ ഒഴിച്ചുകൂടാൻ പറ്റാത്ത രീതികളിലൂടെയാണ് ആനകളുടെ മനസ്സിൽ പേടിയും അധീനതയും വളർത്തി അവരെ പൂരപ്പറമ്പിൽ മണിക്കൂറുകളോളം നിർത്താൻ സാധിക്കുന്നത്. ആനപ്പണിയുടെയും ആന-ഉടമസ്ഥതയുടെയും തറക്കല്ലായ ഇത്തരം ക്രൂരതകൾ കൂടുതലായി തുറന്നുകാട്ടപ്പെടുകയും അവ ജനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നത് "ആന ബന്ധന വ്യവസായത്തെ' (captive elephant industry) വല്ലാതെ ഭയപ്പെടുത്തുന്നു. ആനജീവിതങ്ങളിലെ ഹിംസയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധം കാരണം കേരളത്തിലെ നാട്ടാനകളുടെ മികച്ച പരിപാലനത്തെയും പ്രത്യേക അവകാശങ്ങളെയും പറ്റി പറയുന്ന ആ പഴയ കഥ പറഞ്ഞുപിടിപ്പിക്കുവാൻ ലേശം ബുദ്ധിമുട്ടായി വരുന്നുമുണ്ട്.

ആനകളെ ചങ്ങലയ്ക്കിടുന്ന സമ്പ്രദായം തുടരണമെന്നാഗ്രഹിക്കുന്ന സാങ്കല്പിക ഭൂരിപക്ഷത്തിന്റെ പ്രതിനിധികളായി സ്വയം ഉയർത്തിക്കാട്ടുന്ന ഒരു കൂട്ടം ആളുകളാണ്, പ്രീതിയുടെയും സാലിയുടെയും കാര്യത്തിൽ ആൾക്കൂട്ട ആക്രമണം സാധ്യമാക്കിയത്​. അവര, തങ്ങൾ ശത്രുവായി മാറ്റിനിർത്തുന്ന "ആക്ടിവിസ്റ്റുകളിൽ' നിന്ന് തങ്ങളുടെ ആചാരാനുഷ്​ഠാനങ്ങളെ സംരക്ഷിക്കുന്ന നീതിമാന്മാരായി സ്വയം ചിത്രീകരിക്കുന്നു. ഈ ‘നമ്മൾ v/s അവർ’ ചട്ടക്കൂടിലൂടെ അവർ സ്വയം പുറപ്പെടുവിക്കുന്ന ഹിംസയെ കളങ്കരഹിതമാക്കാനും അദൃശ്യമാക്കാനും ആൾക്കൂട്ടത്തിനു കഴിയുന്നു.

Photo : Vishnu P Nair Omalloor

കുറച്ചു മാസങ്ങൾക്കു മുമ്പ് ആനപ്രേമി പ്രൊഫൈലുകളിൽ പോസ്റ്റ് ചെയ്ത ഒരു ഫെയ്സ്ബുക്ക്​ ലൈവിൽ ഇത്തരം അടവുകൾ കൂടുതൽ വ്യക്തമായി കാണാം. ആനകളുടെ ഫോട്ടോകളെടുത്ത്​ ഒരു ആക്ടിവിസ്റ്റിനു കൈമാറിയെന്നാരോപിച്ച് ആൾക്കൂട്ടം ഒരു മധ്യവയസ്‌കനെ പിടിച്ചുവയ്ക്കുന്നതും വളഞ്ഞിട്ടു ഭീഷണിപ്പെടുത്തുന്നതും ഇതിൽ കാണാം. പ്രൊഫൈലിൽ നിന്ന്​ ഈ വീഡിയോകൾ അധികം വൈകാതെ നീക്കി. പൊതുസന്ദേശം എന്നപോലെ എടുത്ത ആദ്യഭാഗത്തിൽ ‘എല്ലാ പ്രിയ ആനപ്രേമി സ്‌നേഹികൾക്കും’ ഫോട്ടോഗ്രാഫറെക്കുറിച്ച്​ മുന്നറിയിപ്പ് കൊടുക്കുന്നു, "ഇവനെ ഒരു പൂരപ്പറമ്പിലും റോഡിൽപോലും ഇറങ്ങാൻ പറ്റാത്ത പോലെ ആക്കികൊള്ളണം.'

ഒറ്റപ്പെട്ടൊരു മനുഷ്യനെ കൂട്ടമായി ആക്രമിക്കുന്നതിലുള്ള ലഹരി മാത്രമല്ല, തെരുവിലും സോഷ്യൽ മീഡിയയിലും ആൾക്കൂട്ടങ്ങളെ നിർമിക്കുന്നത്. ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റും കൂടി ആനപാപ്പാന്മാരുടെയും ആനത്തൊഴിലാളികളുടെയും അന്നം മുട്ടിക്കുന്നു എന്ന പൊള്ളവാദം ഇതിനെ വലിയ രീതിയിൽ സഹായിക്കുന്നു. ഫോട്ടോഗ്രാഫർ പകർത്തിയ ആനയുടെ വ്രണങ്ങളിൽനിന്ന്​ വീണ്ടുംവീണ്ടും ശ്രദ്ധ തിരിക്കാനും അവ മറച്ചുവയ്ക്കാനും ഇത്തരം വാദങ്ങൾക്ക് എളുപ്പം കഴിയുന്നു. വീഡിയോയിൽ അവർ സ്വയം "ജനങ്ങൾ' എന്ന് അഭിസംബോധന ചെയ്യുന്നതുവഴി നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ഒരു കൂട്ടം ആളുകളുടെ വിഷയത്തെ നാടിനെ മുഴുവനായി ബാധിക്കുന്ന ഒരു പ്രശ്നമായി രൂപപ്പെടുത്തുന്നു. കണ്ണടച്ച് തുറക്കും മുൻപേ ആൾക്കൂട്ടം പെരുകുന്നു.

വിഡിയോയുടെ രണ്ടാം ഭാഗം ഷെയർ ചെയ്യാനുള്ളതല്ല എന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. അതിലെ അസഭ്യവർഷം എപ്പോൾ വേണമെങ്കിലും കൂട്ടം ചേർന്ന ആക്രമണത്തിലേക്കു വഴി മാറാം.

ആൾക്കൂട്ടം ഫോട്ടോഗ്രാഫറെക്കൊണ്ട് ആക്ടിവിസ്റ്റിനെ ഫോൺ വിളിപ്പിക്കുന്നു. അദ്ദേഹത്തെ അവിടത്തെ ആൾക്കാരെല്ലാം കൂടി പിടിച്ചു വച്ചിരിക്കുകയാണെന്നും തല്ലാൻ വരുന്നെന്നും പറയുന്നു: "സാർ നിങ്ങൾ തമ്മിലുള്ള ഫൈറ്റിംഗ്​ അവസാനിപ്പിക്ക്, ഇല്ലെങ്കിൽ എനിക്കു ഭീഷണിയുണ്ട്.' അപ്പോൾ ആക്ടിവിസ്റ്റ് പൊലീസിൽ പരാതി കൊടുക്കാൻ ഉപദേശിക്കുന്നു. ഇതിനു മറുപടിയായി ആൾക്കൂട്ടത്തിൽ നിന്നു വരുന്നത് അതിഭീകരമായ തെറിവിളിയാണ്, "പൊലീസിലേക്കൊക്കെ പരാതി കൊടുക്ക്, ഇയാളെ ഞങ്ങൾ കൊന്നുകളയും!'

എതിർ ശബ്ദങ്ങളെ ഒറ്റപ്പെടുത്തുക

അടിമകളാക്കപ്പെട്ട ആനകളോടുള്ള സഹതാപത്തിന്റെയും പിന്നെ ഒരുതരം നിസ്സംഗതയുടെയും ഇടയിൽ എല്ലായ്‍പ്പോഴും പെട്ടുപോകാറുണ്ട് നമ്മുടെ സമൂഹം. അവരെ കൈകാര്യം ചെയ്യാൻ പീഡനം അനിവാര്യമാണ്​ എന്ന തികച്ചും സാധാരണവൽക്കരിക്കപ്പെട്ട ബോധം നിഷ്‌ക്രിയത്വത്തിലേക്കും ക്രൂരതയിൽ പോലും ഇടപെടാനുള്ള മനസ്സില്ലായ്‍മയിലേക്കും നയിക്കുന്നു.

കഴിഞ്ഞ പൂരം സീസണിൽ വൈറലായ, ആനയെ ലോറിയിലേക്കു കുത്തി കയറ്റുന്ന പാപ്പാന്റെ വീഡിയോ അവസാനിക്കുന്നത് വീഡിയോഗ്രാഫറെ അവഹേളിച്ചും തല്ലിയും ക്യാമറ തട്ടിത്തെറിപ്പിച്ചുമാണ്​. കുറച്ചകലെ നിന്ന്​പകർത്തിയ ദൃശ്യങ്ങളിൽ ആന മുൻകാലുകൾ ലോറിയിൽ കയറ്റിവച്ച്​ പിൻകാലുകളിൽ നിൽപ്പുറപ്പിക്കാൻ പാടുപെടുന്നതുകാണാം. അപ്പോൾ പാപ്പാൻ കോൽ വച്ച്​ കാൽമുട്ടിന്മേൽ നിർത്താതെ ഇടിക്കുകയും തോട്ടിവച്ചു മുട്ടിന്റെ പിൻഭാഗത്ത് കൊളുത്തി ഒടക്കി വലിക്കുകയും ചെയ്യുന്നു. പേടിച്ചു വിരണ്ട് പിണ്ഡം പോവുന്നതിന്റെ നിസ്സഹായതയുടെ നടുവിലും പാപ്പാന്റെ മർദനം ഏൽക്കേണ്ടി വരുന്ന ആനയുടെ ദയനീയത വീഡിയോയിൽ കാണാം.

നാട്ടുകാർ ഇത് കാണുകയും കാഴ്ചയുടെ വേദനയിൽനിന്ന് വേഗം നടന്നുമാറുകയും വീഡിയോഗ്രാഫർ ഒറ്റയ്ക്കാണെന്നു മനസ്സിലാവുകയും ചെയ്യുന്നു. പാപ്പാൻ അയാളുടെ അടുത്തേക്ക് പാഞ്ഞടുത്ത്​ചോദിക്കുന്നു, "ലോറിയിൽ കേറ്റണത് എന്താണിപ്പോ ഇത്രേം വീഡിയോ എടുക്കാനുള്ളത്?'.

പൊതുജനമധ്യത്തിൽ നടക്കുന്ന ക്രൂരത പോലും വെറും പതിവായി കണക്കാക്കപ്പെടും എന്ന ആന ബന്ധന വ്യവസായത്തിന്റെ ആത്മവിശ്വാസം പാപ്പാന്റെ പറച്ചിലിൽ വ്യക്തമാണ്. എന്നാലും രേഖപ്പെടുത്തലുകൾ, സന്ദർഭത്തിലൂന്നി വിവരിക്കൽ, പ്രചരിപ്പിക്കൽ എന്നിങ്ങനെ ഹിംസക്ക്​ സാക്ഷ്യം വഹിക്കുന്ന പ്രവർത്തികളിലൂടെ, നമ്മൾ കാണുന്ന അടികളെയും കുത്തുകളെയും പീഡനങ്ങളായി തന്നെ തിരിച്ചറിയാനും ആനകൾക്കുവേണ്ടിയുള്ള ജനകീയ ഇടപെടലിന്റെ സംസ്‌കാരം വളർത്താനും കഴിയും.

പരിധിയില്ലാത്ത അക്രമം

ആനകളുടെ യാതനകളെ പറ്റി ചോദിക്കുമ്പോൾ, ക്ഷേത്രത്തിനോടു ചേർന്നുനിൽക്കുന്ന ആന വ്യവസായത്തിന്റെ സ്ഥിരം രീതിയുണ്ട്​. ഈ ചോദ്യം ഉന്നയിക്കുന്ന പ്രശ്​നത്തെ ഒരുതരത്തിലും പരിഹരിക്കാത്ത ആചാരസംരക്ഷണം, ആനക്കാരുടെ ജീവനോപാധി തുടങ്ങിയ മറ്റു വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരിക എന്നതാണത്​. ധ്രുവീകരിക്കപ്പെട്ട ഇത്തരമൊരന്തരീക്ഷം ആനകളുടെ അവസ്ഥയെക്കുറിച്ച് ആത്മാർഥമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ആനപ്രേമികളെപ്പോലും ബഹിഷ്‌കരിക്കുകയും അക്രമത്തിലേക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതിലേക്ക്​ നയിക്കുന്നു.

ബന്ധിത ആനകളെ എങ്ങനെയൊക്കെയാണ് ആക്രമിച്ച്​ ഇല്ലാതാക്കുന്നത്​എന്നതിനെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്ന Kerala Elephant Cruelty എന്ന മലയാളം Instagram page, അടുത്തിടെ തൃശൂർ സ്വദേശിയായ അഭിജിത് സുരേന്ദ്രനെ ഒരു ആനയുടെ കരാറുകാരനും പാപ്പാനും ഉടമയും ചേർന്ന് ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. തൃശിവപേരൂർ കർണ്ണൻ എന്ന ആന കൊടുംവേദനയിലാണെന്നും മതിയായ പരിചരണം കൊടുത്തില്ലെങ്കിൽ കർണ്ണനും ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന പ്രമുഖ കൊമ്പന്റെ അതേ വിധി വരുമെന്നും അഭിജിത്​ ആനപ്രേമി വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു. വിഷ്ണുശങ്കർ 36-ാം വയസ്സിൽ, കഴിഞ്ഞ സെപ്റ്റംബറിലാണ്​ ചരിഞ്ഞത്​. ഔദ്യോഗിക മരണകാരണം പാദരോഗം ആണ്​. എന്നാൽ, ഓരോ വർഷവും മാറിമാറി വരുന്ന പാപ്പാന്മാരുടെ കെട്ടിയഴിക്കൽ പീഡനവ്യവസ്ഥയുടെ ഇരയായാണ്​ ആന കൊല്ലപ്പെട്ടത് എന്ന വസ്തുത മറച്ചുവയ്ക്കാൻ ആനപ്രേമി ചാനലുകൾ പോലും പാടുപെടുന്നു.

കർണ്ണന്റെ ഫോട്ടോയെടുത്ത്​ ആക്ടിവിസ്റ്റുകൾക്കയച്ചുകൊടുത്ത്​ "ദുരുപയോഗം' ചെയ്തുവെന്നാരോപിച്ച് അഭിജിത്തിന്റെ ചിത്രവും പേരും മറ്റ് ആനപ്രേമി വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ ആളൊഴിഞ്ഞ ആനപ്പറമ്പിലേക്ക് ഇയാളെ സൂത്രത്തിൽ വിളിച്ചുവരുത്തുകയും അവിടെ കരാറുകാരനും കൂട്ടരും ചേർന്ന് കത്തിയും മറ്റ് മാരകായുധങ്ങളും കൊണ്ട് ആക്രമിക്കുകയും തല തല്ലിപ്പൊളിക്കുകയും ചെയ്തു. പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

കൊല്ലുക എന്നത് അവരെക്കൊണ്ട്​ എളുപ്പം പറ്റുന്ന കാര്യമാണെന്നും ആനയുടെ വേദനയെക്കുറിച്ച്​ പറയുക എന്ന ‘കുറ്റ’ത്തിനുള്ള ശിക്ഷ കൊലപാതകം തന്നെയാണെന്നും അക്രമത്തിന്റെ വ്യാപ്തിയിൽ നിന്ന്​മനസ്സിലാക്കാം.

ഏത് മാധ്യമ സ്വാതന്ത്ര്യം

മാധ്യമ സ്വാതന്ത്ര്യത്തിന്​ ആനത്തറയുടെ മതിൽക്കെട്ടിലേക്ക്​പ്രവേശനമില്ലെന്നു തോന്നുന്നു. ആനയുടെ പരിക്കുകൾ ചിത്രീകരിക്കുമ്പോൾ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവരുന്ന കയ്യേറ്റം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. പക്ഷേ ഉത്സവങ്ങളിൽ ഫോട്ടോഗ്രാഫി ഒരു സവിശേഷ ഘടകമല്ലല്ലോ. ഇതിനർഥം പൂരത്തിനു വന്നാൽ എവിടെ നിൽക്കണമെന്നും എവിടെ നോക്കണമെന്നും നിഷ്‌കർഷിക്കുന്ന കൃത്യമായ നിയമങ്ങൾ ഉണ്ടെന്നാണ്. ആനയുടെ കാലിന്റെ പിന്നിൽ വന്നുനിന്ന്​ വ്രണങ്ങളുടെ പാടുകൾ നോക്കിനിൽക്കുന്നവർക്ക്​ നേരിടേണ്ടിവരുന്ന പ്രത്യാഘാതം കുറച്ചു കടുപ്പമായിരിക്കും.

ഈ വർഷം ആദ്യം പാലക്കാട്ടുവെച്ച് ആന ഇടഞ്ഞ്​ പാപ്പാന്മാർക്കുനേരെ തിരിഞ്ഞ സംഭവം ഓൺലൈൻ മലയാളം വാർത്താ ചാനലായ യു.ടി.വി ന്യൂസിലെ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിലിലെ ഉച്ചവെയിലിൽ ചുട്ടുപഴുത്ത റോഡിലൂടെ നടക്കാൻ ആനയെ നിർബന്ധിക്കുകയായിരുന്നു. ഒടുവിൽ ഇടഞ്ഞ കൊമ്പനെ ആളൊഴിഞ്ഞ പറമ്പിൽ തളയ്ക്കുകയും പാപ്പാന്മാർ ചുറ്റും നിന്ന് അവനെ പൊതിരെ തല്ലുകയുമായിരുന്നു. ഒരാൾ ആനയുടെ കാലിൽ ശക്തിയായി പ്രഹരിക്കുന്നത് കാണാം, മറ്റൊരാൾ കാൽമുട്ടിന്മേൽ വടികൊണ്ട് കുത്തുന്നു. മർദനം തുടങ്ങി കുറച്ചു മിനിറ്റുകൾകഴിഞ്ഞിട്ടേ മാധ്യമപ്രവർത്തകരെ ആനക്കാർ ശ്രദ്ധിക്കുന്നുള്ളു. "ഡാ! വീഡിയോ എടുക്കുന്നോടാ!' എന്നാക്രോശിച്ച്, സംസാരിച്ചും ന്യായീകരിച്ചും ഒട്ടും സമയം പാഴാക്കാതെ കയ്യേറ്റം ചെയ്യാൻ അടുത്തേക്കുവന്നു. പിന്നീട് പൊലീസ് വന്ന് സ്ഥിതിഗതികൾ നിയന്ത്രിച്ചപ്പോൾ പാപ്പാന്മാർ പറമ്പിന്റെ അതിർത്തിയിൽ പോയി കാവൽ നിന്നു. വീഡിയോയിൽ ഇതുവരെ മാത്രമാണ് ആനയെ കാണുന്നത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നതാണ് വീഡിയോയുടെ അവസാനഭാഗം. ഇവിടെ പൊലീസിന്റെ കർത്തവ്യം മാധ്യമപ്രവർത്തകർക്കുനേരെയുള്ള ശാരീരിക ഉപദ്രവം തടയുക എന്നതിലേക്ക് മാത്രം ഒതുങ്ങുകയാണ്. ആനപീഡനത്തിൽനിന്ന്​ ക്യാമറ തിരിച്ചുമാറ്റുന്നതിൽ അവർ സജീവമായി പങ്കെടുക്കുന്നു. അങ്ങനെയാണെങ്കിലും, ഉദ്യോഗസ്ഥന്റെ വിവരണത്തിനിടയിൽ, 30 സെക്കന്റിൽ ആറെണ്ണം എന്ന നിരക്കിൽ, ആനയുടെ ദേഹത്ത് അടി വീഴുന്നത് കേൾക്കാം.

പൊലീസിനെ സമീപിക്കുമ്പോൾ

ഒളരിക്കര സംഭവവുമായി ബന്ധപ്പെട്ടു നടന്ന ആൾക്കൂട്ട ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് പ്രീതി ശ്രീവത്സൻ പറയുന്നു: ‘പൊലീസിൽ നിന്ന് ഞങ്ങൾക്ക് ഒരു പിന്തുണയും ലഭിച്ചില്ല. സി.ഐ വളരെ മോശമായി പെരുമാറി, ഞങ്ങളോട് ആക്രോശിച്ചു, മുഴുവൻ ആൾക്കാരുടെയും മുന്നിൽ വച്ച് ഞങ്ങളെ തള്ളിപ്പറഞ്ഞു.’

ഇതിലും ഭേദപ്പെട്ട സാഹചര്യത്തിൽ പോലും ആനകളുടെ ഫോട്ടോ എടുക്കാനുള്ള മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും അവകാശം സംരക്ഷിക്കുന്നതിൽ നിന്ന് പൊലീസ് പലപ്പോഴും വിട്ടുനിൽക്കുന്നുവെന്നു മാത്രമല്ല, ഭൂരിപക്ഷത്തിനൊപ്പം നിന്ന് തിടുക്കത്തിൽ കാര്യങ്ങൾ ഒത്തുതീർക്കുകയും ക്യാമറകൾ ഓഫാക്കുകയും ചെയ്യുന്നു. ആനകളുടെ യാതനകൾ അദൃശ്യമാക്കുക എന്ന ആനവ്യവസായത്തിന്റെ സ്ഥാപക ഉദ്ദേശ്യം അതുവഴി സാക്ഷാൽക്കരിക്കപ്പെടുന്നു.

മൃഗാവകാശ പ്രവർത്തനത്തിന്റെ സ്ഥാനം

ആനകളെ ബന്ധനത്തിൽ നിലനിർത്താൻ ഉപയോഗിക്കുന്ന രീതികൾ ആഴത്തിൽ പഠിച്ച്​ അവ എങ്ങനെ ആനകളുടെ ശാരീരിക- മാനസിക അവസ്​ഥകളെ ബാധിക്കുന്നു എന്ന്​ പരിശോധിക്കേണ്ടത്​ ഇന്ന്​ ഏറെ പ്രസക്തമാണ്. എന്നാൽ, ബലപ്രയോഗത്തിലൂടെയും അതിസൂക്ഷ്മമായും ഇത്തരം വസ്​തുതകൾ സമർഥമായി മറച്ചുവക്കപ്പെടുകയാണ്​. അതിലൂടെ മാത്രമേ മതപരമായ ആവശ്യങ്ങൾക്കായുള്ള ആനക്കച്ചവടം എന്ന വ്യവസ്ഥയെ എളുപ്പം കുറ്റവിമുക്തമാക്കാൻ കഴിയൂ. വന്യജീവി സംരക്ഷണ നിയമത്തിൽ 2022 -ൽ കൊണ്ടുവന്ന ഭേദഗതി ഇതുതന്നെയാണ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഈ ഭേദഗതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ചിന്താഗതി തച്ചുടക്കാൻ ആക്ടിവിസ്റ്റുകൾക്കും ആനയുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ പുലർത്തുന്ന പൗരന്മാർക്കും കഴിയും.

ആനകൾക്ക് ഒരു ദോഷവും വരുത്താതെ അവരുടെ എല്ലാ ആവശ്യങ്ങളും അനുവദിച്ചുകൊടുത്ത്, അവയെ നാട്ടിലേക്ക് പിടിച്ചുകൊണ്ടുവന്ന് ചങ്ങലക്കിട്ട്​ പള്ളി- അമ്പലപ്പണികളെടുപ്പിക്കാൻ കഴിയുമെന്നാണ് പൊതുവെയുള്ള ധാരണ. ആനകളെ അടിച്ചും ഇടിച്ചും എഴുന്നള്ളിപ്പിന്​ ഒരുക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ തന്നെ ഈ ധാരണ തെറ്റാണെന്ന്​ തെളിയും. ആനയെ സംബന്ധിച്ച്​ "ഏറ്റവും ചെറിയ രീതിയിൽ, അനുവദനീയമായ വേദന ഏല്പിച്ച്​ പണിയെടുപ്പിക്കുക' എന്നൊരു സംഭവം ഇല്ല എന്ന് മനസ്സിലാവും.

ആനയെ ഉപദ്രവിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവർക്ക് ഉത്സവ സംഘാടകരുടെയും പാപ്പാന്മാരുടെയും ഭീഷണി കേട്ടിരിക്കണ്ട യാതൊരു ബാധ്യതയുമില്ലെന്ന് മുതിർന്ന ആന അവകാശ പ്രവർത്തകനും ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്സ്​ സ്ഥാപകനുമായ വി.കെ. വെങ്കിടാചലം പറയുന്നു:‘‘ജീവികളോട് കാണിക്കുന്ന ക്രൂരത ചിത്രീകരിക്കാൻ ഭരണഘടനാപരമായ അവകാശം മാത്രമല്ല നമ്മൾക്കുള്ളത്. അത് ചെയ്യാൻ പൗരർ ഭരണഘടനാപരമായി ബാധ്യസ്ഥരുമാണ്. ആനയുടെ ഫോട്ടോ എടുക്കുന്നത് തടയാൻ പാപ്പാന്മാർക്കോ പൊലീസിനോ പോലും അവകാശമില്ല.''

മൃഗാവകാശ പ്രവർത്തകർക്കും മറ്റുള്ളവർക്കുമെതിരെ വർധിച്ചുവരുന്ന അക്രമം കണക്കിലെടുത്ത് ഉത്സവസ്ഥലങ്ങളിലും ആനപ്പറമ്പിലും ആനകളുടെ പടം എടുക്കാൻ വരുന്നവർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും വെങ്കിടാചലം ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ പൊലീസ് നടപ്പാക്കേണ്ടത് ഭരണഘടനാ നിയമമാണ്, അല്ലാതെ തീവ്രഭൂരിപക്ഷത്തിന്റെ നിയമമല്ല.

Comments