അയ്യങ്കാളി
മലയാളി സാമൂഹികതയുടെ
രാഷ്ട്രീയ യുവത്വം
അയ്യങ്കാളി: മലയാളി സാമൂഹികതയുടെ രാഷ്ട്രീയ യുവത്വം
മലയാളി സാമൂഹികതയുടെ രാഷ്ട്രീയ യുവത്വമായ അയ്യങ്കാളിയുടെ സമരജീവിതത്തെയും ബൗദ്ധിക ഭാവനകളെയും പ്രമേയമാക്കി എം.പി അനസ് കെട്ടിയൊരുക്കിയ മാലപ്പാട്ടാണ് 'അയ്യങ്കാളിമാല'. അയ്യങ്കാളിമാല പരിചയപ്പെടുത്തുകയാണ് ഡോ. കെ.എസ്. മാധവന്‍.
16 Jun 2020, 11:08 AM
കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സര്‍ഗാത്മകവും ധൈഷണികവുമായ ആവിഷ്‌കാരങ്ങള്‍ ഗദ്യ-പദ്യരൂപങ്ങളില്‍ അറബി മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ധര്‍മ്മ പ്രബോധനങ്ങളും നീതി വിചാരങ്ങളും ദൃശ്യപ്പെടുന്ന ഇസ്‌ലാമിക ലോകവീക്ഷണം ഗദ്യ കൃതികളില്‍ കാണാം. പുണ്യാത്മാക്കളായി ചരിത്ര ജീവിതം നയിച്ച മഹാരഥന്മാരെപ്പറ്റിയുള്ള അപദാന ഗീതങ്ങളാണ് മാപ്പിള മലയാളത്തിലെ മാലപ്പാട്ടുകള്‍ എന്ന സാഹിത്യവിഭാഗം. ഭക്തി, പ്രാര്‍ത്ഥന, കരുണ, അനുകമ്പ എന്നിവ പ്രസരിക്കുന്ന മാലപോലെ കോര്‍ത്തിണക്കിയ പദ്യ ശകലങ്ങളുടെ വാഗ്മയ സമാഹാരമാണ് മാലപ്പാട്ടുകള്‍. ഏറ്റവും പഴക്കമുള്ള അറബി മലയാളം കൃതിയായ "മുഹിയുദ്ദീന്‍മാല' മാലപ്പാട്ടായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മാലപ്പാട്ടുകളും ചരിത്ര ഭാവനകളും
മലയാളി മുസ്‌ലീങ്ങളുടെ ദൈനംദിനത്തിലെ ജീവിതാനുഭവങ്ങളുടെ സൃഷ്ടിപ്പുകളില്‍ മാലപ്പാട്ടുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു. മത ജീവിതനിഷ്ഠയും സാമൂഹിക ജീവിതത്തിലെ ധാര്‍മ്മിക ബോധവും വ്യക്തികളെ സാമൂഹികവല്‍ക്കരിക്കുന്നതും മനസ്ഥിതിയെ ചിട്ടപ്പെടുത്തുന്നതും സാമാന്യ ബോധത്തെ നിര്‍മ്മിക്കുന്ന സാംസ്‌കാരിക വിഭവമായും മാലപ്പാട്ടുകള്‍ നിലനിന്നു. പുണ്യാത്മാക്കളുടെ ജീവിത കഥാഗാനങ്ങളായ കിസ്സപ്പാട്ടുകള്‍, ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധങ്ങളെ പ്രമേയങ്ങളാക്കിയ പടപ്പാട്ടുകള്‍ എന്നിവ മാപ്പിള മലയാളത്തിലെ പ്രധാന സാഹിത്യ വിഭാഗങ്ങളാണ്. കേരളത്തിലെ പാശ്ചാത്യ അധിനിവേശത്തെ പ്രതിരോധിക്കുന്ന സന്ദര്‍ഭങ്ങളെ പ്രതിപാദിക്കുന്ന പ്രതിരോധ കാവ്യങ്ങളായ പല പടപ്പാട്ടുകളുമുണ്ട്. പ്രാഗ് ആധുനിക കേരളത്തില്‍ മാപ്പിളമാരുടെ മാനകഭാഷയായി മാപ്പിള /അറബി മലയാളം വളര്‍ന്നു വന്നിരുന്നു.
കേരളത്തിന്റെ ആധുനികത സാക്ഷരാധുനികതയും ഭാഷയുടെ മാനക വല്‍ക്കരണത്തിലൂടെ സാമൂഹിക വിഭാഗങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിന് ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന പൊതുനിരീക്ഷണങ്ങളെ പിന്‍പറ്റുകയാണെങ്കില്‍ തദ്ദേശീയമായ ഒരു ആധുനികതയെ രൂപപ്പെടുത്തുന്ന പ്രക്രിയ കേരളത്തിലെ മാപ്പിള / അറബിമലയാള ഭാഷ മാധ്യമത്തിലൂടെ മുസ്‌ലിം സമൂഹത്തില്‍ ആരംഭിച്ചിരുന്നു. ഈ ഭാഷാവബോധത്തിന്റെയും അതിലൂടെ നിര്‍മ്മിക്കപ്പെട്ട രാഷ്ട്രീയ സാംസ്‌കാരിക ബോധ്യങ്ങളുടെയും ഭാഗമായിട്ടാണ് വൈദേശികാധിപത്യത്തിനെതിരായ സമരോത്സുകമായ ചരിത്രാനുഭവമായി ആധുനികത കോളോണിയല്‍ വിരുദ്ധ സാംസ്‌കാരികമൂല്യമായി മലബാറിലെ മുസ്‌ലിം സാമൂഹികതയില്‍ ഉള്‍വഹിക്കപ്പെട്ടിരിക്കുന്നത്.
അയ്യങ്കാളി മാല : ജീവചരിത്രവും ചരിത്ര ജീവിതവും
മാപ്പിള/അറബി മലയാളത്തിലെ പ്രധാന സാഹിത്യ വിഭാഗമായ മാലപ്പാട്ടുസാഹിത്യത്തിന്റെ തുടര്‍ച്ചയില്‍ യുവ സാഹിത്യകാരനായ എം.പി അനസ് അയ്യങ്കാളിയെപ്പറ്റി കെട്ടിയൊരുക്കിയ മാലപ്പാട്ടാണ് "അയ്യങ്കാളിമാല'.

മലയാള സാഹിത്യത്തില്‍ ആദ്യമായിട്ടാണ് മാപ്പിളമലയാളത്തിലെ മാലപ്പാട്ടു സാഹിത്യത്തില്‍ അയ്യങ്കാളി പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്ന ഒരു ആവിഷ്‌ക്കാരമുണ്ടാകുന്നത്. അയ്യങ്കാളിയുടെ ചരിത്ര ജീവിതത്തെ മുന്‍നിര്‍ത്തി അയ്യങ്കാളി പ്രസ്ഥാനം ആധുനിക മലയാളി ജീവിതത്തെയും കേരളീയ സാമൂഹികതയെയും നിര്‍മ്മിച്ച പ്രക്രിയയാണ് അയ്യങ്കാളിമാലയിലൂടെ ദൃശ്യപ്പെടുന്നത്. പാട്ടു കാവ്യമായി ചിട്ടപ്പെടുത്തിയ അയ്യങ്കാളി മാല അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയും പ്രവാചക തിരുനബിയോടുള്ള വന്ദനവുമായിട്ടാണ് ആരംഭിക്കുന്നത്. പിന്നീട് മുഹ്‌യദ്ദീന്‍ മാലയുടെ രചയിതാവിനോടുള്ള ആദരവോടെ അയ്യങ്കാളിയുടെ ജീവിതത്തെയും കാലത്തെയും ആഖ്യാനം ചെയ്യുന്നു.
പാട്ടു കാവ്യമായി ചിട്ടപ്പെടുത്തിയ അയ്യങ്കാളി മാല അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയും പ്രവാചക തിരുനബിയോടുള്ള വന്ദനവുമായിട്ടാണ് ആരംഭിക്കുന്നത്.
പ്രാഗ് ആധുനിക മലയാള ഭാഷയില്‍ പൊതു വിനിമയങ്ങളായിരുന്നില്ല തുല്യതയെയും സ്വതന്ത്ര്യത്തെയും സൂചിപ്പിക്കുന്ന വാക്കുകളും ആശയങ്ങളും. മാലപ്പാട്ടു സാഹിത്യത്തില്‍ സാഹോദര്യം, കരുണ, നീതി, തുല്യത, അവകാശം എന്നീ സാമൂഹിക പദാവലികള്‍ കാണാവുന്നതാണ്. പ്രാഗ് ആധുനിക കേരളീയ സമൂഹത്തില്‍ മാപ്പിളമലയാളവും മുസ്‌ലിം സാമൂഹിക ജീവിതവും രൂപപ്പെടുത്തിയ മൂല്യ വിചാരങ്ങളാണവ. അയ്യങ്കാളി പ്രസ്ഥാനം മുന്നോട്ടു കൊണ്ടുവന്ന നീതിബോധവും പൊതു സാമൂഹികതയും അടയാളപ്പെടുത്താനുള്ള ഭാഷാപരവും സാംസ്‌കാരികവുമായ സാധര്‍മ്യത്തെയാണിത് കാണിക്കുന്നത്. ജീവചരിത്രവും ബൗദ്ധിക ചരിത്രവും പരസ്പരം അഭിമുഖീകരണം നേടുന്ന ആഖ്യാനമാണ് അയ്യങ്കാളി മാലയിലൂടെ വെളിപ്പെടുന്നത്. അയ്യങ്കാളി മാലയില്‍ ഇക്കാര്യം ഇശലില്‍ കോര്‍ത്തിരിക്കുന്നത് ഇങ്ങനെയാണ്:
"അകമില്‍ കരുത്തുമയ്
കാലത്തിന്നാജലം
മാറ്റിത്തിരിക്കാനായ്
വന്നു പിറന്നോവര്‍
ആ മഹാത്മാവിന്റെ
ഒളിയേറും സീറ ഞാന്‍
ഇശലിനാല്‍കോര്‍ത്തൊരു
മാല കൊരുക്കുന്നേ.'
ഏറ്റിറക്ക വ്യവസ്ഥിതിയും പ്രതിരോധ സംസ്‌കാരവും
തരം തിരിവ് അസമത്വത്തെ സ്വാഭാവികവും സാമാന്യവുമായി കണ്ടിരുന്ന ഏറ്റിറക്ക വ്യവസ്ഥയില്‍ അവകാശങ്ങള്‍ എന്നത് ജാതിമേല്‍ക്കോയ്മകള്‍ നിലനിര്‍ത്തിയ സവിശേഷ അധികാരമായിരുന്നു. ഇത് ജാതിഭേദങ്ങളും നന്മതിന്മ ഗുണദോഷ രൂപങ്ങളും ശുദ്ധാശുദ്ധ ബന്ധങ്ങളും മേല്‍ക്കോയ്മ വഴക്കങ്ങളും മര്യാദക്രമങ്ങളുമായി നിലനിന്നു. ഇതിനെ ഇശലില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.
"മുമ്പന്‍മാരായുള്ളോര്‍
നാടുവാഴുന്നേരം
കീഴാളര്‍ക്കൊന്നുമെ
യില്ലോരവകാശം.
ഒന്നിച്ചിരിക്കാനും
ഒന്നിച്ചൊന്നുണ്ണാനും
ഒന്നിച്ചുനില്‍ക്കാനും
ഒക്കാത്ത കാലമെ'
ജാതിവര്‍ണ്ണഭേദരൂപങ്ങള്‍ സാമൂഹിക അകലങ്ങളെ ജാതി മര്യാദകളായി വ്യവസ്ഥപ്പെടുത്തിയപ്പോള്‍ ഒന്നിപ്പുകള്‍ സാധ്യമാകാത്ത വിഭജിത സാമൂഹിക ക്രമത്തെ സ്വാഭാവികവും പ്രകൃത്യാലുള്ളതുമാക്കി തീര്‍ത്തു. ഇതിനെ ജാതിയിരുട്ടായിട്ടായിട്ടാണ് ഇശലില്‍ കെട്ടിയിരിക്കുന്നത്.
"ജാതിയിരുട്ടിനെ
വെക്കമായ് നീക്കുവാന്‍
ജാതമാം വീരത്തം
തന്നാലേയുള്ളോവര്‍ '
ജാതി വിലക്കുകളെ ലംഘിക്കുന്ന പാരമ്പര്യ / നിയമ ലംഘന പ്രസ്ഥാനമായിട്ടാണ് അയ്യങ്കാളിയുടെ മുന്നേറ്റങ്ങള്‍ ആരംഭിക്കുന്നത്.
"പൊതുവഴി തന്നിലെ
വേലികളെല്ലാമെ
അവധിയതില്ലാതെ
നീക്കിക്കളഞ്ഞോവര്‍'
മലയാളി പൊതുജീവിതത്തില്‍ "പൊതു' എന്നത് ഒരു ആധുനിക മൂല്യ മണ്ഡലമായി നിര്‍മ്മിക്കുന്നതില്‍ പ്രധാന ചരിത്ര പങ്കാളിത്തം നിര്‍വ്വഹിച്ച മുന്നേറ്റമാണ് അയ്യങ്കാളി പ്രസ്ഥാനം. ആധുനിക മലയാളി സമൂഹത്തിന് സിവില്‍ അവകാശത്തെയും പൊതുജീവിതത്തെയും തുല്യതയുടെ നീതി വിചാരത്താല്‍ പരിചിതമാക്കിയ അവകാശ പോരാട്ടങ്ങളും സമരജീവിത മുന്നേറ്റങ്ങളുമാണ് അയ്യങ്കാളി എന്ന രാഷ്ട്രീയ പ്രതീകത്തിലൂടെ നിലനില്‍ക്കുന്നത്.
അയ്യങ്കാളി : മലയാളി സാമൂഹികതയുടെ രാഷ്ട്രീയ യുവത്വം
പ്രാഗ് ആധുനിക കേരളത്തില്‍ മാലപ്പാട്ടുകളില്‍ സന്നിവേശിപ്പിച്ചിരുന്ന രണ്ട് സാംസ്‌കാരിക രാഷ്ട്രീയ മൂല്യങ്ങള്‍ കേരള നവോത്ഥാനത്തിന്റെ പൊതു സവിശേഷതയായി മാറിയതായി കാണാവുന്നതാണ്. പ്രതിരോധ സംസ്‌കാരവും മനുഷ്യരുടെ തുല്യതയെപ്പറ്റിയുള്ള ഇച്ഛയുമാണത്. നീതിയുടെ സാമൂഹികവല്‍ക്കരണവും തുല്യതയെപ്പറ്റിയുള്ള രാഷ്ട്രീയ ഭാവനയുമായി നവോത്ഥാന പ്രക്രിയയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആശയങ്ങളാണിത്. ഈ മൂല്യ വിചാരങ്ങളെ
" പൊതുവെന്നൊരില്‍ഹാമിന്‍
മേന്‍മയറിഞ്ഞോവര്‍
പൊതുവിടംതീര്‍ക്കുവാന്‍
മുന്നണി ചേര്‍ന്നോവര്‍.
പൊതുമണ്ഡലമെന്ന
സംസ്‌കാരപ്പുതുമയെ
മലയാള മണ്ണിലും
വിളയിച്ചു വെച്ചോവര്‍ '
എന്നാണ് ഇശല്‍ മാലയില്‍ വര്‍ണ്ണിക്കുന്നത്.
മലയാളിയെ സ്ഥലപരവും സാമൂഹികവുമായ (spatial and social)) തുറവുകള്‍ സൃഷ്ടിച്ച മുന്നേറ്റമാണ് വില്ലുവണ്ടി സമരങ്ങള്‍. കീഴാളര്‍ക്കു വഴി നടക്കാനുള്ള പൗരാവകാശ സമരങ്ങളായിട്ടാണ് അത് ആരംഭിച്ചതെങ്കിലും മലയാളിയുടെ പൊതുവിനെയും പങ്കാളിത്ത സാമൂഹികതയെയും നിര്‍മ്മിച്ച ചരിത്ര പ്രക്രിയ കൂടിയായിരുന്നു വില്ലുവണ്ടി പ്രക്ഷോഭങ്ങള്‍.
കേരളത്തിലെ ജാതിവഴികളെ പൊതുവഴികളാക്കിയത് ജാതി വിലക്കുകളെ ലംഘിച്ചു പാഞ്ഞുകയറിയ വില്ലുവണ്ടികളാണ്. മലയാളിയെ സ്ഥലപരവും സാമൂഹികവുമായ (spatial and social)) തുറവുകള്‍ സൃഷ്ടിച്ച മുന്നേറ്റമാണ് വില്ലുവണ്ടി സമരങ്ങള്‍. കീഴാളര്‍ക്കു വഴി നടക്കാനുള്ള പൗരാവകാശ സമരങ്ങളായിട്ടാണ് അത് ആരംഭിച്ചതെങ്കിലും മലയാളിയുടെ പൊതുവിനെയും പങ്കാളിത്ത സാമൂഹികതയെയും നിര്‍മ്മിച്ച ചരിത്ര പ്രക്രിയ കൂടിയായിരുന്നു വില്ലുവണ്ടി പ്രക്ഷോഭങ്ങള്‍. മലയാളിയുടെ ജാതി ശരീരങ്ങളെ പൗരശരീരങ്ങളാക്കുന്ന ചരിത്ര പ്രക്രിയ കൂടിയായിരുന്നു ഈ സമരങ്ങള്‍. സിവില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പാരമ്പര്യ ജാതി വിലക്കുകളെ ലംഘിക്കുന്ന നിയമ ലംഘന പ്രസ്ഥാനം കൂടിയായിരുന്നു അയ്യങ്കാളി പ്രസ്ഥാനം. പൊതുവഴിയും പൊതുവിദ്യാഭ്യാസവും വിഭവാധികാരവും കീഴാളര്‍ക്കുലഭ്യമാക്കുന്നതിലൂടെ കേരളീയ സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന സാമൂഹിക ജനാധിപത്യത്തിന്റെ ഇടപെടല്‍ മാതൃകയാണ് അയ്യങ്കാളി മലയാളിക്ക് പരിചിതമാക്കിയത്.
മലയാളി "പൊതു'വിന്റെ സാമൂഹ്യ വല്‍ക്കരണത്തിന്റെ തുടര്‍ച്ചയില്‍ തുല്യാവകാശങ്ങളും അധികാരത്തില്‍ പങ്കാളിത്തവും ആവശ്യപ്പെടുന്ന വിഭവ രാഷ്ട്രീയവും പങ്കാളിത്ത ജനായത്തവുമാണ് അയ്യങ്കാളിയിലൂടെ കീഴാളര്‍ നവോത്ഥാന ആധുനികതയില്‍ ദൃശ്യപ്പെടുത്തിയത്. ഈ രാഷ്ട്രീയ ബോധ്യത്തെ ഇശല്‍ മാലയില്‍ ഇങ്ങനെ ഒരുക്കിയിരിക്കുന്നു:
" അധികാരം പങ്കിടാനു -
ള്ളൊരവകാശം
ജനതയ്ക്കതൊക്കെയു-
മുണ്ടെന്നുറച്ചോവര്‍ '
അയ്യങ്കാളിയുടെ സാധുജന പരിപാലനമെന്ന സങ്കല്പത്തിലൂടെ ജനതയും സമതയും പങ്കാളിത്തവും സാമൂഹിക നീതി സങ്കല്പവുമായി പാരസ്പര്യപ്പെട്ടു നില്ക്കുന്നു. വിദ്യാഭ്യാസവും അറിവും രാഷ്ട്രീയ ബോധ്യത്തെയും ജീവിതത്തെയും സൃഷ്ടിക്കുന്ന സാമൂഹിക മൂലധനമാണെന്ന തിരിച്ചറിവിലാണ് വിദ്യാഭ്യാസത്തെ വിഭവാധികാരവും സാമൂഹിക മൂലധനവുമായി അയ്യങ്കാളി സ്ഥാനപ്പെടുത്തുന്നത്. പ്രാതിനിധ്യവും പങ്കാളിത്തവും തുല്യ പൗരത്വ അവകാശത്തിന്റെ അടിത്തറയാണ്.
"ബാലകരൊക്കെയും
വേലയെ വിട്ടിട്ട്
പാഠം പഠിക്കേണമെ-
ന്നതുരത്തോവര്‍ '
എന്നാണ് ഇശലില്‍ പറയുന്നത്. കേരളത്തില്‍ സാര്‍വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസത്തിനായി പ്രജാസഭയിലും പ്രക്ഷോഭങ്ങളിലൂടെ പൊതുസമൂഹത്തിലും ആദ്യമായി ആവശ്യപ്പെട്ടത് അയ്യങ്കാളിയാണ്. കേരളത്തിലെ സാക്ഷരാധുനികതയെയും പൊതു വിദ്യാഭ്യാസത്തെയും സാമൂഹിക നീതിയുമായി ബന്ധിപ്പിച്ചത് അയ്യങ്കാളിയാണ്. ഇശല്‍ മാലയില്‍ ഇത് ഇങ്ങനെയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
"സാര്‍വത്രികമാകും
വിജ്ഞാനം നേടുവാന്‍
സര്‍വജനത്തോടും
മുന്നേ പറഞ്ഞോവര്‍'
മാപ്പിളമലയാളവും മലയാളി സമൂഹികതയും
മലയാളത്തിലെ ഒരു ഭാഷ ഭേദമായിട്ടാണ് മാപ്പിള മലയാളത്തെ പൊതുവെ പരിഗണിക്കുന്നത്. എന്നാല്‍ സ്വതന്ത്രവും ചരിത്രപരവുമായ ഭാഷാ സാമൂഹികതയിലൂന്നുന്ന ഭാഷാവബോധവും സാഹിത്യരൂപങ്ങളും മൊഴിവഴക്ക പാരമ്പര്യവുമുള്ള ഒരു ചരിത്ര ജീവിതവും രാഷ്ട്രീയ ബോധ്യങ്ങളും ഉള്‍വഹിക്കുന്ന ഭാഷയാണ് മാപ്പിള മലയാളം. ജീവിത വ്യവഹാരങ്ങളുടെ പ്രധാന മാധ്യമമായിട്ടാണ് മലബാറിലെ മുസ്‌ലിം സമൂഹം ഈ ഭാഷാ രൂപത്തെ വികസിപ്പിച്ചത്. അറബി, പേര്‍ഷ്യന്‍ എന്നിങ്ങനെ ലോകഭാഷകളുടെയും ഇന്ത്യയിലെ മറ്റിതര പ്രദേശിക ഭാഷകളുടെയും പദങ്ങളാല്‍ സമ്പന്നമാണ് മാപ്പിള മലയാളം. ആധുനിക പൂര്‍വ്വ കേരളത്തിലെ മുസ്‌ലിം സമൂഹം മറ്റു സാംസ്‌കാരിക വ്യവസ്ഥകളും ജനസമൂഹങ്ങളുമായി തുറവുകള്‍ നില നിര്‍ത്തിയതിന്റെ ഭാഗമായിട്ടാണ് മാപ്പിള മലയാളത്തിന് ഇങ്ങനെയൊരു ഉള്‍ക്കൊള്ളല്‍ സ്വഭാവം ലഭിച്ചത്. കേരളീയ സംസ്‌കാരത്തിന്റെ വേറ്/ കൂറ് വ്യവസ്ഥകളുടെയും സ്വം /പരം നിര്‍മ്മിതികളുടെയും അടഞ്ഞ ഭാഷ പ്രയോഗങ്ങളെയും സാമൂഹിക വിനിമയങ്ങളെയും മറികടന്ന ചരിത്ര പ്രക്രിയയിലൂടെയാണ് മാപ്പിള മലയാളം വികസിച്ചുവന്നതും കേരളീയ മുസ്‌ലിം സാംസ്‌കാരിക സ്വത്വം നിര്‍മ്മിക്കപ്പെട്ടതും. ഇതിന്റെ ഭാഗമായിട്ടാണ് മാപ്പിള മലയാളത്തിലെ വിവിധ സാഹിത്യ ജനുസ്സുകള്‍ ഉണ്ടായി വന്നത്. മതപരവും പ്രബോധനപരവുമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തി ജീവിത വ്യവഹാരങ്ങളുടെ ദൈനംദിന തുടര്‍ച്ചയ്ക്ക് മൊഴിവഴക്കമായും എഴുത്തുരൂപവുമായി മാപ്പിളമലയാളം വളര്‍ന്നു വന്നു. മാപ്പിള മലയാളത്തെ അറബി ലിപിയില്‍ എഴുതുന്ന എഴുത്തു മാതൃകയാണ് അറബി മലയാളത്തെ സൃഷ്ടിച്ചത്. മതവിശ്വാസത്തിന്റെയും കര്‍മ്മശാസ്ത്ര അനുഷ്ഠാനത്തിന്റെയും ആവശ്യത്തിനായും തദ്ദേശീയ സമൂഹത്തിലുണ്ടായി വന്ന ഇസ്‌ലാമിന്റെ പ്രബോധന പാരമ്പര്യത്തിന്റെയും ഫലമായിട്ടായിരുന്നു അറബി ലിപിയില്‍ മാപ്പിളമലയാളം എഴുതുന്ന രീതി ഉണ്ടായി വന്നത്. അറബി ലിപിയില്‍ മാപ്പിളമലയാളം പകര്‍ത്തുന്ന ചിട്ടകള്‍ എഴുത്തു സംസ്‌കാരമായി വികസിച്ചുവന്നു. സംസാരഭാഷയിലെ മൊഴിവഴക്ക രീതികളായും ജീവിത ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നാള്‍വഴി കുറിപ്പുകളായും മാപ്പിള സമൂഹത്തിന്റെ ദൈനംദിന സാമൂഹികതയെ ചലനാത്മകമാക്കിയ ഭാഷാ ജീവനമായിരുന്നു മാപ്പിള മലയാളത്തിന്റെ ചൊല്ലുവഴക്കങ്ങള്‍. വിപുലമായ അധിനിവേശ വിരുദ്ധ സാഹിത്യത്താല്‍ സമ്പന്നമാണ് അറബിമലയാളം. എഴുത്തിലും ചൊല്ലുവഴക്കത്തിലും വിവിധ തരത്തിലുള്ള സാഹിത്യ രൂപങ്ങള്‍ മാപ്പിളമലയാളത്തിലുണ്ട്.
നീതി, തുല്യത,സാഹോദര്യം, മാനവികത എന്നിങ്ങനെയുള്ള മൂല്യവിചാരങ്ങള്‍ മധ്യകാലം മുതല്‍ കേരളീയ മുസ്‌ലിം സ്വത്വത്തെയും മാപ്പിളമലയാളത്തെയും നിര്‍മ്മിച്ച സാംസ്‌കാരിക വിഭവങ്ങളാണ്
പ്രാഗ് ആധുനിക മലയാള ഭാഷയില്‍ ഭാവനപ്പെടാത്തതായിരുന്നു പൊതുമാനവിക മൂല്യങ്ങളെ ദൃശ്യപ്പെടുത്തുന്ന പദാവലികള്‍. എന്നാല്‍ ഇശല്‍ സാഹിത്യപാരമ്പര്യത്തില്‍ ഇവ മൂല്യ വിചാരമായി ദൃശ്യപ്പെടുന്നുണ്ട്. ഉരിയാടല്‍ രൂപങ്ങളിലും എഴുത്തു വഴക്കങ്ങളിലും മാപ്പിളമലയാളം നീതിബോധത്തിന്റെയും മാനവിക മൂല്യങ്ങളുടെയും സാമൂഹിക സംവേദനങ്ങള്‍ ഭാഷാ വിചാരവും ഭാവുകത്വവുമായി നിലനിര്‍ത്തിയിട്ടുണ്ട്. നീതി, തുല്യത,സാഹോദര്യം, മാനവികത എന്നിങ്ങനെയുള്ള മൂല്യവിചാരങ്ങള്‍ മധ്യകാലം മുതല്‍ കേരളീയ മുസ്‌ലിം സ്വത്വത്തെയും മാപ്പിളമലയാളത്തെയും നിര്‍മ്മിച്ച സാംസ്‌കാരിക വിഭവങ്ങളാണ്. ഈ മൂല്യ മണ്ഡലവും ഭാഷാവബോധവും സാഹിത്യ സംസ്‌കാരവും ലീനമായിരിക്കുന്ന മാപ്പിളമലയാളത്തിലെ മാലപ്പാട്ടുകാവ്യരൂപത്തില്‍ മലയാളി സാമൂഹികതയുടെ രാഷ്ട്രീയ യുവത്വമായ അയ്യങ്കാളിയുടെ സമരജീവിതത്തെയും ബൗദ്ധിക ഭാവനകളെയും ആവിഷ്‌ക്കരിക്കുന്ന അയ്യങ്കാളിമാല എന്ന ഈ ഇശല്‍ മാല മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.
അയ്യങ്കാളിമാല-എം.പി.അനസ്: വായിക്കാം, കേള്‍ക്കാം
പ്രസാദ് കാക്കശ്ശേരി
17 Jun 2020, 08:38 PM
ചരിത്ര വഴികളെ സമകാലികമാക്കുന്നു അനസ്..ഭാഷയില്‍ ,സാഹിത്യത്തില്‍,സംസ്കാരത്തില്‍,പൊതുബോധത്തില്‍ സര്‍ഗാത്മകമായി ഇടപെടുന്നു..പുതുമ കാലാനുസൃതമായ തിരിച്ചറിവ് തന്നെ..ഡോ.കെ.എസ്. മാധവന്റെ പഠനം കവിതയോടും ചരിത്രത്തോടും പാരസ്പര്യപ്പെടുന്നുു..
ഡോ. ഉമർ തറമേൽ
16 Jun 2020, 10:12 PM
അനസിനു അഭിനന്ദനങ്ങൾ. അയ്യങ്കാളിയെ കുറിച്ചും മലാപ്പാട്ട് ഉണ്ടാകുന്നു എന്നത് ആ സങ്കീർത്തന കാവ്യ ജനുസ്സിന്റെ പുതു സാധ്യത വിളിച്ചോതുന്നു. പുണ്യാത്മാക്കളുടെ അത്ഭുത സിദ്ധികൾ, മദ്ഹുകൾ ഒക്കെയാണ് മാലപ്പാട്ടിന്റെ വിഷയം. അയ്യൻകാളിയുടെ ജീവിതത്തിലും, സാധാരണ മനുഷ്യർക്ക് തോന്നിയ അത്തരം കാര്യങ്ങൾ ഉണ്ടാകും. അവയെടുത്ത മാല കെട്ടിയാൽ ഒരു പ ക്ഷേ, ഇതിനേക്കാൾ രാസമാകും. വി. എം കുട്ടിയും കാരശ്ശേരി മാഷും ബഷീമാല രചിച്ചിട്ടുണ്ട്. അതിൽ ഞാൻ സൂചിപ്പിച്ച തരത്തിലുള്ള ചില കാര്യങ്ങൾ ഉൾപ്പെടു ത്തിട്ടുണ്ട്. എന്നാൽ അയ്യങ്കാളിയെ പോലെയുള്ള ഒരു അധസ്ഥിത സാമൂഹ്യ പരിഷ്കർത്താവിനു അത്തരം വേഷങ്ങൾ കല്പിച്ചെക്കിയാൽ അത് ഒരു പക്ഷെ, വിപരീത ഫലം ചെയ്യുമെന്ന തിരിച്ചറിവായിരിക്കാം, സാമൂഹികയാഥാർഥ്യത്തെ പാർട്ടിൽ കാര്യമായി പരിഗണിച്ചിട്ടുണ്ട്. എന്നാലും വില്ലുവണ്ടി സമരങ്ങളുടെ ഒരസാധാരണത്വം കൂടിയില്ലേ? മാലയിൽ ആയിരുന്നു ഭാവനയ്ക് സ്ഥാനം നൽകാമായിരുന്നു. ഏതായാലും ഈ പ്രകീർത്തന കാവ്യം, നമ്മുടെ കീഴാള ചരിത്രത്തെ സംബോധന ചെയ്യുന്നു. നന്ദി.
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read
സി പി അബൂബക്കർ
18 Jun 2020, 03:39 PM
മാല എന്ന സാഹിത്യശാഖയെ നേർച്ചയായിട്ടാണ് എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉപയോഗിച്ചിരുന്നത്. കോഴിയറുക്കുന്ന അപൂർവം.ദിനങ്ങളിലൊന്നാണ് മാലചൊല്ലുന്ന ദിവസം. ഇവിടെ മഹത്തായ സാമൂഹികവിപ്ലവസംരംഭമായി മാലാരൂപത്തെ ഉപയോഗിച്ചിരിക്കുന്നു..തന്മയത്വത്തോടെ അനസ് മാഷ് ഇത് സാധിച്ചു.അഭിനന്ദനങ്ങൾ.