truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 09 August 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 09 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
delhi

Caste Politics

ഇൻസ് മുഹമ്മദ് / Photo: Special Arrangement

മതേതര ജനാധിപത്യ
രാജ്യത്തെ 'മുടി' യുടെ ജാതി

മതേതര ജനാധിപത്യ രാജ്യത്തെ 'മുടി' യുടെ ജാതി

മുടിവെട്ടുന്നവന് ജാതിയുള്ള ലോകത്തെ ഒരേയൊരു രാജ്യമാണിത്. ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കാവുന്ന കാലം ഓരോ മനുഷ്യനും ഗ്രാമത്തില്‍ വരുമെന്നാണ് ഇന്‍സ് മുഹമ്മദ് ഉറച്ചു വിശ്വസിക്കുന്നത്. തൊഴിലിന്റെ പേരില്‍ അപമാനിക്കപ്പെട്ടവര്‍ കണക്കുചോദിക്കുമെന്നും രോഷത്തോടെ പറഞ്ഞു. സവര്‍ണ്ണ പ്രതാപ കോട്ടകള്‍ ഇല്ലാതാക്കി സാധാരണ മനുഷ്യന്‍ ചിരിക്കുന്നത് ദിവസവും സ്വപ്‌നം കാണാറുണ്ടത്രെ.

15 May 2022, 03:11 PM

Delhi Lens

ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ മുടി ഞങ്ങള്‍ വെട്ടില്ല. കേരളത്തിലെ ബാര്‍ബര്‍മാരുടെ സംഘടന കഴിഞ്ഞ നവംബറില്‍ നടത്തിയ പ്രസ്താവനയാണിത്. ആദ്യ കേള്‍വിയില്‍ ചിലര്‍ക്കെങ്കിലും വല്ലാത്തൊരു തമാശതോന്നിയിട്ടുണ്ടാകും. എന്നാല്‍ അതിന് പുറകില്‍ തൊഴിലിന്റെ പേരില്‍ കുറെ മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അങ്ങേയറ്റത്തെ അശ്ലീലമുണ്ട്. കാലങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടത്തിന്റെ രോഷമുണ്ട്.

"മണ്‍മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണില്‍ പോലും കിടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ ചെരയ്ക്കാനല്ല നടക്കുന്നതെന്ന് സി.പി.എമ്മിനെ ഓര്‍മിപ്പിക്കുന്നു' ഇതായിരുന്നു സി.പി. മാത്യുവിന്റെ പ്രതികരണം. ചെരയ്ക്കല്‍ വളരെ മോശപ്പെട്ട എന്തോ ആണെന്ന് അദ്ദേഹം ഉള്‍പ്പെടുന്ന വലിയ സമൂഹത്തെ ആരൊക്കെയോ പഠിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ മഹത്വം കാണിക്കാന്‍ യാതൊരു സങ്കോചവും കൂടാതെ അത്തരം പ്രയോഗങ്ങള്‍ എവിടെയും ഉപയോഗിക്കും.

മുടിവെട്ടുന്നവന് ജാതിയുള്ള ലോകത്തെ ഒരേയൊരു രാജ്യമാണിത്. അഥവാ അവന് അവര്‍ണ്ണനെന്നോ ന്യൂനപക്ഷമെന്നോ ചാപ്പയുള്ള നാട്. കേരളമെന്ന തിളയ്ക്കുന്ന ചോരയുള്ളവരുടെ നാട്ടില്‍ പോലും അതില്‍നിന്നവര്‍ മോചിതരല്ല. പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട തൊഴിലായി അതിനെ അടയാളപ്പെടുത്തുന്നതിന് പുറകില്‍ സവര്‍ണ്ണതയുടെ കുറുക്കന്‍ തലച്ചോറുണ്ട്. കേരളവും ആ കുബുദ്ധിക്ക് കീഴടങ്ങിയതിന് ഇനിയുമേറെ ഉദാഹരങ്ങളുമുണ്ട്.

തൊഴിലിന്റെ പേരില്‍ നാടുവിടേണ്ടിവന്ന ഉത്തര്‍പ്രദേശിലെ ഇന്‍സ് മുഹമ്മദിന്റെ ജീവിതമാണ് പറയാനുള്ളത്. ആ ജീവിത പരിസരത്തുനിന്നും ഏറെ ദൂരം നടന്നിട്ടില്ല കേരളമെന്ന് ഓര്‍ക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതു ബോധം മുടിവെട്ടുന്ന, താടിവടിക്കുന്ന മനുഷ്യരോട് ചെയ്യുന്നത് ഏറെക്കുറെ സമാനമാണ്. അച്ഛന്‍ ലാല്‍ മുഹമ്മദ് ബാര്‍ബര്‍ ആയിപോയെന്ന ഒറ്റക്കാരണം കൊണ്ടാണ് ഇന്‍സ് മുഹമ്മദ് ഡല്‍ഹിയിലേക്ക് കള്ളവണ്ടികയറിയത്. ഒടുവില്‍ വഴിയരികില്‍ വലിച്ചെറിയപ്പെട്ടവനെപോലെ ജീവിതം ബാക്കിയായി.

ins 2
ഇൻസ് മുഹമ്മദ്

തിരയൊടുങ്ങും മുന്‍പ് അതിജീവന സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കാത്ത വലിയൊരുവിഭാഗം മനുഷ്യരുടെ നാടാണിത്. ജാതി അതിന്റെ എല്ലാ തീക്ഷ്ണതയിലും മനുഷ്യനുമേല്‍ കുരുക്കിടുന്നുണ്ട്. സവര്‍ണ്ണ തിട്ടൂരങ്ങളില്‍ ഊര്‍ദ്ധശ്വാസം വലിക്കുകയാണ് ഗ്രാമങ്ങള്‍. ആ ജീവിതങ്ങളുടെ ചൂട് രാജ്യത്താകമാനമുള്ള അവര്‍ണ്ണനെ പൊള്ളിക്കുന്നുണ്ട്. ചാരമാകും മുന്‍പ് അവസാന തുരുത്തില്‍ നിന്ന് അവര്‍ യാചിക്കുന്നത് ഇനിയും ലഭ്യമാകാത്ത ജീവിതമാണ്.

ജാതി തീരുമാനിക്കുന്ന തൊഴിലിടങ്ങള്‍

വല്ലപ്പോഴും കാണാന്‍ കിട്ടുന്ന ഒരാളായിരുന്നു ഇന്‍സ് മുഹമ്മദിന് അച്ഛന്‍. നേരം പുലരുമ്പോഴേക്കും കത്രിക സഞ്ചിയും ബാറ്ററി ടോര്‍ച്ചുമായി ഇറങ്ങിയാല്‍ തിരിച്ചെത്തുന്നത് പാതിരാത്രി. അപ്പോഴേക്കും വീടാകെ ഉറങ്ങും. അന്നൊക്കെ തലമുടി വെട്ടി താടി വടിക്കാന്‍ മൂന്നുരൂപയാണ്. പിന്നെയും കാലങ്ങള്‍ എടുത്തു മൂന്ന് അഞ്ചാകാന്‍. അതും ജാതി പ്രമാണിമാര്‍ക്ക് ബാധകമല്ല. അവര്‍ക്ക് എല്ലാം സൗജന്യമാണ്. രാപ്പകല്‍ അധ്വാനത്തിന്റെ ചില്ലറത്തുട്ടുകള്‍ കൂട്ടിയാല്‍ കിട്ടുന്നത് അന്‍പത് രൂപക്ക് താഴെയാണ്.

ALSO READ

ജനാധിപത്യ രാജ്യവും മുറിവേറ്റ കര്‍ഷകരും

ചെറിയ ക്ലാസ്സില്‍ പഠനം നിര്‍ത്തി. തൊട്ടടുത്ത ദിവസംമുതല്‍ അച്ഛന്റെ സഹായിയായി. അന്നുതൊട്ടാണ് ബാര്‍ബര്‍ ജീവിതം തുടങ്ങുന്നത്. മുടിവെട്ടാന്‍ ആളെ കിട്ടണമെങ്കില്‍ ഗ്രാമം മുഴുവന്‍ ചുറ്റണം. കിട്ടിയാല്‍ ഏതെങ്കിലും തണല്‍ മരച്ചുവട്ടില്‍ വച്ചു ചെയ്യും. പ്രമാണിമാരെ വീടിന് പുറത്ത് കാത്തു നില്‍ക്കണം. അവരുടെ സമയം വരെ ആ നില്‍പ്പ് തുടരും. ചിലപ്പോള്‍ മണിക്കൂറുകള്‍ നീണ്ടുപോകും. ശരീരത്തില്‍ അധികം തൊടാതെ വേണം പണി എടുക്കാന്‍. താടി വടിക്കുമ്പോഴെങ്ങാനും കൈതട്ടിപോയാല്‍ ഒറ്റ ചവിട്ടാണ്. കാലങ്ങളായുള്ള അച്ഛന്റെ നിര്‍ത്താതെയുള്ള ചുമയുടെ രഹസ്യമാണ് അന്ന് കിട്ടിയത്. ഉടനെ എഴുന്നേറ്റ് ഒന്നും സംഭവിക്കാത്തതുപോലെ പണി എടുക്കണം.

ins 4
ഇൻസ് മുഹമ്മദ്

ഉറക്കത്തിലും കത്രികയുടെ ശബ്ദമാണ് കാതിലാകെ. സവര്‍ണ്ണതയുടെ ക്രൂരത മുന്നില്‍കണാന്‍ തുടങ്ങിയതുമുതല്‍ കണ്ണടച്ചാല്‍ ഭയമാണ്. ഇരുട്ട് കൂടുതല്‍ പേടിപ്പെടുത്തുന്ന ഒന്നായി. അക്കാലത്താണ് ഈ തൊഴില്‍ ജീവിതമാര്‍ഗ്ഗമാക്കില്ല എന്നു തീരുമാനിച്ചത്. ഗ്രാമത്തില്‍ ഓരോ ജോലിയും ചെയ്യുന്നവന് പുറകില്‍ ഓരോ ജാതിയുണ്ടെന്ന തിരിച്ചറിവ് വേദനയോടെ ഉള്‍ക്കൊണ്ടു. അതില്‍ നിന്നൊരു മോചനം സാധ്യമല്ലെന്നും തിരിച്ചറിഞ്ഞു.

ജാതിപറയുന്ന അനീതി

ഏതൊരു ഗ്രാമീണനും ജാതി കല്പിച്ചുകൊടുത്ത ജോലിക്ക് പുറത്തുകടക്കാന്‍ എളുപ്പമല്ല. മറ്റൊരു സാധ്യത കണ്ടെത്തിയാലും ഗ്രാമത്തിനുള്ളില്‍ അസാധ്യമാണ്. ഭൂരിപക്ഷം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ജാതിയാണ് ജോലി തീരുമാനിക്കുന്നത്. സവര്‍ണ്ണതയാണ് അതിന് മാര്‍ക്കിട്ട് കൂലികൊടുക്കുന്നത്. ജാതി പ്രമാണിമാരുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ നിശബ്ദമാണ് ഗ്രാമത്തിലെ കാറ്റുപോലും.

ചരിത്രകാരന്‍ രാമചന്ദ്രഗുഹ പറഞ്ഞത്, ജാതിയില്‍ ജനിച്ച് ജാതി ഭക്ഷിച്ച് ജാതി ശ്വസിച്ച് ജീവിക്കുന്ന ജനതയുള്ള ഇടമാണ് ഉത്തരേന്ത്യയെന്നാണ്. ആ വാദം സാധ്യമാക്കുന്ന എണ്ണമറ്റ ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. ദളിതര്‍ക്കെതിരായ പീഡനങ്ങള്‍ 2017 നുശേഷം 20%ത്തിന് മുകളില്‍ വര്‍ദ്ധിച്ചിവെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. ബല്‍റാംപുര്‍, ബുലന്‍ഷെഹര്‍, അസംഘട് എന്നീ പേരുകള്‍ അതിന് അടിവരയിടുന്നു.

ALSO READ

നിങ്ങളുടെ സൗന്ദര്യത്തില്‍ അവരുടെ രക്തം കലര്‍ന്നിട്ടുണ്ട്

ദളിത് പെണ്‍കുട്ടിയെ കൂട്ട മാനഭംഗം ചെയ്യാന്‍ വിധിച്ച ഖാപ്പ് പഞ്ചായത്ത് പലരൂപത്തിലും ഇന്‍സ് മുഹമ്മദിന്റെ ഗ്രാമത്തിലും സജീവമാണ്. ക്രൂര ശിക്ഷാവിധികള്‍ കല്‍പ്പിക്കുന്ന സവര്‍ണ്ണന്റെ അധികാര പ്രയോഗങ്ങള്‍ക്ക് കീഴടങ്ങുകയാണ് ഗ്രാമങ്ങള്‍. സമാനമായ രീതിയില്‍ ഖാപ്പ് പഞ്ചായത്തുകളുള്ള നാടാണ് ഉത്തര്‍ പ്രദേശും. ജനാധിപത്യരഹിതമായി ജാതി മേല്‍ക്കോയ്മയുള്ള ആള്‍ക്കൂട്ടങ്ങള്‍ ആസൂത്രിതമായി നടത്തുന്ന ഭരണ സംവിധാനമാണ് ഖാപ്പ് പഞ്ചായത്തുകള്‍. ഹാഥ്രസില്‍ ബലാത്സംഘം ചെയ്ത് കൊന്ന പെണ്‍കുട്ടിയുടെ പ്രതികള്‍ക്കായും അന്ന് ഖാപ്പ് പഞ്ചായത്ത് നടന്നിട്ടുണ്ട്. പ്രതികള്‍ എല്ലാവരും സവര്‍ണ്ണ വിഭാഗമായ ഠാക്കൂറുകളായിരുന്നു. ഏതുവിധേനയും പ്രതികളെ സംരക്ഷിക്കണമെന്ന തീരുമാനവുമായാണ് പഞ്ചായത്ത് അവസാനിച്ചത്.

നഗരത്തിന്റെ ജാതി

ദളിതനും ന്യൂനപക്ഷ മതങ്ങള്‍ക്കും ഗ്രാമത്തില്‍ ഒരേ പാത്രത്തിലാണ് നീതി. സവര്‍ണ്ണതക്ക് കീഴടങ്ങിയില്ലെങ്കില്‍ സ്വപ്നങ്ങളില്‍ പോലും ഇരുട്ടാകും. അച്ഛനെപ്പോലെ കീഴ്പ്പെട്ട് ഗ്രാമത്തിനുള്ളില്‍ ജീവിതം അവസാനിപ്പിക്കാന്‍ ഇന്‍സ് മുഹമ്മദ് തയ്യാറല്ലായിരുന്നു. ആ തീരുമാനമാണ് ഇരുപത്തിയെട്ടാം വയസ്സില്‍ രാജ്യതലസ്ഥാനത്തേക്ക് വണ്ടി കയറ്റിയത്. രണ്ടുജോഡി ഷര്‍ട്ടും മുടിവെട്ടുന്ന കത്രികസഞ്ചിയും കൈയില്‍ കരുതി. ഗ്രാമം പിന്നിടുംതോറും മുന്നില്‍ കണ്ട പുതിയ കാഴ്ചകള്‍ പ്രതീക്ഷകൂട്ടി.

പുലര്‍ച്ചയോടെ വലിയ ഞെരക്കത്തില്‍ ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിരങ്ങി നിന്ന ട്രെയിനില്‍ നിന്ന് പതിയെ ഇറങ്ങി. കാഴ്ചകളുടെ ഉത്സവമായിരുന്നു കണ്ണിന്. പൊടിപിടിച്ച ദൈന്യതയുടെ ഗ്രാമ ചിത്രങ്ങള്‍ എവിടെയുമില്ല. വലിയ വാഹനങ്ങളും നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ മനുഷ്യരും ഒഴുകി നടക്കുന്നു. ആകാശം തൊടുന്ന കെട്ടിടങ്ങള്‍ അന്നാദ്യമായാണ് കാണുന്നത്. അവയ്ക്ക് മധ്യത്തിലൂടെ പറന്നുപോയ പക്ഷി കൂട്ടങ്ങള്‍ വലിയ അത്ഭുതമായി. എത്തിപ്പെട്ട മഹാനഗരത്തെയോര്‍ത്ത് അഭിമാനിച്ചു.

ins
ഇൻസ് മുഹമ്മദ്

അന്നുമുഴുവന്‍ നഗരംചുറ്റി നടന്നു. രാത്രിയില്‍ ആളൊഴിഞ്ഞ ഇടത്ത് തലചായ്ച്ചു. നേരം വെളുത്തതുമുതല്‍ തൊഴിലന്വേഷണം തുടങ്ങി. പേരിലെ ജാതിയും മതവും ചികഞ്ഞ സ്ഥാപന മുതലാളിമാര്‍ ഇന്‍സ് മുഹമ്മദിന് മുന്നില്‍ മുഖം തിരിച്ചു. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് അന്നു സൂര്യന്‍ മറഞ്ഞു. കൈയില്‍ കരുതിയ ചില്ലറത്തുട്ടുകളും കഴിഞ്ഞു. വിശപ്പ് വല്ലാതെ കീഴ്പ്പെടുത്തി. ഗരീബ് ഗഞ്ചിലെ ഗുരുദ്വാരയില്‍ നിന്ന് കഴിച്ച റൊട്ടിയാണ് വീഴാതെ കാത്തത്. ഗുരുദ്വാരയോട് ചേര്‍ന്ന് മതിലരികില്‍ കിടന്നു. അനിശ്ചിതത്വത്തിലായ ജീവിതത്തെയോര്‍ത്ത് ഏറെനേരം കരഞ്ഞു. ഗ്രാമത്തില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന ആമാശയങ്ങളെ ഓര്‍ത്തപ്പോള്‍ നെഞ്ചു നീറി.

തലക്കുവച്ചുറങ്ങിയ സഞ്ചിയിലെ ഇരുമ്പ് കത്രിക നേരംവെളുത്തപ്പോള്‍ തെന്നിമാറി സഞ്ചിക്ക് പുറത്തെത്തിയിട്ടുണ്ട്. അത് പടച്ചവന്‍ കാണിച്ച ജീവിത മാര്‍ഗ്ഗമെന്നാണ് ഇന്‍സ് ഇന്നും വിശ്വസിക്കുന്നത്. മറ്റൊരു ജോലിക്ക് അലഞ്ഞു നടക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കൈയില്‍ കരുതിയ ഏതോ പഴയ പത്രവുമായി തെരുവിന്റെ ആളൊഴിഞ്ഞ മൂലയിലായിരുന്നു. രണ്ടുകല്ല് അടുക്കിവച്ച് ഇരിപ്പിടമാക്കി. കത്രികയും ബ്ലേഡും പേപ്പറില്‍ നിരത്തി. വഴിയരികില്‍ കിട്ടിയ കുപ്പിയില്‍ വെള്ളവും നിറച്ചു. അന്നം തേടിയുള്ള യാത്ര അവിടെത്തുടങ്ങി.

പേരില്ലാത്ത മനുഷ്യര്‍

രാജ്യതലസ്ഥാനത്തും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. പേരുചോദിച്ച് സ്വജാതിയെന്ന് ഉറപ്പിച്ച ശേഷം മുടിവെട്ടാന്‍ ഇരിക്കുന്നവര്‍ക്ക് മുന്നില്‍ പലപ്പോഴും അന്നത്തിനായി മാറ്റിപ്പറഞ്ഞു. വൈകാതെതന്നെ ഇന്‍സ് മുഹമ്മദിന് വ്യക്തമായത് നഗരത്തിലും ജാതിയുണ്ടെന്ന യാഥാര്‍ഥ്യമാണ്. പക്ഷികള്‍ക്ക്‌പോലും ഉയര്‍ന്നു പറക്കാന്‍ കഴിയാത്ത കെട്ടിടങ്ങള്‍ക്കും മുകളിലാണ് നഗരത്തിലെ സവര്‍ണ്ണതയെന്ന് തിരിച്ചറിഞ്ഞു. തന്റെ ജോലിചെയ്യുന്ന മനുഷ്യര്‍ക്ക് എവിടെയും അവഗണനയാണെന്ന് മരവിപ്പോടെയാണ് ഉള്‍ക്കൊണ്ടത്.

വന്മരങ്ങള്‍ക്ക് താഴെയിരുന്ന് നഗരത്തിലെ പലയിടത്തായി മുടിവെട്ടി. മുപ്പത് വര്‍ഷമായി തെരുവിന് സുപരിചിതനാണ് ഇന്‍സ് മുഹമ്മദ്. കഠിനമായ ചൂടും തണുപ്പും പലതവണ കടന്നുപോയി. ഒറ്റക്കല്ലില്‍ മനുഷ്യരെ ഇരുത്തി സുന്ദരമാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന്റ പേര് പരിചിതമായി. അക്കാലത്തിനിടക്ക് വിവാഹം കഴിഞ്ഞ് കുട്ടികളായി. മക്കളും അച്ഛന്റെ വഴിയേ ആ തൊഴില്‍ തിരഞ്ഞെടുത്തു. മറ്റൊരു സാധ്യത കണ്ടെത്തിക്കൊടുക്കാന്‍ ഇന്‍സ് മുഹമ്മദിന് പ്രാപ്തിയില്ലായിരുന്നു. നഗരത്തിലെ മരച്ചുവട്ടില്‍ രണ്ടുമക്കള്‍ പലയിടത്തായി ഉണ്ട്. അവര്‍ക്കും കുടുംബമായി.

നടവഴിയോട് ചേര്‍ന്നാണ് ഇപ്പോഴും ജീവിതം കണ്ടെത്തുന്നത്. രാവിലെ ആറുമണിക്ക് എത്തി ചുറ്റും അടിച്ചു വൃത്തിയാക്കും. കത്രികയും ചീപ്പും ഉള്‍പ്പെടെ എല്ലാം നിരത്തിവക്കും. കല്ലിന് മുകളില്‍ ചാക്ക് മടക്കിവച്ച് കുഷ്യനാക്കും. കറണ്ടില്ലാത്തതുകൊണ്ട് ഫാനില്ല. കണ്ണാടിയുമില്ല. മനസ്സറിഞ്ഞ് വെട്ടി വൃത്തിയാക്കുന്നത് കൊണ്ട് ആര്‍ക്കും പരിഭവമില്ല. വലിയ എ.സി. പാര്‍ലറുകള്‍ വരെ നഗരത്തിലുണ്ട്. എങ്കിലും സ്ഥിരം വരാറുള്ളവര്‍ എത്തും. അധ്വാനത്തിന് ഒരു ദിവസം 150 രൂപയാണ് കിട്ടുന്നത്. അതില്‍ സന്തുഷ്ടനാണ് അദ്ദേഹം.

ins 3
ഇൻസ് മുഹമ്മദ്

2000 രൂപ മാസവാടകയുള്ള ഒറ്റമുറിവീട്ടിലാണ് താമസം. അടുക്കളയും കിടപ്പുമെല്ലാം അവിടെത്തന്നെ. വര്‍ഷത്തിലൊരിക്കല്‍ ഗ്രാമത്തില്‍ പോകും. അവിടെ കല്ലിട്ട വഴികള്‍ക്ക് പകരം പുതിയ റോഡുകള്‍വന്നു. ചെറുതെങ്കിലും കോണ്‍ഗ്രീറ്റ് വീടുകളും പലയിടത്തായുണ്ട്. മാറാത്തത് മനുഷ്യനുള്ളിലെ ജാതിയാണ്. ദിനംപ്രതി അത്തരം ചിന്തകള്‍ കൂടുതല്‍ ശക്തമാവുന്നുണ്ട്.

പേരുനോക്കി നീതിതരുന്ന രാജ്യതലസ്ഥാനത്തെ പൊലീസ് സംവിധാനത്തോടും അദ്ദേഹത്തിന് ഭയമാണ്. ഡല്‍ഹിയില്‍ നടന്ന കലാപങ്ങളും ഇപ്പോള്‍ നടക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയവും വല്ലാതെ മുറിപ്പെടുത്തുന്നുണ്ട്. ജാതി മത ശരീരങ്ങള്‍ക്കപ്പുറം മനുഷ്യര്‍ ഒന്നാകുമെന്ന പ്രാര്‍ത്ഥനയാണ് എപ്പോഴും. അത്തരം പ്രതീക്ഷകളാണ് മുന്നോട്ട് നയിക്കുന്നത്.

ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കാവുന്ന കാലം ഓരോ മനുഷ്യനും ഗ്രാമത്തില്‍ വരുമെന്നാണ് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത്. തൊഴിലിന്റെ പേരില്‍ അപമാനിക്കപ്പെട്ടവര്‍ കണക്കുചോദിക്കുമെന്നും രോഷത്തോടെ പറഞ്ഞു. സവര്‍ണ്ണ പ്രതാപ കോട്ടകള്‍ ഇല്ലാതാക്കി സാധാരണ മനുഷ്യന്‍ ചിരിക്കുന്നത് ദിവസവും സ്വപ്‌നം കാണാറുണ്ടത്രെ. അത് പറഞ്ഞപ്പോള്‍ ചുളിവുവീണ മുഖത്ത് ചിരിപടര്‍ന്നു. രോഷം കലര്‍ന്ന വേദനയുടെ ചിരി.

  • Tags
  • #National Politics
  • #Caste Politics
  • #New Delhi
  • #Delhi Lens
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Transgender

Delhi Lens

Delhi Lens

ശരീരം വിൽക്കുന്നവരല്ല; സമരമാക്കിയവർ എന്ന് തിരുത്തി വായിക്കാം

Aug 07, 2022

5.2 minutes Read

 Vijoo-Krishnan.jpg

National Politics

Truecopy Webzine

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ ശക്തികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും- വിജൂ കൃഷ്ണന്‍

Aug 01, 2022

3 Minutes Read

TN Prathapan

National Politics

Truecopy Webzine

‘ദിവസം കിട്ടുന്ന 2000 രൂപ അലവന്‍സ് വാങ്ങാനല്ല ഞങ്ങള്‍ പാര്‍ലമെന്റില്‍ പോകുന്നത്'

Aug 01, 2022

2 minutes Read

Phoolan

Delhi Lens

Delhi Lens

ഇതുപോലൊരുത്തിക്ക് ജന്മം കൊടുക്കാതിരിക്കാന്‍ ഫൂലന്റെ ഗര്‍ഭപാത്രം നീക്കം ചെയ്ത ജാതി ഇന്ത്യ

Jul 31, 2022

8.6 minutes Read

 Droupati-Murmu-KR-Narayanan.jpg

National Politics

പി.ബി. ജിജീഷ്

ദ്രൗപദി മുര്‍മു രാഷ്ട്രപതിപദവിയേറുമ്പോള്‍ കെ.ആര്‍. നാരായണനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?

Jul 28, 2022

13 minutes Read

Delhi Lens

Delhi Lens

Delhi Lens

അവഗണിക്കാനാവാത്ത അക്ഷരകരുത്തുമായി അവര്‍ വരും

Jul 24, 2022

6 Minutes Read

 Banner.jpg

Opinion

ഇ.കെ. ദിനേശന്‍

ക്രിമിനല്‍ പ്രതികളുള്ള പാര്‍ലിമെന്റില്‍ നിരോധിക്കേണ്ടത് വാക്കുകളെയല്ല, വ്യക്തികളെയാണ്

Jul 20, 2022

6 Minutes Read

 Delhi Lens

Gender

Delhi Lens

കേരളത്തിലെ ആണുങ്ങളോടാണ്, ഹരിയാനയില്‍ നിന്നൊരു കത്തുണ്ട്...

Jul 17, 2022

6 Minutes Read

Next Article

കുട്ടപ്പനും കുട്ടനും

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster