ഹോമിയോയ്ക്ക് ചൂട്ട് പിടിക്കുന്നത് ഇടതുസർക്കാരിന് അഭിലഷണീയമല്ല

ലോകത്ത് ഒരിടത്തു പോലും ഹോമിയോ മരുന്നുകൾ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നില്ല. പുരോഗമന - ശാസ്ത്രീയ കാഴ്ചപ്പാടുളള ഒരു സർക്കാരിനും ഹോമിയോവിന്റെ അശാസ്ത്രീയവും വിശ്വാസ ചികിത്സയിൽ മാത്രം അധിഷ്ഠിതവുമായ പദ്ധതികൾ അംഗീകരിക്കാനാവില്ല എന്നതുകൊണ്ടു മാത്രമല്ല അങ്ങിനെ സംഭവിക്കുന്നത്. കോവിഡിന് ഈ വസ്തു പ്രതിരോധം ചമയ്ക്കും എന്ന് ആധികാരികമായി ഒരിടത്തും തെളിയിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടു കൂടിയാണത്. കോവിഡ് ഹോമിയോ പ്രതിരോധമരുന്നായ ആഴ്‌സനിക് ആൽബത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട്, കാവിഡിനുള്ള ഫലപ്രദമായ പ്രതിരോധമാർഗമാണ് ഹോമിയോ ഗുളികകളെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇടതുസർക്കാറിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എം. മുരളീധരൻ എഴുതുന്നു.

സാക്കിന്റെ ഇതിഹാസത്തിൽ അലിയാരുടെ ചായക്കടയിലിരുന്ന് രവിയെ സാമൂഹികമായി താഴ്ത്തി കെട്ടാൻ നടന്ന ആദ്യ കാലശ്രമങ്ങളിലൊന്നിൽ രവിയുടെ അച്ഛൻ ഡോക്ടറാണെന്ന് പറയുന്നത് അംഗീകരിക്കാനാവാതെ ആരോ പുച്ഛത്തിൽ പറയുന്നുണ്ട്: ഒരു വേള ഹോമാവതി ആകലാം. അപ്പോൾ തന്നെ അതിന് മൊല്ലാക്ക മറു ഭാഷ്യം കൂടി ചമയ്ക്കുന്നുണ്ട് : ജഗജില്ലിപ്പെരട്ട്. സമൂഹം ഹോമിയോപ്പതിയെ എങ്ങിനെ കാണുന്നു എന്നതിന്റെ മികച്ച സാക്ഷ്യപത്രമായി മാറുന്നുണ്ട് ഇതിഹാസത്തിലെ ഈ രംഗം .

Scientific temper എന്ന പദം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ഉൾച്ചേർക്കപ്പെട്ട ലോകത്തിലെ ഒരേ ഒരു ഭരണഘടനയുള്ള രാജ്യത്ത് ഏറ്റവും അശാസ്ത്രീയവും ഗർഹണീയവുമായ ഒരു പ്രവർത്തനം നടക്കുന്നു എന്ന വസ്തുത പൊതുസമൂഹം അതിന്റെ ഗാഢമായ അർത്ഥത്തിൽ മനസ്സിലാക്കുന്നില്ലേ എന്ന് അമ്പരക്കുകയാണ് സാമൂഹിക ആരോഗ്യ പ്രവർത്തകർ. അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ "ഹോമിയോ വസ്തു'വായ
Arsenicum album 30C വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യപ്പെടുന്നത് പല തരത്തിൽ അപലപനീയമാണെന്നു പറയാതെ വയ്യ. തികച്ചും ശാസ്ത്ര വിരുദ്ധവും പിന്തിരിപ്പനും പുരോഗമന കാഴ്ചപ്പാടുകൾക്ക് മുഖം തിരിച്ചു നിൽക്കുന്നതുമായ ഒരു ഇടപെടലിന്, തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ചൂട്ടുപിടിക്കുന്നതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും, യുക്തിവാദി സംഘടനയും, ഐ.എം.എ.യും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സുമടക്കമുള്ള സംഘടനകൾ രംഗത്ത് വന്നത് ശാസ്ത്രത്തിനും പുരോഗമനത്തിനും വേണ്ടി ആണയിടുന്ന ഒരു ഇടതുപക്ഷ സർക്കാറിന് ഒട്ടും അഭിലഷണീയമല്ലതന്നെ.

ലോകത്ത് ഒരിടത്തു പോലും ഹോമിയോ മരുന്നുകൾ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നില്ല. പുരോഗമന - ശാസ്ത്രീയ കാഴ്ചപ്പാടുളള ഒരു സർക്കാരിനും ഹോമിയോവിന്റെ അശാസ്ത്രീയവും വിശ്വാസ ചികിത്സയിൽ മാത്രം അധിഷ്ഠിതവുമായ പദ്ധതികൾ അംഗീകരിക്കാനാവില്ല എന്നതുകൊണ്ടു മാത്രമല്ല അങ്ങിനെ സംഭവിക്കുന്നത്. കോവിഡിന് ഈ വസ്തു പ്രതിരോധം ചമയ്ക്കും എന്ന് ആധികാരികമായി ഒരിടത്തും തെളിയിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടു കൂടിയാണത്. കേരളത്തിൽ പത്തനംതിട്ടയിൽ നടന്ന ഒരു പഠനത്തിൽ രക്തത്തിൽ കുറച്ച് പ്രതിരോധ വസ്തുക്കൾ കൂടുന്നു എന്നാണ് അവർക്ക് ആകെക്കൂടി മുന്നോട്ടു വെക്കാനായത്. പക്ഷേ ആ പഠനം പോലും തികച്ചും അശാസ്ത്രീയവും ലോകാരോഗ്യ സംഘടന, വഴി കാണിക്കുന്ന പഠന രീതികളുടെ തികഞ്ഞ നിഷേധവുമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ആ പഠനത്തിന്റെ സാംഗത്യവും തകർന്നു പോയി. ലോകത്ത് മറ്റ് നാടുകളിലെ ജനങ്ങൾക്കെല്ലാം ഈ വസ്തു അനഭിലഷണീയമായതെന്തുകൊണ്ടാണെന്ന കാര്യത്തിലും ആധികാരികമായ ഒരു പഠനമെങ്കിലുമുണ്ടോ എന്ന കാര്യത്തിലും ഹോമിയോക്കാർ നിശ്ശബ്ദരാണ്. അതിനെക്കാളൊക്കെ ഗുരുതരമായ അവസ്ഥയാണ് വിദ്യാർത്ഥികൾക്ക് AA30 നൽകുമ്പോൾ സംഭവിക്കുന്നത്.

കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ ഇതുവരെ ഒരു അവസാന തീരുമാനമുണ്ടാവാത്തത് അവയുടെ പഠനങ്ങൾ പൂർത്തീകരിക്കപ്പെടാത്തതു കൊണ്ടും, അവക്ക് വളരെ അപൂർവമായെങ്കിലും ദോഷവശങ്ങൾ ഉണ്ടാവുമോ എന്ന ചർച്ചകൾ പല തലത്തിൽ പുരോഗമിക്കുന്നതു കൊണ്ടുമാണ്. വാക്സിനെ കുറിച്ചുള്ള സമീപനങളിൽ സർക്കാർ നിലപാടുകൾ ശാസ്ത്രസമിതികൾ തള്ളിക്കളയുന്നതും, ശാസ്ത്രസമിതികളുടെ കാഴ്ചപ്പാടുകൾക്കെതിരെ പുതിയ വാദമുഖങ്ങളുമായി മറ്റു ശാസ്ത്രജ്ഞർ രംഗപ്രവേശനം ചെയ്യുന്നതുമൊക്കെ കുട്ടികളുടെ കാര്യം നമ്മുടെ സമൂഹവും ശാസ്ത്ര സമിതികളും അത്രമാത്രം സൂക്ഷ്മതയോടെയും ശാസ്ത്രീയവുമായാണ് വ്യവഹരിക്കുന്നത് എന്ന വസ്തുത ക്കാണ് അടിവരയിടുന്നത്. പക്ഷേ, ഇവിടെയിതാ ഒരു പഠനവും ഗവേഷണവുമില്ലാതെ നമ്മുടെ ഭാവി തലമുറയെ ആർസെനിക്കം തീറ്റിക്കാനുള്ള നിർദ്ദേശം വരുന്നു. അതിന് ഇടതുപക്ഷ സർക്കാർ അംഗീകാരം നൽകുന്നു. ശാസ്ത്ര സമൂഹവും പുരോഗമന സംഘടനകളും അമ്പരന്നു നിൽക്കുന്നു.

വളരെ നേർപ്പിച്ച് നൽകുന്ന ഹോമിയോവിലെ arsenicum ഒരു തരത്തിലുള്ള പ്രശ്നങ്ങളും സൃഷിടിക്കുകയില്ല എന്നൊക്കെ ഹോമിയോക്കാർ പറയുന്നുണ്ട്. പക്ഷേ എൻഡോസൾഫാനെ പോലെ തന്നെ ബയോ അക്യുമിലേഷന് സാദ്ധ്യതയുള്ളതും കടുത്ത cumulative toxicity ഉണ്ടാക്കുന്നതുമാണ് Ar എന്നത് സുവിദിതമാണെന്നിരിക്കേ നമ്മുടെ കുട്ടികളെ എത്രമാത്രം ഭീതിജനകമായ ഒരു അവസ്ഥയിലേക്കാണ് വീണ്ടുവിചാരമില്ലാതെ നാം തള്ളിയിടുന്നത് എന്ന വസ്തുത അങ്ങേയറ്റം ഖേദകരമാണ്. ഹോമിയോയുടെ അവസാന വാക്കായ മെറ്റീറിയ മെഡിക്കയിൽ പോലും നേർപ്പിച്ച ആർസെനിക്കത്തിന്റെ പാർശ്വഫലങ്ങൾ, ലക്ഷണങ്ങൾ എന്ന പേരിൽ ചർച്ച ചെയ്യുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വലിയ തോതിൽ AA30 C ഉണ്ടാക്കി ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ഏതെങ്കിലും ഒരിടത്തെങ്കിലും നിർഭാഗ്യവശാൽ വേണ്ട രീതിയിൽ നേർപ്പിക്കാതെ പോയാലുള്ള അത്യന്തം ഗുരുതരമായ അവസ്ഥ ചിന്തിക്കാൻ പോലുമാവാത്തതുമാണ്.

ഹാനിമാന്റെ കാലത്തെ (1955-1843) അലോപ്പതി എന്ന് അദ്ദേഹം വിളിച്ച പ്രാകൃത ചികിത്സക്കെതിരെയാണ് ഹാനിമാൻ രംഗത്ത് വന്നത്. ഒരു തത്വദീക്ഷയുമില്ലാതെ ഏറ്റവും പ്രാകൃതമായ രീതിയിൽ അണലി വിഷവും രക്തവുമൊക്കെ ചേർത്തുണ്ടാക്കുന്ന മരുന്നുകളും, വിരേചനവും രക്തമോക്ഷ (Blood letting) വുമൊക്കെ ആയിരുന്നു അക്കാലത്തെ അലോപ്പതിയിലെ ചികിത്സാവിധികൾ. ഇതു കണ്ട് ഹാനിമാൻ മരുന്നുകൾ ഏറ്റവും കുറച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് കണ്ടെത്തിയതാണ് ഹോമിയോപ്പതി. സിങ്കോണ കഴിച്ചപ്പോൾ വിറയലും ശരീര വേദനയുമുണ്ടായപ്പോൾ തന്റെ similia Similibus curenter (സമം സമേന ശാന്തി) എന്ന ആശയം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. യഥാർത്ഥത്തിൽ സിങ്കോണയിലെ ആൽക്കലോയ്ഡുകൾക്കെതിരെ അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രതിപ്രവർത്തനം മാത്രമായിരുന്നു അതെന്ന് പിന്നീട് നിരവധി പരീക്ഷണങൾ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്.

ഹോമിയോ തിയറി പറയുന്നതു പോലെയല്ല മറിച്ച് സിങ്കോണയിലെ ശക്തമായ ക്വിനൈൻ ആൽക്കലോയ്ഡാണ് മലേറിയയുടെ രോഗഹേതുക്കളായ പ്ലാസ്മോഡിയത്തെ നശിപ്പിച്ചത് എന്ന് അദ്ദേഹം അറിയാതെ പോയി.
മെറ്റീരിയ മെഡിക്കയൊക്കെ ആണയിടുന്ന വാട്ടർ മെമ്മറിയും, നേർപ്പിക്കുന്നതിന്റെ തത്വശാസ്ത്രവു (Dilution theory) മൊക്കെ നൂററാണ്ടുകൾ കഴിഞ്ഞിട്ടും ഹോമിയോക്കാർക്ക് തെളിയിക്കാനായിട്ടില്ല. ഇപ്പോൾ നാനോ പാർട്ടിക്കിൾ ശാസ്ത്രം കണ്ടെത്തിയപ്പോൾ അതുപയോഗിച്ചായി പ്രയോഗങ്ങൾ. നാനോ പാർട്ടിക്കിളുകൾ സൃഷ്ടിക്കാൻ കോടിക്കണക്കിന് വില വരുന്ന ഉപകരണങ്ങളും അതീവ മികച്ച ലാബുകളും ആവശ്യമുള്ളപ്പോൾ ചെറിയ കുലുക്കലുകൾ (Succusion) നടത്തിയാണ്, ശാന്തം പാവം, ഹോമിയോക്കാർ നാനോ പാർട്ടിക്കിളുകൾ സൃഷ്ടിക്കുന്നത്. കുറച്ചു കൂടി ശക്തിയായി കുലുക്കിയാൽ ലാർജ് ഹാഡ്രോൺ കൊളൈഡർ പരീക്ഷണത്തെ മറികടന്ന് ഗോഡ് പാർട്ടിക്കിളുകൾ ഉണ്ടാകും എന്നവർ പറയാത്തത് ഭാഗ്യം !.

ഒരു വസ്തു വെള്ളത്തിൽ അലിഞ്ഞാൽ ജലം അത് ഓർത്തു വെക്കും എന്നുള്ളതാണ് വാട്ടർ മെമ്മറി തിയറി. ജലത്തിന്റെ തലച്ചോർ ഹോമിയോക്കാർ ഇതുവരെ കണ്ടെത്തിയില്ലെങ്കിലും അടുത്തു തന്നെ അവരത് കണ്ടെത്തിയേക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരു വസ്തു വെള്ളമോ സ്പിരിട്ടോ ഉപയോഗിച്ച് കൂടുതൽ നേർപ്പിക്കുന്തോറും മരുന്നിന് ശക്തി കൂടും എന്നതാണ് Dilution തിയറി.. 12 C കഴിഞ്ഞാൽ മരുന്നിന്റെ ഒരു മോളിക്യൂളു പോലും ഇല്ലാത്ത അവസ്ഥയിൽ എങ്ങിനെയാണ് ചികിത്സ നടക്കുന്നത് എന്നോ രോഗം മാറുന്നതിന്റെ മെക്കാനിസമെന്താണെന്നോ അവർ പറയില്ല. ഒരു കുപ്പി മദ്യം കൊണ്ട് ലോകാവസാനം വരെ ലോക ജനതക്കു മുഴുവൻ ലഹരിയിലാറാടി നടക്കാനുള്ള വമ്പിച്ച സാദ്ധ്യതയാണ് അവർ മുന്നോട്ടു വെക്കുന്നത് എന്ന് തമാശയായെങ്കിലും പറയാറുണ്ട്. ഹോമിയോ ശരിയാണെങ്കിൽ ലോകത്തെ ഇന്ന് എല്ലാ രംഗത്തും മുന്നോട്ട് നയിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, ബയോളജി ശാഖകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും അവയെല്ലം വെറും വിഡ്ഢിത്തങ്ങളായി മാറുകയും ചെയ്യും. ന്യൂട്ടണും ഐൻസ്റ്റൈനും സ്റ്റീഫൻ ഹോക്കിങ്ങുമടക്കമുള്ള ജീനിയസ്സുകളാവട്ടെ വെറും മണ്ടൻമാരും. പുല്ലു പോലെ അവരുണ്ടാക്കുന്ന 30 c മരുന്നുകൾ സത്യത്തിൽ ഒരു അത്ഭുതമാണ്. ലോകത്തിലെ മുഴുവൻ ജലവും ഉപയോഗിച്ചാലും 30 c ഉണ്ടാക്കാനാവില്ല. ഒരു തുള്ളി മരുന്നിൽ 100 തുള്ളി വെള്ളം ചേർത്ത്, പിന്നീട് അതിൽ നിന്ന് ഒരു തുള്ളിയെടുത്ത് 100 തുള്ളി വെള്ളം ചേർത്ത്, അങ്ങിനെ 30 തവണ നേർപ്പിച്ചതാണ് 30 c മരുന്ന്. പണ്ട് ചതുരംഗ പലകക്ക് സമ്മാനം വാഗ്ദാനം ചെയ്ത് അമ്പരന്നുപോയ രാജാവിന്റെ കഥയാണ് ഓർമ്മ വരുന്നത്. ഒരു കളത്തിൽ ഒരു നെന്മണി, അടുത്ത കളത്തിൽ അതിന്റെ ഇരട്ടി. അങ്ങിനെ 64 കളങ്ങളിൽ നെന്മണി നിറയ്ക്കാനിറങ്ങിയ രാജാവ് നാട്ടിലെ എല്ലാ ധാന്യവും ഉപയോഗിച്ചാലും മതിയാവില്ല എന്ന് തിരിച്ചറിഞ്ഞ പഴയ കഥ.

അലോപ്പതി എന്ന് വിളിക്കപ്പെട്ട ആ ചികിത്സാ രീതിയിൽ നിന്ന് ശാസ്ത്രത്തിന്റെ ചിറകിലേറി എറ്റവും ആധുനികവും ശാസ്ത്രീയവുമായ ചികിത്സാ രീതിയായി ആധുനിക വൈദ്യശാസ്ത്രം ( Modern medicine ) രൂപാന്തരം കൊണ്ടത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും പുളകോദ്ഗാമിയായ കഥകളിലൊന്നാണ്. കണ്ടെത്തിയ വസ്തുതകളെ നിരന്തരമായി ചോദ്യം ചെയ്യാനും തെറ്റുകളെ നിഷ്കരുണം തിരുത്താനും, പുതിയ കണ്ടെത്തലുകളെ വീണ്ടും കർശനമായി വില യിരുത്താനും ആധുനിക വൈദ്യശാസ്ത്രം നിരന്തരമായി തുനിഞ്ഞു. ലോകത്ത് ശാസ്തത്തിന്റെ ഏതു ശാഖയിലുമുള്ള നൂതനവിജ്ഞാനത്തെയാകെ ആവേശത്തോടെ ഒപ്പം വിവേചനത്തോടെ ഉൾക്കൊണ്ടു.
ചികിത്സാ രംഗത്തെ ഇന്ന് കാണുന്ന അത്ഭുതകരവും ശാസ്ത്രീയവുമായ നേട്ടങ്ങൾ മുഴുവൻ ലോകത്തിന് സ്വായത്തമാവുന്നത് അങ്ങിനെയാണ്. മറിച്ച് ഹോമിയോ ആകട്ടെ നൂറ്റാണ്ടുകൾക്കപ്പുറത്ത് രോഗാണുവിനെക്കുറിച്ചോ അവ ശരീരത്തിലെ സെല്ലുകളിൽ പെരുമാറുന്നതിനെക്കുറിച്ചോ ലോകത്തിന് തികച്ചും അജ്ഞാതമായ കാലത്ത് ഒരു ശാസ്ത്രീയ പിൻബലവുമില്ലാതെ സ്വന്തം ഉൾവിളിയുടെ മാത്രം അടിസ്ഥാനത്തിൽ ഹാനിമാൻ രൂപം നൽകിയ ചികിത്സാ ശാസ്ത്രം അന്നു പറഞ്ഞതൊക്കെ എന്നും നൂറു ശതമാനം ശരി എന്ന മൂഢസ്വർഗ്ഗത്തിൽ ഇപ്പോഴും അഭിരമിക്കുകയാണ്!

Lancet - ഉം cochrane review വും അടക്കമുള്ള ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര പ്രസിദ്ധീകരണങ്ങളെല്ലാം വെറും ശൂന്യമരുന്നുകളാണ് (placebo) ഹോമിയോ എന്ന് അസന്നിഗ്ധ മായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ ഹോമിയോ മരുന്നുകൾക്ക് റി - ഇംബേഴ്‌മെന്റ് നിർത്തലാക്കിയതു പോലെ പല ലോക രാഷ്ടങ്ങളും പലതരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ചികിത്സാ രീതി കൂടിയാണ് ഹോമിയോ.

ഒരു തരി പോലും ശാസ്തീയ അടിസ്ഥാനമില്ലാത്തതും കുട്ടികളിൽ AA30 പരീക്ഷിച്ച ഒരു പഠനം പോലും ലോകത്തൊരിടത്തും ഇല്ലാത്തതുമായ,
തികച്ചും വിശ്വാസ ചികിത്സാ രീതി മാത്രമായ ഈ പ്രാകൃത ചികിത്സാ രീതിയെ പ്രോൽസാഹിപ്പിക്കാൻ തികച്ചും നിരുത്തരവാദപരമായ നടപടി സ്വീകരിച്ച കേരള സർക്കാറിന്റെ നയം അത്യന്തം അപലപനീയമാണ്. അതും പുരോഗമന ആശയങ്ങൾക്കും ശാസ്ത്രത്തിനു വേണ്ടി നിശ്ചയമായും നിലകൊള്ളേണ്ട ഒരു ഇടതുപക്ഷ സർക്കാർ.

എത്രയും വേഗം നമ്മുടെ നാളത്തെ തലമുറയെ ഈ കെടുതിയിൽ നിന്ന് ത്രാണനം ചെയ്യാനുള്ള സത്ബുദ്ധി കേരളത്തിന്റെ ഭരണാധികാരികൾക്കുണ്ടാവട്ടെ എന്നും കെമിസ്ട്രി ക്ലാസിൽ എഴുന്നേറ്റു നിന്ന് എങ്ങിനെയാണ് നേർപ്പിക്കുന്തോറും പൊട്ടൻസി കുടുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന വിദ്യാർത്ഥിയെ അഭിമുഖീകരിക്കുന്ന അവസ്ഥ ഒരു അദ്ധ്യാപകനും / അദ്ധ്യാപികക്കും ഉണ്ടാവാതെ പോവട്ടെ എന്നും ആഗ്രഹിച്ചുകൊണ്ട്.

Comments