ലൂയിസ് ഗ്ലിക്കിന്റെ കവിതകൾ

2020ൽ സാഹിത്യത്തിന്റെ നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ എഴുത്തുകാരി. അമേരിക്കയിലെ സമകാലീന കവികളിൽ ശ്രദ്ധേയ. കൃത്യത, സംവേദനക്ഷമത, കുടുംബബന്ധങ്ങളുടെ ആവിഷ്‌കാരം, ഏകാന്തതയിലേക്കുള്ള ഉൾക്കാഴ്ച എന്നിവയാണ് അവരുടെ കവിതകളുടെ പ്രത്യേകത. ഭാവസാന്ദ്രമാണ് കവിതകൾ. സ്വത്വവും അത് നേരിടുന്ന പ്രതിസന്ധിയും കവിതകളിൽ പ്രതിഫലിക്കുന്നു. ബോലിംഗൻ സമ്മാനം, പുലിറ്റ്‌സർ സമ്മാനം എന്നിങ്ങനെ അനവധി അംഗീകാരങ്ങൾ തേടിയെത്തി. അവരുടെ പദ്യ/ഗദ്യ കവിതകളുടെ വിവർത്തനം

ഒരു ദിവസത്തിന്റെ കഥ

1.

ഇന്ന് പ്രഭാതത്തിലും പതിവുപോലെ ഞാൻ ഉണർത്തപ്പെട്ടു
ജനൽവിരികളിലൂടെ വരുന്ന പ്രകാശത്തിന്റെ നേർത്ത അഴികളാൽ
അതിനാൽ എന്റെ ആദ്യ ചിന്തയായിരുന്നു
വെളിച്ചത്തിന്റെ പ്രകൃതം എത്ര അപൂർണമാണെന്നു
ഞാൻ വെളിച്ചത്തിന്റെ അവസ്ഥ എന്തെന്ന്
സങ്കൽപ്പിച്ചു
ജനൽ വിരികൾ അതിനെ തടയും മുൻപേ

പെട്ടെന്ന് എന്നെ ഞാൻ കണ്ടു, ഇടുങ്ങിയ മേശക്കരികിൽ, എന്റെ വലത്ത്
ലഘു ഭക്ഷണത്തിന്റെ അവശേഷിപ്പ്.
എന്റെ തലയിൽ ഭാഷ നിറയുകയായിരുന്നു, വന്യമായ അനുഭൂതിയും അഗാധമായ നിരാശയും മാറി മറിഞ്ഞ്
കാലത്തിന്റെ സത്ത മാറ്റമാണെങ്കിൽ, എങ്ങനെയാണു എന്തും ഒന്നുമല്ലാതാകുന്നത്?
ഈ ചോദ്യമാണ് ഞാൻ എന്നോട് ചോദിച്ചത്.

3.

രാത്രിയിൽ വളരെ നേരം എന്റെ മേശക്കരികിൽ ചിന്താവിഷ്ടയായിരുന്നു ഞാൻ
എന്റെ ശിരസ്സ് കനമേറി, ശൂന്യമായി
കിടക്കാൻ നിർബന്ധിതയാവുന്നത് വരെ.
പക്ഷെ ഞാൻ കിടന്നില്ല. പകരം
മുൻപിൽ വെറും തടിയിൽ പിണച്ചു വച്ചിരുന്ന
കൈത്തണ്ടയിൽ തല ചായ്ച്ചു വിശ്രമിച്ചു.
കൂട്ടിനുള്ളിലെ പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞിനെ പ്പോലെ, എന്റെ തല കൈത്തണ്ടയിൽ വിശ്രമിച്ചു.
അത് ഊഷര കാലാവസ്ഥയായിരുന്നു.
ഘടികാരം മുഴങ്ങുന്നത് ഞാൻ കേട്ടു, മൂന്ന്,പിന്നെ നാല്
ഈ സമയം ഞാൻ മുറിയിൽ നടക്കാൻ തുടങ്ങി അങ്ങോട്ടും ഇങ്ങോട്ടും
കുറച്ചു സമയത്തിന് ശേഷം പുറത്തെ തെരുവിലൂടെ
അതിന്റെ വളവുകളും തിരിവുകളും എനിക്ക് പരിചിതമായിരുന്നു
ഇത്തരം രാത്രികളിൽ നിന്ന്. ചുറ്റി ചുറ്റി ഞാൻ നടന്നു, സഹജമായി ഘടികാര സൂചികളെ അനുകരിക്കും വിധം.
എന്റെ പാദരക്ഷകൾ, ഞാൻ താഴെക്ക് നോക്കുമ്പോൾ, പൊടിയാൽ മൂടിയിരുന്നു.
ഇപ്പോഴേക്കും ചന്ദ്രനും നക്ഷത്രങ്ങളും അവ്യക്തമായി തുടങ്ങി.
പക്ഷെ പള്ളിമേടയിൽ ഘടികാരം അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു --------

4.

അങ്ങനെ ഞാൻ വീട്ടിൽ തിരിച്ചെത്തി
പടികൾ തീരുന്ന വളവിൽ ഒരു പാട് നേരം ഞാൻ നിന്നു, വാതിൽ തുറക്കാൻ വിസമ്മതിച്ച്.
സൂര്യൻ ഉദിക്കുകയായിരുന്നു.
അന്തരീക്ഷം കനത്തു
കൂടുതൽ ഭാരമുള്ളതുകൊണ്ടല്ല,
പക്ഷെ ശ്വസിക്കുന്നതിന് ഒന്നും അവശേഷിക്കാത്തതിനാൽ.
ഞാൻ എന്റെ കണ്ണുകളടച്ചു.
വലിച്ചു കീറപ്പെട്ട് വിപരീതങ്ങളുടെ ചട്ടക്കൂടിനും, ആഖ്യാനത്തിന്റെ ഘടനക്കുമിടയിൽ

5.

ഞാൻ ഇറങ്ങിപ്പോയപ്പോഴെ പോലെതന്നെ യായിരുന്നു മുറി.
മുറിയുടെ മൂലയിൽ കിടക്ക അവിടെ യുണ്ടായിരുന്നു.
ജനാലയ്ക്കു താഴെയുള്ള മേശ അവിടെയുണ്ടായിരുന്നു
ജനാലയിൽ മുട്ടിക്കൊണ്ടിരിക്കുന്ന വെളിച്ചം അവിടെ ഉണ്ടായിരുന്നു
ഞാൻ ജനൽവിരി ഉയർത്തുന്നത് വരെ
ആ സമയം അത് പുനർവ്യാപിക്കാൻ തുടങ്ങി
തണൽമരങ്ങൾക്കിടയിൽ മിന്നിക്കൊണ്ട്.


തുറന്ന ജനൽ

ഒരു മുതിർന്ന എഴുത്തുകാരൻ കഥകൾ എഴുതി തുടങ്ങുന്നതിനു മുൻപ് ഒരു കഷ്ണം കടലാസ്സിൽ 'അവസാനം' എന്ന വാക്ക് എഴുതുന്ന ഒരു പതിവ് രൂപപ്പെടുത്തിയിരുന്നു,അതിനുശേഷം അദ്ദേഹം ഒരു കെട്ടു താളുകൾ ഒന്നിച്ചുകൂട്ടും, പകൽവെളിച്ചം കുറയുന്ന ശീതകാലത്തു
താരതമ്യേന നേർത്തത്, വേനൽക്കാലത്തു, വീണ്ടും അദ്ദേഹത്തിന്റെ ചിന്തകൾ അയ്ഞ്ഞതും, വ്യതിരിക്തവും, ഒരു യുവാവിന്റെ ചിന്തപോലെ വിശാലവും ആവുമ്പോൾ താരതമ്യേന ഗഹനമായത് .അവയുടെ എണ്ണം നോക്കാതെ, അയാൾ ഈ ശൂന്യമായ താളുകൾ പഴയതിനു മുകളിൽ വയ്ക്കും, പഴയതിനെ മറച്ച്. അപ്പോൾ മാത്രമേ അയാളിലേക്ക് കഥ എത്തുകയുള്ളൂ, ശീതകാലത്തു പവിത്രവും ശുദ്ധവുമായി, വേനൽക്കാലത്തു കൂടുതൽ സ്വതന്ത്രമായി. ഈ വഴികളിലൂടെ, അദ്ദേഹം സുസമ്മതനായ വിദഗ്ധനായി മാറി.

സ്വന്തം ഇഷ്ടപ്രകാരം അയാൾ ഘടികാരങ്ങൾ ഇല്ലാത്ത മുറിയിൽ ഇരുന്നു ജോലി ചെയ്തു, പകൽ അവസാനിക്കുമ്പോൾ അയാളോട് വെളിച്ചം പറയുമെന്ന് വിശ്വസിച്ച്. വേനൽക്കാലത്തു, അയാൾ ജനൽ തുറന്നിടുന്നത് ഇഷ്ടപ്പെട്ടു. എങ്ങനെയാണ് വേനൽക്കാലത്തു, ശീതക്കാറ്റ് മുറിയിൽ കടന്നത്? നീ ചെയ്തത് ശരിയാണ്. അയാൾ കാറ്റിനോട് ഉറക്കെ പറഞ്ഞു.ഇതാണ് എനിക്ക് ഇല്ലാതിരുന്നത്, ഈ തീരുമാനം,ഈ തിടുക്കം,ഈ അത്ഭുതം

ഇതെനിക്ക് സാധ്യമെങ്കിൽ ഞാൻ ദൈവം ആയേനെ. അയാൾ പഠനമുറിയുടെ തണുത്ത നിലത്തു കിടന്നു, കാറ്റ് താളുകൾ മറിക്കുന്നത് നോക്കി, എഴുതിയതും, എഴുതാത്തതും കൂട്ടിക്കലർത്തി, 'അവസാനം 'അതിനിടയിലും.

Comments