ലതാ മങ്കേഷ്‌ക്കര്‍ വി.ഡി.സവര്‍ക്കറില്‍
നിന്ന് രക്ഷപ്പെട്ടതെങ്ങനെ?
ലതാ മങ്കേഷ്‌ക്കര്‍ വി.ഡി.സവര്‍ക്കറില്‍ നിന്ന് രക്ഷപ്പെട്ടതെങ്ങനെ?
ലത മങ്കേഷ്കർക്കുമേല് ഹിന്ദുത്വ രാഷ്ട്രീയം എടുക്കാന്‍ ശ്രമിക്കുന്ന രക്ഷാകര്‍ത്തൃത്വത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഷാറൂഖ് ഖാനുനേരെയുള്ള അവഹേളനം. നെഹ്‌റു യുഗത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം വികാസം പ്രാപിക്കാന്‍ കഴിയുന്ന ലതയുടെ ആ സ്വരമാതൃകയില്‍ നിന്ന് സവര്‍ക്കറോട് വിനയാന്വിതയായ വ്യക്തിസ്വത്വത്തെ അഴിച്ചെടുക്കാനാണ് ഹിന്ദുത്വവാദികള്‍ എപ്പോഴും ശ്രമിച്ചിരുന്നത്. ഇപ്പോള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന സവര്‍ക്കര്‍ സ്മൃതികളില്‍ തിളങ്ങുന്ന ഒരു രത്‌നമായി ലതയെ വിളക്കിച്ചേര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്.
8 Feb 2022, 03:26 PM
സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ സ്വരപ്രപഞ്ചത്തിന്റെ സ്വഭാവരൂപീകരണം നടത്തിയവരില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമാണ് 2022 ഫെബ്രുവരി 6 ന് പിരിഞ്ഞുപോയത്. സ്വാഭാവികമായും ഇന്ത്യ മുഴുവന്‍ ആ സ്വരപ്രഭാവത്തിനു മുന്നില്‍ മുട്ടുകുത്തി. ഇനി ആ ശബ്ദമണ്ഡലത്തില്‍ ഒരു സ്വരം പോലും കൂട്ടപ്പെടില്ല എന്ന് വേദനയോടെ നാം മനസ്സിലാക്കി. കഴിഞ്ഞ ദിവസം വരെ തുറന്നിരുന്ന ആ സ്വരനാളിയുടെ അഗ്രം അടഞ്ഞിരിക്കുന്നു. അത് ഒരു അടഞ്ഞ വ്യവസ്ഥ ആയി മാറിയിരിക്കുന്നു. കേള്‍വിയില്‍ മാത്രമാണ് ഇനി അത് അവശേഷിക്കുക.
ലതാമങ്കേഷ്‌കറെ അനുസ്മരിച്ച ഓരോരുത്തരും ആ സ്വരജാലിക തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് വ്യാപിച്ചതിനെ അനുസ്മരിച്ചു. ശരിയാണ്. സംസ്‌കാരത്തില്‍ നിന്ന് ഉടനെയൊന്നും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത വിധം അതിന്റെ ജൈവഘടകം ആയിത്തീര്‍ന്നിരിക്കുന്നു ആ നാദം. റേഡിയോ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ, വ്യത്യസ്ത കാലഘട്ടങ്ങളില്‍ നിലവില്‍ വന്ന, ശബ്ദത്തിന്റെ യാന്ത്രിക പുനര്‍നിര്‍മ്മിതി അനുഷ്ഠിക്കുന്ന നമുക്കു പരിചിതമായ ഉപകരണങ്ങള്‍ ഒക്കെത്തന്നെ അവരുടെ സ്വരജാലികയോട് ബഹുമാനം പാലിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സ്വരപ്രകടനം എന്ന് വിളിക്കാന്‍ കഴിയും വിധം ഇന്ത്യനായിരുന്നു അത്. ഹിന്ദി പ്രദേശങ്ങളില്‍ അതിന് വലിയ ഗാനരചയിതാക്കള്‍ കൂട്ടുനിന്നു. എന്നാല്‍ അഹിന്ദിപ്രദേശങ്ങളില്‍പാട്ടിന്റെ വരികള്‍ അവരുടെ ആലാപനത്തിലൂടെ തന്നെയായിരുന്നു പ്രകാശിതമായത്. ഹിന്ദിയോ ഉറുദുവോ തരിമ്പുപോലും അറിയാത്തവര്‍ പോലും അതിശയകരമാം വിധം ആ കണ്ഠം സൃഷ്ടിച്ച ഏറ്റിറക്കങ്ങളില്‍ നിന്നും അതിന്റെ അര്‍ത്ഥവും പ്രകരണവും പഠിച്ചെടുത്തു. ഉറുദുവിന്റെ ഗാന സൗകുമാര്യം ഇന്ത്യയെമ്പാടുമെത്തിയത് അവരിലൂടെ. ഹിന്ദിയോട് അകലം സൂക്ഷിക്കുന്ന, തങ്ങളില്‍ തന്നെ അഭിമാനം കൊള്ളാന്‍ അവസരം പാര്‍ത്തു നടക്കുന്ന തമിഴര്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം അവര്‍ പാടിയ ‘വളയോശൈ കിലുകിലു...'വും ദ്രാവിഡനാടിന്റെ അഗ്രമാണെങ്കിലും ആഗോളരായി നടിക്കാന്‍ തക്കം നോക്കുന്ന മലയാളികള്‍ ‘കദളി, ചെങ്കദളി' യും ഒരിക്കലും സാംസ്‌ക്കാരിക ഓര്‍മശേഖരത്തില്‍ നിന്ന് മാഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിച്ചു.
പറഞ്ഞുവരുന്നത് അവര്‍ നമ്മുടെ വിഗ്രഹമായിരുന്നു. നമ്മളാഗ്രഹിച്ച വിഗ്രഹം. വിഗ്രഹങ്ങളുടെ പരീക്ഷകള്‍ പാസ്സായി ഏറ്റവും ഉയരത്തില്‍ എത്തിയ വിഗ്രഹം. അതിനാല്‍ അവരുടെ വേര്‍പാടില്‍ അനേകം മനസ്സുകള്‍ സ്പന്ദിതമാകുക സ്വാഭാവികം. മാത്രമല്ല, ലതാ മങ്കേഷ്‌കറുടെ അനുസ്മരണങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, നമ്മെ വിസ്മയിപ്പിക്കുന്ന ഒരു കാര്യം അവയുടെ അന്തഃസാരമാണ്. സാധാരണ അന്ത്യോപചാരങ്ങളില്‍ കാണാറുള്ള അതിവാക്യങ്ങള്‍ കുറവ്. പൊള്ളവാക്യങ്ങളും. മനസ്സുകൊണ്ടെഴുതിയവയാണ് അധികവും. ആത്മാര്‍ത്ഥമായ പ്രകടനങ്ങള്‍ ആണ് ഏറെയും. ഭാവിക്കല്‍ കുറവ്.
എങ്കിലും ഈ അനുസ്മരണങ്ങളെ, അതിലൂടെ പ്രകാശിതമാകുന്ന ലതയുടെ സ്മൃതിയെ ചരിത്രവല്ക്കരിക്കേണ്ടത് അത്യാവശ്യമാണ്. തീര്‍ച്ചയായും അവരുടെ ആലാപനത്തിന്റെ നാള്‍വഴികള്‍ സംഗ്രഹിച്ചും അവരുടെ വിജയങ്ങളെ രേഖപ്പെടുത്തിയും, അവര്‍ കാരണമായതോ അവരെച്ചൊല്ലിയോ ഉള്ള കലഹങ്ങള്‍ കഥകളാക്കിയും മാത്രമല്ല അത് ചെയ്യേണ്ടത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അഭൂതപൂര്‍വ്വമായ ഒരു ശ്രദ്ധ, ഒരര്‍ത്ഥത്തില്‍ ആഘോഷം ആ ശബ്ദജാലികയെ ചുറ്റിപ്പറ്റിയുണ്ടായതെങ്ങനെ എന്ന് മനസ്സിലാക്കാനുള്ള ശ്രമം ആണത്. ഇന്ത്യ എന്ന ബഹുസ്വര രാജ്യം, രാജ്യമെമ്പാടും ഒരേ ഭാഷ സംസാരിക്കാത്തത്, ഒരേ വസ്ത്രം ധരിക്കാത്തത്, ഒരേ തീറ്റയില്‍ വിശ്വസിക്കാത്ത രാജ്യം അവരുടെ സ്വരത്തെ വിശ്വസിച്ചെങ്കില്‍, അത് നാള്‍വഴിക്കണക്കുകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. അല്ലെങ്കില്‍ ആ സ്വരത്തിന്റെ സിദ്ധിയുടേയും സാധനയുടേയും ചരിത്രം നോക്കിയാല്‍ കിട്ടില്ല. ഏതെങ്കിലും അര്‍ത്ഥത്തില്‍ അവരുടെ വ്യക്തിഗതപ്രതിഭയെ നിരാകരിക്കുന്നതുമല്ല.
ഉദാഹരണത്തിന് ലതാമങ്കേഷ്‌കര്‍ക്ക് സമശീര്‍ഷമായ ഒരു ജീവിതം ജീവിച്ചു തീര്‍ത്ത ഒരു ഗായികയായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം നമുക്ക് പരിശോധിക്കാം. 1916 ല്‍ ദേവദാസികുലത്തില്‍ ജനിച്ച സുബ്ബലക്ഷ്മി തെന്നിന്ത്യന്‍ സംഗീതത്തിലും സിനിമയിലും എങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ചു എന്നത് സുവിദിതമാണ്. 1998 ല്‍ അവര്‍ക്ക് ഭാരതരത്‌നം ലഭിച്ചു. 2001ല്‍ ഇതേ ബഹുമതി ലതാമങ്കേഷ്‌ക്കറും കരസ്ഥമാക്കി. ഒരു പക്ഷേ, ഗായികമാരില്‍ ഇവര്‍ക്കു രണ്ടുപേര്‍ക്കും മാത്രമേ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചിട്ടുള്ളൂ. അതുപോലെ തന്നെ രണ്ടുപേര്‍ക്കും റമോണ്‍ മാഗ്‌സാസേ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

1927 കാലഘട്ടത്തില്‍ സാംസ്‌കാരിക ദൃശ്യതയില്‍ എത്തിയെങ്കിലും 1938ല്‍ സേവാസദനം എന്ന സിനിമയിലൂടെയാണ് സുബ്ബലക്ഷ്മി പ്രസിദ്ധയായത്. പ്രേംചന്ദിന്റെ നോവല്‍ ആയിരുന്നു കെ.സുബ്രഹ്മണ്യം സംവിധാനം നിര്‍വ്വഹിച്ച ഈ സിനിമയുടെ അവലംബം. ഗാന്ധിയന്‍ - മാര്‍ക്‌സിയന്‍ സ്വാധീനം അവകാശപ്പെടാവുന്ന ഇതിവൃത്തമായിരുന്നു അതിനുണ്ടായിരുന്നത്. ബാലികാ - വൃദ്ധ വിവാഹത്തിന്റെ പരിണിതഫലങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒന്ന്. അന്ത്യത്തില്‍ ബ്രാഹ്മണരുടെ വിശുദ്ധചിഹ്നമായ പൂണുനൂലിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുന്ന തിരിച്ചറിവ് ചിത്രം പ്രകടിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ ജാതിവാദികളെ പ്രകോപിക്കുന്ന ഒന്ന്. അതിന്റെ തുടര്‍ച്ചയെന്നോണം അവര്‍ ഗാന്ധിയനായ കല്‍ക്കി സദാശിവത്തെ കല്യാണം കഴിക്കുകയും 1941ല്‍ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തു. കസ്തൂര്‍ബാ സ്മാരക ട്രസ്റ്റിന് പണം സംഭരിക്കുന്നതിന് അവര്‍ തന്റെ നാദവൈഭവത്തെ ഉപയോഗിക്കുകയുണ്ടായി. ഗാന്ധിയുടെ പ്രിയ ഭജനം ആയിരുന്ന ‘വൈഷ്ണവ ജനതോ'യ്ക്ക് സുബ്ബലക്ഷ്മി നല്‍കിയ ആലാപനവഴി ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഗാന്ധിജി പ്രധാനമെന്ന് കരുതിയിരുന്ന മറ്റ് ഭജനകളും അവരുടെ നാദത്തില്‍ പ്രകാശിക്കപ്പെട്ടു. അതായത് അവരുടെ സ്വരജാലികയുടെ സമകാലിക സാംസ്‌കാരിക കേന്ദ്രം ഗാന്ധിയന്‍ രാഷ്ട്രീയമായി അവര്‍ മാറ്റി. അങ്ങനെയാണ് സ്വാതന്ത്ര്യപൂര്‍വ്വ - സ്വാതന്ത്ര്യാന്യന്തര ഇന്ത്യയില്‍ ഒരു സാംസ്‌കാരിക ചിഹ്നമായി തീര്‍ന്നത്. ഫ്യൂഡലിസത്തിന്റെ ഇടുക്കുകളില്‍ നിന്ന് ഗാന്ധിയന്‍ ദേശീയതയുടെ വിശാലതയിലേയ്ക്ക് ആ സ്വരം മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു.
സുബ്ബലക്ഷ്മിയുടെ ജനനത്തിന്റെ ഒരു പതിറ്റാണ്ടിനിപ്പുറം ജനിച്ച ലതാമങ്കേഷ്‌കര്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലാണ് വ്യാപരിച്ചത്. അന്നത്തെ രാഷ്ട്രീയ - സാമൂഹ്യ സാഹചര്യങ്ങള്‍ ഏത് തരത്തിലാണ് ലതയുടെ കലയെ സ്വാധീനിച്ചത്?
ഇതറിയണമെങ്കില്‍ അവരുടെ ജീവചരിത്രത്തിലേയ്ക്ക് അല്പമൊന്നു പോകേണ്ടി വരും. എല്ലാവര്‍ക്കും അറിയുന്ന പോലെ ദീനാനാഥ് മങ്കേഷ്‌കറുടേയും ശെവന്തിയുടേയും മകള്‍ ആയിട്ടാണ് ലത ജനിച്ചത്. ലതയ്ക്ക് മീന, ആഷ, ഉഷ എന്നീ സഹോദരികളും ഹൃദയനാഥ് എന്ന സഹോദരനും ഉണ്ടായിരുന്നു. ഇവരെല്ലാവരും സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ജിമ്മി ജോര്‍ജ്ജും സഹോദരങ്ങളും ചേര്‍ന്ന് സ്വന്തമായി വോളിബോള്‍ ടീം ഉണ്ടാക്കിയ പോലെ ഇവരെല്ലാവരും ചേര്‍ന്ന് ഏതെങ്കിലും ഗാനത്തിന്റെ സൃഷ്ടിയില്‍ പങ്കു ചേര്‍ന്നിട്ടുണ്ടോ എന്ന ചോദ്യം ഒരര്‍ത്ഥത്തില്‍ ജിജ്ഞാസ ഉണര്‍ത്തുന്നതാണ്. അവിടെ നിന്നും തുടങ്ങിയാല്‍ നമ്മുടെ അന്വേഷണങ്ങള്‍ക്ക് എന്തെങ്കിലും സമാധാനം കിട്ടാതിരിക്കില്ല. തീര്‍ച്ചയായും ഉണ്ട്. അത് ‘സാഗര പ്രാണ്‍ തലമാലാ' എന്ന് തുടങ്ങുന്ന ഗാനമാണ്. ഹൃദയനാഥ് മങ്കേഷ്‌കര്‍ ഈണം പകര്‍ന്ന് ലതയുടെ നേതൃത്വത്തില്‍ സഹോദരികള്‍ എല്ലാം ചേര്‍ന്ന് പാടിയ ഗാനമാണിത്. ആരാണ് ഈ ഗാനം രചിച്ചത്?
മജ്‌റൂഹ് സുല്‍ത്താന്‍പുരി, ഗുല്‍സാര്‍ തുടങ്ങി നിരവധി അതികായര്‍ ലതയ്ക്കുവേണ്ടി ഗാനസാഹിത്യം രചിച്ചിട്ടുണ്ട്, എന്നാല്‍ ഇവര്‍ ആരുമല്ല സാഗര പ്രാണ്‍ തലമാലാ രചിച്ചത്, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിവാദസാന്നിദ്ധ്യമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണ്.
എങ്കില്‍ യാദൃശ്ചികമായ ഒരു ആലാപന സംരംഭമായിരുന്നോ അത്? അല്ലെങ്കില്‍ തന്റെ ഹിന്ദുത്വപൂര്‍വ്വകാലത്ത് ബ്രിട്ടീഷ് വിരുദ്ധനായ സവര്‍ക്കര്‍ എഴുതിയ ദേശഭക്തി ഗാനത്തെ ദേശീയതയുടെ വിപുലമായ അര്‍ത്ഥത്തില്‍ രേഖപ്പെടുത്തിയതാണോ? നമുക്ക് ആ സന്ദര്‍ഭം പരിശോധിക്കാം.

1948 ല്‍ ഗാന്ധിവധത്തിനു ശേഷം നാഥുറാം ഗോഡ്‌സേയ്‌ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ടവര്‍ നാരായണ്‍ ആപ്‌തേ, വിഷ്ണു കര്‍ക്കരേ, നാഥുറാം ഗോഡ്‌സേയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സേ, ദിഗംബര്‍ ബഡ്‌ഗേ, മദന്‍ലാല്‍ പഹ് വ, ശങ്കര്‍ കിസ്തയ്യ, ഡോ. സദാശിവ് പര്‍ച്ചൂരേ, വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്നിവര്‍ ആയിരുന്നു. അതില്‍ സവര്‍ക്കര്‍ ഒഴികെയുള്ള മറ്റുള്ളവര്‍ 1948 ജനുവരി 20,30 എന്നീ ദിവസങ്ങളിലായി നടന്ന ഗാന്ധി വധശ്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തവര്‍ ആയിരുന്നു. സവര്‍ക്കറെ അറസ്റ്റ് ചെയ്തത് ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു. വിചാരണാവേളയില്‍ മാപ്പുസാക്ഷിയായി മാറിയ ദിഗംബര്‍ ബഡ്‌ഗേയാണ് സവര്‍ക്കര്‍ക്ക് ഈ വധക്രിയയിലെ പങ്ക് വെളിപ്പെടുത്തിയത്. ഗാന്ധിവധം യാദൃശ്ചികമല്ലെന്നും ഹിന്ദു ഫാസിസ്റ്റുകളുടെ ഗൂഢാലോചന ആയിരുന്നുവെന്നും അതിന്റെ തലതൊട്ടപ്പന്‍ സവര്‍ക്കര്‍ ആയിരുന്നുവെന്നുമാണ് ബഡ്‌ഗേ വെളിപ്പെടുത്തിയത്. അതിന്റെ തെളിവായി കോടതി വ്യവഹാരത്തിനുതകുന്ന തെളിവുകളും ബഡ്‌ഗേ സമര്‍പ്പിച്ചു. ഗാന്ധിവധത്തിനു മുന്‍പ് പ്രതികളായ വിഷ്ണുകര്‍ക്കരേയും മദന്‍ലാല്‍ പഹ്വയും സവര്‍ക്കറെ സന്ദര്‍ശിച്ചിരുന്നു എന്നും അഭയാര്‍ത്ഥിയായ മദന്‍ലാല്‍ പഹ്വ തനിക്ക് പാകിസ്ഥാന്‍ മുസ്ലിംകളില് നിന്ന് അനുഭവിച്ച അവഹേളനങ്ങള്‍ സവര്‍ക്കറെ അറിയിച്ചുവെന്നും പ്രതികാര നടപടികള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോള്‍ മുന്നോട്ടു പോകാന്‍ സവര്‍ക്കര്‍ പ്രോത്സാഹിപ്പിച്ചു. ഗാന്ധി, നെഹ്രു, സുഹ്രവര്‍ദി എന്നിവരെ വധിക്കണമെന്നത് സവര്‍ക്കറുടെ ഇംഗിതമാണെന്ന് നാരായണ്‍ ആപ്‌തെ തന്നോട് പറഞ്ഞതായും ബഡ്‌ഗെ കോടതിയില്‍ പറയുകയുണ്ടായി. മാത്രമല്ല 1948 ജനുവരി 14 ന് ഗോഡ്‌സേയും ആപ്‌തേയും സവര്‍ക്കറെ സന്ദര്‍ശിക്കുകയുണ്ടായി. 1948 ജനുവരി 17 ന് വധം നടപ്പിലാക്കാനായി സംഘാംഗങ്ങള്‍ ഡല്‍ഹിയ്ക്ക് പുറപ്പെടുന്നതിനു മുന്‍പായി ആപ്‌തേയും ഗോഡ്‌സേയും സവര്‍ക്കറെ വീണ്ടും സന്ദര്‍ശിക്കുകയുണ്ടായി. തന്നേയും ശങ്കര്‍ കിസ്തയ്യയേയും പുറത്തു നിര്‍ത്തി അകത്തുപോയ അവര്‍ കുറച്ചുസമയം കഴിഞ്ഞ് തിരിച്ചെത്തി. പിന്നാലെ വന്ന സവര്‍ക്കര്‍ വിജയീ ഹോണ്‍ നാ (വിജയിച്ച് തിരിച്ചു വാ) എന്ന് അവരെ ആശംസിച്ചത് താന്‍ കണ്ടുവെന്നും ബഡ്‌ഗേ കൂട്ടിച്ചേര്‍ത്തു.
ദൗത്യസംഘം ഡല്‍ഹിയിലെ ഹിന്ദുമഹാസഭ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ ഡല്‍ഹിയിലെത്തിയ ശേഷം അവിടുത്തെ ഹിന്ദുമഹാസഭ ഓഫീസില്‍ നിന്ന് ബോംബെ ശിവാജി പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സവര്‍ക്കര്‍ ഭവനിലേയ്ക്ക് ഒരു ട്രങ്ക് കോള്‍ ബുക്ക് ചെയ്തത് പോലീസ് അന്വേഷണത്തില്‍ തെളിയുകയുണ്ടായി. അത് വധശ്രമത്തിന്റെ ഒരുക്കങ്ങള്‍ എത്രത്തോളമായി എന്ന് സവര്‍ക്കറെ അറിയിക്കാൻ സംഘാംഗങ്ങളിലാരോ ചെയ്തതാണ് എന്നും പൊലീസ് കോടതിയില്‍ വാദിക്കുകയുണ്ടായി.
1948 ജനുവരി 14 ന് പൂനെയില്‍ നിന്ന് ആപ്‌തേയും ഗോഡ്‌സേയും ബോംബേയിലേയ്ക്ക് ഡെക്കാണ്‍ എക്‌സ്‌പ്രസിൽ യാത്ര ചെയ്യുമ്പോള്‍, ബിംബ എന്ന പേരില്‍ സിനിമയില്‍ അഭിനയിക്കുന്ന നടി ശാന്താമോദക്കിനെ കണ്ടുമുട്ടുകയുണ്ടായി. ‘സുന്ദരികളായ സ്ത്രീകളുമായി സൊള്ളുന്നത് എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന' ആപ്‌തേ, ജനാലയ്ക്കരികിലെ ഇരിപ്പിടം അന്വേഷിച്ചു നടന്നിരുന്ന അവര്‍ക്ക് തന്റെ ജനാലയ്ക്കരികിലെ ഇരിപ്പിടം വാഗ്ദാനം ചെയ്യുകയും ബോംബേ എത്തുമ്പോഴേയ്ക്കും അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി റയില്‍വേസ്റ്റേഷനില്‍ നിന്ന് ശിവാജിപാര്‍ക്ക് വരെ അവരെ കൊണ്ടുപോകാനെത്തിയ സഹോദരന്റെ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുകയും ചെയ്തു. സവര്‍ക്കറുടെ അയല്‍ക്കാരിയായിരുന്നു ബിംബ. സവര്‍ക്കറുടെ വീടിനുമുന്നിലാണ് അവരെ ഇറക്കിവിട്ടതെന്ന് പിന്നീട് അവര്‍ കോടതിയില്‍ പറയുകയുണ്ടായി. സവര്‍ക്കറുടെ സെക്രട്ടറിയില്‍ നിന്നും അംഗരക്ഷകനില്‍ നിന്നും ഗോഡ്‌സേയുടെയും ആപ് തേയുടേയും സന്ദര്‍ശന വിവരങ്ങളും സവര്‍ക്കര്‍ക്കും അവര്‍ക്കുമിടയില്‍ നടന്ന കത്തിടപാടുകളുടെ നിജസ്ഥിതിയും പോലീസ് മനസ്സിലാക്കുകയും ചെയ്തു.
ദിഗംബര്‍ ബഡ്‌ഗേ മാപ്പുസാക്ഷിയായി വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്ക് ഇത്തരം ഉപോദ്ബലകത്തെളിവുണ്ടായിട്ടുപോലും, അവ പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് വേണ്ടത്ര ബലം പകരുന്നതല്ല എന്ന് കണ്ടെത്തി കോടതി സവര്‍ക്കറെ വെറുതെ വിട്ടു. തീര്‍ച്ചയായും ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ എന്നതിന് പുറമേ, സവര്‍ക്കറുടെ പ്രത്യേക ഫാസിസ്റ്റ് സംഘടനയായ ഹിന്ദുരാഷ്ട്രദള്‍ എന്ന കാതല്‍സേനയുടെ പ്രധാന പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു ഗോഡ്‌സേയും ആപ്‌തേയും എന്നതിനാല്‍ അവരും വിചാരണയില്‍ സവര്‍ക്കറെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിന്റെയെല്ലാം ഫലമായി വിചാരണത്തടവുകാലമായ ഒരു കൊല്ലത്തില്‍പ്പരം സമയം മാത്രം ചെലവഴിച്ച് സവര്‍ക്കര്‍ ജീവിതത്തിലെ രണ്ടാമത്തെ തടവില്‍ നിന്നും രക്ഷപ്പെട്ടു.
ഗാന്ധിവധത്തില്‍ കോടതി സവര്‍ക്കറെ ശിക്ഷിച്ചില്ലെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ സവര്‍ക്കറെ ശിക്ഷിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവര്‍ക്കറും ഹിന്ദുമഹാസഭയും അപ്രസക്തനായി. ഗാന്ധിയെ വധിച്ചാല്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാമെന്ന് കരുതിയാണ് യഥാര്‍ത്ഥത്തില്‍ അങ്ങേ അറ്റത്തെ സവര്‍ക്കറൈറ്റുകളായ ഗോഡ്‌സേയും കൂട്ടരും അതിന് മുതിര്‍ന്നത്. പാക്കിസ്ഥാനില്‍ നിന്നും അവഹേളനങ്ങള്‍ സഹിച്ച് ഇന്ത്യയിലെത്തിയ ഹിന്ദു അഭയാര്‍ത്ഥികളെ മുന്‍നിര്‍ത്തി വര്‍ഗ്ഗീയ കാര്‍ഡിറക്കി കളിച്ചാല്‍ അത് സാധ്യമാകും എന്നവര്‍ കരുതി. പക്ഷെ, ഗാന്ധിയുടെ ജഡത്തിന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാകുന്നതില്‍ നിന്ന് തടയാന്‍ കഴിയും വിധം ഒരു രാഷ്ട്രീയശക്തിയാകാന്‍ കഴിയുമെന്ന് അവര്‍ കരുതിയില്ല. ഗാന്ധിവധത്തിന്റേയും അത് നിര്‍വഹിച്ച ചിത്പാ വന്‍ ബ്രാഹ്മണന്റേയും വാര്‍ത്തകള്‍ പുറത്ത് വന്നതോടെ മറാത്ത പ്രവിശ്യയില്‍ ജനക്കൂട്ടം രോഷാകുലരായി ഹിന്ദുത്വവാദി ബ്രാഹ്മണര്‍ക്ക് നേരെ തിരിഞ്ഞു. പ്രധാനമായും സവര്‍ക്കറുടെ വിശ്വസ്ത അനുയായികള്‍ സ്വന്തം ചിത്പാവന്‍ ബ്രാഹ്മണ കുലത്തില്‍ നിന്നും വരുന്നവര്‍ ആയിരുന്നു. ഗാന്ധിയെ വധിച്ചതിന്റെ പേരില്‍ തൂക്കുകയര്‍ കിട്ടിയ ആദ്യരണ്ടു പ്രതികളായ ഗോഡ്‌സേയും ആപ്‌തേയും.വിഷ്ണു കര്‍ക്കരെയാകട്ടെ കരാഡ് ബ്രാഹ്മണനും. സവര്‍ക്കറുടെ ഭവനമായിരുന്ന സവര്‍ക്കര്‍ സദന്‍ ആക്രമിക്കാന്‍ ആയിരങ്ങളുടെ കൂട്ടം എത്തിയെങ്കിലും പോലീസ് ഇടപെട്ട് അവരെ തടഞ്ഞു.1951-52 ല്‍ നടന്ന ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിലും ജനവികാരം ഹിന്ദുത്വവാദികള്‍ക്കെതിരായിരുന്നു. നാട്ടുരാജ്യങ്ങളുമായി ചേര്‍ന്ന് ഒരിക്കല്‍ ഇന്ത്യ പിടിച്ചെടുത്ത് ഹിന്ദുരാജ്യസ്ഥാപനം സ്വപ്നം കണ്ടിരുന്ന ഹിന്ദുമഹാസഭയ്ക്ക് വെറും രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത് - ഹിന്ദുമഹാസഭയോട് ജനങ്ങളുടെ വെറുപ്പ് മനസ്സിലാക്കി അതില്‍ നിന്നും പിരിഞ്ഞ് ആര്‍.എസ്. എസിന്റെ പിന്തുണയോടെ ജനസംഘം രൂപീകരിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്യാമപ്രസാദ് മുഖര്‍ജി നടത്തിയ ശ്രമവും വൃഥാവിലായി. അവര്‍ക്ക് വെറും മൂന്ന് സീറ്റാണ് ലഭിച്ചത്.

ഇങ്ങനെ അത്രയും വെറുക്കപ്പെട്ടവനായി സവര്‍ക്കര്‍ കഴിയുന്ന കാലത്താണ് 1955 ല്‍ ലതാ മങ്കേഷ്‌ക്കറിന്റെ ഇളയ സഹോദരനായ ഹൃദയനാഥ് മങ്കേഷ്‌ക്കര്‍ സവര്‍ക്കറെ സമീപിക്കുന്നത്. അക്കാലത്താണ് വെറും 18 വയസ്സ് മാത്രം പ്രായമുള്ള ഹൃദയനാഥ് ആകാശവാണിയില്‍ സംഗീതജ്ഞനായി ചേര്‍ന്നത്. വെറും പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഈണമിട്ട് തയ്യാറാക്കിയ മൂന്ന് ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തപ്പോള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. നാലാമത്തെ ഗാനത്തിനായി അദ്ദേഹം സവര്‍ക്കറെ സമീപിച്ചു. മങ്കേഷ്‌ക്കര്‍ കുടുംബവുമായി സവര്‍ക്കര്‍ക്കുണ്ടായിരുന്ന ഗാഢബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്, അത്രയും വെറുക്കപ്പെട്ട അവസ്ഥയില്‍ സവര്‍ക്കര്‍ കഴിയുന്ന കാലത്ത്, ഗാനം ആവശ്യപ്പെട്ട് ഹൃദയനാഥ് ചെല്ലുന്നത്.
‘എന്തിനാണ് ഗാനം ചമയ്ക്കുന്നതിനായി എന്റെ കവിത ആവശ്യപ്പെടുന്നത്? ജയിലില്‍ പോകാന്‍ നിനക്കാഗ്രഹം ഉണ്ടോ?' സവര്‍ക്കര്‍ ചോദിച്ചതായി പറയപ്പെടുന്നു. ഹൃദയനാഥ് നിര്‍ബന്ധിച്ചപ്പോള്‍ താന്‍ 1909 ല്‍ ഇംഗ്ലണ്ടില്‍ കഴിയുമ്പോള്‍ എഴുതിയ സാഗര പ്രാണ്‍ തലമാലലാ എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്താനായി സവര്‍ക്കര്‍ നല്‍കി. അത് റെക്കോര്‍ഡ് ചെയ്‌തെങ്കിലും പ്രക്ഷേപണം ചെയ്യാന്‍ അധികാരികള്‍ സമ്മതിച്ചില്ല. എന്ത് കൊണ്ടാണ് സവര്‍ക്കറുടെ ഗാനം തെരഞ്ഞെടുത്തത് എന്ന് ചോദിച്ച് ഹൃദയനാഥിന് നോട്ടീസ് നല്‍കുകയാണ് അധികൃതര്‍ ചെയ്തതെന്നും ‘ഗംഭീര കവിത, ഗംഭീര കവി ' എന്ന മറുപടി ഹൃദയനാഥ് നല്‍കിയതെന്നും ധനഞ്ജയ് കീര്‍ മുതല്‍ വിക്രംസമ്പത്ത് വരെയുള്ള സവര്‍ക്കര്‍ അനുകൂലികളായ ജീവചരിത്രകാരര്‍ പറയുന്നു. ഇക്കാരണം കൊണ്ട് ഹൃദയനാഥിന് ജോലി നഷ്ടപ്പെട്ടെന്നും.
സവര്‍ക്കറിന്റെ കവിത ചിട്ടപ്പെടുത്തിയതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടോ ഇല്ലയോ എന്നതിന്റെ വാസ്തവം അന്വേഷിക്കലല്ല, നമ്മുടെ ഉദ്ദേശ്യം. മറിച്ച് സവര്‍ക്കറുടെ കവിതകള്‍, സാഗര പ്രാണ തലമാലല മാത്രമല്ല മങ്കേഷ്‌ക്കര്‍ കുടുംബം ആലപിച്ചത് എന്ന് അറിയലാണ്. ജയോസ്തുതേ ശ്രീ മഹാമംഗളേ എന്ന സവര്‍ക്കര്‍ ഗാനം ആലപിച്ചത് ലതാ മങ്കേഷ്‌ക്കര്‍ തനിച്ചാണ്. മധുകര്‍ ഗോള്‍വാള്‍ക്കറായിരുന്നു സംഗീതം നല്‍കിയത്. സാഗരപ്രാണ്‍ തലമാലലയും ജയോസ്തുതേയും ഹിന്ദുത്വപൂര്‍വ സവര്‍ക്കറെയുടെ രചനകള്‍ ആയിരുന്നെങ്കില്‍ ഹൃദയനാഥ് ചിട്ടപ്പെടുത്തി ലതാമങ്കേഷ്‌ക്കര്‍ പാടിയ ‘ഹേ ഹിന്ദു നൃസിംഹ പ്രഭോ ശിവജി രാജ' എന്നത് ശിവജിയെ ഹിന്ദുക്കള്‍ക്കുവേണ്ടി പടപൊരുതിയ, ഹിന്ദുരാജ്യ സ്ഥാപകനായി പ്രഘോഷിക്കുന്ന ഒന്നായിരുന്നു. ഹിന്ദുത്വവാദികളുടെ വേദപുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന സവര്‍ക്കര്‍ എഴുതിയ ‘ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്ന പുസ്തകത്തിലെ ആശയങ്ങള്‍ നിറഞ്ഞതാണ് ഈ ഗാനം. പ്രത്യേകിച്ചും നരസിംഹമായി ശിവജിയെ ചേര്‍ത്തു വെയ്ക്കുന്നത് ഇതുമായി ബന്ധപ്പെട്ട് കാണേണ്ടതാണ്. ജയ്‌ദേവ് ശിവരായാ എന്ന സവര്‍ക്കര്‍ എഴുതിയ മറ്റൊരു ശിവാജി സ്തുതിയും ലത ആലപിക്കുകയുണ്ടായി.
ഹിന്ദുത്വവാദികളെക്കുറിച്ചുള്ള പൊതുബോധത്തിന് വിരുദ്ധമായി സവര്‍ക്കര്‍ എടുത്തിട്ടുള്ള നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി സവര്‍ക്കര്‍ തനി ഹിന്ദുത്വ വാദിയായിരുന്നില്ല എന്ന് പറയാന്‍ പലരും ശ്രമിക്കാറുണ്ട്. ഗോസംരക്ഷണത്തിനോ ഗോവധ നിരോധനത്തിനോ വേണ്ടി സവര്‍ക്കര്‍ നിലകൊണ്ടില്ല എന്നതും ബ്രാഹ്മണര്‍ മാംസം കഴിക്കണം എന്ന സവര്‍ക്കറുടെ നിലപാടും ഒക്കെ അവര്‍ ചൂണ്ടിക്കാട്ടാറുണ്ട്. സവര്‍ക്കര്‍ യുക്തിവാദിയായിരുന്നു എന്നതാണ് മറ്റൊരു ചൂണ്ടിക്കാട്ടല്‍. സവര്‍ക്കറുടെ ഈ നിലപാടുകള്‍ ഒക്കെത്തന്നെ ഹിന്ദുത്വവും ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസം വേണ്ടത്ര നാം ഗ്രഹിക്കാത്തത് കൊണ്ടുണ്ടാകുന്ന ധാരണപ്പിശകുകളാണ്. ഹിന്ദുമതത്തിന് ഏതെങ്കിലും മൃഗചിഹ്നമുണ്ടെങ്കില്‍ അത് പശുവായിരിക്കും എന്നതില്‍ തര്‍ക്കമില്ലല്ലോ. എന്നാല്‍ ഹിന്ദുത്വത്തിന്റെ മൃഗചിഹ്നമായി സവര്‍ക്കര്‍ മുന്നോട്ടുവെച്ചത് പശുവായിരുന്നില്ല, നരസിംഹമായിരുന്നു. പശുവിന്റെ അഹിംസാത്മക സ്വരൂപത്തിനെ അദ്ദേഹം മറികടന്നത് ഇല്ലായ്മയുടെ സംഹാരപ്രരൂപത്തെ സൃഷ്ടിച്ചു കൊണ്ടാണ്. തിലകും മറ്റും സ്വീകരിച്ച കേസരി (സിംഹം) യില്‍ നിന്ന് കുറേക്കൂടി ഹിംസാത്മകമാണ് നരസിംഹം. ഭാവനയിലെ ഹിംസയെയാണ് അത് പേറുന്നത്. അളവില്ലാത്ത ഹിംസ. സമ്പൂര്‍ണ്ണമായി അഴിച്ചുവിടപ്പെട്ട ക്രൗര്യം ആണ് ഹിന്ദുത്വയിലെ ഹിന്ദുവിന് സവര്‍ക്കര്‍ ചാര്‍ത്തിക്കൊടുക്കുന്നത്
ഈ നരസിംഹത്തെയാണ് ശിവജിയില്‍ ആരോപിക്കുന്നതും അതിനെ ലതാമങ്കേഷ്‌ക്കര്‍ പാടി ഫലിപ്പിക്കുന്നതും. ഒരു പക്ഷേ, എം.എസ്. സുബ്ബലക്ഷ്മിയുടെ ‘വൈഷ്ണവജനതോ’യ്ക്ക് നേര്‍ എതിര്‍ നില്‍ക്കുന്ന പാട്ട്. പാര്‍ലിമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിയുടെ ചിത്രത്തിന്റെ എതിര്‍ച്ചുമരില്‍ ചന്ദ്രകല കുമാര്‍ കദം വരച്ച സവര്‍ക്കറെ പ്രതിഷ്ഠിച്ച പോലെ. ഹിന്ദു നൃസിംഹ പ്രഭോ ശിവജി രാജ യഥാര്‍ത്ഥത്തില്‍ ‘വൈഷ്ണവ ജനതോ’യ്ക്ക് എതിരെയുള്ള ഒരു ശബ്ദപ്രതിഷ്ഠാപനം (Sound Installation) ആണെന്ന് പറയാം. ശിവജിയെ സ്തുതിച്ച് സവര്‍ക്കര്‍ എഴുതിയ മറ്റൊരു ഗാനവും ലത ആലപിക്കുകയുണ്ടായി.

ഹൃദയനാഥ് മങ്കേഷ്‌ക്കറുടെ അടുപ്പം കൊണ്ട് മാത്രമല്ല, സവര്‍ക്കര്‍ ഗീതങ്ങളെ വ്യത്യസ്ത ആല്‍ബങ്ങളില്‍ ലത പാടി പ്രതിഷ്ഠിച്ചത്. സവര്‍ക്കര്‍ ലതയ്ക്ക് ഗുരുസ്ഥാനീയനായിരുന്നു. ജനിച്ച നാള്‍ മുതലേ എന്നുപറയാം. 1909 ല്‍ നാസിക് ജില്ല കലക്ടറായിരുന്ന എ. എം. ടി. ജാക്‌സണെ അനന്ത് കന്‍ഹാരേ എന്ന ചിത്പാവന്‍ ബ്രാഹ്മണന്‍ വെടിവെച്ചു കൊന്ന കേസിലാണ് സവര്‍ക്കര്‍ ആദ്യം അറസ്റ്റിലാകുന്നത്. സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്ന് കടത്തിയ തോക്ക് ഉപയോഗിച്ചാണ്, അദ്ദേഹം നേതൃത്വം നല്‍കിയിരുന്ന അഭിനവ് ഭാരത് എന്ന സംഘടനയിലെ അംഗമായിരുന്ന അനന്ത് കന്‍ഹാരേ ജാക്‌സണെ കൊന്നത്. തുടര്‍ന്നുള്ള വിചാരണയില്‍ 1910 ല്‍ ഇരട്ട ജീവപര്യന്തത്തടവിനാണ് (50 വര്‍ഷം ) സവര്‍ക്കര്‍ ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിലെ ജീവിതം സവര്‍ക്കറെ തളര്‍ത്തി. നിരന്തരമായ മാപ്പപേക്ഷകളുടെ ഫലമായി ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ഇന്ത്യന്‍ പ്രവിശ്യയിലെ ജയിലിലേയ്ക്കും തുടര്‍ന്ന് രത്‌നഗിരി ജില്ല വിട്ടു പോകരുതെന്നും രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടരുതെന്നുമുള്ള നിബന്ധനകളോടെ ജയില്‍ വിമുക്തനാകുകയും ചെയ്തു. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുത് എന്ന വിലക്കിന്റെ മറവില്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരുന്നത്. അപ്പോഴേയ്ക്കും ഹിന്ദുത്വരാഷ്ട്രീയം അദ്ദേഹത്തെ ആവേശിച്ചിരുന്നു. ശുദ്ധി പ്രസ്ഥാനത്തിലായിരുന്നു സാമൂഹ്യ പ്രവര്‍ത്തനം എന്ന വ്യാജേന അദ്ദേഹം വ്യാപരിച്ചിരുന്നത്. ബ്രിട്ടീഷ് വിരുദ്ധം എന്ന നിലയില്‍ നിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രപ്രമേയം ന്യൂനപക്ഷ വിരുദ്ധവും മുസ്ലിം വിരുദ്ധവും ആയി മാറി. മുസ്ലിംകളെയും ക്രിസ്ത്യാനികളേയും അവര്‍ ഒരിക്കല്‍ മതം മാറ്റപ്പെട്ട ഹിന്ദുക്കള്‍ ആയിരുന്നു എന്ന അടിസ്ഥാനത്തില്‍ ഹിന്ദുമതത്തിലേയ്ക്ക് തിരിച്ച് മതം മാറ്റുന്ന പ്രസ്ഥാനമായിരുന്നു ശുദ്ധി പ്രസ്ഥാനം. ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ്യം ജാതിവ്യവസ്ഥയിലായിരുന്നു എന്നത് ശുദ്ധി പ്രസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി. ഹിന്ദുമതത്തിലേയ്ക്ക് മതം മാറ്റപ്പെടുന്ന മുസ്ലിംകളെ എവിടെ കൊണ്ട് നിര്‍ത്തും? ബ്രാഹ്മണരായോ? ശൂദ്രരായോ? അതോ പഞ്ചമരായോ?
ജാതിവ്യവസ്ഥയ്ക്കപ്പുറം മതവ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് സവര്‍ക്കറുടേയും ഹിന്ദുത്വയുടേയും അത്യാവശ്യമാകുന്നത് അങ്ങനെയാണ്. മാത്രമല്ല, മഹാത്മാ ഫൂലേയുടെ സത്യശോധക സമാജം പോലുള്ള പ്രസ്ഥാനങ്ങള്‍ ബ്രാഹ്മണിസത്തെ ചോദ്യം ചെയ്ത് ഒരു സാമൂഹ്യശക്തിയായി തീര്‍ന്നിരുന്നു. ബ്രാഹ്മണിസം തകരാതിരിക്കണമെങ്കില്‍ ബ്രാഹ്മണര്‍ ഐക്യപ്പെടുകയും ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമതത്തിനുള്ളിലെ അവര്‍ണരുമായി ഏതെങ്കിലും തരത്തില്‍ ബ്രാഹ്മണരെ ബന്ധിപ്പിക്കുകയും വേണം. അതിന് വേണ്ടി അവര്‍ണര്‍ ഉപയോഗിച്ച അതേ ആയുധം തന്നെ ഉപയോഗിക്കാന്‍ സവര്‍ക്കര്‍ തീരുമാനിച്ചു. അങ്ങനെയാണ് ഹിന്ദു സംഘടന്‍ പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിലുള്ള പന്തിഭോജനവും അദ്ദേഹം തുടങ്ങിവെയ്ക്കുന്നത്
ഇക്കാലത്താണ് ദീനാനാഥ് മങ്കേഷ്‌ക്കറുടെ കുടുംബവുമായി സവര്‍ക്കര്‍ സമ്പര്‍ക്കത്തിലാകുന്നത്. കരാട് ബ്രാഹ്മണരായിരുന്നു മങ്കേഷ്‌ക്കര്‍ കുടുംബം. ചിത്പാവന്‍ ബ്രാഹ്മണന്‍ ആയിരുന്നു സവര്‍ക്കര്‍. മഹാരാഷ്ട്രയിലെ ബ്രാഹ്മണസമുദായത്തിന്റെ 20% മാത്രമായിരുന്നു ചിത്പാവന്‍ ബ്രാഹ്മണരെങ്കിലും ശിവജിയുടെ കാലം മുതല്‍ അവര്‍ക്ക് സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും മുന്‍ഗണന ലഭിച്ചിരുന്നു. ശിവാജിയുടെ മന്ത്രിമാരായിരുന്ന പേഷ്വാമാര്‍ ചിത്പാവനുകള്‍ ആയിരുന്നു. കാലാന്തരത്തില്‍ രാജഭരണം പേഷ്വാ മാരുടെ കൈയ്യിലായതോടെ ചിത്പാവനകളുടെ സുവര്‍ണയുഗം ആരംഭിച്ചു. കൊങ്കണ്‍ പ്രദേശത്തുനിന്ന് അവര്‍ പൂനെയിലേയ്ക്കും മറാത്ത പ്രവിശ്യയിലെ മറ്റിടങ്ങളിലേയ്ക്കും വ്യാപിച്ചു. അവര്‍ക്ക് സ്വത്തുക്കള്‍ പതിച്ചു കിട്ടി. ഒപ്പം ഉദ്യോഗങ്ങളിലെ സിംഹഭാഗവും. മാത്രമല്ല, നേരിട്ട് രാജ്യഭരണം കൈയ്യാളുന്ന ബ്രാഹ്മണര്‍ ആയി അവര്‍ മാറി. അത് മറ്റ് ബ്രാഹ്മണ സമുദായങ്ങളില്‍ അസൂയ ജനിപ്പിച്ചു. പ്രത്യേകിച്ച് ദേശസ്ഥ ബ്രാഹ്മണരും ചിത്പാവന്‍ ബ്രാഹ്മണരും കരാട് ബ്രാഹ്മണരും തമ്മിലുള്ള മൂപ്പിളമ തര്‍ക്കങ്ങളിലേയ്ക്ക് അത് മാറി.

1818 ല്‍ ശനിവാര്‍വാഡ യുദ്ധത്തില്‍ പേഷ്വാമാര്‍ പരാജയപ്പെട്ടതോടെ ചിത്പാവന്‍ ബ്രാഹ്മണരുടെ രാജ്യഭാരം അവസാനിച്ചു. ഇത് ബ്രിട്ടീഷുകാര്‍ക്കെതിരായി നില്‍ക്കാന്‍ ഒരു വിഭാഗം ചിത്പാവന്‍ ബ്രാഹ്മണരുടെ ഊര്‍ജമായി. തങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സാമ്രാജ്യം തിരിച്ചുപിടിക്കുക എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ അവരെ നയിച്ച ആവേശം. തിലക് അതിനെ രാഷ്ട്രീയമായി പരിവര്‍ത്തിപ്പിക്കാന്‍ ഒരു പരിധി വരെ ശ്രമിച്ചെങ്കിലും തിലകിന്റെ ശിഷ്യരായി വന്ന സവര്‍ക്കറും കൂട്ടരും തങ്ങളുടെ ബ്രാഹ്മണിസത്തെ വികസിപ്പിച്ചുണ്ടാക്കിയ ഹിന്ദുത്വ എന്ന പരികല്പനയിലേക്ക് അതിനെ മാറ്റിയെടുത്തു. സാമൂഹ്യമായി തിലകും നിലകൊണ്ടത് ബ്രാഹ്മണരുടെ ആധുനികമായ ഉത്ക്കര്‍ഷത്തിന് വേണ്ടിയായിരുന്നു. അതുകൊണ്ട് വിവിധ മറാത്താ ബ്രാഹ്മണ സമുദായങ്ങള്‍ക്കിടയിലേയ്ക്കാണ് പന്തിഭോജനം എന്ന ആശയം ആദ്യമായി തിലക് കൊണ്ടുവന്നത്. ദേശസ്ഥ, ചിത്പാവന്‍, കരാട്, സാരസ്വത്, ഗൗഡസാരസ്വത് ബ്രാഹ്മണര്‍ക്കിടയില്‍ പന്തിഭോജനം നടത്തി ഐക്യമുറപ്പിക്കാന്‍ തിലക് ആഹ്വാനം ചെയ്യുന്നത് അങ്ങനെയാണ്
സവര്‍ക്കര്‍ രത്‌നഗിരിയില്‍ അതിനെ മറ്റ് ജനവിഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. പുറമേയ്ക്ക് വിപ്ലവകരമായി തോന്നുന്ന ആശയത്തിലൂടെ മുഴുവന്‍ ജാതികളിലും ബ്രാഹ്മണിസത്തിന്റെ തുടര്‍ച്ച ഉറപ്പിക്കുന്ന ഒരു ഹിന്ദുമത നിര്‍മാണമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത് മനസ്സിലാക്കാത്ത ജാതിവാദികള്‍ മാത്രമായിരുന്ന യാഥാസ്ഥിതിക ബ്രാഹ്മണര്‍ സവര്‍ക്കറെ എതിര്‍ക്കുകയും ചെയ്തു. വലിയ തോതിലുള്ള ബ്രാഹ്മണിസം മറച്ചുവെച്ച അജണ്ടയാക്കി അതിനെ മുന്‍നിര്‍ത്തിയുള്ള പന്തിഭോജനങ്ങളിലേയ്ക്ക് 5 വയസ്സുള്ള ലതാ മങ്കേഷ്‌ക്കറെ സവര്‍ക്കര്‍ കൊണ്ടുപോയി. ലത പില്‍ക്കാലത്ത് ദൂരദര്‍ശന്‍ സഹ്യാദ്രിയ്ക്ക് നല്‍കിയ ഒരു അഭിമുഖ സംഭാഷണത്തില്‍ അത് ഓര്‍മിച്ചെടുക്കുന്നത് ഇങ്ങനെ:
‘‘എന്റെ അച്ഛന്‍ ഒരു ഹരിജന്‍ പ്രവിശ്യയിലേയ്ക്ക് പോകാനൊരുങ്ങിയപ്പോള്‍ എനിക്കും അദ്ദേഹത്തോടൊപ്പം പോകണമെന്ന് തോന്നി. പോകരുതെന്ന് അമ്മ എന്നെ ഉപദേശിച്ചു. ഹരിജന്‍ പ്രവിശ്യയില്‍ താത്യ (സവര്‍ക്കര്‍ ) ഒരു പന്തിഭോജനം സംഘടിപ്പിക്കുന്നുണ്ടെന്ന് അച്ഛന്‍ പറഞ്ഞു. അക്കാലത്ത് വ്യത്യസ്ത ജാതിയിലുള്ളവര്‍ ചേര്‍ന്നുള്ള പന്തിഭോജനം വലിയ കാര്യമായിരുന്നു. അങ്ങനെയാണ് എന്നെ ആദ്യമായി അച്ഛന്‍ താത്യയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.’’
പൂന യൂണിവേഴ്‌സിറ്റി സവര്‍ക്കര്‍ ചെയര്‍ അദ്ദേഹം ജീവിച്ചിരിക്കേ തന്നെ ആരംഭിച്ചതിനെപ്പറ്റിയും അഭിമാനപൂര്‍വ്വം ലത പറയുന്നുണ്ട്. അതിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അനാരോഗ്യം മൂലം സവര്‍ക്കര്‍ക്ക് കഴിയാതിരുന്നതും. ഈ ബന്ധം തന്റെ ജീവിതത്തിലുടനീളം ലതാ മങ്കേഷ്‌ക്കര്‍ വെച്ചു പുലര്‍ത്തിയിരുന്നു. സവര്‍ക്കറുടെ ഗാനങ്ങളുടെ ആല്‍ബം തന്റെ മാസ്മരിക ശബ്ദം നിറച്ച് പ്രകാശിപ്പിക്കാന്‍ ലത തുനിഞ്ഞതും ഈ ഗാഢബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.
എണ്‍പതാം പിറന്നാളു മുതല്‍ സവര്‍ക്കറുടെ ആരോഗ്യം കാര്യമായി ക്ഷയിക്കാന്‍ തുടങ്ങി. ഗാന്ധി വധത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് പുനരന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കപൂര്‍ കമീഷന്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തന്റെ സെക്രട്ടറിയായിരുന്ന വിഷ്ണു ഡാംലേയേയും സംരക്ഷകന്‍ ആയിരുന്ന അപ്പാ രാമചന്ദ്ര കസാറിനേയും കമീഷന്‍ ചോദ്യം ചെയ്തത് സവര്‍ക്കറെ വ്യാകുലപ്പെടുത്തി. അത് ആരോഗ്യം കൂടുതല്‍ ക്ഷയിപ്പിച്ചു. തന്റെ സമയം ഏകാന്തതയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം മങ്കേഷ്‌ക്കര്‍ കുടുംബത്തെ അറിയിച്ചു. ലതയും ഹൃദയനാഥും അവരുടെ അമ്മയായ മായ് എന്ന ശെവന്തിയും സവര്‍ക്കര്‍ സദനത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. മായ് അദ്ദേഹത്തിനുവേണ്ടി പാചകം ചെയ്യുന്ന പുലാവ് സവര്‍ക്കര്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു.

അക്കാലത്ത് ലതാ മങ്കേഷ്‌ക്കര്‍ അത്യാവശ്യം പ്രസിദ്ധയായി കഴിഞ്ഞിരുന്നു. എങ്കിലും താത്യാ അത്രയും സമാരാധ്യനായി ആ മനസ്സില്‍ തുടര്‍ന്നു, ഗാന്ധിവധത്തിന്റെ കറ സവര്‍ക്കറില്‍ പറ്റിയിട്ടു പോലും. അക്കാലത്തെ ഒരു സംഭവം കണ്ണീരോടെ ലത ഓര്‍ത്തെടുക്കുന്നുണ്ട്. പാട്ടു പാടുന്നത് നിര്‍ത്താന്‍ പോകുന്നുവെന്നും സവര്‍ക്കര്‍ക്കൊപ്പം രാജ്യത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം തടഞ്ഞു. ഒരു പാട്ടുകാരി എന്ന നിലയില്‍ സമ്പൂര്‍ണമായി അര്‍പ്പിക്കാന്‍ കഴിയുകയാണെങ്കില്‍ അത് തന്നെ ഒരര്‍ത്ഥത്തില്‍ രാഷ്ട്ര സേവനമാണെന്ന് അദ്ദേഹം വ്യക്തമാക്കി തന്നു. താന്‍ ഗായികയായി തുടരാന്‍ കാരണമായത് ആ ഉപദേശം കൊണ്ടാണെന്നും.
സവര്‍ക്കര്‍ ഈ ഉപദേശം കൊടുത്തതിന്റെ പിന്നിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യം പ്രവര്‍ത്തിക്കുന്നതായി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലാദ്യമായി സിനിമയുണ്ടാകുന്നത് മറാത്താ പ്രവിശ്യയിലാണ്. തിലകന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ മറ്റൊരു ചിത്പാവന്‍ ബ്രാഹ്മണന്‍ ആയ ദാദാസാഹേബ് ഫാല്‍ക്കേ ആണ് ഇന്ത്യയിലെ ആദ്യ നിശ്ശബ്ദ സിനിമ രാജാ ഹരിശ്ചന്ദ്ര നിര്‍മ്മിക്കുന്നത്. തിലകിന്റെ സ്വദേശി പ്രസ്ഥാനത്തിന്റെ ആശയപ്രകാരമാണ് അത് നിര്‍മിക്കപ്പെടുന്നത്. അതിന് വേണ്ട ഫണ്ട് കണ്ടെത്തുന്നതും തിലകിന്റെ മുന്‍ കൈയ്യിലാണ്. നിശ്ശബ്ദ സിനിമയുടെ കാലഘട്ടത്തില്‍ അനേകം ഹിന്ദു പുരാണ കഥകള്‍ സിനിമയായി. ഏതാണ്ട് ആ മാതൃക ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും സിനിമാ വ്യവസായത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. അന്ന് ഇന്ത്യയിലായിരുന്ന ലാഹോറിനെ കേന്ദ്രീകരിച്ചാണ് ഹിന്ദു പുരാണേതരമായ ഒരു സിനിമ ഉടലെടുത്തത്. എന്നാല്‍ ശബ്ദസിനിമ വന്നതോടു കൂടി മുസ്ലിംകൾക്ക് ബോളിവുഡില്‍ വലിയ സ്ഥാനം ലഭിച്ചു തുടങ്ങി. പ്രമേയങ്ങള്‍ മാറി. ഗാനങ്ങളിലും രചനയിലും ഉര്‍ദ്ദു സ്വാധീനം വര്‍ദ്ധിച്ചു. ലാഹോറില്‍ നിന്ന് നിരവധി കലാകാരര്‍ ബോളിവുഡിലേയ്ക്ക് ചേക്കേറി. അക്കാലത്തെ ഹിന്ദുത്വ വാദികള്‍ ബോംബെ സിനിമാ വ്യവസായത്തെ ഉത്കണ്ഠയോടു കൂടിയാണ് ഉറ്റുനോക്കിയിരുന്നത്. ഹിന്ദു പുരാണ കഥാപാത്രങ്ങളെ അന്യമതസ്ഥര്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തും ഉര്‍ദുവിന്റെ പിടിയില്‍ നിന്ന് ഹിന്ദി സിനിമയെ രക്ഷിക്കാന്‍ ആവര്യപ്പെട്ടും നിരവധി ലേഖനങ്ങള്‍ വരുന്നത് അക്കാലത്താണ്.
ലത ബോളിവുഡില്‍ സ്ഥാനമുറപ്പിച്ചതോടെ സുരയ്യ, ഷംഷാദ് ബീഗം തുടങ്ങിയ മുസ്ലിം പാട്ടുകാരികള്‍ പതുക്കെ പതുക്കെ നിഷ്‌ക്രമണം ചെയ്യുകയുണ്ടായി. ഒരു ബ്രാഹ്മണ യുവതിയുടെ രംഗപ്രവേശം ബോളിവുഡ്ഡിലെ മുസ്ലിം സാന്നിദ്ധ്യത്തില്‍ അസഹിഷ്ണുത പൂണ്ട തലതൊട്ടപ്പന്മാര്‍ക്ക് അളവറ്റ ആശ്വാസം നല്‍കിയിരിക്കണം. ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന കാലത്ത് ഇന്ത്യന്‍ പട്ടാളത്തിലെ മുസ്ലിം പ്രാമുഖ്യം കണ്ട് ഭയക്കുകയും അത് പരിഹരിക്കാനായി ഹിന്ദുക്കളോട് പട്ടാളത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ആളായിരുന്നല്ലോ സവര്‍ക്കര്‍. അത് നടപ്പിലാക്കാന്‍ അദ്ദേഹം ബി.എസ്. മൂഞ്‌ജേയെപ്പോലുള്ള ഹിന്ദു മഹാസഭ / ആര്‍.എസ്.എസ്. നേതാക്കളെക്കൊണ്ട് സൈനിക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും അതിലേയ്ക്ക് ഹിന്ദു യുവാക്കളെ ആകര്‍ഷിക്കാന്‍ വലിയ പ്രചാരണ പരിപാടി ആവിഷ്‌ക്കരിക്കുകയും ചെയ്തു. ഏതാണ്ടതേ മട്ടില്‍ സംസ്‌ക്കാരത്തിലും ഹിന്ദുവൽക്കരണം അദ്ദേഹത്തിന്റെയും ഹിന്ദുത്വവാദികളുടേയും അജണ്ടയായിരുന്നു. തോക്കിനോട് താരതമ്യപ്പെടുത്തുമ്പോള്‍ തൂലിക നിസ്സാരമാണ് എന്നവര്‍ വിചാരിച്ചിരുന്നെങ്കിലും.
സവര്‍ക്കറോടും ഒരു പരിധി വരെ സവര്‍ക്കറിസത്തോടും മൃദുസമീപനം സ്വീകരിച്ചിരുന്നുവെങ്കിലും ലതയുടെ സിനിമാ പ്രവേശത്തിന്റെ വിജയം ഹിന്ദുത്വ വാദികള്‍ സ്വാഗതം ചെയ്തുവെങ്കിലും അവിടെ അവരെ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു. ബ്രാഹ്മണ പ്രാധാന്യമുള്ള നാടകസംഘങ്ങളില്‍ നിന്നും സമ്പര്‍ക്കങ്ങളില്‍ നിന്നും സ്വരൂപിച്ച തന്റെ കലാസ്വത്വത്തെ ലതയ്ക്ക് വികസിപ്പിക്കേണ്ടി വന്നു. ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്റേയും മുഗളന്റെ മുസ്ലീം സാമ്രാജ്യത്തിന്റേയും ഓര്‍മ്മകളില്‍ കുടുങ്ങിക്കിടക്കാനുള്ളതല്ല തന്റെ ജീവിതം എന്നവര്‍ മനസ്സിലാക്കി. ഹിന്ദുത്വയുടെ പാഠശാലയുടെ ഉറുദുവിരുദ്ധയെ ദൂരെയെറിഞ്ഞ് അവര്‍ ഗസലുകളും കവ്വാലികളും പഠിച്ചു. പാടി. വൈവിധ്യമാര്‍ന്ന ആ ഗാനങ്ങള്‍ സവര്‍ക്കര്‍ സ്വന്തം കൈകളാല്‍ മെനഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയില്‍ തളഞ്ഞു പോകുന്നതില്‍ നിന്ന് അവരെ രക്ഷിച്ചു. ഗാനങ്ങള്‍ അവരെ വ്യാപിപ്പിച്ചു. ഇന്ത്യയുടെ വിവിധ പ്രവിശ്യകളിലൂടെ ഒഴുകുന്ന നദികള്‍ പോലെ ഒരേ സമയം സ്വാഭാവികവും അത്ഭുതവുമായി പടര്‍ന്നു, ആ സ്വരം.

അതിന് അവര്‍ ആരോടാണ് കടപ്പെട്ടിരിക്കുന്നത്? അങ്ങനെ ഒരു നന്ദി അവര്‍ പറയേണ്ടതുണ്ടെങ്കില്‍ അത് നെഹ്‌റു യുഗത്തോടാണ്. കാരണം ബോളിവുഡിനെ, സിനിമയെത്തന്നെ മതേതരമായ ഒരിടമാക്കി മാറ്റിയത് നെഹ്‌റു യുഗമാണ്. ആ മതേതര ഇടം സ്വാഭാവികമായി കൊണ്ടുവരുന്ന ബഹുലമായ ശബ്ദപ്രപഞ്ചത്തിലാണ് ആ സ്വരം സ്വതന്ത്രമായി സഞ്ചരിച്ചത്. ബ്രാഹ്മണസ്വത്വത്തില്‍ നിന്ന് മുക്തമായത്. നായികമാരില്‍ നിന്ന് നായികമാരിലേയ്ക്ക്, കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേയ്ക്ക് ആ സ്വരത്തീ വ്യാപിച്ചു. ആ കഥാപാത്രങ്ങള്‍ പലതായിരുന്നു. ഹിന്ദുവും മുസ്ലിമും പാഴ്‌സിയും രാജകുമാരിയും നിസ്വയും പ്രണയിയും വിരഹിയും ദേവതയും ശാപഗ്രസ്തയും എല്ലാം. നര്‍ഗീസ് എന്നും മീനാകുമാരി എന്നും ഹേമമാലിനി എന്നും രേഖ എന്നും ജയഭാരതി എന്നും അമല എന്നും സീനത്ത് അമന്‍ എന്നും സറീന വഹാബ് എന്നും നിരവധി പേരുകളില്‍ അഭിനേത്രികളുടെ ഉടലുകള്‍ അവര്‍ക്ക് മുന്നില്‍ വന്നു നിന്നു. ഓരോ ഉടലിനേയും ഗാനത്തിന്റെ ചാലകമാക്കി അവര്‍ മാറ്റി.
നെഹ്‌റുയുഗത്തിന് നന്ദി; അല്ലെങ്കില്‍ സവര്‍ക്കറുടെ ഏങ്കോണിച്ച സാംസ്‌കാരിക ഫാസിസ യുക്തിയില്‍ അവര്‍ കുടുങ്ങിപ്പോയേനെ.
എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയം തിരിച്ച് ലതയുടെ രക്ഷാകര്‍ത്തൃത്വം എപ്പോഴും ഏറ്റെടുക്കാന്‍ തയ്യാറായി നിന്നിരുന്നു. വാജ്‌പേയ് ഗവണ്മെൻറാണ് ലതയ്ക്ക് ഭാരതരത്‌നം നല്‍കിയത്. ഇപ്പോള്‍ ലത വിട പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: ‘സിനിമ കഴിഞ്ഞാല്‍ ഇന്ത്യ എന്ന വികാരത്തോടായിരുന്നു അവരുടെ അഭിനിവേശം. രാജ്യത്തിന്റെ കരുത്തിലും വികസനത്തിലും അതീവ തത്പരയായിരുന്നു.’ എന്നുപറഞ്ഞാല്‍ സവര്‍ക്കര്‍ വേണ്ട എന്നുപറഞ്ഞ് അലസിപ്പിച്ചു കളഞ്ഞ ലതയിലെ അവ്യക്ത രാഷ്ട്രീയത്തെ സുവ്യക്തമാക്കി രേഖപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു മോദി.അതോടൊപ്പം നെഹ്‌റുവിയന്‍ രാഷ്ട്രീയത്തിന്റെ ആധുനിക പരിസരത്ത് നിന്നും കരുത്തുറ്റ, മസില്‍ പെരുപ്പിച്ച ഒരു രാഷ്ട്രസ്വത്വത്തെ പകരം വെയ്ക്കാനുള്ള ശ്രമവും. ലതക്കുമേല്‍ ഹിന്ദുത്വ രാഷ്ട്രീയം എടുക്കാന്‍ ശ്രമിക്കുന്ന രക്ഷാകര്‍ത്തൃത്വത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഷാറൂഖ് ഖാനുനേരെയുള്ള അവഹേളനം. നെഹ്‌റു യുഗത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം വികാസം പ്രാപിക്കാന്‍ കഴിയുന്ന ലതയുടെ ആ സ്വരമാതൃകയില്‍ നിന്ന്സവര്ക്കറോട് വിനയാന്വിതയായ വ്യക്തിസ്വത്വത്തെ അഴിച്ചെടുക്കാനാണ് ഹിന്ദുത്വവാദികള്‍ എപ്പോഴും ശ്രമിച്ചിരുന്നത്. ഇപ്പോള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന സവര്‍ക്കര്‍ സ്മൃതികളില്‍ തിളങ്ങുന്ന ഒരു രത്‌നമായി ലതയെ വിളക്കിച്ചേര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. കലാകാരിയായ ലതയില്‍ നിന്ന് മറാത്തി കരാട് ബ്രാഹ്മണ സ്വത്വത്തെ വേര്‍തിരിച്ച് ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമം; അതോടൊപ്പം സ്വതന്ത്ര ഇന്ത്യയുടെ കലയുടെ ഉറവിടവും ആസ്വാദനവും ഒരു പക്ഷെ വ്യാപകമായ മട്ടില്‍ മതേതരമായത് നെഹ്‌റുവിയന്‍ യുഗത്തിലായിരുന്നു എന്ന വസ്തുത മറയ്ക്കാനും.
അതിനാല്‍ എം.എസ്.സുബ്ബലക്ഷ്മിയെ കലയില്‍ നിര്‍ണയിച്ചത് ഗാന്ധിയായിരുന്നെങ്കില്‍ പിന്നാലെ വന്ന ലതാ മങ്കേഷ്‌ക്കറെ നിശ്ചയിച്ചത് നെഹ്‌റുവാണ്, നെഹ്‌റു യുഗം ആണ്. സവര്‍ക്കര്‍ ആയിരുന്നു ഒരു ഘട്ടം വരെ വ്യക്തിജീവിതത്തില്‍ അവരുടെ മാതൃകയെങ്കിലും.
ഇന്ത്യാചരിത്രത്തിലെ ദുരാത്മാവാണ് സവര്‍ക്കറെങ്കിലും പാട്ടു നിര്‍ത്തി രാഷ്ട്ര സേവനം മുഖ്യകര്‍മമായി സ്വീകരിക്കുന്നതില്‍ നിന്ന് ലതാ മങ്കേഷ്‌ക്കറെ തടഞ്ഞ കാര്യത്തില്‍ നാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ആ വാനമ്പാടി കൂടി വന്നാല്‍ മറ്റൊരു ദീപിക ചിക്ലിയയോ സ്മൃതി ഇറാനിയോ ആയി അസ്തമിച്ചേനെ. നെഹ്‌റു യുഗത്തിന്റെ ദീപ്തി, ജാതിമതങ്ങള്‍ക്കതീതമായി അവരുടെ സ്വരജാലികയെ ഏറ്റെടുക്കാന്‍, ഇന്ത്യയുടെ ബഹുലതയെ പ്രേരിപ്പിച്ചു. ആ ബഹുലതയാണ് കഴിഞ്ഞ ദിവസം അവരുടെ സ്മരണക്കുമുന്നില്‍ മുട്ടുകുത്തിയത്.
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
രശ്മി സതീഷ്
Jan 11, 2023
3 Minutes Read
എസ്. ശാരദക്കുട്ടി
Jan 10, 2023
3 minute read
മഞ്ചി ചാരുത
Jan 04, 2023
3 Minutes Read
hassankoya c. k
21 Feb 2022, 11:01 AM
gambheeramaya lekhanam. valare vyathyasthamaya vilayiruthal