ആദ്യ ഓണറേറിയം 250 രൂപ, കുടുംബശ്രീ നൽകിയ അഭിമാന നിമിഷം

‘മേരാ നാം ജിബി’യെന്നു മാത്രം പറഞ്ഞിരുന്ന ഞാൻ പല സംസ്ഥാനങ്ങളിലും ദിവസങ്ങൾ നീളുന്ന പരിശീലനം നൽകുന്ന വിധത്തിൽ ഹിന്ദി സംസാരിക്കാൻ തുടങ്ങി. എങ്ങനെ കേരളം മാറിയെന്നു സംസാരിച്ചു. അവകാശങ്ങളെ ഔദാര്യമായി കാണരുതെന്ന് ബോദ്ധ്യപ്പെടുത്തി. ഒരു സ്ത്രീ മാറുമ്പോൾ ആ കുടുംബമാകെ മാറുമെന്നും തങ്ങളിപ്പോൾ ജീവിക്കുന്ന സാഹചര്യമല്ല മക്കൾക്കുണ്ടാവേതെന്നും നിരന്തരം പറയാൻ തുടങ്ങി. കുടുംബശ്രീ പ്രവർത്തനം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച്​ ജിബി വർഗീസ്​.

ന്റെ പഞ്ചായത്തായ ഉദയംപേരൂരിൽ കുടുംബശ്രീ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുമുൻപ് സ്ത്രീകളുടെ ചെറിയ കൂട്ടായ്മാ സംഘങ്ങളുണ്ടായിരുന്നു. അതിൽ പ്രസിഡൻറ്​ സ്ഥാനമായിരുന്നു എനിക്ക്. അത് അയൽക്കൂട്ടത്തിന്റെ പൂർണാർത്ഥത്തിലുള്ള ഒരു സംഘമായിരുന്നില്ല. കുറച്ചൊക്കെ പൊതുപ്രവർത്തനത്തിലേർപ്പെട്ടിട്ടുള്ള സ്ത്രീകളുടെ ഒരു കൂട്ടായ്മ മാത്രം.

അയൽപക്കങ്ങളിൽ നിന്നുള്ളവർ മാത്രമല്ല, ഒരേ വാർഡിൽനിന്നുള്ളവരായിരുന്നു അതിലെ അംഗങ്ങൾ. ഈ സംഘങ്ങൾ പിന്നീട് കുടുംബശ്രീ പ്രവർത്തനം ആരംഭിച്ചപ്പോൾ അയൽക്കൂട്ടങ്ങളായി മാറി.
പഞ്ചായത്തുകൾ കേരളോത്സവം ഏറ്റെടുത്തു നടത്തിത്തുടങ്ങിയ കാലമായിരുന്നു അത്. മത്സരങ്ങൾക്ക് വനിതാ അയൽക്കൂട്ടം വഴി ആളുകളെ തിരഞ്ഞെടുക്കാൻ പ്രസിഡൻറായ എനിക്ക് അറിയിപ്പ് കിട്ടി. അയൽക്കൂട്ടങ്ങളിലെ എല്ലാവരും ഏതെങ്കിലുമൊരു മത്സരത്തിൽ പങ്കെടുത്തു. ഞാൻ പ്രസംഗത്തിലാണ് മത്സരിച്ചത്. അതിന് ഒന്നാം സ്ഥാനം കിട്ടി. ഒപ്പം മികച്ച അയൽക്കൂട്ടത്തിനുള്ള ക്യാഷ് പ്രൈസും ഞങ്ങൾക്ക്. അവിടെ നിന്നാണ് ജിബി എന്ന കുടുംബശ്രീ പ്രവർത്തകയുടെ ആരംഭം.

ഇലക്​ട്രോണിക്​സ്​ എൻജിനീയറിങ്ങിൽ ഡിപ്ലോമയെടുത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കുപോയിരുന്ന എന്റെ പേര് ഉദയംപേരൂർ പഞ്ചായത്തിന്റെ ആദ്യ സി ഡി എസ് ചെയർപേഴ്‌സൺ എന്ന ചരിത്രത്തിലേക്ക് എഴുതിച്ചേർക്കാൻ ഈ മത്സരം കാരണമായി. ആകെ നാലു ദിവസം നീളുന്ന ഒരു ട്രെയിനിങ് മാത്രമാണ് ഈ സംഘടനാസംവിധാനത്തെക്കുറിച്ച് അന്ന് എനിക്ക് ആകെയുള്ള അറിവ്.

കുടുംബശ്രീ രൂപീകരണവുമായി ബന്ധപ്പെട്ട് ഉൾപ്രദേശങ്ങളിൽ ചെല്ലുമ്പോഴൊക്കെ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്താണ് കുടുംബശ്രീ എന്നും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സമൂഹത്തെ ബോധ്യപ്പെടുത്തുക വലിയ പ്രയാസമായിരുന്നു. പ്ലാസ്റ്റിക് കവറിൽ കണക്കുബുക്കും രജിസ്റ്ററുകളുമിട്ട് അയൽക്കൂട്ടയോഗത്തിന് പോകുന്ന സ്ത്രീകൾ മറ്റുള്ളവർക്ക് പരിഹാസപാത്രങ്ങളായിരുന്നു. അന്ന് അയൽക്കൂട്ട അംഗങ്ങളിൽ അധികപേരും ജോലിയൊന്നും ഇല്ലാത്തവരാണ്.

വാർഡിലെ പൊതുഅയൽക്കൂട്ടത്തിന്റെ കൺവീനറായിരുന്നു എന്റെ ഭർത്താവ്. അദ്ദേഹം ഓരോ ഉൾപ്രദേശത്തേക്കും സൈക്കിളിന്റെ പുറകിൽ ഇരുത്തി എന്നെ കൊണ്ടുപോകും. പ്രവർത്തനങ്ങളെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും വ്യാപിപ്പിക്കുവാനും എല്ലാ പ്രദേശങ്ങളിലും നടന്ന് എത്തുകയെന്നത് പ്രവർത്തികമായിരുന്നില്ല. അന്നദ്ദേഹം നൽകിയ പിന്തുണയാണ് പഞ്ചായത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ എന്നെ സഹായിച്ചിട്ടുള്ളത്. ഓരോ പ്രദേശത്തും ഒരു നല്ല ടീമിനെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. വാർഡ് മെമ്പറുമായി കൂടിയാലോചിച്ച് അതത് പ്രദേശങ്ങളിൽ പൊതു പ്രവർത്തനങ്ങളിൽ ഇടപെടുന്ന സ്ത്രീകളെ കണ്ടെത്തി, കുടുംബശ്രീയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി, അവരിലൂടെ ആ പ്രദേശത്തെ സ്ത്രീകളെ വിളിച്ചുചേർക്കുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത്. കൂട്ടത്തിൽ ഒരാളാണ് ഞാൻ എന്ന ചിന്ത അവരിൽ ഉണ്ടാക്കാനും എനിക്ക് സാധിച്ചു. ആദ്യകാല വനിതാ അയൽക്കൂട്ടങ്ങളിൽ നിന്നും പൊതുപ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ നേതൃസ്ഥാനത്ത് നിർത്തി ശരിയായ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു. ഒരു പഞ്ചായത്തിന്റെ സമഗ്രവികസനം, അതിൽ സ്ത്രീകളുടെപങ്ക്, ഉത്തരവാദിത്തങ്ങൾ എന്നിവയ്ക്കാണ് ഞങ്ങൾ മുൻതൂക്കം കൊടുത്തിരുന്നത്.

അയൽക്കൂട്ടങ്ങളിൽ സ്ത്രീകൾ ചെറിയ ഒരു തുക നിക്ഷേപിക്കാറുണ്ട്. പത്ത് രൂപയായിരുന്നു ആദ്യ മിതവ്യയ നിക്ഷേപം. അത്രയുംതന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് പല വീട്ടമ്മമാരും കണ്ടെത്തിയിരുന്നത്. ആ തുക അംഗങ്ങളുടെ കൈയിൽ സൂക്ഷിക്കാതെ ബാങ്കുകളിൽ നിക്ഷേപിക്കാനും സ്ത്രീകളെ പഠിപ്പിച്ചു. അതിനുവേണ്ടി ബാങ്കുകളിൽ അയൽക്കൂട്ടത്തിന് അക്കൗണ്ടുകൾ തുറന്നു. ഈ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുവാനായി ബാങ്കിൽ പോകുകയെന്നത് അന്ന് അയൽക്കൂട്ടാംഗങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത ഒന്നായിരുന്നു. ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ചിലർക്ക് ഞാൻ കൂട്ടുപോയി, മറ്റു ചിലർക്ക് ശുപാർശ കത്ത് കൊടുത്തയച്ചു. പതുക്കെ ബാങ്കുകൾ സ്ത്രീകൾക്ക് പരിചയമുള്ളയിടമായി മാറി. ഇന്ന് ബാങ്കുകൾ വായ്പയെടുക്കണമെന്ന് ആവശ്യപ്പെട്ടു അയൽക്കൂട്ടങ്ങളെ സമീപിക്കുന്നു.

ഗ്രാമസഭകൾ കൂടുമ്പോൾ അതിന് മുന്നോടിയായി അയൽക്കൂട്ടങ്ങളിൽ നിന്ന് അവരുടെ ആവശ്യങ്ങൾ പൊതു അയൽക്കൂട്ടം വഴി ഗ്രാമസഭകളിലേക്ക് എത്തിച്ചും അവ സാധിച്ചുകൊടുത്തുമാണ് കുടുംബശ്രീ സ്ത്രീകളുടെ മനസ്സിൽ ഇടം നേടിയത്​. എന്നിട്ടും അയൽക്കൂട്ടത്തിൽ ചേരാൻ ഏറെപ്പേരും മടിച്ചു. ഇത് കുടുംബശ്രീ അല്ല, ‘കുശുമ്പശ്രീ' ആണെന്ന തോന്നൽ. ആഗ്രഹമുള്ള സ്ത്രീകൾക്കുപോലും വീട്ടിൽനിന്ന് അനുവാദം കിട്ടാത്ത അവസ്ഥ.

കുടുംബശ്രീ നാടിന്റെ മുന്നേറ്റത്തിന് അത്യാവശ്യമാണ് എന്ന് ബോധ്യപ്പെടുത്തിയെടുക്കേണ്ട കാലമാണ്. കൂടുതൽ സ്ത്രീകളെ കൂട്ടായ്മയിലേക്ക് ആകർഷിക്കേണ്ടിയിരുന്നു. അതിനായുള്ള ചില മനപ്പൂർവ ഇടപെടലുകൾ പഞ്ചായത്തിലൂടെയും നടത്തി എന്നുതന്നെ പറയാം. പഞ്ചായത്ത് ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷാ ഫോമുകളിൽ - ‘ഈ കുടുംബം കുടുംബശ്രീ കുടുംബമാണോ? ആണെങ്കിൽ എന്നാണ് അംഗമായത്?' എന്ന ഒരു കോളം കൂട്ടിച്ചേർത്തു. അതോടെ വ്യക്തിഗത ആനുകൂല്യങ്ങൾ ലഭിക്കുവാൻ കുടുംബശ്രീ അംഗത്വം അത്യാവശ്യമാണ് എന്ന തോന്നൽ ആളുകൾക്കുണ്ടായി. പലരും അംഗത്വമെടുക്കാവാൻ തയ്യാറായി. പതുക്കെ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ കുടുംബത്തെക്കൂടി കുടുംബശ്രീയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി.

കുടുംബശ്രീ സി ഡി എസിന് അന്ന് സ്വന്തമായി ഓഫീസില്ല. സി ഡി എസ് മീറ്റിംഗ് മാത്രം കോൺഫറൻസ് ഹാളിൽ നടത്താൻ അനുവാദം ഉണ്ടായിരുന്നു. മറ്റ് സമയങ്ങളിൽ ഞങ്ങൾ വരാന്തയിൽ ഇട്ടിരിക്കുന്ന കസേരയിലും സി ഡി എസ് അംഗങ്ങൾ മുകൾനിലയിലേക്കുള്ള സ്റ്റെപ്പിലുമാണ്​ ഇരിക്കുക. ആ സ്റ്റെപ്പിലിരുന്നാണ് ഇരുന്നൂറ്റിയഞ്ച് അയൽക്കൂട്ടങ്ങൾ രൂപീകരിച്ചത്. അക്കാലത്ത് ചെയർപേഴ്‌സണോ സി ഡി എസ് അംഗങ്ങൾക്കോ ഒരു രൂപ പോലും ഓണറേറിയം ഇല്ല. വഴിച്ചെലവിനും യാത്രാചെലവിനും ഓഫീസിൽ പോകാൻ പോലും വീട്ടിൽ നിന്ന് പണം ചോദിക്കണം. മൊബൈൽഫോൺ സാധാരണക്കാർ ഉപയോഗിക്കുന്ന കാലമായിരുന്നില്ല അത്. ലാൻഡ്‌ഫോൺ ഓഫീസുകളിലും ചുരുക്കം ചില വീടുകളിലും മാത്രമേ ഉള്ളൂ. പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലേക്കാണ് ഫോൺകാൾ വരുക. ഞാൻ ചെയർപേഴ്‌സൺ ആയി പതിനൊന്നാം മാസം ആദ്യ ഓണറേറിയം കൈപ്പറ്റി, 250 രൂപ. അയൽക്കൂട്ടങ്ങളുടെ പത്ത് രൂപ വീതമുള്ള സമ്പാദ്യവും ആന്തരിക വായ്പയും പത്തുലക്ഷം രൂപ തികഞ്ഞപ്പോഴാണ് എനിക്കിത് ലഭിക്കുന്നത്. പഞ്ചായത്തു സെക്രട്ടറി രജിസ്റ്ററിൽ ഒപ്പിടുവിച്ച് ചെക്കുതന്ന നിമിഷം ഇന്നും അഭിമാനത്തോടെ ഓർക്കുന്നു. കിട്ടിയ പൈസ കണ്ടിട്ടുള്ള അഭിമാനമല്ലായിരുന്നു. മറിച്ച് ഞാൻ ചെയ്ത പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടുവെന്ന തോന്നൽ നൽകിയ അഭിമാനവും സന്തോഷവുമായിരുന്നു.

കുടുംബശ്രീ വരുന്നതിനുമുൻപ് നടത്തിയിരുന്ന പല ആരോഗ്യ ക്യാമ്പുകളും മറ്റും പലരും അറിഞ്ഞിരുന്നില്ല. എന്നാൽ കുടുംബശ്രീ വന്നശേഷം ഇത്തരം ക്യാമ്പുകളും പ്രോഗ്രാമുകളും എല്ലാം എല്ലാവരും അറിയുകയും പങ്കെടുക്കുകയും ചെയ്തു. അതും കുടുംബശ്രീയെ സ്വീകാര്യമാക്കി. അയൽക്കൂട്ട മീറ്റിംഗുകളിൽ പത്രകട്ടിങ്ങുകൾ കൊണ്ടുവന്ന് ഒരാഴ്ചത്തെ പ്രധാനവാർത്തകൾ ചർച്ച ചെയ്യണം എന്ന് നിർബന്ധം വെച്ചിരുന്നു. ടി.വിയോ പത്രമോ വീടുകളിൽ ഇല്ലാതിരുന്ന കാലത്ത് നാട്ടിൽ എന്തുനടക്കുന്നുവെന്ന് എല്ലാവരും അറിയാനും ചർച്ച ചെയ്യാനും വേണ്ടിയായിരുന്നു അത്.

ഈ കാലയളവിൽ 147 സൂക്ഷ്മസംരംഭങ്ങൾ വിവിധ തലങ്ങളിലായി ആരംഭിക്കാൻ സാധിച്ചു. 81 പഞ്ചായത്തുകളിൽ നിന്നായി മികച്ച പത്ത് പഞ്ചായത്തുകളെ തെരഞ്ഞെടുത്തപ്പോൾ അതിലൊന്ന്​ ഞങ്ങളുടെ പഞ്ചായത്ത് ആയിരുന്നു. അതിൽ ഇന്നും ഏറെ അഭിമാനിക്കുന്നു. കുടുംബശ്രീപ്രവർത്തനം ഏറ്റവും നന്നായി നടക്കുന്ന പത്ത് പഞ്ചായത്തുകളിലെ ചെയർപേഴ്‌സൺമാരെ ജില്ലയിൽ ആദരിച്ചപ്പോൾ അതിലൊരാളായി ഞാനും തെരഞ്ഞെടുക്കപ്പെട്ടു. കലക്​ടർ മുഹമ്മദ് ഹനീഷിൽ നിന്ന്​ ആദരം ഏറ്റുവാങ്ങി.

2005-ൽ അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി കെ ജോസ് കേരളത്തിൽ മേഖലാതലത്തിൽ ട്രെയിനിങ് ടീമുകൾ രൂപീകരിക്കുവാൻ ആലോചിച്ചു. അതിനായി അഭ്യസ്തവിദ്യരിൽനിന്ന്​ എഴുത്തുപരീക്ഷകളിലൂടെയും ഇന്റർവ്യൂകളിലൂടെയും ട്രെയിനേഴ്‌സിനെ കണ്ടെത്തി. മൂന്ന് മേഖലകളായാണ് തിരിച്ചത്. അതിൽ എറണാകുളം സെൻട്രൽ സോൺ ആയിരുന്നു എന്റേത്. ഒൻപത് പേരടങ്ങുന്ന എറണാകുളം ഏക്-സാത് ടീമിന് കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ അഞ്ച് ജില്ലകളുടെ പരിശീലന മേൽനോട്ടം ആയിരുന്നു. 2012 വരെ ടീമിന്റെ സജീവ പ്രവർത്തകയായിരുന്നു ഞാൻ. ഞങ്ങൾ ഒരു ടീമിലെ അംഗങ്ങളെന്നല്ല, ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരസ്പരം അത്രയേറെ താങ്ങും തണലുമായവർ. അവരുടെ പിന്തുണയാണ് എന്നെ ഒരു മികച്ച പരിശീലകയാകാൻ സഹായിച്ചത്. ഒപ്പം, എന്റെ എറണാകുളം ജില്ലാ മിഷനും അവരെക്കൂടി കുറിക്കാതെ മുന്നോട്ടു പോകുന്നതെങ്ങനെ? ഇന്നും ഞാൻ ആ ടീമിന്റെ അംഗമായി പ്രവർത്തിക്കുന്നു.

കുടുംബശ്രീ ട്രെയിനിങ് ടീമുകളുടെ സംസ്ഥാനതല മീറ്റിംഗിൽ വെച്ചാണ് ശാരദാ മുരളീധരൻ ചോദിക്കുന്നത്, കേരളത്തിനു പുറത്ത് പോയി ജോലി ചെയ്യാൻ ആർക്കൊക്കെയാണ് താൽപര്യം എന്ന്. എല്ലാവരുടെയും കൂടെ ഞാനും കൈപൊക്കി. തിരികെ നാട്ടിലെത്തിയതോടെ വീണ്ടും പരിശീലനങ്ങളിലേക്ക് തിരിഞ്ഞു. പക്ഷെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ കേരളത്തിന് പുറത്തേക്കുപോകാൻ താൽപര്യമുള്ളവരിൽ നിന്ന്​ അപേക്ഷ വിളിച്ചു. അപേക്ഷ കൊടുത്ത് രണ്ട് മാസം കഴിഞ്ഞ് തിരുവനന്തപുരത്തുവെച്ച് സെലക്ഷൻ നടത്തുന്നതായി അറിയിപ്പ് വന്നു. അറുപത് പേരുടെ ഗ്രൂപ്പിൽനിന്ന് പത്തുപേരെ തെരഞ്ഞെടുത്തു. പരിശീലനം വ്യത്യസ്തമായിരുന്നു. നോർത്ത് ഇന്ത്യയിലേക്ക് പോകേണ്ട ഞങ്ങൾക്ക് സാഹചര്യങ്ങളും ജീവിത രീതിയുമൊക്കെ മനസ്സിലാക്കി തരാനാകണം, ഭക്ഷണത്തിൽ വരെ മാറ്റങ്ങൾ ഉണ്ടായിരുന്നു. പരിപ്പും ഒരു കഷ്ണം സവാളയും ആണ് ചോറിനു കറി, ഒപ്പം പച്ചമുളകും. ഒരു കപ്പ് വെള്ളം കൊണ്ട് കൈയും കഴിച്ച പാത്രവും കഴുകാൻ നിർദേശം ലഭിച്ചു. നിങ്ങളാണ് ലോകത്തിനു മുന്നിൽ കുടുംബശ്രീ അംബാസഡർമാർ എന്നുപറഞ്ഞാണ് പരീശിലനത്തിനുശേഷം ഞങ്ങളെ പറഞ്ഞയച്ചത്.

ഇന്നും എന്ത് ചെയ്യുമ്പോഴും ഞങ്ങളാണ് കുടുംബശ്രീയുടെ പേര് മികച്ചതാക്കേണ്ടതെന്നും ലോകത്തിനു മുമ്പിൽ കുടുംബശ്രീയിലെ അംഗങ്ങളായി അറിയപ്പെടുന്നതുകൊണ്ട് ഏറ്റവും മികച്ച വ്യക്തിത്വവും പ്രവർത്തനങ്ങളുമേ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാവൂ എന്നും ഞങ്ങളോരോരുത്തരും ശ്രദ്ധിക്കാറുണ്ട്. കുടുംബശ്രീ എൻ ആർ ഒ പ്രവർത്തിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും സംരംഭക വികസന പരിശീലനം നൽകാൻ ഞാൻ കൂടി ഉൾപ്പെടുന്ന ടീമിന് കഴിഞ്ഞു.

നേട്ടങ്ങൾ പറഞ്ഞാൽ തീരാത്തവയാണ്. മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു പരിശീലനം പൂർത്തീകരിച്ച കൺസൾട്ടന്റുമാരിൽ മികച്ചവരെ മറ്റു സംസ്ഥാനങ്ങളിൽ പരിശീലനത്തിന് ഉപയോഗിക്കുക എന്നത്. അതിന്​ നടത്തിയ പരീക്ഷകൾക്ക് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വന്നിരുന്നു. എനിക്ക് മുഴുവൻ സംസ്ഥാനത്തെയും പരിശീലനാർത്ഥികളെയും നല്ല പരിചയം. മുഴുവൻ കുട്ടികളും സ്വന്തമെന്നപോലെ പ്രിയപ്പെട്ടവർ. എന്നെപ്പോലെ ഒരു സാധാരണ സ്ത്രീക്ക് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അറിയുവാൻ കഴിയുന്നത് നിസ്സാര കാര്യമല്ലല്ലോ.
മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾക്കുശേഷമാണ് കേരളത്തിൽ മെന്റർ എന്ന രൂപത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഒരു തുടക്കമെന്ന നിലയിൽ കേരളത്തിലെ രണ്ടു ജില്ലകളിലെ രണ്ടു ബ്ലോക്കിലാണ് പദ്ധതി തുടങ്ങിയത്. മറ്റു സംസ്ഥാനങ്ങളിൽ നേരിട്ട പ്രശ്‌നങ്ങളല്ലായിരുന്നു കേരളത്തിലേത്. ചെറിയ തുകയ്ക്ക് സംരംഭം തുടങ്ങാൻ ആരും തയ്യാറായിരുന്നില്ല. ആനുകൂല്യങ്ങളില്ലാത്ത വായ്പയെക്കുറിച്ച് ആർക്കും ആലോചിക്കാൻ പോലും ബുദ്ധിമുട്ട്. രാഷ്ട്രീയ ഇടപെടലുകൾ വേറെയും.

എന്നാൽ ഇതിന്റെ മറുവശം ഭംഗിയുള്ളതായിരുന്നു. പ്രാദേശികവിപണിയും ഉൽപാദനവും വർധിച്ചു. ചെറുതെങ്കിലും ഒരു വരുമാനം സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക് എത്തിത്തുടങ്ങി. 55 വയസ് കഴിഞ്ഞാലും ആഗ്രഹം ഉണ്ടെങ്കിൽ ഒരു വായ്പയെടുത്തു സംരംഭം തുടങ്ങി വിജയിപ്പിക്കാൻ കഴിയും എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സാധിച്ചു. കേരളത്തിലെ നിരവധി അനുഭവങ്ങളിൽ എടുത്തു പറയാനുള്ളതാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിലെ 63 വയസ്സുള്ള കാർത്യായിനി ചേച്ചി. മറ്റാരും സംരക്ഷിക്കാൻ ഇല്ലാത്തതുകൊണ്ട് വീട്ടുജോലിക്കു പോയികൊണ്ടിരുന്ന അവരെ ഞാൻ കാണുന്നത് അയൽക്കൂട്ട സന്ദർശനത്തിനിടയിലാണ്. അവർക്കാകെ അറിയാവുന്നത് നന്നായി പാചകം ചെയ്യുകയെന്നതാണ്. ഇതു മനസ്സിലാക്കി ഒരു ചെറിയ തട്ടുകട തുടങ്ങാനുള്ള പിന്തുണ നൽകാൻ സംരംഭ വികസനടീമിന് കഴിഞ്ഞു. ഇന്നു ശരാശരി 40,00 രൂപ വിറ്റുവരവുള്ള ഒരു ഹോട്ടലായി ഈ ബിസി
നസിനെ മാറ്റുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞു.

പ്രവർത്തനത്തിൽ വീടിനോടു ചേർന്ന് ഒരു ഷീറ്റ് വലിച്ചു കെട്ടി തുടങ്ങിയ സംരംഭമായിരുന്നു. ഇന്നത് ഇരുപതുപേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന വിധത്തിൽ വിപുലീകരിക്കാൻ സാധിച്ചു. തുടക്കത്തിൽ ആരംഭിച്ച രണ്ടു ബ്ലോക്കിലും കൂടി ഏകദേശം 3000 സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. പൈലറ്റ് പദ്ധതിയായി തുടങ്ങിയ രണ്ടു ബ്ലോക്കിലും ഈ പദ്ധതി വിജകരമായി തുടർന്നുപോകുന്നു. കൂടുതൽ മെച്ചപ്പെട്ട ഒരു കേരളത്തെ വാർത്തെടുക്കാൻ നിലവിൽ പതിനാലു ജില്ലകളിലായി 14 ബ്ലോക്കുകളിൽ കുടുംബശ്രീ എൻ ആർ ഒ പ്രവർത്തിക്കുന്നുണ്ട്.

ഞാൻ അത്രകാലമുള്ള എന്റെ ജീവിതത്തിൽ അനുഭവിച്ചതോ കണ്ടതോ അല്ല ഇല്ലായ്മയും ദാരിദ്ര്യവും എന്ന് മനസ്സിലാക്കിത്തന്നത് മറ്റു സംസ്ഥാനങ്ങളിലെ ജീവിതമാണ്. ജീവിത സാഹചര്യങ്ങളുടെ ഇല്ലായ്മ എന്താണെന്ന് അവിടെവെച്ച് എനിക്ക് വ്യക്തമായി. ‘മേരാ നാം ജിബി’യെന്നു മാത്രം പറഞ്ഞിരുന്ന ഞാൻ പല സംസ്ഥാനങ്ങളിലും ദിവസങ്ങൾ നീളുന്ന പരിശീലനം നൽകുന്ന വിധത്തിൽ ഹിന്ദി സംസാരിക്കാൻ തുടങ്ങി. പരിശീലങ്ങളിൽ പങ്കെടുക്കുന്നവരോട് പഠനവിഷയങ്ങൾക്കൊപ്പം എങ്ങനെ കേരളം മാറിയെന്നു സംസാരിച്ചു. അവകാശങ്ങളെ ഔദാര്യമായി കാണരുതെന്ന് ബോദ്ധ്യപ്പെടുത്തി. ഒരു സ്ത്രീ മാറുമ്പോൾ ആ കുടുംബമാകെ മാറുമെന്നും തങ്ങളിപ്പോൾ ജീവിക്കുന്ന സാഹചര്യമല്ല മക്കൾക്കുണ്ടാവേതെന്നും നിരന്തരം പറയാൻ തുടങ്ങി. പറ്റുന്ന വിധത്തിൽ കിട്ടുന്ന പൈസയിൽനിന്ന് കഴിയുംവിധം മിച്ചം വെച്ചത് അവിടെ ഉള്ളവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും സങ്കടങ്ങളിലും കൈത്താങ്ങായി. പലരുടെയും ജീവിതത്തിൽ വന്ന മാറ്റങ്ങൾ അത്ഭുതത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. അവരോരുത്തരെയും കുറിച്ച് പറയാത്തത് അവരുടെ മാറ്റങ്ങളും വിജയങ്ങളും മറ്റാരെങ്കിലും പറഞ്ഞാണെങ്കിലും ലോകം അറിയും. പക്ഷെ ഇന്ന് എല്ലാവരും അഭിമാനത്തോടെ പറയുന്ന, ലോകം ചർച്ച ചെയ്യുന്ന കുടുംബശ്രീയുടെ ആരംഭദിശ എങ്ങനെയാണുണ്ടായതെന്ന് അതിന്റെ ആദ്യകാല പ്രവർത്തകർക്ക് മാത്രമേ അറിയാൻ സാധിക്കു.

അതെവിടെയെങ്കിലും കുറിച്ചിട്ടില്ലെങ്കിൽ അവരനുഭവിച്ച വേദനയും പ്രതിസന്ധികളും സന്തോഷങ്ങളും ആരുമറിയാതെ പോകും. ഇപ്പോൾ ഏഴ് ജില്ലയിലെ ഏഴ് ബ്ലോക്കിന്റെ ബ്ലോക്ക് ആങ്കർ പേഴ്‌സൺ ആയും എൻ ആർ ഒയുടെ മെന്റർ കോർ ഗ്രൂപ് അംഗമായും ഞാൻ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ തന്ന തണലാണ് എന്റെ കരളുറപ്പ്.

(ഗ്രീൻ പെപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച, ‘പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ' എന്ന പുസ്തകത്തിനു വേണ്ടി എഴുതിയത്.)

Comments