truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
Lakshmi Padma

OPENER 2023

സൈബര്‍ സഖാക്കള്‍ക്കും
ഏഷ്യാനെറ്റിനുമിടയിലെ 2022

സൈബര്‍ സഖാക്കള്‍ക്കും ഏഷ്യാനെറ്റിനുമിടയിലെ 2022

‘‘16 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയവും തെറ്റില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകും എന്ന ആത്മവിശ്വാസവുമുള്ള എനിക്ക് ഒരുപാട് കാര്യങ്ങള്‍ വിലക്കപ്പെട്ട കനിയായിരുന്നു. എന്തിന് എന്നോടീ തൊട്ടുകൂടായ്മ എന്ന ചോദ്യം കഴിഞ്ഞ എട്ടു കൊല്ലവും ഞാനെന്റെ എഡിറ്റോറിയല്‍ നേതൃത്വത്തോട് ചോദിച്ചു കൊണ്ടേയിരുന്നു. വ്യക്തമായ ഒരുത്തരം എവിടെ നിന്നും കിട്ടിയില്ല’’- ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കില്‍നിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകള്‍. ലക്ഷ്​മി പദ്​മ​ എഴുതുന്നു.

30 Dec 2022, 03:36 PM

ലക്ഷ്മി പദ്മ

2022, ഒരു അതിവേഗ തീവണ്ടി പോലെ എനിക്കുമുന്നിലൂടെ  ‘ഛും...' എന്നങ്ങു കടന്നുപോയതായാണ് ഒരു തോന്നല്‍. കാരണം ഒരു വ്യക്തി എന്ന നിലയ്ക്കും മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കും സംഭവബഹുലമായൊരു കൊല്ലമായിരുന്നു. ഓരോ ദിവസവും ഓരോതരം വെല്ലുവിളികളുമായാകും ഉണരുക. എന്നെ ചൂഴ്​ന്നുനില്‍ക്കുന്ന ആവര്‍ത്തനങ്ങളുടെ മൂടുപടങ്ങളെ പൊട്ടിച്ചെറിയാന്‍ നടത്തിയ ബോധപൂര്‍വ ശ്രമങ്ങളുടെ ഭാഗമായിരുന്നു അവയില്‍ പലതും. അതല്ലാതെ നമ്മളാഗ്രഹിക്കാതെ ജീവിതത്തിലേക്ക് വലിഞ്ഞുകയറി വന്ന വയ്യാവേലികളുമുണ്ടായിരുന്നു.

ഒരു അമ്യൂസ്‌മെൻറ്​ പാര്‍ക്കില്‍ കയറുന്ന കുട്ടിയുടെ ആവേശത്തോടെയാണ് പൊതുവെ ഓരോ പുതിയ കൊല്ലത്തിലേക്കും കടക്കുക. എന്നാല്‍ രണ്ടുമൂന്ന് മാസം കഴിയുമ്പോഴേക്കും ആവേശം ശമിച്ച് അലസതയുടെ താളത്തില്‍ വീണ് ഒടുവില്‍ ബാക്ക് ബെഞ്ചിലെ അസ്സൽ ഉഴപ്പന്‍ കുട്ടിയാകും. ഇക്കുറി അങ്ങനെയാവില്ലെന്ന് നേരത്തെ മനസ്സില്‍ പലയാവര്‍ത്തി പറഞ്ഞുറപ്പിച്ചിരുന്നു. അതിന്റ ഫലമെന്നോണം ചില കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞു. കൊവിഡ് കാലത്തെ അടച്ചിരിപ്പിന്റെ സമയം മുഴുവന്‍ സിനിമയിലായിരുന്നു ജീവിതം. 

lekshmi padma

വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മാറിമാറി കണ്ട് ശരിക്കുമൊരു ഒ.ടി.ടി അടിമയായി മാറിയതോടെ  എന്റേതായ സിനിമകളുണ്ടാക്കണം എന്ന അതിമോഹവും നുരഞ്ഞുപൊന്താന്‍ തുടങ്ങി. മുമ്പ് ഐ.എഫ്.എഫ്.കെ സീസണില്‍ മാത്രമായിരുന്നു ഇമ്മാതിരി തോന്നലുകള്‍. പലപ്പോഴും കൂട്ടുകാരോടൊക്കെ കഥപറഞ്ഞ് പറഞ്ഞ് ഒടുവില്‍ മനസ്സില്‍ ഒരു സിനിമ സങ്കല്‍പ്പിച്ച് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും ആ തോന്നലുകള്‍ മാറാറാണ് പതിവ്. ഇക്കുറി പക്ഷേ, അതങ്ങനെ ആയില്ല. ഓഫീസില്‍ പരമാവധി ചെറിയ ചെറിയ പണികളിലേക്കുമാത്രം നിയോഗിക്കപ്പെട്ടതും ഒരു കണക്കിന് എന്റെ ചലച്ചിത്രചിന്തകള്‍ക്ക് വെള്ളവും വെളിച്ചവുമേകി. ഒരു ഷോര്‍ട്ട് ഫിലിം ഐഡിയയുമായി സംവിധായകന്‍ ജയരാജിനെ സമീപിച്ചപ്പോള്‍ (പതിവായി ഓരോ കഥയുമായി ഞാന്‍ മൂപ്പരെ ശല്യം ചെയ്യാറുണ്ട്)  ‘നിര്‍മാണച്ചെലവോർത്ത്​ ബുദ്ധിമുട്ടണ്ട, ഇതൊരു തിരക്കഥയാക്കൂ, നീ തന്നെ സംവിധാനം ചെയ്യൂ' എന്നായിരുന്നു മറുപടി.

ALSO READ

വിവാഹമോചിത, നടി എന്നീ നിലകളിലുള്ള എന്റെ സ്വതന്ത്രവര്‍ഷങ്ങള്‍

നീന്തല്‍ കരയ്ക്കിരുന്ന് കണ്ടുമാത്രം ശീലിച്ചൊരാളെ വെള്ളത്തില്‍ തള്ളിയിട്ട അനുഭവമായിരുന്നു. ശരിക്കും വെള്ളം കുടിച്ചു, ശ്വാസം മുട്ടി, പക്ഷേ എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ കൈകോര്‍ത്തുപിടിച്ചപ്പോള്‍ നവംബറോടെ ഡിസംബര്‍ 31st എന്ന 28 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം കരയ്ക്കടുത്തു. ക്യാമറ, എഡിറ്റിംഗ്, സംഗീതം, സൗണ്ട് ഡിസൈനിംഗ് ഇങ്ങനെ അതിന്റെ ഓരോ പണികള്‍ക്കും
പരസ്പര സ്‌നേഹത്തിന്റെ മാത്രം ഈടില്‍ സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ മത്സരിച്ച് ഒപ്പം നിന്നു. ഡിസംബര്‍ ഏഴിന് ജയരാജ് നേതൃത്വം നല്‍കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെ ചിത്രം  റിലീസ് ചെയ്യാനായി. പ്രമുഖരടക്കമുള്ള സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ അതിന്റെ പ്രചാരണം ഏറ്റെടുത്ത് നിരവധി പ്രേക്ഷകരിലേക്ക് ഞങ്ങളുടെ ചെറുചിത്രത്തെ എത്തിച്ച് ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഗൂഢാലോചനയില്‍ അവസാന കണ്ണികളായി. ചുരുക്കി പറഞ്ഞാല്‍ മനുഷ്യസ്‌നേഹത്തില്‍ വല്ലാതെ വിശ്വാസം തോന്നിപ്പോയൊരു വര്‍ഷം കൂടിയാണ് 2022. 

lekshmi padma

മക്കളെ കണ്ടും മാമ്പൂ കണ്ടും മാത്രമല്ല ഫേസ്ബുക്ക് കണ്ടും മോഹിക്കരുതെന്ന തിരിച്ചറിവിനും 2022നോട് ജീവിതകാലം മുഴുവന്‍ കടപ്പെട്ടിരിക്കും. മേല്‍പ്പറഞ്ഞ സിനിമയുടെ പോസ്റ്റര്‍ റിലീസ് ആലോചിച്ചുറപ്പിച്ചതിന്റെ തൊട്ടുതലേന്ന് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് അങ്ങ് ബ്ലോക്ക് ആയി. പാസ്​വേഡ്​ ഓര്‍മയിലുണ്ടായിരുന്നില്ല. ആകെ ഫോണില്‍ മാത്രമായിരുന്നു ഫേസ്ബുക്ക് തുറന്നിരുന്നത്. ചുരുക്കത്തില്‍, പ്രൊഫൈലിലുണ്ടായിരുന്ന ഉപയോഗത്തിലില്ലാതിരുന്ന ഫോണ്‍ നമ്പറും, മെയില്‍ ഐഡിയും മാറ്റാനുള്ള അവധാനതയില്ലാത്ത ശ്രമത്തിന്റെ ഫലമായി അക്കൗണ്ട് തൽക്കാലത്തേക്കങ്ങ് അടിച്ചുപോയി. സകല പരിലാളനകളോടെയും കഴിഞ്ഞ 13 കൊല്ലമായി കൊണ്ടു നടന്നിരുന്ന ഐഡി മറന്ന് ഒരു പുതിയ ഐഡിയുണ്ടാക്കി ഫേസ്ബുക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോൾ മനസ്സിലായി, പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്ന്. ഇന്‍ബോക്‌സില്‍ കാശ് കടം വാങ്ങാന്‍ വരുന്ന ഒരു വ്യാജയല്ല ഞാനെന്ന് സുഹൃത്തുക്കള്‍ക്കുമുന്നില്‍ തെളിവുനിരത്തി സമര്‍ത്ഥിക്കണം എന്നതായിരുന്നു കഠിനമായ തൊന്തരവ്. 

ALSO READ

ഇതാ ഒരു നടൻ ജനിക്കുന്നു

ഏതായാലും 16 ദിവസത്തെ അജ്ഞാതവാസത്തിനുശേഷം എന്റെ അക്കൗണ്ട് ഒന്നുമറിയാത്തപോലെ തിരിച്ചെത്തി. തിരുവനന്തപുരത്തെ ടെക്ക് ക്യൂ എന്ന സ്ഥാപനത്തിലെ അന്‍ഷാദ് എന്ന മൊബൈല്‍ ടെക്‌നീഷ്യന്‍ എനിക്കുവേണ്ടി അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം നീക്കിവച്ച് കഷ്ടപ്പെട്ട് അക്കൗണ്ട് വീണ്ടെടുത്തുതന്നു എന്ന് പറയുന്നതാകും കൂടുതല്‍ മര്യാദ. ഏതായാലും അതോടെ ഞാന്‍ രണ്ട് അക്കൗണ്ടുകള്‍ സ്വന്തമായുള്ള ഇരട്ട പ്രതികരണ ശേഷിയുള്ള ഒരു സോഷ്യല്‍ മീഡിയ വ്യക്തിത്വമായി മാറിയെന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ മേനി നടിക്കാറുണ്ട്. ഒന്നായ എന്നെയിഹ രണ്ടെന്ന് കണ്ടളവില്‍ ചില സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും ഇണ്ടല്‍ ഉണ്ടാകാറുണ്ട് എങ്കിലും...

social media
Photo : unsplash.com

2022 ഫെബ്രുവരിയിൽ ഇടത് സൈബറിടങ്ങളില്‍ നിന്ന് ആസൂത്രിതവും സംഘടിതവുമായുണ്ടായ സൈബര്‍ ആക്രമണമാണ് എന്റെ സോഷ്യല്‍ മീഡിയ പ്രതിരോധശേഷി വര്‍ധിപ്പിച്ചത്. മനോരമ ഓണ്‍ലൈനില്‍ വന്ന ഒരു തെറ്റായ വാര്‍ത്തയുടെ ചുവടുപിടിച്ച് എനിക്കുനേരെ വിഷക്കടന്നലുകള്‍ കൂടിളകി വന്നപ്പോള്‍, സത്യം പറയാല്ലോ, ആദ്യമൊന്നു പകച്ചുപോയി.
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു അവരുടെ ക്ഷീരകൃഷിയെ കുറിച്ച് പറയുന്നതും പാല്‍ വില്‍ക്കാന്‍ പോയതും, ഞാന്‍ ചിത്രീകരിച്ച് ‘ജബ് വി മെറ്റ്' എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു കടന്നലുകളെ പ്രകോപിപ്പിച്ചത്. ആ പരിപാടിയുടെ ആലോചനാഘട്ടത്തില്‍ തന്നെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇരുപക്ഷത്തെയും സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്താമെന്ന് ഞാന്‍ ഏഷ്യാനെറ്റ് ന്യൂസിലെ എന്റെ സീനിയേഴ്‌സിനോട് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ഹാര്‍ഡ്‌കോര്‍ രാഷ്ട്രീയം പറയുന്ന പരിപാടിയല്ലാത്തതിനാല്‍ അത് വേണ്ട എന്നതായിരുന്നു സീനിയേഴ്‌സിന്റെ തീരുമാനം.  

ഏതായാലും കടന്നല്‍ക്കൂടിളകി വന്നപ്പോള്‍, ഏഷ്യാനെറ്റ് ന്യൂസിനോടുള്ള ആ കൂട്ടരുടെ വിരോധം കൂടി എന്നിലേക്ക് കേന്ദ്രീകരിച്ചു. ഇന്‍ബോക്‌സിലും കമൻറ്​ ബോക്‌സിലും കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതി. പശുക്കിടാവിന് ഉമ്മ കൊടുക്കുന്ന ഒരു പടത്തെ അവരുടെ മനോവൈകൃതങ്ങള്‍ക്കിണങ്ങുന്ന വിധം വ്യാഖ്യാനിച്ചു. എനിക്ക് മുമ്പും മാധ്യമ പ്രവര്‍ത്തകര്‍ അരിതാ ബാബുവിന്റെ തൊഴുത്തില്‍ കയറിയിരുന്നു. അരിതാ ബാബു പശുവിനെ കറക്കുന്നതും പശുക്കിടാവിന് ഉമ്മ കൊടുക്കുന്നതും ചിത്രീകരിച്ചിരുന്നു. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പി.കെ. ബിജുവിന്റെ അമ്മ നെല്‍ക്കറ്റ കൊയ്തതും പന്ന്യന്‍ രവീന്ദ്രന്റെ മുടിചീകല്‍ കഥകളുമൊക്കെ തെരഞ്ഞെടുപ്പുകാലങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. അതിലേക്കൊക്കെ ക്യാമറ തിരിക്കണോ വേണ്ടയോ എന്നത് വേറെ വിഷയം. 

Lakshmi Padma

പക്ഷേ അത്തരം സ്റ്റോറികള്‍ക്ക് കാഴ്ചക്കാര്‍ അധികമെന്ന് നമ്മുടെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ കയ്യോടെ കണക്കുതരുന്ന കാലമാണിത്. വ്യക്തിപരമായി എനിക്ക് ഇത്തരം സ്റ്റോറികള്‍ ചെയ്യുന്നതിനോട് ഒരു വിരോധവും ഇല്ലെന്നുമാത്രമല്ല വലിയ സന്തോഷവുമാണ്. മസിലുപിടിത്തങ്ങളില്ലാതെ അയഞ്ഞിരിക്കുന്ന മനുഷ്യരെ ക്യാമറയിലാക്കാന്‍. പക്ഷേ തെരഞ്ഞെടുപ്പുകാലത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി പാട്ടുപാടുന്നിടത്തും പാല്‍ കറക്കുന്നിടത്തും മരം കയറുന്നിടത്തും മാത്രമായി പോകുന്നതിനോട് കടുത്ത വിരോധമുണ്ടുതാനും. യുക്തിയോടെയും വകതിരിവോടെയും രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിലെ വനിതാമാധ്യമ പ്രവര്‍ത്തകര്‍ക്കാകും. അഞ്ചില്‍ താഴെ അക്കങ്ങളില്‍ ആ പേരുകള്‍ ഒതുങ്ങുന്നുണ്ടെങ്കില്‍ അതിന്റെ കുഴപ്പം വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കല്ല, മാധ്യമങ്ങളിലെ എഡിറ്റോറിയല്‍ മേധാവിമാര്‍ക്കാണ്. ബീറ്റുകള്‍ നിശ്ചയിക്കുന്നതില്‍ ലിംഗവിവേചനമില്ലാത്ത ഒരു കിനാശ്ശേരി മാധ്യമലോകത്തിന്നും സ്വപ്നം മാത്രമാണ്. 

ALSO READ

ആന, മയില്‍, സിനിമ, മരണം...

എനിക്കുനേരെ നടന്ന സൈബര്‍ ആക്രമണം ആസൂത്രിതമാണ് എന്നതിന് ഒരു ഇടതുസൈബര്‍ ഗ്രൂപ്പില്‍ നടന്ന ചില ചര്‍ച്ചകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ തെളിവായി കൈവശമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു കൊല്ലത്തിലധികം കഴിഞ്ഞിട്ടും മറ്റൊരു മാധ്യമത്തില്‍ വന്ന തെറ്റായ വാര്‍ത്തയുടെ പേരില്‍ ഞാന്‍ ആക്രമിക്കപ്പെട്ടതില്‍, അതുകൊണ്ടുതന്നെ എനിക്കിപ്പോള്‍ ഞെട്ടലോ വിറയലോ ഒന്നുമില്ല. ഒരു സെക്കന്‍ഡ് ഡോസ് എന്ന നിലയ്ക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തും ഇക്കൂട്ടര്‍ എനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ മാലിന്യം വിതറി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പദവിയിലിരിക്കുന്ന ഒരാള്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് വിമര്‍ശനമെന്ന വ്യാജേന പങ്കുവെച്ച പോസ്റ്റിലൂടെ അതിന് തുടക്കമിട്ടു. പക്ഷേ ലോകത്തെ സകല നെറികേടുകള്‍ക്കെതിരെയും വാളുകള്‍ പടവാളുകളാക്കുന്ന സൈബര്‍ ലോകത്തെ എന്റെ പല പുലിസുഹൃത്തുക്കളും ഈ എപ്പിസോഡുകളിലുടനീളം പാലിച്ച മൗനമാണ് ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയത്. കാര്യങ്ങള്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കാം എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന നിര്‍ദേശമാണ് ഏഷ്യാനെറ്റ് ന്യൂസ് എനിക്ക് നല്‍കിയത്. അത് ലംഘിച്ച് ഡൂള്‍ ന്യൂസിന് അഭിമുഖം നല്‍കിയതിന് സ്ഥാപനത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയതും ആ നാളുകളിലെ സവിശേഷമായ മറ്റൊരനുഭവമായി.

ഇങ്ങനെയൊക്കെയാണെങ്കിലും എട്ടു കൊല്ലത്തെ ഏഷ്യാനെറ്റ് ന്യൂസ് ജീവിതം അവസാനിപ്പിച്ച കൊല്ലമായാകും വരും കാലങ്ങളില്‍ ഞാന്‍ 2022നെ ഓര്‍ക്കുക. ഇന്ത്യാവിഷന്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിന്ന ഒരു പൊരിവെയില്‍ക്കാലത്താണ് ഞാന്‍ ഏഷ്യാനെറ്റ് ന്യൂസെന്ന വലിയ സ്ഥാപനത്തിന്റെ തണലിലേക്ക് ഓടിക്കയറുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമകാര്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന, അതിശയിപ്പിക്കുന്ന വിധം മലയാളി ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഒരു സ്ഥാപനത്തില്‍ നിന്നിറങ്ങിയത് സത്യം പറഞ്ഞാല്‍ എന്റെ വീട്ടുകാര്‍ക്കുപോലും ഇനിയും അങ്ങോട്ട് ദഹിച്ചിട്ടില്ല. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും അവിടം വിടേണ്ടത് എന്റ മാത്രം ആവശ്യമായിരുന്നു. 

laskhmi padma

ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ നേതൃത്വം അജ്ഞാതമായ എന്തൊക്കെയോ കാരണങ്ങളുടെ പേരില്‍ ആ സംവിധാനത്തിലേക്ക് എന്നെ ഉള്‍ക്കൊണ്ടിരുന്നില്ല എന്ന് എപ്പോഴും തോന്നിയിരുന്നു. ആ പരാതി പല തലങ്ങളില്‍ അഡ്രസ് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വെയിലൊന്നുതാണ നേരം നോക്കി ആ തണല്‍ വിട്ടത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് അതിനുള്ളിലെ ഓരോ സംവിധാനങ്ങളും. ന്യൂസ്‌റൂമുകള്‍ക്ക് മാത്രമായി മുഖ്യധാരാ സമൂഹത്തിന്റെ പൊതു സവിശേഷതകളില്‍ നിന്ന് മാറിനില്‍ക്കാനാകും എന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ജാതീയതയും സ്ത്രീവിരുദ്ധതയും അടിമത്ത - സങ്കുചിത മനോഭാവങ്ങളുമെല്ലാം ഒരളവു വരെയെങ്കിലും ന്യൂസ് റൂമുകളിലും കാണാനാകും. അയിത്തം, തൊട്ടുകൂടായ്മ ഇതൊക്കെ അനുഭവിക്കുന്നവരുടെ വേദന എന്താണെന്ന് വായിച്ചറിവും പറഞ്ഞറിവും മാത്രമായിരുന്നു എനിക്കുണ്ടായിരുന്നതെങ്കില്‍ അത് മറ്റൊരര്‍ത്ഥത്തില്‍ മറ്റൊരു രൂപത്തില്‍  അനുഭവിക്കാന്‍ എനിക്ക് ന്യൂസ്‌റൂമില്‍ സാധിച്ചിട്ടുണ്ട്.  

ALSO READ

സിനിമയ്ക്കു വേണ്ടി ഞാന്‍ ചെയ്തതിനൊക്കെയും പ്രതിഫലം ലഭിച്ച വര്‍ഷം

16 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയവും തെറ്റില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകും എന്ന ആത്മവിശ്വാസവുമുള്ള എനിക്ക് ഒരുപാട് കാര്യങ്ങള്‍ വിലക്കപ്പെട്ട കനിയായിരുന്നു. അത് ഒരു രാഷ്ട്രീയ ബീറ്റോ ചര്‍ച്ചയോ സംവാദമോ മാത്രമല്ല, പ്രൈം ടൈം ബുള്ളറ്റിനുകള്‍ വായിക്കുന്നതിലേക്കുപോലും ആ വിലക്ക് നീണ്ടു. ഷിഫ്റ്റില്‍ ആര്‍ക്കേലും പെട്ടെന്ന് ഛര്‍ദിയോ വയറുവേദനയോ വന്നാല്‍ മാത്രമായിരുന്നു അത്തരം ഡ്യൂട്ടികള്‍ക്ക് ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. എന്തിന് എന്നോടീ തൊട്ടുകൂടായ്മ എന്ന ചോദ്യം കഴിഞ്ഞ എട്ടു കൊല്ലവും ഞാനെന്റെ എഡിറ്റോറിയല്‍ നേതൃത്വത്തോട് ചോദിച്ചു കൊണ്ടേയിരുന്നു. വ്യക്തമായ ഒരുത്തരം എവിടെ നിന്നും കിട്ടിയില്ല.

സമൂഹത്തിന്റെ അഭിരുചികളാകെ തീരുമാനിക്കും വിധം ആജ്ഞാശേഷി ഒരു മാധ്യമങ്ങള്‍ക്കും ഈ കാലത്തുണ്ടെന്നുതോന്നുന്നില്ല. അസംഖ്യം മാധ്യമസ്ഥാപനങ്ങള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍, കാഴ്ചകളും അഭിരുചികളും ഇങ്ങനെ ചിതറിക്കിടക്കുന്ന ഒരു ലോകത്തിരുന്ന് ഞങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ പല്ലി ഉത്തരം താങ്ങുന്നു എന്നു പറയും പോലെ പരിഹാസ്യമാകും അത്. ആ യാഥാര്‍ത്ഥ്യബോധമാണ് പല മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്നില്ലാത്തത് എന്നു തോന്നാറുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് പോലെ ടി.ആര്‍.പി റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സ്ഥാപനത്തില്‍ ജോലിയെടുക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ പുറത്തിറങ്ങുമ്പോൾ ആളുകള്‍ തിരിച്ചറിഞ്ഞെന്നും കൂടെനിന്ന് സെല്‍ഫിയെടുത്തെന്നും ആ മേല്‍വിലാസത്തില്‍ നമ്മള്‍ പലയിടങ്ങളിലും വിശിഷ്ടാതിഥിയായെന്നും പല പുരസ്‌കാരങ്ങളും കിട്ടിയെന്നും ഒക്കെ വരും. പക്ഷേ അതോടെ നമ്മള്‍ എല്ലാമായെന്ന ഒരു ചിന്ത തോന്നിത്തുടങ്ങിയാല്‍ പിന്നെ ഒരു വളര്‍ച്ച അസാധ്യമാകും. സ്ഥാപനത്തിന്റെ മേല്‍വിലാസത്തിനും അപ്പുറം സ്വന്തമായി മേല്‍വിലാസമുണ്ടാക്കാന്‍ കഴിയുന്നവരാകും ഈ രംഗത്തെ വിജയികള്‍. സ്വന്തമായി വിലാസമുണ്ടാക്കാന്‍ നമുക്കുമുന്നില്‍ കടമ്പകള്‍ മാത്രമാണെങ്കില്‍, കൊട്ടാരത്തിലാണ് താമസമെങ്കിലും ചിലപ്പോള്‍ ആ വിലാസം തേടി വഴിയിലേക്കിറങ്ങേണ്ടി വരും, എന്നെപ്പോലുള്ളവര്‍ക്ക്. 

lekshmi padma

ദി ഫോര്‍ത്ത് എന്ന ചെറുപ്പക്കാര്‍ നയിക്കുന്ന പുതിയ മാധ്യമ സംരഭത്തിനൊപ്പമാണിപ്പോള്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളെകൂടി പ്രയോജനപ്പെടുത്തുന്ന പുതിയകാലത്തെ മാധ്യമരീതികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ പോകുന്നതിന്റെ ആവേശത്തില്‍ കൂടിയാണ് ഞാനിപ്പോള്‍. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും എനിക്ക് മുന്നിലിപ്പോള്‍ പുതിയ ഉത്തരവാദിത്തങ്ങളാണ്. പുതിയ വെല്ലുവിളികളാണ്. നിറഞ്ഞ സന്തോഷത്തോടെ അവയേറ്റെടുത്താണ് പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്.  

ലക്ഷ്മി പദ്മ  

മാധ്യമ പ്രവര്‍ത്തക, ഡിസംബര്‍ 31st എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായികയാണ്. 
 

  • Tags
  • #Opener 2023
  • #Lakshmi Padma
  • #Asianetnews
  • #cyber bullying
  • #cpim
  • #Media
  • #Life Sketch
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Fousiya Arif

Life Sketch

ഫൗസിയ ആരിഫ്

അബ്ബാസിന്റെ ആ അതിശയോക്തിക്കുപുറകില്‍ ചില സത്യങ്ങളുണ്ട് ?

Mar 27, 2023

3 Minutes Read

akg

Memoir

കെ.ടി. കുഞ്ഞിക്കണ്ണൻ

എ.കെ​.ജി എന്ന ഇടതുപക്ഷ ആത്മകഥ

Mar 22, 2023

6 Minutes Read

p k jayalakshmi

Interview

പി.കെ. ജയലക്ഷ്മി

ആ പ്രമുഖ ചാനൽ എന്നെയും എന്റെ കുടുംബത്തെയും നിരന്തരം വേട്ടയാടി

Mar 12, 2023

34 Minutes Watch

pk-jayalakshmi

Media Criticism

Think

തന്നെയും കുടുംബത്തെയും ആ ചാനല്‍ വേട്ടയാടി, മാനസികമായി തളര്‍ന്നു: പി.കെ. ജയലക്ഷ്മി

Mar 11, 2023

3 Minutes Read

 banner-kk-koch.jpg

Media Criticism

കെ.കെ. കൊച്ച്

ബി.ബി.സിക്കെതിരായ നടപടിയോട് താരതമ്യം ചെയ്യുന്ന ഏഷ്യാനെറ്റ് സ്വയം ജാമ്യം എടുക്കുകയാണ്​

Mar 09, 2023

3 Minutes Read

assinet news

Media Criticism

കെ.ജെ. ജേക്കബ്​

ഏഷ്യാനെറ്റിലെ ആ മൂന്ന് വാര്‍ത്തകളുടെ വസ്തുതയെന്ത് ?

Mar 04, 2023

3 Minutes Read

mla

Obituary

കെ.ടി. കുഞ്ഞിക്കണ്ണൻ

സി.പി. കുഞ്ഞു: തൊഴിലാളികൾക്കൊപ്പം ജീവിച്ച ഒരു കമ്യൂണിസ്​റ്റ്​

Feb 10, 2023

3 Minute Read

k kanna

UNMASKING

കെ. കണ്ണന്‍

സി.പി.എമ്മിനെ ത്രിപുര നയിക്കട്ടെ

Jan 11, 2023

5 Minutes Watch

Next Article

അപർണക്ക്​ ഗുരുതര ആരോഗ്യപ്രശ്​നം, വിദ്യാർഥികൾക്ക്​​ ഇപ്പോഴും ലഹരി മാഫിയ ഭീഷണി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster