സഭ, വിശ്വാസി,
കമ്യൂണിസ്റ്റ്;
ഒരു മണ്ണാര്‍ക്കാടന്‍ ദൃഷ്ടാന്തം
സഭ, വിശ്വാസി, കമ്യൂണിസ്റ്റ്; ഒരു മണ്ണാര്‍ക്കാടന്‍ ദൃഷ്ടാന്തം
ഏപ്രിൽ ആറിന് കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ ചൂടിലേക്കുണര്‍ന്നുകഴിഞ്ഞു. സീറ്റുവിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി നിർണയവും അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.
4 Mar 2021, 10:08 AM
കേരള രാഷ്ട്രീയത്തില്‍ സമുദായങ്ങളും സഭകളും നടത്തുന്ന അവിഹിത ഇടപെടലുകള്‍ക്ക് ഇതുവരെ ഒരു തലയില്‍ മുണ്ടിടലൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ മണ്ണാര്‍ക്കാട് ഇത്തവണ അത് ഒളിവും മറവുമില്ലാതെ നടന്നു. കാര്യം നേരെ ചൊവ്വേ അങ്ങ് പറഞ്ഞു, സഭ.
കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വര്‍ഗീസ് പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിന്റെ കത്തുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണുന്നു. ഐസക് വര്‍ഗീസിന് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമുണ്ട്, മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുകയാണെങ്കില്‍ സഭയുടെ പിന്തുണയുണ്ടാകും എന്നായിരുന്നു കത്തില്‍.
കത്ത് സ്വീകരിച്ചോ തള്ളിയോ എന്ന് കാനം പറയുന്നതിനുമുമ്പേ വ്യവസായി മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങിവെച്ചു. സഭയുടെ പിന്തുണയുള്ളതുകൊണ്ട് ജയിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. മാത്രമല്ല, കഴിഞ്ഞ രണ്ടു തവണയായി ലീഗ് തന്നെ ജയിക്കുന്നതുകൊണ്ട് സഭ ഏതാണ്ട് അവഗണിക്കപ്പെട്ട നിലയിലാണ്, ഇതില്‍ അവര്‍ക്ക് അതൃപ്തിയുമുണ്ട്, അതുകൊണ്ടുതന്നെ ഇത്തവണ സഭക്ക് വിശ്വസ്തനായ ഒരാള്‍ സ്ഥാനാര്‍ഥിയാകണം എന്ന്, കേള്‍ക്കുന്നവര്‍ക്ക് വര്‍ഗീയത മണക്കുന്ന തരത്തിലൊരു സൂചനയും നിയുക്ത സ്ഥാനാര്‍ഥി നല്‍കി. സഭക്ക് മണ്ഡലത്തില്‍ 26,000 വോട്ടുണ്ടെന്നും 2006നുശേഷം സി.പി.ഐ ജയിച്ചിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുമുണ്ട്.

സഭാ വിശ്വാസിയായ ഐസക് വര്‍ഗീസില്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ കൂടി ഒളിഞ്ഞല്ല, തെളിഞ്ഞുതന്നെയിരിപ്പുണ്ട്. ഇടതുപക്ഷ അനുഭാവി കൂടിയാണ് അദ്ദേഹം, കൃത്യമായിപ്പറഞ്ഞാല്‍ സി.പി.എം അനുഭാവി. ബിഷപ്പിന്റെ കത്തുമായി പോകേണ്ടിയിരുന്നത് എ.കെ.ജി സെന്ററിലേക്കായിരുന്നു. എന്നാല്‍, മണ്ഡലം സി.പി.ഐയുടേതായതിനാലാണ് കാനത്തിന്റെ അടുത്തേക്കായത്.
ഈ യാത്രക്ക് ഒരു താത്വിക ന്യായീകരണം കൂടിയുണ്ടായിരുന്നു: ‘‘വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവരെ മാത്രം ഉപയോഗിച്ച് മാറ്റം സാധ്യമല്ല. സമൂഹത്തില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ട്. അവരുടെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാട്. അപ്പോള്‍, ആശയപരമായല്ല വര്‍ഗപരമായി വിശ്വാസിയെയും അവിശ്വാസിയെയും ഒരുമിപ്പിക്കേണ്ടതുണ്ട്. അവരവരുടെ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. അങ്ങനെ മുന്നോട്ടുാേപകുമ്പോള്‍ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം ഞങ്ങള്‍ക്കു പ്രശ്‌നമല്ല'' എന്ന എം.വി. ഗോവിന്ദന്‍ തിയറിയനുസരിച്ച് എല്ലാം തികഞ്ഞ ഒരു സ്ഥാനാര്‍ഥിയാകേണ്ടതായിരുന്നു ഈ വ്യവസായിയും വിശ്വാസിയും കമ്യൂണിസ്റ്റുകാരനുമായ ഐസക് വര്‍ഗീസ്. ഈയൊരു തെരഞ്ഞെടുപ്പുകാല തിയറിയില്‍ ഐസക്കും വീണുപോയി എന്നു പറയുന്നതാകും ശരി.
Also Read: ഗൗരിയമ്മയെ തോല്‍പ്പിച്ച ചേര്‍ത്തല
സഭയുടെ മാത്രമല്ല, വിശ്വകര്‍മ സഭയടെയും രാമഭദ്ര സംഘടനയുമൊക്കെ കത്ത് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വ്യവസായി എന്ന നിലക്ക് അദ്ദേഹത്തിന് ബി.ജെ.പിയോടും തൊട്ടുകൂടായ്മയൊന്നുമില്ലതാനും. അങ്ങനെയാണ് ‘മാറണം എന്റെ മണ്ണാര്‍ക്കാട്, വരണം വികസനം' എന്ന മുദ്രാവാക്യവുമായി അദ്ദേഹം മണ്ഡലത്തിലിറങ്ങിയത്.
വിറച്ചുപോയത് സി.പി.ഐ തന്നെയാണ്. ഐസക്കിനെ ഇറക്കിയത് സി.പി.എം തന്നെയാണ് എന്നൊരു ‘തെറ്റിധാരണ’ സി.പി.ഐക്കുണ്ടായി. 2011ല്‍ ഏറനാട്ടില്‍ സംഭവിച്ച ഒരു പൂര്‍വകാല മാതൃക പെട്ടെന്ന് സി.പി.ഐയില്‍ കത്തി. അന്ന് പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന സി.പി.എം നിര്‍ദേശം സി.പി.ഐ തള്ളിക്കളഞ്ഞപ്പോള്‍, എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ സി.പി.ഐക്കാരനെതിരെ പി.വി. അന്‍വറിനെ സ്വതന്ത്രവേഷത്തില്‍ ഇറക്കിക്കളിച്ച മാതൃക. അന്ന്, ഏറനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥി ബി.ജെ.പിയേക്കാള്‍ പുറകിലാകുകയും ചെയ്തു.
ഇരുപാര്‍ട്ടികള്‍ക്കും സമ്മതനായ സ്വതന്ത്രനെന്ന നിലക്കാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗമായ ഒരു നേതാവ് ഐസക് വര്‍ഗീസിന്റെ പേര് നിര്‍ദേശിച്ചത് എന്ന വിവരവും സി.പി.ഐ സീറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന ഐസക്കിന്റെ മുന്നറിയിപ്പും പുറത്തുവന്നതോടെ സി.പി.ഐക്ക് ചിത്രം വ്യക്തം. മണ്ണാര്‍ക്കാട്ട് പൊതുസ്വതന്ത്രന്‍ ആവശ്യമില്ലെന്നും ഇതുവരെ പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിച്ചവരാണ് ജയിച്ചിട്ടുള്ളതെന്നും കെ.ഇ. ഇസ്മയില്‍ തുറന്നു പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് ഉറപ്പുകിട്ടാത്തതുകൊണ്ടാകണം, മത്സരരംഗത്തുനിന്ന് പിന്മാറുകയാണെന്ന് ഐസക് വര്‍ഗീസ് കഴിഞ്ഞദിവസം അറിയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറിയാണ് മത്സരിക്കുക എന്നതിനാല്‍ പിന്മാറുന്നുവെന്നും പാര്‍ട്ടിയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു സഖാവ് എന്ന നിലക്ക് പാര്‍ട്ടിക്കെതിരെ മത്സരിക്കാനാവില്ലെന്നുമുള്ള നിലപാടിലെത്തേണ്ടിവന്നു അദ്ദേഹത്തിന്.
എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് പി. നൗഷാദ്, സി.പി.ഐ ജില്ല സെക്രട്ടറി സുരേഷ് രാജു, സി.പി.സെയ്തലവി എന്നിവരുടെ പേരുകളാണ് സി.പി.ഐ പരിഗണിക്കുന്നത്. ഇതില്‍ സുരേഷ് രാജുവിനാണ് സാധ്യത.
2016ല്‍ മുസ്‌ലിം ലീഗിലെ എന്‍. ഷംസുദ്ദീന്‍ സി.പി.ഐയിലെ കെ.പി. സുരേഷ് രാജിനെ 12,325 വോട്ടിനാണ് തോല്‍പ്പിച്ചത്. ഷംസുദ്ദീനെ തന്നെ മത്സരിപ്പിക്കാനാണ് ലീഗ് നീക്കം. 2011 മുതല്‍ തുടര്‍ച്ചയായ രണ്ടുതവണ ജയിക്കുന്നതിനാല്‍ ഷംസുദ്ദീനെ മാറ്റി പുതുമുഖത്തെ നിര്‍ത്തണമെന്ന് അഭിപ്രായമുയര്‍ന്നതിനെതുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖലി, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു. ഷംസുദ്ദീനെ തിരൂരിലേക്കും പരിഗണിച്ചു. എങ്കിലും അദ്ദേഹം മണ്ണാര്‍ക്കാട് തന്നെ മത്സരിക്കും എന്നാണ് ഇതുവരെയുള്ള സൂചന.
മണ്ഡലത്തില്‍ സി.പി.എം- സി.പി.ഐ പോര് രൂക്ഷമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ദൃശ്യമായിരുന്നു. 2019ല്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് 29,625 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ വി.കെ. ശ്രീകണ്ഠനെ വിജയിപ്പിച്ച മണ്ഡലാണിത്.
തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നേറ്റം നടത്തി. തെങ്കര, അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനും അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളും മണ്ണാര്‍ക്കാട് നഗരസഭയും യു.ഡി.എഫിനുമാണ്.
1977 മുതല്‍ 2016 വരെയുള്ള പത്ത് തെരഞ്ഞെടുപ്പുകളില്‍ നാലുതവണ സി.പി.ഐയും ആറുതവണ മുസ്‌ലിം ലീഗുമാണ് ജയിച്ചത്. 1957 മുതല്‍ രണ്ടു പതിറ്റാണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി കുത്തകയായിരുന്നു.
1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കെ. കൃഷ്ണമേനോനും 1960ല്‍ കൊങ്ങശ്ശേരി കൃഷ്ണനും ജയിച്ചു. 1967ല്‍ സി.പി.എമ്മിന്റെ ഇ.കെ. ഇമ്പിച്ചിബാവ ജയിച്ച് ഗതാഗത മന്ത്രിയായി. 1970ല്‍ സി.പി.എം ജോണ്‍ മാഞ്ഞൂരാനിലൂടെ വിജയം ആവര്‍ത്തിച്ചു. 1977ല്‍ സി.പി.ഐയിലെ എ.എന്‍. യൂസഫ് സി.പി.എമ്മിലെ സി.എസ്. ഗംഗാധരനെ തോല്‍പ്പിച്ചു. 1980ല്‍ ലീഗിലെ എ.പി. ഹംസ. 1982ല്‍ സി.പി.ഐയിലെ പി. കുമാരന്‍. 1987, 1991 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലീഗിലെ കല്ലടി മുഹമ്മദ്. 1996ല്‍ സി.പി.ഐയിലെ ജോസ് ബേബി. 2001ല്‍ ലീഗിലെ കളത്തില്‍ അബ്ദുള്ള. 2006ല്‍ വീണ്ടും ജോസ് ബേബി. 2011, 2016 വര്‍ഷങ്ങളില്‍ എന്‍. ഷംസുദ്ദീന്‍.
Join Think Election Special Whatsapp Group

മനില സി.മോഹൻ
Apr 23, 2021
60 Minutes Watch
Truecopy Webzine
Apr 12, 2021
4 Minutes Read
Truecopy Webzine
Apr 05, 2021
8 minutes read
Election Desk
Apr 03, 2021
2 Minutes Read
Election Desk
Apr 03, 2021
3 Minutes Read
Election Desk
Apr 03, 2021
2 Minutes Read
സിവിക് ചന്ദ്രൻ
Apr 03, 2021
4 Minutes Read