തോറ്റുപോയ വേഷങ്ങളുടുപ്പിച്ച് അയാൾ മമ്മൂട്ടിയെയും മോഹൻലാലിനെയും ഉണ്ടാക്കി

Cultural Desk

രാജയപ്പെട്ട രണ്ടു മനുഷ്യരായിരുന്നു എൺപതുകളിലെ കൊമേഴ്സ്യൽ മലയാള സിനിമാക്കാണികളുടെ ഏറ്റവും വലിയ ഹീറോകൾ. അധോലോക നായകൻ വിൻസന്റ് ഗോമസും പത്രാധിപർ ജി. കൃഷ്ണമൂർത്തിയും. സർവഗുണ സമ്പന്നരായ നായകരായിരുന്നില്ല രണ്ടുപേരും. നന്മതിന്മകളെക്കുറിച്ചും സന്തോഷസന്താപങ്ങളെക്കുറിച്ചും ലാഭനഷ്ടങ്ങളെക്കുറിച്ചും ഒട്ടും ചേർച്ചയില്ലാത്ത കാഴ്ചപ്പാടുകൾ വഹിച്ചു നടന്ന രണ്ട് പേർ. ജയിക്കാൻ വേണ്ടി മാത്രം കളിച്ചവർ. എങ്കിലും അവസാന കളിയിൽ അവർ തോൽക്കുന്നു.

രാജുമോന് അച്ഛനില്ലാതാക്കരുതെന്ന ആൻസിയുടെ യാചനയ്ക്കു മുമ്പിലാണ് വിൻസന്റ് ഗോമസ് (രാജാവിന്റെ മകൻ) ആഭ്യന്തരമന്ത്രി കൃഷ്ണദാസിനെ വെറുതെ വിടുന്നത്. ആ തോൽവിയിൽ അയാൾ ആൻസിയെ ജയിപ്പിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി കൃഷ്ണദാസിന് ഇനിയുള്ള ജീവിതം ആൻസിയുടെ ഔദാര്യമാണ്. ആൻസിയുടെ യാചന സ്വീകരിച്ച് വിൻസന്റ് ഗോമസ് തിരികെ വെച്ചു പോകുന്ന കാണിക്ക. അതിന്റെ ഓർമ്മയിൽ കൃഷ്ണദാസ് ഇനി എന്നും നിരന്തരം തോറ്റുകൊണ്ടിരിക്കും. ആൻസി അയാളെ ജയിച്ചു കൊണ്ടിരിക്കും.
കൃഷ്ണമൂർത്തിയുടെ (ന്യൂഡൽഹി) തോൽവിയെ പക്ഷേ, ആ നിമിഷത്തിൽ തന്നെ മരിയ റദ്ദാക്കുകയാണ്. അയാൾ തോറ്റിടത്ത് അവൾ ജയിക്കുന്നു. അയാൾക്കു പിഴച്ചുപോയ ഉന്നത്തിലേക്ക് അവൾ കൃത്യമായി നിറയൊഴിക്കുന്നുണ്ട്.

തോറ്റുപോയതിന്റെ കുറ്റബോധമോ ഉന്നംപിഴച്ചതിന്റെ നഷ്ടബോധമോ ഇല്ലാതെ ഇനി അയാൾക്ക് ജീവിക്കാനാവും. "മരിയാ, പ്രതികാരം, നമുക്കു വേണ്ടി' എന്ന് മുമ്പൊരിക്കൽ അയാൾ അവളോടു പറഞ്ഞിട്ടുമുണ്ടല്ലോ.
തോറ്റുപോകുന്ന ആ രണ്ടു നായകന്മാരുടെ ജീവിതത്തിലുണ്ട്, ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ സിനിമയും രാഷ്ട്രീയവുമെല്ലാം. ഒരുപക്ഷേ മമ്മൂട്ടിയും മോഹൻലാലും, പിൽക്കാലത്ത് വന്നു ചേർന്ന സൂപ്പർതാര പദവിയിലിരിക്കുമ്പോൾ ആ വേഷങ്ങൾ സ്വീകരിക്കുമായിരുന്നോ? സ്വീകരിച്ചാലുമില്ലെങ്കിലും ആ ക്ലൈമാക്സുകളെ അവരുടെ താരശരീരങ്ങൾ തിരസ്‌കരിക്കുമായിരുന്നുവെന്ന് തീർച്ച.

ഡെന്നിസ് ജോസഫ് മമ്മൂട്ടിക്കൊപ്പം

പരാജയപ്പെട്ട ആ അതികായരാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും മലയാള സിനിമയിലെ അതിമാനുഷ താരങ്ങളാക്കിയത്!
കടുത്ത ആണത്തം നിറഞ്ഞുമുറ്റിയ മനുഷ്യരായിരുന്നു വിൻസന്റ് ഗോമസും കൃഷ്ണമൂർത്തിയും. എന്നിട്ടും ആൺനായകന്മാർക്ക് ചേരാത്തവണ്ണം തോറ്റുകൊണ്ടാണ് അവർ മലയാള സിനിമയിലെ ഇതിഹാസപാത്രങ്ങളായത്. മരിയയുടെ നൃത്തജീവിതത്തെ കൃഷ്ണമൂർത്തി പരിഹസിക്കുന്നത് അവളുടെ മുദ്രകൾക്കുമേലൊരു ചട്ടയും മുണ്ടും വരച്ചുകൊണ്ടാണ്. നസ്രാണിപ്പെണ്ണിന്റെ രസനയും ലാവണ്യവും മാർഗംകളിയിലൊതുങ്ങുമെന്നും ഒതുങ്ങണമെന്നും അയാൾ ബ്രാഹ്മണ്യോചിതമായി തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. നീ എന്നെ ചോദ്യം ചെയ്യരുതെന്ന് അയാൾ അവളെ പല തവണ ഓർമ്മിപ്പിക്കുന്നുമുണ്ട്. ആണുങ്ങൾക്കു മാത്രം ആകാവുന്ന ആവിഷ്‌ക്കാരങ്ങളായിരുന്നു അയാളുടെ പ്രതികാര പദ്ധതികൾ. അവയുടെ പാളിപ്പോയ അന്ത്യത്തിലേക്ക് അയാൾ പോലും അറിയാതെയാണ് അവൾ എത്തിച്ചേരുന്നത്. അവൾ അവിടെ എത്തിപ്പെടുകയല്ല, അവിടേക്ക്, ആ നിമിഷത്തിലേക്കുള്ള യാത്രയായിരുന്നു അതുവരെ അവളുടെ ജീവിതം. അയാളിൽ നിന്ന് അനുമതി വാങ്ങാതെ അവളെടുക്കുന്ന ഒരേയൊരു തീരുമാനം. പ്രതികാരം നമുക്കു വേണ്ടി എന്ന് അയാൾ ഉദാരനാകുമ്പോളും, പ്രതികാരം എനിക്കു വേണ്ടിയാണ്, എന്റേതു മാത്രമാണ് എന്ന് അവൾക്കറിയാം. അതാണ് അവൾ പൂർത്തിയാക്കുന്നതും. തൊട്ടുമുൻപാണ് അവളുടെ കൺമുമ്പിൽ അയാൾ തോറ്റത്. എന്നിട്ടും മമ്മൂട്ടിയുടെ എക്കാലത്തെയും ഏറ്റവും മികച്ച നായകകഥാപാത്രമായി കൃഷ്ണമൂർത്തിയെ കാണുന്നുണ്ട് എത്രയോ പേർ.

വിൻസന്റ് ഗോമസിന് ജീവിതം, ക്ലൈമാക്സിലേക്ക് അയാൾ കരുതിവെച്ച ആ യന്ത്രത്തോക്ക് പോലെത്തന്നെയായിരുന്നു. തുരുതുരാ വെടിയുതിർത്താണ് അയാൾ അവിടെ വരെ എത്തിയത്. ആണത്താധിഷ്ഠിതമാകിലും സ്ത്രീകളരുതാത്ത ജീവിതമായിരുന്നു അയാളുടേത്. പക്ഷേ ഒരു സ്ത്രീയുടെ മുമ്പിലാണ് അയാൾ ആദ്യമായി തോൽക്കുന്നത് നമ്മൾ കാണുന്നത്. ഈ രംഗം കാണുക:

വിൻസന്റ് ഗോമസിൽ നിന്ന് ചോദിക്കാതെ കിട്ടിയ സഹായങ്ങൾ അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോവുന്ന ആൻസി.

വിൻസന്റ് ഗോമസ്: "കടം തീർത്ത് പോവുകയാണല്ലേ? പക്ഷേ കടം തീർന്നില്ലല്ലോ. ഇതുകൊണ്ടെന്താകാൻ? നിന്റെ ഒരു വർഷത്തെ വാടക ഞാൻ കൊടുത്തിട്ടുണ്ട്. ആ കാശ് ആരു തരും? '
ആൻസി: "എനിക്കൊരു ജോലി കിട്ടിക്കഴിഞ്ഞാൽ ആദ്യം തീർക്കുന്നത് തന്റെ കടമായിരിക്കും.'
വിൻസന്റ് ഗോമസ്: "വിൻസന്റ് ഗോമസിന്റെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങി പബ്ലിക് പ്രോസിക്യൂട്ടറെ ചതിച്ച നിനക്ക് ആര് ജോലി തരാൻ?'
ആൻസി: "എന്നെ വിറ്റെങ്കിലും ഞാനത് തിരിച്ചു തരും.'

ആ മറുപടിക്കു മുമ്പിലാണ് വിൻസന്റ് ഗോമസ് ആദ്യമായി തോൽക്കുന്നത്. അതിൽ പിന്നീട് അയാൾ ജയിച്ചിട്ടില്ല. കൊച്ചിക്കായലോരത്തെ പ്രശസ്തമായ ആ സീനിൽ, എനിക്കൊരു മകനെത്തരില്ലേ ആൻസീ എന്ന അയാളുടെ യാചന അനുതാപാർദ്രമായി പരാജയപ്പെടുന്നതും നമ്മൾ കാണുന്നുണ്ട്. അവിടെ അയാളൊരു മൺതരിയോളം ചെറുതാകുന്നുണ്ട്. എന്നിട്ടും മോഹൻലാലിന്റെ എക്കാലത്തെയും വലിയ നായക കഥാപാത്രമായി വിൻസന്റ് ഗോമസിനെ നാം എണ്ണുന്നു.

ഡെന്നിസ് ജോസഫിന്റെ രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ച് നമ്മുടെ മുമ്പിൽ ദൃഷ്ടാന്തങ്ങളില്ല. അയാൾ പണ്ഡിതോചിതമായി പ്രഭാഷണങ്ങൾ നടത്തുകയോ പാശ്ചാത്യ തത്വചിന്തകരെ ഉദ്ധരിച്ചും ഉദാഹരിച്ചും പ്രബന്ധങ്ങൾ എഴുതുകയോ ചെയ്തില്ല. തിരക്കഥാശരീരത്തിന്റെ അഴകളവുകളിൽ അസാധാരണമായ വൈഭവം പുലർത്തിയിട്ടും അയാൾ അക്കാദമിക്കുകളുടെ സംവാദവേദികളിലേക്കു ക്ഷണിക്കപ്പെട്ടില്ല. സത്യജിത്ത് റേ പോലും പ്രകീർത്തിച്ച ന്യൂഡൽഹിയുടെ സ്‌ക്രീൻപ്ലേ ആരും പാഠപുസ്തകമായി പഠിച്ചില്ല. തിരക്കഥയെഴുതിപ്പഠിക്കുന്ന കുട്ടികൾ എം.ടി.യും പത്മരാജനും മുതൽ ബ്ലെസ്സിയും രഞ്ജിത്തും വരെയുള്ളവരുടെ സമാഹാരങ്ങൾ വായിച്ചു കൂട്ടുകയല്ലാതെ ഡെന്നിസ് ജോസഫിനെ മറിച്ചു നോക്കിയില്ല-കെ.ജി.ജോർജിനെയെന്ന പോലെ.

ഡെന്നിസ് ജോസഫ് എഴുതിയ ഏറ്റവും സംഭവബഹുലമായ തിരക്കഥ അയാളുടെ ആത്മകഥയായിരുന്നു. അത് കേട്ടും വായിച്ചും അദ്ഭുതപ്പെട്ടതു പോലെ മലയാളത്തിലെ പുതുതലമുറ മറ്റൊരു സിനിമാക്കാരന്റെ ജീവിതകഥ കേട്ടും വായിച്ചും അദ്ഭുതപ്പെട്ടിട്ടില്ല.രാജാവിന്റെ മകനിലും ന്യൂഡൽഹിയിലും നിറക്കൂട്ടിലും ആകാശദൂതിലും അഥർവ്വത്തിലും മനുഅങ്കിളിലുമില്ലാത്ത എത്രയോ പലതും അയാളുടെ ജീവിതകഥയിലുണ്ടായിരുന്നു. സത്യത്തിൽ അന്നു തൊട്ടാണ് മലയാളി ഡെന്നിസ് ജോസഫിനെ വായിച്ച് തുടങ്ങിയത്.

ഡെന്നിസ് ജോസഫ് മോഹൻലാലിനൊപ്പം

വായിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അയാളെ മലയാളി തിരിച്ചറിഞ്ഞ് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ശ്യാം പുഷ്‌കരന്റെ "ജോജി 'കണ്ട ശേഷമാണ് മലയാളി യുവത്വം കെ.ജി.ജോർജിനെ ഗൂഗിളിൽ സേർച്ച് ചെയ്ത് തുടങ്ങിയത് എന്നതു പോലെത്തന്നെ. എഴുത്തുകാരുടെ രാഷ്ട്രീയബോധ്യങ്ങൾ എഴുത്തിന്റെ സാമൂഹികപരതയിൽ എന്ത് വ്യത്യാസങ്ങളാണുണ്ടാക്കുകയെന്ന് പല കാലങ്ങളിലിരുന്ന് "ഇരകളും' "ജോജി'യും നമ്മളോട് വിസ്തരിച്ച് പറയുന്നുണ്ട്.
ആഷിക് അബുവോ ദിലീഷ് പോത്തനോ അമൽ നീരദോ രാജാവിന്റെ മകനെ അല്ലെങ്കിൽ ന്യൂഡൽഹിയെ ഇനിയും പുനർനിർമിച്ചേക്കാം. ആൻസിയും മരിയയും എങ്ങനെയാണ് അതതു കാലത്തെ തിരരാഷ്ട്രീയത്തിന്റെ ചട്ടങ്ങളും ചിട്ടകളും ലംഘിച്ചതെന്ന് അന്ന് നമ്മൾ പ്രബന്ധങ്ങളെഴുതും.

ഡെന്നിസ്, അന്നു താങ്കൾ ഉണ്ടാവേണ്ടിയിരുന്നു-ജോർജിന്റെ ജീവിതകാലത്തു തന്നെ "ജോജി " സംഭവിച്ചതു പോലെ

Comments