പാണക്കാട് തങ്ങന്മാർ കുഞ്ഞാലിക്കുട്ടിയെ അവിശ്വസിച്ചുതുടങ്ങിയിരിക്കുന്നു- കെ.ടി. ജലീൽ

പൊതുപ്രവർത്തകനായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക്​ എങ്ങനെയാണ് കോടികളുടെ സമ്പാദ്യം ഉണ്ടായത്, മകന്റെ പേരിൽ എങ്ങനെ കോടികളുടെ ആസ്തി ഉണ്ടായി... ഇതു സംബന്ധിച്ച ഒരു അന്വേഷണ വഴിയിലാണ് ഞാനിപ്പോൾ. അതിനാവശ്യമായ രേഖകളൊക്കെ പലരും എത്തിച്ചു തരുന്നുണ്ട്. അതിനോടൊപ്പം ലീഗിന്റെ നേതൃത്വത്തിൽ പിരിച്ചെടുത്ത കത്വ- ഉന്നാവോ ഫണ്ടിന് എന്തു സംഭവിച്ചു എന്നതടക്കം അന്വേഷണത്തിലുണ്ട്. ആ രേഖകളൊക്കെ കിട്ടുന്ന മുറക്ക് അടുത്ത വാർത്താസമ്മേളനം ഉണ്ടാകും. ലീഗിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ മാഫിയ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുക എന്നതാണ് പഴയ ലീഗുകാരൻ എന്ന നിലയിൽ എന്റെ ഇപ്പോഴത്തെ ലക്ഷ്യം.

അലി ഹൈദർ: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണവും കള്ളപ്പണവുമായി ബന്ധ​പ്പെട്ട ആരോപണവും ഉന്നയിച്ചതിനുപുറകിലെ കാരണം എന്താണ്​?

കെ.ടി. ജലീൽ: പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിന്റെ, രേഖയില്ലാത്ത മൂന്നരക്കോടി രൂപ, എ.ആർ.നഗർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് കണ്ടുകെട്ടുന്ന സ്ഥിതിയുണ്ടായി. അവരത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. രേഖകളില്ലാത്ത 110 കോടി രൂപയാണ് അറ്റാച്ച് ചെയ്തത്. അതിൽ ഏഴ് കോടി രൂപയുടെ അവകാശികൾ രേഖകൾ ഹാജരാക്കി അവരുടെ പണം പിൻവലിച്ചു. എന്നാൽ 103 കോടി രൂപയുടെ അവകാശികൾ ഇതുവരെയും രേഖകൾ ഹാജരാക്കിയില്ല. അതിൽ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിന്റെ മൂന്നരക്കോടിയും ഉണ്ട്.

കുഞ്ഞാലിക്കുട്ടി ഇതേക്കുറിച്ച് നിയമസഭയിൽ പറഞ്ഞത്, എൻ.ആർ.ഇ അക്കൗണ്ടാണ് എന്നാണ്. എൻ.ആർ.ഇ അക്കൗണ്ട് ആരംഭിക്കാനുള്ള റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കാത്ത ഒരു സഹകരണ സംഘമാണ് എ.ആർ.നഗർ സർവ്വീസ് സഹകരണ ബാങ്ക് എന്നിരിക്കെ അവിടെ എങ്ങനെയാണ് എൻ.ആർ.ഇ അക്കൗണ്ട് തുടങ്ങിയത്​ എന്നത്​ ആർക്കും പിടികിട്ടിയിട്ടില്ല. ബാങ്കിൽ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയ, കോടിക്കണക്കിന് രൂപയുടെ ട്രാൻസാക്ഷൻസ് നടത്തിയ 71 പേർക്ക് ബാങ്ക് നോട്ടീസ് അയച്ചു. ആ നോട്ടീസൊക്കെ തിരിച്ചുവന്നത് അങ്ങനെയൊരു അഡ്രസ് ഇല്ല എന്നുപറഞ്ഞുകൊണ്ടാണ്. ഈ ഒരു വിഷയം ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ഈ കള്ളപ്പണ ഇടപാടും പാലാരിവട്ടം പാലത്തിന്റെ അഴിമതി പണവും ചന്ദ്രികയിലേക്ക് എത്തിയ കള്ളപ്പണവുമൊക്കെ അനുബന്ധമായി വരുന്നത്. അതിലൊക്കെ തന്നെ കുഞ്ഞാലിക്കുട്ടിക്കാണ് പങ്ക് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷെ കുഞ്ഞാലിക്കുട്ടി ചെയ്ത തെറ്റിന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായി. അത് ശരിയല്ല എന്ന അഭിപ്രായം പലരും മുന്നോട്ട് വെച്ചു. കാരണം പണസംബന്ധമായ കാര്യങ്ങളൊക്കെ ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടി ചെയ്യുന്ന നിമയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാണക്കാട് തങ്ങൾ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത് മാറേണ്ടതുണ്ട് എന്ന വിമർശനം ലീഗിൽ തന്നെ ഉയർന്നുവരികയുണ്ടായി. ജീവിതത്തിൽ ഇന്നുവരെ കള്ളപ്പണം വെളുപ്പിക്കുകയോ ഒരു നയാപൈസയുടെ തിരിമറി നടത്തുകയോ ചെയ്യാത്ത ഒരാൾക്കാണ് പത്തുകോടി രൂപ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ ഇ.ഡിയിൽ നിന്ന്​ സമൻസ് നോട്ടീസ് വന്നത്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു വാർത്താസമ്മേളനം നടത്തി ഇക്കാര്യങ്ങളൊക്കെ പറയേണ്ടി വന്നത്.

സാമ്പത്തിക ഉത്തരവാദിത്വങ്ങളോടെ ചന്ദ്രികയുടെ മാനേജ്‌മെൻറ്​ പൊസിഷനിൽ ഇരുന്നൊരാൾ എന്ന നിലയ്ക്ക് അവിടെ ഒരു സാമ്പത്തിക ക്രമക്കേടുണ്ടായാൽ, അതിൽ അന്വേഷണം നേരിട്ടാൽ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾക്ക് എങ്ങനെ ഒഴിഞ്ഞു മാറാൻ കഴിയും?

ചന്ദ്രികയുടെ ആരംഭ കാലം തൊട്ട് അതിന്റെ എം.ഡി സ്ഥാനത്തിരുന്നത് യഥാക്രമം ബാഫഖി തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരാണ്. ഇതുവരെയും ചന്ദ്രിക ഓഫീസിൽ നിന്നുപോലും തങ്ങൾക്ക് ഒരു കത്ത് പോയിട്ടുണ്ടാവില്ല. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ ‘മാൽപ്രാക്ടീസി’നെ തുടർന്നാണ് തങ്ങൾക്ക് ഇ.ഡി നോട്ടീസ് കിട്ടുന്നത്. യഥാർത്ഥത്തിൽ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ധനസംബന്ധമായ കാര്യങ്ങൾക്ക് തങ്ങളല്ല, താനാണ് ഉത്തരവാദി എന്നും നിയമപരായ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ തനിക്കാണ് നോട്ടീസ് അയക്കേണ്ടത് എന്നും ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല എന്നതാണ് വിഷയം.

നിലവിൽ ചന്ദ്രികയുടെ സ്ഥിതി പരിതാപകരമാണ്. എന്നാൽ കോടിക്കണക്കിന് രൂപയുടെ ധനവിനിയോഗങ്ങൾ ചന്ദ്രികയുടെ അക്കൗണ്ട് വഴി മറിഞ്ഞുപോകുന്നുമുണ്ട്. അതിന്റെ ഒരുഗുണവും ചന്ദ്രികയക്ക് കിട്ടുന്നുമില്ല. ചന്ദ്രിക ജീവനക്കാരുടെ പി.എഫ് ഇനത്തിൽ ആറ് കോടി രൂപയാണ് അടയ്ക്കാനുള്ളത്. ഒരാൾ കേസ് കൊടുത്താൽ ആ കാര്യത്തിലും നോട്ടീസ് പോകുന്നത് സ്വാഭാവികമായും എം.ഡി.എന്ന നിലയ്ക്ക് ഹൈദരലി തങ്ങൾക്കാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ചന്ദ്രികയെ സഹായിക്കാതിരിക്കുകയും എന്നാൽ ചന്ദ്രികയിലൂടെ തന്റെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ട് അദ്ദേഹം തന്നെയാണ് ബാധ്യതയും ഏറ്റെടുക്കേണ്ടത്.

ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹത്തിന്​ഇ.ഡിയുടെ നോട്ടിസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നുമുള്ള മകൻ മുഈൻ അലിയുടെ ആരോപണത്തെ എങ്ങനെ കാണുന്നു ?

മുഈൻ അലി തങ്ങൾ പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്കാണ് ഹൈദരലി തങ്ങൾ വല്ലാതെ ഡൗൺ ആവുകയും അസ്വസ്ഥനാവുകയും ചെയ്തത്. ചെയ്യാത്ത ഒരു കുറ്റത്തിന്മേൽ ഇ.ഡി വീട്ടിൽ വന്ന് ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം തളർന്നു പോയി. അന്ന് ഇ.ഡി. ഉദ്യോഗസ്ഥർ തങ്ങളോട് നിങ്ങൾ വലിയ ട്രാപ്പിലാണ് അകപ്പെടാൻ പോകുന്നതെന്നും മേലിൽ ചെക്കുകൾ ഒപ്പിട്ട് കൊടുക്കരുതെന്നും ആരുവന്നാലും അതിന്റെ കണക്കും കാര്യങ്ങളും നോക്കിയിട്ടല്ലാതെ ഒന്നും ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയതായാണ് വിവരം. അതുകൊണ്ടുതന്നെ താൻ വിശ്വസിച്ച കുഞ്ഞാലിക്കുട്ടി ആണല്ലോ ഈ ചതി ചെയ്തത് എന്നതിൽ അദ്ദേഹത്തിന് വലിയ ദുഃഖമുണ്ട്. അദ്ദേഹം പെട്ടന്ന് രോഗിയായി മാറുന്നതിനുവരെ ഇത് കാരണമായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മകൻ വെളിപ്പെടുത്തിയത്.

പി.കെ.കുഞ്ഞാലിക്കുട്ടി

ലീഗുകാർ ആദരവോടെ കാണുന്ന പാണക്കാട് കുടുബാംഗവും, സംസ്ഥാന പ്രസിഡൻറ്​ ഹൈദരലി തങ്ങളുടെ മകനുമായ മുഈൻ അലിയെ പരസ്യമായി തെറി വിളിച്ച ലീഗ് പ്രവർത്തകനെതിരെ ഇതുവരെയും ഒരു നടപടിയും എടുത്തതായി അറിവില്ല. എന്നാൽ, മുഈൻ അലിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതല്ല തെറിവിളിച്ച റാഫിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ലീഗ് നേതൃത്വം ഈ വിഷയത്തിൽ ആരോടൊപ്പം നിൽക്കുമെന്നാണ് കരുതുന്നത് ?

സയ്യിദ് കുടുംബാംഗങ്ങളോട് കയർത്ത് സംസാരിക്കാൻ പോലും ആളുകൾ വിമുഖത കാണിക്കും, പ്രത്യേകിച്ച് പാണക്കാട് തങ്ങന്മാരോട്. അവർ അത്രയും സൗമ്യരാണ്, മാന്യന്മാരാണ്. അങ്ങനെയുള്ള പാണക്കാട് കുടുംബത്തിലെ തങ്ങളോടാണ് ഇത്തരത്തിൽ സഭ്യേതരമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് റാഫിയെ ലീഗിൽ നിന്ന് സസ്‌പെൻറ്​ ചെയ്യുകയല്ല എന്നന്നേക്കുമായി പുറത്താക്കുയാണ് വേണ്ടതെന്ന അഭിപ്രായമാണ് ലീഗിൽ നിന്ന്​ ഉയർന്നുവരുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്. ലീഗിൽ അദ്ദേഹത്തിന് നിൽക്കാനുള്ള ഒരു യോഗ്യതയും മേലിൽ ഉണ്ടാവില്ല എന്ന് അസന്ദിഗ്ദ്ധമായി പറയുകയാണ് വേണ്ടത്. അതല്ലാ എന്നുണ്ടെങ്കിൽ ഈ പ്രവണത ഇനിയും തുടരും.

പാണക്കാട് തങ്ങളുടെ മകൻ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കും എന്നു പറയാൻ ലീഗ് നേതൃത്വത്തിനോ അന്വേഷിക്കണം എന്നു സൂചിപ്പിക്കാൻ കോൺഗ്രസിനോ കഴിയാത്തത് എന്തുകൊണ്ടാണ് ?

അതിനുള്ള കാരണം, കുഞ്ഞാലിക്കുട്ടി എല്ലാവരെയും ഭയപ്പെടുത്തി വശപ്പെടുത്തി നിർത്തിയിരിക്കുകയാണ്​ എന്നതാണ്​. അദ്ദേഹത്തിന്റെ ഭീഷണിക്കും വശപ്പെടുത്തലിനും വഴങ്ങാതെ നിന്ന ആളുകളുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും പി.ടി.എ റഹീമും. ഞങ്ങൾ വളരെ ശക്തമായി അതിനോട് ഫൈറ്റ് ചെയ്തു, പ്രതിരോധിച്ചു. അതുകൊണ്ടാണ് ഞങ്ങൾ പുറത്താക്കപ്പെട്ടത്. അതിനുശേഷം എം.എൽ.എമാരുമായി. ഞാൻ കുഞ്ഞാലിക്കുട്ടയെ തോൽപ്പിച്ച് തന്നെയാണ് എം.എൽ.എ ആയി വന്നത്. ഏതെങ്കിലും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആവാനോ എം.എൽ.എ ആവാനോ ആയിരുന്നില്ല അന്ന് പോരാടിയത്. അത് കുഞ്ഞാലിക്കുട്ടിയുടെ നയങ്ങളോടുള്ള ശക്തമായ വിയോജിപ്പിന്റെ പ്രകടനങ്ങളായിരുന്നു.

ലീഗിൽ നിന്ന് താങ്കളെ പുറത്താക്കിയതിനെ ഇപ്പോഴുള്ള കോൺഫ്ലിക്ടുമായി ചേർത്തുവായിക്കാൻ പറ്റുമോ ?

അതെ, കുഞ്ഞാലിക്കുട്ടിയുടെ അധികാര കേന്ദ്രീകരണത്തിനെതിരെ ശബ്ദമുയർത്തിയതുതന്നെയാണ് എന്റെ പുറത്താക്കലിൽ കലാശിച്ചത്. കുഞ്ഞാലിക്കുട്ടി ലീഡർഷിപ്പ് ഏറ്റെടുത്തതോടെ ഫണ്ടിന്റെ കാര്യത്തിൽ ഒരു സുതാര്യതയും ലീഗിൽ ഉണ്ടായിട്ടില്ല. കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ മരണത്തോടെ മുസ്‌ലിം ലീഗിലെ ഫണ്ടുകളുടെ വിനിയോഗത്തിലെ സുതാര്യത അവസാനിച്ചു. കുഞ്ഞാലിക്കുട്ടി ഒരു കമ്പനി പോലെയാണ് ലീഗിനെ കൊണ്ടു നടന്നത്. അദ്ദേഹം എം.ഡിയും മക്കൾ ചെയർമാനും എന്ന നിലക്കാണ് അദ്ദേഹം ഗണിച്ചത്. പിരിച്ച ഫണ്ടിനൊന്നും ഒരു കണക്കും ഉണ്ടായിരുന്നില്ല. അത് ഗുജറാത്ത് ഫണ്ടായാലും സുനാമി ഫണ്ടായാലും. അത് ഞാൻ ചോദ്യം ചെയ്തു. അപ്പോൾ എന്നെ പുറത്താക്കി.

മുഈൻ അലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ.

സാമ്പത്തികവും രാഷ്ട്രീയവുമായ പവറിനപ്പുറം കുഞ്ഞാലിക്കുട്ടി കായികമായി ക്വട്ടേഷൻ സംഘത്തെ പ്രൊട്ടക്ട് ചെയ്യുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. അത് എത്രമാത്രം ശരിയാണ്.?

അത് വസ്തുതയാണ്. ഐസ്‌ക്രീം പാർലർ കേസിനോടനുബന്ധിച്ചാണ് ഇത്തരത്തിലൊരു സെറ്റപ്പ് രൂപം കൊണ്ടത്. ഇപ്പോഴും അത് നിലനിൽക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് മുഈൻ അലിയുടെ വാർത്താസമ്മേളനത്തിൽ കണ്ടത്. ഗുണ്ടകളെ തീറ്റിപ്പോറ്റുക എന്നത് രീതിയും ശീലവുമാണ്. ലീഗ് ഓഫീസുകളിലെ പല ജീവനക്കാരെയും പാണക്കാട് തങ്ങന്മാരുടെ വീടുകളിൽ ജോലിക്ക് നിൽക്കുന്ന ചിലരെയും വരെ ഇങ്ങനെ വിലയ്​ക്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്​. പാണക്കാട്ട് ആരു വരുന്നു, ആര് പോകുന്നു, എന്താണ് സംസാരിച്ചത് എന്നൊക്കെ സമയാസമയങ്ങളിൽ അറിയാൻ വേണ്ടി.

കുഞ്ഞാലിക്കുട്ടിയെ സ്വന്തം കക്ഷിയിലെ എല്ലാവരും ഭയക്കുകയും അവരെല്ലാം ഭയത്താൽ നിശബ്ദരാകുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്ന ആരോപണമുണ്ടല്ലോ. കുറച്ചുകാലം ഒന്നിച്ചു പ്രവർത്തിച്ചതിന്റെ വെളിച്ചത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തന ശൈലിയെ കുറിച്ച് താങ്കളുടെ അനുഭവം എന്താണ് ?

ഓരോരുത്തരെയും പണം നൽകിയോ പദവി നൽകിയോ അദ്ദേഹം കമ്മിറ്റഡാക്കും എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന് എതിരെ പറയാൻ പറ്റാത്ത തരത്തിൽ അദ്ദേഹം ആളുകളെ മാറ്റിയെടുക്കും. അങ്ങനെ കമ്മിറ്റഡാക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയൊരാളാണ് ഞാൻ. വ്യക്തിപരമായി ഞാൻ ലീഗിനകത്ത് എന്തെങ്കിലും പദവി കയ്യാളിയിട്ടുണ്ടെങ്കിൽ അതിന് ഞാൻ യോഗ്യനായതുകൊണ്ട് മാത്രമാണ്. അല്ലാതെ മറ്റൊരു തരത്തിലുള്ള സഹായവും ലീഗിലായിരിക്കുന്ന കാലത്ത് ഞാൻ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി കാര്യങ്ങൾ പറയാൻ ഒരു മടിയും തോന്നിയിട്ടില്ല.

പാണക്കാട് തങ്ങളുടെ ശീട്ട് വാങ്ങിയല്ല മന്ത്രിയായതെന്ന് പരസ്യമായി പ്രസംഗിച്ചിരുന്ന താങ്കൾ അടുത്തകാലത്തായി പാണക്കാട് തങ്ങളെ ഒട്ടും നോവിക്കാതെയാണ് സംസാരിക്കുന്നത്. ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ശക്തമായി ആക്രമിക്കുമ്പോഴും പാണക്കാട് കുടുംബത്തെ അത് ബാധിക്കരുതെന്ന് ആഗ്രഹിക്കുന്നുണ്ടോ ?

അത് അങ്ങനെയല്ല, പാണക്കാട് തങ്ങളുടെ ജനകീയതയെ, നിഷ്‌ക്കളങ്കതയെ, വിശുദ്ധിയെയൊക്കെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് കുഞ്ഞാലിക്കുട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗ് എന്നത് ഒരു പൊളിറ്റിക്കൽ പാർട്ടിയാണ്, ആ പാർട്ടിയിലെ മാന്യന്മാരായ ആളുകളുടെ കയ്യിൽ അത് നിൽക്കണം എന്നതാണ്. ധനസംബന്ധമായ കാര്യങ്ങളുടെ ഉത്തരവാദിത്തം ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് കുഞ്ഞാലിക്കുട്ടിയുടേതാണ്. അദ്ദേഹമാണ് ലീഗിൽ സ്ഥാനങ്ങൾ നിശ്ചയിക്കുന്നത്. കുഞ്ഞാലിക്കുട്ടി ദേശീയ സെക്രട്ടറി ആയപ്പോൾ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം കെ.പി.എ. മജീദിനെ നിർദേശിച്ചു. ഇപ്പോൾ പി.എം.എ. സലാമാണ്. തന്നെക്കാൾ യോഗ്യതയുള്ളൊരാളെ അല്ലെങ്കിൽ തന്നേക്കാൾ സമർത്ഥനായൊരാളെ ഒരുകാരണവശാലും കുഞ്ഞാലിക്കുട്ടി ഇന്നുവരെ അംഗീകരിക്കുകയോ ഏതെങ്കിലും ഒരു സ്ഥാനത്ത് അവരോധിക്കുകയോ ചെയ്തിട്ടില്ല. ഇനിയെങ്ങാനും അബദ്ധത്തിൽ അങ്ങനെ സംഭവിച്ചാൽ ഉടൻ അവരെ മാറ്റുകയും ചെയ്യും. ഇവിടെ പ്രശ്‌നം കുഞ്ഞാലിക്കുട്ടിയുടെ അധികാര കേന്ദ്രീകരണവും അഴിമതിയുമാണ്.

ലീഗിന്റെ നേതൃനിരയിലുള്ള പാണക്കാട് തങ്ങന്മാരായ സാദിഖലിയും മുനവ്വറലിയും ഇതുവരെയും നിലപാടൊന്നും പറഞ്ഞിട്ടില്ല. ഇവർ ആർക്കൊപ്പം നിൽക്കുമെന്നാണ് തോന്നുന്നത് ? ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നാണ് തോന്നുന്നത് ?

ഇതുവരെ പാണക്കാട്ടെ തങ്ങന്മാരെ കൂടെ നിർത്തിയാണ് കുഞ്ഞാലിക്കുട്ടി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തത്. എന്നാൽ പാണക്കാട് തങ്ങന്മാർ തന്നെ കുഞ്ഞാലിക്കുട്ടിയെ അവിശ്വസിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായത്. ഹൈദരലി തങ്ങളെ വരെ പെടുത്തിയ കുഞ്ഞാലിക്കുട്ടി നാളെ ഞങ്ങളെയും ഇത് പോലെ കുഴിയിൽ ചാടിക്കുമെന്നവർ ഭയപ്പെടുന്നുണ്ട്. പുതിയ തലമുറയിൽപ്പെട്ട തങ്ങന്മാർക്കൊക്കെ ഇക്കാര്യത്തിൽ നല്ല പ്രതിഷേധമുണ്ട്. എന്നാൽ അവരുടെ ഒരു രീതിയനുസരിച്ച്​ ഒന്നും പുറത്തുപറയാത്തതാണ്.

ഇ.ഡി, കസ്റ്റംസ്, സി.ബി.ഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാറിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ചട്ടുകമാണെന്നാണല്ലോ സ്വർണ്ണക്കടത്ത് വിവാദകാലത്തൊക്കെ ഇടതുപക്ഷവും താങ്കളും പറഞ്ഞിരുന്നത്. മുസ്​ലിം ലീഗിന് അതിൽ നിന്ന്​ ഇളവുണ്ടാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ ?

ഇവിടെ ഉയർന്നുവന്നൊരു വിഷയത്തിന്മേൽ ഞാൻ പ്രതികരിച്ചു എന്നേയുള്ളൂ, അല്ലാതെ ശൂന്യതയിൽ നിന്ന് ഒരാരോപണം ഉണ്ടാക്കിയെടുത്തതല്ല. ഇതെല്ലാം ഫാക്ട് ആണ്. അന്വേഷിച്ചാൽ വസ്തുത കണ്ടെത്താൻ സാധിക്കും. അന്വേഷിക്കട്ടെ. ഇതുവരെയും ലീഗുകാർ പറഞ്ഞിരുന്നത് ഇ.ഡി എന്നു പറയുന്നത് ഈ ലോകത്തെ ഏറ്റവും പരിശുദ്ധമാക്കപ്പെട്ട ഏജൻസിയാണ് എന്നാണല്ലോ. ഇ.ഡി എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ, ഇ.ഡിക്ക് മുന്നിൽ ഹാജരാവുന്ന ആദ്യത്തെ മന്ത്രിയാണ് എന്നൊക്കെയായിരുന്നു പരിഹാസം. എന്നെ ചോദ്യം ചെയ്തു, തെളിവെടുപ്പ് നടത്തി എന്നിട്ടെന്തുണ്ടായി. ഇനി ഒരിക്കലും ഒന്നും ഉണ്ടാവാനും പോകുന്നില്ല. സ്വർണ്ണക്കടത്ത് കേസിൽ ഏതെങ്കിലും തരത്തിൽ വിദൂര ബന്ധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പി എന്നേ എന്നെ പൂട്ടിയേനെ.

ഇ.ഡിയുടെ നോട്ടീസ് പുറത്ത് വിട്ടുകൊണ്ടുള്ള താങ്കളുടെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ഈ വിഷയം പ്രധാന ചർച്ചയായി മാറിയത്. താങ്കളുടെ ഭാഗത്തുനിന്ന് ഇതിന് തുടർച്ച ഉണ്ടാകുമോ ?

ഇനി ഇവരുടെയൊക്കെ അനധികൃത സമ്പാദ്യങ്ങളെ സംബന്ധിക്കുന്ന അന്വേഷണമാണ് നടത്താൻ പോകുന്നത്. പൊതുപ്രവർത്തകനായ ലീഗിന്റെ നേതാവായ അദ്ദേഹത്തിന് എങ്ങനെയാണ് കോടികളുടെ സമ്പാദ്യം ഉണ്ടായത്? മകന്റെ പേരിൽ എങ്ങനെ കോടികളുടെ ആസ്തി ഉണ്ടായി? ഇതു സംബന്ധിച്ച ഒരു അന്വേഷണ വഴിയിലാണ് ഞാനിപ്പോൾ. അതിനാവശ്യമായ രേഖകളൊക്കെ പലരും എത്തിച്ചു തന്നുകൊണ്ടിരിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ പത്ത് നാൽപ്പത് കൊല്ലമായി എം.എൽ.എയും എം.പിയും മന്ത്രിയുമൊക്കെ ആയ ആളാണ്. അദ്ദേഹത്തെ ഒരു വ്യവസായി ആയോ കച്ചവടക്കാരനായോ കണ്ടിട്ടില്ല. സ്ഥാപനങ്ങൾ ഉള്ളതായും കേട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ മകന്റെ ഉടമസ്ഥതയിൽ 600 കോടി രൂപയുടെ വലിയ സ്ഥാപനം വിദേശ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അതിന് എവിടെ നിന്നാണ് പണം കിട്ടിയത്, കേരളത്തിൽ നിന്ന് എത്രകോടി രൂപ പോയി. ഇത്തരം കാര്യങ്ങളിലൊക്കെ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്. അതിനോടൊപ്പം ലീഗിന്റെ നേതൃത്വത്തിൽ പിരിച്ചെടുത്ത കത്വ- ഉന്നാവോ ഫണ്ടിന് എന്തു സംഭവിച്ചു എന്നതടക്കം അന്വേഷണത്തിലുണ്ട്. ആ രേഖകളൊക്കെ കിട്ടുന്ന മുറക്ക് അടുത്ത വാർത്താസമ്മേളനം ഉണ്ടാകും. ലീഗിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ മാഫിയ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുക എന്നതാണ് പഴയ ലീഗുകാരൻ എന്ന നിലയിൽ എന്റെ ഇപ്പോഴത്തെ ലക്ഷ്യം.

Comments