ലോക്ക്ഡൗൺ

ണ്ണിന്നടിയിൽ
കല്ലിന്നിടയിൽ
ഇരുവിരൽ നീണ്ട പിളർപ്പിൽ
അതിനൊത്ത തണുപ്പിൽ
പുറമേ ചുറ്റും
വെയിലും മഴയും തമ്മിൽ
പൊരുതുമ്പോഴും
നിസ്സംഗതയുടെയാഴമളക്കാൻ
തന്നെത്തന്നെ മുഴക്കോലാക്കി
ഇരുളിൽത്തന്നെ
ഒറ്റയിരുപ്പാണിപ്പോൾ.

ഇനിയൊരു മഴയിൽ
വെള്ളം പൊങ്ങുമ്പോഴും
മണ്ണിന്നടിയിൽനിന്നും നീന്തിക്കയറി
ചുവരിൽ
മറ്റൊരു കല്ലിന്നിടയിൽ
കാലുകളാഴ്ത്തി
കാലത്തിൽനിന്നുമടർന്നതുപോലെയിരിക്കും.

മരണം പോലൊരു മരവിപ്പിനെ-
യുടലാക്കി
പല ചെറുചതുരങ്ങളിലാക്കിയടുക്കി
ഉയിർനിലയാക്കി-
യിരിക്കുന്നു കരിന്തേളുകൾ
ഈയിത്തിരിവട്ടത്തും
നീലവിഷത്താൽ
ഭാവിയെ
വീശിവരച്ചതുപോലെ-
യനക്കം വറ്റിയൊരാകാശത്തും.
ഒറ്റത്തല്ലിനു വീഴില്ലെന്നൊരുറപ്പിൽ
ഒരു ഞൊടിയിൽ മറുകുറിയാവാമെന്നൊരു
വാലിൻ പൊങ്ങച്ചത്തെ
വടിപോലെയുയർത്താൻ
മടിയില്ലിപ്പൊഴും
'ഇക്കണ്ടൊരു വാഴ്‌വിൻ പെരുമാൾ ഞാനാണെന്നും
മറ്റൊരു കൈയും നീളരുതെന്നും'
വിരൽചൂണ്ടിപ്പറയുംപോലെ!

ഇരവിൽനിന്നു പിറന്നു,
ഇപ്പൊഴുമീയിരുളിൽത്തന്നെ.
ഇടയിടെയൊന്നു തിളങ്ങും
ഇപ്പൊഴുമുയിരോ-
ടുണ്ടെന്നൊരു തോന്നൽ പോലെ

കരിനീല പുതച്ച തണുപ്പിൽ...

Comments