തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞല്ലോ,
ഇനിയൊന്ന് പരിശോധിക്കാം
‘വിവാദ വ്യവസായ’ത്തെക്കുറിച്ച്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞല്ലോ, ഇനിയൊന്ന് പരിശോധിക്കാം ‘വിവാദ വ്യവസായ’ത്തെക്കുറിച്ച്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുകഴിഞ്ഞ അന്തരീക്ഷത്തില്‍ ഒരു പ്രധാന വിവാദത്തിന്റെ ആധാരമായ നിര്‍മാണസ്ഥാപനങ്ങളുടെ കാല്‍നൂറ്റാണ്ടുനീളുന്ന അക്രഡിറ്റേഷന്‍ ചരിത്രം വസ്തുനിഷ്ഠമായി വിശകലനം ചെയ്യപ്പെടുന്നു.
19 Dec 2020, 09:31 AM
മുഖ്യധാര മാധ്യമങ്ങളില്‍ ഒട്ടെല്ലാത്തിലും കാണുന്നതും ചില രാഷ്ട്രീയനേതാക്കള്‍ ആവര്‍ത്തിക്കുന്നതുമായ ആരോപണമാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാറുകള്‍ വാരിക്കോരി കൊടുക്കുന്നു എന്നത്. അതെന്താ, ഊരാളുങ്കലിനു കൊമ്പുണ്ടോ; എന്നാല്‍ അതൊന്ന് അറിയണമല്ലോ എന്നുതോന്നി. അങ്ങനെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം ചെന്നുനിന്നത് കാല്‍നൂറ്റാണ്ടുമുമ്പു കേരളത്തില്‍ നടന്ന വികസനോത്സവമായ ജനകീയാസൂത്രണത്തില്‍.
പ്രാദേശിക സര്‍ക്കാരുകളില്‍ നമുക്കെല്ലാം അറിയുന്നതുപോലെ പഞ്ചവത്സരപദ്ധതിയുടെ 40 ശതമാനത്തോളം പണം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറിയതോടെ നമ്മുടെ നാട്ടുമ്പുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഒരുപോലെ വികസനപ്രളയമായി. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഇഷ്ടംപോലെ റോഡും പാലവും കലുങ്കും കനാലും ജലസംഭരണിയും കുളവുമെല്ലാം നിര്‍മിക്കുകയും നവീകരിക്കുകയും ചെയ്യാന്‍ തുടങ്ങി.
ഗുണഭോക്തൃസമിതികള്‍ ഇവയെല്ലാം ഏറ്റെടുത്തു നടത്തണമെന്നാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും സാങ്കേതികത്വം ഏറെയുള്ള നിര്‍മാണ പ്രവൃത്തികള്‍ അവ നടത്തി പരിചയമുള്ള കരാറുകാര്‍ വഴിയേ നടത്താനാവൂ എന്ന നില വന്നു. എന്നാല്‍, ചെറുകിട കരാറുകാരുടെ വൈദഗ്ദ്ധ്യത്തിലും നിര്‍മാണശേഷിയിലും പരിമിതികള്‍ ഉണ്ടായിരുന്നു. പ്രാദേശിക ഭരണവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ഉണ്ടാകാവുന്ന അവിശുദ്ധകൂട്ടുകെട്ടിന്റെ ആശങ്കയും ഉണ്ടായിരുന്നു.
അങ്ങനെയാണ് നിര്‍മാണ വൈദഗ്ദ്ധ്യമുള്ള ഏജന്‍സികളെക്കൊണ്ട് ഈ പണികള്‍ നിര്‍വഹിക്കാം എന്ന ആലോചന വരുന്നത്. മാത്രവുമല്ല, മുന്നനുഭവം ഇല്ലാത്തതിനാലും ആസൂത്രണച്ചിട്ടകള്‍ പരിശീലിപ്പിക്കേണ്ടിയിരുന്നതിനാലും പദ്ധതി രൂപവത്ക്കരണം വൈകിയതിനാല്‍ അവയുടെ നടപ്പാക്കലും ആരംഭിക്കാന്‍ വൈകിയിരുന്നു. അപ്പോള്‍ പണം പാഴാക്കാതെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കാലതാമസം വരാതെ നോക്കേണ്ടതും ഉണ്ടായിരുന്നു.
അതിനാല്‍, ടെന്‍ഡര്‍ നടപടി ഒഴിവാക്കി സത്യസന്ധതയും മികവുമുള്ള ഏജന്‍സികളെ ഏല്‍പിക്കാനുള്ള സാദ്ധ്യത സര്‍ക്കാര്‍ പരിഗണിച്ചു. മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച് സൂക്ഷ്മ പരിശോധനയിലൂടെ അത്തരം ഏജന്‍സികളെ കണ്ടെത്തി അവയെ അക്രഡിറ്റഡ് ഏജന്‍സികളായി പ്രഖ്യാപിക്കുന്നത് അങ്ങനെയാണ്.

1997 സെപ്റ്റംബര്‍ 23-ലെ സ.ഉ.(പി.)നം. 216/97/ത.ഭ.വ. നമ്പര്‍ ഉത്തരവു പ്രകാരം കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്തു പണികളുടെ നടത്തിപ്പ്) ചട്ടങ്ങളും വ്യവസ്ഥ 11 (3) കാണുക) 1997 നവംബര്‍ 12-ലെ സ.ഉ.(എം.എസ്.)നം. 254/97/ത.ഭ വ. നമ്പര്‍ ഉത്തരവു പ്രകാരം കേരള മുനിസിപ്പാലിറ്റി (പൊതുമരാമത്തുമപണികളുടെ നടത്തിപ്പും സാധനങ്ങള്‍ വാങ്ങലും) ചട്ടങ്ങളും വ്യവസ്ഥ 11 (3) കാണുക) പരിഷ്‌ക്കരിച്ചു.
‘‘തദ്ദേശഭരണസ്ഥാപനത്തിന് ഉചിതമെന്നു തോന്നുന്നപക്ഷം ഏതൊരു മരാമത്തുപണിയും സര്‍ക്കാരംഗീകൃതവും സാമ്പത്തികക്ഷമതയുള്ളതും പ്രവൃത്തിപരിചയമുള്ളതുമായ ഒരു സന്നദ്ധസംഘടനയെയോ സ്ഥാപനത്തെയോ ഏല്‍പിക്കാവുന്നതും അവര്‍ക്ക് ആ തദ്ദേശഭരണസ്ഥാപനം നെഗോഷ്യേറ്റ് ചെയ്തു തീരുമാനിക്കുന്ന പ്രകാരമുള്ള നിരക്ക് 10-ാം ചട്ടം (14)-ാം ഉപചട്ടത്തിലെ വ്യവസ്ഥയ്ക്കു വിധേയമായി അനുവദിക്കാവുന്നതുമാണ്'' എന്നതാണു പുതിയ വ്യവസ്ഥ. ഇത് ആസ്പദമാക്കി സര്‍ക്കാര്‍ ചില സ്ഥാപനങ്ങളെയും സര്‍ക്കാരിതരസംഘടനകളെയും ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണസംഘങ്ങളെയും തദ്ദേശഭരണസ്ഥാപനങ്ങളുടെ പൊതുമരാമത്തുപണികളുടെ നിര്‍വ്വഹണം നടത്താനുള്ള അക്രഡിറ്റഡ് ഏജന്‍സികളായി അംഗീകരിച്ചു.

തദ്ദേശഭരണസ്ഥാപനങ്ങള്‍ നിര്‍മാണപ്രവൃത്തികള്‍ ഇവയിലൂടെ നടത്തുന്നതിന് നടപടിക്രമങ്ങളും നിശ്ചയിച്ചു. എന്നാലും ആ നടപടിക്രമങ്ങളില്‍ പോരായ്മകളുണ്ടോ എന്ന് സര്‍ക്കാര്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവന്നു. അങ്ങനെ എന്തെങ്കിലും കണ്ടാലുടന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കും. മുന്നനുഭവമില്ലാത്ത ജനകീയാസൂത്രണത്തിന്റെ രീതിതന്നെ അങ്ങനെ ആയിരുന്നു - ട്രയല്‍ ആന്‍ഡ് എറര്‍ രീതിയില്‍ പരീക്ഷിച്ചു മെച്ചപ്പെടുത്തുക.
Related Story: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ആഹ്ളാദിക്കാം പക്ഷേ...
അപ്രകാരം അക്രഡിറ്റേഷന്റെയും അവരെ കരാര്‍ ഏല്‍പിക്കുന്നതിന്റെയും പ്രവൃത്തി നിരീക്ഷിക്കുന്നതിന്റെയും പണം നല്‍കുന്നതിന്റെയുമൊക്കെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിഷ്‌ക്കരിച്ച് ആറ് ഉത്തരവുകള്‍ 1998, 1999, 2001 2003, 2004, 2005 വര്‍ഷങ്ങളില്‍ അന്നത്തെ എല്‍.ഡി.എഫ്., യു.ഡി.എഫ്. സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചു. തുടര്‍ന്നുവന്ന വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇവ വീണ്ടും പരിഷ്‌ക്കരിച്ച് 2007 മേയ് 18 നു ജി.ഒ.(എം.എസ്.)നം. 133/07/തഭവ (https://go.lsgkerala.gov.in/pages/fileOpen.php?fname=6048.swf&id=6048) എന്ന സമഗ്രയുത്തരവും പുറപ്പെടുവിച്ചു. സുവ്യക്തമായ 15 വ്യവസ്ഥകള്‍ അടങ്ങുന്നതായിരുന്നു ഇത്.
ഇതെല്ലാം തദ്ദേശഭരണസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവൃത്തികള്‍ക്കു മാത്രം ആയിരുന്നു. സര്‍ക്കാരില്‍ അന്ന് ഇങ്ങനെയൊരു സംവിധാനം ഉണ്ടായിരുന്നില്ല.
എന്നാല്‍, അന്നെല്ലാം സര്‍ക്കാര്‍വകുപ്പുകളില്‍ നല്ലൊരുപങ്കും സിവില്‍ ജോലികള്‍ പി.ഡബ്ല്യു.ഡി. അല്ലാതെയുള്ള ഏജന്‍സികളായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍, കെ.എസ്.ഐ.ഡി.സി., കേരള സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍, നിര്‍മിതി കേന്ദ്ര, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷൻ കോര്‍പ്പറേഷന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, കേരള സ്റ്റേറ്റ് പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷൻ കോര്‍പ്പറേഷന്‍, കേരള അഗ്രോ ഇന്‍ഡസ്റ്റ്രീസ് കോര്‍പ്പറേഷന്‍, കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് തുടങ്ങിയവയെക്കൊണ്ടു ചെയ്യിച്ചുവരികയായിരുന്നു.
എന്നാല്‍ ഇതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ വേണ്ടത്ര സാമ്പത്തികജാഗ്രത കൂടാതെയും ക്രമവിരുദ്ധമായും പ്രവൃത്തികള്‍ ഏല്പിക്കുന്ന സാഹചര്യം നിലനില്ക്കുന്നു എന്നു മനസിലാക്കി വി.എസ്. സര്‍ക്കാര്‍ ഇതിനു മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. ധനവകുപ്പിന്റെ 2007 സെപ്റ്റംബര്‍ ഏഴിലെ ജി.ഒ.(പി.)നം. 408/07 (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=2289&Itemid=34) എന്ന ഈ ഉത്തരവ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍തന്നെയായ അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് ഉള്ളതായിരുന്നു. അപ്പോഴൊന്നും സര്‍ക്കാരിതരഏജന്‍സികള്‍ ഈ രംഗത്ത് ഉണ്ടായിരുന്നില്ല.
തദ്ദേശഭരണവകുപ്പിന്റെയും ധനവകുപ്പിന്റെയും 2007-ലെ മേല്‍പറഞ്ഞ ഉത്തരവുകള്‍ രണ്ടും പരിശോധിച്ച അതേ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ‘അക്രഡിറ്റഡ് ഏജന്‍സികളെ നിശ്ചയിക്കുന്നതിലും പ്രവൃത്തികള്‍ ഏല്‍പിക്കുന്നതിലും തുല്യതയും സുതാര്യതയും വിവേകപൂര്‍ണ്ണമായ ജാഗ്രതയും ഉറപ്പാക്കാന്‍ അവയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെ'ന്നു കണ്ടു. ‘ഏജന്‍സികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം, സാങ്കേതികാനുമതി നല്‍കാനും ടെന്‍ഡര്‍ സ്വീകരിക്കാനുമുള്ള അധികാരം, ബദല്‍സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു പ്രവൃത്തികളുടെ നിര്‍വ്വഹണം, പണം നല്കുന്ന രീതി തുടങ്ങിയവയില്‍ പുനഃപരിഗണനയും വ്യക്തതയും വേണ'മെന്നും കണ്ടു. ഇക്കാര്യങ്ങള്‍ പഠിക്കാന്‍ 2010 ഡിസംബര്‍ 14-ലെ ജി.ഒ.(ആര്‍.റ്റി.)നം. 8989/10/ധനം എന്ന ഉത്തരവിലൂടെ സര്‍ക്കാര്‍ ഒരു വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.
പിന്നാലെ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ സമിതിയുടെ നിര്‍ദ്ദേശങ്ങളും ചീഫ് ടെക്നിക്കല്‍ എക്‌സാമിനറുടെയും വിവിധ ചീഫ് എന്‍ജിനീയര്‍മാരുടെയും നിര്‍ദ്ദേശങ്ങളും പരിശോധിച്ച് അക്രഡിറ്റഡ് ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനും പ്രവൃത്തികള്‍ ഏല്‍പിക്കുന്നതിനുമുള്ള മാര്‍ഗരേഖ വീണ്ടും പരിഷ്‌ക്കരിച്ചു. ധനവകുപ്പ് അക്രഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളെക്കൊണ്ടു മാത്രമേ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും നിര്‍മാണ പ്രവൃത്തികള്‍ നിര്‍വഹിപ്പിക്കാവൂ എന്ന് ജി.ഒ.(പി.)നം. 311/14 നമ്പരില്‍ 2014 ജൂലൈ 30-നു ധനവകുപ്പു പുറപ്പെടുവിച്ച ഈ ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=6866&Itemid=57) നിര്‍ദ്ദേശിച്ചു. ഏജന്‍സികളെ തെരഞ്ഞെടുക്കാനും തരംതിരിക്കാനുമുള്ള മാര്‍ഗ്ഗരേഖയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും അനുബന്ധം: ഒന്ന് ആയും അവയെ പ്രവൃത്തികള്‍ ഏല്പിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ അനുബന്ധം: രണ്ട് ആയും ഉത്തരവില്‍ ഉള്‍പ്പെടുത്തി.
Related Story: തദ്ദേശ തെരഞ്ഞെടുപ്പ് സമഗ്ര അവലോകനം കണക്കുകൾ സഹിതം
അനുബന്ധം: ഒന്ന് അക്രഡിറ്റഡ് ഏജന്‍സികളെ നാലായി തരംതിരിച്ചു. സര്‍ക്കാര്‍വകുപ്പുകളും പി.ഡബ്ല്യു.ഡി. സമ്പ്രദായം പിന്തുടരുന്ന സംസ്ഥാനപൊതുമേഖലാസ്ഥാപനങ്ങളുമാണ് ‘എ' വിഭാഗം. ‘ബി' വിഭാഗത്തിലുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം നിര്‍മാണങ്ങള്‍ നിര്‍വഹിക്കാന്‍ സന്നദ്ധതയുള്ള കേന്ദ്രസര്‍ക്കാര്‍വകുപ്പുകളും കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളുമാണ്. സംസ്ഥാനപി.ഡബ്ല്യു.ഡി.യുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും പി.ഡബ്ല്യു.ഡി.നിര്‍മ്മാണങ്ങളില്‍ പരിചയം ഉള്ളതുമായ സഹകരണസംഘങ്ങളും സംയുക്തസംരംഭങ്ങളും പോലുള്ള, പരിമിതമായ സര്‍ക്കാര്‍ നിയന്ത്രണത്തോടുകൂടിയ സ്ഥാപനങ്ങളെ ‘സി' വിഭാഗമായി ഉള്‍പ്പെടുത്തി. പി.ഡബ്ല്യു.ഡി.നിര്‍മ്മാണങ്ങളില്‍ പര്യാപ്തമായ പരിചയം ഉള്ളതും ചെലവുകുറഞ്ഞ ബദല്‍സങ്കേതങ്ങള്‍ പ്രയോഗിക്കുന്നതുമായ സര്‍ക്കാരിതരസംഘടനകളെയും ചാരിറ്റബില്‍ സൊസൈറ്റികളെയും ‘ഡി' വിഭാഗത്തിലും ചേര്‍ത്തു.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അല്ലാത്ത ഏജന്‍സികളെ കേരള സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി അക്രഡിറ്റ് ചെയ്യാന്‍ അവസരമൊരുങ്ങുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഈ ഉത്തരവിലൂടെയാണ്.
‘സി', ‘ഡി' എന്നീ വിഭാഗങ്ങളില്‍ പറയുന്ന സ്ഥാപനങ്ങള്‍ക്കാണ് ഇതിലൂടെ പുതുതായി അവസരം ഒരുങ്ങിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പോലുള്ള സ്ഥാപനങ്ങള്‍ മറ്റു സ്വകാര്യ കരാറുകാരെപ്പോലെ ടെന്‍ഡറിലൂടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതലേ സര്‍ക്കാര്‍ പ്രവൃത്തികള്‍ ചെയ്തുവന്നിരുന്നെങ്കിലും, സര്‍ക്കാര്‍ നിര്‍മാണരംഗത്തേക്കു ചെലവുകുറഞ്ഞ ബദല്‍ നിര്‍മാണരീതികളും പരമ്പരാഗതസര്‍ക്കാര്‍സമ്പ്രദായങ്ങളെക്കാള്‍ മികച്ച പ്രൊഫഷണല്‍ വൈദഗ്ദ്ധ്യവും ആധുനികസങ്കേതങ്ങള്‍ അപ്പപ്പോള്‍ സ്വീകരിക്കാന്‍ കഴിയുന്ന ചടുലതയും സ്വാതന്ത്ര്യവുമുള്ള സ്ഥാപനങ്ങളും ഗണ്യമായി കടന്നുവരുന്നത് ഇതോടെയാണ്. ഇവ വളരെ ഗുണകരമായ കാര്യങ്ങള്‍ ആയതിനാല്‍ മികച്ച തീരുമാനമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്.
എല്ലാ ഏജന്‍സികള്‍ക്കും തുടക്കത്തില്‍ അഞ്ചുവര്‍ഷത്തേക്കായിരിക്കും അക്രഡിറ്റേഷന്‍ എന്നും അതു പുതുക്കുന്ന കാര്യം പരിഗണിക്കുക തെരഞ്ഞെടുക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം തെരഞ്ഞെടുക്കല്‍ സമിതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും എന്നും മാര്‍ഗ്ഗരേഖ വ്യക്തമാക്കി. ക്രമവിരുദ്ധതയോ മോശം പ്രകടനമോ കണ്ടാല്‍ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കും എന്നും പ്രഖ്യാപിച്ചു.
സ്ഥിരം എന്‍ജിനീയറിങ് വിഭാഗമില്ലാത്ത വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവയുടെ നിര്‍മാണങ്ങള്‍ സര്‍ക്കാരിന്റെ മുന്‍കൂറനുമതി കൂടാതെതന്നെ അക്രഡിറ്റഡ് സ്ഥാപനങ്ങളെ ഏല്‍പിക്കാം എന്ന് അനുബന്ധം 2-ലെ ഒന്നാം ഖണ്ഡിക പറയുന്നു. ആവശ്യമെങ്കില്‍ ഇത് ഡെപ്പോസിറ്റ് വര്‍ക്ക് രീതിയിലോ പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി (പി.എം.സി.) രീതിയിലോ ആകാമെന്നും ഉത്തരവു വ്യക്തമാക്കി. ഓരോ സ്ഥാപനത്തിനും കാലാകാലം അനുവദിക്കുന്ന പരിധിക്കുള്ളില്‍ നില്ക്കുന്നതാകണം എസ്റ്റിമേറ്റ് എന്നും നിര്‍ദ്ദേശിച്ചു.
രണ്ടാം ഖണ്ഡികയില്‍, ‘എ', ‘ബി' വിഭാഗങ്ങളിലെ സ്ഥാപനങ്ങളെ പ്രവൃത്തി ഏല്പിക്കാന്‍ ബിഡ്ഡിന്റെ ആവശ്യമില്ലെന്നും അക്രഡിറ്റഡ് ഏജന്‍സിയുടെ സാങ്കേതികവൈദഗ്ദ്ധ്യം, നിര്‍ദ്ദിഷ്ട പ്രവൃത്തി ചെയ്യാനുള്ള ശേഷി, ആ പ്രത്യേക പ്രവൃത്തിക്കുവേണ്ട അനുയോജ്യത എന്നിവ പരിഗണിച്ചു തീരുമാനം എടുക്കാമെന്നും പറയുന്നുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തികശേഷി, സാങ്കേതികയോഗ്യതയുള്ള മനുഷ്യവിഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ അക്രഡിറ്റഡ് ഏജന്‍സിക്കും ഒരേസമയം ഏറ്റെടുക്കാവുന്ന ആകെ പ്രവൃത്തിയുടെ അളവ് നിയന്ത്രിക്കണമെന്നും ഉത്തരവു വ്യക്തമാക്കി.
സെന്റേജ് ചാര്‍ജ് അടിസ്ഥാനത്തില്‍ മത്സരാധിഷ്ഠിതവാഗ്ദാനങ്ങള്‍ തേടാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് അത് ആകാമെന്നതാണ് മൂന്നാം ഖണ്ഡിക.
സര്‍ക്കാരിതര സ്ഥാപനങ്ങളെ ടെന്‍ഡറില്ലാതെ പ്രവൃത്തി ഏല്‍പിക്കാനുള്ള അനുമതി നല്കുന്നത് 2014-ലെ ഈ ഉത്തരവിന്റെ രണ്ടാം അനുബന്ധത്തിലെ നാലാംഖണ്ഡികയിലാണ്. അടിയന്തരസാഹചര്യങ്ങളില്‍ പ്രവൃത്തിയുടെ സ്വഭാവമനുസരിച്ച് ടെന്‍ഡര്‍നടപടി കൂടാതെതെന്നെ മരാമത്തുപണികള്‍ ‘സി' വിഭാഗത്തില്‍പ്പെടുന്ന (സഹകരണസംഘങ്ങളും സംയുക്തസംരംഭങ്ങളും) സ്ഥാപനങ്ങളെ ഏല്പിക്കാം. എന്നാല്‍, ഏജന്‍സിയെ തെരഞ്ഞെടുക്കുന്നത് രണ്ടാം ഖണ്ഡികയില്‍ പറയുന്നപ്രകാരം സര്‍ക്കാരിലെ ബന്ധപ്പെട്ട ഭരണവകുപ്പ് ആയിരിക്കണം.
അഞ്ചാം ഖണ്ഡിക ‘ഡി' വിഭാഗം സ്ഥാപനങ്ങളെ (ബദല്‍ നിര്‍മ്മാണരീതികള്‍ പ്രയോഗിക്കുന്ന സര്‍ക്കാരിതര സംഘടനകളും ചാരിറ്റബിൾ സൊസൈറ്റികളും) പറ്റിയാണ്. അവയെ സാധാരണ നിലയില്‍ ബിഡ്ഡിങ് കൂടാതെ പ്രവൃത്തികള്‍ ഏല്പിക്കാന്‍ പാടില്ല. എന്നാല്‍ തദ്ദേശഭരണവകുപ്പ് കാലാകാലം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പാലിച്ച് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു ബിഡ്ഡിങ് കൂടാതെ ഇവരെ പ്രവൃത്തികള്‍ ഏല്പിക്കാം. ജില്ലാ നിര്‍മ്മിതികേന്ദ്രങ്ങള്‍ക്ക് 75 ലക്ഷം രൂപവരെയുള്ള പ്രവൃത്തികള്‍ ഇപ്രകാരം നല്കാമെന്നും വ്യക്തമാക്കി. പി.ഡബ്ല്യു.ഡി മാനുവല്‍, എസ്റ്റിമേറ്റ്, ഭരണാനുമതി, സാങ്കേതികാനുമതി, ഇന്‍സ്‌പെക്ഷന്‍, സെന്റേജ് ചാര്‍ജ്ജ്, മൊബിലൈസേഷന്‍ അഡ്വാന്‍സ്, ഡെപ്പോസിറ്റ് വര്‍ക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് തുടര്‍ന്നു 15 വരെയുള്ള ഖണ്ഡികകളില്‍ പറയുന്നത്.
തെരഞ്ഞെടുക്കല്‍ രീതി
ഈ ഉത്തരവില്‍ നിര്‍ദ്ദേശിച്ചപ്രകാരം ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാരിനെ ഉപദേശിക്കാൻ സമിതി രൂപവത്ക്കരിച്ച് ധനവകുപ്പ് 2014 സെപ്റ്റംബര്‍ 26-ന് ജി.ഒ.(എം.എസ്.)നം. 423/14 നമ്പര്‍ ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=7056&Itemid=57) പുറപ്പെടുവിച്ചു. ധനവിനിയോഗ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിലെ അംഗങ്ങള്‍ ബില്‍ഡിങ്‌സ് വിഭാഗം ചീഫ് എന്‍ജിനീയര്‍, ചീഫ് ടെക്നിക്കല്‍ എക്‌സാമിനര്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി എന്നിവരാണ്.
ഈ സമിതി 2014 ഡിസംബര്‍ ആറിനു യോഗം ചേര്‍ന്ന് കൈക്കൊണ്ട നിര്‍ദ്ദേശങ്ങളടങ്ങുന്ന മിനുട്ട്‌സ് സര്‍ക്കാരിനു നല്കി. അക്രഡിറ്റഡ് ഏജന്‍സികളെ തെരഞ്ഞെടുക്കാന്‍ പുതിയ മാര്‍ഗരേഖ വേണമെന്നും നിലവിലുള്ള ഏജന്‍സികള്‍ക്കു പ്രവൃത്തി നിര്‍വഹിക്കാനുള്ള ശേഷികള്‍ അതിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കണമെന്നും ഈ സമിതി നിര്‍ദ്ദേശിച്ചു. ഏജന്‍സികളുടെ കൂടുതല്‍ വിവരങ്ങള്‍ ആരായുന്ന അപേക്ഷയുടെ മാതൃകയും അവര്‍ തയ്യാറാക്കിനല്കി. ഇതെല്ലാം അംഗീകരിച്ച സര്‍ക്കാര്‍ നിലവിലെ ഏജന്‍സികളോട് പുതിയ മാതൃകയില്‍ വീണ്ടും അപേക്ഷ നല്കാന്‍ നിര്‍ദ്ദേശിച്ചു. 2015 ജൂണ്‍ 15 വരെ ആയിരുന്നു അപേക്ഷിക്കാന്‍ സമയം.
(ഇതിനിടെ, കളക്ടർമാരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ അന്നത്തെ റവന്യൂ മന്ത്രി നല്കിയ കുറിപ്പു പരിഗണിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങള്‍ക്കു നല്കാവുന്ന ഒറ്റപ്രവൃത്തിയുടെ തുകപരിധി 75 ലക്ഷത്തില്‍നിന്നു മൂന്നുകോടിയായി ഉയര്‍ത്തി ധനവകുപ്പ് 2015 ഏപ്രില്‍ 17-ന് ജി.ഒ.(എം.എസ്.)നം. 137/15 നമ്പര്‍ ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=7590&Itemid=57) പുറപ്പെടുവിച്ചു. പുതിയ പട്ടിക വരുന്നതുവരെമാത്രം നിലനില്പുള്ള ഉത്തരവായതിനാല്‍ ഇതിനു കഥയില്‍ കാര്യമായ പ്രാധാന്യമില്ല.)
പുതിയ അപേക്ഷകള്‍ പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് സര്‍ക്കാരിതരയേജന്‍സികളെ സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍വഹിക്കാനുള്ള അക്രഡിറ്റഡ് ഏജന്‍സികളില്‍ ആദ്യമായി ഉള്‍പ്പെടുത്തി 2015 ഓഗസ്റ്റ് ഏഴിന് കേരളസര്‍ക്കാര്‍ ഉത്തരവായി. ധനവകുപ്പ് ഇറക്കിയ ജി.ഒ.(പി.)നം. 339/2015 (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=7910&Itemid=57) ഉത്തരവിലാണ് ഏജന്‍സികളുടെ പട്ടിക അനുബന്ധമായി പ്രസിദ്ധീകരിക്കുന്നത്. അക്രഡിറ്റഡ് ഏജന്‍സികളുടെ പട്ടികയില്‍നിന്ന് അനുയോജ്യമായ ഏജന്‍സിയെ അതതു ഭരണവകുപ്പ് നീതിപൂര്‍വ്വകവും മത്സരാധിഷ്ഠിതവുമായ നടപടിക്രമത്തിലൂടെ തെരഞ്ഞെടുക്കണം എന്നാണ് ഉത്തരവില്‍ പറഞ്ഞത്.
അക്രഡിറ്റേഷന് ആധാരമായ, നേരത്തേ പറഞ്ഞ, 2014-ലെ 311-ാം നമ്പര്‍ ഉത്തരവില്‍ ചില മാറ്റങ്ങള്‍ ഈ ഉത്തരവു വരുത്തി. ഭാരതസര്‍ക്കാര്‍ വകുപ്പ് ആയതിനാല്‍ കേന്ദ്രപി.ഡബ്ല്യു.ഡി.യെ ഈ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. അക്രഡിറ്റേഷന്‍ ആവശ്യമുള്ള കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ കേന്ദ്ര, കേരള പി.ഡബ്ല്യു.ഡി. മാനുവലുകളില്‍ ഒന്ന് പിന്തുടരണം. തെരഞ്ഞെടുക്കല്‍ പ്രക്രിയയില്‍നിന്ന് കേരളസര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകളെ ഒഴിവാക്കി. അവയുടെ പ്രവര്‍ത്തനം എന്തിനാണോ രൂപവത്ക്കരിച്ചത് ആ മണ്ഡലത്തില്‍ നിര്‍ത്തണം. ജില്ലാ നിര്‍മ്മിതികേന്ദ്രങ്ങളുടെ നിരക്ക് മൂന്നു വ്യവസ്ഥകള്‍ക്കു വിധേയമായി ഒരു കൊല്ലത്തേക്ക് അനുവദിച്ചു. ഇവയാണു മാറ്റങ്ങള്‍.
2015-ലെ അക്രഡിറ്റഡ് ഏജന്‍സികള്‍
2015-ല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ 17 സ്ഥാപനങ്ങളെയാണ് അക്രഡിറ്റഡ് ഏജന്‍സികളായി നിശ്ചയിച്ചത്. അവയില്‍ 14-ഉം സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ആയിരുന്നു. സഹകരണസംഘമായ യു.എല്‍.സി.സി.എസും ചാരിറ്റബിള്‍ സൊസൈറ്റി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റും ലാഭാധിഷ്ഠിതമല്ലാത്ത സന്നദ്ധസംഘടനയായ കോസ്റ്റ്ഫോര്‍ഡും ആണ് അന്ന് ഉള്‍പ്പെടുത്തപ്പെട്ട സര്‍ക്കാരിതരസ്ഥാപനങ്ങള്‍.
ഓരോ അക്രഡിറ്റഡ് ഏജന്‍സിക്കും പ്രവൃത്തി എടുക്കാവുന്ന നിര്‍മ്മാണരംഗവും ഉത്തരവില്‍ വ്യക്തമാക്കി. ഓരോ ഏജന്‍സിക്കും അനുവദിക്കാവുന്ന പ്രവൃത്തിയുടെ ഉയര്‍ന്ന പരിധിയും ഒരേസമയം കൈവശം ഉണ്ടാകാവുന്ന ആകെ സര്‍ക്കാര്‍പ്രവൃത്തികളുടെ പരമാവധി തുകയും ഈ ഉത്തരവിലൂടെ നിജപ്പെടുത്തിയിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്കും ഹാബിറ്റാറ്റിനും എടുക്കാവുന്ന ആകെ പ്രവൃത്തികളുടെ പരിധിയായി 250 കോടിരൂപ ആണ് അന്നു നിശ്ചയിച്ചത്. ഒറ്റപ്രവൃത്തിയുടെ പരമാവധി യു.എല്‍.സി.സി.എസിന് 25-ഉം ഹാബിറ്റാറ്റിന് പത്തും കോടി രൂപവീതവും. എട്ടു സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും ഊരാളുങ്കല്‍ സൊസൈറ്റിക്കും അഞ്ചുകൊല്ലത്തേക്കാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അക്രഡിറ്റേഷന്‍ നല്കിയത്; ഹാബിറ്റാറ്റും കോസ്റ്റ്ഫോര്‍ഡും അടക്കം എട്ടു സ്ഥാപനങ്ങള്‍ക്ക് ഓരോവര്‍ഷവും.
ഉത്തരവ് ഇറങ്ങിയതിനെത്തുടര്‍ന്ന് ചില ഏജന്‍സികള്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലകളും കരാറുകളുടെ ധനപരിധിയും ഉയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു സര്‍ക്കാരിനു കത്തു നല്കി. അവര്‍ നല്കിയ വിവരങ്ങള്‍ പരിശോധിച്ച് അതേസര്‍ക്കാര്‍ 2015 ഒക്‌റ്റോബര്‍ 9-ന് ജി.ഒ.(പി.)നം. 453/2015/ധനം എന്ന ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=8038&Itemid=57) പുറത്തിറക്കി. തെരഞ്ഞെടുക്കല്‍സമിതി 2015 ഒക്‌റ്റോബര്‍ ഒന്നിന് ധന അഡീ. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു കൈക്കൊണ്ട തീരുമാനപ്രകാരം ആയിരുന്നു ഇത്. അതുപ്രകാരം അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് ജനറല്‍ വര്‍ക്കുകള്‍കൂടി ചെയ്യാന്‍ അനുവാദം നല്കി. ഒറ്റ വര്‍ക്കിന്റെ ഉയര്‍ന്ന പരിധി 10 കോടി ആയിരുന്ന ഏജന്‍സികളുടേതുകൂടി 25 കോടി രൂപയായും 25 കോടി ആയിരുന്ന ഏജന്‍സികളുടേത് 50 കോടി രൂപയായും ഉയര്‍ത്തി.
അക്രഡിറ്റഡ് പട്ടികയില്‍ ഉള്‍പ്പെടാതിരുന്നതും സര്‍ക്കാര്‍പ്രവൃത്തികള്‍ ചെയ്യാന്‍ 2014 ജൂലൈ 30-നുമുമ്പ് പലപ്പോഴായി ധനവകുപ്പ് അനുമതി നല്കിയിരുന്നതുമായ ഏജന്‍സികളെക്കൂടി അക്രഡിറ്റ് ചെയ്തു. പരമാവധിതുകകള്‍ യഥാക്രമം 5 കോടിയും 50 കോടിയും അനുവദിച്ച് ഒരുവര്‍ഷത്തേക്കായിരുന്നു ഇത്. ഇതേ പരിധികളോടെ കെ.എസ്.ഐ.ഇ., കെ.ഐ.ഐ.ഡി.സി. എന്നീ സ്ഥാപനങ്ങളെയും 50 കോടി, 250 കോടി രൂപ പരിധിയോടെ ബി.എസ്.എന്‍.എലിനെയും ഇതേ ഉത്തരവിലൂടെ ഉള്‍പ്പെടുത്തി.
സര്‍ക്കാരിന്റെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കാനുള്ള പ്രൈസ് എന്ന സോഫ്റ്റ്വെയര്‍ വഴി, അതില്‍ 2016 ജനുവരി ഒന്നില്‍ പ്രാബല്യത്തിലുള്ള നിരക്കുകള്‍ പ്രകാരം, വേണം എല്ലാ ഏജന്‍സികളും എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഈ ഏജന്‍സികള്‍ സ്വയമല്ല പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതെങ്കില്‍ ഉപകരാര്‍ നല്കുന്നത് സുതാര്യമായ ടെന്‍ഡറിലൂടെ ആയിരിക്കണം. ചെലവുകുറഞ്ഞ സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി നല്കുന്നതിനുള്ള നടപടിക്രമമാണ് vii എന്ന ഖണ്ഡിക. ഡിഫക്റ്റ് ലയബിലിറ്റി പീരിയഡ് (നിരീക്ഷണകാലം) പരിഷ്‌ക്കരിച്ച് മൂന്നു വര്‍ഷമായും നിശ്ചയിച്ചു.
ടോട്ടല്‍ സര്‍വീസ് പ്രൊവൈഡര്‍
ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2016 ജനുവരി 18-ന് ഊരാളുങ്കല്‍ ലേബര്‍ കോട്രാക്റ്റ് സൊസൈറ്റിയെ വിവിധസര്‍ക്കാര്‍വകുപ്പുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും ഐറ്റി - ഐറ്റിയനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണ സേവനദാതാവ് (ടോട്ടല്‍ സര്‍വ്വീസ് പ്രൊവൈഡര്‍) ആയി പ്രഖ്യാപിക്കുന്നത്, ഐ.ടി വകുപ്പിന്റെ ജി.ഒ.(എം.എസ്.)നം. 1/2016/ഐ.റ്റി.ഡി. (https://kerala.gov.in/documents/10180/297d5501-28fe-4b5d-a86e-2f2db2f403ed) എന്ന ഉത്തരവിലൂടെ. ഇതിനു സര്‍ക്കാര്‍ പരിഗണിച്ച അഞ്ചു കാര്യങ്ങളും ഉത്തരവില്‍ വിവരിച്ചിട്ടുണ്ട്.
(i) ടെന്‍ഡര്‍ കൂടാതെ നേരിട്ടു പ്രവൃത്തികള്‍ ഏല്പിക്കാവുന്ന സ്ഥാപനമാണ് യു.എല്‍.സി.സി.എസ് (ii) എല്ലാത്തരം സ്റ്റ്രക്ചറല്‍ ഡിസൈനിങ്, പ്ലാനിങ് പ്രവൃത്തികളും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഡിവിഷന്‍ യു.എല്‍.സി.സി.എസിന് ഉണ്ട്. എന്‍ജിനീയറിങ്, ഡിസൈന്‍, പ്ലാനിങ് എന്നിവയില്‍ ഉയര്‍ന്ന സാങ്കേതികത്തികവുള്ള ഈ ഡിവിഷന്‍ ടേണ്‍കീ ഇന്‍ഫ്രാസ്റ്റ്രക്ചര്‍ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാന്‍ കഴിയുന്നതാണ്. (iii) ആരോഗ്യം, ഗതാഗതം എന്നീ രംഗങ്ങളിലും ഇ-ഗവേണന്‍സിലും മറ്റു സേവനത്തുറകളിലും സൊല്യൂഷനുകള്‍ ലഭ്യമാക്കുന്നതില്‍ ഊന്നുന്ന ശക്തമായ ഐറ്റി ഡിവിഷന്‍ യു.എല്‍.സി.സി.എസിനുണ്ട്. (iv) സഹകരണമേഖലയിലെയും കോഴിക്കോട്ടെയും ആദ്യത്തെ ഐറ്റി പാര്‍ക്കായ യു.എല്‍. സൈബര്‍ പാര്‍ക്ക് യു.എല്‍.സി.സി.എസ്. വികസിപ്പിച്ചിട്ടുണ്ട്. (v) തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന യു.എല്‍.സി.സി.എസ്. ഐറ്റിവിഭാഗമായ ഊരാളുങ്കല്‍ ലേബര്‍ ടെക്‌നോളജി സൊല്യൂഷന്‍സ് വിവിധ വകുപ്പുകള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും പലതരം ഐ.ടി./ഐ.ടി അധിഷ്ഠിത സേവനങ്ങള്‍ നൽകിവരികയും അടിസ്ഥാനസൗകര്യ, ഹാര്ഡ്വെയർ പിന്തുണ സംഘടിപ്പിക്കുന്നതില്‍ സഹായിച്ചുവരികയും ചെയ്യുന്നുണ്ട്.

യു.എല്‍. സൈബര്‍ പാര്‍ക്ക് എന്ന ഐ.ടി പാര്‍ക്ക് സ്വന്തമായുണ്ട് എന്നത് ചെറിയ കാര്യമല്ല. യു.എല്‍. സൈബര്‍ പാര്‍ക്കില്‍ രാജ്യാന്തരസ്ഥാപനങ്ങളടക്കം 48 കമ്പനികളും 36 സ്റ്റാര്‍ട്ടപ്പുകളും അടക്കം ആകെ 84 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിന്റെ ടെക്‌നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കുമുള്ള കൊച്ചിക്കും കോഴിക്കോടിനുമൊപ്പം കോഴിക്കോടിനെയും മലബാറിനെയും ഉയര്‍ത്തിയത് യു.എല്‍.സി.സി.എസാണ്.
സൊസൈറ്റിയുടെ ഐ.ടി. സ്ഥാപനമായ യു.എല്‍. ടെക്‌നോളജി സൊല്യൂഷന്‍സ് (http://gis.ults.in/assets/Documents/ULTS_Case%20Studies_All_v0.1.pdf) ആ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ഡിവിഷന്‍ ഉള്ള യു.എല്‍.റ്റി.എസില്‍ ഇപ്പോള്‍ സുപ്രധാനമായ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള 500 എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്നു. വെബ്, സ്മാര്‍ട്ട് ഫോണ്‍ സങ്കേതങ്ങളുടെ വികസനം മുതല്‍ ബ്ലോക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT), നിര്‍മ്മിതബുദ്ധി (AI), ഭൂശാസ്ത്രവിവരസംവിധാനം (GIS), സംരംഭവിഭവാസൂത്രണം (ERP), വിവരപരിപാലനസംവിധാനം (IMS), സൈബര്‍സുരക്ഷ തുടങ്ങിയുള്ള ആധുനികമേഖലകളില്‍വരെ വിശേഷവൈദഗ്ദ്ധ്യമുണ്ട് യു.എല്‍.റ്റി.എസിന്.
വിദൂരസംവേദനസംവിധാനം അഥവാ റിമോട്ട് സെന്‍സിങ്ങിന്റെ സഹായത്തോടെ രാജ്യത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഈ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നുണ്ട്. പ്രധാനമായും റിമോട്ട് സെന്‍സിങ്, ജിഐഎസ്, ജിയോളജി, ജിയോഗ്രാഫി, ഫോട്ടോഗ്രാമട്രി, ഐ.റ്റി. എന്നിവ ഉപയോഗിച്ചുള്ള രാജ്യാന്തരനിലവാരമുള്ള സേവനമാണു നല്കുന്നത്. ജിപിഎസ്, ജിഡിപിഎസ് എന്നിവ ഉപയോഗിച്ചുള്ള സര്‍വ്വേകള്‍, ട്രാന്‍സ്പോര്‍ട് മാനേജ്മെന്റ് സിസ്റ്റം, കണ്‍ട്രോള്‍ സര്‍വ്വേകള്‍, ടോപ്പോഗ്രാഫിക്കല്‍ സര്‍വ്വേകള്‍, ട്രാസ്മിഷന്‍ ലൈന്‍ സര്‍വ്വേകള്‍, ഹൈവേ സര്‍വ്വേ, റെയില്‍ അലൈന്‍മെന്റ് സര്‍വ്വേ, ഹെല്‍ത്ത് കെയര്‍, കണ്‍സള്‍ട്ടിങ്, ഇ-ഗവേണന്‍സിനായുള്ള ടേണ്‍ കീ സൊല്യൂഷനുകള്‍ തുടങ്ങിയ പ്രവൃത്തികളും ചെയ്യുന്നുണ്ട്.
ഐ.ടി രംഗത്തെ ഈ വിഭവശേഷിയും വൈദഗ്ധ്യവും പരിഗണിച്ചാണ് അവരെ സമ്പൂര്‍ണ സേവനദാതാവാക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇതെല്ലാം ചിലര്‍ വിവാദമാക്കുന്നു എന്നല്ലാതെ ഇതിലും നിയമപരമായോ മറ്റേതെങ്കിലും തരത്തിലോ ഒരു തെറ്റും ഇല്ല. അടുത്തിടെ യു.ഡി.എഫ്. വിമര്‍ശനമായി ഉയര്‍ത്തിയ, സംസ്ഥാന പൊലീസിന്റെ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ പദ്ധതിക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുടെ സേവനം സര്‍ക്കാര്‍ തേടിയതും ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കാലത്താണ്. അക്കാര്യം വ്യക്തമായതോടെ ആ ആക്ഷേപവും അടങ്ങി.
പിണറായിസര്‍ക്കാര്‍
2016 മേയില്‍ അധികാരമേറ്റ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സികളുടെ പ്രവര്‍ത്തനം അവലോകനം ചെയ്തു. ‘അക്രഡിറ്റഡ് ഏജന്‍സികളിലൂടെ പ്രവൃത്തികള്‍ നടത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പൊതുആസ്തികളുടെ ധനവശം, ഗുണമേന്മ എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല' എന്ന കാഴ്ചപ്പാടോടെയായിരുന്നു പരിശോധനാസമിതിയുടെ അവലോകനം. പ്രവൃത്തികളുടെ ഗുണമേന്മയില്‍ സമിതി ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഏജന്‍സികളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗ്ഗരേഖ ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിച്ച് ജി.ഒ.പി.(നം.) 107/16 നമ്പറായി ധനവകുപ്പ് 2016 ജൂലൈ 27-ല്‍ പുതിയ ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=8844&Itemid=57) പുറപ്പെടുവിച്ചു.
കൃത്യമായ വ്യവസ്ഥകള്‍ വച്ച്, വിവരശേഖരണത്തിനുള്ള കൂടുതല്‍ കോളങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷാഫോമും പരിഷ്‌ക്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ അഞ്ചു സ്ലാബുകളും നിശ്ചയിച്ചു.

ഏജന്‍സികളില്‍ 86 പോയിന്റിനു മുകളില്‍ കിട്ടുന്നവ ഏറ്റവും മുകളിലെ സ്ലാബില്‍ വരും. അവയ്ക്ക് ഏറ്റെടുക്കാവുന്ന പ്രവൃത്തിയുടെ ഉയര്‍ന്ന പരിധി 25 കോടി രൂപയും ഒരേസമയം എടുക്കാവുന്ന ആകെ പ്രവൃത്തികളുടെ പരിധി 250 കോടി രൂപയും ആക്കി നിജപ്പെടുത്തി. മറ്റു സ്ലാബുകളുടെ സ്‌കോറും പരിധികളും: 71 - 85: 20 കോടി, 200 കോടി; 56 - 70: 15 കോടി, 150 കോടി; 41 - 55: 10 കോടി, 100 കോടി; 30 - 40: 5 കോടി, 50 കോടിരൂപ. സ്‌കോര്‍ 30-ല്‍ത്താഴെ വരുന്നവരെ അക്രഡിറ്റ് ചെയ്യില്ല. ഇതോടെ അക്രഡിറ്റേഷന്‍ കൂടുതല്‍ കൃത്യതയുള്ളതായി.
ഏജന്‍സികളോട് ഈ ഉത്തരവ് കൂടുതല്‍ കടുത്ത സമീപനവും എടുത്തു. ഈ ഉത്തരവുവഴി പ്രവൃത്തികളുടെ ഡിഫക്റ്റ് ലയബിലിറ്റി പിരീഡ് പിണറായിസര്‍ക്കാര്‍ അഞ്ചുകൊല്ലമായി ഉയര്‍ത്തി. അക്രഡിറ്റേഷന്‍കാലാവധി തുടക്കത്തില്‍ അഞ്ചുകൊല്ലം എന്നത് രണ്ടുകൊല്ലമായി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ളതടക്കം താത്പര്യമുള്ള ഏജന്‍സികളോട് പുതിയ ഫോമില്‍ അപേക്ഷിക്കാനും നിര്‍ദ്ദേശിച്ചു. അതേദിവസം മറ്റൊരു ഉത്തരവും ഇറങ്ങി, 106 നമ്പരായി (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=8843&Itemid=57).
നേരത്തേ അപേക്ഷ നല്കിയ മൂന്ന് സര്‍ക്കാരേജന്‍സികളുടെ കാര്യത്തിലുള്ള ഫയലിലായിരുന്നു ഈ ഉത്തരവ്. തെരഞ്ഞെടുക്കല്‍ സമിതി 2016 ജൂണ്‍ 2-നു യോഗം ചേര്‍ന്ന് അവ പരിശോധിക്കുകയും കെ.എച്ഛ്.ആര്‍.ഡബ്ല്യു.എസ്., കെ.റ്റി.ഡി.എഫ്.സി. എന്നിവയെ അഞ്ചുകോടി, 50 കോടി എന്ന പരിധിയോടെ മരാമത്തുപണികള്‍ ചെയ്യാനും കെല്‍ട്രോണിനെ എം.എല്‍.എ. - എസ്.ഡി.എഫ്., എല്‍.എ.സി. - എ.ഡി.എസ്. സ്‌കീമുകളില്‍ ഐ.റ്റി. വകുപ്പ് അംഗീകരിക്കുന്ന പ്രവൃത്തികള്‍ ചെയ്യാനും അനുവദിച്ച് അക്രഡിറ്റ് ചെയ്തു.
എന്നാല്‍ 2016 ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തോടെ 107-ാം നമ്പര്‍ ഉത്തരവ് ഇറങ്ങിയതോടെ ഈ ഏജന്‍സികളും പുതിയ മാനദണ്ഡപ്രകാരം അപേക്ഷ നല്‌കേണ്ടിയിരുന്നതിനാല്‍ ഫലത്തില്‍ കാര്യമൊന്നുമുള്ള ഉത്തരവായിരുന്നില്ല അത് എന്നു പറയാം. എങ്കിലും യു.ഡി.എഫ്.ഭരണം അവസാനിക്കുമ്പോള്‍ അക്രഡിറ്റഡ് ഏജന്‍സികളുടെ എണ്ണം 20 ആയിരുന്നത് ഇതോടെ 23 ആയി. ആദ്യയുത്തരവിനുശേഷം ഉള്‍പ്പെടുത്തിയ ആറ് ഏജന്‍സികളും സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ആയിരുന്നു.
ഏജന്‍സികളെ തരംതിരിച്ചു
അപ്പോഴേക്ക് 2015-ലെ അക്രഡിറ്റേഷന്റെ രണ്ടുവര്‍ഷകാലാവധി പൂര്‍ത്തിയാകുകയും പുതിയ അപേക്ഷ നല്കുകയും ചെയ്യേണ്ട സമയം ആയിരുന്നു. സ്ഥാപനങ്ങള്‍ നല്കിയ 2017-18-ലേക്കുള്ള അപേക്ഷകള്‍ പരിശോധിച്ച സര്‍ക്കാര്‍, പൊതുമരാമത്തുപ്രവൃത്തികളുടെ നിര്‍വ്വഹണത്തിലെ പുതിയ മാറ്റങ്ങള്‍കൂടി കണക്കിലെടുത്ത്, 2016 ഡിസംബര്‍ 29-നു പുതിയ ഉത്തരവു പുറത്തിറക്കി. ജി.ഒ.(പി.)നം. 191/2016/ധനം (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=9822&Itemid=57) എന്ന ഈ ഉത്തരവിലൂടെ സ്ലാബുകള്‍ ഇപ്രകാരം പുതുക്കിനിശ്ചയിച്ചു:
ഏജന്‍സികളില്‍ 86 പോയിന്റിനു മുകളില്‍ കിട്ടുന്നവ ഏറ്റവും മുകളിലെ സ്ലാബില്‍ വരും. അവയ്ക്ക് ഏറ്റെടുക്കാവുന്ന പ്രവൃത്തിയുടെ ഉയര്‍ന്ന പരിധി 37.5 കോടിയും ഒരേസമയം എടുക്കാവുന്ന ആകെ പ്രവൃത്തികളുടെ പരിധി 375 കോടിയും ആക്കി. മറ്റു സ്ലാബുകളുടെ സ്‌കോറും പരിധികളും: 71 - 85: 30 കോടി, 300 കോടി; 56 - 70: 22.5 കോടി, 225 കോടി; 41 - 55: 15 കോടി, 150 കോടി; 25 - 40: 10 കോടി, 100 കോടിരൂപ. സ്‌കോര്‍ 25-ല്‍ത്താഴെ വരുന്നവരെ അക്രഡിറ്റ് ചെയ്യില്ല. പരിധികള്‍ നിശ്ചയിച്ചത് ഏതെങ്കിലും സ്ഥാപനത്തിനു മാത്രമായല്ല എന്ന് ഇതു വ്യക്തമാക്കുന്നു. തുടക്കംമുതലേ ഇങ്ങനെതന്നെ ആയിരുന്നുതാനും.
2017 ഫെബ്രുവരി 9-ന് സര്‍ക്കാര്‍ വീണ്ടും മാര്‍ഗ്ഗരേഖ പരിഷ്‌ക്കരിച്ചു. ജി.ഒ.(പി.)നം. 18/2017/ധനം (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=10054&Itemid=57) എന്ന ഉത്തരവിലൂടെ ഒരേസമയം കൈവശം വയ്ക്കാവുന്ന ആകെ കരാറുകളുടെ പരിധി എന്നത് ഒരു സാമ്പത്തികവര്‍ഷം ആ ഏജന്‍സിക്ക് അനുവദിക്കാവുന്ന ആകെ കരാറുകളുടെ പരിധിയാക്കി പുനര്‍നിര്‍ണയിച്ചു.
യോഗ്യത നേടാത്ത ഏജന്‍സികള്‍ക്കും ഔട്ട്സോഴ്‌സ് ചെയ്യാതെ പണി ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ ജില്ലയില്‍ 50 ലക്ഷം രൂപവരെയുള്ള കരാറുകള്‍ എടുക്കാന്‍ അനുമതി നല്കി. അക്രഡിറ്റഡ് ഏജന്‍സി പ്രവൃത്തി ഔട്ട്സോഴ്‌സ് ചെയ്താല്‍ അത് ഇ-ടെന്‍ഡര്‍ വഴി ആയിരിക്കണം. അക്രഡിറ്റേഷനെല്ലാം ഇനിമുതല്‍ രണ്ടുകൊല്ലത്തേക്കുവീതം ആയിരിക്കുമെന്നും ആ ഉത്തരവു വ്യക്തമാക്കി.
2015-ലെ അക്രഡിറ്റേഷന്‍ ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നത് 2017-ലാണ് - ജൂലൈ 25-ലെ ജി.ഒ.(പി.)നം. 95/2017/ധനം (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=11756&Itemid=57) എന്ന ഉത്തരവിലൂടെ. ധനവിനിയോഗസെക്രട്ടറിക്കു പകരം ധനവിഭവസെക്രട്ടറിയെ തെരഞ്ഞെടുക്കല്‍സമിതിയുടെ അദ്ധ്യക്ഷനാക്കി 2017 ജൂണ്‍ ഏഴിന് ഉത്തരവായിരുന്നു. ആ സമിതിയാണ് ലിസ്റ്റ് പരിഷ്‌ക്കരിച്ചത്. ഒപ്പം കുറെ കര്‍ക്കശനിയന്ത്രണങ്ങള്‍കൂടി അക്രഡിറ്റഡ് ഏജന്‍സികള്‍ക്കുമേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.
കൂടുതല്‍ നിയന്ത്രണങ്ങള്‍
അക്രഡിറ്റേഷന്‍ താത്ക്കാലികമായി ഒരു വര്‍ഷത്തേക്കാക്കി. ചീഫ് ടെക്നിക്കല്‍ എക്‌സാമിനര്‍ പ്രകടനം വിലയിരുത്തിയശേഷമേ ഇതു പുതുക്കൂ. ചെലവുകുറഞ്ഞ നിര്‍മാണങ്ങള്‍ ഒഴികെയുള്ളവയില്‍ ഏതൊരു ഗവണ്മെന്റ് എന്‍ജിനീയറിങ് വകുപ്പോ സംസ്ഥാനപൊതുമേഖലയോ നടത്തുന്നതുപോലെതന്നെ പൊതുമരാമത്തുപണികള്‍ നടത്തേണ്ട പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റു(പി.എം.സി.)കള്‍ എന്ന നിലയിലേ അക്രഡിറ്റഡ് ഏജന്‍സികളെ പ്രവൃത്തി ഏല്പിക്കാന്‍ പാടുള്ളൂ. കേരള ഹൈക്കോടതിയിലെ 2016-ലെ ഡബ്ല്യു.പി(സി.)നം. 39162 എന്ന റിട്ട് ഹര്‍ജിയിലെ 2017 മാര്‍ച്ച് 23-ലെ വിധിയുടെ അടിസ്ഥാനത്തില്‍ ആണിത്.
അക്രഡിറ്റഡ് ഏജന്‍സികളുടെ പട്ടികയില്‍നിന്ന് ഒന്നിനെ തെരഞ്ഞെടുക്കാന്‍ നീതിപൂര്‍വ്വകവും മത്സരാധിഷ്ഠിതവുമായ ഒരു ബിഡ്ഡിങ് പ്രക്രിയ സാങ്കേതികാവശ്യങ്ങള്‍, സെന്റേജ് ചാര്‍ജ്ജ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ അതതു ഭരണവകുപ്പിനു സ്വീകരിക്കാം. മരാമത്തുപ്രവൃത്തികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗ്ഗരേഖകളും ഇവര്‍ പാലിക്കുന്നുവെന്ന് ഭരണവകുപ്പ് ഉറപ്പാക്കണം. ഏല്പിക്കുന്ന പ്രവൃത്തി ആ ഏജന്‍സി മറ്റേതെങ്കിലും അക്രഡിറ്റഡ് ഏജന്‍സിക്ക് കോണ്‍ട്രാക്‌റ്റോ പി.എം.സി.യോ ആയി നല്കാന്‍ പാടില്ല. എന്നാല്‍, ഭൗതികയന്ത്രസംവിധാനങ്ങള്‍ ആവശ്യമുള്ള മണ്ണുപരിശോധനപോലുള്ള സവിശേഷപ്രവൃത്തികള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ നല്കാം.
പുതുക്കിയ പട്ടികയില്‍ ഓരോ ഏജന്‍സിക്കും അനുവദിച്ചിട്ടുള്ള രംഗങ്ങളിലെ പ്രവൃത്തികള്‍ മാത്രമേ നല്കാവൂ എന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചു. ഹാബിറ്റാറ്റ്, കോസ്റ്റ്ഫോര്‍ഡ്, യു.എല്‍.സി.സി.എസ്. തുടങ്ങിയവ പോലെയുള്ള സര്‍ക്കാരിതരയേജന്‍സികള്‍ ചെയ്യുന്ന ചെലവുകുറഞ്ഞ നിര്‍മാണ സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന പ്രവൃത്തികള്‍ ഒഴികെയുള്ളവയ്ക്ക് ബന്ധപ്പെട്ട എന്‍ജിനീയറിങ് വകുപ്പിന്റെ സാങ്കേതികാനുമതി നിര്‍ബ്ബന്ധമാണ്. സ്വന്തം എന്‍ജിനീയറിങ് വിഭാഗം ഇല്ലാത്ത വകുപ്പുകള്‍ക്ക് ഇതിന് പി.ഡബ്ല്യു.ഡി., ജലസേചനം, തദ്ദേശഭരണം, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പുകളുടെ സേവനം ഉപയോഗിക്കാം. സര്‍ക്കാരേജന്‍സികള്‍ക്ക് അഞ്ചുകോടി രൂപവരെയുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സാങ്കേതികാനുമതിസമിതിയുടെ സാങ്കേതികാനുമതി തേടാം.
മരാമത്തുപ്രവൃത്തികള്‍ പി.എം.സി. ആയി എടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ പ്രവൃത്തികള്‍ സുതാര്യമായ ബിഡ്ഡിങ്ങിലൂടെ നിര്‍വ്വഹിപ്പിക്കാം. ചെലവുകുറഞ്ഞ സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാന നിര്‍മ്മിതി കേന്ദ്ര, ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങള്‍, ഹാബിറ്റാറ്റ്, കോസ്റ്റ്ഫോര്‍ഡ് എന്നിവപോലുള്ള കേന്ദ്രങ്ങള്‍ക്ക് ഇതു ബാധകമല്ല. ചെലവുകുറഞ്ഞ സങ്കേതങ്ങളില്‍ നിര്‍മ്മാണം എറ്റെടുക്കുന്ന ഏജന്‍സികള്‍ ദേശീയ നിര്‍മ്മാണച്ചട്ടത്തിലെ പ്രസക്തവകുപ്പുകളെല്ലാം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
കരാറുകാരെ തെരഞ്ഞെടുക്കുന്നതില്‍ സുതാര്യബിഡ്ഡിങ് നടത്തുന്ന ഏജന്‍സികള്‍ക്കു മാത്രമേ കോണ്‍ട്രാക്റ്റര്‍ പ്രോഫിറ്റിന് അര്‍ഹതയുള്ളൂ. ഏജന്‍സികള്‍ പ്രവൃത്തികള്‍ നേരിട്ടു ചെയ്യുകയാണെങ്കില്‍ ഇതില്ല. അങ്ങനെയുള്ളവയില്‍, എസ്റ്റിമേറ്റ് മൂല്യമോ ചെയ്ത പ്രവൃത്തിയുടെ മൂല്യമോ ഏതാണോ കുറവ് അതിന്മേലുള്ള അനുവദനീയമായ ഓവര്‍ഹെഡ് ചാര്‍ജ്ജുകളും സെന്റേജ് ചാര്‍ജ്ജുകളും നിര്‍വ്വഹണയേജന്‍സികള്‍ക്കു നല്കാം.
സര്‍ക്കാരിതര അക്രഡിറ്റഡ് ഏജന്‍സികള്‍ ചെയ്യുന്ന പ്രവൃത്തികളുടെ കാര്യത്തില്‍ പണി ചെയ്യിക്കുന്ന വകുപ്പിനുവേണ്ടി നിയോഗിക്കുന്ന സര്‍ക്കാരെന്‍ജിനീയര്‍കൂടി ഉള്‍പ്പെടുന്ന സംയുക്ത അളവുപരിശോധന നടത്തണം.
Related Story: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍എന്തു ചെയ്യണം?പരിഷത്ത് പറയുന്നു
ഇനിമേല്‍ എല്ലാ അക്രഡിറ്റഡ് ഏജന്‍സികളും അവര്‍ ചെയ്യുന്ന പ്രവൃത്തികളുടെ പ്രതിമാസറിപ്പോര്‍ട്ട് ചീഫ് ടെക്നിക്കല്‍ എക്‌സാമിനര്‍ക്കു നല്കണമെന്നും 2017-ലെ ഈ 95-ാം നമ്പര്‍ ഉത്തരവ് നിഷ്‌ക്കര്‍ഷിച്ചു. പ്രീമെഷന്‍മെന്റുകളുടെ നിയമപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ക്കു പുറമെയാണിത്. പ്രവൃത്തികളുടെ ചെലവിന്റെ അടിസ്ഥാനത്തില്‍ നല്‌കേണ്ട സെന്റേജ് ചാര്‍ജ്ജുകളുടെ സ്ലാബും നിശ്ചയിച്ചു.
ഏജന്‍സികള്‍ ബിഡ്ഡിങ് കൂടാതെ നേരിട്ടു ചെയ്യുന്ന ചെലവുകുറഞ്ഞ സങ്കേതത്തിലുള്ള പ്രവൃത്തികള്‍ക്ക് പി.എം.സി. ചാര്‍ജ്ജിനുമേല്‍, എസ്റ്റിമേറ്റ് മൂല്യമോ ചെയ്ത പ്രവൃത്തിയുടെ മൂല്യമോ ഏതാണോ കുറവ് അതിന്മേല്‍ 0.5 ശതമാനം നിരക്കില്‍, അനിവാര്യമായ റിക്കവറി ബാധകമാക്കാം. പാര്‍ട്ട് അഡ്വാന്‍സ് കിട്ടാന്‍ അര്‍ഹതയുള്ളതിനാല്‍ കോണ്‍ട്രാക്റ്റര്‍ പ്രോഫിറ്റിനും ഇവര്‍ക്ക് അര്‍ഹതയില്ല. ഇവയ്‌ക്കെല്ലാം പുറമെ മുന്‍കാലസര്‍ക്കാരുത്തരവുകളിലെ മറ്റെല്ലാ വ്യവസ്ഥകളും ബാധകമാണെന്നു വ്യക്തമാക്കി ഈ ഉത്തരവ് 2017 ജൂലൈ 27 മുതല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു.
ഏജന്‍സികളുടെ രണ്ടാം പട്ടിക
ഈ ഉത്തരവിന്റെ അനുബന്ധത്തില്‍ അക്രഡിറ്റഡ് ഏജന്‍സികളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അക്രഡിറ്റഡ് ഏജന്‍സികളുടെ എണ്ണം 33 ആക്കി ഉയര്‍ത്തുകയായിരുന്നു സര്‍ക്കാര്‍. ഇതില്‍ 29-ഉം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളാണ്. 2015-ല്‍ ഇത് 14 ആയിരുന്നു. പുതുതായി ചേര്‍ത്ത 15 സ്ഥാപനങ്ങളില്‍ 11 എണ്ണം വിവിധ ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങള്‍ ആയിരുന്നു. മറ്റു സ്ഥാപനങ്ങളെപ്പോലെതന്നെ ഈ കേന്ദ്രങ്ങളില്‍ ഓരോന്നിന്റെയും ശേഷി പരിശോധിച്ചു വെവ്വേറെ പരിധികള്‍ നിശ്ചയിച്ചാണ് ഉള്‍പ്പെടുത്തിയത്.
സര്‍ക്കാരിതരയേജന്‍സികള്‍ മൂന്നില്‍നിന്ന് നാലായി. പിണറായി ഇന്‍ഡസ്റ്റ്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റി (PICOS) യാണ് പുതുതായി വന്നത്. ഇത് നിര്‍മാണവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ എട്ട് ഉൽപാദനയൂണിറ്റുകള്‍ സ്വന്തമായുള്ള, 1979-ല്‍ സ്ഥാപിതമായ ഇന്‍ഡസ്റ്റ്രിയല്‍ സൊസൈറ്റിയാണ്. ഇവര്‍ക്ക് ഒറ്റപ്രവൃത്തിയുടെ പരിധി ഒരുകോടിരൂപയും ആകെ പ്രവൃത്തികളുടെ പരിധി രണ്ടുകോടിരൂപയും ആണ്.
ആ ഉത്തരവില്‍ ആകെ പ്രവൃത്തികളുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന പരിധി അനുവദിച്ചിട്ടുള്ളത് എച്ച്.എല്‍.എല്‍. ലൈഫ് കെയറിന്റെ ഉപസ്ഥാപനമായ എച്ച്.എല്‍.എല്‍. ഇന്‍ഫ്രാടെക് സര്‍വ്വീസ (എച്ച്.ഐ.റ്റി.ഇ.എസ്) സിനാണ് - 750 കോടിരൂപ. ഉയര്‍ന്ന പരിധിയില്‍ രണ്ടാം സ്ഥാനം കെ.എസ്.ഇ.ബി.ക്കായിരുന്നു - 565 കോടിരൂപ. ഊരാളുങ്കല്‍ സൊസൈറ്റിയുടെ പരിധിയായി നിശ്ചയിച്ചത് 500 കോടി രൂപയും.

സ്റ്റീല്‍ ഇന്‍ഡസ്റ്റ്രീസ് കേരള (സില്‍ക്) യും യു.എല്‍.സി.സി.എസും നല്കിയ അപേക്ഷകള്‍ പരിശോധിച്ച് 2017 സെപ്റ്റംബര്‍ 18-ന് ജി.ഒ.(പി.) 122 നമ്പരില്‍ (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=12251&Itemid=57) ധനവകുപ്പ് ഒരു ഉത്തരവുകൂടി ഇറക്കി. ഇതുപ്രകാരം സില്‍ക്കിന്റെ 'സ്റ്റ്രീല്‍ സ്റ്റ്രക്ചറുകള്‍, ഇലക്‌റ്റ്രോമെക്കാനിക്കല്‍ പ്രവൃത്തികള്‍ എന്നിവയ്ക്ക് പി.എം.സി. എന്ന നിലയില്‍' എന്ന വ്യവസ്ഥയോടൊപ്പം ‘ഡിസൈനും സ്റ്റീല്‍ ഘടകങ്ങളുടെ ഫാബ്രിക്കേഷനും ഉള്‍പ്പെട്ട സിവില്‍ പ്രവൃത്തികളും അനുവദിക്കാം' എന്നു കൂട്ടിച്ചേര്‍ത്തു.
പി.എം.സി.കള്‍ എന്ന നിലയിലേ മരാമത്തുപണികള്‍ ഏല്പിക്കാവൂ എന്ന വ്യവസ്ഥയില്‍ ചെലവുകുറഞ്ഞ നിര്‍മാണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നല്കിയ ഇളവ് സ്വന്തമായി തൊഴിലാളികളും യന്ത്രോപകരണങ്ങളുമുള്ള ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍ക്കും ബാധകമാക്കി. പട്ടിക പുതുക്കിക്കൊണ്ട് 2017 ജൂലൈ 27-നു ഇറക്കിയ 95-ാം നമ്പര്‍ ഉത്തരവില്‍ ഏര്‍പ്പെടുത്തിയിരുന്ന, പൊതുവിഭാഗം പ്രവൃത്തികള്‍ ടെന്‍ഡറിലൂടെ പി.എം.സി. എന്ന നിലയില്‍ മാത്രം നല്കുക എന്ന, വ്യവസ്ഥയില്‍ ഇളവു നല്കി, യു.എല്‍.സി.സി.എസിന് നോണ്‍പി.എം.സി. എന്ന നിലയില്‍ ടെന്‍ഡര്‍ കൂടാതെ കരാര്‍ നല്കാമായിരുന്ന 2015-ലെ വ്യവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്തു.
ഈ സന്ദര്‍ഭത്തില്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി (TDLCCS) യും തിരുവനന്തപുരം പത്തനംതിട്ട ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങളും കേരള ഇലക്റ്റ്രിക്കല്‍ (KEL) സും സര്‍ക്കാരിനു കത്തുകള്‍ നല്കി. അതിന്റെ അടിസ്ഥാനത്തില്‍ 2017 നവംബര്‍ 9-ന് ജി.ഒ.(പി.)നം. 142/ധനം എന്ന ഉത്തരവിലൂടെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങളെയും സ്വന്തമായി തൊഴിലാളികളും യന്ത്രോപകരണങ്ങളുമുള്ള തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെയും അക്രഡിറ്റ് ചെയ്തു. കെല്ലിനു കരാര്‍ എടുക്കാവുന്ന മേഖല ‘ഇലക്‌റ്റ്രോമെക്കാനിക്കല്‍ പ്രവൃത്തികളും സിവില്‍ പ്രവൃത്തികളും' എന്നു പരിഷ്‌ക്കരിക്കുകയും ചെയ്തു.
പുതിയ അപേക്ഷകള്‍ വന്നതിനെത്തുടര്‍ന്ന് 2018 ഫെബ്രുവരി 28-ന് ജി.ഒ.(പി.)നം. 29/2018/ധനം നമ്പര്‍ (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=13743&Itemid=57) ഉത്തരവിലൂടെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെയും കേന്ദ്രസര്‍ക്കാര്‍സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ് കെയറിനെയും കെ.എസ്.ഐ.ഇ.യെയും അക്രഡിറ്റ് ചെയ്തു. ഫോറസ്റ്റ് ഇന്‍ഡസ്റ്റ്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (എഫ്.ഐ.റ്റി.), സിഡ്കോ എന്നിവയെ പി.ഡബ്ല്യു.ഡി. ഒഴികെയുള്ള സര്‍ക്കാര്‍വകുപ്പുകളുടെ പ്രവൃത്തികള്‍ പി.എം.സി. എന്ന നിലയില്‍ ചെയ്യാനും അക്രഡിറ്റ് ചെയ്തു. കണ്ണൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ പ്രവര്‍ത്തനരംഗം ചെലവുകുറഞ്ഞ നിര്‍മ്മാണങ്ങളില്‍നിന്ന് പൊതു സിവില്‍ നിര്‍മ്മാണങ്ങള്‍ എന്നു മാറ്റുകയും ചെയ്തു.
ഇന്‍കെലിനു പ്രവൃത്തികള്‍ ഏറ്റെടുക്കാവുന്ന മേഖല വ്യാവസായികഭൂമിവികസനം എന്നത് പൊതു സിവില്‍ നിര്‍മ്മാണപ്രവൃത്തികള്‍ എന്നാക്കി. എച്ച്.എല്‍.എല്‍. ഇന്‍ഫ്രാടെക് സര്‍വീസ (എച്ച്.ഐ.റ്റി.ഇ.എസ്) സിന്റെ കാര്യത്തില്‍ കൊല്ലം മെഡിക്കല്‍ കോളേജ് നിര്‍മാണത്തിന്റെ സര്‍വ്വീസ് പ്രവൃത്തികള്‍ നോണ്‍ പി.എം.സി. ആയി അംഗീകരിച്ചുകൊടുത്തു.
വീണ്ടും 2018 മാര്‍ച്ച് 29-ന് ജി.ഒ.(പി.)നം. 52 (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=14229&Itemid=57) ആയി ഒരു ഉത്തരവുകൂടി വന്നു. ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെ അക്രഡിറ്റ് ചെയ്തു. പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്റ്റ്രക്ഷന്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനമേഖല ആഭ്യന്തരവകുപ്പിന്റെ കെട്ടിടനിര്‍മ്മാണങ്ങള്‍ എന്നത് എല്ലാ വകുപ്പിന്റെയും കെട്ടിടനിര്‍മ്മാണങ്ങള്‍ എന്നു ഭേദഗതിയും ചെയ്തു.
അക്രഡിറ്റേഷന്‍ വീണ്ടും രണ്ടുകൊല്ലം
അക്രഡിറ്റേഷന്‍ കാലാവധി ഒരു വര്‍ഷമായി 2017 മുതല്‍ പരിമിതപ്പെടുത്തിയിരുന്നതിനാല്‍ അന്നുണ്ടായിരുന്ന ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ 2018 ജൂലൈ 24-ന് അവസാനിക്കുകയായിരുന്നു. അതിനാല്‍, 2018 മേയ് 26-ന് ധനവകുപ്പിലെ ക്രഡിറ്റേഷന്റെ ചുമതലയുള്ള വ്യവസായവും പൊതുമരാമത്തും വിഭാഗം 142-ാം നമ്പരായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. 2018 ജൂണ്‍ 30 ആയിരുന്നു അവസാനതീയതി. 2016 ജൂലൈ 27-ല്‍ പിണറായിസര്‍ക്കാര്‍ പരിഷ്‌കരിക്കുകയും 2017-ലെ തെരഞ്ഞെടുക്കലിന് ആധാരമാക്കുകയും ചെയ്ത മാര്‍ഗ്ഗരേഖ (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=8844&Itemid=57) യുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകേണ്ടിയിരുന്നത്.
ഇപ്രകാരം ലഭിച്ച അപേക്ഷകള്‍ പരിശോധനാസമിതി പരിശോധിച്ചുവരുന്നതിനിടെ അക്രഡിറ്റേഷന്‍ കാലാവധി അവസാനിച്ചു. പുതിയ അക്രഡിറ്റേഷന്‍ പട്ടിക തയ്യാറായതുമില്ല. ഇത് സംസ്ഥാനത്തെ നിര്‍മാണ പ്രവൃത്തികളെ ബാധിക്കും എന്നതിനാല്‍, 2018 ജൂലൈ 24-ന് അവസാനിച്ച അക്രഡിറ്റേഷന്‍ കാലാവധി നിലവിലെ എല്ലാ വ്യവസ്ഥകള്‍ക്കും വിധേയമായി ഒരുവര്‍ഷത്തേക്കുകൂടി നീട്ടി 2018 ജൂലൈ 26-ന് ജി.ഒ.(പി.)നം. 116/2018/ധനം (http://www.finance.kerala.gov.in/index.php?option=com_docman&task=doc_download&gid=15208&Itemid=57) നമ്പറില്‍ സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
മാര്‍ഗ്ഗരേഖയില്‍ സമഗ്രപരിഷ്‌ക്കരണം
ഇതൊക്കെ നടക്കുന്നതോടൊപ്പം 2018 ഫെബ്രുവരി 21-നും മേയ് 19-നും തെരഞ്ഞെടുക്കല്‍ സമിതി യോഗം ചേർന്നു. അവയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ 2018 ഓഗസ്റ്റ് 3-ന് ജി.ഒ.(പി.)നം. 118/2018/ധനം (http://www.finance.kerala.gov.in/index.php?option=com_docman&task=doc_download&gid=15238&Itemid=57) നമ്പര്‍ ഉത്തരവിലൂടെ മാര്‍ഗ്ഗരേഖ പിന്നെയും പരിഷ്‌ക്കരിച്ചു. അക്രഡിറ്റഡ് ഏജന്‍സികളില്‍നിന്നു ‘സാധനങ്ങളും സേവനങ്ങളും വാങ്ങുന്നത്', ‘പ്രവൃത്തികളുടെ കരാര്‍' എന്നു രണ്ടു ഭാഗങ്ങളായി തിരിച്ചാണ് ഇതു പരിഷ്‌ക്കരിച്ചത്.
സാധനങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിലും പി.എം.സി. ആയോ സ്വയം പ്രദാനം ചെയ്യുന്ന തരത്തിലോ വാങ്ങല്‍ ഉത്തരവു നല്കാം. ഏതുതരത്തില്‍ എന്ന് ഭരണവകുപ്പ് ഉത്തരവില്‍ വ്യക്തമായി പറഞ്ഞിരിക്കണം. മതിയായ വൈദഗ്ദ്ധ്യം ഉണ്ടെങ്കില്‍ മാത്രമേ സ്വയം പ്രദാനം ചെയ്യാനുള്ള ഉത്തരവ് ആ ഏജന്‍സിക്കു നല്കൂ.
പ്രദാനം ചെയ്യുന്ന സാധനത്തിന്റെയും സേവനത്തിന്റെയും 50 ശതമാനമെങ്കിലും സ്വന്തം ശേഷിയില്‍നിന്നു നല്കാന്‍ കഴിഞ്ഞാലേ ആ സ്ഥാപനത്തെ ‘സ്വയം പ്രദാനം ചെയ്യുന്ന സ്ഥാപനം' എന്ന വിഭാഗത്തില്‍ പെടുത്തൂ. പകുതിയിലേറെ പുറത്തുനിന്നു വാങ്ങുകയാണെങ്കില്‍ ആ ഏജന്‍സിക്ക് ആ ഓര്‍ഡര്‍ നൽകില്ല. അത്തരം സന്ദര്‍ഭത്തില്‍ അക്രഡിറ്റഡ് ഏജന്‍സി സ്വയം നല്ക്കുന്നതും മൂന്നാം കക്ഷികളോടു വാങ്ങുന്നതും ഏതൊക്കെ ഘടകങ്ങള്‍ എന്നു പ്രൊക്യുവര്‍മെന്റ് ഉത്തരവില്‍ വ്യക്തമാക്കണം. മൂന്നാം കക്ഷികളോടു വാങ്ങുന്നത് പി.എം.സി. എന്ന നിലയില്‍ അക്രഡിറ്റഡ് ഏജന്‍സിയെ ചുമതലപ്പെടുത്തുകയും മതിയായ സെന്റേജ് ചാര്‍ജ്ജ് ബാധകമാക്കുകയും വേണം. അപ്രകാരം വാങ്ങുന്നവ ഭരണവകുപ്പിനുകൂടി കാണാന്‍ കഴിയുന്ന സുതാര്യമായ ടെന്‍ഡര്‍ നടപടിയിലൂടെ ആയിരിക്കണമെന്നും ഇതിന്റെ പണം കൊടുക്കുന്നത് മൂന്നാംകക്ഷിയായ സ്ഥാപനത്തിനു ഭരണവകുപ്പു നേരിട്ടായിരിക്കണമെന്നും ഇവരെ തെരഞ്ഞെടുക്കുന്നതില്‍ അന്തിമതീരുമാനം എടുക്കുന്നത് പി.എം.സി.യുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണവകുപ്പ് ആയിരിക്കണമെന്നും ഒക്കെയുള്ള വ്യവസ്ഥകളാണ് ഉത്തരവ് മുന്നോട്ടുവച്ചത്. സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പ്രകാരം പണം കൊടുക്കേണ്ടതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളും വ്യക്തമാക്കി.
പ്രവൃത്തികളുടെ കരാറിന്റെ കാര്യത്തിലും പി.എം.സി. ആയോ നേരിട്ടു നടപ്പാക്കുന്ന രീതിയിലോ നല്കാം. ഇക്കാര്യം ഉത്തരവില്‍ ഭരണവകുപ്പ് വ്യക്തമാക്കണം. നേരിട്ടു പ്രവൃത്തികള്‍ ചെയ്യാനുള്ള കരാര്‍ സര്‍ക്കാരുത്തരവുകളിലൂടെ അതിനായി എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ നല്കാവൂ.
പി.എം.സി ആയി കരാര്‍ നല്കിയാല്‍ ഭരണവകുപ്പു രൂപം നല്കുന്ന സാങ്കേതികസമിതി ആയിരിക്കണം സാങ്കേതികാനുമതി നല്‌കേണ്ടത്. പി.ഡബ്ല്യു.ഡി. സംവിധാനത്തിലെപ്പോലെ ഐ.ടി മിഷന്‍ ഒരുക്കുന്ന സംവിധാനത്തിലൂടെ ഇ-ടെന്‍ഡറായി വേണം പി.എം.സി.കള്‍ പ്രവൃത്തി കരാര്‍ നല്കാന്‍. തെരഞ്ഞെടുക്കുന്ന കരാറുകാര്‍ക്കു കരാര്‍ നല്കുന്നതും എഗ്രിമെന്റ് വയ്ക്കുന്നതുമെല്ലാം പി.എം.സി. ആയിരിക്കണം. മൂന്നാം കക്ഷികള്‍ക്കുള്ള പണം ആ പ്രവൃത്തി നടത്തിക്കുന്ന വകുപ്പാണ് അക്രഡിറ്റഡ് ഏജന്‍സിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നല്‌കേണ്ടത്. സെന്റേജ് ചാര്‍ജ്ജ് അക്രഡിറ്റഡ് ഏജന്‍സിക്കു നേരിട്ടു ബാങ്കുവഴിയേ നല്കാവൂ.
അക്രഡിറ്റഡ് ഏജന്‍സി നേരിട്ടാണു പ്രവൃത്തി നടത്തുന്നതെങ്കില്‍ ഭരണവകുപ്പ് അവര്‍ക്കു നേരിട്ടു പണം നല്കണം. അത്തരം പ്രവൃത്തികളില്‍ പണം മുന്‍കൂറായി നല്കാം. അത് പി.ഡബ്ല്യു.ഡി. മാനുവലില്‍ അനുശാസിക്കുന്നതുപോലെ 20 ശതമാനമായി നിജപ്പെടുത്തി. ഇത് തുടര്‍ന്നുള്ള ബില്ലുകളില്‍ ആനുപാതികമായി അഡ്ജസ്റ്റ് ചെയ്യണം.
പി.എം.സി. (സെന്റേജ്) ചാര്‍ജ്ജുകള്‍ അക്രഡിറ്റഡ് ഏജന്‍സികള്‍ക്കു നേരിട്ടു നല്കണം. അതില്‍ 50 ശതമാനം സാങ്കേതികാനുമതി നല്കുമ്പോള്‍ നല്കണം. ബാക്കിയുള്ളത് രണ്ടു തുല്യ ഗഡുക്കളായി 50 ശതമാനം പൂര്‍ത്തിയാക്കിയശേഷവും അവസാനബില്ലു കൊടുത്തുകഴിഞ്ഞും നല്കണം.
ചെലവുകുറഞ്ഞ നിര്‍മ്മാണസങ്കേതങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാരിതരയേജന്‍സികള്‍ക്ക് അത്തരം പ്രവൃത്തികളുടെ സാങ്കേതികാനുമതി സ്വയം നല്കാം. അത്തരം പ്രവൃത്തികള്‍ ഉള്‍പ്പെട്ട നിര്‍മ്മാണങ്ങളില്‍ അക്രഡിറ്റഡ് ഏജന്‍സിക്കു സാങ്കേതികാനുമതി പുറപ്പെടുവിക്കാമോ എന്നകാര്യം പണി ചെയ്യിക്കുന്ന വകുപ്പിനു തീരുമാനിക്കാം. ഗവണ്മെന്റ് അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് അഞ്ചുകോടി രൂപയില്‍ താഴെയുള്ള പ്രവൃത്തികള്‍ക്ക് സ്വയം സാങ്കേതികാനുമതി നല്കാം. അതിനുമേലുള്ളവയ്ക്ക് സര്‍ക്കാര്‍സാങ്കേതികസമിതിയുടെ സാങ്കേതികാനുമതി വേണം. അതിനുള്ള നടപടിക്രമവും ഉത്തരവില്‍ വിവരിച്ചിട്ടുണ്ട്. മരാമത്തുപണികള്‍ ചെയ്യുന്ന എല്ലാ അക്രഡിറ്റഡ് ഏജന്‍സികളും പി.ഡബ്ല്യു.ഡി. മാനുവലും സാധനങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന അക്രഡിറ്റഡ് ഏജന്‍സികള്‍ സ്റ്റോര്‍ പര്‍ച്ചേസ് റൂളും പിന്തുടരണമെന്നും നിഷ്‌ക്കര്‍ഷിച്ചു.
നിലവിലുള്ള വ്യവസ്ഥകള്‍
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നേരത്തേ ലഭിച്ചിരുന്ന അപേക്ഷകള്‍ പരിശോധിച്ച് ഇപ്പോള്‍ നിലവിലുള്ള അക്രഡിറ്റഡ് ഏജന്‍സികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 2019 ജൂലൈ 4-ലെ ജി.ഒ.(പി.)നം. 77/2019/ധനം (http://www.finance.kerala.gov.in/includeWeb/fileViewer.jsp?dId=b8yh2sj0qe5vh2s) എന്ന ഉത്തരവാണത്.
അക്രഡിറ്റേഷന്‍ രണ്ടുവര്‍ഷത്തേക്ക് എന്ന് പുനര്‍നിര്‍ണയിച്ചു. കുറേക്കൂടി മെച്ചപ്പെട്ട നിര്‍വ്വഹണത്തിനായി മരാമത്തുപ്രവൃത്തികളെ പന്ത്രണ്ടായി തിരിച്ചു നിര്‍വ്വചിച്ചു. പി.എം.സി., നോണ്‍പി.എം.സി എന്നിവയെയും നിര്‍വ്വചിച്ചു. സാങ്കേതികത്തികവ്, ഡിസൈനിന്റെ മികവ്, നിരക്കുകളുടെ യുക്തിസഹത, നിബന്ധനകളുടെ പര്യാപ്തി, ഘടനയുടെ ഉറപ്പ് എന്നിവ ഉറപ്പാക്കുന്നത് അക്രഡിറ്റഡ് ഏജന്‍സികളുടെ ഉത്തരവാദിത്വമായി പ്രഖ്യാപിച്ചു.
സാങ്കേതികാനുമതി സംബന്ധിച്ച മുന്‍വ്യവസ്ഥകള്‍ ഇതിലും ഉള്‍പ്പെടുത്തി. സര്‍ക്കാര്‍-സര്‍ക്കാരിതരയേജന്‍സികള്‍ക്ക് അഞ്ചുകോടിക്കുമേലുള്ള പ്രവൃത്തികളുടെ സാങ്കേതികാനുമതി നല്കാനുള്ള സമിതിയുടെ ഘടനയും വ്യക്തമാക്കി. വകുപ്പുസെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു താഴെയല്ലാത്ത രണ്ട് സര്‍ക്കാരെന്‍ജിനീയര്‍മാരും അക്രഡിറ്റഡ് ഏജന്‍സിയുടെ ഒരു എന്‍ജിനീയറും അംഗങ്ങള്‍ ആയിരിക്കണം.
ഏജന്‍സികള്‍ക്കുള്ള എല്ലാ പണം കൊടുക്കലിനും 2018 ഓഗസ്റ്റ് 3-ലെ 118-ാം നമ്പര്‍ (http://www.finance.kerala.gov.in/index.php?option=com_docman&task=doc_download&gid=15238&Itemid=57) ഉത്തരവിലൂടെ പരിഷ്‌ക്കരിച്ച വ്യവസ്ഥകള്‍ പിന്തുടരണം. നേരത്തേ പരാമര്‍ശിച്ചിട്ടുള്ള 191/2016, 18/2017 എന്നീ ഉത്തരവുകള്‍ റദ്ദാക്കുകയും ചെയ്തു. മറ്റെല്ലാ കാര്യങ്ങള്‍ക്കും മറ്റു മുന്‍കാലയുത്തരവുകള്‍ ബാധകമായിരിക്കും. ഈ ഉത്തരവ് ഉടന്‍പ്രാബല്യത്തോടെ നടപ്പാക്കപ്പെട്ടു.
നിലവിലുള്ള പട്ടിക
ഇപ്പോള്‍ നിലവിലുള്ള 2019-ലെ പട്ടികയില്‍ 45 ഏജന്‍സികളെയാണ് അക്രഡിറ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 39 എണ്ണം സര്‍ക്കാരേജന്‍സികളും ആറെണ്ണം സര്‍ക്കാരിതരയേജന്‍സികളും. 2017-ലെ പട്ടികയില്‍ ഉണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കെ.എച്ഛ്.ആര്‍. ഡബ്ല്യു.എസ്., എറണാകുളം ജില്ലാ നിര്‍മ്മിതി കേന്ദ്ര എന്നിവ ഈ പട്ടികയിലില്ല. ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി (ARTCO), കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KADCO), സിഡ്‌കോ, യുണൈറ്റഡ് ഇലക്റ്റ്രിക്കല്‍ ഇന്‍ഡസ്റ്റ്രീസ്, എഫ്.എ.സി.റ്റി.-ആര്‍.സി.എഫ്. ബില്‍ഡിങ് പ്രോഡക്റ്റ്‌സ്, ഹിന്ദുസ്ഥാന്‍ പ്രീഫാബ് (HPL), ഫോറെസ്റ്റ് ഇന്‍ഡസ്റ്റ്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്നീ ഏഴു പൊതുമേഖലാസ്ഥാപനങ്ങള്‍ പുതുതായി വന്നു. പുതുതായി വന്ന ഏക സര്‍ക്കാരിതരസ്ഥാപനം തിരുവനന്തപുരം അഗ്രി ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന സഹകരണസംഘമാണ്.
കിറ്റ്‌കോയ്ക്കും വാപ്കോസിനും ആകെ അനുവദിക്കാവുന്ന പദ്ധതികളുടെ പരിധി 450 കോടി ആയിരുന്നതും കെ.എസ്.ഇ.ബി.ക്ക് 565 കോടി ആയിരുന്നതും 750 കോടിരൂപയാക്കി ഉയര്‍ത്തി. എച്ഛ്. ഐ.റ്റി.ഇ.എസ്. ആണ് 750 കോടി അനുവദിച്ചിട്ടുള്ള മറ്റൊരു സ്ഥാപനം. ഇത് 2017-ലും 750 കോടി ആയിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുടേത് 500-ല്‍നിന്ന് 800 കോടിയായും ഉയര്‍ത്തി. ഏറ്റെടുക്കാവുന്ന ഒറ്റപ്രവര്‍ത്തിയുടെ പരിധി ഉയര്‍ത്തിയതുമില്ല. അപ്പോഴും ഇപ്പോഴും അത് 150 കോടി രൂപതന്നെ. വളര്‍ച്ച ഉണ്ടായ പല സ്ഥാപനങ്ങള്‍ക്കും അതിന് ആനുപാതികമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.
എന്നുവച്ചാല്‍ ഒരു പ്രത്യേക ഏജന്‍സിയുടെ മാത്രം പരിധി എടുത്തുകളഞ്ഞു എന്നും അവര്‍ക്ക് അനന്തമായി കരാറുകള്‍ കൊടുക്കുന്നു എന്നും ചിലര്‍ പറയുന്നത് വസ്തുതയല്ല. അതുപോലെതന്നെ തോന്നിയതുപോലെ പരിധികള്‍ നിശ്ചയിക്കുന്നു എന്നതും അടിസ്ഥാനമില്ലാത്തതാണ്. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധനാസംവിധാനവും മനസിലാക്കുന്ന ഏതൊരാള്‍ക്കും ഇതു ബോദ്ധ്യമാകും. ഇവിടെ പരാമര്‍ശിച്ച ഉത്തരവുകളെല്ലാം സര്‍ക്കാരിന്റെ വെബ്സൈറ്റുകളില്‍ ഉള്ളവയാണ്.
മറ്റൊരു ശ്രദ്ധേയമായ കാര്യം, 2015-ല്‍ വെറും 17 അക്രഡിറ്റഡ് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോഴത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ 45 സ്ഥാപനങ്ങളാക്കി വര്‍ദ്ധിപ്പിക്കുകയാണു ചെയ്തത്. സര്‍ക്കാര്‍സ്ഥാപനങ്ങളുടെ എണ്ണം 12-ല്‍നിന്നു 39 ആയും ഉയര്‍ത്തി. സര്‍ക്കാരിതരസ്ഥാപനങ്ങള്‍ അഞ്ചില്‍നിന്ന് ആറായി. അത്രമാത്രം.
എന്നുവച്ചാല്‍, സര്‍ക്കാരിന്റെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഉണ്ടാകുകയാണു ചെയ്തത്. അവയില്‍ത്തന്നെ വലിയ പരിഗണന നല്കിയത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ്. അല്ലാതെ, ഏതെങ്കിലും ഒരു സ്ഥാപനത്തിന് അനുകൂലമായി കാര്യങ്ങള്‍ മാറ്റുകയായിരുന്നില്ല. സര്‍ക്കാരിന്റെ ഉത്തമതാത്പര്യങ്ങള്‍ മാത്രമാണ് ഏതു സര്‍ക്കാരായാലും സംരക്ഷിച്ചിട്ടുള്ളതെന്ന് ഓരോ ഉത്തരവും അവയുടെ വികാസപരിണാമങ്ങളും പരിശോധിച്ചാല്‍ മനസിലാകും.
ഈ സര്‍ക്കാരിന്റെ കാലത്തു മരാമത്തുപ്രവൃത്തികളില്‍ വന്ന റെക്കോഡ് വര്‍ദ്ധനയും നാം കാണണം. സ്‌കൂള്‍ക്കെട്ടിടങ്ങളും ആശുപത്രിക്കെട്ടിടങ്ങളും ഹില്‍, തീരദേശ ഹൈവേകളും അടക്കം 60,000-ല്‍പ്പരം കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് കിഫ്ബി മാത്രം ഭരണാനുമതി നല്കിയിട്ടുള്ളത്. ബജറ്റില്‍ ഉള്‍പ്പെട്ട പതിവുപദ്ധതികള്‍ക്കു പുറമെയാണിതെന്ന് ഓര്‍ക്കണം. പ്രവൃത്തികള്‍ ഇങ്ങനെ വര്‍ദ്ധിക്കുമ്പോള്‍ അവയുടെ നിര്‍വ്വഹണത്തിനുള്ള സംവിധാനവും വിപുലപ്പെടുത്തേണ്ടതുണ്ട് എന്നതും നാം കാണണം.
മുകളില്‍ പറഞ്ഞ ഉത്തരവുകളൊക്കെ പല മാധ്യമ പ്രവര്‍ത്തകരുടെയും കൈവശവും ഉണ്ടാകണം. എന്നിട്ടും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ചില രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്നതു കണ്ടുപിടിക്കാന്‍ പാഴൂര്‍പ്പടിക്കലൊന്നും പോകേണ്ട കാര്യമില്ല. പണം കൊടുത്തു പത്രം വാങ്ങുകയോ കേബിളോ ഡിഷോ വഴി ന്യൂസ് ചാനലുകള്‍ സബ്സ്‌ക്രൈബ് ചെയ്യുകയോ ചെയ്യുന്ന ഉപഭോക്താക്കളോടു കാണിക്കുന്ന ഈ അനീതി മാധ്യമ ധര്‍മമല്ലെന്നതു പോകട്ടെ, വാസ്തവത്തില്‍ ഉപഭോക്തൃ വഞ്ചനകൂടിയല്ലേ?
സഹകരണ സംഘങ്ങള്‍ക്കുള്ള പരിഗണന
കേരളീയ ജീവിതത്തിന്റെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും കൈത്താങ്ങായ, ലാഭം സ്വകാര്യസ്ഥാപനങ്ങളിലേക്കോ വ്യക്തികളിലേക്കോ പോകാത്ത, സഹകരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ എക്കാലത്തും പ്രത്യേക പരിഗണയും മുന്‍ഗണനയും ഉളവുകളും നല്കിവന്നിരുന്നു. ഇതെല്ലാം സമഗ്രമായി പരിഷ്‌ക്കരിച്ച് ഉള്‍ക്കൊള്ളിച്ചുള്ള, ഇപ്പോഴും ബാധകമായ ഉത്തരവ് 1997 നവംബര്‍ 13-നു സഹകരണവകുപ്പു പുറപ്പെടുവിച്ച സ.ഉ.(കൈ.)നം. 135/97 ആണ് (ലിങ്ക് ലഭ്യമല്ല).
തൊഴില്‍ക്കരാര്‍ സംഘങ്ങള്‍ക്കു മുന്‍ഗണന നല്കുന്നതിനുള്ള നിബന്ധനകളും ഏറ്റെടുക്കാവുന്ന പ്രവൃത്തികളും അവയ്ക്കു ക്ലാസിഫിക്കേഷന്‍ നല്കുന്നതിനുള്ള വ്യവസ്ഥകളും ഈ ഉത്തരവില്‍ ഉണ്ട്. 2002-ലും 2014-ലും യു.ഡി.എഫ്. സര്‍ക്കാരുകളും 2016 ജൂണ്‍ 29-ന് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും ഇവര്‍ക്ക് എടുക്കാവുന്ന പ്രവൃത്തികളുടെ പരിധി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഉയര്‍ത്തി നിശ്ചയിച്ചിരുന്നു.

ഇതും നേരത്തേ പറഞ്ഞുവന്ന അക്രഡിറ്റേഷന്‍ പ്രവര്‍ത്തനവുമായി ബന്ധമൊന്നും ഇല്ല. അത് എല്ലാത്തരം സ്ഥാപനങ്ങള്‍ക്കുമായി ഉള്ള കാര്യമാണ്. ആ കഥയില്‍ ഇതുവരെ നാലു സഹകരണസംഘങ്ങളേ കടന്നുവന്നിട്ടുള്ളൂ എന്നും ഓര്‍ക്കുക. ഇതാകട്ടെ, സഹകരണപ്രസ്ഥാനങ്ങള്‍ വികസിക്കുന്നതിനും പുതിയ മേഖലകള്‍ രൂപപ്പെടുന്നതിനും ഒക്കെ അനുസരിച്ച് സംഘങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിനു നല്കുന്ന അനുമതികളും പ്രോത്സാഹനങ്ങളുമാണ്. സര്‍ക്കാരുകളുടെ ഉത്തരവാദിത്വവുമാണത്.
സഹകരണവകുപ്പ് 2016 ജൂണ്‍ 29-ന് ഇറക്കിയ സ.ഉ.(കൈ.)നം. 31/16 (https://cooperation.kerala.gov.in/coop/wp-content/uploads/GO/mt3116.pdf) ആണ് സംസ്ഥാനത്താകെയുള്ള ലേബര്‍ കോണ്‍ട്രാക്റ്റ് സംഘങ്ങളെ ഇനം തിരിച്ച് ഓരോ വിഭാഗത്തിനും എടുക്കാവുന്ന ഒറ്റ പ്രവൃത്തിയുടെയും ആകെ പ്രവൃത്തികളുടെയും പരിധി നിശ്ചയിച്ചത്. യു.ഡി.എഫ്. സര്‍ക്കാര്‍ 2014-ല്‍ നിശ്ചയിച്ചിരുന്ന നിരക്ക് അതേ സര്‍ക്കാരിന്റെ കാലത്ത് 2016 ജനുവരി 21-ന് സഹകരണരജിസ്റ്റ്രാര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇരട്ടിയായി ഉയര്‍ത്തി.
ഇത്തരത്തിലുള്ള മറ്റൊരു ആനുകൂല്യമാണ് പ്രൈസ് പ്രിഫറന്‍സ്. പി.ഡബ്ല്യു.ഡി. കരാറുകളില്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍ക്ക് പത്തുശതമാനം പ്രൈസ് പ്രിഫറന്‍സ് 2012 ഓഗസ്റ്റ് നാലിന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊതുമരാമത്തുവകുപ്പിന്റെ ജി.ഒ.(പി.)നം. 58/12 ഉത്തരവിലൂടെ അനുവദിച്ചിരുന്നു. ഇത് ഇപ്പോഴത്തെ സര്‍ക്കാര്‍ 2020 മാര്‍ച്ച് 19-നു പരിഷ്‌ക്കരിച്ച് ജി.ഒ.(എം.എസ്.)നം. 41/2020 നമ്പര്‍ (https://cooperation.kerala.gov.in/wp-content/uploads/2020/01/go-41-2020.pdf) ഉത്തരവിലൂടെ സര്‍ക്കാരിന്റെ എല്ലാ മരാമത്തുപ്രവൃത്തികള്‍ക്കും ബാധകമാക്കി.
സഹകരണനിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെങ്കിലും പ്രത്യേകമേഖലയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയോ ആ മേഖലയില്‍നിന്ന് പ്രവൃത്തികള്‍ എടുക്കാനുള്ള പരിധി ഉയര്‍ത്തിക്കിട്ടുകയോ വേണമെങ്കില്‍ കോപ്പറേറ്റീവ് രജിസ്റ്റ്രാറുടെ അനുമതി വേണം.
ലേബര്‍ കോണ്‍ട്രാക്റ്റ് സംഘങ്ങള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാവുന്ന പ്രവൃത്തികള്‍ ഏതെല്ലാം എന്നു നിലവില്‍ നിശ്ചയിച്ചിട്ടുള്ളത് 1997 നവംബര്‍ 13-ന് ഇറക്കിയ സ.ഉ.(എം.എസ്.)നം. 135/97/സഹ. എന്ന നമ്പര്‍ ഉത്തരവാണ്. ചെറിയ കെട്ടിടങ്ങള്‍, റോഡുകള്‍, മെയിന്റനന്‍സ് പ്രവൃത്തികള്‍ എന്നിവ മാത്രമേ 23 കൊല്ലം മുമ്പത്തെ ഈ ഉത്തരവില്‍ പറഞ്ഞിരുന്നുള്ളൂ.
എന്നാല്‍, ഇക്കാലയളവുകൊണ്ട് ഒട്ടുമിക്ക ലേബര്‍ സൊസൈറ്റികളും, വിശേഷിച്ച് ഊരാളുങ്കല്‍ സൊസൈറ്റി, ഗണ്യമായ വളര്‍ച്ച നേടിയിട്ടുണ്ട്. അതിനനുസരിച്ചു കൂടുതല്‍ വലിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലാളികള്‍ക്കു വേതനം നല്കാനാകാതെ അവ പ്രതിസന്ധിയില്‍ ആകും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഊരാളുങ്കല്‍ സൊസൈറ്റി സര്‍ക്കാരിന് അപേക്ഷ നല്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സൊസൈറ്റിയുടെ എല്ലാത്തരം ശേഷികളും പരിശോധിച്ച് സൊസൈറ്റിക്ക് ഏറ്റെടുക്കാവുന്ന പ്രവൃത്തികള്‍ പുനര്‍നിര്‍ണ്ണയിച്ച് സര്‍ക്കാര്‍ ഉത്തരവായി. സഹകരണവകുപ്പിന്റെ 2020 നവംബര്‍ 4-ലെ സ.ഉ.(സാധാ.)നം. 568/2020 എന്ന ഉത്തരവില്‍ എല്ലാത്തരം പ്രവൃത്തികളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്കി.
ഇതില്‍ തുറമുഖവും വിമാനത്താവളവും റെയില്‍വേയും എല്ലാം പെടില്ലേ എന്ന സന്ദേഹത്തോടെയാണ് ഒരു പ്രമുഖപത്രം അത്തരം പ്രവൃത്തികളെല്ലാം ഈ സൊസൈറ്റിക്കു കൊടുക്കാന്‍പോകുന്നു എന്ന മട്ടില്‍ വാര്‍ത്ത നല്കിയത്! അതൊന്നും സംസ്ഥാനസര്‍ക്കാരിന്റെ കൈവശം ഉള്ളതല്ലെന്നും ഇനി സംസ്ഥാനം ഒരു വിമാനത്താവളം നിര്‍മ്മിക്കുകയാണെങ്കില്‍ത്തന്നെ അതിനു പ്രാപ്തരായവരെ രാജ്യാന്തരടെന്‍ഡറിലൂടെ കണ്ടെത്തിമാത്രമേ ചുമതലപ്പെടുത്താനാവൂ എന്നും ഇന്നു കേരളത്തിലെ സ്വകാര്യകരാറുകാരൊന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരല്ലെന്നും അതുകൊണ്ടുതന്നെ അവരെയൊന്നും ബാധിക്കുന്ന കാര്യമല്ല ഇതെന്നുമൊന്നും അപ്പോള്‍ ആലോചിച്ചില്ല!
കള്ളപ്പണം എന്നതായിരുന്നു മറ്റൊരു ആരോപണം. നോട്ടുനിരോധനത്തിന്റെ സന്ദര്‍ഭം ഉപയോഗിച്ച് കേരളത്തിലെ സഹകരണമേഖലയെ പാടേ തകര്‍ക്കാം എന്ന ഉന്നത്തോടെ ബി.ജെ.പി. നടത്തിയ വ്യാപകമായ പ്രചാരണം ആയിരുന്നു ഇത്. സഹകരണനിയമവും ധനവിനിമയത്തിനുള്ള നിയമങ്ങളും ഇന്‍കം ടാക്‌സ് നിയമങ്ങളും എല്ലാം നിലനില്‌ക്കെ ഒരു സഹകരണസംഘത്തിനും കള്ളപ്പണം സ്വീകരിക്കാന്‍ കഴിയില്ല എന്നത് പകല്‍പോലെ വ്യക്തമായിരുന്നിട്ടും അങ്ങനെ പ്രചാരണം നടത്തിയത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെ ആയിരുന്നു എന്ന് നമുക്ക് ഇന്ന് അറിയാം. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ ചിലര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെ ഉന്നയിച്ചത്.
ഈ ആരോപണം ചിലരിലെങ്കിലും ഉണ്ടാക്കിയ സംശയം ആ സൊസൈറ്റിക്ക് ഇന്നു കാണുന്ന വളര്‍ച്ച് ആസ്പദമായ ധനം എവിടെനിന്ന് എന്ന കാര്യത്തില്‍ വ്യക്തത വന്നാല്‍ തീരുന്നതാണ്. ആദ്യകാലം മുതലേ സമയത്തു കരാര്‍ത്തുക കിട്ടാത്ത ദുരവസ്ഥ കാരണം ദിവസവും പ്രസിഡന്റും ഡയറക്ടര്‍മാരും ഇറങ്ങിനടന്നു നാട്ടുകാരില്‍നിന്നു ചെറുതും വലുതുമായ തുകകള്‍ 15 ശതമാനം പലിശയ്ക്കു നിക്ഷേപമായി പിരിച്ചെടുത്തൊക്കെയാണു കൂലിയടക്കമുള്ള ദൈനംദിന ചെലവുകള്‍ നടത്തിയിരുന്നത്. നാട്ടിലെ റിട്ടയേഡ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ചെറുബിസിനസുകാര്‍ എന്നിങ്ങനെയുള്ളവരോടല്ലാതെ വന്‍കിടപ്പണക്കാരോടുപോലും നിക്ഷേപം വാങ്ങാറില്ല. ഓരോ ആളും കഠിനമായി പണിയെടുത്താണ് ഈ നിക്ഷേപങ്ങളും പലിശയും മടക്കിനല്കിയിരുന്നത്. വന്‍കിടക്കാരില്‍നിന്നൊന്നും സൊസൈറ്റി നിക്ഷേപം സ്വീകരിക്കാറില്ല.
വലിയ തുകകള്‍ വേണ്ടപ്പോള്‍ മറ്റു സൊസൈറ്റികളിലും അവയുടെ കണ്‍സോര്‍ഷ്യങ്ങളിലുംനിന്നു സമാഹരിച്ച് വായ്പയെടുക്കുകയും ചെയ്യും. നിലവില്‍ ഇത്തരത്തില്‍ 500 കോടി രൂപയുടെ വായ്പ സൊസൈറ്റിക്കുണ്ട്. സൊസൈറ്റി നടത്തുന്ന പ്രവൃത്തികള്‍ക്ക് സര്‍ക്കാരില്‍നിന്നടക്കം നിയമപ്രകാരം കിട്ടുന്ന പണമാണ് സൊസൈറ്റിയുടെ വരുമാനം. ഇതെല്ലാം സ്വീകരിക്കുന്നതും നിയമപരമായ രീതിയില്‍ മാത്രമാണ്.
അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഓഹരികളും തൊഴിലാളികളുടെ പ്രതിദിന വേതനത്തിന്റെ പത്തുശതമാനം വര്‍ഷംതോറും ഓഹരിയാക്കി പരിവര്‍ത്തിപ്പിക്കുന്നതും ചേര്‍ത്ത് ഇന്നത്തെ ഓഹരിവിലയില്‍ ആകെ ഓഹരിമൂലധനം നൂറുകോടി രൂപയാണ്. ഓരോ നയാപൈസയ്ക്കും കണക്കുണ്ട്. വര്‍ഷാവര്‍ഷം സഹകരണ നിയമപ്രകാരമുള്ള ഓഡിറ്റുണ്ട്. ഇന്‍കം ടാക്‌സ് അടക്കമുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുമുണ്ട്. അല്ലാതെ, ഇതിലൊന്നും കാല്‍ക്കാശിന്റെ കള്ളപ്പണം ഇല്ല.
‘ഊരാളുങ്കലി'നെന്താ കൊമ്പുണ്ടോ?
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് 12,000-ല്‍പ്പരം തൊഴിലാളികളും ആര്‍ക്കിടെക്റ്റ്, സ്ട്രക്ചറൽ, മെക്കാനിക്കല്‍, ഇലക്ട്രിക്കൽ, സര്‍വേ എന്നീ വിഭാഗങ്ങളിലായി 980 പേര്‍ അടങ്ങുന്ന എന്‍ജിനീയറിങ് ടീമും സ്വന്തമായി രണ്ടു വലിയ ക്രഷറുകളും ബാച്ചിങ് പ്ലാന്റുകളും ഡ്രം മിക്‌സ് പ്ലാന്റുകളും അടക്കം 150 കോടിയില്‍പ്പരം രൂപയുടെ യന്ത്രോപകരണങ്ങളും സ്വന്തമായുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി തേടിയത്. കൃത്യസമയത്ത് ഉയര്‍ന്ന ഗുണനിലവാരത്തോടെ പണികള്‍ പൂര്‍ത്തിയാക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ മാതൃകാശൈലിയും ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിശോധിച്ചാണ് ഉത്തരവ്.
ഒരു പദ്ധതിയുടെ ആരംഭമായ ആര്‍ക്കിടെക്റ്റ് പ്ലാന്‍, സ്ട്രക്ചറൽ ഡിസൈന്‍, സര്‍വെ എന്നിവ തയ്യാറാക്കാനുള്ള വിഭാഗങ്ങള്‍, ഇലക്ട്രിക്കൽ വിഭാഗം, മെക്കാനിക്കല്‍ വിഭാഗം, ഇന്റീരിയര്‍ വിഭാഗം, ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം, ക്വാളിറ്റി കണ്‍ട്രോള്‍, ഫസാഡ് ജോലികള്‍ക്കുള്ള വിഭാഗം, സോഫ്റ്റ്വെയർ എന്നിങ്ങനെ ഏറ്റെടുക്കുന്ന എല്ലാത്തരം പ്രവൃത്തികളും നിര്‍വ്വഹിക്കാന്‍ ആവശ്യമായ എല്ലാ വിഭാഗങ്ങളും വൈദഗ്ദ്ധ്യവും ഊരാളുങ്കല്‍ സൊസൈറ്റിക്കു സ്വന്തമായിത്തന്നെ ഉണ്ട്. മേല്പറഞ്ഞ എല്ലാ മേഖലകളിലുമുള്ള 998 എന്‍ജിനീയര്‍മാരും അവര്‍ക്കുകീഴില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി 920 സാങ്കേതികവിദഗ്ദ്ധരും സൊസൈറ്റിയില്‍ ജീവനക്കാരായിത്തന്നെ പ്രവര്‍ത്തിച്ചു വരുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രവൃത്തിയും ഉപകരാര്‍ നല്‌കേണ്ട കാര്യം സൊസൈറ്റിക്കില്ല. അങ്ങനെയൊരു ചരിത്രവും അവര്‍ക്കില്ല. സൊസൈറ്റിയുടെ ഏറ്റവും വലിയ പ്രത്യേകതയായി ബന്ധപ്പെട്ടവരെല്ലാം വിലയിരുത്തുന്നതുതന്നെ ഉപകരാര്‍ നല്കാറില്ല എന്നതാണ്. ഇത്തരം എല്ലാ മേഖലയിലും വൈദഗ്ദ്ധ്യവും മനുഷ്യവിഭവവും സ്വന്തമായുണ്ട് എന്നതുകൊണ്ടാണ് സൊസൈറ്റിയെ നിര്‍മ്മാണരംഗത്തെയും ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡറായി പല സര്‍ക്കാര്‍വകുപ്പുകളും തീരുമാനിച്ചതുതന്നെ.
ഊരാളുങ്കല്‍ സംഘം തൊഴിലാളികള്‍ നേരിട്ടു നടത്തുന്നതാണ്. അതിന്റെ ലാഭവിഹിതവും അവര്‍ക്ക് അവകാശപ്പെട്ടതാണ്. നവോത്ഥാനത്തിന്റെയും അവകാശപ്പോരാട്ടത്തിന്റെയും ഭാഗമായി പിറവികൊണ്ട സംഘം 95 വര്‍ഷംകൊണ്ടു വളര്‍ത്തിയെടുത്ത തൊഴില്‍ സംസ്‌ക്കാരം, അച്ചടക്കം, തൊഴില്‍-സാങ്കേതികവൈദഗ്ദ്ധ്യങ്ങള്‍, സാങ്കേതികസന്നാഹങ്ങള്‍, നടത്തിപ്പുസംവിധാനം ഒക്കെ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്. ഏത് അടിയന്തരഘട്ടത്തിലും സര്‍ക്കാര്‍ ആശ്രയിക്കുന്ന സ്ഥാപനം (https://timeosfindia.indiatimes.com/city/kozhikode/A-osciety-known-for-its-oscial-service-ULCCS-a-second-name-for-oscial-service/articleshow/15427901.cms) കൂടിയാണത്. എത്രവലിയ പ്രവൃത്തിയും ഏറ്റെടുക്കാന്‍ അനുമതി നല്കാന്‍ സര്‍ക്കാരിനു ചങ്കൂറ്റം ഉണ്ടാകുന്നതുതന്നെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അതു സാധിക്കും എന്നുള്ളതുകൊണ്ടാണല്ലോ.
പ്രവര്‍ത്തനമികവിന് ഐക്യരാഷ്ട്രസഭയുടെ വികസനപരിപാടി (UNDP) മാതൃകാസഹകരണസംഘമായി തെരഞ്ഞെടുത്ത സ്ഥാപനമാണത് - 2013-ല്‍. ആഗോളമാതൃക എന്നനിലയില്‍ ആ വിജയഗാഥ അവര്‍ ഡോക്യുമെന്റ് ചെയ്തു. ലോകത്തെ പഠിപ്പിക്കാന്‍ എന്നാണ് യു.എന്‍.ഡി.പി. അതേപ്പറ്റി പറഞ്ഞത്. അത് അവര്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കുന്നു. ഈ സൊസൈറ്റിയെപ്പറ്റി സമഗ്രമായി പഠിക്കാന്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍നിന്ന് മൂന്നംഗവിദഗ്ദ്ധസംഘത്തെ അയയ്ക്കാനും തീരുമാനിച്ചു.
സഹകരണരംഗത്തെ രാജ്യാന്തരസംഘടനയായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് (ICA) 2019-ല്‍ ഊരാളുങ്കല്‍ സംഘത്തിന് അംഗത്വം നല്കി ആദരിച്ചു. ഇന്ത്യയില്‍നിന്ന് ഇതില്‍ അംഗത്വം ലഭിക്കുന്ന ഏക പ്രാഥമികസഹകരണസംഘമാണിത്. ദേശീയതലത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് അതില്‍ അംഗത്വം നല്കുക. ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് അവരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സൊസൈറ്റിയെ2018-ല്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ സഹകരണ നവരത്‌നങ്ങളില്‍ ഒന്ന് എന്ന പദവിയും സൊസൈറ്റിക്കുണ്ട്. നാഷണല്‍ കോപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്‍ഡ്യ രാജ്യത്തെ എട്ടുലക്ഷം കോപ്പറേറ്റീവുകളില്‍നിന്നാണു നവരത്‌നങ്ങളെ തെരഞ്ഞെടുത്തത്. ഇങ്ങനെ എത്രയോ ദേശീയ, രാജ്യാന്തര ബഹുമതികളാണ് ഈ സ്ഥാപനത്തെ തേടി വന്നിട്ടുള്ളത്! പല സുപ്രധാന രാജ്യാന്തരവേദികളിലും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും രാജ്യത്തുനിന്നു ക്ഷണിക്കപ്പെടുന്ന പ്രധാനസ്ഥാപനംകൂടിയാണ് ഇന്ന് യു.എല്‍.സി.സി.എസ്.
അത്തരത്തിലെല്ലാമുള്ള, നാടിനാകെ അഭിമാനമായ, അറുപതിനായിരത്തില്‍പ്പരം പേരുടെ ജീവിതത്തിന്റെ അത്താണിയായ, പരോക്ഷമായും പതിനായിരങ്ങള്‍ക്കു തൊഴില്‍ നല്കുന്ന, ആര്‍ക്കും ഒരു തെറ്റും അഴിമതിയും നിര്‍മ്മാണത്തിലെ വീഴ്ചയും ഇതുവരെ ആരോപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, ആ സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കേതിനു പകരം വെറും താത്ക്കാലികരാഷ്ട്രീയലാഭത്തിന് അതിന്റെ ആഗോളപ്രതിച്ഛായ തല്ലിക്കെടുത്തുന്നത് എത്രമാത്രം വേദനാജനകമാണ്.
NP Hafiz Mohamad
20 Dec 2020, 06:15 AM
Facts are convincing, well written
ALIAS K M
19 Dec 2020, 07:16 PM
Excellent.
K B Venu
19 Dec 2020, 05:21 PM
Quite informative....
ചന്ദ്രമോഹനൻ K. C
19 Dec 2020, 05:12 PM
അന്വേഷണാത്മക റിപ്പോർട്ട് നന്നായിട്ടുണ്ട്.
MANICKARAJ
19 Dec 2020, 05:06 PM
Very informative article. May be translated in English and circulated nationwide
Seshan
19 Dec 2020, 04:32 PM
സമഗ്രമായ വിശകലനവും,വിലയിരുത്തലും,സ്ഥാപിതതാൽപര്യക്കാരെ പൊളിച്ച.ടുക്കുന്നത് തന്നെ പക്ഷേ നേരത്തെ നേരു പറയാൻ തന്റേടം കാട്ടിയിരുന്നെങ്കിൽ സമൂഹത്തിനു കൂടുതൽ ഗുണകരമായേനെ.
Deepu Divakar
19 Dec 2020, 04:28 PM
Good Read @Manoj Puthiyavilla ..Informative indeed !!
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
എന്‍.പി രാജേന്ദ്രന്‍
Jan 25, 2021
9 minutes read
ഒ. സി. നിധിന്‍ പവിത്രന്‍
Jan 04, 2021
14 Minutes Read
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Dec 18, 2020
6 minutes read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
Venu Edakkazhiyur
20 Dec 2020, 11:56 AM
ഈ ലേഖനം രമേശ് ചെന്നിത്തല മനസ്സിരുത്തി വായിക്കേണ്ടതാണ്, അല്ലെങ്കിൽ ആരെങ്കിലും വായിച്ചു കൊടുക്കുകയെങ്കിലും വേണം. ഇല്ലെങ്കിൽ പത്രസമ്മേളനങ്ങളിൽ ഇനിയും വിഡ്ഢിവേഷം കെട്ടേണ്ടിവരും. സംസ്കൃതത്തിലല്ല എഴുതിയിട്ടുള്ളത് എന്നതുകൊണ്ട് കെ സുരേന്ദ്രനും വി മുരളീധരനും വായിച്ചാൽ മനസ്സിലാകില്ല. ഉമ്മൻ ചാണ്ടിയുടെ ഓർമ്മപ്പിശകിന് മാപ്പുകൊടുക്കാം. ലേഖകന് അഭിവാദ്യങ്ങൾ!.