സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിലെത്തിനില്‍ക്കുന്ന ഇന്ത്യ, ബഹുസ്വരതയാര്‍ന്ന ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സെക്യുലറിസവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തെയും പൗരജീവിതത്തെയും നിരന്തരം നവീകരിക്കാന്‍ പ്രാപ്തമായ ഈ മൂല്യം സംരക്ഷിക്കപ്പെടേണ്ടത്, നമ്മുടെ ഭാവി നിലനില്‍പ്പിനും അനിവാര്യമാണ്. പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ട്രൂ കോപ്പിയുമായി അവരുടെ അഭിപ്രായം പങ്കിടുന്നു. 2014നുശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ പശ്ചാത്തലം മതനിരപേക്ഷതയ്ക്ക് വലിയ പരിക്കുകളേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.ഇ.എന്‍ വിലയിരുത്തുന്നു.
15 Aug 2022, 05:08 PM
വാക്കുകള്‍ക്ക് വിലങ്ങ് വീഴുമ്പോള്‍ എന്നത് വര്‍ത്തമാനകാലത്ത് ഏറെ പ്രയോഗത്തിലുള്ള ഒരു വാചകമായി മാറിക്കഴിഞ്ഞു. ഈയിടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അഴിമതി, നാടകം എന്നിവയടക്കമുള്ള 65ഓളം വാക്കുകള്‍ക്ക് വിലക്ക് കല്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ അതിനൊക്കെ എത്രയോ മുമ്പുതന്നെ ഈ വാക്കുകള്‍ ഉള്‍പ്പെടെ ആവിഷ്‌കാരത്തിന്റെ ലോകത്തെ നിര്‍വചിക്കുന്ന, നേതൃപരമായ പദവി വഹിക്കുന്ന പരികല്‍പനകള്‍ക്ക് ഇന്ത്യയില്‍ പരിക്കേറ്റിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് മതനിരപേക്ഷതയാണ്.
മതനിരപേക്ഷത പല ഭാവപ്പകര്‍ച്ചകളോടെ, ഗുരുതരമായ വീഴ്ചകളോടെ, അപൂര്‍വമായ ചില സാധ്യതകളോടെ എത്രയോ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനിന്നു പോരുകയാണ്. ഇന്നും ഇന്ത്യന്‍ ജനതയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം മതനിരപേക്ഷത പ്രകാശപൂര്‍ണമായ ഒരു സാന്നിധ്യമാണ്. അതേസമയം, 2014-നുശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ പശ്ചാത്തലം മതനിരപേക്ഷതയ്ക്ക് വലിയ പരിക്കുകളേല്‍പ്പിച്ചുകൊണ്ടാണ് ഓരോ ദിവസവും മുന്നോട്ടുപോകുന്നത്. മതനിരപേക്ഷത തത്വത്തില്‍ നിലനില്‍ക്കുന്നു എന്നുപോലും നമുക്ക് അഭിമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പതുക്കെ സാഹചര്യങ്ങള്‍ മാറുകയാണ്. ആ മാറ്റത്തിന്റെ തുടക്കം 2019-ലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു രാഷ്ട്രീയപാര്‍ട്ടി ഇന്ത്യയില്‍ മതനിരപേക്ഷത എന്ന വാക്ക് ഉച്ചരിക്കാന്‍ ധൈര്യപ്പെടില്ല എന്ന് നരേന്ദ്ര മോദിയും ഇത് സംഘപരിവാര്‍ ആശയങ്ങളുടെ വിജയമാണെന്ന് മോഹന്‍ ഭഗവതും സവര്‍ക്കര്‍ യുഗം ആരംഭിച്ചുകഴിഞ്ഞു എന്ന് സംഘപരിവാര്‍ ധൈഷണികരും ഒന്നിച്ച് അഭിപ്രായപ്പെട്ട സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് കൃത്യമായി മനസിലാകും.
യു.ആര്‍. അനന്തമൂര്‍ത്തിയുടെ "ഹിന്ദുത്വ ഓര്‍ ഹിന്ദു സ്വരാജ്' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്ന ഒരാശയമുണ്ട്. അദ്ദേഹം പറയുന്നത് The evil that homes India is the new demonology of the Indian state, ഇന്ത്യന്‍ ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിലുള്ള പൈശാചികശാസ്ത്രമാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പരിമിതി എന്നാണ്. അത് മതനിരപേക്ഷതയ്ക്കേറ്റ പരിക്കുകളെ പരോക്ഷമായി അടയാളപ്പെടുത്തുന്ന ഒരു പരികല്‍പനയെന്ന അര്‍ഥത്തിലാണ്. അങ്ങനെ നോക്കുമ്പോള്‍ 17-ാം ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നാല് പ്രധാന കാര്യങ്ങള്‍ നാം പരിഗണിക്കേണ്ടിവരും. ഒന്ന്, 2019 ആഗസ്ത് 5-ന് കശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കിയ സംഭവം. 29 സംസ്ഥാനങ്ങളുള്ള ഇന്ത്യന്‍ യൂണിയന്‍ പെട്ടെന്ന് 28 സംസ്ഥാനങ്ങളുള്ളതായി, ഒരു സംസ്ഥാനം അപ്രത്യക്ഷമായി. കശ്മീര്‍ എന്ന വാക്ക് അപ്രത്യക്ഷമായി. അത് വെറും വാക്കല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കശ്മീരിനെ സംബന്ധിച്ച് ഇന്ത്യന്‍ യൂണിയനില്‍ നില്‍ക്കാനും പാകിസ്ഥാനില്‍ ചേരാനുമുള്ള അവസരമുണ്ടായിരുന്നു.

പക്ഷെ, മതനിരപേക്ഷത എന്ന ജനാധിപത്യ തത്വം പുലരുന്നത് ഇന്ത്യയിലാണ് എന്നുള്ളതുകൊണ്ടുമാത്രമാണ് കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നത്. ഷെയ്ഖ് അബ്ദുള്ള പറയുന്നുണ്ട്, ""ഇന്ത്യയുടെ ഭാഗമായി കശ്മീര്‍ മാറുമ്പോള്‍ ഇന്ത്യന്‍ മതനിരപേക്ഷതയും ജനാധിപത്യവും ഞങ്ങള്‍ക്ക് പകരുന്ന ഊര്‍ജം അസാധാരണമാണ്. അതേസമയം, ഏതെങ്കിലും കാലത്ത് ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ അന്ന് ഞങ്ങളുടെ ശവക്കുഴി തോണ്ടുമെന്ന് ഞാന്‍ ഭയപ്പെടുന്നു''. ഷെയ്ഖ് അബ്ദുള്ളയുടെ ഭയം പ്രസക്തമായിത്തീര്‍ന്ന ഒരു ഔപചാരിക തിയ്യതിയാണ് 2019 ആഗസ്റ്റ് 5. സത്യത്തില്‍ അതിനുമുമ്പുതന്നെ പല സര്‍ക്കാരുകളും കശ്മീരിന്റെ പല പ്രധാന അവകാശങ്ങളും കവര്‍ന്നെടുത്തിരുന്നു. എന്നാല്‍ സംസ്ഥാന പദവി അപ്പോഴും അതിനുണ്ടായിരുന്നു. അത് നിര്‍ത്തലാക്കപ്പെട്ടു. അത് മതനിരപേക്ഷതയ്ക്കേറ്റ ഗുരുതരമായ പരിക്കാണ്. മാത്രമല്ല, ഒരു സംസ്ഥാനമാകെ തടങ്കല്‍പാളയമാക്കിയിരിക്കുകയാണെന്നുള്ള ഉത്കണ്ഠ രൂപപ്പെട്ടുവന്നു.

മാസങ്ങള്‍ക്ക് ശേഷം ആനി രാജയുടെയും യെച്ചൂരിയുടെയും നേതൃത്വത്തിലുള്ള സന്ദര്‍ശകസംഘങ്ങള്‍ കശ്മീര്‍ സന്ദര്‍ശിച്ച് അവരുടെ ഉത്കണ്ഠകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ആനി രാജ പങ്കുവെച്ച ഉത്കണ്ഠ നമ്മെ ആഴത്തില്‍ അസ്വസ്ഥപ്പെടുത്തും. ഒരു വീട്ടില്‍ സന്ധ്യാസമയത്ത് ചെന്നു. എട്ടുമണിയായപ്പോള്‍ ഒരു പട്ടി കുരയ്ക്കുന്ന ഒച്ച കേട്ടു. അപ്പോള്‍ നാലുവയസ്സുള്ള ഒരു കുട്ടി കൈ ചുണ്ടില്‍ വച്ചിട്ട് അടുത്തുള്ളവരോട് സംസാരിക്കരുത് എന്ന് പറയുകയാണ്. അവര്‍ പതുക്കെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. എട്ടുമണി കഴിഞ്ഞാല്‍ ലൈറ്റിടാന്‍ പാടില്ല, സംസാരിക്കാന്‍ പാടില്ല. ലൈറ്റ് തെളിഞ്ഞാല്‍ പട്ടാളം ഇടിച്ചുകയറും. അത് ജീവിതാനുഭവമായി മാറിയതുകൊണ്ടാണ് ആരും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കാതെ നാലുവയസ്സുള്ള കുട്ടി, പട്ടി കുരച്ചത് കേട്ടപ്പോള്‍ ഇതൊരു അപകടത്തിന്റെ അടയാളമാണെന്ന് മനസിലാക്കി വീട്ടുകാരോട് സംഭാഷണം നിര്‍ത്താന്‍ പറയുന്നത്.
കശ്മീരി കവി ഗുലാം മെഹജൂർ പറയുന്നുണ്ട്, "എല്ലാ ഹൃദയങ്ങളും അസ്വസ്ഥമാണ്, പക്ഷെ ആര്‍ക്കും പുറത്തുപറയാന്‍ ധൈര്യം പോരാ... സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിച്ചാല്‍ സ്വാതന്ത്ര്യത്തിന് അതൊരു ശല്യമായി തോന്നാം...' ആദം ഷഹീദ് അലി, "വെട്ടിമാറ്റപ്പെട്ട കൈയിലെ രേഖ നോക്കി ഭാവി പ്രവചിക്കാനാകുമോ കൈനോട്ടക്കാരാ...' എന്ന് ചോദിക്കുന്നുണ്ട്. മറ്റൊരു കവി പറയുന്നുണ്ട്, "നിങ്ങള്‍ യാത്ര പോകുമ്പോള്‍ മേല്‍വിലാസം എഴുതി പോക്കറ്റിലിടണം, നിങ്ങളുടെ മൃതദേഹമെങ്കിലും കൃത്യം വിലാസത്തില്‍ തിരിച്ചെത്തുമല്ലോ'.

ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കേറ്റ രണ്ടാമത്തെ വലിയ പരിക്ക് 2019 ഡിസംബര്‍ 12-ലെ പൗരത്വ ഭേദഗതി നിയമമാണ്. അതായത് ഇന്ത്യന്‍ പൗരത്വത്തെ മതാടിസ്ഥാനത്തിലേക്ക് മാറ്റാനുള്ള ഒരു ചുവടുവെപ്പ്. അതിനെതിരെ രാജ്യത്ത് വന്‍ പ്രക്ഷോഭം ഉയര്‍ന്നുവന്നു. 2020 ആഗസ്റ്റ് അഞ്ചിനാണ് മൂന്നാമത്തെ സംഭവം. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ അവസാനത്തെ സ്മരണകള്‍ക്ക് മുകളില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു എന്നു മാത്രമല്ല, അതിന് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി നേതൃത്വം കൊടുത്തു. അതും കൂടാതെ, ഇത് രാമരാജ്യത്തിന്റെ ശിലാസ്ഥാപനമാണ് എന്ന് പ്രഖ്യാപിച്ചു. ശേഷം, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം എതിരായ നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു. അവയ്‌ക്കെതിരെ കര്‍ഷക സമരം രൂപപ്പെട്ടുവന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മതനിരപേക്ഷത പലതരം പരിമിതികളും പ്രതിസന്ധികളുമൊക്കെയായി നിരവധി കാലം നിലനിന്നിട്ടുണ്ട്. പക്ഷെ, എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അത് ശിരസ്സുയര്‍ത്തി നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ 2014-നുശേഷമുള്ള ആള്‍ക്കൂട്ടക്കൊലകളുടെയും വെറുപ്പുത്പാദന പ്രവര്‍ത്തനങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ മതനിരപേക്ഷത നേരിടുന്നത് ചരിത്രത്തിലില്ലാത്ത ആഘാതങ്ങളാണ്. 2021 ഡിസംബര്‍ 17, 18, 19 തിയ്യതികളില്‍ ഹരിദ്വാറില്‍ നടന്ന മതസമ്മേളനത്തിലെ കൊലവിളി പ്രസംഗങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ലോകപ്രശസ്ത ധൈഷണികനും വശഹത്യാ ഗവേഷകനുമായ ഗ്രിഗറി സ്റ്റാന്റന്‍ ഇന്ത്യ ഒരു വംശഹത്യാ മുനമ്പിലാണ് എന്ന് അഭിപ്രായപ്പെട്ടത്. മനുഷ്യാവകാശ സംഘടനകള്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ലോകത്തിലെ മറ്റു രാജ്യങ്ങള്‍ തുടങ്ങിയവര്‍ ഇന്ത്യയില്‍ നടന്ന, നടക്കാന്‍ പാടില്ലാത്ത പലതിനെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിപ്പെട്ടു.

എന്നാല്‍ ഈ ഘട്ടത്തിലും പ്രത്യാശയ്ക്ക് വകയുള്ളത് ഇന്ത്യന്‍ ജനത മൊത്തത്തില്‍ മതനിരപേക്ഷതയെ കൈയൊഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. അതിന്റെ ആവേശകരമായ നിരവധി ഉദാഹരണങ്ങള്‍ 2014-നു ശേഷവും കാണാന്‍ കഴിയും. 2015-ല്‍ മുംബൈയില്‍ നൂര്‍ജഹാന്‍ ഷെയ്ഖ് എന്ന ഒരു മുസ്ലിം ഗര്‍ഭിണി ആശുപത്രിയിലേക്ക് പോകുന്നവഴി പ്രസവിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ തൊട്ടടുത്തുള്ള ഗണേശക്ഷേത്രത്തിലെ ഭക്തകളായ സ്ത്രീകള്‍ വന്ന് ക്ഷേത്രത്തില്‍ അവര്‍ക്ക് പ്രസവിക്കാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തു. അവരവിടെ വെച്ച് പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞിന് നൂര്‍ജഹാന്‍ ഷെയ്ഖ് നല്‍കിയ പേര് ഗണേഷ് എന്നാണ്. 2018-ല്‍ അസന്‍സോളില്‍ നടന്ന ഒരു കലാപത്തില്‍ അവിടത്തെ നൂറാനി പള്ളിയിലെ ഇമാം ദാദുല്‍ റാഷിദിയുടെ മകന്‍ ഷെത്തുള്ള റാഷിദി കൊല്ലപ്പെട്ടു. രോഷാകുലരായ ജനങ്ങള്‍ പള്ളിയുടെ മുന്നില്‍ പകരം ചോദിക്കാന്‍ നില്‍ക്കുന്ന സമയത്ത്, ഇമാം ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗം നടത്തി. അദ്ദേഹം പറഞ്ഞു, ""30 കൊല്ലമായി ഞാന്‍ നിങ്ങളോട് സമാധാനത്തെക്കുറിച്ചാണ് പലവിധത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് നമ്മുടെ ഗ്രാമത്തിന് നമ്മുടെ കുട്ടി നഷ്ടപ്പെട്ടു. എനിക്കെന്റെ മകന്‍ നഷ്ടപ്പെട്ടു. നികത്താനാവാത്ത വലിയൊരു വേദനയാണത്. പക്ഷെ അതിന്റെ പേരില്‍ ഈ ഗ്രാമത്തിന്റെ സമാധാനം തകരരുത്. ഒരു തുള്ളി ചോര പോലും വീഴരുത്. നിങ്ങളൊരു കല്ലെടുത്താല്‍ ഞാന്‍ ഈ പള്ളിയിലെ ഇമാം പണി അവസാനിപ്പിച്ച് എന്റെ നാട്ടിലേക്ക് തിരിച്ചുപോകും. പിന്നെ ഞാന്‍ തിരിച്ചുവരില്ല.'' വിദ്വേഷം സ്നേഹത്തിന് വഴിമാറി. ആ പ്രദേശത്ത് കലാപമുണ്ടായില്ല. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ഇന്നത്തെ ഇന്ത്യയില്‍ നമുക്ക് കണ്ടെടുക്കാന്‍ കഴിയും. അതായത് അപകടങ്ങളില്‍ പരസ്പരം സഹായിച്ചും ആഘോഷങ്ങളില്‍ പരസ്പരം പങ്കുവെച്ചും ഒന്നിച്ചു ജീവിക്കുന്ന ഒരു ജനത ഇന്ത്യയുടെ പല ഭാഗത്തുമുണ്ട്. എന്നാല്‍ സമീപകാലത്ത് രാമനവമി ആഘോഷങ്ങളെ മതനിരപേക്ഷതയ്ക്കെതിരാക്കിത്തീര്‍ക്കാനുള്ള സംഘടിതശ്രമം ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ നടത്തി. പക്ഷെ ഇന്ത്യന്‍ ജനത തന്നെയാണ് അതിനെ ചെറുത്തു തോല്‍പ്പിച്ചത്. രാജസ്ഥാനിലെ കരൗലിയില്‍ രണ്ട് മുറിപ്പീടികകളില്‍ ഒന്ന് ഉസ്മാന്‍, ഒന്ന് രവി. ഉസ്മാന്റെ പീടികയ്ക്ക് തീയിട്ടു. പക്ഷെ രവിയും ആ പ്രദേശത്തെ മറ്റു മനുഷ്യരുമെല്ലാം കൂടി ഉത്സാഹിച്ച് ഉസ്മാന്റെ പീടിക പുനര്‍നിര്‍മിച്ചു.
സര്‍ക്കാര്‍ നേതൃത്വത്തില്‍ മതനിരപേക്ഷതയ്ക്കെതിരായ നിയമനടപടികളും വെറുപ്പുത്പാദനവും നടക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ ജനത അതിനെ പലതരത്തില്‍ പ്രതിരോധിച്ച് മതനിരപേക്ഷതയുടെ കാവലായി തുടരുന്നുണ്ട്. അത് പ്രതീക്ഷയാണ്. അതേസമയം, സര്‍ക്കാര്‍ ഇടപെടലുകള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ല. കാരണം, ഉന്നതസ്ഥാനത്ത് നില്‍ക്കുന്ന ആളുകള്‍ വരെ ഉച്ചരിക്കുന്ന വാക്കുകളും അവരുടെ പ്രസ്താവനകളുമൊന്നും ഒരുതരത്തിലും പ്രകാശപൂര്‍ണമായ ജീവിതത്തെക്കുറിച്ച് പ്രത്യാശ നല്‍കുന്നില്ല. യോഗിയുടെ മോഡല്‍ കര്‍ണാടകയില്‍ പ്രയോഗിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറയുമ്പോള്‍ തന്നെ അത് വ്യക്തമാണ്. കാരണം, യോഗി സ്വയം ബുള്‍ഡോസര്‍ മാമ എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നയാളാണ്. പൊതുവില്‍ മതനിരപേക്ഷ വിരുദ്ധമായ ഒരു വൈറസ് ഇന്ത്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഗ്രിഗറി സ്റ്റാന്റന്‍ പറയുന്നുണ്ട്, വംശഹത്യയിലേക്ക് പത്ത് ചുവടുവെപ്പുകളുണ്ട് എന്ന്. അതിലദ്ദേഹം വര്‍ഗീകരണം, വിവേചനം, പ്രതീകവത്കരണം എന്ന ആദ്യ ഘട്ടങ്ങള്‍ക്ക് ശേഷം നാലാമതായി പറയുന്നത് അപമാനവീകരണമാണ്. മതനിരപേക്ഷത തകരുകയും സമൂഹം അരക്ഷിതമാവുകയും ചെയ്യുമ്പോള്‍ വേട്ടക്കാര്‍ മാത്രമല്ല ഇരകളും അപമാനവീകരിക്കപ്പെടും. അങ്ങനെ അപമാനവീകരിക്കപ്പെടുന്ന ഇരകളില്‍ ഒരു വിഭാഗം വേട്ടക്കാരെ തന്നെ പകര്‍ത്തും. അവരും വേട്ടക്കാര്‍ ചെയ്യുന്ന വൃത്തികേടുകളില്‍ വ്യാപൃതരാകും. രാജസ്ഥാനിലെ ഉദയ്പുരില്‍ ഒരു പാവം തയ്യല്‍ക്കാരന്റെയടുത്തേക്ക് മുഹമ്മദ് കൗസല്‍, മുഹമ്മദ് അത്താരി എന്നീ രണ്ടുപേര്‍ ചെല്ലുന്നു. തയ്യല്‍ക്കാരന്റെ അടുത്തേക്ക് വരുന്നയാളുകളെ പൊതുവില്‍ തയ്യല്‍ ആവശ്യത്തിന് വരുന്നവരായിട്ടാണ് പരിഗണിക്കുക. എന്നാല്‍ ആ രണ്ടുപേര്‍ തയ്യല്‍ക്കാരന്റെ കഴുത്തിന് മൂര്‍ച്ഛയേറിയ ആയുധംകൊണ്ട് വെട്ടി. മനുഷ്യര്‍ക്കിടയിലുള്ള വിശ്വാസത്തിന്റെ പാരസ്പര്യത്തെയാണ് ഇത്തരം സംഭവങ്ങള്‍ തകര്‍ക്കുന്നത്. അടിത്തട്ടില്‍ ഭയം വിതറുകയാണ്.
ഹോട്ടലില്‍ വരുന്നവരെ ഭക്ഷണം കഴിക്കാന്‍ വരുന്നവരായാണ് നാം പരിഗണിക്കുക. തിയേറ്ററില്‍ വരുന്നവരെ സിനിമ കാണാന്‍ വരുന്നവരായാണ് പരിഗണിക്കുക. ഇവിടെയൊക്കെ ഒരു പരസ്പര വിശ്വാസം നിലനില്‍ക്കുന്നുണ്ട്. നമുക്ക് പരിചയമില്ലാത്ത ഹോട്ടലില്‍ നിന്ന് ഒരു വിഷമവും കൂടാതെ നമുക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നത് പരസ്പര വിശ്വാസമുള്ളതുകൊണ്ടാണ്. എന്നാല്‍ ഒരു സമൂഹം അപമാനവീകരിക്കപ്പെട്ടാല്‍ ആദ്യം തകരുന്നത് ഈ പരസ്പരമുള്ള വിശ്വാസമായിരിക്കും. പിന്നെ എന്തുതരത്തിലുള്ള കൊള്ളരുതായ്മകളും അരങ്ങേറും. ഇതെല്ലാം മതനിരപേക്ഷമൂല്യങ്ങള്‍ക്ക് സംഭവിക്കുന്ന അപചയത്തിന്റെ അനന്തരഫലങ്ങളാണ്. ഒരു സമൂഹത്തില്‍ അപമാനവീകരണം ആരംഭിച്ചാല്‍ അത് ആരംഭിച്ച സ്ഥലത്ത്, ആരംഭിച്ച ആളുകള്‍ക്കിടയില്‍ അവസാനിക്കില്ല. അത് സമൂഹത്തിലാകെ ഒരു വൈറസ് പോലെ പടരും. വേട്ടയ്ക്ക് വിധേയരാകുന്ന നിസഹായരായ മനുഷ്യരില്‍ നിന്നും വേട്ടക്കാരെ അനുകരിക്കുന്ന ഭീകരര്‍ ഉയര്‍ന്നുവരും. വേട്ടക്കാരെ തന്നെയായിരിക്കും അവര്‍ പകര്‍ത്തുന്നത്. അവരെ തന്നെയായിരിക്കും അവര്‍ പുനരുത്പാദിപ്പിക്കുന്നത്. മതനിരപേക്ഷതയുടെ വേലിയറിക്കക്കാലത്ത് ഒരു സമൂഹം അപമാനവീകരിക്കപ്പെടുമ്പോള്‍ ഇരകളാക്കപ്പെട്ടവരില്‍ നിന്ന് ഭീകരര്‍ ഉയര്‍ന്നുവരുന്നതിന്റെ ഒരു ഉദാഹരണമായാണ് ഉദയ്പൂര്‍ സംഭവത്തെ പരിഗണിക്കേണ്ടത്.

മനുഷ്യരെ തമ്മില്‍ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന ഒരു വിശ്വാസമുണ്ടല്ലോ, ആ വിശ്വാസത്തിനാണ് വെട്ടേല്‍ക്കുന്നത്. പരസ്പരമുള്ള വിശ്വാസം തകര്‍ന്നുകഴിഞ്ഞാല്‍ നമ്മള്‍ നമ്മളില്‍ തന്നെ കെട്ടുപോകും. കാരണം, നമുക്കെവിടെനിന്നും ചായ കുടിക്കാന്‍ പറ്റില്ല, നമുക്കെവിടെയും യാത്ര ചെയ്യാന്‍ പറ്റില്ല. നമ്മുടെ യാത്രകളില്‍ വഴിയിലൊരു സംശയം തോന്നിയാല്‍ തൊട്ടടുത്ത് നില്‍ക്കുന്നയാളോട് ചോദിക്കും. അയാളെ നമുക്ക് പരിചയമുണ്ടാകില്ല. എന്നാല്‍ അയാള്‍ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ നാം യാത്ര തുടരും. ദാഹിക്കുമ്പോള്‍ എവിടെ നിന്നും വെള്ളം കുടിക്കും. ഇതിലെല്ലാം മനുഷ്യവിചാരങ്ങള്‍ തമ്മിലുള്ള ഒരു വിശ്വാസമുണ്ട്. ആ വിശ്വാസത്തെയാണ് ഈ അപമാനവീകരണം ഇല്ലാതാക്കുന്നത്. അത് ഒരിടത്ത് തുടങ്ങി അവിടെ മാത്രം അവസാനിക്കില്ല. അവിടെയാണ് മതനിരപേക്ഷതയ്ക്ക് നിര്‍വഹിക്കാനുള്ള വലിയ ജോലി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന നിസ്സഹായരായ മനുഷ്യരെ മതനിരപേക്ഷതയുടെ സമരയോദ്ധാക്കളാക്കി മാറ്റണം. അത് പ്രയാസകരമായൊരു ജോലിയാണ്. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ജനാധിപത്യം നിലനില്‍ക്കുന്ന ഒരവസ്ഥയാണ് മതനിരപേക്ഷത.
അതായത് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിശ്വാസം, അഭിരുചി ഇങ്ങനെയുള്ള ഒന്നിലും ഒരുതരത്തിലുമുള്ള മേല്‍ക്കോയ്മയും ഉണ്ടാകാന്‍ പാടില്ല. അതായത് ഇന്നത് തിന്നാം, ഇന്നത് തിന്നരുത്, ഇന്ന വസ്ത്രം മാത്രം ധരിക്കണം, ഇങ്ങനെയൊക്കെയുള്ള കാഴ്ചപ്പാടിനപ്പുറം ഒരു ജനതയുടെ ജനാധിപത്യ ജീവിതം സാധ്യമാക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക പരിസരത്തെയാണ് മതനിരപേക്ഷത എന്നുള്ളതുകൊണ്ട് വിവക്ഷിക്കേണ്ടത്. മതനിരപേക്ഷത എന്ന സംജ്ഞയ്ക്ക് ഇന്ത്യനവസ്ഥയില്‍ വലിയ പ്രതിസന്ധിയുണ്ട്. ഉദാഹരണത്തിന് ഭരണകൂടത്തിന് ഔദ്യോഗിക മതമുണ്ടാകരുത്. ഭരണകൂടം മതപരമായ ആചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇന്ത്യയിലിപ്പോള്‍ ഭരണകൂടത്തിന് ഔദ്യോഗിക മതമില്ലെങ്കിലും ഇവിടെ ഭരണകൂടം പൂര്‍ണായും മതപരമായ ആചാരങ്ങളില്‍ മുഴുകിനില്‍ക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ വിവേചനം പാടില്ല. എന്നാല്‍ പല അര്‍ഥത്തിലുള്ള വിവേചനം സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
കെ.ഇ.എന്‍
Oct 02, 2022
3 Minutes Read
പി.എന്‍.ഗോപീകൃഷ്ണന്‍
Aug 17, 2022
10 Minutes Read
ഇ.കെ. ദിനേശന്‍
Aug 16, 2022
6 Minutes Read
ടി.ഡി രാമകൃഷ്ണന്‍
Aug 16, 2022
1 Minutes Read
കല്‍പ്പറ്റ നാരായണന്‍
Aug 13, 2022
1 Minute Read
ബി.രാജീവന്‍
Aug 13, 2022
5 Minutes Read
സുനില്‍ പി. ഇളയിടം
Aug 12, 2022
10 Minutes Read