റേപ്പ്​ ജാതിക്കുറ്റകൃത്യമാകുന്നത്​ എന്തുകൊണ്ട്​?

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ സമീപകാല കണക്കു പ്രകാരം, 2021 ൽ ദലിതർക്കെതിരായ അതിക്രമങ്ങൾ ഒരു മണിക്കൂറിൽ ആറ് എന്ന തോതിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മൊത്തം കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായിട്ടുള്ളതെന്ന് പുതിയ എൻ.സി.ആർ.ബി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ത്തർപ്രദേശിലെ ഹാഥ്‌റസിൽ ദലിത് പെൺകുട്ടി ക്രൂരമായ ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട് കൃത്യം രണ്ടുകൊല്ലം തികയുമ്പോഴാണ് ഇതേ സംസ്​ഥാനത്തെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദലിത് പെൺകുട്ടികൾ റേപ്പിനിരയായി കൊലചെയ്യപ്പെട്ടത്. പതിനഞ്ചും പതിനേഴും വയസ്സുള്ള സഹോദരിമാരുടെ മൃതദേഹങ്ങൾ വീടിന് ഒരു കിലോമീറ്ററോളം അകലെയുള്ള കരിമ്പുപാടത്തെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു സെപ്റ്റംബർ 15 ന് പുലർച്ചെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടികൾ റേപ്പിനിരയായതായി കണ്ടെത്തുകയും കഴുത്തുഞെരിച്ചാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയും ചെയ്തു.

ലഖിംപൂർ ഒറ്റപ്പെട്ട സംഭവമല്ല, ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ദലിതർക്കെതിരെയുള്ള അതിക്രമങ്ങളുടെ തുടർച്ച മാത്രം. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) സമീപകാല കണക്കു പ്രകാരം 2021 ൽ ദലിതർക്കെതിരായ അതിക്രമങ്ങൾ ഒരു മണിക്കൂറിൽ ആറ് എന്ന തോതിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മൊത്തം കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായിട്ടുള്ളതെന്ന് പുതിയ എൻ.സി.ആർ.ബി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കടപ്പാട് : newslaundry

2015 നും 2020 നും ഇടയിൽ, ദലിത് സ്ത്രീകൾക്കുനേരെയുള്ള റേപ്പുകളിൽ 45 % വർധനയുണ്ടായതായി എൻ.സി.ആർ.ബി കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ദലിത് സ്ത്രീകളും പെൺകുട്ടികളുമടക്കം ശരാശരി 10 പേർ ഓരോ ദിവസവും റേപ്പിനിരയാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്​. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകളുടെ എണ്ണം മാത്രമാണിത്. യഥാർത്ഥ കണക്ക് പുറത്തറിയാത്തതിനുപിന്നിൽ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പങ്ക് വ്യക്തമാണ്.

അതേ പൊലീസ്​ ഭാഷ്യങ്ങൾ

യു.പിയിൽ ദലിതർക്കെതിരെ നടക്കുന്ന ഏതു ലൈംഗികാക്രമണവും വഴിതിരിച്ചുവിടാനുള്ള അതേ സംഭവപരമ്പരകളും പൊലീസ്​ നടപടികളുമാണ്​ ലഖിംപൂരിയിലും തുടക്കം മുതലുണ്ടായത്​. വ്യാപക പ്രതിഷേധത്തെ തുടർന്നാണ്​​ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്​തത്​. ഇവരിൽ ജുനൈദ്, സുഹൈൽ എന്നിവർക്ക് പെൺകുട്ടികളുമായി സൗഹൃദമുണ്ടായിരുന്നുവെന്നും പെൺകുട്ടികൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതിന് തലേന്ന് ഇവർക്കൊപ്പം വീടുവിട്ടെന്നും വിവാഹത്തിന് നിർബന്ധിച്ചപ്പോൾ പ്രതികൾ പെൺകുട്ടികളെ കൊന്നതെന്നുമാണ് പൊലിസ് ഭാഷ്യം. ലഖിംപുർ ഖേരി പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ ഇരുവരും കുറ്റം സമ്മതിച്ചതായി പറയുന്നു.

ലഖിംപൂർ ഖേരി കേസിൽ അറസ്റ്റിലായ യുവാക്കൾ

എന്നാൽ, സെപ്റ്റംബർ 14 ന് രാത്രി ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കുടിലിൽ അതിക്രമിച്ചുകയറി തന്നെ മർദിച്ചശേഷം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പെൺകുട്ടികളുടെ മാതാവ് പറയുന്നത്. മൃതദേഹങ്ങൾ വീട്ടുകാരെപ്പോലും കാണിക്കാതെ പൊലിസ് പോസ്റ്റുമോർട്ടത്തിനയക്കുകയും പരാതി നൽകാനെത്തിയ മാതാവിനെ പോലീസ് മർദ്ദിക്കുകയും ചെയ്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

പീഡനത്തിന്റെ ‘യു.പി മോഡൽ’

എൻ.സി.ആർ.ബി പുറത്തുവിട്ട പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കണക്കുകളിൽ ഉത്തർപ്രദേശാണ് മുന്നിൽ. 2020 ൽ 50,291 കേസും 2021 ൽ 50,900 കേസും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി എൻ.സി.ആർ.ബി പറയുന്നു. 2021 ൽ ഉത്തർപ്രദേശിൽ 13,146 കേസാണ് റിപ്പോർട്ട് ചെയ്തത്​. രാജ്യത്തെ മൊത്തം കണക്കെടുത്താൽ 25.82% വരും ഇത്. രാജസ്ഥാൻ 14.7% (7524), മധ്യപ്രദേശ് 14.1% (7214), ബിഹാർ 11.4% (5842), ഒഡീഷ 4.5% (2327) എന്നീ സംസ്ഥാനങ്ങളാണ് 2021 ലെ പട്ടികയിൽ തൊട്ടുപിന്നിൽ. പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളിൽ 70.8% കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കടപ്പാട് : newslaundry

പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടേയും കണക്കിലും വർധനയുണ്ടായി. 2020 ൽ 8,272 കേസും 2021 ൽ 8,802 കേസുമാണ് റിപ്പോർട്ട് ചെയ്തത്. 2021 ൽ 6.4% വർദ്ധനവുണ്ടായി. 2021 ൽ പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ മധ്യപ്രദേശിലായിരുന്നു, 2627. ആകെയുള്ള സംഭവങ്ങളുടെ 29.8%. രാജസ്ഥാനിൽ 2121 കേസും (24%), ഒഡീഷയിൽ 676 കേസും (7.83%)
മഹാരാഷ്ട്രയിൽ 628 കേസും (7.13%) തെലങ്കാനയിൽ 512 കേസും (5.81%) റിപ്പോർട്ട് ചെയ്തു. പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളുടെ 74.57% കേസും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.

ദലിത്, ആദിവാസി സ്ത്രീകൾക്കെതിരായ റേപ്പ്​ കേസുകളുടെ കണക്കുകളിൽ പട്ടികജാതി സ്ത്രീകൾക്കെതിരായ (പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ) 3893 (7.64%) കേസുകളും, ദലിത് സ്ത്രീകൾക്കെതിരായ 2585 കേസുകളും പ്രായപൂർത്തിയാകാത്ത ദലിത് സ്ത്രീകൾക്കെതിരായ 1285 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റേപ്പ്​, റേപ്പിനുള്ള ശ്രമം, സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളുടെ എണ്ണം 8570 (16.8%) ആണ്.

പട്ടികവർഗ സ്ത്രീകൾക്കെതിരായ റേപ്പ്​ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ 15% (1324 കേസുകൾ) ആണ്. റേപ്പ്​, റേപ്പ്​ ​ശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവ 26.8% (2364 കേസ്​) ആണ്.
2004 നും 2013 നും ഇടയിലെ ഇന്ത്യയിലെ 16 ജില്ലകളിലായി ദലിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ 100 ലൈംഗിക അതിക്രമങ്ങൾ സെന്റർ ഫോർ ദലിത് റൈറ്റ്സ് ഗ്രൂപ്പ് പരിശോധിച്ചു. ഇരകളിൽ 46% 18 വയസ്സിന് താഴെയുള്ളവരാണെന്നും 85% പേർ 30 വയസ്സിന് താഴെയുള്ളവരാണെന്നും കണ്ടെത്തി. ഇതിൽ ദലിതർ ഉൾപ്പെടെ 36 വ്യത്യസ്ത വിഭാഗക്കാരാണ്​ അക്രമം നടത്തിയതെന്ന് കണ്ടെത്തി.

മുൻവർഷത്തെ കേസുകൾ ഉൾപ്പെടെ 2021 വർഷാവസാനം പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളുടെ ആകെ 70,818 കേസുകൾ അന്വേഷണത്തിനായി കെട്ടിക്കിടക്കുകയാണ്. അതുപോലെ, പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളുടെ 12,159 കേസും കെട്ടിക്കിടക്കുന്നു. പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളുടെ 52,159 കേസുകളും പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളുടെ 8825 കേസുകളും പൊലീസ് തീർപ്പാക്കി.

ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കത്തിക്കുന്നു

പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളുടെ ചാർജ് ഷീറ്റിംഗ് ശതമാനം 80.0%, പട്ടികവർഗക്കാർക്ക് 81.4% എന്നിങ്ങനെയാണ്. പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2,63,512 കേസും പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 42,512 കേസുമാണ് കോടതിയിൽ വിചാരണക്കെത്തിയത്. ഈ കേസുകളിൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളുടെ 10,108 എണ്ണത്തിലും പട്ടികവർഗക്കാർക്കുള്ള 1947 കേസുകളിലും വിചാരണ പൂർത്തിയായി.
പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ട കേസുകൾ (കുറ്റവിമുക്തമാക്കിയതും കുറ്റവിമുക്തമാകുന്ന കേസുകളും ഉൾപ്പെടുന്നു) എസ് സിക്ക് 5628 കേസുകളും എസ് ടിക്ക് 1399 കേസുകളുമാണ്. വർഷാവസാനം, പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങളുടെ 96.0% കേസുകളും വിചാരണയ്ക്കായി തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല, അതേസമയം പട്ടികവർഗക്കാരുടെ കണക്ക് 95.4% ആണ്.

2016-ൽ ദലിത്, ആദിവാസി ഇരകൾക്ക് വേഗം നീതി ലഭ്യമാക്കുന്നതിൽ പ്രതീക്ഷയേകി, ഭേദഗതി വരുത്തിയ എസ് സി, എസ് ടി (പി.ഒ.എ) നിയമം നടപ്പിലാക്കുന്നത് വെല്ലുവിളിയായി തുടരുന്നു. കുറ്റകൃത്യങ്ങൾ നടത്തുന്നതിന് പ്രതികൾക്ക്​ പിന്തുണയേകുന്നത്​, നിയമനടപടികളിലെ ബോധപൂർവമായ പഴുതുകളും അതിന്​ ബലമേകുന്ന സാമൂഹിക സാഹചര്യങ്ങളുമാണ്​​​. ദലിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങൾക്കുപുറമെ, സ്‌കൂളുകളിൽ നിലനിൽക്കുന്ന തൊട്ടുകൂടായ്മ, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ നിഷേധിക്കപ്പെടുന്നത്​ തുടങ്ങിയവ ഇന്നും വെല്ലുവിളിയായി തുടരുന്നു.

യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലേറിയശേഷം യു.പിയിൽ ദലിത് പീഡനം തുടർസംഭവമാകുകയാണ്. ദലിതർക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സർക്കാർ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നത് കുറ്റവാളികൾക്ക് ദലിതരെ വേട്ടയാടാനുള്ള സർക്കാറിന്റെ മൗനസമ്മതമാണ്. ദലിതർക്കെതിരെയുള്ള അതിക്രമങ്ങളിൽ റേപ്പ്​കൊലപാതകങ്ങൾ നിത്യസംഭവമായിരിക്കുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്. നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതിയിൽ ദുർബലരിൽ ദുർബലമാക്കപ്പെട്ടവരാണ് ദലിത് സ്ത്രീകൾ എന്നത് അവരെ ജാതിയടിസ്ഥാനത്തിലുള്ള ലൈംഗികാതിക്രമങ്ങളുടെ ഇരകളാക്കി മാറ്റുന്നു.

കടപ്പാട് : newslaundry

​റേപ്പ്​ ചെയ്ത് കെട്ടിത്തൂക്കുന്ന സംഭവങ്ങൾ മുമ്പും യു.പിയിലുണ്ടായിട്ടുണ്ട്. മിക്ക കേസുകളിലും പ്രതികൾ ഉയർന്ന ജാതിയിൽ പെട്ടവരായതിനാൽ പൊലീസ് തന്നെ അവർക്ക് സംരക്ഷണം നൽകുന്ന പ്രവണതയാണ് നിലനിൽക്കുന്നത്. 2014 മെയ് 27 ന് ബദായുനിലെ കത്രയിൽ വീട്ടിൽ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിനാൽ പാടത്തേക്കുപോയ ബന്ധുക്കളായ രണ്ട് പെൺകുട്ടികളെ ​റേപ്പ്​ ചെയ്​ത്​ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ പ്രതിയെ സംരക്ഷിക്കുകയും പിന്നീട് നടന്ന രാഷ്ട്രീയ ഇടപെടലുകളിൽ ദുരഭിമാനകൊലയാണെന്ന് വരുത്തിതീർക്കുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞ് സി.ബി്ഐ​ സംഭവത്തെ ആത്മഹത്യയാക്കി മാറ്റി. ഈ സംഭവത്തെ ആസ്പദമാക്കിയിറങ്ങിയ ബോളിവുഡ് സിനിമയാണ് ‘ആർട്ടിക്കിൾ 15'. അതിന്റെ റീമേക്ക് ‘നെഞ്ചുക്ക് നീതി' എന്ന പേരിൽ തമിഴിലും ഇറങ്ങിയിട്ടുണ്ട്.

2018 ഡിസംബറിലായിരുന്നു ഉന്നോവോയിൽ 23കാരിയെ അഞ്ചുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി റേപ്പ്​ ചെയ്തത്. മാസങ്ങൾക്കുശേഷം ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി. 2019 ഡിസംബർ അഞ്ചിന് അഭിഭാഷകനെ കാണാൻ പോയ പെൺകുട്ടിയെ ഇയാളും മറ്റ് പ്രതികളും ചേർന്ന് തീകൊളുത്തുകയും പെൺകുട്ടി പിറ്റേന്ന് ഡൽഹി ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു. ‘ഇരകൾ' ഭരണകൂടത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും കൂടി അനീതിക്ക് ഇരയാക്കപ്പെടുന്ന അവസ്ഥയാണെന്ന് ഇത്തരം സംഭവങ്ങൾ തുറന്നുകാട്ടുന്നു.

2020 സെപ്റ്റംബർ 14 നാണ് ഹാഥ്‌റസിൽ നാലുപേർ ചേർന്ന് ദലിത് പെൺകുട്ടിയെ വയലിലിട്ട് റേപ്പ്​ ചെയ്ത ശേഷം ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവം നടന്ന് ആറ് ദിവസത്തിനിപ്പുറം ആശുപത്രിയിൽ വെച്ച് മരിച്ച പെൺകുട്ടിയുടെ മൃതദേഹം തെളിവ് നശിപ്പിക്കാൻ പൊലീസ് തന്നെ കത്തിച്ചുകളയുകയായിരുന്നു. ഇതേമാസം 30 നാണ് ബൽറാംപുരിൽ 22 കാരിയായ ദലിത് യുവതി കൂട്ടമായി റേപ്പിനിരയായതും കൊല്ലപ്പെട്ടതും. ഇവിടെ കോളേജിൽ അഡ്മിഷനെടുക്കാൻ പോയ പെൺകുട്ടിയെ ഓട്ടോയിലെത്തിയ ഉയർന്ന ജാതിക്കാരായ നാലുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

അതേവർഷം ഒക്ടോബർ 15 ന് പതിനെട്ടുകാരിയായ ദലിത് പെൺകുട്ടിയെ കൈകൾ കെട്ടിയിട്ട് റേപ്പ്​ ചെയ്ത നിലയിൽ പാടത്തുനിന്ന് കണ്ടെത്തുകയും പെൺകുട്ടി ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.
ഈ വർഷം ഏപ്രിൽ മാസം 22 നാണ് ലളിത്പുരിൽ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട പതിമൂന്നുകാരി രക്ഷപ്പെട്ട് വീട്ടുകാർക്കൊപ്പം പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പീഡിപ്പിച്ചത്.

യു.പിയിലെ ലഖ്‌നോവിൽ ബൈക്കിൽ തൊട്ടതിന് ആറാം ക്ലാസുകാരനായ ദലിത് വിദ്യാർത്ഥിയെ അധ്യാപകൻ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ലോഹ ദണ്ഡുകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചിരുന്നു.

ദലിത് മിത്ര’ പുരസ്‌കാരം സ്വീകരിക്കുന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യു.പിയിൽ ദലിതർക്കെതിരായ അതിക്രമങ്ങളുടെ കൃത്യമായ കണക്ക്​ ലഭ്യമല്ല. ആദിത്യ നാഥ് സർക്കാരിന്റെ ഭരണപരാജയവും ഭരണകൂട ഭീകരതയും മറച്ചുപിടിക്കാനുള്ള മന:പൂ​ർവ ശ്രമങ്ങളിൽ ദലിത് പീഡനങ്ങളുടെയും മറ്റു തരത്തിലുള്ള അതിക്രമങ്ങളുടെയും കണക്കുകൾ പുറത്തറിയുന്നില്ല. മിക്ക കേസുകളിലും പൊലീസിന്റെ നിസ്സംഗ മനോഭാവവും സവർണ സമുദായങ്ങളിൽ നിന്നുള്ള ഭീഷണിയും അടിച്ചമർത്തൽ ഭയവും ഇരകളായ ദലിതരെ പരാതിപ്പെടുന്നതിൽ നിന്നും റിപ്പോർട്ടു ചെയ്യുന്നതിൽ നിന്ന്​തടയുന്നുമുണ്ട്.

2018 ൽ അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ യോഗി ആദിത്യനാഥിന് ‘അംബേദ്കർ മഹാസഭ ദലിത് മിത്ര’ പുരസ്‌കാരം നൽകുകയുണ്ടായി. ഇതിനെതിരെ മഹാസഭയുടെ ഓഫീസിനുമുമ്പിൽ പ്രതിഷേധിച്ച ദലിത് ആക്ടിവിസ്റ്റുകളെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.ആർ. ദരപുരി, ഐ.എ.എസ് ഓഫീസറായിരുന്ന ഹാരിഷ് ചന്ദ്ര, ഗജോധർ പ്രസാദ്, എൻ.എസ്. ചൗരസ്യ എന്നിവരാണ് അന്ന് അറസ്റ്റിലായത്. അംബേദ്കറുടെ പ്രതിമകൾ നിർമിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചവരേക്കാൾ ദലിതർക്കുവേണ്ടി ഒരുപാട് പ്രവർത്തിച്ചയാളാണ് യോഗി എന്നു പറഞ്ഞാണ് അംബേദ്കർ മഹാസഭ പ്രസിഡൻറ്​ ലാൽജി പ്രസാദ് നിർമൽ യോഗിക്ക് പുരസ്‌കാരം നൽകിയത്. എന്നാൽ യോഗിക്ക് പുരസ്‌കാരം നൽകുന്നത് സഭക്കുള്ളിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്കു വഴിവെക്കുകയായിരുന്നു.

യു.പിയിൽ ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പുരസ്‌കാരം യോഗിക്ക് നൽകിയത്. നിർമൽ ഒഴികെ മഹാസഭയിലെ എല്ലാ അംഗങ്ങളും യോഗിക്ക് പുരസ്‌കാരം നൽകിയതിന് എതിരായിരുന്നുവെന്നും അംബേദ്കർ മഹാസഭ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് വാടക ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് നിർമ്മൽ ഇതു ചെയ്തതെന്നും സഭാംഗം എസ്.ആർ. ദരപുരി ആരോപിച്ചു. അതേസമയം രാജ്യത്തെ 35 കോടി ദലിതർക്ക് മോദി സർക്കാർ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സഹായിച്ചുവെന്നാണ് പുരസ്‌കാരം സ്വീകരിച്ച്​ യോഗി പറഞ്ഞത്.

2018 മാർച്ച് 20 ൽ പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള 1989-ലെ എസ് സി- എസ് ടി നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ദലിത് സംഘടനകൾ രാജ്യവ്യാപകമായി ഭാരത് ബന്ദ് നടത്തുകയും വ്യാപക അതിക്രമങ്ങളുണ്ടാവുകയും ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘർഷം ആളിപ്പടരുകയും 11 പേർ വെടിയേറ്റ് മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരമുള്ള പരാതികളിൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഇത്തരം കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാത്ത അവസ്ഥയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിച്ചു. പട്ടികജാതി, പട്ടികവർഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു വിധി. വിവാദ വിധിക്കെതിരേ കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ പഴയ വ്യവസ്ഥകൾ നിലനിർത്തുംവിധം സുപ്രീം കോടതി 2019 സെപ്റ്റംബർ 30-ന് വിധിപറഞ്ഞിരുന്നു.

ദലിത്പീഡന തുടർക്കഥകളുടെ ഒടുവിലത്തേതാകില്ല തീർച്ചയായും ലഖിംപൂർ ഖേരി. ലഖിംപൂർ ഖേരി മുമ്പും ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. 2021 ഒക്ടോബറിൽ ലഖിംപൂർ ഖേരിയിലെ ടിക്കുനിയിൽ കർഷക റാലിക്ക് നേരെയുണ്ടായ ആക്രമണവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും വലിയ വാർത്തയായിരുന്നു. അന്ന് ബി.ജെ.പി എം.പിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് സമാധാനപരമായി നടന്ന കർഷക റാലിയിലേക്ക് വാഹനം കയറ്റിയിറക്കി നാലുപേരുടെ ജീവനെടുത്തത്. തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും മറ്റു മൂന്നു പേരും കൂടി കൊല്ലപ്പെടുകയുണ്ടായി.

അതിന് തൊട്ടുപിന്നാലെ നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ലഖിംപൂർ മണ്ഡലം ബി.ജെ.പിക്ക് 20,578 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിലനിർത്താൻ കഴിഞ്ഞുവെന്നത് പാർട്ടിയുടെ രാഷ്ട്രീയതന്ത്രങ്ങളുടെ ‘വിജയ’മായി വിലയിരുത്താം.

ദലിത് വേട്ട എന്ന ഇന്ത്യൻ യാഥാർഥ്യം

ജാതി ഇന്ത്യൻ സാമൂഹിക ഘടനയിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്തുന്ന പൊതു പ്രശ്‌നമാണ്. സാമൂഹിക വിവേചനത്തിന്റെ ഏറ്റവും വലിയ ഇരകളാണ് ദലിത് വിഭാഗം എന്ന്, രേഖപ്പെടുത്തപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

photo : Athira geetha raveendran

രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽ ഉയർന്ന ജാതിക്കാർക്കുവേണ്ടിയുള്ള പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന് ഒരു ദലിതനെ ഒരു കൂട്ടം ആളുകൾ ഇരുമ്പ് വടി ഉപയോഗിച്ച് മർദ്ദിക്കുകയുണ്ടായി. രാജസ്ഥാനിലെ തന്നെ ഉദയ്​പുരിൽ ഒരു വിദ്യാലയത്തിൽ ദലിത് വിദ്യാർത്ഥികൾ വിളമ്പിയ ഭക്ഷണം വലിച്ചെറിയാൻ പാചകക്കാരൻ മറ്റ് വിദ്യാർത്ഥികളെ പ്രേരിപ്പിച്ച സംഭവവുമുണ്ടായി.

ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും കേന്ദ്ര സർക്കാറോ സംസ്ഥാന സർക്കാരുകളോ കാര്യമായൊന്നും ചെയ്യുന്നില്ല എന്നതിന് പിന്നിലും വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ട്. ഇത്തരം സംഭവങ്ങൾ കൂടുതലും ബി. ജെ. പിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലാണ് അരങ്ങേറുന്നത്.

ദലിത്​ സ്​ത്രീകളുടെ ഉണർവ്​

2019-2020 കാലയളവിൽ, യു.പിയിലെ ഏഴ് ജില്ലകളിലായി ലൈംഗികാതിക്രമത്തെ അതിജീവിച്ച 14 പേർ നീതി തേടി പോരാടിയതിന്റെ അനുഭവം ഒരു അഭിമുഖത്തിൽ പങ്കുവെക്കുകയുണ്ടായി. തുടക്കത്തിൽ ആർക്കും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് (സി.എച്ച്. ആർ. ഐ), അസോസിയേഷൻ ഫോർ അഡ്വക്കസി ലീഗൽ ഇനിഷ്യേറ്റീവ് (എ. എ. എൽ. ഐ ) എന്നിവയുടെ ‘ബാരിയേഴ്സ് ഇൻ ആക്‌സസിംഗ് ജസ്റ്റിസ്' എന്ന തലക്കെട്ടിൽ നടത്തിയ പഠനത്തിൽ, യു.പിയിലെ ലൈംഗികാതിക്രമങ്ങളെ അതിജീവിക്കുന്ന ഓരോ വ്യക്തിക്കും നീതി ലഭ്യമാക്കുന്നതിൽ നിരവധി തടസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. രക്ഷപ്പെട്ടവർ പരാതി അറിയിക്കാനും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനും പൊലീസിനെ സമീപിക്കുമ്പോൾ കാലതാമസം, പരിഹാസം, സമ്മർദ്ദം, കഠിനമായ പീഡനം എന്നിവ നേരിടേണ്ടിവരുന്നുവെന്നും ഒടുവിൽ കുറ്റകൃത്യം രജിസ്റ്റർ ചെയ്യുന്നതിന്​ 2 മുതൽ 228 ദിവസം വരെ കാത്തിരിക്കേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദലിത് സ്ത്രീകളുടെ കാര്യത്തിൽ ഈ വേലിക്കെട്ടുകൾ വർദ്ധിക്കുന്നതിന്റെ കാരണം ജാതി തന്നെയാണ്.

ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളും ഇത്തരത്തിൽ അധികാരികളിൽ നിന്നും ഭരണകൂടത്തിൽ നിന്നും വിവേചനം നേരിടുന്നുണ്ട്. ഗുജറാത്ത് കലാപത്തിൽ ഗർഭിണിയായിരിക്കെ കൂട്ട റേപ്പിനിരയായ ബൽക്കീസ് ബാനു കേസിലെ മുഴുവൻ പ്രതികളെയും കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ വെറുതെവിട്ടിരുന്നു. തീർത്തും വിവേചനപരമായ നടപടിയായിരുന്നു അത്.

photo : people's archive of rural india

ജാതി അടിസ്ഥാനത്തിലുള്ള ലൈംഗികാതിക്രമത്തെ അതിജീവിച്ചവർക്കൊപ്പം പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ പൊലീസിന്റെയും പ്രാദേശിക അധികാരികളുടെയും നിയമപരമായ പിന്തുണയില്ലായ്മയും സവർണ സമുദായങ്ങളുടെ പ്രതികാര നടപടികൾ നേരിടുന്നതായും റിപ്പോർട്ടുണ്ട്. ഇത് കുറ്റവാളികൾക്കെതിരെ നിയമപോരാട്ടം നടത്തുന്നതിനും നീതി തേടുന്നതിനും അവർക്ക് ബുദ്ധിമുട്ടാക്കുന്നു.

എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന പല കേസുകളിലും തുടർ നടപടികളോ അന്വേഷണങ്ങളോ നടന്നിട്ടില്ല. 1989-ലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ, പി.ഒ.എ) ആക്ട് പ്രകാരമുള്ള ഉചിതമായ വകുപ്പുകൾ അതിജീവിതകളുടെ കേസ് ദുർബലപ്പെടുത്തുന്നതിനും കുറ്റവാളികളെ സംരക്ഷിക്കുന്നതിനുമായി പൊലീസ് ബോധപൂർവം അവഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. ദലിത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ ജാതി സ്വാധീനം ഒഴിവാക്കാനുള്ള വ്യവസ്ഥാപിത ശ്രമമാണ് പി.ഒ.എ പ്രയോഗിക്കാതിരിക്കുക എന്നത്​. ശിക്ഷിക്കപ്പെട്ട കേസുകളിൽ പോലും, പി.ഒ.എ നിയമപ്രകാരം കുറ്റവാളികൾ കുറ്റക്കാരല്ലെന്ന് പ്രഖ്യാപിക്കാറുണ്ട്​. തൽഫലമായി, ശിക്ഷയുടെ അളവും കുറയുന്നു.

ദലിത് സ്ത്രീകൾക്കെതിരായ അനിയന്ത്രിതമായ ലൈംഗികാതിക്രമങ്ങൾ കുറ്റവാളികൾക്ക്​ ലഭിക്കുന്ന സംരക്ഷണത്തിന്റെ സൂചനയാണ്. ദലിതർ, പ്രത്യേകിച്ച് സ്ത്രീകൾ, അതിക്രമത്തിന്റെ ഭാരം പേറുന്നതിന്റെ ഒരു കാരണം അവർ സംസാരിച്ചു തുടങ്ങിയതാണ്. 2006-ൽ മഹാരാഷ്ട്രയിലെ ഖൈർലാഞ്ചി എന്ന വിദൂര ഗ്രാമത്തിൽ ഒരു ദലിത് കുടുംബത്തിലെ നാല് അംഗങ്ങൾ (ഒരു സ്ത്രീയും അവരുടെ 17 വയസ്സുള്ള മകളും രണ്ട് ആൺമക്കളും) ഭൂമിയെച്ചൊല്ലിയുള്ള സംഘർഷത്തെത്തുടർന്ന് ഉയർന്ന ജാതിക്കാരാൽ ക്രൂരമായി കൊലചെയ്യപ്പെട്ടു.
ദലിതരുടെ അവകാശവാദങ്ങളുയർന്നുതുടങ്ങിയതോടെ ഉയർന്ന ജാതിക്കാർ അവർക്കെതിരെ അക്രമം അഴിച്ചുവിടുകയും തിരിച്ചടിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹാഥ്റ​സ് കേസിൽ, ഇരയുടെ കുടുംബത്തിന് ഉയർന്ന ജാതിയിലുള്ള ഒരു കുടുംബവുമായി രണ്ട് പതിറ്റാണ്ടായി തർക്കമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സമീപകാലത്തുണ്ടായ സാമൂഹിക പരിവർത്തനങ്ങൾ, ദലിത് പെൺകുട്ടികളെ സ്‌കൂളിലേക്കയക്കുന്നതിനും ദലിത് ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ രൂപപ്പെടുന്നതിനും അവരുടെ ശബ്ദം ഉയർന്നുതുടങ്ങാനും കാരണമായിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം, ദലിത് സ്ത്രീ നേതൃത്വങ്ങൾ മറ്റാരുടെയും ഇടപെടലില്ലാതെ സ്വയം പരാതികൾ നൽകുകയും സമരം നയിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ഈ ഉണർവിനോടുള്ള അസഹിഷ്​ണുത നിറഞ്ഞ പ്രതികരണം കൂടിയായി, വർധിക്കുന്ന ആക്രമണങ്ങളെ കാണാം.

Comments