മങ്കടയിലെ ആന്റി ക്ലൈമാക്‌സുകൾ

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്കുനീങ്ങുകയാണ്​​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോൾ സ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടർമാരുടെ കൂടി നെഞ്ചിടിപ്പ് കൂട്ടിയ മണ്ഡലമാണ് മങ്കട.

2011ൽ 23,593 വോട്ട് ഭൂരിപക്ഷം നേടിയ മുസ്‌ലിംലീഗിലെ ടി.എ. അഹമ്മദ് കബീറിന് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഭൂരിപക്ഷം വെറും 1508. ലീഗിന്റെ ഉറച്ച കോട്ടയെന്ന ഖ്യാതിയുള്ള മങ്കടയിൽ അതുകൊണ്ടുതന്നെ ഇത്തവണ ഒരു ആന്റി ക്ലൈമാക്‌സ് സാധ്യമാണ് എന്ന ഉറപ്പിലാണ് സി.പി.എം. കഴിഞ്ഞതവണ മത്സരം കടുപ്പിച്ച ടി.കെ. റഷീദലിയെതന്നെയാണ് എൽ.ഡി.എഫ് ഇറക്കുന്നത്.

ലീഗും ഒരു പരീക്ഷണത്തിനൊരുങ്ങുകയാണിവിടെ. അഹമ്മദ് കബീറിനുപകരം മുമ്പ് ഇടതുസ്വതന്ത്രനായി രണ്ടുതവണ ജയിച്ച മഞ്ഞളാംകുഴി അലിയെ നിർത്താനാണ് നീക്കം. എന്നാൽ, അന്തിമതീരുമാനത്തിലേക്കെത്തിയിട്ടില്ല പാർട്ടി. കാരണം, അഹമ്മദ് കബീറിനുവേണ്ടി മണ്ഡലത്തിലെ പ്രവർത്തകരിൽനിന്ന് ആവശ്യമുയരുന്നുണ്ട്. മാത്രമല്ല, ‘ഇത്തവണ ഞാൻ മത്സരിത്തിനില്ലെന്ന' 'ബുദ്ധിപരമായ' ഒരു തീരുമാനം മുമ്പേ അലി പ്രഖ്യാപിച്ചിട്ടുണ്ട്. ‘വ്യക്തിപരമായി മത്സരിക്കാൻ താൽപര്യമില്ല, എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും' എന്നാണ് അലിയുടെ നിലപാട്.

സി.എച്ച്. മുഹമ്മദ് കോയ / വര: ദേവപ്രകാശ്

കഴിഞ്ഞ വർഷം പെരിന്തൽമണ്ണയിൽ 579 വോട്ടായിരുന്നു അലിയുടെ ഭൂരിപക്ഷം. അത് ലീഗിലെ ആഭ്യന്തരക്കുഴപ്പം മൂലമാണെന്നാണ് അലിയുടെ പക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നുവട്ടം മത്സരിച്ചവരെ മാറ്റിനിർത്തുന്നതിനെക്കുറിച്ച് പഠിക്കാൻ ലീഗ് രൂപീകരിച്ച കമ്മിറ്റിയുടെ കൺവീനർ അലിയായിരുന്നു. അതുകൊണ്ട്, തുടർച്ചയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അലിക്ക് ഒരു ‘ധാർമിക പ്രതിസന്ധി’യുണ്ടാകാനിടയുണ്ട്, അതുകൊണ്ടാകാം അദ്ദേഹം സ്വയം പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാൽ, ‘ശത്രു'ക്കൾ പറഞ്ഞുപരത്തുന്നത് മറ്റൊരു കഥയാണ്​, നിയമസഭാ തെരഞ്ഞെടുപ്പിൽനിന്ന് മാറിനിന്നാൽ, കുഞ്ഞാലിക്കുട്ടിയുടെ ഒഴിവുവരുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയിലേക്ക് ഒരു സർജിക്കൽ സ്​ട്രൈക്ക്​നടത്തിനോക്കാം എന്ന പ്രതീക്ഷ വച്ചാണത്രേ അദ്ദേഹത്തിന്റെ ‘പിന്മാറ്റം'. എങ്കിലും ലീഗിൽ അലിയുടെ ആഗ്രഹത്തിന് അത്ര പിന്തുണയില്ല. മങ്കട തന്നെയാണ് ഒടുവിൽ പാർട്ടി അദ്ദേഹത്തിനായി കണ്ടെത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽനിന്ന് പിടിച്ചെടുക്കാൻ കഴിയുന്ന മണ്ഡലങ്ങളുടെ എൽ.ഡി.എഫ് പട്ടികയിൽ മങ്കടയുമുണ്ട്. കഴിഞ്ഞ തവണ റഷീദലി നടത്തിയ മുന്നേറ്റവും പ്രാദേശിക പ്രതിച്ഛായയും ഇത്തവണ മുതലാക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വളരെ മുന്നിലാണ് മങ്കടയിൽ.

സി.എച്ച്. മുഹമ്മദ് കോയയും കൊരമ്പയിൽ അഹമ്മദ് ഹാജിയും മുതൽ കെ.പി.എ മജീദ് വരെയുള്ളവരുടെ മണ്ഡലമാണ് മങ്കട. പാലൊളി മുഹമ്മദ് കുട്ടിയും മഞ്ഞളാംകുഴി അലിയുമാണ് ഇടതുപക്ഷത്തേക്ക് മങ്കടയെ ചേർത്തുപിടിച്ചത്. ലീഗിന് ഉറച്ച അടിത്തറയുള്ള മണ്ഡലമാണെങ്കിലും, ഒടുവിലേക്ക് ഒരു ഞെട്ടൽ കാത്തുവെക്കാറുണ്ട് പലപ്പോഴും മങ്കട. പലരെയും അടിതെറ്റിക്കുകയും ‘തോറ്റതിനൊപ്പമേ ഭൂരിപക്ഷം' എന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തിട്ടുള്ള മണ്ഡലം.

1957, 1960 തെരഞ്ഞെടുപ്പുകളിൽ ലീഗിനൊപ്പമായിരുന്നു. 1967ൽ സി.എച്ച്. മുഹമ്മദ് കോയ 24,517 വോട്ടിന്റെ ഭൂരിപക്ഷത്തിന് ചരിത്രവിജയം നേടി. ഇൗ ഭൂരിപക്ഷം മങ്കടയിൽ പിന്നീടാരും തിരുത്തിയിട്ടില്ല.

1970ൽ സി.പി.എമ്മിലെ പാലോളി മുഹമ്മദ് കുട്ടി മങ്കട ലീഗിൽനിന്ന് പിടിച്ചെടുത്തു. 1977ൽ ലീഗ് കൊരമ്പയിൽ അഹമ്മദ് ഹാജിയെ നിർത്തി മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് അഞ്ച് തെരഞ്ഞെടുപ്പുകളിൽ കെ.പി.എ. മജീദിന്റെ ഊഴമായിരുന്നു. 1980 മുതൽ 1996 വരെ അദ്ദേഹമായിരുന്നു എം.എൽ.എ. മജീദിന് മൂന്നാംവട്ടം 10,922 ആയിരുന്നു ഭൂരിപക്ഷം എങ്കിൽ അഞ്ചാം വട്ടം, 1996ൽ 1054 ആയി ചുരുങ്ങി. ഇടതുസ്വതന്ത്ര1996ലാണ് മങ്കടയിൽ അലിയുടെ കന്നിയങ്കം. അന്ന് കെ.പി.എ. മജീദിനോട് ആയിരം വോട്ടിനാണ് തോറ്റത്. 2001ൽ ഇടതുസ്വതന്ത്രവേഷത്തിലിറങ്ങിയ മഞ്ഞളാംകുഴി അലിയാണ് മജീദിന്റെ ഭൂരിപക്ഷം കുത്തനെ ഇടിച്ചത്. 2001ൽ മജീദിനെ തോൽപ്പിച്ച് അലി മങ്കട പിടിക്കുകയും ചെയ്തു.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

2006ൽ മങ്കട തിരിച്ചുപിടിക്കാൻ ലീഗ് എം.കെ. മുനീറിനെ നിയോഗിച്ചുവെങ്കിലും അലിക്കുതന്നെയായിരുന്നു ജയം. സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാണ് താൻ എന്നും വി.എസ്. പക്ഷമെന്ന് മുദ്രകുത്തി തനിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുകയാണെന്നുമൊക്കെയുള്ള ആരോപണങ്ങളുമായി അലി എം.എൽ.എസ്ഥാനം രാജിവെക്കുകയും 2010ൽ ലീഗിൽ ചേരുകയും ചെയ്തു. 2011ൽ സി.പി.എമ്മിലെ ഖദീജ സത്താറും ലീഗിലെ ടി.എ. അഹമ്മദ് കബീറും തമ്മിലായിരുന്നു മത്സരം, കബീർ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു.
കന്നി മത്സരത്തിൽ തോൽവിയും പിന്നീട് ജയവും പിന്നെ രാജിയും പാർട്ടിമാറ്റവുമെല്ലാം നിറഞ്ഞ ഒരു സിനിമാക്കഥയാണ് മങ്കടയിലെ അലിയുടെ രാഷ്ട്രീയസാന്നിധ്യം. അതുതന്നെയാണ് സി.പി.എമ്മിൽ പ്രതീക്ഷ ബാക്കിയാക്കുന്നതും.

മക്കരപ്പറമ്പ്, മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മൂർക്കനാട്, പുഴക്കാട്ടിരി പഞ്ചായത്തുകൾ ചേർന്നതാണ് മങ്കട മണ്ഡലം.


Comments