ജീവിതത്തിന്റെ അവസാനം പൂർണമാക്കാത്ത കവി

കവി ജിനേഷ് മടപ്പള്ളി ഓർമയായിട്ട് രണ്ടു വർഷം തികയുന്നു. ആത്മസുഹൃത്തായ ജിനേഷിനെ ഓർക്കുകയാണ് എഴുത്തുകാരനായ ലിജീഷ് കുമാർ.

ക്കേഷ്യ മരങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു യമണ്ടൻ റോഡുണ്ട്, മടപ്പള്ളിയങ്ങാടിയിൽ നിന്ന് മാച്ചിനാരിക്കുന്നിലേക്ക്. പാതിരാത്രിയ്ക്ക് കാടരിച്ചിറങ്ങുന്ന ആകാശം നോക്കി ആ റോഡിൽ കിടക്കാൻ നല്ല രസമാണ്. പക്ഷേ ഒറ്റയ്ക്ക് പറ്റില്ല, ഒറ്റയ്ക്കാവുമ്പോൾ കാട് അതിന്റെ വന്യത പുറത്തെടുത്ത് വരിഞ്ഞു കളയും. ഞാനൊറ്റയ്ക്കായിരുന്നില്ല, അവനും. എനിക്കാരായിരുന്നു ജിനേഷ് എന്ന ചോദ്യത്തിന്റെ ഉത്തരം ഇതിലുണ്ട്, അവനെന്തായിരുന്നു ഞാൻ എന്നതിന്റെയും. മറ്റാർക്കും മനസിലാകാത്ത ചില ഭ്രാന്തുകളുടെ കഷ്ണങ്ങളായിരുന്നു അവനും ഞാനും.

ഒരൊന്നരപ്പതിറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ കാടുറക്കത്തിന്. ഞങ്ങളന്ന് മടപ്പള്ളി ഗവ. കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്, ഞാൻ കെമിസ്ട്രിക്കും ജിനേഷ് മാത് സിനും. താഴെ ആകാശവും മുകളിൽ ഭൂമിയുമുള്ള ഭ്രാന്തൻ കാലമായിരുന്നു അത്. അതുകൊണ്ടാവും മടപ്പള്ളിയെക്കുറിച്ച് എഴുതാൻ തുടങ്ങുമ്പോൾ എന്റെ കാലുകൾ തറവിട്ടുയരും, വായുവിലൂടെ ഒഴുകും, ഞാൻ പറക്കാൻ തുടങ്ങും. ഏതക്കാദമിക് പർപ്പസിൽ ചോദിച്ചാലും ക്യാമ്പസ് എന്തുതന്നു എന്ന ചോദ്യത്തിന്, മടപ്പള്ളി എനിക്കു കുറേ ഭ്രാന്തുകൾ തന്നു എന്നാവും എന്റെ ഉത്തരം. മടപ്പള്ളി എനിക്ക് കുറേ ഭ്രാന്തൻമാരെ തന്നു എന്നും. ക്യാമ്പസ് വിട്ട് ഏറെക്കാലം കഴിയും മുമ്പേ ആ ഭ്രാന്തുകൾ മാറിയവരാണേറെയും. എനിക്ക് പക്ഷേ അത്രയെളുപ്പം അത് മാറിയില്ല, അവനത് മാറിയേയില്ല.

ലിജീഷ് കുമാറും ജിനേഷ് മടപ്പള്ളിയും

എസ്.എഫ്.ഐ ക്ക് നമ്മളെ ഉൾക്കൊള്ളാനുള്ള ശേഷിയില്ലെന്ന് അവനൊരിക്കൽ എന്നോട് പറഞ്ഞു, കോമ്രേഡ് എന്നല്ല നമ്മൾ പരസ്പരം വിളിക്കേണ്ടതെന്നും. നീയീപ്പറഞ്ഞതിന്റെ രാഷ്ട്രീയമാനത്തെക്കുറിച്ച് നിനക്ക് വല്ല ധാരണയുമുണ്ടോ - അച്ചടക്ക നടപടി ഏറ്റുവാങ്ങേണ്ടി വരും, ഞാമ്പറഞ്ഞു. ഭ്രാന്തന്മാർ അച്ചടക്കമുള്ളവരല്ല, ബേസിക്കലി നമ്മൾ മാഡ്‌സ് ആണ്. ഒരു പുതിയ സംഘടന നമുക്കാവശമുണ്ട്, അവൻ വിട്ടില്ല. പാർട്ടിക്കുള്ളിൽ ആദ്യമായി ഗ്രൂപ്പുണ്ടാക്കിയത് അവനാണ്. MCMAഎന്ന് അവനതിന് പേരിട്ടു, "മടപ്പള്ളി കോളേജ് മാഡ്‌സ് അസോസിയേഷൻ' എന്നായിരുന്നു അതിന്റെ പൂർണരൂപം. അവനായിരുന്നു അതിന്റെ സെക്രട്ടറി. എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ഒരു ദിവസം അവൻ പറഞ്ഞു, ""നീ ഒരു സംഘടനയുടെ യൂണിറ്റ് സെക്രട്ടറിയും ഞാൻ മറ്റൊരു സംഘടനയുടെ സ്റ്റേറ്റ് സെക്രട്ടറിയുമാണ്, മറക്കണ്ട.'' അന്നവൻ എന്നെ വിളിച്ചത് മാഡ്രേഡ് എന്നായിരുന്നു. മാഡ്രേഡോ, എന്താത് ? ""അതോ, MCMA ക്കാർ ഇനി കോമ്രേഡെന്ന് സംബോധന ചെയ്യില്ല, നമ്മൾ പരസ്പരം വിളിക്കുക മാഡ്രേഡ് എന്നാണ്.'' അവന്റെ വിശദീകരണം വന്നു. ജിനേഷ് എന്റെ മാഡ്രേഡായിരുന്നു.

പാർട്ടിക്കുള്ളിൽ ആദ്യമായി ഗ്രൂപ്പുണ്ടാക്കിയത് അവനാണ്. MCMAഎന്ന് അവനതിന് പേരിട്ടു, "മടപ്പള്ളി കോളേജ് മാഡ്‌സ് അസോസിയേഷൻ' എന്നായിരുന്നു അതിന്റെ പൂർണരൂപം. അവനായിരുന്നു അതിന്റെ സെക്രട്ടറി.

പാണക്കുളം കുനിയിൽ ജിനേഷ് എന്ന പി.കെ.ജിനേഷ് അങ്ങനെ ജിനേഷ് മടപ്പള്ളിയായി. സ്വന്തമായി രൂപീകരിക്കുകയും സ്വയം സെക്രട്ടറിയായി അവരോധിക്കുകയും ചെയ്ത ആ സംഘടനയുടെ വിലാസമായിരുന്നു പേരിനൊപ്പം അവൻ തുന്നിയ മടപ്പള്ളി. അത് അവന്റെ ദേശത്തിന്റെ പേരോ അവൻ പഠിച്ച ക്യാമ്പസിന്റെ പേരോ ആയിരുന്നില്ല. മടപ്പള്ളി കോളേജ് മാഡ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി, മാഡ്രേഡ് ജിനേഷ് മടപ്പള്ളി, എന്ന് അവൻ തന്നെത്തന്നെ വിളിച്ച് നോക്കുകയായിരുന്നു.

2006 ലെ ഒരു കേരളോത്സവത്തിന്റെ സമയത്ത് വന്ന അവന്റെ ഒരു കത്ത് ഇപ്പോഴും എന്റെ കൈയ്യിലുണ്ട്. അതിങ്ങനെയാണ് :

ജിനേഷിന്റെ കത്ത്‌

""മാഡ്രേഡ്, ഉപന്യാസം - പ്രസംഗം എന്നീ വിഷയങ്ങളിൽ സംഭവിച്ച കനത്ത പരാജയം സംഘടനാതലത്തിൽ പരിശോധിക്കുമല്ലോ. താങ്കളുടെ എതിരാളികൾ പഞ്ചായത്ത് തലത്തിൽ വലിയ വിജയം നേടിയ സമയമാണെന്ന് ഓർക്കുക. പാഠം പഠിക്കുമല്ലോ.
സെക്രട്ടറി, MCMA സ്റ്റേറ്റ് കമ്മറ്റി.''

MCMA സെൻട്രൽ കമ്മറ്റിയിൽ നിന്നും അവൻ ഇംഗ്ലീഷിൽ അയച്ച രണ്ട് കത്തുകൾ ഇപ്പോൾ ഞാനെടുത്ത് വായിച്ച് നോക്കി. ഒന്ന് 03/05/2007 ന് എഴുതിയതാണ്. ഒഫീഷ്യലായതുകൊണ്ടാവണം വിഷയം മുകളിൽ കൊടുത്തിട്ടുണ്ടായിരുന്നു.
""സബ്ജക്ട് : തിരസ്‌കരണം
ഐ ആം വെരി ഹാപ്പി. ഐ വിഷ് ടു ഇൻഫോം യു ദാറ്റ് ദി എൻഡ് ഓഫ് മൈ ലൈഫ് ഈസ് നോട്ട് കംപ്ലീറ്റഡ്.''
രണ്ടാമത്തേത് 20/05/2007 നെഴുതിയതാണ്.
""സബ്ജക്ട് : നിരാകരണം.
ഐ വിഷ് ടു ഇൻഫോം യു എഗെയ്ൻ ദാറ്റ് മൈ ഡെത്ത് മേ കംപ്ലീറ്റഡ്.''

കത്തുകളിലും കവിതകളിലും കൂട്ടിരിപ്പുകളിലും മരണത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് ജിനേഷങ്ങ് പോയി.
"ആരും വരാതായി
വിളിക്കാതായി
ഓർക്കാതായി

ഒരു ദിവസം
ഒരാൾ വന്നു

ഉടലിൽ
കയർകെട്ടിയ
ഒരു പുളിമരം'
എന്ന് ജിനേഷെഴുതിയത് 2011 ൽ പുറത്തിറങ്ങിയ "ഏറ്റവും പ്രിയപ്പെട്ട അവയവം' എന്ന കവിതാ സമാഹരത്തിലാണ്.
"നേടിയെടുക്കാൻ കഴിയുന്ന
ഏറ്റവും അവസാനത്തെ
പൗരാവകാശമാണ് മരണം' എന്നും.

ഭ്രാന്തുണ്ടായിരുന്ന കാലത്ത് ഞാനും ജിനേഷും "ചൂട് ' എന്ന പേരിൽ ഒരു ലിറ്റിൽ മാഗസിനടിച്ച് മൂന്ന് രൂപ വിലയിട്ട് "ചൂട് ചൂട്' എന്നുച്ചത്തിൽ വിളിച്ച് പറഞ്ഞ് ബസ്സിൽക്കയറി വിറ്റിരുന്നു. "ചൂട്' ഇറങ്ങിയതും ഇതുപോലെ ഒരു മെയ് മാസമായിരുന്നു. വർഷം എനിക്കോർമ്മയില്ല, മെയ് 18 - 25 എന്നച്ചടിച്ച ചൂടിന്റെ ആദ്യ പ്രതി കൈയ്യിലുണ്ട്. ആദ്യപ്രതി എന്നൊന്നും പറയേണ്ട, അതായിരുന്നു അവസാനത്തെ പ്രതിയും. ചൂട് ചൂടപ്പം പോലെ ബാക്കിയായപ്പോൾ ഞങ്ങൾ മാധ്യമ പ്രവർത്തനം നിർത്തി എന്ന് അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറയാറുണ്ടായിരുന്നു. പിന്നെയാണ് ക്ലാസുകൾ എടുത്തു തുടങ്ങിയത്. കുട്ടികളുടെ പ്രിയപ്പെട്ട കണക്കുമാഷായിരുന്നു ജിനേഷ്.

""ക്ലാസുമുറികളിൽ ഗണിതം ശരിയുത്തരങ്ങളിലേക്കുള്ള ക്യത്യമായ വഴികളാണ് ആവശ്യപ്പെടുന്നത്. ഒരു ചെറിയ തെറ്റ് പോലും അത് പൊറുക്കില്ല. പക്ഷേ ശരികളെക്കാൾ എനിക്കിഷ്ടം തെറ്റുകളെ വിശദീകരിക്കലായിരുന്നു. കുട്ടികളുടെ തടവിൽ കഴിയുന്ന നേരങ്ങൾ സുഖകരമാണ്.'' എന്ന് ജിനേഷ് എഴുതിയിട്ടുണ്ട്. വടകര ടൗൺഹാളിന്റെ മുറ്റത്ത് നിന്ന് മാഷിന്റെ ശവമഞ്ചം നീങ്ങുന്നത് ആ കുട്ടികളന്ന് കണ്ണുനിറഞ്ഞ് നിന്നാണ് കണ്ടത്.

ക്ലാസുമുറികളിൽ ഗണിതം ശരിയുത്തരങ്ങളിലേക്കുള്ള ക്യത്യമായ വഴികളാണ് ആവശ്യപ്പെടുന്നത്. ഒരു ചെറിയ തെറ്റ് പോലും അത് പൊറുക്കില്ല. പക്ഷേ ശരികളെക്കാൾ എനിക്കിഷ്ടം തെറ്റുകളെ വിശദീകരിക്കലായിരുന്നു.

കുട്ടികളോട് സംസാരിക്കുന്ന ഭാഷ എനിക്കറിയില്ല, അവനതിൽ വിദഗ്ധനായിരുന്നു. അതുകൊണ്ട് അവനിടപെട്ട കുട്ടികളിലേറെയും അവന്റെ ആരാധകരായിരുന്നു. പഴയ ഒരു ബാലസംഘം ക്യാമ്പാണ് ഓർമ്മ വരുന്നത്. അതും കുറേ കൊല്ലം മുമ്പാണ്. ഒരു വൈകുന്നേരം, വടകര പുതിയ സ്റ്റാൻഡിലെ കുമാരേട്ടന്റെ ചായക്കടയിൽ ഞാനും ജിനേഷും പൂരിയും കപ്പക്കറിയും കഴിച്ചിരിപ്പാണ്. മണിയൂര് നിന്ന് സുധീഷേട്ടന്റെ കോള് വന്നു, ""ബാലസംഘത്തിന്റെ ക്യാമ്പിലാണ്. നിങ്ങള് രണ്ടാളും ഒന്നിച്ചുള്ളത് നന്നായി. ഒരോട്ടോ വിളിച്ച് പെട്ടെന്ന് വരണം, ഞാനേറ്റതാണ് - പക്ഷേ പറയാൻ മറന്ന് പോയി, വേഗം പുറപ്പെട്.'' എവിടെയാണെന്നോ - എപ്പഴെത്തുമെന്നോ - എത്താൻ കഴിയുമോയെന്നോ അല്ല, വേഗം പുറപ്പെട് എന്ന്. ""എന്തൊരഹങ്കാരമാണ് നമുക്ക് ഒരു വിലയുമില്ലേ ?'' ജിനേഷ് ചോദിച്ചു. ഞാനാകെ അങ്കലാപ്പിലായി, എന്ത് ചെയ്യണം ? ""എന്ത് ചെയ്യാൻ, പെട്ടന്ന് പുറപ്പെടാം.'' ഞാൻ ഞെട്ടി, ""നീയല്ലേ, തൊട്ടുമുമ്പേ - നമുക്കൊരു വിലയുമില്ലേ എന്ന് ചോദിച്ചത്.'' എനിക്കരിശം വന്നു. ജിനേഷ് പറഞ്ഞു, ""അത് ഞാൻ സ്വയം ചോദിച്ചതാണ്. നമുക്കൊരു വിലയുമില്ല എന്ന് വിളിച്ചപ്പൊഴേ മനസിലായില്ലേ. ഇനി പെട്ടന്ന് അവിടെ ചെന്നിട്ട് വേണം, നമ്മുടെ പ്രസംഗം കേട്ട് അവർക്ക് നമ്മുടെ വില ബോധ്യപ്പെടാൻ, പോകാം.''

ഞങ്ങൾ ബാലസംഘം ക്യാമ്പിലേക്ക് പറന്നിറങ്ങി. പ്രതീക്ഷിച്ച പോലെയല്ല, എല്ലാവരും ഞങ്ങളെ തന്നെ കാത്തിരുന്ന പോലെ വലിയ സ്വീകരണം.

പ്രിയ സിംബോർസ്‌ക, കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ ഞാൻ മരിച്ചവനെ സ്വപ്നം കാണാറുണ്ട്. ഉറങ്ങും മുമ്പ് അവനെക്കുറിച്ചാലോചിക്കാറുണ്ട്. ആദ്യവും അവസാനവുമെല്ലാം പ്രത്യക്ഷപ്പെടുന്നത് ഒരാൾ തന്നെ.

എന്നെയാണ് സംസാരിക്കാൻ ആദ്യം വിളിച്ചത്, എഴുന്നേൽക്കുമ്പോൾ ജിനേഷ് ചെവിയിൽ പറഞ്ഞു, ""ഇന്നത്തെ രണ്ടാമത്തെ ഇൻസൾട്ടിംഗ്, സാരമില്ല.'' എനിക്ക് ചിരി വന്നു. കുട്ടികൾ - ചുറ്റും കുട്ടികൾ ! ഞാൻ സംസാരിച്ച് തുടങ്ങി. ഒരഞ്ച് മിനുട്ട് കഴിഞ്ഞിരിക്കും, ഒരു കുട്ടി ഉച്ചത്തിൽ പറഞ്ഞു, ""മതി മാമാ, ഇനി മാജിക് തുടങ്ങ്.'' മാജിക്കോ ഞാൻ ഞെട്ടി. ഏതോ മാജിക്കുകാർ വരുമെന്നേറ്റ് പറ്റിച്ച ഗ്യാപ്പ് ഫില്ല് ചെയ്യാൻ ഞങ്ങളെ വിളിച്ചിരിക്കുകയാണ്. ഞാൻ ചുറ്റും നോക്കി, സുധീഷേട്ടൻ പരിസരത്തെവിടെയുമില്ല. ഞാൻ വിറച്ച് കൊണ്ട് പറഞ്ഞു, ""എനിക്ക് മാജിക്കറിയില്ല.'' കുട്ടികൾ വിട്ടില്ല, ""എന്നാ പാട്ട് പാട്.''ഞാനടിമുടി വിയർത്തു, ""എനിക്ക് പാട്ടറിയില്ല. ഒരു കഥ പറയാം.'' അവർ പറയണ്ട എന്നോ, പറയണമെന്നോ പറഞ്ഞില്ല. പാവം തോന്നിക്കാണും.

ഞാനവസാനിപ്പിച്ചതും ജിനേഷെഴുന്നേറ്റു, ""മക്കളേ മാമന് മാജിക്കറിയില്ല. നമുക്ക് പാട്ട് പാടി ഡാൻസ് ചെയ്ത് പൊളിക്കാം.'' കുട്ടികൾ ആർപ്പു വിളിച്ചു.
""ശ്യാമവർണ്ണരൂപിണീ
കഠോരഭാഷിണീ പ്രിയേ
പ്രേമലേഖനം നിനക്ക്
ഞാൻ തരുന്നു ശാരദേ...''
നാല് വരി കഴിയുമ്പഴേക്കും ക്യാമ്പ് പൂരപ്പറമ്പായി. ജിനേഷ് മതി മറന്ന് പാടി.
""ഒളിച്ചൊളിച്ചൊളിച്ചൊളിച്ചു
നിന്റെ വീട്ടിൽ വന്നതും
നിന്റെയമ്മ കണ്ടതും
മീന്റെ ചാറൊഴിച്ചതും
ശാരദേ ശാരദേ .......''

ജിനേഷ് മടപ്പള്ളി

സ്‌കൂളിൽ നിന്നിറങ്ങുമ്പഴും ചെവിയിൽ അതിന്റെ എക്കോ ആയിരുന്നു, ശാരദേ ശാരദേ ... അവൻ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു, ""ജിനേഷ് മടപ്പള്ളിയുടെ വില അവർക്ക് മനസിലായി, നിന്റെ വിലയും.''

എന്റെ വിലയെക്കുറിച്ച് പറഞ്ഞ് അവൻ പണ്ടേ പൊട്ടിച്ചിരിക്കുമായിരുന്നു. അതിലൊരോർമ്മ ക്യാമ്പസിൽ നിന്നു പോരുമ്പോൾ ഡയറിയിൽ കുറിച്ച് തന്ന 524647 (PP), 513052 (PP) എന്നീ ഫോൺ നമ്പറുകളുമായി ബന്ധപ്പെട്ടാണ്.

""ഈ PP എന്നെഴുതിയത് കണ്ടിട്ട് അതിന്റെ ഫുൾഫോം പോയിപ്പറയും എന്നാണെന്ന് കരുതണ്ട. ഞ്ഞിയൊന്നും വിളിച്ചാൽ ആരും വന്ന് പറയില്ല. സാഹിത്യ അക്കാദമിയിൽ നിന്നുള്ള വിളികൾ, വലിയ വലിയ പൊയറ്റ്‌സിന്റെ വിളികൾ അതൊക്കെയേ വന്ന് പറയൂ. PP യുടെ ഫുൾഫോം പോയാൽ പറയും എന്നാണ്. ഞമ്മള് ചെന്നാൽ വിവരം പറയും. അതുകൊണ്ട് കത്താണ് നല്ലത്. എടവലക്കാറെപ്പോലെയല്ല, സെൻട്രൽ ഗവൺമെന്റ് ഞമ്മടെ വില മനസിലാക്കുന്നത് കൊണ്ട് സംഗതി പോസ്റ്റ്മാൻ വീട്ടിൽ കൊണ്ടത്തരും.''

തുടരെത്തുടരെ അവൻ കത്തുകളെഴുതിയിരുന്നു. അമ്പത് പൈസ വിലയുണ്ടായിരുന്ന മഞ്ഞക്കാർഡിനു മുകളിൽ "അർജന്റ് നോട്ടീസ്' എന്ന് വെണ്ടക്കാ വലുപ്പത്തിലെഴുതിയ കത്തുകൾ. ആ കത്തുകളും തന്ന് ഉച്ചവെയിലിലൂടെ മുഷിയാതെ പോസ്റ്റ്മാൻ ശ്രീധരേട്ടൻ തിരിച്ചു പോകുമ്പോഴെല്ലാം, എടവലക്കാറെപ്പോലെയല്ല - സെൻട്രൽ ഗവൺമെന്റ് ഞമ്മടെ വില മനസിലാക്കുന്നുണ്ട് എന്ന അവന്റെ തമാശ എന്നെ ചിരിപ്പിച്ചിരുന്നു.

പല കത്തുകളും ഇപ്പോഴും എന്റെ കൈയ്യിലുണ്ട്, ഒന്ന് ഒരു ലോകകപ്പ് സമയത്ത് വന്നതാണ്. ഇറ്റലി ജേതാക്കളായ 2006 ലെ ജർമ്മൻ ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്ന സമയത്താവണം, ഞാനന്ന് വീണ് കിടപ്പിലാണ്. ഊരയ്ക്ക് നല്ല വേദനയായിരുന്നു. അവനെഴുതി, ""പ്രിയ ലിജീഷ്, ബ്രസീൽ കളിച്ച് തുടങ്ങുകയാണ്. കാനറിപ്പക്ഷികൾ പന്ത് തട്ടുമ്പോൾ എനിക്ക് നെഞ്ചിന് തീ പിടിക്കും, അതങ്ങനെയാണ്. പോഷകാഹാരക്കുറവ് മൂലം കാലുകൾ ശോഷിച്ചു പോയ റിവാൾഡോമാരുടെ ബ്രസീൽ ! പട്ടിണി കിടന്നാണ് റൊബീഞ്ഞോ മെലിഞ്ഞ് പോയത് ... കളിക്കാതെ വീട്ടിലിരുന്ന് പഠിച്ചതിന് അഡ്രിയാനോയെ തല്ലിയ രക്ഷിതാക്കളുടെ ഹൃദയം ഒരു പിടയ്ക്കുന്ന കാൽപ്പന്തല്ലാതെ മറ്റെന്താണ് ! ബ്രസീലിയൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ഇടിമിന്നലുകളുടെ നാട്ടിൽ നിന്നുമാണ് റൊണാൾഡീഞ്ഞോ വരുന്നത്. ഗ്യാലറിയിൽ സാംബാതാളം മുറുകുമ്പോൾ ഊരവേദനയുള്ളവർക്കും നൃത്തം വെക്കാം... സ്‌നേഹത്തോടെ, പി.കെ.ജിനേഷ്.''

അവൻ ബ്രസീലിന്റെ മുടിഞ്ഞ ഫാനായിരുന്നു. കളിക്കാലങ്ങളിൽ ഞങ്ങൾ ശത്രുക്കളായിരുന്നു. കഴിഞ്ഞതിന് മുമ്പിലത്തെ ലോകകപ്പിന് അർജന്റീനയുടെ ആദ്യ ഇലവനിൽ ഹിഗ്വയിനെ കാണുമ്പഴെല്ലാം ജിനേഷ് വിളിക്കും, ""ഹാവൂ, ഇന്റെ ടീമിൽ ഹൈഗുണനുണ്ട് മനേ ഹൈഗുണനുണ്ട്. ഒരു ഗോൾ ഓനടിച്ചാലും ഒരു നാലഞ്ച് ഗോൾ അടിക്കാണ്ടിരിക്കും.'' പിന്നെ അവന്റെ സ്വതസിദ്ധമായ അലറിച്ചിരി ചിരിക്കും.

ജിനേഷ്, ഉണ്ണി ആർ, ലിജീഷ് കുമാർ

ഏതസ്വസ്ഥതകൾക്കിടയിലും അവൻ ജീവിതത്തെ ആഘോഷിച്ചിരുന്നു എന്നതാണ് സത്യം. അവനൊരിക്കലും മരിച്ചു കളയില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. "രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകൾ' എന്ന പുസ്തകം പ്രകാശനം ചെയ്ത് മടങ്ങുമ്പോൾ ഉണ്ണി.ആർ ആണ് ആദ്യമായി, ഒരാത്മഹത്യയെ ഞാൻ പേടിക്കുന്നു എന്ന് എന്റെ ചെവിയിൽ പറയുന്നത് - ഈ കവിതകളിൽ അതുണ്ട് എന്ന്. ക്രാന്തദർശിയായ മനുഷ്യൻ.

ജിനേഷ് കുന്നോളമുണ്ട് സങ്കടം. ഒന്നിച്ച് മരിക്കേണ്ടവരായിരുന്നു നമ്മൾ. ഞാനോ നീയോ ഒന്നാമൻ എന്ന് നീ എപ്പോഴും ചോദിക്കുമ്പോൾ ഞാൻ കലമ്പിക്കാറുള്ളത് എന്തിനാണെന്ന് നിനക്ക് ഇപ്പോൾ മനസിലായോ ? തോറ്റു പോവുമെന്ന പേടി കൊണ്ട് തന്നെയായിരുന്നു അത്.

ജിനേഷിന്റെ മരണശേഷം ഞാൻ ആദ്യം അറ്റൻഡ് ചെയ്ത കോളും ഉണ്ണിയേട്ടന്റേതാണ്. എല്ലാവരും നിന്നെ മുറുക്കിപ്പിടിച്ചിരുന്നു ജിനേഷ്, പക്ഷേ നീ സമർത്ഥമായി വഴുതി മാറിക്കളഞ്ഞു. നിന്റെ മരണത്തിന് ശേഷം ഞാൻ കണ്ട കാഴ്ചകൾ ആ 225 കവിതകളിലൊന്നിലുണ്ട്. അതിതാണ്,
"നീ
എന്നേയ്ക്കുമായി
പിരിഞ്ഞുപോയ
ദിവസം

ഐക്യരാഷ്ട്ര സഭയിലെ
15 അംഗരാഷ്ട്രങ്ങളിൽ
കരിങ്കൊടികൾ ഉയർന്നു

രണ്ട് മഞ്ഞുകാലങ്ങളെ കാണാതായി
മൂന്ന് പുഴകൾ എവിടെയോ ഒഴുകി മറഞ്ഞു
എട്ട് മഴകൾ പെയ്യാതെ പോയി

ഇരുട്ട് കുത്തിനിറച്ചുവരുന്ന
തീവണ്ടികളുടെ ചൂളംവിളികൾ
എല്ലാ ദിക്കുകളിലും മുഴങ്ങി

നീ
എന്നേയ്ക്കുമായി
പിരിഞ്ഞുപോയ ദിവസം'

ജിനേഷ്, രണ്ടു കൊല്ലമായി നീ പോയിട്ട്. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പോളിഷ് കവയിത്രി വിസ്വാവാ സിംബോർസ്‌കയുടെ ഒരു കവിതയുണ്ട്. അതിന്റെ തുടക്കം ഇങ്ങനെയാണ്:
""ഏതവസ്ഥയിലാണ് നിങ്ങൾ
മരിച്ചവരെ സ്വപ്നം കാണാറുള്ളത് !
ഉറങ്ങും മുമ്പ് അവരെക്കുറിച്ച്
ആലോചിക്കാറുണ്ടോ ?
ആരാണ് ആദ്യം പ്രത്യക്ഷപ്പെടാറുള്ളത്?
ഒരേ ആൾതന്നെയാണോ ?
ഒന്നാം പേര് ? രണ്ടാം പേര് ?
സിമിത്തേരി ? മരണത്തീയതി ?''

പ്രിയ സിംബോർസ്‌ക, കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ ഞാൻ മരിച്ചവനെ സ്വപ്നം കാണാറുണ്ട്. ഉറങ്ങും മുമ്പ് അവനെക്കുറിച്ചാലോചിക്കാറുണ്ട്. ആദ്യവും അവസാനവുമെല്ലാം പ്രത്യക്ഷപ്പെടുന്നത് ഒരാൾ തന്നെ. അവന്റെ പേര് : ജിനേഷ് മടപ്പളളി. മരണത്തീയതി : 2018 മെയ് 5. അവന്റെ ശവകുടീരമുള്ളത് സെമിത്തേരിയിലല്ല, വീട്ടുമുറ്റത്താണ്.

പാണക്കുളം കുനിയിലെ ആ വീട്ടുമുറ്റത്തിരുന്ന് ഭ്രാന്തൻ സ്വപ്നങ്ങൾ പങ്കുവെച്ചാണ് ഞങ്ങൾ വളർന്നത്. ഞങ്ങൾ വളർന്നപ്പോഴേക്കും ലോകവും വളർന്നു. ഫോണായി, എസ്.എമ്മെസ്സും മെസഞ്ചറും വാട്‌സപ്പുമൊക്കെ വന്നു. പതുക്കെപ്പതുക്കെ അവനെഴുതിയിരുന്ന കത്തുകൾ നിന്നു. അവന്റെ അവസാനത്തെ കത്ത് ഒരു കവിതയായിരുന്നു. അതവന്റെ ചരമക്കുറിപ്പാണ്.
"ഗ്രീഷ്മകാലത്തിന്റെ ഉച്ചിയിൽ
വസന്ത ഗീതങ്ങളിൽ
മരണമണം തുടങ്ങുമ്പോൾ
തീർച്ചയായും
ഹൃദയം
ചോര നിർത്തേണ്ടി വരും ...

ബീജാവർത്തനങ്ങളിൽ
വിഭ്രാന്തി പെരുകുമ്പോൾ
കുന്നിൻപുറങ്ങളിലേക്ക്
ഞാനിരമ്പിയാർത്ത് വരും ...'

ജിനേഷ്, മടപ്പള്ളിയങ്ങാടിയിൽ നിന്ന് മാച്ചിനാരിക്കുന്നിലേക്ക് പോകുന്ന റോഡിൽ കാടരിച്ചിറങ്ങുന്ന ആകാശം നോക്കിക്കിടന്ന ഒരു രാത്രിയുണ്ട് ഇപ്പോൾ എന്റെ ഓർമ്മയിൽ. ""സമതലങ്ങൾ പോലെയല്ല ലിജീഷ് കുന്ന്. കയറ്റവും എത് കയറ്റത്തിനും ഒരിറക്കവും അത് സൂക്ഷിക്കുന്നുണ്ടാവും'' എന്ന് നീ സങ്കടം പറഞ്ഞ രാത്രി.

ജിനേഷ് കുന്നോളമുണ്ട് സങ്കടം. ഒന്നിച്ച് മരിക്കേണ്ടവരായിരുന്നു നമ്മൾ. ഞാനോ നീയോ ഒന്നാമൻ എന്ന് നീ എപ്പോഴും ചോദിക്കുമ്പോൾ ഞാൻ കലമ്പിക്കാറുള്ളത് എന്തിനാണെന്ന് നിനക്ക് ഇപ്പോൾ മനസിലായോ ? തോറ്റു പോവുമെന്ന പേടി കൊണ്ട് തന്നെയായിരുന്നു അത്. ഞങ്ങളെയെല്ലാവരെയും തോൽപ്പിച്ച് നീ ഒന്നാമനായങ്ങ് പോയപ്പോൾ എനിക്ക് നിന്നോട് വലിയ ദേഷ്യമായിരുന്നു, സത്യം. ഇപ്പൊഴതില്ല. എനിക്കറിയാം, നിനക്ക് വേറെ വഴികളില്ലായിരുന്നുവെന്ന്. അച്ഛന്റെ മരണം കശക്കിക്കളഞ്ഞ നിന്നെ ഞാൻ കണ്ടിട്ടുണ്ട്, അമ്മയുടെ മരണത്തോടെ നീ ഇല്ലാതാവുന്നതും ഞാൻ കണ്ടിട്ടുണ്ട്. ജസില എപ്പോഴും വിളിക്കും. കുറേ കരയും, അവസാനം പറയും: ""ഏട്ടന് വേറെ വഴിയില്ലാഞ്ഞിട്ടാവും, പാവം.'' എന്ന്.

പാലസ്തീൻ കവി മഹമൂദ് ദാർവീഷിന്റെ ഒരു കവിതയുണ്ട്, ഇതാ ഇങ്ങനെ :
"അവരവനെ എല്ലാ തുറമുഖങ്ങളിൽ നിന്നും പുറത്താക്കി
അവന്റെ യുവപ്രണയിനിയെ തട്ടിക്കൊണ്ടുപോയി
എന്നിട്ടവർ പറഞ്ഞു; നീ അഭയാർത്ഥിയാണ്.'
ജീവിതം ജിനേഷിനോട് ചെയ്തത് ഇതാണ്. അവന് മുമ്പിൽ വേറെ വഴികളില്ലായിരുന്നു.

Comments