കാപ്പി പൂക്കും കാലം

The colonel took the top off the coffee can and saw that there was only one little spoonful left. He removed the pot from the fire, poured half the water onto the earthen floor, and scraped the inside of the can with a knife until the last scrapings of the ground coffee, mixed with bits of rust, fell into the pot.
No one writes to the Colonel, Gabriel Garcia Marques

ടുപ്പിനരുകിലിരുന്ന് കാപ്പി ടിന്ന് ചുരണ്ടിക്കൊണ്ടിരിക്കുന്ന മാർകേസിന്റെ കേണൽ, എന്നെ മുറുക്കുന്നത്തയെ (പിതാമഹൻ) ഓർമിപ്പിച്ചു. മൂക്കിലേക്ക് തുളച്ച് കയറുന്ന കാപ്പി മണം. ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട മണമേതെന്ന് ചോദിച്ചാൽ കാപ്പിയെന്ന് ഞാൻ പറയും. ഏറ്റവും രുചിയുള്ള പാനീയവും.

കാപ്പി ഭ്രമം എന്നിലേക്ക് കൊണ്ടുവന്നത് മുറുക്കുന്നത്തയായിരുന്നു. പുല്ലുമേഞ്ഞ വീടിന്റെ കിഴക്കോട്ടുള്ള ചായ്പായിരുന്നു ഓർമയിലെ ആദ്യ അടുക്കള. വീട്ടിലാദ്യം എഴുന്നേൽക്കുകയും എത്രതേച്ചാലും വെളുക്കാത്തൊരു കരിക്കലത്തിൽ കാപ്പി വെയ്ക്കുകയും ചെയ്തു, മുറുക്കുന്നത്ത. ഞങ്ങളൊക്കെ എണീറ്റ് അടുക്കള ചായ്പിലേക്കാണ് വരുന്നത്. കാപ്പിയുടെ മദിപ്പിക്കുന്ന ഗന്ധം ചുറ്റും... ഓരോരുത്തർക്കും ഓരോ ഗ്ലാസ് കട്ടൻ കാപ്പി മുറുക്കുന്നത്ത നൽകും. കേണലിന്റെ ഭാര്യയെപ്പോലെ മുറുക്കുന്നത്തയുടെ ഭാര്യയും (ഐഷാബീവി അമ്മച്ചി ) ഒരു ആസ്ത്മ രോഗിയായിരുന്നു.

കട്ടൻകാപ്പിക്ക് നല്ല കടുപ്പമുണ്ടാകും. മധുരം പാകം. പഞ്ചസാരയാണ്
പതിവ്. ചിലപ്പോൾ ശർക്കര, മറ്റു ചിലപ്പോൾ കരുപ്പെട്ടി. കരുപ്പെട്ടി കാപ്പിയായിരുന്നു എനിക്കു പ്രിയം.

പിന്നെപ്പിന്നെ വീട്ടിൽ പലരും ചായയിലേക്ക് പോയി.
അത്തയും അമ്മായിയും ആ പാരമ്പര്യം നിലനിർത്തി. നൂറ് കാപ്പിപ്പൊടി രണ്ട് ദിവസത്തേക്ക് മാത്രമെന്ന് അവരെക്കുറിച്ച് തമാശ പറഞ്ഞു. അടുത്ത തലമുറയിലെ ഏക കാപ്പി പ്രിയക്കാരി ഞാൻ മാത്രമായി. ഇപ്പോൾ മകൾ ഇതളും...

കേണൽ ഒക്ടോബറിലിരുന്നത് പോലെ ഞാനുമിരിക്കുന്നു ഒക്ടോബറിൽ... ഇടുക്കിയിലെ വീട്ടിൽ... ആദ്യ ദിവസം കാപ്പിപ്പൊടിയന്വേഷിച്ച് നടന്ന് മടുത്ത് ചായയ്ക്ക് പിന്നാലേ പോയി... വെളുപ്പാൻ കാലത്ത് കട്ടൻ ചായ കുടിക്കാറില്ലായിരുന്നു. പണ്ടേ... കുടിച്ചു പോയാൽ തല കറങ്ങുന്നതായി തോന്നുയിരുന്നു...

കാപ്പിപ്പൊടിയിട്ട് വെച്ച ഒരു പാത്രം കിട്ടുമോയെന്ന് തപ്പി നടന്നു. അര ഗ്ലാസ് വെള്ളത്തിൽ ചുരണ്ടിയിടാനെങ്കിലും...

പിറ്റേന്ന് കണ്ടു പിടിച്ചു - ഒരു വർഷം മുമ്പോ മറ്റോ അമ്മായി കൊണ്ടു വെച്ച അടപ്പു തുറക്കാത്ത ഒരു പാത്രം കാപ്പിപ്പൊടി...!

എന്തൊരു രുചിയാണതിന്... മധുരം ഒഴിവാക്കിയിട്ടുപോലും... രാവിലെകൾ ഇപ്പോൾ ആ മധുരമില്ലാകാപ്പികളിലാണ്. ഷുഗർ പ്രശ്‌നമുണ്ടായിട്ടല്ല മധുരമൊഴിവാക്കിയത് - വേണ്ടെന്ന് വെച്ചിട്ട് മാത്രം.

കാപ്പി പൂക്കൾ

പോകും മുമ്പ്, ഒരു ദിവസം മധുരമിട്ട് കുടിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.

നൂറിലേറെ വർഗ്ഗത്തിൽ കാപ്പിച്ചെടികളുണ്ട്. കുറ്റിച്ചെടിയായും ചെറുമരമായും മറ്റും. റുബിയേസി കുടുംബാംഗം.

കഫീൻ (Caffeine) എന്ന ആൽക്കലോയ്ഡ് കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്നു. നമ്മളധികവും ഉപയോഗിക്കുന്നത് കോഫി അറബിക്കയാണ് (Coffea arabica). പിന്നെ വയനാടൻ റോബസ്റ്റയുണ്ട് (Robusta coffee -Coffea canephora) രണ്ടും ഭൗമ സൂചികാപദവി ലഭിച്ചവ.

എത്യോപയിലെ കഫ്ഫ (Kaffa) എന്ന സ്ഥലമാണ് കാപ്പിയുടെ ജന്മദേശം. അതു കൊണ്ടാവാം കാഫി എന്ന പേര് വന്നത് എന്ന് അനുമാനിക്കുന്നു. ലോകമെങ്ങും ചെറുവ്യത്യാസം മാത്രമാണ് പേരിലുള്ളത്. ഫ്രഞ്ചിൽ കഫേ (Cafe) ചൈനയിൽ കയ്ഫെ (Kaife), ജപ്പാനിൽ കേഹി (Kehi), ജർമനിയിൽ കഫീ (Kaffee) എന്നിങ്ങനെ ...

കേരളീയരുടെ പ്രിയ പാനീയമായ കാപ്പി ഇവിടെത്തിയിട്ട് അധികമൊന്നുമായിട്ടില്ല. 1670 ൽ യെമൻ സഞ്ചാരിയായ ബാബാബുദാൻ ആണ് കാപ്പിച്ചെടികൾ കൊണ്ടുവന്നതെന്ന് കരുതുന്നു. കർണാടകയിലെ ചിക്കമംഗളൂരിലാണ് ആദ്യമായി കാപ്പിച്ചെടികൾ നട്ടുവളർത്തിയത്. ലോകത്ത് കാപ്പി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത് ബ്രസീലും ഉപഭോഗത്തിൽ മുന്നിൽ നില്ക്കുന്നത് അമേരിക്കയിലുമാണ്. കർണാടകയാണ് കാപ്പി ഉത്പാദനത്തിൽ മുൻപന്തിയിൽ നില്ക്കുന്ന സംസ്ഥാനം. കേരളത്തിൽ വയനാടും. തൊട്ടുപുറകേ ഇടുക്കിയും.

കാപ്പിയുടെ വേരും തടിയും കരകൗശല വസ്തുക്കളുണ്ടാക്കാനും വീട്ടുപകരണങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.

വയനാട്ടിൽ ഇഷ്ടം പോലെ കാപ്പിത്തോട്ടങ്ങൾ കാണാം. എന്നാൽ സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പുകളിൽ അവിടെവിടെയായി കുറച്ച് കാപ്പിച്ചെടികളാണ് ഇടുക്കിയിൽ കണ്ടുവരുന്നത്. തോട്ടങ്ങൾ ഇല്ലെന്നല്ല.

മൂന്നാറിൽ നിന്ന് മറയൂരിലേക്കുള്ള വഴിയിൽ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കഴിഞ്ഞാൽ കാപ്പിസ്റ്റോർ എന്ന സ്ഥലമാണ്. പണ്ട് ആ വഴി പോകുമ്പോൾ തേയിലത്തോട്ടങ്ങൾ കണ്ടുകണ്ട് കാപ്പിയിലേക്കെത്തുമ്പോഴുള്ള തിരതല്ലുന്ന ആനന്ദമുണ്ട്. ക്ഷീണിച്ചവശയായിരിക്കുമ്പോൾ കിട്ടുന്ന ഒരു കപ്പ് കാപ്പി പോലെയായിരുന്നു. കാപ്പിസ്റ്റോറിലെ കാപ്പിച്ചെടികളുടെ കാഴ്ച.

ഛർദ്ദിച്ചവശതയിലെത്തുന്നതായിരുന്നു കുട്ടിക്കാലത്തെ മറയൂർ ബസ് യാത്ര. കാപ്പിസ്റ്റോർ കഴിഞ്ഞാൽ അധികമില്ല മറയൂരിന്... മറയൂരിനാണെങ്കിൽ ശർക്കരയുടേയും ചന്ദനത്തിന്റേയും മണവും...

ദേവിയാർ കോളനിയിൽ ഞങ്ങളുടെ പറമ്പിൽ കാപ്പിയുണ്ട്. പടർന്ന് പൊന്തയായ കാപ്പിമരങ്ങൾ (ചെടിയെന്ന് പറയാനാവില്ല) വൃത്താകാരത്തിൽ പടർന്ന് പന്തലിച്ച് നിൽക്കും. അടി മുതൽ മുടി വരെ ഇലകളോടെ... പത്തു പേർ ഒളിച്ചിരുന്നാലും അറിയാത്തത്ര ഗൂഢമായി ... അതുകൊണ്ട്, പണ്ട് വെളിക്കിറങ്ങാനുള്ള ഇടം കൂടിയായിരുന്നു കാപ്പിച്ചുവട്ടിലെ കല്ലുകൾ ...

ഇവ മരമല്ല ചെടിയാണെന്ന് തോന്നിച്ചത് കാപ്പിസ്റ്റോറിൽ നിന്നായിരുന്നു. അനാവശ്യമായി പടരുന്ന ചില്ലകൾ ഒടിച്ചു മാറ്റി, മുകളിലേക്ക് നീങ്ങുന്നവ നുള്ളിക്കളഞ്ഞ് നിശ്ചിത പൊക്കത്തിനപ്പുറം വളരാൻ അനുവദിക്കില്ല. പിന്നീട് വയനാട്ടിൽ കണ്ട തോട്ടങ്ങളും അത്തരത്തിലുള്ളതായിരുന്നു. വിളവെടുപ്പിന് ആ വെട്ടിയൊതുക്കൽ ഏറെ ഉപകാരപ്രദമാണ്.

അതേസമയം, ഞങ്ങളുടെ കാപ്പിവിളവെടുപ്പ് ആയാസകരമാണ്. ഓരോ കമ്പും വളച്ചുകുത്തിപ്പിടിച്ചാണ് പറിച്ചെടുക്കുന്നത്.

കാപ്പി കുടിക്കുന്ന ബന്ധുക്കളെ, സുഹൃത്തുക്കളെ ഓർത്ത് വെയ്ക്കുന്നു. ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ കൂട്ടുകാരൻ സുനിൽ ഓർമിച്ച് പറയും ..

ഒരു കാപ്പി, ഒരു ചായ

പ്രേമലേഖനത്തിലെ കേശവൻ നായരെപ്പോലെ...

കാപ്പി പൂക്കുന്ന കാലം എന്തൊരു ആനന്ദത്തിന്റേതാണ്! എന്തൊരു സൗരഭ്യമാണ് ചുറ്റിലും പകരുന്നത്. കാപ്പി കുടിക്കുമ്പോൾ കിട്ടുന്ന ഉന്മേഷം പോലെ കാപ്പി പൂക്കുമ്പോഴും കിട്ടുന്നുണ്ട്. മുല്ലമാലപോലെ കാപ്പിപ്പൂ കോർത്ത് മുടിയിൽ ചൂടിയിരുന്നു.

വിളവെടുപ്പ് കഴിഞ്ഞാൽ അധികമാകും മുമ്പ് കാപ്പി പൂക്കും. വളരെ ചെറിയ കായയാണെങ്കിലും പഴുക്കാൻ എട്ടൊൻപതു മാസമെടുക്കും. കടുംചുവപ്പിൽ നിന്ന് വിട്ട് പർപ്പിളിലേക്ക് നീങ്ങുന്ന കാപ്പിക്കുരുവാണ് പഴം. പാകമായ് ... പറിച്ചെടുത്ത് വെയിലത്തുണങ്ങി കുത്തി, പരിപ്പെടുത്ത് വറുത്തു പൊടിച്ചാണ് കാപ്പിയുണ്ടാക്കുന്നത്.

ഓരോ കാപ്പി പായ്ക്കും കാണുമ്പോൾ ഓർക്കാറുണ്ട് ഏകദേശം ഒരു വർഷം കൊണ്ടാണ് ഇത് വില്പനയ്‌ക്കെത്തുന്നത് എന്ന് ...

ഒരു ചെടി നട്ടാൽ മൂന്നു മുതൽ അഞ്ചു വർഷമെടുക്കും കായ്ക്കാൻ ... നല്ല ബലമുള്ള കമ്പുകൾ .. ഊന്നുവടിയായും പാമ്പിനെ തല്ലാൻ വരെ വളവില്ലാത്ത കമ്പ് വേണം ഹൈറേഞ്ചിൽ ... വേരുകൾ ദൂരേയ്ക്ക് വലക്കണ്ണി പോലെ വ്യാപിക്കുന്നു. അതുകൊണ്ടാവണം മറ്റു ചെടികളൊന്നും കാപ്പിച്ചുവട്ടിൽ വളരാറില്ല. ഇരുൾമൂടിയ പോലുള്ള പൊന്തകൾ നിലത്തേക്ക് വെളിച്ചം കൊടുക്കാറുമില്ല.

കാപ്പി പഴുത്തു തുടങ്ങുമ്പോൾ നിലമൊക്കെ അടിച്ച് വൃത്തിയാക്കിയിടും. കാപ്പിക്കുരു പറിച്ചെടുക്കുക എന്നത് മെനക്കേടുള്ള പണിയാണ്.

പണിക്കാരോടൊപ്പം വല്ലപ്പോഴും തൊട്ടു നിന്നാലായി. പക്ഷേ, കോളേജിൽ പഠിക്കുമ്പോൾ ആവശ്യങ്ങൾ ഏറെയാണ്. കാപ്പിപറിക്കുന്നവരെ കിട്ടാനുമില്ല. ഞങ്ങൾ മൂന്നു മക്കളും അമ്മച്ചിയുമായി കരാറുറപ്പിച്ചു. മൂന്നു പേർക്കും മൂന്ന് കാര്യങ്ങൾ സാധിച്ചു തരണം. കാപ്പിക്കുരു ഞങ്ങൾ പറിച്ചു കൊടുക്കും. അങ്ങനെ ഞങ്ങൾ കുരങ്ങും മരപ്പട്ടിയും കിളികളുമൊക്കെയായി അക്കൊല്ലത്തെ കാപ്പി പറിച്ചു തീർത്തു. എന്റെ ആവശ്യം എറണാകുളത്തേക്കുള്ള വിനോദയാത്രയായിരുന്നു... സ്‌കൂൾ കോളേജുകാലത്തെ ആദ്യത്തെ വിനോദയാത്രയുമായിരുന്നു അത്.

അക്കരെ, റോഡരുകിലെ മില്ലിലായിരുന്നു കാപ്പിക്കുരു കുത്തി പരിപ്പെടുത്തിരുന്നത്. മില്ലുകാരൻ പറയും അഞ്ചു മണിക്ക് ശേഷമേ കൊണ്ടുവരാവൂ എന്ന്.. മില്ലിൽ കുത്തിയ പരിപ്പുമായി ഇരുട്ടത്താണ് മടങ്ങിയിരുന്നത് ...

അക്കാലത്ത് കാപ്പിക്കുരു എല്ലാവർക്കും മില്ലിൽ കുത്തി വില്ക്കാൻ സാധിക്കുമായിരുന്നില്ലെന്നു തോന്നുന്നു. ലൈസൻസ് വേണമെന്ന് കേട്ടിട്ടുണ്ട്. വലിയ തോട്ടമുടമകൾക്ക് മാത്രമേ സാധിച്ചിരിക്കൂ.. അപ്പോൾ ഞങ്ങളുടെ വില്പന കള്ള വില്പനയായിരുന്നിരിക്കണം.

വീട്ടിൽ കാപ്പി വറുത്ത് പൊട്ടിച്ചെടുക്കുക വല്ലപ്പോഴുമാണ്. പെട്ടെന്ന് കാപ്പിപ്പൊടി ഇല്ലാതായാലും മറ്റും. ടിന്ന് ചുരണ്ടിത്തീരുമ്പോൾ... വീട്ടിൽ പൊടിച്ചെടുക്കുന്ന കാപ്പിയിൽ ഏലയ്ക്ക, ഉലുവ തുടങ്ങി എന്ത് ചേർത്താലും ചിക്കറി ചേർത്ത പൊടിയുടെ രുചി കിട്ടില്ല. കാപ്പിപ്പരിപ്പ്, കിലോക്കണക്കിന് ചാക്കിൽ കൊണ്ടുപോയി വില്ക്കുകയും കടയിൽ നിന്ന് പൊടി മില്ലി ഗ്രാം കണക്കിന് വാങ്ങുകയും ചെയ്തു ഞങ്ങൾ!

ചില ബന്ധുവീടുകളിൽ, സുഹൃത്തുക്കളുടെ വീട്ടിൽ പോയാൽ കാപ്പി കുടിക്കുന്നത് അത്ര ഇഷ്ടമല്ല. തിളച്ച വെള്ളത്തിൽ ഒരു തുള്ളി പൊടിയിട്ട വാട്ട വെള്ളം കാപ്പിയെ നാണിപ്പിക്കുമെന്ന് തോന്നിയിട്ട്... ചിലയിടത്ത് എത്ര പൊടിയിട്ടാലും രുചിവരാത്ത വീട്ടിൽ പൊടിച്ച കാപ്പിയായിരിക്കും...

പാലൊഴിച്ച കാപ്പിയിഷ്ടം ഇന്ത്യൻ കോഫി ഹൗസിലേതായിരുന്നു. ഇന്ത്യൻ കോഫി ഹൗസിലേക്കുള്ള പാതയ്ക്ക് വലിയ ചരിത്രമുണ്ട്. 1740 മുതൽ കോഫി ഹൗസുകൾ ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

കാപ്പി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ 1940 ൽ ഇന്ത്യാ കോഫി മാർക്കറ്റ് എക്‌സ്പാൻഷൻ ബോർഡ് രൂപീകരിച്ചു. 1942 ൽ ബോർഡ്, കോഫിബോർഡ് ആയതോടെ കോഫീ ഹൗസുകൾ തുടങ്ങുകയായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ മിക്ക പട്ടണങ്ങളിലും കോഫി ഹൗസുകൾ ആരംഭിച്ചു. എന്നാൽ 1957 ൽ കോഫി ബോർഡ് കോഫി ഹൗസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളിൽ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ൽ പിരിച്ചുവിട്ടു. ഇതിനെ എതിർത്ത എ.കെ.ഗോപാലൻ മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യൻ കോഫിബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപീകരിച്ചു.

1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ് നിലവിൽ വന്നു.

1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യൻ കോഫീ ഹൗസ് ശൃംഖല നടത്തുന്നത്.

വില കൂടിയ കാപ്പി എന്ന നിലയിൽ കടിച്ചത് ബ്രൂ കോഫിയാണ്. പത്തിലോ മറ്റോ പഠിക്കുമ്പോൾ ബന്ധുവിന്റെ ഹോട്ടലിൽ നിന്ന്. പിന്നീട് അപൂർവ്വമായി മാത്രമാണ് ബ്രൂ കോഫി കുടിച്ചത്. പാൽ കാപ്പിയേക്കാൾ കട്ടൻ കാപ്പി ഇഷ്ടപ്പെടുന്നതുകൊണ്ട് ബ്രൂ കട്ടൻകാപ്പി അത്ര ഇഷ്ടം തോന്നിയില്ല.

തമിഴ് വംശജരായ ചില സുഹൃത്തുക്കളുടെ വീടുകളിൽ നിന്ന് ഫിൽറ്റർ കോഫി കുടിച്ചിട്ടുണ്ട്. കാപ്പി ഇങ്ങനെയും തയ്യാറാക്കാമെന്ന് അവരുടെ അടുക്കള പഠിപ്പിച്ചു.

ഒരു ദിവസം മൂത്തമകൾ ഇതളിനെയും കൊണ്ട് ഫോക്കസ് മാളിലേക്ക് പോവുകയാണ്. അന്നവൾക്ക് ആറോ ഏഴോ വയസ് പ്രായം.

അവൾക്ക് ഫോക്കസ് മാളിലെ എസ്‌കലേറ്ററിൽ കയറുകയാണ് ആവശ്യം. വഴിയേ പോയപ്പോൾ അവൾ ആവശ്യം ഉന്നയിച്ചതാണ്. കൈയ്യിൽ നൂറു രൂപയോ മറ്റോ മാത്രം. കയറും മുമ്പേ കൈയ്യിൽ പണമില്ലെന്നും ഒന്നും ചോദിച്ചാൽ വാങ്ങിത്തരാനാവില്ല എന്നും പറഞ്ഞിട്ടാണ് എസ്‌കലേറ്ററിൽ കയറുന്നത്.

ചുറ്റി നടക്കുന്നതിനിടയിൽ കോഫി ഷോപ്പിൽ കയറി. 100 രൂപയുണ്ടല്ലോ.. "കോൾഡ് കോഫി ' അവൾ പറഞ്ഞു. 76 രൂപ.

എട്ട് രൂപയ്ക്ക് കാപ്പി കിട്ടുന്നകാലമാണ്. കോഴിക്കോട് നടക്കാവിലെ വീട്ടിലേക്ക് ഓട്ടോയ്ക്ക് കയറാനിരുന്നതാണ്. അത് ബസ്സിലേക്ക് മാറ്റേണ്ടി വന്നു.

പൊതുവെ ചായയേക്കാൾ രണ്ടോ മൂന്നോ രൂപ കൂടും സാധാരണ കാപ്പിക്ക്. ഇരിക്കുന്ന ഇടമനുസരിച്ച് വിലയിൽ മാറ്റം വരും. ട്രെയിനിൽ നിന്ന് കാപ്പിയേ വാങ്ങാറുള്ളൂ. എയർപോർട്ടിനുള്ളിൽ കാപ്പിക്ക് വില കൂടും.

ആദ്യമായി വിദേശത്ത് പോയിട്ട് ആദ്യം കുടിച്ചത് കാപ്പി ...സ്ട്രാബക്സ് ആദ്യം കയറുന്ന കോഫി ഷോപ്പ്.

സ്ട്രാബക്സിന്റെ മുറ്റത്തിട്ടിരുന്ന കസേരകളിൽ കുറച്ചുപേർ ഇരുന്നിരുന്നു. തണുത്ത കാറ്റ് വീശുന്നു. ഈ തണുപ്പത്ത് പുറത്തിരിക്കേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടു. അകത്ത് നല്ല തിരക്കുണ്ട്. മുകളിൽ സ്ഥലമുണ്ട് എന്നു പറഞ്ഞപ്പോൾ അങ്ങോട്ടേയ്ക്കു നടന്നു.

കാപ്പി വന്നത് പറക്കപ്പിലാണ്. നാട്ടിലെ മൂന്നു ഗ്ലാസോളം... വന്നിട്ട് ഒന്നും കഴിച്ചിരുന്നില്ല. അതുകൊണ്ട് ആ പറക്കപ്പ് നന്നായി ഇഷ്ടപ്പെട്ടു. എന്നാൽ മധുരമുണ്ടായിരുന്നില്ല. എന്നാൽ ചോദിക്കാനും പോയില്ല. ഇവിടെത്തെ രീതി എന്താണെന്ന് അറിയില്ലല്ലോ...

പിന്നീട് മടങ്ങും വരെ കാപ്പിമയമായിരുന്നു. മധുരമുള്ളതും കടുപ്പമുള്ളതും പാലുള്ളതും ഇല്ലാത്തതും അങ്ങനെ അനവധി തരത്തിൽ ...

Americano
Caffè latte
Caffè mocha
Cafè au lait
Cappuccino
Cold brew coffee
Double espresso(doppio)
Espresso
Espresso con panna
Espresso macchiato
Flat white
Frappé
Iced latte
Iced mocha
Irish coffee
Latte macchiato
Lungo or Espresso lungo
Ristretto or Espresso ristretto
Turkish coffee
Frappuccino
Caramel macchiato
Cafe cubano
Cortado
Affogato
Iced coffee
ഇങ്ങനെ എത്രതരം കാപ്പികൾ...

കാപ്പുചിനോ ആയിരുന്നു ഏറെ ഇഷ്ടപ്പെട്ടത്. അഞ്ച് ഫ്രാങ്കിൽ കുറഞ്ഞ കാപ്പിയുണ്ടായിരുന്നില്ല സ്വിറ്റ്‌സർലാൻഡിൽ.. ഫ്രാൻസിൽ നാലു യൂറോയ്ക്കും കിട്ടി. ഇറ്റലിയിൽ മൂന്ന് യൂറോയ്ക്കും ...

ജനീവയിൽ നിന്ന് മടങ്ങുമ്പോൾ കുറേ ചില്ലറ ഫ്രാങ്ക്.. എയർപോർട്ടിൽ നിന്ന് കുടിക്കാവുന്നത്ര കാപ്പി കുടിച്ചാണ് വിമാനത്തിൽ കയറിയത്..!

ലുവാക് കോഫി

കാപ്പി ചൂട് തരുന്നു. ഉത്തേജകവും ഉന്മേഷമുണ്ടാക്കുന്നതുമാണ്. പനിയെ കുറയ്ക്കുന്നു. ചുക്ക് കാപ്പി ഏറെ പ്രസിദ്ധവുമാണ്. ദഹനരസത്തേയും ആമാശയപേശികളെയും ഉത്തേജിപ്പിക്കുന്നു. വേദനയെ, വയറിളക്കത്തെ, കൊടിഞ്ഞിയെ ശമിപ്പിക്കുന്നു. ലഹരി വസ്തുക്കളിൽ നിന്നുള്ള വിഷത്തിന് കടുപ്പമുള്ള കാപ്പി പ്രതിവിധിയായി ഉപയോഗിക്കുന്നു.

ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി നമ്മുടെ തൊട്ടടുത്തുണ്ട്.. വിസർജ്യത്തിന്റെ വില എന്നും പറയാം!

സിവിറ്റ് കോഫി, ലുവാക് കോഫി എന്നൊക്കെയാണ് അറിയപ്പെടുന്നത്. കണ്ണാടകയിലെ കുടകാണ് പ്രധാന ഉത്പാദന കേന്ദ്രം. കാപ്പിപ്പഴങ്ങൾ തിന്നുന്ന വെരുകിന്റെ (Civet Cat ) വിസർജ്യത്തിൽ നിന്ന് സംസ്‌കരിച്ചെടുക്കുന്നതാണ് ഈ കാപ്പി.

Civet Cat

വെരുകിന്റെ ആമാശയത്തിലെ ദഹനപ്രക്രിയ കാപ്പിയുടെ മണവും ഗുണവും രുചിയും വർധിപ്പിക്കുന്നുവെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ദഹന സമയത്ത്, ദഹന എൻസൈമുകളും ഗ്യാസ്ട്രിക് ജ്യൂസുകളും ചേർന്ന് കാപ്പിക്കുരുവിൽ അടങ്ങിയ പെപ്‌റ്റൈഡ്‌സിനെ സ്വതന്ത്ര അമിനോ ആസിഡുകളാക്കി മാറ്റുമ്പോഴാണ് ഗന്ധത്തിൽ മാറ്റമുണ്ടാകുന്നത്. വെരുകിന്റെ കുടലിന്റെ പ്രത്യേകത മൂലം മറ്റു വിസർജ്യം കലരാതെ പുറംതള്ളപ്പെടുന്ന കാപ്പിക്കുരു ശേഖരിച്ച് കഴുകിയുണക്കി റോസ്റ്റ് ചെയ്താണ് പൊടിയുണ്ടാക്കുന്നത്.

ആനപ്പിണ്ടത്തിൽ നിന്നെടുക്കുന്ന തായ് വാൻ ബ്ലാക്ക് ഐവറി കോഫി,
കുരങ്ങൻമാർ ചവച്ചുതുപ്പുന്നതിൽ നിന്ന് മങ്കി പെർച്ച്‌മെന്റ് കാപ്പി തുടങ്ങിയവ വില കൂടിയ ഇനങ്ങളാണ്.

കോഫി ലുവാക്കിന്റെ ഉത്ഭവം ഇന്തോനേഷ്യയിലാണ്. ഡച്ച് കൊളോണിയലിസ്റ്റുകൾ ഇന്തോനേഷ്യയിൽ കാപ്പിത്തോട്ടങ്ങൾ സ്ഥാപിക്കുകയും യെമനിൽ നിന്ന് കാപ്പിപ്പരിപ്പ് ഇറക്കുമതി ചെയ്യുകയും ചെയ്തു. തദ്ദേശീയർക്ക് കാപ്പി ലഭ്യമായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യജാവയിലെ കർഷകർ തങ്ങളുടെ തോട്ടങ്ങളിൽ നിന്ന് സിവിറ്റ് വിസർജിച്ച ആർക്കും വേണ്ടാതെ കിടന്ന കാപ്പി വറുത്ത് പൊടിച്ച് കുടിക്കാൻ തുടങ്ങി....

ആദ്യകാലത്ത് തോട്ടങ്ങളിൽ നിന്നും മറ്റും വെരുക് വിസർജ്യം നേരിട്ട് ശേഖരിക്കുകയായിരുന്നതെങ്കിൽ ഇപ്പോൾ വെരുകുകളെ കൂട്ടിലിട്ട് വളർത്തി ലുവാക് കോഫി ഉത്പാദിപ്പിക്കുന്നു. ഒരു കിലോഗ്രാം സിവറ്റ്/ലുവാക് കോഫിക്ക് വില 25000 രൂപയാണ്. ഒരു കപ്പ് കാപ്പിക്ക് എറണാകുളത്തെ വില 1600 രൂപയും.. ഇന്തോനേഷ്യ, ഈസ്റ്റ് തിമോർ, ഫിലിപ്പൈൻസ്, തായ്‌ലൻഡ്, വിയറ്റ്‌നാം, എത്യോപ്യ എന്നിവിടങ്ങളിലും സിവറ്റ് കോഫി ഉത്പാദിപ്പിക്കുന്നു.

കാപ്പിപ്രിയയാണെങ്കിലും സിവറ്റ് കോഫിയെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ വേണമെന്ന് തോന്നിയിരുന്നില്ല. വിസർജ്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നു എന്നറിയുമ്പോഴുള്ള അറപ്പാവണം. അങ്ങനെയൊന്നും വിചാരിക്കേണ്ട കാര്യമില്ലെന്നറിയാം. പക്ഷേ, ശീലങ്ങൾ കൊണ്ട് ചെന്നെത്തിക്കുന്ന ചിലലോകങ്ങളുണ്ട്. അവിടെ വെരുകും മരപ്പട്ടിയും ആനയും കുരങ്ങും അവയുടെ കാപ്പി തിന്ന കാഷ്ഠവുമൊന്നുമില്ല.

പക്ഷേ, ഞങ്ങൾ സംസാരിച്ചത് കാപ്പിയെക്കുറിച്ചായിരുന്നു. കാപ്പിയെക്കുറിച്ചുമാത്രം. അവിടെ സിവറ്റ് കോഫിയുമുണ്ടായിരുന്നു.....


മൈന ഉമൈബാൻ

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരി. മമ്പാട് എം. ഇ.എസ് കോളേജിൽ മലയാള വിഭാഗം മേധാവി. ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെൺനോട്ടങ്ങൾ, ഒരുത്തി, ഹൈറേഞ്ച് തീവണ്ടി എന്നിവ പ്രധാന പുസ്തകങ്ങൾ

Comments