truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 June 2022

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 June 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Kudumbasree

Gender

ഫോട്ടോ: ജുബിന്‍

കുടുംബശ്രീ തുറന്നുവിട്ട
സ്​ത്രീകളുടെ പലതരം ഒച്ചകൾ

കുടുംബശ്രീ തുറന്നുവിട്ട സ്​ത്രീകളുടെ പലതരം ഒച്ചകൾ

‘‘മുന്‍പ് ഞാന്‍ ബാങ്കില്‍ പോയി മണിക്കൂറുകളോളം ക്യൂ നിന്നിട്ടുണ്ട്. ഇന്ന് ബാങ്ക് മാനേജര്‍ എന്നെ മാഡം എന്നാണ് വിളിയ്ക്കുന്നത്'' എന്ന് ഒരു കുടുംബശ്രീ ചേച്ചി പറയുമ്പോള്‍ അത് അവരുടെ ജീവിതം തന്നെയാണ്.  ‘കുടുംബശ്രീ എന്താണ് ജീവിതത്തില്‍' എന്ന ചോദ്യത്തിനു മറുപടിയായി,  ‘കുടുംബശ്രീ അല്ലാത്തതായി എന്താ ഉള്ളത് എന്റെ ജീവിതത്തില്‍' എന്ന് കണ്ണു നനഞ്ഞ ഒരു ചേച്ചിയെ ഓര്‍ക്കുന്നു. ഇവരിലൂടെയാണ് ഞാന്‍ കുടുംബശ്രീ അറിഞ്ഞതും പഠിച്ചതും. കുടുംബശ്രീ എന്‍.യു.എല്‍.എമ്മിൽ സ്​റ്റേറ്റ്​ മിഷന്‍ മാനേജരും കവിയും എഴുത്തുകാരിയുമായ ബിനു ആനമങ്ങാട്​ എഴുതുന്നു.

17 May 2022, 10:33 AM

ബിനു ആനമങ്ങാട്

ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം കുടുംബശ്രീ എന്നത് വളരെ വ്യക്തിപരവും വൈകാരികവുമായ അനുഭവം കൂടിയാണ് എനിയ്ക്ക്. അതുകൊണ്ടുതന്നെ, കുടുംബശ്രീയെക്കുറിച്ച് എഴുതുക അല്പം ശ്രമകരമായ കാര്യവുമാണ്. നമ്മുടെ കാഴ്ചയെ അടിസ്ഥാനമാക്കി പല തരത്തില്‍ നിര്‍ണയ സാധ്യതകളുള്ള ഒരു ബഹുമുഖ പ്രസ്ഥാനമാണ് കുടുംബശ്രീ. ഒറ്റവാക്കിലോ വാചകത്തിലോ ഒരു പൂര്‍ണ ലേഖനത്തിലോ രേഖപ്പെടുത്താന്‍ സാധിക്കാത്ത ഒന്ന്. ഒരുപാട് അടരുകളുള്ള, ഉള്‍ക്കാമ്പുള്ള ഒരു ഇതിഹാസ ഗ്രന്ഥം പോലെയാണത്.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

2008 ല്‍ കുടുംബശ്രീയില്‍ ജോലിയില്‍ പ്രവേശിയ്ക്കുന്ന സമയത്ത്, പാഠപുസ്തകത്തിലെ ഒരു പാരഗ്രാഫ് അല്ലാതെ കുടുംബശ്രീയെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിലാണ് കുടുംബശ്രീ സംസ്ഥാന മിഷനില്‍ ചെന്ന്, അന്നത്തെ പരീക്ഷയിലും ഇന്റര്‍വ്യുയിലും പങ്കെടുക്കുന്നത്. പങ്കെടുത്തപാടെ ആ വിഷയം ഞാന്‍ മറന്നുകളയുകയും ചെയ്തു. പിന്നീട്, മൂന്നോ നാലോ മാസങ്ങള്‍ക്കു ശേഷം ജീവിതം ഒരു വല്ലാത്ത ഘട്ടത്തിലെത്തിനില്‍ക്കുന്ന സമയത്താണ് ജോലി കിട്ടിയ അറിയിപ്പ് ലഭിക്കുന്നത്. 

 Kudumbasree-selling-point.jpg

മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ കിട്ടിയ കച്ചിത്തുരുമ്പ് എന്നൊക്കെ പറയും പോലെയായിരുന്നു എനിയ്ക്കത്. എന്നിരുന്നാലും കുടുംബശ്രീ വിഭാവനം ചെയ്യുന്ന സാമൂഹ്യാധിഷ്​ഠിത സംവിധാനത്തെ മനസ്സിലാക്കിയെടുക്കാനും അതനുസരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങാനും ഏറെ സമയമെടുത്തു എന്നു പറയേണ്ടിവരും. ഏതൊരു സാധാരണ ജോലിയെയും പോലെ, ശമ്പളം പറ്റുന്ന ഒരു ജോലി എന്നു മാത്രമേ ജോലിയില്‍ പ്രവേശിയ്ക്കുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ.  അതിനുമപ്പുറം കുടുംബശ്രീ എന്നത് ഒരു വികാരമായി മാറുമെന്ന് അന്നൊന്നും ഞാന്‍ ഓര്‍ത്തിരുന്നേയില്ല.
ആദ്യകാലങ്ങളില്‍, എവിടെയാണു ജോലി എന്ന ചോദ്യത്തിന് മറുപടിയായി, ‘കുടുംബശ്രീയിലാണ്' എന്നു മറുപടി പറയുമ്പോളുള്ള മറുഭാവം പലപ്പോഴും പുച്ഛമോ സഹതാപമോ ഒക്കെയായിരുന്നു. കുടുംബശ്രീ എന്നത്, മാലിന്യം ശേഖരിക്കുന്ന ചേച്ചിമാരുടെ ഒരു സംഘം മാത്രമായിരുന്നു പലര്‍ക്കും. അന്നും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമായിരുന്നു, എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ അതെക്കുറിച്ചുള്ള അജ്ഞത വളരെ വലുതായിരുന്നു.

ഇന്ന് കുറെക്കൂടി കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കറിയാം. എന്താണ് കുടുംബശ്രീ ചെയ്യുന്നത് എന്നല്ല, എന്താണ് കുടുംബശ്രീ ചെയ്യാത്തത് എന്ന ചോദ്യത്തിലേയ്ക്ക് മാറിയിരിയ്ക്കുന്നു കാലം.
സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ എന്ന നിലയില്‍ മാത്രമല്ല, സ്വയം ഭരണാധികാരമുള്ള സവിശേഷ സംഘടനാ സംവിധാനമായി നില നിന്നുകൊണ്ടുതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിയ്ക്കുന്ന പിന്തുണാശക്തികൂടിയാണ് കുടുംബശ്രീ ഇന്ന്. പത്തുവര്‍ഷം കൊണ്ട് കേവല ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബശ്രീ പ്രവര്‍ത്തിച്ചു തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹ്യ സംഘടന സൃഷ്ടിച്ചുകൊണ്ട്, പ്രാദേശിക സര്‍ക്കാരുകളുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്ന പ്രധാന ശക്തിയായി മാറാന്‍ പെട്ടെന്നുതന്നെ കുടുംബശ്രീയ്ക്ക് സാധിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ കുടുംബങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണത്തിന് ഇതു കാരണമായി എന്നത് ഒറ്റവാക്കില്‍ പറയേണ്ട ഒന്നല്ല. 

 Kudubasree-Labours.jpg

വീടു വിട്ട്​ പുറത്തിറങ്ങാതിരുന്ന അനേകം പേര്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുക്കാനായി പുറത്തിറങ്ങി, സമൂഹത്തിലേക്കിറങ്ങി. എന്തിന് പോകുന്നു, ഏതിനു പോകുന്നു എന്നീ ചോദ്യങ്ങളെ മറികടന്നും അവര്‍ സംഘം ചേര്‍ന്നു. 10 രൂപാ ചേര്‍ത്തുവെച്ച്, ആ ഒരുക്കൂട്ടിയ പണത്തെ പരസ്പരം ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അത്യാവശ്യങ്ങള്‍ക്കുപയോഗപ്പെടുത്തി അവര്‍ മൈക്രോ ഫിനാന്‍സിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു. പിന്നെപ്പിന്നെ ആ 10 രൂപ സ്വയം കണ്ടെത്താനായി അവര്‍ വരുമാനമുണ്ടാക്കുന്ന വഴികളിലേയ്ക്ക് തിരിഞ്ഞു. എനിക്ക് എന്നതിനൊപ്പം, ഒപ്പം നില്‍ക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും ദാരിദ്ര്യമില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അയൽപക്കത്ത്​ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ സങ്കടമകറ്റാനായി വഴികള്‍ തെരഞ്ഞു. ഇത് അവസാനിക്കാത്ത ഒരു പ്രക്രിയയാണ്, ഒരു തുടര്‍ച്ച. കാലത്തിനുസരിച്ച്, ഓരോ ഘട്ടത്തിലും അപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടപെടല്‍ മേഖലകളിലും രീതികളിലും മാറ്റം വന്നു. ഈ മാറ്റത്തിനനുസരിച്ച് കുടുംബശ്രീ ഏറ്റെടുത്തു നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും വര്‍ദ്ധിച്ചു വന്നു.
ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ പല രീതിയില്‍ സംഘടനാ സംവിധാനത്തിലെ അംഗങ്ങളുടെ ശാക്തീകരണത്തിനുള്ള ഇന്ധനമായി പ്രവര്‍ത്തിച്ചു എന്നു വേണം പറയാന്‍. കുടുംബശ്രീ സംവിധാനത്തില്‍ നിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് ആ സാന്നിധ്യമെത്തി. കുടുംബശ്രീയ്ക്കുമപ്പുറം കേരളത്തിന്റെ പൊതു-രാഷ്ട്രീയ മണ്ഡലത്തില്‍ സവിശേഷ ഘടകമായി അവര്‍ മാറി.  

ALSO READ

രണ്ട് പെണ്ണുങ്ങള്‍, അനവധി പെണ്‍ജീവിതങ്ങള്‍

അടിസ്ഥാനപരമായി കുടുംബശ്രീ ഒരു സ്ത്രീസംഘടന തന്നെയാണ്. വിവിധ സാമൂഹ്യ ഇടപെടലുകളിലൂടെ സ്ത്രീശാക്തീകരണത്തിന്റെ പരോക്ഷ ചാലകമായിത്തന്നെയാണ് കുടുംബശ്രീ പ്രവര്‍ത്തിച്ചിരുന്നത്. എന്നിരുന്നാലും ബോധപൂര്‍വ ഇടപെടലുകളും പഠനപ്രക്രിയകളും വഴി യഥാര്‍ത്ഥ ജീവിതവുമായി ബന്ധമുള്ള ഒരു ബോധവല്‍ക്കരണ പരിപാടി കുടുംബശ്രീ നടപ്പിലാക്കിത്തുടങ്ങുന്നത് 2007 ലാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സ്ത്രീകളിലൂടെ എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിയ്ക്കുമ്പോഴും അതിനുമപ്പുറം ഗ്രാമസഭകള്‍ ഉള്‍പ്പെടെയുള്ള പൊതുഇടങ്ങളില്‍ സ്ത്രീകളുടെ ഒച്ച കേള്‍പ്പിക്കാനും അക്രമങ്ങളെ ചെറുക്കാനും അനീതിയും അസമത്വവും തിരിച്ചറിയാനും പ്രത്യക്ഷമായിത്തന്നെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുതുടങ്ങി കുടുംബശ്രീ.

Kudumbasree-Manufacturing-Unit.jpg

ഒരു സര്‍ക്കാര്‍ ഏജന്‍സി എന്ന രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്ത്രീ ശാക്തീകരണം പോലൊരു മേഖലയില്‍ നേരിട്ട് ഇടപെടുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. പ്രത്യേകിച്ചു, സമൂഹത്തിന്റെ പൊതുബോധം അപ്പാടെ ഇതിനു വിരുദ്ധമായി നില്‍ക്കുകയും സര്‍ക്കാര്‍ പോലും പരോക്ഷമായി പാട്രിയാക്കിയുടെ വക്താക്കളായി മാറുകയും ചെയ്യുന്ന ഒരു കാലത്ത്. എങ്കിലും ശ്രമകരമായ ആ ദൗത്യം ഏറ്റെടുക്കാതിരുന്നില്ല കുടുംബശ്രീ.
കുടുംബശ്രീ ആരംഭിച്ച ജെന്‍ഡര്‍ സെല്‍ഫ് ലേണിംഗ് പ്രോഗ്രാം (GSLP), അയല്‍പക്ക ഗ്രൂപ്പുകളിലെ (NHG) സ്ത്രീകള്‍ അവരുടെ ജീവിതാനുഭവങ്ങളില്‍ ലിംഗഭേദത്തെയും അതിന്റെ പ്രതിഫലനങ്ങളെയും തിരിച്ചറിയാനും അഭിസംബോധന ചെയ്യാനും ശ്രമിക്കുന്ന ഒരു പങ്കാളിത്ത വിദ്യാഭ്യാസ പരിപാടിയാണ്. ലിംഗഭേദത്തെക്കുറിച്ചുള്ള ഒരു കൂട്ടായ അവബോധം വളര്‍ത്തിയെടുക്കാനും അതിന്റെ വ്യാപകമായ വേരാഴ്ത്തലുകളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാനും സ്ത്രീകളെ സഹായിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കിയത്.

ALSO READ

ഹിന്ദുത്വ മലയാളി എന്ന പുതിയ വര്‍ഗം

സ്ത്രീകളുടെ അവകാശങ്ങള്‍, പദവി, നീതി എന്നിവയെക്കുറിച്ച് അവരുടെ അനുഭവങ്ങളുടെ ചര്‍ച്ചകളിലൂടെ സ്വയം അവബോധം സൃഷ്ടിക്കുക, പ്രാദേശിക വികസന പ്രക്രിയയില്‍ അവരുടെ പങ്ക് തിരിച്ചറിയുക, എന്നിവയാണ് കുടുംബശ്രീയുടെ ജെന്‍ഡര്‍ പ്രോഗ്രാമുകള്‍ ലക്ഷ്യമിടുന്നത്. ലൈംഗികത, ലിംഗഭേദം എന്നിവ തമ്മിലുള്ള സുപ്രധാന ബന്ധത്തെക്കുറിച്ച് പൊതു ചര്‍ച്ചകളും സംവാദങ്ങളും സൃഷ്ടിക്കാനും അവകാശങ്ങള്‍, അസമത്വങ്ങള്‍, അതിക്രമങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ സ്ത്രീകളെ സജ്ജമാക്കാനും ജെന്‍ഡര്‍ സെല്‍ഫ് ലേണിംഗ് പ്രോഗ്രാമിലൂടെ കുടുംബശ്രീ ശ്രമിക്കുന്നു. ജെന്‍ഡര്‍ കോര്‍ണര്‍, ക്രൈം മാപ്പിംഗ്, സ്‌നേഹിത, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, കമ്മ്യൂണിറ്റി കൌണ്‍സിലിംഗ് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലിംഗനീതിയുള്ള സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി കുടുംബശ്രീ ശ്രമിക്കുന്നു. സ്ത്രീകളുടെ അടിസ്ഥാനപരമായ അവകാശങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന ആദ്യത്തെ സാമൂഹിക വിദ്യാഭ്യാസ പ്രക്രിയ കൂടിയാണ് ജെന്‍ഡര്‍ സെല്‍ഫ് ലേണിംഗ് പ്രോഗ്രാം.

ഇന്ന് കുടുംബശ്രീയുടെ കയ്യൊപ്പ് പതിയാത്ത സാമൂഹ്യ മേഖലകളില്ല. സ്വയം തൊഴില്‍ സംരംഭങ്ങള്‍, നൈപുണ്യ പരിശീലനങ്ങള്‍, കൃഷി, മൃഗസംരക്ഷണം തുടങ്ങി പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ മേഖലകളിലും അഗതികള്‍, ഗോത്രവര്‍ഗ്ഗക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് പിന്തുണ നല്‍കുന്ന സാമൂഹ്യ സേവന മേഖലകളിലും സ്ത്രീ ശാക്തീകരണത്തിന്റെ വിവിധ മേഖലകളിലും കുടുംബശ്രീയുടെ ഇടപെടല്‍ ശക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സി കൂടിയായ കുടുംബശ്രീ ഭവനനിര്‍മ്മാണ പദ്ധതികള്‍ വരെ നടപ്പിലാക്കുന്നുണ്ട്.
കുടുംബശ്രീയെന്നത് പലര്‍ക്കും പലതാണ്. കേരളത്തിലെ നിരവധി സാധാരണ സ്ത്രീകള്‍ക്ക് ജീവനും ജീവിതവും സ്വപ്നങ്ങളും നല്‍കിയ പ്രസ്ഥാനമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതി എന്നതിനും നിരവധി സ്ത്രീകള്‍ക്ക് തൊഴിലും ജീവനോപാധികളും നല്‍കി ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി എന്നതിനുമൊപ്പം പൊതു ഇടങ്ങളിലെ സ്ത്രീകളുടെ ദൃശ്യത കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിച്ച ഇടപെടല്‍ശക്തി എന്നാണ് ഞാന്‍ കുടുംബശ്രീയെ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. 

Kudumbasree-Manufacturing-Unit.jpg

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് അല്പം കളിയായി പറയുകയുണ്ടായി, ‘‘ഈ സാക്ഷ്യം പറയുന്ന രണ്ടു വിഭാഗക്കാരെയേ ഞാന്‍ കേരളത്തില്‍ കണ്ടിട്ടുള്ളൂ. അതിലൊന്ന് കുടുംബശ്രീയാണ്'' എന്ന്. ശരിയാണല്ലോ എന്ന് അല്പം വിപരീത ബുദ്ധിയോടെയാണ് ഞാനാലോചിച്ചത്, നേരിട്ട് ഈ ജീവിതങ്ങള്‍ കാണുന്നതു വരെയും അറിയുന്നതു വരെയും.
കുടുംബശ്രീയെക്കുറിച്ചു പറയാന്‍ തുടങ്ങുമ്പോഴേ കണ്ണുനിറയുന്ന എത്രയോ ചേച്ചിമാരെയും അമ്മമാരെയും കണ്ടുമുട്ടി ഈ കാലത്തിനുള്ളില്‍. ഒരു മരുന്നായോ തണലായോ കരുത്തായോ ഒക്കെ കുടുംബശ്രീയെ കൂടെക്കൂട്ടിയവര്‍, കുടുംബശ്രീയ്‌ക്കൊപ്പം നടന്നവര്‍, വളര്‍ന്നവര്‍. 24 വര്‍ഷത്തെ വളര്‍ച്ച എന്നത് ഇവരുടെ കൂടി വളര്‍ച്ചയാണ്, ഇവരുടെ പ്രയത്‌നവും സമര്‍പ്പണവുമാണ്. എത്രയോ സ്വയം സഹായ സംഘങ്ങളുണ്ടല്ലൊ, അതിനൊന്നുമില്ലാത്ത പ്രത്യേകത എന്താണ് കുടുംബശ്രീയ്‌ക്കെന്ന ചോദ്യത്തിന്റെ ഒരു പ്രധാന ഉത്തരം ഇവരൊക്കെയാണ്, അയല്‍ക്കൂട്ടം എന്ന കാഴ്ചപ്പാടാണ്. ഒന്നു കൈകൊട്ടിയാല്‍ കേള്‍ക്കുന്ന ദൂരത്തിലുള്ള കുടുംബങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന അയല്‍ക്കൂട്ടമാണല്ലോ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ അടിസ്ഥാന ഘടകം. അയല്‍ക്കൂട്ടത്തിലെ ഏറ്റവും പാവപ്പെട്ട കുടുംബത്തെയും ചേര്‍ത്തുപിടിക്കാനും ആ കുടുംബത്തിനും വരുമാനവും സുരക്ഷയും ഉറപ്പാക്കാനുമുതകുന്ന തരത്തിലുള്ള ഇടപെടലുകളാണ് കുടുംബശ്രീ നടത്തിവരുന്നത്. 

‘‘മുന്‍പ് ഞാന്‍ ബാങ്കില്‍ പോയി മണിക്കൂറുകളോളം ക്യൂ നിന്നിട്ടുണ്ട്. ഇന്ന് ബാങ്ക് മാനേജര്‍ എന്നെ മാഡം എന്നാണ് വിളിയ്ക്കുന്നത്'' എന്ന് ഒരു കുടുംബശ്രീ ചേച്ചി പറയുമ്പോള്‍ അത് അവരുടെ ജീവിതം തന്നെയാണ്.  ‘കുടുംബശ്രീ എന്താണ് ജീവിതത്തില്‍' എന്ന ചോദ്യത്തിനു മറുപടിയായി,  ‘കുടുംബശ്രീ അല്ലാത്തതായി എന്താ ഉള്ളത് എന്റെ ജീവിതത്തില്‍' എന്ന് കണ്ണു നനഞ്ഞ ഒരു ചേച്ചിയെ ഓര്‍ക്കുന്നു. ഇവരിലൂടെയാണ് ഞാന്‍ കുടുംബശ്രീ അറിഞ്ഞതും പഠിച്ചതും. ഇവരെ അറിയാനും ഇവരോരോരുത്തരും ഓരോ അനുഭവ പാഠപുസ്തകങ്ങളാണെന്നു പഠിപ്പിച്ചതും അന്നും ഇന്നും ഒരുപോലെ കുടുംബശ്രീയെ സ്‌നേഹിയ്ക്കുന്ന ചില മഹാമനസ്സുകളും. 

ALSO READ

'അസംഘടിതര്‍' നമ്മോടു പറയുന്നു; കുറച്ച് സെന്‍സ് ഓഫ് ഹ്യൂമര്‍ ആവാം...

എതൊരു ശരാശരി സാധാരണ നാട്ടുമ്പുറത്തുകാരി പെണ്‍കുട്ടിയെയും പോലെ, പൊതു പുരുഷ ബോധത്തിന്റെ കാഴ്ചപ്പാടിലും തണലിലുമാണു ഞാന്‍ വളര്‍ന്നത്. തെറ്റെന്നു തോന്നുന്നതിനെ എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ഒരു പ്രവണത ഉണ്ടായിരുന്നതുകൊണ്ടുതന്നെ അത്തരമൊരിടത്ത് ഒട്ടും സുഖകരമല്ലാത്ത ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമേ ഒരു കാലം വരെയും എന്നെക്കൊണ്ടു കഴിഞ്ഞുള്ളൂ. എന്നിരുന്നാലും  ഈ പാട്രിയാര്‍ക്കിയുടെ വിത്തുകള്‍ എന്റെ കാഴ്ചപ്പാടിലും ചിന്തയിലും കടന്നുകൂടിയിരുന്നു എന്നു കൂടി കുറ്റസമ്മതം നടത്തേണ്ടതായി വരും. അത്തരമൊരു മനസ്സോടെ, പരമ്പരാഗതമായ പൊതുബോധം സൃഷ്ടിച്ചെടുത്ത നല്ല- ചീത്ത, സ്ത്രീ- പുരുഷ, കുടുംബ കാഴ്ചപ്പാടുകള്‍ ഒരു വശത്തും എന്നാല്‍ ഇതൊന്നുമല്ല വേണ്ടതെന്നും സ്വയം അനീതി നേരിടുകയാണ് എന്നുമുള്ള ചിന്ത മറുവശത്തും എന്ന അവസ്ഥയില്‍ അവളവളോട് യുദ്ധം ചെയ്തു നടക്കുന്ന കാലത്താണ് ഞാന്‍ കുടുംബശ്രീയെ അറിഞ്ഞു തുടങ്ങുന്നത്. ആ എന്നെ സ്വയം നവീകരിക്കുന്നതില്‍ കുടുംബശ്രീയുടെ, ഈ സംവിധാനത്തിന്റെ പങ്ക് വളരെ വലുതാണ്. സ്വന്തം അറിവിന്റെ പരിമിതി മനസ്സിലാക്കാനും പാഠപുസ്തകങ്ങളിലെ സാമൂഹ്യ പാഠങ്ങള്‍ക്കപ്പുറം ജീവിതത്തെയും സമൂഹത്തെയും സാമൂഹ്യ വിഷയങ്ങളെയും യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാനും എന്നെ സഹായിച്ചത് കുടുംബശ്രീയാണ്.

കുടുംബശ്രീയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും ഏല്പിക്കുന്ന ജോലികള്‍ കൃത്യതയോടെ നിര്‍വഹിക്കുമ്പോഴും വ്യക്തിപരമായി ഒരു സ്ത്രീ എന്ന നിലയില്‍ കരുത്താര്‍ജ്ജിയ്ക്കാനോ പൊതു പുരുഷബോധത്തെ കുടഞ്ഞെറിയാനോ വര്‍ഷങ്ങള്‍ വേണ്ടിവന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം പലപ്പൊഴും ജോലി ഉപേക്ഷിക്കേണ്ടിവരുമോ എന്നു ചിന്തിക്കുന്ന സന്ദര്‍ഭങ്ങള്‍ വരെയുണ്ടായി. എന്നാല്‍, ഒരു ജോലി എന്നതിനുമപ്പുറം ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്നപോലെ ചേര്‍ത്തുനിര്‍ത്തിയ ഒരു ഘട്ടമുണ്ടായിരുന്നു ജീവിതത്തില്‍. ഇത്തരം ഇഴുകിച്ചേരലുകളിലൂടെയും പരസ്പരമുള്ള അനുഭവങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളിലൂടെയുമാണ് കുടുംബശ്രീ, ഒരു ജോലി എന്നതിനുമപ്പുറം ജീവിതം തന്നെയായി മാറുന്നത്. സാക്ഷ്യം പറയലുകള്‍ വെറും പറച്ചിലുകളല്ല എന്നതും അത് നെഞ്ചുനീറ്റി ജീവിതമാറ്റി പറയുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്നും ഇന്നെനിക്കറിയാം.

Kudumbasree-w.jpg

കഴിഞ്ഞ 24 വര്‍ഷക്കാലയളവില്‍ കേരളത്തിന്റെ പൊതു- രാഷ്ട്രീയ- സാമൂഹ്യ രംഗത്തേയ്ക്ക് കടന്നു വന്ന സ്ത്രീകളുടെ എണ്ണം ചെറുതല്ല. സ്വയം തിരിച്ചറിഞ്ഞ്, കരുത്താര്‍ജ്ജിച്ച് വിവിധ കര്‍മ മണ്ഡലങ്ങളില്‍ ശോഭിച്ചവര്‍ കുറവല്ല. കേരളത്തെയാകെ നടുക്കിയ വെള്ളപ്പൊക്കം വന്നപ്പോഴും കോവിഡ് വന്നപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍പന്തിയിലുണ്ടായിരുന്നു കുടുംബശ്രീ. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും മുഖ്യ ഇടങ്ങളില്‍ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്നു ഇന്ന്. ഇതില്‍ കുടുംബശ്രീ ഒരു സുപ്രധാന പങ്കു വഹിച്ചു എന്നത് കാണാതിരിക്കാനാവില്ല.

ഇതു പറയുമ്പോഴും  ഇനിയും ഏറെ ദൂരം നടന്നു കയറാനുണ്ട് കുടുംബശ്രീയ്ക്ക് എന്ന് വിസ്മരിക്കുകയല്ല. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അവസാനിക്കാത്തിടത്തോളം, വിവേചനത്തിന്റെയും അവകാശ ലംഘനത്തിന്റെയും നീതി നിഷേധത്തിന്റെയും ഉറവിടങ്ങള്‍ ഇല്ലാതാകാത്തിടത്തോളം ഓരോ സ്ത്രീയും സ്വയം തിരിച്ചറിഞ്ഞ് തുല്യതയുടെ ലോകത്തേയ്ക്ക് നടന്നു കയറാത്തിടത്തോളം സ്ത്രീശക്തിയെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പുരുഷനും പുരുഷബോധത്തിലൂന്നിയ പൊതുസമൂഹവും ശാക്തീകരിക്കാത്തിടത്തോളം ഇനിയുമേറെ ചെയ്യാനുണ്ട്.

‘‘കയിലുകള്‍ പിടിക്കണ കൈകളുണ്ടുയരണ്..
കൈകളില്‍ കിലുങ്ങണ വളകളൊച്ച കൂട്ടണ്...
വാതില് തൊറക്കണ ഒച്ചയുണ്ട് കേക്കണ്..
കാതില് തറയ്ക്കണ മാതിരി പരക്കണ്..
കറപ്പായ കയിലുകള്‍ കൊടികളായ് പുടിക്കണ്..
കറുത്തോരടുക്കള വിട്ട് പടിയ്ക്കിറങ്ങണ്..
പെണ്ണായി പിറന്നോര് പൊണ്ണത്തികളാണെന്ന്
വണ്ണത്തില്‍ പറഞ്ഞോരു മണ്ടന്മാര്‍ വിറയ്ക്കണ്..''

(കെ. ടി. മുഹമ്മദിന്റെ  ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിലെ പാട്ട്.)

  • Tags
  • #Kudumbashree Mission
  • #Gender
  • #Binu Anamangad
  • #Women Empowerment
  • #Society
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Swathi-Thirunnal-College-of-Music--2.jpg

Gender

റിദാ നാസര്‍

ആണ്‍കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചതിന് സദാചാര ക്ലാസ്, പരാതിപ്പെട്ടതിന് സസ്‌പെന്‍ഷന്‍

Jun 29, 2022

5 Minutes Read

Dr. AK Jayasree

Podcasts

മനില സി.മോഹൻ

ലൈംഗിക തൊഴിലും സമൂഹവും

Jun 29, 2022

60 Minutes Listening

 banner_2.jpg

Discussion

ഷഫീഖ് താമരശ്ശേരി

ക്വിയര്‍ മനുഷ്യരെ ജമാഅത്തെ ഇസ്ലാമിക്ക് എന്തിനാണിത്ര പേടി?

Jun 26, 2022

52 Minutes Watch

Delhi Lens

Gender

Delhi Lens

അന്നത്തിനായി ഗർഭപാത്രമറുത്തവർ

Jun 26, 2022

6 Minutes Read

 11x.jpg

Interview

മനില സി.മോഹൻ

സെക്‌സിന്റെയും സദാചാരത്തിന്റെയും ബാധ്യത ലൈംഗിക തൊഴിലാളികളുടെ തലയില്‍ വെക്കരുത്

Jun 13, 2022

60 Minutes Watch

gender

Gender

ഡോ. റ്റിസി മറിയം തോമസ്

മുടിയുടെ കാര്യത്തിലും വേണ്ടേ ലിംഗനീതി?.: വിദ്യാലയങ്ങള്‍ വെട്ടുന്ന തല (മുടി) കള്‍ 

Jun 04, 2022

6 Minutes Read

 Ananyakumari-alex.jpg

Transgender

ഷഫീഖ് താമരശ്ശേരി

അനന്യയുടെ മരണം പറയുന്നു; ലിംഗമാറ്റ ശസ്​ത്രക്രിയ കേരളത്തിൽ ഒരു ചൂഷണമാണ്​

May 31, 2022

18 Minutes Read

 MV-Vineetha.jpg (

Interview

മനില സി.മോഹൻ

കെ.യു.ഡബ്ലു.ജെ.യുടെ ആദ്യ വനിത സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത സംസാരിക്കുന്നു

May 30, 2022

5 Minutes Read

Next Article

പെൺജീവിതം മാറ്റിമറിച്ച കാൽനൂറ്റാണ്ടിന്റെ കുടുംബശ്രീ ഇട​പെടൽ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster