സഭ, ഇടയലേഖനം, കമ്പനി സ്ഥാനാർഥി; ഫലിക്കുമോ കുണ്ടറ പ്ലാൻ?

കടുത്ത മത്സരത്തിൽനിന്ന് ജയസാധ്യതയിലേക്ക് വിഷ്ണുനാഥിന് മുന്നേറാനായെന്ന ആത്മവിശ്വാസത്തിലാണ് കുണ്ടറയിലെ കോൺഗ്രസ് ക്യാമ്പ്. മറുവശത്ത്, മേഴ്‌സിക്കുട്ടിയമ്മക്കെതിരായ ആസൂത്രിത നീക്കം എൽ.ഡി.എഫിനെ ആശങ്കയിലാക്കുന്നുണ്ട്. പ്രതിരോധത്തിലൂന്നിയ പ്രചാരണം ഇടതുക്യാമ്പുകളെ സമ്മർദത്തിലാക്കുന്നു.

Election Desk

ഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ജയിച്ചുകൊണ്ടിരിക്കുന്ന കുണ്ടറക്കുവേണ്ടി ഇത്തവണ ഒരു പ്ലാൻ തന്നെ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് ടാർഗറ്റ്.

കൊല്ലം ലത്തീൻ രൂപതയും ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദവുമായി ബന്ധപ്പെട്ട കമ്പനിയുമാണ് അതിലെ കക്ഷികൾ. രൂപതയുടെ ഇടയലേഖനം കഴിഞ്ഞ ഞായറാഴ്ച 119 പള്ളികളിൽ വായിച്ചു. കോർപറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മത്സ്യമേഖലയെ തീറെഴുതാനുള്ള നീക്കത്തിനെതിരെ എന്ന മട്ടിലാണ് ഇടയലേഖനം. ഇടയലേഖനത്തിലെ ഭാഷ പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിലെ അതേ ഭാഷയാണെന്നാണ് സി.പി.എം ആരോപണം. സഭാ വിശ്വാസികൾ അത് തള്ളിക്കളഞ്ഞുവെന്ന് മേഴ്‌സിക്കുട്ടിയമ്മ പറയുന്നു.

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി ഇന്റർനാഷനൽ(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു എം. വർഗീസ് മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്നതാണ് കുണ്ടറയിലെ ഉത്തരം കിട്ടാത്ത ഒരു പ്രതിഭാസം. പിഴവ് പറ്റിയത് മന്ത്രിക്കാണെന്നും മന്ത്രിയുടെയും സർക്കാറിന്റെയും വാക്ക് വിശ്വസിച്ചാണ് കമ്പനി മുതൽമുടക്കിയത് എന്നും ഇക്കാര്യം ജനങ്ങളെ അറിയിക്കാനുമാണ് മത്സരമെന്നുമാണ് വൈപ്പിൻ സ്വദേശിയായ ഷിജു പറയുന്നത്. സർക്കാറും കമ്പനിയുമായും ബന്ധപ്പെട്ട കരാറിന്റെ കാര്യങ്ങൾ ജനങ്ങളോട് പറയാൻ മേധാവി തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജനാധിപത്യത്തിലെ മറ്റൊരു പുത്തൻ പരീക്ഷണമാകാം. കമ്പനികൾക്ക് ജനങ്ങളുടെ ക്ഷേമത്തിൽ പ്രേമം കൂടിവരുന്ന കാലം കൂടിയാണല്ലോ ഇത്.

എന്നാൽ, ഈ സ്ഥാനാർഥിത്വത്തിന്റെ പുറകിലെ ചില വാസ്തവങ്ങൾ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന ഷിജുവിന്റെ പത്രികയിൽ പിന്താങ്ങി ഒപ്പിട്ടത് കോൺഗ്രസ് പഞ്ചായത്ത് അംഗവും കുടുംബാംഗങ്ങളുമാണ്. പെരിനാട് പഞ്ചായത്ത് നാന്തിരിക്കൽ വാർഡ് അംഗവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുമായ ഷൈനി ജോൺസനും കുടുംബാംഗങ്ങളുമാണ് പിന്താങ്ങിയത്. ഷൈനി കോൺഗ്രസ് പെരിനാട് മണ്ഡലം കമ്മിറ്റി അംഗവും കൊല്ലം ബിഷപ്പ് ഹൗസ് ജീവനക്കാരനുമായ ജോൺസന്റെ ഭാര്യയാണ്.

ആഴക്കടൽ മത്സ്യബന്ധന വിവാദം കുണ്ടറയിലെ പ്രചാരണ വിഷയമാകേണ്ടതില്ല. എന്നാൽ, മേഴ്‌സിക്കുട്ടിയമ്മയെ തോൽപ്പിക്കാനായി വിഷയം കത്തിച്ചുനിർത്താനാണ് ഷിജുവിനെ കോൺഗ്രസ് ഒത്താശയോടെ സ്ഥാനാർഥിയാക്കിയതെന്നാണ് സി.പി.എം ആരോപണം. വിവാദവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചന അരങ്ങേറിയിട്ടുണ്ടെന്നും അതിന്റെ പരിസമാപ്തിയാണ് കമ്പനി ഉടമ കോൺഗ്രസ് നാമനിർദേശത്തോടെ മത്സരിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആരോപിച്ചുകഴിഞ്ഞു.

2016- നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.

ഈ ‘അനുകൂല ഘടക'ങ്ങൾ കോൺഗ്രസിലെ യുവനേതാവ് പി.സി. വിഷ്ണുനാഥിന്റെ പ്രചാരണത്തിന് വലിയ ഊർജമാണ് നൽകിയിരിക്കുന്നത്. വൈകിയാണ് വിഷ്ണുനാഥിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെങ്കിലും പ്രചാരണത്തിൽ മുന്നിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിഷ്ണുനാഥിന്റെ പ്രതിച്ഛായ കൂടിയാകുമ്പോൾ കടുത്ത മത്സരത്തിൽനിന്ന് ജയസാധ്യതയിലേക്ക് അദ്ദേഹത്തിന് മുന്നേറാനായെന്ന ആത്മവിശ്വാസത്തിലാണ് കുണ്ടറയിലെ കോൺഗ്രസ് ക്യാമ്പ്.

മാത്രമല്ല, എ.എ. റഹിം, തോപ്പിൽ രവി, കടവൂർ ശിവദാസൻ തുടങ്ങിയവരിലൂടെ മണ്ഡലം തിരിച്ചുപിടിച്ച ചരിത്രവും കോൺഗ്രസിന് ബലം പകരുന്നു. മറുവശത്ത്, മേഴ്‌സിക്കുട്ടിയമ്മക്കെതിരായ ആസൂത്രിത നീക്കം എൽ.ഡി.എഫിനെ ആശങ്കയിലാക്കുന്നുണ്ട്. പ്രതിരോധത്തിലൂന്നിയ പ്രചാരണം ഇടതുക്യാമ്പുകളെ സമ്മർദത്തിലാക്കുന്നു.

ആറാം തവണയാണ് മേഴ്‌സിക്കുട്ടിയമ്മ മത്സരിക്കുന്നത്. 2016ൽ 30,460 വോട്ടിനാണ് കോൺഗ്രസിലെ രാജ്‌മോഹൻ ഉണ്ണിത്താനെ തോൽപ്പിച്ചത്. ഈ ഭൂരിപക്ഷത്തിലും എൽ.ഡി.എഫിന് പ്രതീക്ഷ ബാക്കിയുണ്ട്.
2011ൽ എം.എ. ബേബി കോൺഗ്രസിലെ പി. ജെർമിയാസിനെതിരെ നേടിയ 14,793 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞതവണ മേഴ്‌സിക്കുട്ടിയമ്മ ഇരട്ടിയിലേറെയാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പുഫലവും എൽ.ഡി.എഫിന് അനുകൂലമായിരുന്നു. ജില്ല പഞ്ചായത്തും കോർപറേഷനും എൽ.ഡി.എഫിനാണ്. 1276 പഞ്ചായത്ത് വാർഡുകളിൽ 645 എണ്ണം എൽ.ഡി.എഫിനൊപ്പമാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു മണ്ഡലത്തിൽ ഭൂരിപക്ഷം.
ആറാം തവണയാണ് മേഴ്‌സിക്കുട്ടിയമ്മയുടെ മത്സരം.
2001ൽ കടവൂർ ശിവദാസനാണ് കുണ്ടറയിൽനിന്ന് അവസാനമായി ജയിച്ച കോൺഗ്രസുകാരൻ.

2016ൽ ബി.ജെ.പിക്കും നേട്ടമുണ്ടാക്കാനായി; എം.എസ്. ശ്യാംകുമാർ 20,257 വോട്ടാണ് നേടിയത്. ഇത്തവണ ബി.ഡി.ജെ.എസിലെ വനജ വിദ്യാധരനാണ് എൻ.ഡി.എ സ്ഥാനാർഥി. സീറ്റ് വിട്ടുകൊടുത്തതിൽ ബി.ജെ.പിയിൽ കടുത്ത പ്രതിഷേധമുണ്ട്. ജില്ല ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ഇത് നിരസിക്കപ്പെട്ടതിനെതുടർന്ന് പാർട്ടി പ്രവർത്തകർ പ്രചാരണത്തിൽ സജീവമല്ല.

1967ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പി.കെ. സുകുമാരനായിരുന്നു ജയം. 1970, 1977 വർഷങ്ങളിൽ കോൺഗ്രസിലെ എ.എ. റഹിം ജയിച്ചു. 1980ൽ വി.വി. ജോസഫിലൂടെ സി.പി.എം തിരിച്ചുപിടിച്ചു. 1982ൽ കോൺഗ്രസിന്റെ തോപ്പിൽ രവിക്കായിരുന്നു ജയം. 1987ലാണ് മേഴ്‌സിക്കുട്ടിയമ്മ ആദ്യമായി കുണ്ടറയിൽ നിന്ന് നിയമസഭയിലെത്തുന്നത്. 1996ലും 2016ലും അവർ ജയം ആവർത്തിച്ചു. 1991ൽ അൽഫോൺസ് ജോണും 2001 കടവൂർ ശിവദാസനും മണ്ഡലം കോൺഗ്രസിൻേറതാക്കി. 2006 മുതൽ പത്ത് വർഷം എം.എ. ബേബിയായിരുന്നു എംഎൽഎ. 2006 ൽ ബേബി കടവൂർ ശിവദാസനെയാണ് തോൽപ്പിച്ചത്.

കൊല്ലം താലൂക്കിലെ കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം.


Comments