ഇന്ത്യയിലൊട്ടാകെ പൗരത്വ നിയമത്തിനെതിരെ സമരങ്ങള്‍ നടക്കുമ്പോള്‍ അംബേദ്കറുടെ മുഖചിത്രമായിരുന്നു ഗാന്ധിയുടെതിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിച്ചത്. അംബേദ്കര്‍ ഇന്ത്യയിലുടനീളം വളരെ പ്രധാന്യമുള്ള നേതാവായി മാറുകയാണ്, പക്ഷെ അംബേദ്കര്‍ തെളിയുമ്പോഴും ഒരു നേര്‍ത്ത തെളിച്ചം പോലെ ഗാന്ധി ഉണ്ടാകണം. അവര്‍ തമ്മില്‍ സംവേദനം സാധ്യമാകണം, കാരണം അവര്‍ ആരും ഇന്നിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബോധവാന്മാരല്ല, അതുകൊണ്ടുതന്നെ അവരുടെ ആശയങ്ങള്‍ നമുക്ക് ഉപയോഗിക്കാം; വ്യക്തി കേന്ദ്രീകൃതമായ അതിര്‍വരമ്പുകളുടെ തടസമില്ലാതെ
2 Oct 2020, 10:11 AM
കഴിഞ്ഞകൊല്ലം ഡല്‍ഹിയില്‍ വിപുലമായി ഗാന്ധി ജയന്തി ആഘോഷിച്ചിരുന്നു. ‘മന്‍ മേം ബാപ്പു' എന്ന പേരില്‍ ബി.ജെ.പി നടത്തിയ ഈ ആഘോഷപരിപാടികളുടെ മുഖ്യ ആകര്‍ഷണം ഡല്‍ഹിയിലെ പല ഭാഗങ്ങളില്‍ സംഘടിപ്പിച്ചിരുന്ന റാലികളായിരുന്നു. ‘ഗാന്ധി സങ്കല്‍പ്പ് യാത്ര' എന്ന് പേരിട്ട അത്തരം റാലികളുടെ പ്രധാന ആഹ്വാനമാകട്ടെ ‘നവ ഭാരതം നിര്‍മിക്കുന്നതിന് ഗാന്ധിയുടെ പാത പിന്തുടരുക' എന്നതും.
രാഷ്ട്രപിതാവായ ഗാന്ധിയെ കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാ സര്‍ക്കാരുകളും ആദരിക്കുന്നു. രാഷ്ട്രീയ ധാര്‍മികതയുടെ ഭാഗമായി ഗാന്ധിയെ സാധാരണ എല്ലാ ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികളും ആദരിക്കുന്നു. എന്നാല്‍ ബി.ജെ.പിയുടെ ഗാന്ധിഭക്തി വളരെയധികം വൈരുധ്യങ്ങള്‍ നിറഞ്ഞതായി കാണാം. ഒരു ഭാഗത്ത് മോദിയെ പോലുള്ള മുന്‍നിര നേതാക്കള്‍ ഗാന്ധിയെ ആദരിക്കുമ്പോള്‍ മറുവശത്ത് പ്രഗ്യ സിംഗ് ഠാക്കൂറിനെ പോലുള്ളവര്‍ ഗാന്ധിയുടെ വധത്തെ ആഘോഷിക്കുന്നുണ്ട്.

അണികളിലും ഈ വൈരുധ്യം കാണാം. ഗോഡ്‌സെയും ഗാന്ധിയും ഒരേപോലെ രാജ്യസ്‌നേഹികളാണ് എന്ന് വിശ്വസിക്കുന്നവര്‍ പതിയെ ഗാന്ധിയുടെ ഹിന്ദ് സ്വരാജിനെ ഗോഡ്സെയുടെ അഖണ്ഡഭാരത ആശയവുമായി ചേര്‍ത്തുവെക്കുകയും ചെയ്യുന്നു. ‘ഒരു ഹിന്ദു എന്നതില്‍ അഭിമാനിക്കുന്ന, ആര്‍.എസ്.എസിന്റെ വളര്‍ച്ചയില്‍ സന്തോഷിച്ചിരുന്ന മഹാത്മാവായിരുന്നു ഗാന്ധിയെന്ന്' ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് അടുത്തിടെ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഗാന്ധി ഏതാണ്ട് പൂര്‍ണമായും കാവിവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിയെ വളരെ വേഗം ഹിന്ദുത്വ ശക്തികള്‍ ഏറ്റെടുത്തപ്പോള്‍ അതിനെതിരെയുള്ള പ്രതികരണങ്ങള്‍ പലതും ഗാന്ധിയെ മുഴുവനായും തള്ളിക്കളഞ്ഞുകൊണ്ടാണ് വന്നിരുന്നത്. മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ പെറി ആന്‍ഡേഴ്‌സണ്‍ മുതല്‍ എഴുത്തുകാരിയായ അരുന്ധതി റോയ് വരെ ഗാന്ധിയെ മുന്‍പ് വിമര്‍ശിച്ചിരുന്നു. ആഫ്രിക്കയിലും മറ്റും ഗാന്ധി നടത്തിയ വംശീയ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ പ്രതിമകള്‍ നീക്കപ്പെടുകയും ചെയ്തു. അമേരിക്കയില്‍ നടന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും ചില ഗാന്ധി പ്രതിമകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ ഒരു വശത്ത് പൂര്‍ണമായി എതിര്‍ക്കപ്പെടുകയും മറുവശത്ത് പൂര്‍ണമായും പവിത്രവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഗാന്ധിയില്‍ യഥാര്‍ത്ഥത്തില്‍ നഷ്ടമാകുന്നത് ഇനിയും കണ്ടെത്താവുന്ന പല സാധ്യതകളാണ്. അതുകൊണ്ട് പവിത്രവല്‍ക്കരണവും പൂര്‍ണമായ എതിര്‍പ്പും ഒരു പോലെ ഒഴിവാക്കി ഗാന്ധിയെ ചരിത്രപരമായി മനസിലാക്കുവാനും അദ്ദേഹത്തില്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനുമാണ് ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നതില്‍ നടത്തേണ്ട പ്രധാന നടപടി.

സമീപകാലത്ത് അത്തരത്തില്‍ ശ്രദ്ധേയ കണ്ടെത്തലുകള്‍ നടത്തുന്നത് ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്. ഗോപാല്‍ ഗുരുവിനെ പോലുള്ളവര്‍ കുറച്ചുകൂടി വിശാലമായി ഗാന്ധിയും അംബേദ്കറും മാര്‍ക്‌സും തമ്മില്‍ ആശയപരമായ സംവാദങ്ങള്‍ സാധ്യമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
ഗാന്ധി വളരുന്നു, സംവാദങ്ങളിലൂടെ
വളരെ സങ്കീര്‍ണമായി തോന്നുകയും, പല സമയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുക എന്നതാണ് ഗാന്ധിയുടെ ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രധാന സവിശേഷത. അതുകൊണ്ട് തന്നെ ചരിത്രപശ്ചാത്തലത്തില്‍ വായിക്കപ്പെട്ടിട്ടില്ലെങ്കില്‍ വളരെ വേഗം ഗാന്ധി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ മാറ്റമില്ലാതെ തുടരുന്ന രണ്ട് ആശയങ്ങള്‍ ബഹുസ്വരതയും അഹിംസയുമാണ്, അതിന്റെ പ്രായോഗിക തലത്തിലുള്ള ആവിഷ്‌കാരമായി സത്യാഗ്രഹവും കാണാം. സത്യത്തിന് പ്രധാന്യം കൊടുക്കുന്ന ഗാന്ധി പക്ഷെ മൂന്ന് കാര്യങ്ങളിലാണ് ഇതുവരെ വിമര്‍ശനം നേരിട്ടിട്ടുള്ളത്; ആഫ്രിക്കയില്‍ അദ്ദേഹം നടത്തിയ വംശീയ പരാമര്‍ശങ്ങളുടെയും, ജാതിയെ കുറിച്ചുള്ള അഭിപ്രായത്തെയും, പല സമയത്ത് അദ്ദേഹം നടത്തിയ സ്ത്രീ- വിരുദ്ധ പരാമര്‍ശങ്ങളുടെയും പേരില്‍.
വ്യക്തിജീവിതത്തിലെ പല പെരുമാറ്റങ്ങളും ഗാന്ധിയെന്ന വ്യക്തിയില്‍ വിരോധം ജനിപ്പിക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ എല്ലാം നിലനില്‍ക്കുമ്പോഴും ഗാന്ധിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുത്തിയ കാതലായ മാറ്റം ശ്രദ്ധേയമാണ്. അതാകട്ടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ കഴിയുന്നത്ര ബഹുസ്വരമാക്കി എന്നതും. അതുകൊണ്ടുതന്നെ ഇടതുമുതല്‍ വലതുവരെ പല ആശയങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയാന്തരീഷം ഇന്ത്യക്ക് സ്വാതന്ത്ര്യസമരത്തിലൂടെ നേടാന്‍ കഴിഞ്ഞു. ഹിന്ദു മതത്തില്‍ കാതലായ മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്ന ഗാന്ധി താന്‍ സ്വയം ‘ഹിന്ദു' എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഉദ്ദേശിക്കുന്നത് ബുദ്ധമതത്തിന്റെ നീതിശാസ്ത്രവും, ജൈനമതത്തിന്റെ അഹിംസയും, ക്രിസ്തുമതത്തിലെ അപരസ്‌നേഹവും യൂറോപ്യന്‍ മനുഷ്യാവകാശവാദങ്ങളും കലര്‍ന്ന താന്‍ തന്നെ കണ്ടെത്തിയ ഹിന്ദുമതത്തെയാണ്. ഒരു മതവും പൂര്‍ണമല്ല എന്ന തിരിച്ചറിവില്‍ എല്ലാ മതങ്ങളും ഒരേപോലെ പരസ്പരം മനസ്സിലാക്കി ബഹുസ്വരത നിലനിര്‍ത്തുക എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.
ജാതിയെ കുറിച്ചും ഗാന്ധിക്ക് തന്റേതായ കണ്ടെത്തലുകളുണ്ട്. തൊട്ടുകൂടായ്മയെ എതിര്‍ക്കുമ്പോഴും അദ്ദേഹം വര്‍ണാശ്രമധര്‍മത്തെ എതിര്‍ക്കുന്നില്ല. മുകളില്‍ നിന്ന് താഴേക്കുള്ള ശ്രേണികരണത്തെക്കാള്‍ ഉച്ചനീചത്വം ഇല്ലാത്ത വേര്‍തിരിവാണ് ജാതി എന്ന് ഗാന്ധി മനസിലാക്കുന്നു. ജാതിയെ മനസിലാക്കുന്നതിലും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെക്കുന്നതിലും ഗാന്ധി വിജയിച്ചിരുന്നില്ല എന്നുകാണാം. പക്ഷെ ജാതിവ്യവസ്ഥയില്‍ വളരെ വേദനിച്ചിരുന്ന ഗാന്ധിയെ രാഷ്ട്രീയചിന്തകന്‍ ഗോപാല്‍ ഗുരു കണ്ടെത്തുന്നു. മാത്രമല്ല, ജാതിയെ സംബന്ധിച്ച് അംബേദ്കറുമായി നടന്ന ചര്‍ച്ചകളില്‍ നിന്ന് ജാതിവേര്‍തിരിവിനാല്‍ ഭൗതിക വിവേചനം സൃഷ്ടിക്കപ്പെടുന്നുണ്ട് എന്ന് ഗാന്ധിയും ജാതി ഉന്മൂലത്തിന് നിയമം മാത്രമല്ല ധാര്‍മികമായ പരിവര്‍ത്തനം കൂടി സമൂഹത്തിന് ആവശ്യമാണ് എന്ന് അംബേദ്കറും കണ്ടെത്തിയതായി രാമചന്ദ്ര ഗുഹയും നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ പലരുമായി നടന്ന സംവാദത്തിലൂടെയാണ് ഗാന്ധി വളരുന്നത്. ടാഗോറുമായി ദേശീയതയെ കുറിച്ച് നടത്തിയ ചര്‍ച്ചകളും ഇതിന് ഉദാഹരണം.
സാമൂഹിക പരിഷകരണത്തെക്കാള്‍ ഗാന്ധി ശ്രദ്ധിച്ചിരുന്നത് രാഷ്ട്രീയമായ ഇടപെടലുകളാണ്. അതുകൊണ്ട് തന്നെ തന്റെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ആധാരമായി അദ്ദേഹം കണ്ടിരുന്നത് അഹിംസ, ഹിന്ദു-മുസ്‌ലിം ഐക്യം, സ്വദേശി പ്രസ്ഥാനം, തൊട്ടുകൂടായ്മയുടെ ഉന്മൂലനം എന്നിവയാണ്. തീരെ ദോഷകരമല്ലാത്ത രീതിയില്‍ ധാരാളം വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയെ സ്വാതന്ത്ര്യലബ്ധിയിലേക്ക് രക്തച്ചൊരിച്ചില്‍ ഇല്ലാതെ എത്തിക്കുക എന്ന വളരെ കൃത്യമായ രാഷ്ട്രീയ ഇടപെടലാണ് ഗാന്ധി നടത്തിയിട്ടുള്ളത്. കര്‍ഷകരുടെ പ്രാധാന്യത്തില്‍ ഊന്നിയും കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിലൂടെയും ലക്ഷ്യം വെക്കുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിക്കണം എന്നുണ്ടെങ്കില്‍ ഗ്രാമങ്ങളിലേക്ക് പോകണം എന്ന കാലങ്ങള്‍ കടന്നുള്ള അറിയിപ്പാണ്.
ഇത് ഗാന്ധിയുടെ ദേശീയത അല്ല
ഗാന്ധി ഒരിക്കലും താന്‍ തന്റെ അവസാന കണ്ടെത്തലില്‍ എത്തി എന്ന് വാദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തില്‍ ഓരോ തവണയും നടത്തുന്ന ഇടപെടലുകള്‍ അതുവരെ താന്‍ പരീക്ഷിച്ച് നേടിയ അനുഭവത്തിന്റെ ഫലമാണ്. ഈ അനുഭവത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്തതാണ് ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും അടിസ്ഥാന സ്വഭാവമുള്ള ഇന്ത്യന്‍ ദേശീയത. അതിന്റെ കാതല്‍ ഹിന്ദു-മുസ്‌ലിം ഐക്യവും. നരേന്ദ്രമോദിയുടെ ഭരണത്തിനുകീഴില്‍ തകരുന്നത് ഈ ദേശീയതാവാദമാണ്. ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ തെളിവില്ല എന്ന് കാണിച്ച് കുറ്റാരോപിതരെ കോടതി വെറുതെ വിട്ടതുമുതല്‍ നാളുകള്‍ക്കുമുമ്പ് കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം ഒരുക്കി കൊടുക്കുന്നു എന്ന വ്യജേന പാസ്സാക്കിയ കാര്‍ഷിക ബില്ലുകള്‍ വരെ തെളിയിക്കുന്നത് രാജ്യം ഗാന്ധിയുടെ ദേശീയതയില്‍ നിന്ന് വഴി മാറി പോകുന്നു എന്നാണ്. കൊറോണാ വ്യാപനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കാരണം ദീര്‍ഘദൂരം കാല്‍നടയായി യാത്ര ചെയ്തപ്പോള്‍ മരിച്ച അതിഥി തൊഴിലാളികളുടെ വിവരം കൈവശമില്ലാത്ത സര്‍ക്കാര്‍, ഗാന്ധിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യ ഭരിക്കുവാനുള്ള ധാര്‍മിക അധികാരം നഷ്ട്ടപ്പെടുത്തിയിരിക്കുന്നു.
ഗാന്ധി, മാര്‍ക്‌സ്, അംബേദ്കര്‍
ചരിത്രം പഠിക്കുമ്പോള്‍ പ്രധാനമായും മനസിലാക്കുവാന്‍ സാധിക്കുന്നത് ഗാന്ധി പറയുന്നതുപോലെ ഒരു ആശയവും പൂര്‍ണമല്ല എന്നാണ്. യഥാര്‍ഥത്തില്‍ പല ആശയങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് പുതിയ രാഷ്ട്രീയം നിര്‍ണയിക്കുന്നതില്‍ പ്രധാനം. അതുകൊണ്ട് തന്നെ ഗാന്ധിസവും, മാര്‍ക്‌സിസവും, അംബേദ്കറിസവും തമ്മിലുള്ള കൂടുതല്‍ സംവേദനങ്ങള്‍ സാധ്യമാകണം. അംബേദ്കറിസത്തിന്റെ സത്ത നിയമനിര്‍മാണത്തിന്റെയും ഭരണകൂടത്തിന്റെ അധികാരം കൃത്യമായി ഉപയോഗിക്കുന്നതിന്റെയുമാണെങ്കില്‍ മാര്‍ക്‌സിസവും ഗാന്ധിസവും ജനങ്ങളെ ആ ഭരണകൂടത്തെ ചോദ്യം ചെയ്യുവാന്‍ സഹായിക്കും, നിയമനിര്‍മാണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല സാമൂഹികമായ പരിവര്‍ത്തനം കൂടി സാധ്യമാക്കിക്കൊണ്ട്. ആശയത്തില്‍ ചെറിയ സാമ്യത കാണാന്‍ സാധിച്ചേക്കാം എങ്കിലും പ്രയോഗത്തില്‍ മാര്‍ക്‌സിസത്തില്‍ സായുധസമരം ഭാഗമാകുമ്പോള്‍ ഗാന്ധിയന്‍ രീതിയില്‍ അഹിംസക്കാണ് പ്രാധാന്യം. പ്രയോഗത്തിലെ ഈ വ്യത്യാസം ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ട് ആശയങ്ങളും ബഹുജനങ്ങള്‍ അണിനിരക്കുന്ന വന്‍സമരങ്ങളാണ് അധികാരത്തെ ചോദ്യം ചെയ്യുന്നതിനും സമൂഹത്തിനെ മാറ്റിമറിക്കുന്നതിനും ആവശ്യം എന്ന് കണ്ടെത്തുന്നുണ്ട്.

പ്രശസ്ത ചിത്രകലാകാരന്‍ റിയാസ് കോമുവിന്റെ ‘ധമ്മ സ്വരാജ്' എന്ന ചിത്രം പ്രശസ്തമാണ്. ഗാന്ധിയുടെ മുഖചിത്രം പതിയെ അംബേദ്കറുടെ മുഖചിത്രത്തിന്റെ വരവോടെ അതില്‍ ലയിച്ചുചേരുന്നതായോ ഇല്ലാതാകുന്നതായോ കാണാം. ഇന്ത്യയിലൊട്ടാകെ പൗരത്വ നിയമത്തിനെതിരെ സമരങ്ങള്‍ നടക്കുമ്പോള്‍ അംബേദ്കറുടെ മുഖചിത്രമായിരുന്നു ഗാന്ധിയുടെതിനേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിച്ചത്. അംബേദ്കര്‍ ഇന്ത്യയിലുടനീളം വളരെ പ്രധാന്യമുള്ള നേതാവായി മാറുകയാണ്, പക്ഷെ അംബേദ്കര്‍ തെളിയുമ്പോഴും ഒരു നേര്‍ത്ത തെളിച്ചം പോലെ ഗാന്ധി ഉണ്ടാകണം. അവര്‍ തമ്മില്‍ സംവേദനം സാധ്യമാകണം, കാരണം അവര്‍ ആരും ഇന്നിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബോധവാന്മാരല്ല, അതുകൊണ്ടുതന്നെ അവരുടെ ആശയങ്ങള്‍ നമുക്ക് ഉപയോഗിക്കാം; വ്യക്തികേന്ദ്രീകൃതമായ അതിര്‍വരമ്പുകളുടെ തടസമില്ലാതെ.
meena
2 Oct 2020, 02:43 PM
well written.
meena
2 Oct 2020, 02:43 PM
well written.
Truecopy Webzine
Apr 12, 2021
4 Minutes Read
Truecopy Webzine
Apr 05, 2021
8 minutes read
സിവിക് ചന്ദ്രൻ
Apr 03, 2021
4 Minutes Read
അനിവര്‍ അരവിന്ദ്
Apr 01, 2021
1 Hour Watch
Think International Desk
Mar 30, 2021
4 minutes read
Election Desk
Mar 29, 2021
4 Minutes Read
ഡോ.പി.ഹരികുമാർ
1 Feb 2021, 06:58 PM
വളരെ ശരി!