ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവനനിര്‍മാണ സഹായത്തിന് അര്‍ഹരായിട്ടും പദ്ധതി നടത്തിപ്പിലെ അപാകതകളും നിയമ സാങ്കേതികതകളുടെ സങ്കീര്‍ണതകളും കാരണം വീട് എന്ന സ്വപ്‌നം അനുഭവിക്കാന്‍ കഴിയാതെ പോകുന്ന ധാരാളം കുടുംബങ്ങളുണ്ട് കേരളത്തില്‍. കേരളത്തിന്റെ വ്യത്യസ്ത മേഖലകളിലെ സാമൂഹ്യവിഭാഗങ്ങളുടെ തദ്ദേശീയ സവിശേഷതകളും വിവിധയിടങ്ങളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുക്കാതെ കേന്ദ്രീകൃതമായി നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ ധാരാളമാണ്. ലൈഫില്ലാത്ത പാര്‍ശ്വവല്‍കൃതരെ കുറിച്ചൊരു അന്വേഷണം.
29 Sep 2022, 09:06 PM
മലപ്പുറം ജില്ലയിലെ തിരൂര്‍പ്പുഴയുടെ തീരത്ത് ഇടിഞ്ഞുവീഴാറായ ഒരു പഴയ വീട്ടിലാണ് മേഘ്‌നയുടെ കുടുബം കഴിയുന്നത്. കേരളത്തെയാകെ ഗ്രസിച്ച 2018 ലെ പ്രളയത്തില്‍ മേഘ്‌നയുടെ വീടും വെള്ളത്തില്‍ മുങ്ങി. കൂലിപ്പണിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ദളിത് കുടുംബത്തിന് സ്വയം നികത്താനാകുന്നതായിരുന്നില്ല ആ നഷ്ടങ്ങള്‍. വീട് പുതുക്കി പണിയാനുള്ള സഹായം ലഭിക്കുന്നതിനായി ഗ്രാമസഭയില്‍ അപേക്ഷ നല്‍കുകയും ലൈഫ് മിഷന്‍ വഴി ഫണ്ട് പാസ്സാകുകയും ചെയ്തിരുന്നു. "നിങ്ങള്‍ പഴയ വീട് പൊളിച്ച് തറയിട്ടോളൂ, പുതിയ വീടിന് തറയിട്ടാല്‍ ഉടന്‍ ഫണ്ട് പാസായിക്കോളും' എന്ന ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് അവര്‍ പഴയ വീടിന്റെ അടുക്കള മാത്രം ബാക്കിനിര്‍ത്തി ബാക്കി ഭാഗങ്ങള്‍ പൊളിച്ചു. ഫണ്ട് പാസ്സായാല്‍ ഉടന്‍ പുതിയ വീടുകെട്ടി സമാധാനത്തോടെ അന്തിയുറങ്ങാം എന്ന പ്രതീക്ഷയില്‍ മേഘ്‌നയും കുടുംബവും കഴിയുന്നതിനിടയിലാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം വരുന്നത്. പ്രളയത്തിന്റെ സാഹചര്യം കണക്കിലെടുത്ത് തീരത്ത് നിന്നും 100 മീറ്റര്‍ അകലത്തിലല്ലാത്തവര്‍ക്ക് ലൈഫ് മിഷന്‍ വഴി വീട് നല്‍കില്ല എന്ന തീരുമാനം. മേഘ്‌നയുടെ വീട് തീരത്ത് നിന്നും 100 മീറ്റര്‍ പരിധിക്ക് ഉള്ളിലായിരുന്നു. അടച്ചുറപ്പുള്ള ഒരുവീട്ടില്‍ സ്വസ്ഥമായി കഴിയുക എന്ന മേഘ്‌നയുടെ കുടുംബത്തിന്റെ ആഗ്രഹത്തിന്‍മേല്‍ പതിച്ച ആഘാതമായിരുന്നു അത്. "ഇങ്ങനെയൊരു പുതിയ നിയമം വന്നിട്ടുണ്ട് തീരപ്രദേശത്തുള്ളവര്‍ക്ക് ഫണ്ട് കൊടുക്കാന്‍ കഴിയില്ല' എന്നാണ് പഞ്ചായത്ത് അധികൃതര്‍ അവരോട് പറഞ്ഞത്. "നിങ്ങള്‍ തന്ന ഉറപ്പിലല്ലേ ഉണ്ടായിരുന്ന വീട് കൂടി ഞങ്ങള്‍ പൊളിച്ചത്' എന്ന മറുചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. മേഘ്‌നയും കുടുംബവും പരാതിയുമായി മുന്നോട്ടുപോയി. പരാതികളും അപേക്ഷകളുമായി കാലങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മേഘ്‌നയ്ക്കും കുടുംബത്തിനും ഇന്നും സാധിച്ചിട്ടില്ല.
ഇത് മേഘ്‌നയുടെ കുടുംബത്തിന്റെ മാത്രം സ്ഥിതിയല്ല. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവനനിര്‍മാണ സഹായത്തിന് അര്‍ഹരായിട്ടും പദ്ധതി നടത്തിപ്പിലെ അപാകതകളും നിയമ സാങ്കേതികതകളുടെ സങ്കീര്‍ണതകളും കാരണം വീട് എന്ന സ്വപ്‌നം അനുഭവിക്കാന്‍ കഴിയാതെ പോകുന്ന ധാരാളം കുടുംബങ്ങളുണ്ട് കേരളത്തില്‍. കേരളത്തിന്റെ വ്യത്യസ്ത മേഖലകളിലെ സാമൂഹ്യവിഭാഗങ്ങളുടെ തദ്ദേശീയ സവിശേഷതകളും വിവിധയിടങ്ങളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുക്കാതെ കേന്ദ്രീകൃതമായി നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ ധാരാളമാണ്.
എന്താണ് ലൈഫ് മിഷന്‍ പദ്ധതി
കേരളത്തിലെ എല്ലാ അര്‍ഹരായ ഭൂ-ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് നേരത്തെയുണ്ടായിരുന്ന വിവിധ ഭവന പദ്ധതികള്‍ ഏകോപിപ്പിച്ചുകൊണ്ട് ഒന്നാം പിണറായി സര്‍ക്കാര്‍ ലൈഫ് മിഷന്‍ എന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. ലൈഫ് മിഷന്‍ വഴി ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും തീരദേശ-മത്സ്യബന്ധന മേഖലയിലും ആദിവാസി മേഖലയിലും നിരവധി കുടുംബങ്ങളാണ് ഇപ്പോഴും അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
കോവിഡ് വ്യാപനം കാരണം വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും വന്ന നിയന്ത്രണങ്ങളും ലൈഫ് മിഷന്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ അഭാവവും മറ്റു കാരണങ്ങളുമെല്ലാം അപേക്ഷകര്‍ക്ക് ഭൂരഹിത സാക്ഷ്യപത്രവും വരുമാന സര്‍ട്ടിഫിക്കറ്റും ലഭ്യമാവുന്നത് വൈകാന്‍ കാരണമായി. അപേക്ഷകളുടെ തിരക്ക് മൂലം പല സമയങ്ങളിലും പദ്ധതിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതാകുന്നതും രജിസ്ട്രേഷന്‍ സമയത്ത് ഒ.ടി.പി നമ്പറിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ടായിരുന്നു.

ലൈഫ് വിവിധ ഘട്ടങ്ങളില്‍..
2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കിയിട്ടും വ്യത്യസ്ത കാരണങ്ങളാല്‍ സ്വന്തമായി അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നഭവനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് ഒന്നാം ഘട്ടമായി ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം. ഓരോ വര്‍ഷത്തിലും ഒരു ലക്ഷം പേര്‍ക്ക് വീതം വീട് നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഏറ്റവും അര്‍ഹരായവര്‍ക്ക് ആദ്യം എന്ന നിലയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം വീട് വീതം നല്‍കുമെന്നുമാണ് ലൈഫ് മിഷന്‍ പറയുന്നത്. അര്‍ഹതാ മാനദണ്ഡ പ്രകാരം ഗുണഭോക്താക്കളെ കണ്ടെത്തി, അത് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് ലിസ്റ്റ് പുറത്തിറക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ ഭവനപദ്ധതികളെ ഏകോപിപ്പിച്ച് ഒരു സമഗ്ര പദ്ധതി എന്ന നിലയിലാണ് ലൈഫ് ഭവനപദ്ധതി നടപ്പിലാക്കി വരുന്നത്. ഇത്തരത്തില്‍ ലൈഫ്മിഷന്‍ (1,43,077), പി.എം.എ.വൈ-ലൈഫ് അര്‍ബന്‍ (63,449), പി.എം.എ.വൈ-ലൈഫ് -റൂറല്‍ (17,134), പട്ടികജാതി (19,987), പട്ടികവര്‍ഗ്ഗ (2,095), മത്സ്യത്തൊഴിലാളി (4,389) വകുപ്പുകള്‍ മുഖേന 8,461കോടി രൂപ ചെലവഴിച്ച് 2,50,131 വീടുകള്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചതായി സര്‍ക്കാര്‍ പറയുന്നുണ്ട്. 2021 മാര്‍ച്ചോടുകൂടി 3 ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മിഷന്‍ ലക്ഷ്യമിട്ടിരുന്നു. ലൈഫ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന 54,122 വീടുകളില്‍ 52,455 (96.92%) വീടുകള്‍ ഇതിനോടകം നിര്‍മ്മിച്ചുകഴിഞ്ഞതായും 680.72 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായമായി നല്‍കിയതായും സര്‍ക്കാര്‍ പറയുന്നു.
രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലൈഫ് മിഷന്റെ ലക്ഷ്യങ്ങള്‍. രണ്ടാം ഘട്ടത്തില്‍ ഗ്രാമസഭ സര്‍വ്വേയിലൂടെ കണ്ടെത്തി അംഗീകരിച്ച 1,77,972 ഗുണഭോക്താക്കളില്‍ രേഖാപരിശോധനയിലൂടെ 1,03,124 ഗുണഭോക്താക്കളാണ് അര്‍ഹത നേടിയത്. ഇവരില്‍ 87,495 (88.98%) ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്തുകൊണ്ട് കുറഞ്ഞ നിരക്കില്‍ വീട് നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ മിഷന്‍ കൈക്കൊണ്ടിരുന്നു. 40-60% വരെ വിലകുറച്ചാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, പെയിന്റ്, സാനിറ്ററി ഉപകരണങ്ങള്‍, സിമെന്റ്, വാട്ടര്‍ ടാങ്ക് തുടങ്ങിയവ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് മിഷന്‍ പറയുന്നു.
ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ സര്‍വ്വേയിലൂടെ 3,37,416 ഗുണഭോക്താക്കളെ കണ്ടെത്തിയതില്‍ 2,29,310 പേര്‍ അര്‍ഹതാ പരിശോധനയ്ക്ക് ഹാജരാവുകയും ഇവരില്‍ 1,35,769 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തുകയും ചെയ്തതായി മിഷന്‍ പറയുന്നു.
തീരദേശ മേഖലയെ അറിയാത്ത ഭവന പദ്ധതിയും നിയമങ്ങളും
കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ തീരമേഖല പദ്ധതി നടത്തിപ്പില്‍ ഗുരുതരമായ വിവേചനം നേരിടുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന വിവിധ ഭവന നിര്‍മാണ പദ്ധതികളുടെ ഭാഗമായി തീരമേഖലയിലെ കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്ന സഹായാശ്വാസങ്ങള്‍, എല്ലാ പദ്ധതികളും കൂടി യോജിപ്പിച്ച് ലൈഫ് മിഷന്റെ ഭാഗമാക്കിയതോടുകൂടി ഇല്ലാതായെന്നാണ് തീരജനത ഉയര്‍ത്തുന്ന ആരോപണങ്ങള്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നിലനില്‍ക്കുന്ന മാര്‍ഗരേഖകളില്‍ പലതും തീരമേഖലകളില്‍ അതേ പടി പിന്തുടരാന്‍ സാധിക്കാത്തതായിരിക്കും. ഇത്തരം നിയമസങ്കീര്‍ണതകള്‍ തീരമേഖല സവിശേഷമായി അവഗണിക്കപ്പെടുന്നതിന് കാരണമാകുമെന്നാണ് തീരദേശ-മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പഠനവും അന്വേഷണവും നടത്തുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ സിന്ധു മറിയ നെപ്പോളിയന്‍ ട്രൂകോപ്പിയോട് പറഞ്ഞത്.

'തീരപ്രദേശത്ത് യഥാര്‍ത്ഥത്തില്‍ ലൈഫ് മിഷന്‍ പദ്ധതി നടക്കുന്നില്ല. പുനര്‍ഗേഹം പദ്ധതി മാത്രമാണ് പാര്‍പ്പിട പദ്ധതികളുടെ ഭാഗമായി ഇപ്പോള്‍ തീരപ്രദേശങ്ങളില്‍ നടക്കുന്നത്. എന്റെ വീട് പുതുക്കി പണിയുന്നതിന് പഞ്ചായത്തില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിക്കുമോ എന്നറിയാന്‍ ഞാന്‍ ലൈഫ് മിഷനില്‍ ഒരു നാലു കൊല്ലം മുമ്പ് അപേക്ഷിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ വരുന്നതിനു മുമ്പ്, അതായത് ലൈഫ് മിഷന് മുമ്പ് ഓരോ വിഭാഗത്തിനും പ്രത്യേകം എക്‌സ്‌ക്ലൂസീവ് ആയിട്ടുള്ള പാര്‍പ്പിട നിര്‍മാണ പദ്ധതികള്‍ ഉണ്ടായിരുന്നു. മത്സ്യഫെഡ് അല്ലെങ്കില്‍ ഫിഷറീസ് വകുപ്പ് പോലുള്ള സ്ഥാപനങ്ങള്‍ വഴിയായിരുന്നു മത്സ്യബന്ധന കുടുംബങ്ങള്‍ക്ക് വീട് വെക്കാനും പുതുക്കിപ്പണിയാനുമുള്ള സഹായം ലഭിച്ചിരുന്നത്. അതുപോലെ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കും ഉണ്ടായിരുന്നു. പ്രൈം മിനിസ്റ്ററുടെ ആവാസ് യോജന പോലുള്ള പദ്ധതികള്‍ വഴി മറ്റുള്ള വിഭാഗങ്ങള്‍ക്കും ഭവനനിര്‍മാണ സഹായങ്ങള്‍ ലഭിച്ചിരുന്നു. ഓരോ പദ്ധതിക്കും അത് ഏത് കമ്മ്യൂണിറ്റിയെ ആണ് ഫോക്കസ് ചെയ്യുന്നത് അവര്‍ക്ക് വേണ്ടി പ്രത്യേകം നിബന്ധനകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ ലൈഫ് പദ്ധതി വരുന്നതിന് മുന്‍പ് മത്സ്യ ഫെഡില്‍ നിന്നും ഫിഷറീസ് ഡിപ്പാര്‍ട്മെന്റില്‍ നിന്നും വീട് നിര്‍മ്മിക്കുന്നതിനും മെയിന്റനന്‍സ് ചെയ്യുന്നതിനും കുറച്ചുകൂടെ എളുപ്പമായിരുന്നു. കടലില്‍ നിന്നും ഒരു നിശ്ചിത മീറ്റര്‍ മാറി താമസിക്കുന്നവര്‍ക്കേ വീട് നിര്‍മ്മിക്കാനുള്ള സഹായം കൊടുക്കൂ എന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ മത്സ്യബന്ധനം ചെയ്യുന്ന ഒരു കുടുംബത്തിനും ഈ സഹായം ലഭിക്കില്ല എന്ന് ഫിഷറീസ് ഡിപ്പാര്‍ട്മെന്റിന് ധാരണയുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും അതില്‍ ഉണ്ടായിരുന്നില്ല. മത്സ്യ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ അംഗത്വമുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് വീട് ലഭിക്കുന്നതിന് അര്‍ഹരാണോ എന്ന് അവര്‍ വന്ന് പരിശോധിക്കും. എത്ര വര്‍ഷമായി നിങ്ങള്‍ വീടില്ലാതെ താമസിക്കുന്നു അല്ലെങ്കില്‍ എത്ര വര്‍ഷമായി നിങ്ങള്‍ ഈ ശോചനീയാവസ്ഥയില്‍ ജീവിക്കുന്നു എന്ന് പരിശോധിച്ചതിന് ശേഷം അവര്‍ വേണ്ട സഹായം നല്‍കുമായിരുന്നു.
പക്ഷേ, ലൈഫ് മിഷന്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയതോടുകൂടി, അതായത് ഒന്നാം പിണറായി സര്‍ക്കാര്‍ വന്നതോടുകൂടി ഇത്തരത്തിലുള്ള ഭവന പദ്ധതികള്‍ അവസാനിപ്പിച്ചുകൊണ്ട് എല്ലാം ഒരുമിച്ച് ലൈഫ് എന്ന ഒരൊറ്റ പദ്ധതിക്കുകീഴില്‍ നടപ്പിലാക്കാന്‍ തുടങ്ങി. സ്വഭാവികമായും കേരളത്തിലുള്ള എല്ലാവര്‍ക്കും ഒരേ തരം നിബന്ധനകള്‍ വെച്ചു. മത്സ്യ തൊഴിലാളികള്‍, ആദിവാസി വിഭാഗങ്ങള്‍, പട്ടിക ജാതിക്കാര്‍, ലക്ഷം വീട് കോളനി പോലുള്ള കോളനികളില്‍ താമസിക്കുന്നവര്‍, സ്വന്തമായി ഭൂമി ഇല്ലാത്ത ആളുകള്‍ എന്നീ വിഭാഗങ്ങളൊക്കെ ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ ഈ ലൈഫ് മിഷന്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഒരു സാഹചര്യമാണ് ഇവിടെ ആത്യന്തികമായി സംഭവിച്ചത്. ലൈഫ് മിഷന്റെ ഭാഗമായി സര്‍ക്കാര്‍ ഒരുപാട് വീടുകള്‍ വയ്ക്കുന്നു എന്നത് ശരിയാണ്. പക്ഷെ, സവിശേഷമായ മാനുഷിക പരിഗണന നല്‍കേണ്ട സാഹചര്യങ്ങളുള്ള മേഖലകളുണ്ട്. അതായത് ഓരോ കമ്മ്യൂണിറ്റികള്‍ ജീവിക്കുന്ന സാഹചര്യം, അവരുടെ തൊഴില്‍, അവരുടെ ലൈവ്‌ലിഹുഡ് ഇതൊക്കെ മനസിലാക്കി വേണമല്ലോ അവര്‍ക്ക് അതിനകത്ത് ഒരു പോളിസി ആവിഷ്‌കരിക്കാന്‍.
ലൈഫ് പദ്ധതിയുടെ തുടക്കകാലത്ത് ചോര്‍ന്നൊലിക്കുന്ന എന്റെ വീട് പുതുക്കിപ്പണിയാന്‍ അപേക്ഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് സ്വന്തമായി സ്ഥലം ഉണ്ടാവുകയും എന്നാല്‍ വീടില്ലാതിരിക്കുകയും അഥവാ വാടക വീട്ടില്‍ താമസിക്കുന്ന സാഹചര്യമുള്ള ആളുകള്‍ക്കാണ് അവര്‍ ആദ്യം വീട് വെച്ചുകൊടുക്കുന്നത് എന്നാണ്. അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തമായി കുറച്ച് സ്ഥലം വാങ്ങിക്കുകയാണെങ്കില്‍ അവര്‍ അതില്‍ വീട് നിര്‍മിക്കാന്‍ സഹായിക്കും എന്നായിരുന്നു. മത്സ്യതൊഴിലാളി കുടുംബങ്ങളെ സംബന്ധിച്ച് അവര്‍ക്കെവിടെയാണ് സ്വന്തമായി സ്ഥലം? ഇനിയിപ്പോ സ്ഥലം വാങ്ങിക്കുകയാണെങ്കില്‍ തന്നെ തീരപ്രദേശത്തില്‍ ഉള്‍പെടാത്ത ഒരു സ്ഥലം വാങ്ങിക്കുകയാണെങ്കില്‍ മാത്രമേ പട്ടയവും ലാന്‍ഡ് റൈറ്റ്സും ഒക്കെ കിട്ടുകയുള്ളു. തീരപ്രദേശത്ത് തന്നെ വീട് വെച്ച് താമസിക്കണം എന്ന് തീരുമാനിക്കുന്ന ഒരു കുടുംബത്തിനെ സംബന്ധിച്ചിടത്തോളം ആ സ്ഥലത്തിന് റൈറ്റ്സ് ലഭിക്കാത്ത സ്ഥിതിക്ക് അവര്‍ക്ക് അതിന്റെ രേഖകളൊന്നുമുണ്ടാകില്ല. തീരപ്രദേശത്തൊക്കെ സംഭവിക്കുന്നത് അവരവരുടെ വീട് പിന്‍തലമുറക്കാര്‍ക്ക് കൈമാറി വരുന്ന രീതിയാണ്. ഉദാഹരണത്തിന് ഒരച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീട് ഇളയ മകന് ലഭിക്കുകയോ അല്ലെങ്കില്‍ മകളുടെ വിവാഹത്തിന് സ്ത്രീധനം ആയോ ചുരുക്കം ചില സാഹചര്യങ്ങളില്‍ കുടുംബത്തിന് പുറത്തുള്ള ഒരാള്‍ക്ക് വില്‍ക്കുകയോ ചെയ്യും. എങ്കില്‍പോലും അത് ആ കമ്മ്യൂണിറ്റിക്ക് അകത്തുള്ളവരുടെ കയ്യില്‍ തന്നെയാകും. അങ്ങനെയുള്ള സാഹചര്യത്തിലാണ് സ്ഥലമുള്ളവര്‍ക്കേ വീട് വെക്കാന്‍ സഹായം കൊടുക്കുകയുള്ളു എന്ന് പറയുന്നത്.
തീരപ്രദേശത്തിന് പുറത്ത് സ്ഥലം വാങ്ങാനുള്ള സാമ്പത്തിക ശേഷി എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. അതായത് ഈ ധനസഹായം ലഭിക്കണമെങ്കില്‍ തീരപ്രദേശത്തിന് പുറത്ത് സ്ഥലം വാങ്ങിക്കാനുള്ള സാമ്പത്തികാവസ്ഥയുണ്ടാകണം. എങ്കില്‍ മാത്രമേ ലൈഫ് പദ്ധതിയുടെ സഹായം ലഭിക്കുകയുള്ളു. അതിന്റെ പേരില്‍ പുറത്താക്കപ്പെടുന്നത് ഒരുപാട് കുടുംബങ്ങളാണ്. അത്തരത്തിലുള്ള അനുഭവം ഞാന്‍ അടുത്തുനിന്നു കണ്ടതാണ്. എനിക്ക് വീട് നന്നാക്കാനുള്ള ലോണ്‍ ആയിരുന്നു വേണ്ടിയിരുന്നത്. വീടിന് മഴയത്തൊക്കെ നല്ല ചോര്‍ച്ചയുണ്ടായിരുന്നതിനാല്‍ പുതുക്കിപണിയാനുള്ള ആലോചനയിലായിരുന്നു ഞാന്‍. അതിന് സഹായം തരില്ല എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് മാത്രമേ സഹായം കിട്ടുകയുള്ളു എന്നാണ് അവര്‍ പറഞ്ഞത്. ഇക്കാരണത്താല്‍ ഞങ്ങളുടെ പ്രദേശത്ത് ലൈഫ് മിഷന്‍ വഴി വീട് വെയ്ക്കാനുള്ള സഹായം ഇപ്പോള്‍ ലഭിക്കാറില്ല എന്നാണ് അന്നത്തെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. നിങ്ങള്‍ക്കൊക്കെ അറിയാവുന്നതല്ലേ ഇവിടുത്തെ സാഹചര്യം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇതുപോലെ കുറച്ച് പ്രദേശങ്ങള്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റികള്‍ക്ക് മാത്രമാണല്ലോ ഈ പ്രശ്നമുള്ളത്, പൊതുവായി കേരളത്തെ മൊത്തം ഒരൊറ്റ ലെന്‍സില്‍ കൂടി നോക്കുമ്പോള്‍ ഗുണകരമായ പദ്ധതിയാണിതെന്നായിരുന്നു മറുപടി.
പുനര്‍ഗേഹം ഫ്ളാറ്റാണ് മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി ഇപ്പോള്‍ നിര്‍മിച്ചു കൊടുക്കുന്നത്. അത് രണ്ട് തരത്തിലാണ്. ഒന്നുകില്‍ നിങ്ങളുടെ വീട് കടലെടുത്ത് പോയിട്ടുണ്ടാകണം. അല്ലെങ്കില്‍ ഇവിടെ താമസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കാണിച്ച് തീരപ്രദേശത്തിന്റെ പരിധിയില്‍ നിന്ന് മാറിയുള്ള ഒരു പ്രദേശത്ത് മൂന്നു നാല് സെന്റ് സ്ഥലം വാങ്ങിച്ച് ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിങ്ങള്‍ കാണിച്ചിരിക്കണം. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് 10 ലക്ഷത്തിന്റെ ഒരു പാക്കേജ് തരും. ഒന്നുകില്‍ നിങ്ങള്‍ക്കത് തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഗവണ്മെന്റ് കണ്‍സ്ട്രക്ഷനില്‍ നിര്‍മിക്കുന്ന പുനര്‍ഗേഹം ഫ്ളാറ്റുകളില്‍ ഒരു അപ്പാര്‍ട്മെന്റ് നിങ്ങള്‍ക്ക് തരും. ഇതാണ് ഇപ്പോള്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വെക്കുന്ന രണ്ട് ഓപ്ഷനുകള്‍.
ഇപ്പോള്‍ വിഴിഞ്ഞത്ത് നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് കോസ്റ്റല്‍ ഇറോഷന്‍ (coastal erosion) ബാധിക്കുകയും പിന്നീട് ഈ പുനര്‍ഗേഹം ഫ്ളാറ്റുകളില്‍ അകപ്പെടുകയും ചെയ്ത വലിയതുറയും പൂന്തുറയും കൊച്ചുതോപ്പും പോലുള്ള പ്രദേശങ്ങളിലെ ആളുകളോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. അവിടെയൊക്കെ ഈ ഫ്ളാറ്റുകള്‍ വലിയ മോശപ്പെട്ട അവസ്ഥയിലാണ്. നമ്മള്‍ പുറമെ നിന്ന് ചിത്രങ്ങളില്‍ കാണുന്ന പോലത്തെ സൗധമൊന്നും അല്ല. താമസം തുടങ്ങി ഒരു വര്‍ഷം കഴിയും മുന്‍പേ ചോര്‍ന്നൊലിക്കുന്ന അവസ്ഥ, വെള്ളമില്ലാത്ത പ്രശ്നം, കറന്റ് പോകുന്ന പ്രശ്നം തുടങ്ങി ഒരുപാട് ഇഷ്യൂസ് സ്ഥിരമായി വന്നുകൊണ്ടിരിക്കുന്നു. പിന്നെ വളരെ കുടുസു മുറികളാണ് ഇത്തരം ഫ്ളാറ്റുകള്‍ക്കുള്ളത്. ഇത്തരം പുനഃര്‍ഗേഹം ഫ്ളാറ്റുകളില്‍ പോയ എല്ലാവര്‍ക്കും ഇപ്പോള്‍ പരാതികളാണ്.

തിരുവനന്തപുരത്ത പൊഴിയൂര്‍ എന്ന മത്സ്യബന്ധന ഗ്രാമത്തിലുള്ള എന്റെയൊരു സുഹൃത്തിന്റെ വീട് കടലെടുത്തുപോയി. അദ്ദേഹത്തിന് പുനഃര്‍ഗേഹം ഫ്ളാറ്റ് കിട്ടിയെങ്കിലും അത് വേണ്ടെന്ന് വെച്ച് 10 ലക്ഷം രൂപയുടെ പാക്കേജിനാണ് അപേക്ഷിച്ചത്. അപ്രൂവല്‍ കിട്ടാന്‍ ഒരുപാട് അതിന്റെ പിറകേ നടക്കേണ്ടി വന്നു. തീരപ്രദേശം കഴിഞ്ഞ് വരുന്ന കര എന്നൊക്കെ വിളിക്കുന്ന ഭാഗത്തെ സ്ഥലത്തിനൊക്കെ നല്ല വിലയാണിപ്പോള്‍. ഒരു സെന്റിന് മൂന്നോ നാലോ ലക്ഷം കൊടുത്തിട്ട് വേണമായിരുന്നു സ്ഥലം വാങ്ങിക്കാന്‍. അപ്പോള്‍ ഒരു മൂന്ന് നാല് സെന്റ് സ്ഥലം 12 ലക്ഷമൊക്കെ കൊടുത്ത് വാങ്ങിയിട്ട് വേണം 10 ലക്ഷത്തിന്റെ വീട് വെക്കാനുള്ള സഹായം ലഭിക്കാന്‍. സ്ഥലം വാങ്ങാന്‍ 10 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന പൈസയും വീട് വെക്കാനുള്ള മുഴുവന്‍ ചെലവിനും വലിയ തുക സ്വയം കണ്ടെത്തേണ്ട ബാധ്യതയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നുകൊണ്ടുവേണം ഇത്തരം പാര്‍പ്പിട പദ്ധതികളെ വിലയിരുത്താന്‍. ലൈഫ് പദ്ധതിക്ക് മുമ്പ് ഇവിടെ നിലനിന്നിരുന്ന ഓരോ വിഭാഗങ്ങള്‍ക്കുമുള്ള പ്രത്യേക പാര്‍പ്പിട പദ്ധതികള്‍ ഓരോ കമ്മ്യൂണിറ്റികളുടെ സവിശേഷമായ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകം നടപ്പിലാക്കാന്‍ കഴിയുന്നതായിരുന്നു. അവയ്ക്കും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ലൈഫിനെ അപേക്ഷിച്ചു എത്രയോ ഭേദപ്പെട്ടതായിരുന്നു. ഓരോ കമ്മ്യൂണിറ്റിയുടെയും ജീവിത സാഹചര്യങ്ങള്‍, തൊഴില്‍, അവര്‍ അനുഭവിക്കുന്ന പാര്‍ശ്വവത്കൃത സാഹചര്യങ്ങള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയൊക്കെ പരിശോധിച്ച ശേഷമുള്ള നടപടികളാണ് പാര്‍പ്പിട പദ്ധതികളുടെ കാര്യത്തില്‍ ഉണ്ടാവേണ്ടത്.'
ലൈഫ് ഭവന പദ്ധതിയില്‍ തീരദേശ മേഖല നേരിടുന്ന അവഗണനയെ കുറിച്ച് സിന്ധു മരിയ നെപ്പോളിയന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന സ്വന്തമായി വീടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക്, അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് വീടുവെച്ചു മാറിത്താമസിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കുന്നതാണ് പുനര്‍ഗേഹം പദ്ധതി. ആറു ലക്ഷം രൂപ ഭൂമി വാങ്ങിക്കുന്നതിനും (രജിസ്‌ട്രേഷന്‍ ചെലവുകള്‍, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്തുകൂലി എല്ലാം ഉള്‍പ്പടെ) നാല് ലക്ഷം രൂപ വീട് നിര്‍മ്മിക്കുന്നതിനും അങ്ങനെ ആകെ 10 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.
ലൈഫ് പദ്ധതിയില്‍ തീരദേശ-മത്സ്യബന്ധന മേഖല മാത്രമല്ല ആദിവാസി വിഭാഗങ്ങളും വലിയ തോതില്‍ അവഗണന നേരിടുന്നുണ്ട്. കാസര്‍ഗോഡ് കോടോം - ബേളൂര്‍ പഞ്ചായത്തിലെ ഉദയപുരം ആദിവാസി കോളനിയില്‍ വീടും ശുചിമുറിയും ഇല്ലാത്ത രണ്ട് കുടുംബങ്ങള്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ദുരിതമനുഭവിക്കുന്ന വാര്‍ത്ത വന്നിരുന്നു. ഇവരില്‍ ഒരാളുടെ കുട്ടി പഠിക്കുന്ന കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ നടത്തിയ ഭവന സന്ദര്‍ശനത്തിലാണ് ഇവരുടെ ദുരിതം പുറംലോകം അറിഞ്ഞത്. വീടിനായി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് അവര്‍ പറയുന്നു. ട്രൈബല്‍ ഡിപ്പാര്‍ട്മെന്റും ഇവരുടെ ദുരിതം അറിഞ്ഞിട്ടില്ല. ചെങ്കല്ല് ഉപയോഗിച്ച് ഓല കൊണ്ടുള്ള മേല്‍ക്കൂരയോടുകൂടിയുള്ള ഒറ്റമുറി വീട്ടിലാണ് ഇവര്‍ കഴിയുന്നത്. ട്രൈബല്‍ വകുപ്പ് ആദിവാസികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു തുക അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഉദയപുരം കോളനിവാസികള്‍ക്ക് അറിവില്ല. പലപ്പോഴും സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പല വികസന പദ്ധതികളെ കുറിച്ചും ധനസഹായങ്ങളെ കുറിച്ചും കൃത്യമായ അറിവും ധാരണയുമില്ലാത്തതിനാല്‍ പുറത്താക്കപ്പെടുന്ന അര്‍ഹതപ്പെട്ടവര്‍ അനവധിയാണ്.

"ഈ ലൈഫ് മിഷന് വേണ്ടി ഏറ്റവും കൂടുതല്‍ പൈസ കൊടുക്കുന്നത് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പാണ്. പക്ഷേ 100 പേര്‍ക്ക് വീട് കൊടുക്കുമ്പോള്‍ അതില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ എണ്ണം വളരെ കുറവാണ് എന്ന് കാണാം. അതുതന്നെ ഏറ്റവും അവസാനമാണ് ഉള്‍പ്പെടുത്തുന്നത് പോലും. അപ്പോള്‍ ഞങ്ങളുടെ വകുപ്പില്‍ നിന്ന് പൈസ വാങ്ങിയിട്ടും ഞങ്ങളുടെ ഇത്രയും ഫണ്ട് അവര്‍ക്ക് നല്‍കിയിട്ടും ലൈഫ് പദ്ധതിയില്‍ പരിഗണിക്കുന്നത് വളരെ കുറവാണ്. ലൈഫ് മിഷനുമുമ്പുണ്ടായിരുന്ന അതാത് ഡിപ്പാര്‍ട്മെന്റുകള്‍ വഴി ഓരോ വിഭാഗങ്ങള്‍ക്കും വീട് വെക്കാന്‍ സഹായം നല്‍കുന്ന രീതിയായിരുന്നു നല്ലത്. ഇങ്ങനെയൊരു കേന്ദ്രീകൃത സംവിധാനം വന്ന സമയത്ത് അത് യഥാര്‍ത്ഥ അര്‍ഹതപ്പെട്ടവരിലേക്ക് എത്താന്‍ താമസമെടുക്കുകയും അവരെ കൃത്യമായി അഡ്രസ്സ് ചെയ്യാന്‍ പറ്റാതെ പോവുകയും ചെയ്തു എന്നുള്ളതാണ് അതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.' - വയനാടിലെ മുള്ളക്കുറുമ ആദിവാസി വിഭാഗത്തില്‍ നിന്നുളള ഗവേഷകനായ നിതീഷ് കുമാര്‍ കെ.പി. ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
ലൈഫ് സുതാര്യമാകണം
കോവിഡ് വ്യാപനം കാരണം വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും വന്ന നിയന്ത്രണങ്ങളും ലൈഫ് ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ അഭാവവും മറ്റ് കാരണങ്ങള്‍കൊണ്ടും ഭൂരഹിത സാക്ഷ്യപത്രവും വരുമാന സര്‍ട്ടിഫിക്കറ്റും ലഭ്യമാവാന്‍ കാലതാമസം നേരിട്ടിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് സാമൂഹിക അകലം പാലിച്ചുള്ള വരി നില്‍ക്കലുമൊക്കെ ഗുണഭോക്താക്കളെ ദുരിതത്തിലാക്കിയിരുന്നു. അപേക്ഷകളുടെ തിരക്ക് മൂലം പല സമയങ്ങളിലും പദ്ധതിയുടെ സൈറ്റ് തകരാറിലാകുന്നതും രജിസ്‌ട്രേഷന്‍ സമയത്ത് ഒ.ടി.പി നമ്പറിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ടായിരുന്നു. അതേ സമയം തുടക്കം മുതല്‍ തന്നെ ലൈഫ് മിഷന്റെ പ്രവര്‍ത്തനം പല തരം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

2020 ല്‍ സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സഹായം സ്വീകരിച്ചോ എന്ന് പരിശോധിക്കാന്‍ വിദേശസഹായ നിയന്ത്രണ നിയമത്തിലെ വകുപ്പ് 43 പ്രകാരം സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ ലൈഫ് മിഷന്‍ പദ്ധതി വിവാദങ്ങളെക്കുറിച്ച് സി.ബി.ഐ നടത്തുന്ന അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം വേണമെന്ന അനില്‍ അക്കര എം.എല്‍.എയുടെ പരാതിയും അതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസാണ് ഹര്‍ജി നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഒരു ഏജന്‍സിയെ നിയോഗിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ അധികാരം മറികടന്ന് ഉത്തരവിടാനാവില്ലെന്നും ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ ആരോപണമുന്നയിച്ച് സംസ്ഥാനത്തെ ഭവനപദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ അനില്‍ അക്കര എം.എല്‍.എ നല്‍കിയ പരാതി തികച്ചും രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടു കൂടിയതാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ കേസെടുത്തതും ഇതേ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ യൂണിടാക് എം.ഡി. സന്തോഷ് ഈപ്പനെ ഒന്നും, സാന്‍വെഞ്ച്വേഴ്സിനെ രണ്ടും, ലൈഫ് മിഷന്‍ പദ്ധതിയിലെ ഇനിയും തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ മൂന്നും പ്രതികളാക്കിയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുജന പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 2020 ആഗസ്റ്റ് 18 വരെ 2,24,322 വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയെന്നും 2019 ഒക്ടോബര്‍ 28ലെ ഉത്തരവനുസരിച്ച് 36 ഹൗസിംഗ് പ്ളോട്ടുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. യു.എ.ഇ റെഡ് ക്രസന്റ് അതോറിറ്റി വീടുകള്‍ നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിയും ലൈഫ് മിഷന്‍ സി.ഇ.ഒയുമായി ധാരാണാപത്രം ഒപ്പുവച്ചു. കരാറുകാരനെയും ബില്‍ഡറെയും തിരഞ്ഞെടുക്കുന്നത് റെഡ് ക്രസന്റാണ്. ഇതില്‍ സര്‍ക്കാരിനോ ലൈഫ് മിഷനോ പങ്കില്ലെന്നും സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വിദേശത്ത് നിന്ന് സഹായം സ്വീകരിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. 140 അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മ്മാണത്തിനായി ജൂലായ് 31നാണ് യു.എ.ഇ കോണ്‍സുലേറ്റും യൂണിടാകുമായാണ് കരാര്‍ ഒപ്പുവച്ചത്. യൂണിടാകിനെയും സാന്‍വെഞ്ച്വേഴ്സിനെയും തിരഞ്ഞെടുത്തത് റെഡ് ക്രസന്റാണ്. സര്‍ക്കാരിനോ ലൈഫ് മിഷനോ ഇതില്‍ പങ്കില്ലെന്നും ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
2021-22 ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ 9 ലക്ഷം അപേക്ഷകരാണുള്ളത്. 2018 ല്‍ 4 ലക്ഷം അപേക്ഷകരില്‍ 2 ലക്ഷത്തോളം പേരാണ് അര്‍ഹത നേടിയത്. പകുതി നിര്‍മിച്ച വീട് പൂര്‍ത്തിയാക്കുക, സ്ഥലം സ്വന്തമായുള്ളവര്‍ക്ക് വീട് വയ്ക്കുക, സ്ഥലം വാങ്ങി നല്‍കി വീടു വയ്ക്കുക എന്നീ മൂന്നു വിഭാഗത്തിലും പെട്ടവരാണ് ഈ 2 ലക്ഷം പേര്‍. ഇവരില്‍ പകുതി പേര്‍ക്ക് വീട് നല്‍കാനുണ്ട്. എന്നാല്‍ 2021-22 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ 9 ലക്ഷം പേര്‍ എത്തിയത് സര്‍ക്കാരിനെ കുഴക്കിയിരുന്നു. ഒരു വീട്ടില്‍ നിന്നു തന്നെ പലരും അപേക്ഷിച്ചതായും വീടുള്ളവരും അപേക്ഷിച്ചതായുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ അര്‍ഹരെ കണ്ടെത്തുന്നതിന് സൂക്ഷ്മ പരിശോധന നടത്താന്‍ നിര്‍ദേശിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം പട്ടിക മന:പൂര്‍വം വൈകിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ലൈഫിലെ പാളിച്ചകള്‍
കാസര്‍ഗോഡ് ചെമ്മനാട് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന സമുച്ചയ പദ്ധതിയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആറുമാസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പദ്ധതി രണ്ടു വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. നിര്‍മാണ ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് കരാര്‍ തുകയിലെ കുടിശ്ശിക നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ചെമ്മനാട് പഞ്ചായത്തിന്റെ മൂന്നാംഘട്ട പട്ടികയിലുള്ള 44 കുടുംബങ്ങള്‍ക്കായാണ് ഭവന സമുച്ചയം ഉയരുന്നത്. 6.64 കോടി രൂപ ചെലവിട്ട് ആധുനിക പ്രീ-ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫ്‌ലാറ്റുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. കല്ലും മണ്ണും മരവും ഉപയോഗിക്കാതെ നാലുനിലകളിലുള്ള പ്രകൃതി സൗഹൃദ ഫ്‌ലാറ്റുകള്‍. 2020 സെപ്റ്റംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 2021 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കി അവകാശപ്പെട്ടവര്‍ക്കു കൈമാറുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ കരാറുകാര്‍ തുടക്കത്തിലേ സ്വീകരിച്ച മെല്ലെപോക്ക്, പദ്ധതി പൂര്‍ത്തീകരണത്തെ സാരമായി ബാധിച്ചുവെന്നു ആരോപണമുണ്ട്. അവസാനം അവര്‍ക്ക് കുടിശ്ശിക കൂടി കിട്ടാതായതോടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു പോയി. അംഗണവാടി, വായനശാല, വയോജന പരിപാലന കേന്ദ്രം, എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള പദ്ധതികളെല്ലാം കാടുപിടിച്ച അവസ്ഥയിലാണ്. പദ്ധതി നിര്‍മാണം പാതിവഴിയില്‍ നിലച്ചു പോകുമ്പോള്‍ വീടെന്ന സ്വപ്നം പേറി നടക്കുന്ന ഒരുപാട് പാവപ്പെട്ടവരുടെ പ്രതീക്ഷകളാണ് ഇല്ലാതാകുന്നത്.
2020 ഒക്ടോബറില്‍ പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സിയായ ഹാബിറ്റാറ്റ് ലൈഫ് മിഷന്‍ കണ്സള്‍ട്ടന്‍സി ഒഴിഞ്ഞിരുന്നു. 15 കോടിക്ക് താഴെ പദ്ധതി പൂര്‍ത്തിയാക്കണം എന്ന് ലൈഫ് മിഷനില്‍ നിന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 12.5 കോടിയുടെ പദ്ധതി രൂപ രേഖ സമര്‍പ്പിച്ചിരുന്നു. പലതവണ പദ്ധതിയുടെ രൂപരേഖ മാറ്റേണ്ടിവന്നുവെന്നും സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ലെന്നും ഹാബിറ്റാറ്റിന്റെ ചെയര്‍മാന്‍ ജി. ശങ്കര്‍ പറയുകയുണ്ടായി.
മൂന്നിലവ് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയില്‍ ക്രമക്കേടു കാട്ടിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കും അതിനു കൂട്ടുനിന്നവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഡയറക്ടറേറ്റില്‍ അട്ടിമറിച്ചതായി കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തുവന്നിരുന്നു. അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കേണ്ടതാണെന്നു റിപ്പോര്‍ട്ടിലുണ്ടായിട്ടും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ചില ഉന്നതര്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണു വിജിലന്‍സ് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചത്. മൂന്നിലവില്‍ ലൈഫ് ഭവന പദ്ധതി നടത്തിപ്പില്‍ 68 ലക്ഷം രൂപയുടെ ക്രമക്കേട് വി.ഇ.ഒ ജോണ്‍സണ്‍ ജോര്‍ജ് നടത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഗ്രാമവികസന വകുപ്പു നടത്തിയ അന്വേഷണത്തിലും വി.ഇ.ഒ ക്രമക്കേടു നടത്തിയതായി ബോധ്യപ്പെട്ടിരുന്നു.
ലൈഫ് എവിടെ വരെ
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ വെച്ച് നടന്നിരുന്നു. 20,808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് നടന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത ഭവനങ്ങളും 2950 ഫ്‌ളാറ്റുകളും നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞിരുന്നു. പി.എം.എ.വൈ പദ്ധതിയുടെ കേന്ദ്രവിഹിതമായ 327 കോടി രൂപ ഉള്‍പ്പെടെ ലൈഫ് ഭവന പദ്ധതിക്കുള്ള ആകെ വിഹിതം 1871.82 കോടി രൂപയാണെന്നാണ് ധനമന്ത്രി സഭയില്‍ പറഞ്ഞത്. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട നാല് മിഷനുകളില്‍ ഒന്നാണ് നവകേരള പദ്ധതി. ഇതുവരെ 2,76,465 വീടുകള്‍ ഇതുവരെ ലൈഫ് മിഷന് കീഴില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞതായി പറയുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട്.
"ദളിത്, ആദിവാസി വിഭാഗം, തീരദേശ ജനത തുടങ്ങിയ പരിഗണന വച്ചുകൊണ്ടാണ് അര്‍ഹതാ മാനദണ്ഡങ്ങളും മുന്‍ഗണനാ ലിസ്റ്റും തയ്യാറാക്കിയത്. ഏതെങ്കിലും ഒരു വിഭാഗത്തിന് നിയന്ത്രിതമോ, അനിയന്ത്രിതമോ ആയ ആനുകൂല്യമല്ല ലൈഫ് മിഷന്‍ നല്‍കുന്നത്. അര്‍ഹതാ മാനദണ്ഡത്തില്‍ വന്നിട്ടുള്ള മുഴുവനാളുകള്‍ക്കും വീട് നല്‍കും. ആദ്യ ലൈഫ് പട്ടിക തയ്യാറാക്കുമ്പോള്‍ എസ്.സി. എസ്.ടി. വകുപ്പിനും ഫിഷറിസ് വകുപ്പിനും പ്രത്യേക പട്ടികയുണ്ടായിരുന്നു. ആ ലിസ്റ്റിലുള്ളവര്‍ ലൈഫ് പട്ടികയില്‍ വരാത്തതിനാലാണ് അഡീഷണല്‍ ലിസ്റ്റായി കൊണ്ടുവന്നത്. ഇപ്പോള്‍ അഡീഷണല്‍ ലിസ്റ്റിന് പ്രസക്തിയില്ല. അവരെയെല്ലാം കണക്കിലെടുത്താണ് ലൈഫിന്റെ പുതിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയത്. അതിദാരിദ്ര്യം അവസാനിപ്പിക്കാനുള്ള പദ്ധതി ഇപ്പോള്‍ നടക്കുന്നുണ്ട്. അതിദരിദ്രരായി കണ്ടെത്തിയവര്‍ക്ക് വീട് നല്‍കാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.' തീരദേശ മേഖലയിലുള്ളവര്‍, മത്സ്യബന്ധനതൊഴിലാളികള്‍, ആദിവാസി ദളിത് വിഭാഗങ്ങള്‍ എന്നിവരെ പരിഗണിക്കുന്നതിന്റെ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് ട്രൂകോപ്പിക്ക് ലഭിച്ച മറുപടിയാണിത്.
"മനസോടിത്തിരി മണ്ണ്' പോലെയുള്ള ക്യാമ്പയിനില്‍ നിന്ന് ഇതുവരെ 39 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 1778.72 സെന്റ് സ്ഥലം ലഭിച്ചിട്ടുണ്ടെന്ന് മിഷന്‍ പറയുന്നു. ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയുടെ ഭാഗമായി. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ആയിരം പേര്‍ക്ക് ഭൂമി വാങ്ങാന്‍ 25 കോടി നല്‍കാമെന്ന് ധാരണാപത്രം ഒപ്പിട്ടതായും 1.56 ഏക്കര്‍ ഭൂമി ഫെഡറല്‍ ബാങ്ക് സംസ്ഥാന സര്‍ക്കാരിന് കൈമാറിയതായും മിഷന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവച്ച ഭൂമി ലൈഫിന് കൈമാറിയ ദമ്പതികളുണ്ട്. അങ്ങനെ കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നതും തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് ട്രൂകോപ്പിക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു.
"ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവര്‍ മുതല്‍ സ്വന്തം ഭൂമിയില്‍ തുടങ്ങി വെച്ച വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ വരെ ഉള്‍പ്പെടുത്തി ഭവനരാഹിത്യം എന്ന പ്രശ്‌നത്തെ അതിന്റെ സമഗ്രതയില്‍ ലൈഫ് അഭിസംബോധന ചെയ്യുന്നു. അതായത്, പരമാവധി പേരെ ഭവനപദ്ധതിയില്‍ ഉള്‍കൊള്ളിക്കലാണ് ലൈഫിന്റെ നയം, വിചിത്രമായ ദാരിദ്ര്യ നിര്‍ണ്ണയരീതികള്‍ കൊണ്ട് ഗുണഭോക്താക്കളെ പരമാവധി പുറംതള്ളലല്ല.' രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ 20,808 വീടുകള്‍ പൂര്‍ത്തീകരിച്ച പ്രഖ്യാപന വേളയില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പില്‍ നിന്നുള്ള ഭാഗമാണിത്. മുഖ്യമന്ത്രി പറഞ്ഞത് പൂര്‍ണ്ണമായും ശരിയാകണമെങ്കില്‍ ലൈഫ് മിഷന്റെ ഭവന പദ്ധതി കൂടുതല്‍ സുതാര്യമാകേണ്ടതുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് മുമ്പുണ്ടായിരുന്ന മറ്റ് ഭവന പദ്ധതികള്‍ ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകമായിരുന്നു നടപ്പിലാക്കിയിരുന്നത് എന്നതിനാല്‍ ആ വിഭാഗങ്ങളുടെ പരിമിതികള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാനദണ്ഡങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ലൈഫ് എന്ന ഒരൊറ്റ പദ്ധതിക്ക് കീഴില്‍ വന്നതോടുകൂടി ആദിവാസി- പട്ടിക ജാതി - തീരദേശ മത്സ്യബന്ധന മേഖലകള്‍ക്ക് ലഭിക്കേണ്ട പ്രത്യേക പരിഗണനയാണ് ഇല്ലാതാകുന്നത്. ഏതൊരു പദ്ധതിയും നടപ്പിലാക്കുമ്പോള്‍ ഓരോ വിഭാഗങ്ങള്‍ക്കും അവരുടെ ജീവിത സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മാനദണ്ഡങ്ങളായിരിക്കണം. ലൈഫ് പദ്ധതിയുടെ വരും ഘട്ടങ്ങളില്‍ നിലവിലുള്ള അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനും ലൈഫ് മിഷനും സാധിക്കേണ്ടതുണ്ട്. കൂടാതെ ആദിവാസി വിഭാഗത്തിനും തീരദേശ മേഖലയ്ക്കും കൂടുതല്‍ കരുതല്‍ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
സല്‍വ ഷെറിന്‍
Dec 29, 2022
3 Minutes Read
സല്‍വ ഷെറിന്‍
Nov 18, 2022
25 Minutes Watch
സല്‍വ ഷെറിന്‍
Oct 21, 2022
10 Minutes Watch
സല്‍വ ഷെറിന്‍
Sep 29, 2022
11 Minutes Watch
സല്‍വ ഷെറിന്‍
Sep 20, 2022
12 Minutes Read