ബ്രിട്ടീഷ് റിപ്പോർട്ടുകളോ കലാപകാരികളുടെ രേഖകളോ? ഏതാണ് യഥാർഥ തെളിവ്? - ഭാഗം രണ്ട്

മലബാർ കലാപത്തിന്റെ കലർപ്പില്ലാത്ത ചരിത്രം - ഭാഗം രണ്ട്

ഒരു നൂറ്റാണ്ടുമുമ്പ് നടന്ന ചരിത്രസംഭവത്തിന്റെ ഓർമ വർത്തമാന സമൂഹത്തെ അസ്വസ്ഥമാക്കുംവിധം വിപുലമാകുന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും. മലബാർ കലാപ ചരിത്രത്തെ വികലമാക്കിയും വക്രീകരിച്ചും കൊണ്ടാണ് ഈ വർത്തമാന ചരിത്രനിർമിതി നടക്കുന്നത്. അതിന് ആധാരമാക്കുന്നതോ, അന്നത്തെ മലബാർ ജില്ല പൊലീസ് സൂപ്രണ്ട് ആർ.എച്ച്. ഹിച്ച്‌കോക്ക് തയാറാക്കിയ വെറുമൊരു അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോർട്ടു മാത്രമായിരുന്ന, "എ ഹിസ്റ്ററി ഓഫ് ദി മലബാർ റിബല്യൻ- 1921' എന്ന പുസ്തകത്തെയും. ഈ പുസ്തകം അടിസ്ഥാനമാക്കിയാണ്, കലാപത്തെ വക്രീകരിച്ചുകൊണ്ടുള്ള വർത്തമാനകാല വായനകളെല്ലാം നടക്കുന്നത്.

എന്നാൽ, കലാപത്തെക്കുറിച്ച് എഴുതപ്പെട്ട ഒരു ചരിത്രഗ്രന്ഥത്തിലും ഇതൊരു ഹിന്ദു- മുസ്‌ലിം ലഹളാണ് എന്ന പരാമർശമില്ല. പകരം, അധിനിവേശ- ജന്മിത്വ വിരുദ്ധ കലാപമായാണ് മിക്ക പഠനങ്ങളും വിലയിരുത്തുന്നത്.
ഒരു കലാപത്തെ വിലയിരുത്തേണ്ടത് അതിലെ പങ്കാളികളുടെ, കലാപകാരികളുടെ അനുഭവങ്ങളിൽനിന്നും കാഴ്ചപ്പാടുകളിൽനിന്നുമാണ് എന്നത് പ്രധാനപ്പെട്ട ഒരു ചരിത്രപാഠമാണ്. അത്തരം ചില രേഖകൾ നമ്മുടെ മുന്നിലുണ്ട്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 'ഹിന്ദു' പത്രത്തിന് എഴുതിയ കത്ത് അതിൽ പ്രധാനമാണ്. അതിൽ, കലാപത്തിനിടയാക്കിയത് ജന്മിത്വമാണെന്നും ഇതൊരു മത കലാപമല്ലെന്നും കൃത്യമായി പറയുന്നുണ്ട്.
മലബാർ കലാപത്തിനുമുമ്പ് അരങ്ങേറിയ അനവധി കലാപങ്ങളിൽ ഒന്നായ, 1849ലെ മഞ്ചേരി കാർഷിക കലാപത്തിൽ, സമരനായകനായ 27 വയസ്സുള്ള ഹസൻ മൊയ്തീൻ ഗുരുക്കൾ കുന്നത്ത് ക്ഷേത്രച്ചുവരിൽ ബാക്കിവെച്ച ചുരുൾ മറ്റൊരു പ്രധാന രേഖയാണ്. കലാപത്തിലെ പങ്കാളികളുടെ രേഖകളെയാണോ ബ്രിട്ടീഷ് കൊളോണിയൽ രേഖകളെയാണോ മലബാർ കലാപത്തെ വിലയിരുത്തുമ്പോൾ ആധാരമായി എടുക്കേണ്ടത്?

മലബാർ കലാപത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലെ രണ്ടാം ഭാഗത്തിൽ, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ മുൻ ചരിത്ര വിഭാഗം അധ്യക്ഷൻ ഡോ. പി.പി. അബ്ദുൽ റസാഖ്, കലാപകാരികൾ ബാക്കിവെച്ചുപോയ തെളിവുകളെയും രേഖകളെയും ആധാരമാക്കി വർത്തമാന കാല തമസ്‌കരണ ശ്രമങ്ങളെ പൊളിച്ചുകാട്ടുന്നു.

Comments